സ്നേഹസീമ – 7

സ്നേഹസീമ – 7

വിനായക് നിര്‍മ്മല്‍

മോളേ… ഫ്ളാസ്കില്‍ നിന്ന് ഗ്ലാസിലേക്ക് പാല്‍ പകര്‍ത്തുകയായിരുന്ന നിമിഷ വിളി കേട്ട് രാജുവിനെ തിരിഞ്ഞുനോക്കി. ആശുപത്രി മുറിയായിരുന്നു അത്. ഏസിയുടെ തണുപ്പ് അവിടെ നിറഞ്ഞുനിന്നിരുന്നു. എന്താ ഡാഡി?

നീയിങ്ങ് വാ…

ഞാന്‍ ഇതെടുത്തിട്ട്… നിമിഷ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി

അതൊക്കെ പിന്നെയാവാം… നീയിവിടെ എന്‍റെ അരികില്‍ വന്നിരിക്ക്.

നിമിഷ ഫ്ളാസ്ക് അതേപടി അടച്ചുവച്ചതിന് ശേഷം രാജുവിന്‍റെ ബെഡിന് അരികില്‍ ചെന്നിരുന്നു.

നീ എത്ര ദിവസമാ ഇങ്ങനെ കോളജില്‍ പോകാതെ ഇവിടെ എന്‍റെ അടുത്തുതന്നെ… നിന്‍റെ മുഖത്തെന്താ ഒരു സന്തോഷമില്ലായ്മ…

ഒന്നുമില്ല ഡാഡി… ഡാഡിക്ക് തോന്നുന്നതാ.

ഞാന്‍ ഇന്നും ഇന്നലെയൊന്നുമല്ലല്ലോ നിന്നെ കാണാന്‍ തുടങ്ങിയത്. അതുപോട്ടെ, മനുവിനോട് എന്നെ ഒന്നു വന്നു കാണാന്‍ പറയണം.

ഡാഡി അധികം സംസാരിക്കരുത്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ?

ഡോക്ടര്‍മാര്‍ അങ്ങനെയൊക്കെയല്ലേ പറയൂ… പിന്നെ എന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സംഭവിക്കാനുള്ളത് സംഭവിക്കും. എന്താണ് സംഭവിക്കേണ്ടതെന്ന് ദൈവമല്ലേ തീരുമാനിക്കുന്നത്?

മനു എത്തും ഡാഡി… അവധിക്ക് വന്നിട്ടുണ്ട്. നിമിഷയുടെ സ്വരത്തില്‍ ഉത്സാഹവും സന്തോഷവും കലര്‍ന്നിരുന്നു.

പെട്ടെന്ന് അവള്‍ അയാളെ സംശയത്തോടെ നോക്കി.

ഡാഡിക്ക് ശരിക്കും ഞങ്ങള്‍ തമ്മിലുള്ള വിവാഹത്തിന് സമ്മതമാണോ?

രാജു ചിരിച്ചു.

നീയെന്താ അങ്ങനെ ചോദിച്ചത്.

അല്ലാ… ചുമ്മാ ചോദിച്ചന്നേയുള്ളൂ.

അനൂപ് എന്നോട് പറഞ്ഞു… നിമിഷ അത് പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞു.

എന്ത്…?

എന്നെ രക്ഷിക്കണമേയെന്ന് പറഞ്ഞാ ഡാഡി കുഴഞ്ഞുവീണതെന്ന്.

രാജുവിന്‍റെ മുഖത്ത് ചുളിവു വീണു.

ഞാനോര്‍ക്കുന്നില്ല മോളേ അങ്ങനെ പറഞ്ഞോയെന്ന്… പക്ഷേ ഞാന്‍ ഒന്നുപറഞ്ഞുവെന്നത് ഉറപ്പാ. മോളേ വിഷമിപ്പിച്ചോണ്ട് ഒരു വിവാഹത്തിന് ഞാന്‍ റെഡിയല്ലെന്ന്… അവന്‍റെ മനസ്സില്‍ പകയുണ്ടാകും. ആഗ്രഹിക്കുന്നതിനെ എന്തു വില കൊടുത്തും വാങ്ങുന്ന ടൈപ്പാ അവന്‍. വിലയ്ക്ക് കിട്ടില്ലെന്ന് അറിയുമ്പോള്‍ അതിനെ നശിപ്പിച്ചുകളയാനും അവന്‍ മടിച്ചേക്കില്ല. അതുകൊണ്ട് അവനെ പിണക്കരുത്. ഒരു തരത്തിലും. മനുവിനോട് സൂക്ഷിക്കാന്‍ പറയണം. എനിക്ക് അവന്‍റെ കാര്യമോര്‍ത്ത് പേടിയുണ്ട്.

നിമിഷയുടെ ഉള്ളിലും തീ വീണു.

അനൂപ് എല്ലാവിധത്തിലും കരുക്കള്‍ നിരത്താനും വെട്ടാനും സമര്‍ത്ഥനാണെന്ന് നിമിഷയ്ക്ക് അറിയാമായിരുന്നു. ചിരിക്കേണ്ടിടത്ത് ചിരിക്കും. കരയേണ്ടിടത്ത് കരയും. നയം വേണ്ടിടത്ത് നയം. അഭിനയം വേണ്ടിടത്ത് അഭിനയം. ഭീഷണിയും കയ്യാങ്കളിയും ഒന്നുപോലെ…

ആ സമയത്താണ് വാതില്‍ തുറന്ന് മനു മുറിയിലേക്ക് പ്രവേശിച്ചത്. മനുവിനെ ക ണ്ടപ്പോള്‍ നിമിഷയുടെ മുഖം വിടര്‍ന്നു.

ഞങ്ങള്‍ മനുവിന്‍റെ കാര്യം പറയുവായിരുന്നു. രാജു പറഞ്ഞു.

മനുവിന് രാജുവിനോട് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. ആരംഭം മുതല്‍ക്കേ രാജുവിനോടുണ്ടായിരുന്ന അകല്‍ച്ച അവന് ഇപ്പോഴുമുണ്ടായിരുന്നു. രാജു വി വാഹത്തിന് സമ്മതിച്ചുവെന്ന് അറിഞ്ഞപ്പോഴും അത് മാറിയിട്ടുണ്ടായിരുന്നില്ല. ഉള്ളിന്‍റെ ഉള്ളിലെ അപകര്‍ഷതയില്‍ നിന്ന് മനു മുക്തനായിരുന്നില്ലെന്ന് ചുരുക്കം. തനിക്ക് കൈനീട്ടിപിടിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു ബന്ധമാണ് നിമിഷയുമായി ഉള്ളതെന്ന് അവനറിയാമായിരുന്നു. സ്നേഹിക്കാന്‍ പോലും മടിച്ചുനിന്നിരുന്ന തന്‍റെ അടുക്കലേക്ക് സ്നേഹത്തിന്‍റെ പൂക്കൂടയുമായി നിമിഷയെത്തിയപ്പോള്‍ ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞില്ലെന്ന് മാത്രം.

ഇപ്പോ എങ്ങനെയുണ്ട്…?

മനു മുഖത്തെ വിയര്‍പ്പ് ഒപ്പിക്കൊണ്ട് രാജുവിനോട് ചോദിച്ചു.

എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐസിയുവില്‍ കയറണമെന്നാ എന്‍റെ അഭിപ്രായം… രാജു ചിരിച്ചു.
അപ്പോഴേ ജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാവൂ. ആരോഗ്യത്തോടെ ഓടിച്ചാടി നടക്കുമ്പോ നമുക്ക് നമ്മില്‍ തന്നെ അഹങ്കരിക്കാന്‍ പലതുമുണ്ടെന്ന് തോന്നും. ഒന്നിനും കഴിയാതെ പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ ഇങ്ങനെ കഴിയുമ്പോ മനസ്സിലാകും ഗൗനിക്കാതെ പോയ കാര്യങ്ങളുടെ മൂല്യവും പ്രിയപ്പെട്ടവരുടെ വിലയും. ഐ.സി.യു. ഒരു തിരിച്ചറിവിന്‍റെ ഇടമാ… കുമ്പസാരക്കൂട് പോലെ തെറ്റുകള്‍ തിരുത്താനുള്ള ഇടം.

ഇത്രയുമൊക്കെ സംസാരിക്കാന്‍ അനുവാദമുണ്ടോ? മനു ആശങ്കപ്പെട്ടു.

അത് ഞാനും പറഞ്ഞതാ ഡാഡിയോട്… നിമിഷ അറിയിച്ചു.

ഇല്ല, സംസാരം നിര്‍ത്തി, ഒരു കാര്യംകൂടി പറഞ്ഞിട്ട്… പെണ്ണു ചോദിച്ചുവരുന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. അതോണ്ട് മനുവും വീട്ടുകാ രും കൂടി ഒരു ദിവസം വീട്ടിലോട്ട് വാ… ഞാന്‍ ഡിസ് ചാര്‍ജ് ചെയ്തതിന് ശേഷം. ഇനിയും നിങ്ങളുടെ കാര്യം വച്ചു താമസിപ്പിക്കണ്ടാ…

രാജു ചിരിച്ചു. മനു പ്രണയപൂര്‍വ്വം നിമിഷയെ നോക്കി. എല്ലാറ്റിനും താന്‍ അവളോട് കടപ്പെട്ടിരിക്കുന്നുവെന്ന് അവന് തോന്നി. തന്‍റെ ജീവിതത്തെ എല്ലാവിധത്തിലും ക്രമപ്പെടുത്തിയതും ചിട്ടപ്പെടുത്തിയതും അവളാണ്. എവിടെയോ കെട്ടിക്കിടക്കാമായിരുന്ന തന്‍റെ ജീവിതത്തെ അവള്‍ പുതിയ ചാലിലേക്ക് തിരിച്ചുവിട്ടു. പ്രാര്‍ത്ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടും തന്‍റെ ജീവിതത്തിന് അവള്‍ ബലമേകി. തനിക്കില്ലാതിരുന്ന ദിശാബോധം നല്കി. വിവാഹാനന്തരം ഒരു സ്ത്രീ പുരുഷന്‍റെ ജീവിതത്തില്‍ മാറ്റം വരുത്താറുണ്ടെങ്കില്‍ ഇവിടെ തന്‍റെ ജീവിതത്തിന് അതിന് മുമ്പേ നിമിഷ മാറ്റം വരുത്തിയിരിക്കുന്നു. മനുവിന് നിമിഷയോടുള്ള സ്നേഹവും കടപ്പാടും വര്‍ദ്ധിച്ചു.

എന്താ ഇങ്ങനെ നോക്കുന്നെ… നിമിഷ ശബ്ദം താഴ്ത്തി ചോദിച്ചു.

കാണുംതോറും എനിക്ക് നിമിഷയെക്കുറിച്ചുള്ള അത്ഭുതം കൂടുവാ. മനു അതേ രീതിയില്‍ മറുപടി നല്കി. ജോലിയെക്കുറിച്ചും തിരുവനന്തപുരം ജീവിതത്തെക്കുറിച്ചുമെല്ലാം മനു നിമിഷയോട് സംസാരിച്ചു. ആ സംസാരത്തിനെല്ലാം രാജു കേള്‍വിക്കാരനായി. അപ്പോഴേക്കും സൂസി വീട്ടില്‍ നിന്ന് ഭക്ഷണവും വസ്ത്രവുമായി മുറിയിലെത്തി. അപ്രതീക്ഷിതമായി മനുവിനെ കണ്ടപ്പോള്‍ സൂസിക്കും സന്തോഷമായി

മനു എപ്പോള്‍ എത്തി. സൂസി കുശലം ചോദിച്ചു. ജോലിയൊക്കെ നന്നായി പോകുന്നോ…?

കുഴപ്പമില്ലാന്‍റീ.

ആന്‍റിയോ… സൂസി സ്നേഹപൂര്‍വം തിരുത്തി.

ഇനി വിളിയിലൊക്കെ മാ റ്റം വരുത്താറായി കേട്ടോ. സൂസി സ്നേഹപൂര്‍വ്വം ശാസിച്ചു. മനുവിന്‍റെ മുഖത്ത് ലജ്ജ പരന്നു.

എങ്കില്‍ ഞാനിറങ്ങിക്കോട്ടെ… കുറേ സമയം കഴിഞ്ഞപ്പോള്‍ മനു എണീറ്റു.

ഞാന്‍… നിമിഷ രാജുവിനെയും സൂസിയെയും നോക്കി.

ഉം ചെല്ല്. രാജുവും സൂസിയും ചിരിച്ചുകൊണ്ട് തലയാട്ടി.

എല്ലാം ഒരു സ്വപ്നം പോലെയാ എനിക്ക് തോന്നുന്നെ. മനു നിമിഷയോട് പറഞ്ഞു.

എനിക്കും. ഇത്ര പെട്ടെന്ന് എല്ലാം നമ്മള് ഉദ്ദേശിച്ചതുപോലെ നടക്കുമെന്ന് ഞാനും കരുതിയില്ല. പ്രാര്‍ത്ഥനേടെ ശക്തി അല്ലാതെന്ത്?

പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും കാത്തിരിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചത് നിമിഷയാ… ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് എനിക്കെന്തു യോഗ്യതയാണ് നിമിഷയെ സ്നേഹിക്കാന്‍, വിവാഹം കഴിക്കാനുള്ളതെന്ന്… നിമിഷ വേണ്ടെന്ന് വച്ചാല്‍ തീരുന്നതേയുള്ളൂ ഞാന്‍. നിസ്സാരക്കാരനായ വ്യക്തി. ഒഴിവാക്കാനാണെങ്കില്‍ പല കാരണങ്ങള്‍. സ്വീകരിക്കാനാണെങ്കിലോ… മനു ആത്മനിന്ദയോടെ ചിരിച്ചു.

മനുവിന് ഞാനൊറ്റ കുറവേ കാണുന്നുള്ളൂ. നിമിഷ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. മനു അവളെ ആകാംക്ഷയോടെ നോക്കി

അപകര്‍ഷതാബോധം.

മനു അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി ചിരിച്ചു.

ആയിരിക്കാം. എനിക്ക് അതുണ്ട്. ചെറുപ്പം മുതല്‍ നമ്മള്‍ ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍… മറ്റുള്ളവരുടെ ഒപ്പം നില്ക്കാനുള്ള യോഗ്യത നമുക്കില്ലെന്ന തോന്നല്‍… എവിടെ നിന്നൊക്കെയോ ഉള്ള മാറ്റിനിര്‍ത്തലുകള്‍… അതെല്ലാം ചേര്‍ന്ന് എന്നെ…

ഇനിയെന്‍റെ മനൂനെ ആരും മാറ്റിനിര്‍ത്തില്ല. നിമിഷ സാന്ത്വനവും ആശ്വാസവുമായി മനൂന്‍റെ വിരല്‍ കോര്‍ത്തു. അപ്പോഴേക്കും അവര്‍ ലിഫ്റ്റിന്‍റെ അടുക്കലെത്തിയിരുന്നു. ലിഫ്റ്റിന്‍റെ വാതില്‍ തുറക്കപ്പെട്ടു. അതിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് വന്നത് അനൂപായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ കണ്ടുമുട്ടല്‍ എന്നതു കൊണ്ട് മൂന്നു പേരെയും പരിഭ്രമം ബാധിച്ചു. മനുവിനായിരുന്നു അത് കൂടുതല്‍. പെട്ടെന്ന് തന്നെ തന്‍റെ സ്വതസിദ്ധമായ രീതിയില്‍ അനൂപ് മനുവിന് നേരെ കരം നീട്ടി.

ഹായ് മനൂ…

ഹായ്… മനു വല്ലായ്മയോടെ അനൂപിന്‍റെ കരം കവര്‍ന്നു.

ഭാവി അമ്മായിയപ്പനെ കാണാന്‍ വന്നതായിരിക്കും അല്ലേ?

മനു അതിനോട് പ്രതികരിച്ചില്ല.

അതെ, നിമിഷ പെട്ടെന്ന് മറുപടി നല്കി.

കേട്ടോ മനൂ, അനൂപ് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞിരുന്നു ഡാഡിയെ വിഷമിപ്പിച്ചോണ്ട് ഒരു വിവാഹം കഴിക്കരുതെന്ന്. ഞാനും അതുതന്നെ തീരുമാനിച്ചതായിരുന്നു. പക്ഷേ ഡാഡി തന്നെ ഇന്ന് എന്നോട് പറഞ്ഞു മനുവുമായുള്ള വിവാഹക്കാര്യം. അങ്ങനെ ഡാഡിയുടെ പൂര്‍ണ്ണസമ്മതത്തോടെ തന്നെ ഞങ്ങളുടെ വിവാഹം നടക്കും. ഡാഡി ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞാലുടനെ വിവാഹനിശ്ചയം. അനൂപ് വരില്ലേ?

ഷുവര്‍… മുഖം തെല്ലും വാടാതെ അനൂപ് പ്രതികരിച്ചു.

വിഷ് യൂ എ ഹാപ്പി ആന്‍റ് പ്രോസ്പറസ് മാരീഡ് ലൈഫ്… ഇന്‍ അഡ്വാന്‍സ്.

അനൂപ് മനുവിന്‍റെ കരം പിടിച്ച് കുലുക്കി. പിന്നെ നിമിഷയുടെ കരവും കവര്‍ന്നു.

താങ്ക്സ്. നിമിഷ വേഗം തന്നെ ആ കരം മുക്തമാക്കി. നിമിഷയും മനുവും കൂടി ലിഫ്റ്റിലേക്ക് കയറിയപ്പോള്‍ അനൂപ് വലതുചുമലിലൂടെ മുഖം തിരിച്ച് അവരെ നോക്കി. അവന്‍റെ കണ്ണുകളില്‍ അസൂയയും പകയും നിറഞ്ഞു. അപ്പോഴേക്കും ഡോര്‍ അടഞ്ഞു. അടഞ്ഞ ഡോറിനെ നോക്കി അനൂപ് പല്ലിറുമ്മി.

ഷിറ്റ്! – അനൂപ് പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org