Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 8

സ്നേഹസീമ – 8

Sathyadeepam

വിനായക് നിര്‍മ്മല്‍

അവസാനം പുള്ളിക്കാരന്‍ കല്യാണത്തിന് സമ്മതിച്ചല്ലോ… സമാധാനമായെനിക്ക്.

നിമിഷയും മനുവും തമ്മിലുള്ള വിവാഹത്തിന് രാജു സമ്മതിച്ചുവെന്ന് അറിഞ്ഞപ്പോഴുള്ള മനുവിന്‍റെ അമ്മ സൂസിയുടെ പ്രതികരണമായിരുന്നു അത്.

എന്തുമാത്രം പ്രാര്‍ത്ഥിച്ചതായിരുന്നു… അവര്‍ തുടര്‍ന്നു പറഞ്ഞു.

നിന്‍റെ പ്രാര്‍ത്ഥനേടെ ഫലം കൊണ്ടൊന്നുമല്ല നമ്മുടെ മോന് നല്ലൊരു ജോലി കിട്ടിയതോണ്ടാ അയാള് സമ്മതിച്ചെ… രാജു ആരാ മോന്‍ എന്ന് എനിക്കറിഞ്ഞുകൂടെ? തോമസ് പ്രതികരിച്ചു.

ഓ ഇപ്പോ അതു ശരി, എന്‍റെ പ്രാര്‍ത്ഥനയ്ക്കൊന്നും ഒരു ഫലവുമില്ലെന്നാണോ… സൂസിക്ക് ദേഷ്യം വന്നു.

പ്രാര്‍ത്ഥിച്ചതോണ്ട് മാത്രം കാര്യമില്ല പ്രവര്‍ത്തിക്കുകേം വേണം. പ്രവര്‍ത്തിക്കാതെ പ്രാര്‍ത്ഥിച്ചോണ്ടിരുന്നാ വല്ലതും നടക്കുമോ. തോമസ് തിരികെ ചോദിച്ചു.

…ഇവന്‍ വീട്ടില്‍ വെറുതെയിരിക്കുന്നു. നീ പ്രാര്‍ത്ഥിച്ചോണ്ടിരിക്കുന്നു. രാജു കല്യാണത്തിന് സമ്മതിക്കുമെന്നാണോ നിന്‍റെ വിചാരം?

മുറിയിലിരിക്കുകയായിരുന്ന മനുവിനെ ചൂണ്ടി തോമസ് തുടര്‍ന്നു. അയാള്‍ തന്നെ മറുപടിയും പറഞ്ഞു.

ഇല്ല.

പ്രാര്‍ത്ഥിച്ചോണ്ടിരുന്നാ പ്രവര്‍ത്തിക്കാനുള്ള ആളെ ദൈവം കൊണ്ടുവരും. അല്ലെങ്കില്‍ ദൈവം എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കും. സൂസി തര്‍ക്കിച്ചു.

ഊം… നീ പ്രാര്‍ത്ഥിച്ചോണ്ടിരുന്നോ… ഇപ്പം അത്ഭുതം കാണും… തോമസ് പുച്ഛിച്ചു. നീ പ്രാര്‍ത്ഥിക്കുന്നതുകൊണ്ടല്ലേ ഇവിടെ കാര്യങ്ങളൊക്കെ നടക്കുന്നെ. എടീ, മനുഷ്യന്‍ അദ്ധ്വാനിക്കുമ്പം ദൈവത്തിന് ഫലം തരാതിരിക്കാനാവില്ല. അതിന് പ്രാര്‍ത്ഥിക്കുകയൊന്നും വേണ്ട.

ദൈവദോഷം പറയരുത്… സൂസി ചൂണ്ടുവിരലുയര്‍ത്തി.

ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടാളും. മനീഷയും മഞ്ജിമയും മുറിയിലേക്ക് കടന്നുവന്നു. അതേ മുറിയില്‍ തന്നെ മനു ഇരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു.

ഈ ചേട്ടായിക്ക് ഇവരോട് മിണ്ടാതിരിക്കാന്‍ പറഞ്ഞുകൂടെ?

പെങ്ങന്മാരുടെ ചോദ്യം കേട്ട് മനു ചിരിച്ചു.

ഇവരെ നേരെയാക്കാന്‍…മനു മുകളിലേക്ക് വിരല്‍ കാണിച്ചു.

…അങ്ങേരെക്കൊണ്ടുപോലും പറ്റുമെന്ന് തോന്നുന്നില്ല. പിന്നെയെന്തിനാ നമ്മളിതില്‍ ഇടപെട്ട് എനര്‍ജി കളയുന്നെ…

മനു ചിരിച്ചു.

അതും ശരിയാ. ചുമ്മാ കാര്യമില്ലാത്ത കാര്യത്തിന് ഓരോന്നു പറഞ്ഞ് രണ്ടാളും കൂടി വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും. ഇവരൊന്നും ശരിയാകാന്‍ പോകുന്നില്ല. മനീഷ തീര്‍ത്തുപറഞ്ഞു.

രണ്ടാളും ഒരു കാര്യം മറന്നു. നിമിഷചേച്ചിയുടെ സ്നേഹവും സമര്‍പ്പണവും കാത്തിരിപ്പും. നിമിഷ ചേച്ചിയില്ലായിരുന്നുവെങ്കില് ഇപ്പോ ഈ നിലേല് ചേട്ടായി എത്തുകേലായിരുന്നു. മഞ്ജിമ അഭിപ്രായപ്പെട്ടു. അതോര്‍മ്മയുള്ളത് എല്ലാവര്‍ക്കും നല്ലതാ.

അതിന്‍റെ പ്രയോജനോം അവള്‍ക്ക് തന്നെയല്ലേ. തോമസ് തര്‍ക്കിച്ചു. എടീ നല്ലൊരു ചെറുക്കനെ ഭര്‍ത്താവായി കിട്ടണമെങ്കില്‍ അതിനും വേണം ഒരു യോഗം. എന്‍റെ മോനെ പോലെ സര്‍വ്വഥായോഗ്യനായ എത്ര ചെറുപ്പക്കാരുണ്ടെടീ ഈ നാട്ടില്… കള്ളുകുടിയുണ്ടോ… ചീട്ടുകളിയുണ്ടോ… അനാവശ്യ കൂട്ടുകെട്ടുണ്ടോ… പുറത്ത് കറങ്ങിനടക്കാറുണ്ടോ… എന്തിന് മൊബൈലു നോക്കിപോലും സമയം കളയാറുണ്ടോ…

മനീഷയും മഞ്ജിമയും പരസ്പരം നോക്കി.

ഈ പപ്പായോട് പറഞ്ഞിട്ട് യാതൊരു കാര്യോമില്ല. ഇപ്പോഴത്തെ പെമ്പിള്ളേര്‍ക്ക് രണ്ട് സ്മോള് വീശിയാലും നഗരം നഗരം മഹാസാഗരം എന്ന് നാവു കുഴയാതെ പാടാന്‍ പറ്റുന്ന, നല്ല ചുള്ളന്‍ ചെറുക്കന്മാരെയാ പപ്പാ ഇഷ്ടം. മനീഷ ചിരിച്ചുകൊണ്ടുപറഞ്ഞു.

എന്താടീ നീയങ്ങനെ വല്ല അവന്മാരേം കണ്ടുവച്ചിട്ടുണ്ടോ… സൂസി ഇടയ്ക്ക് കയറി.

എന്‍റെ പൊന്നു മമ്മീ എന്നെ വിട്ടുപിടി. എന്നിട്ട് ചേട്ടായീടെ കല്യാണക്കാര്യത്തില് ഒരു തീരുമാനമുണ്ടാക്ക്.

അതിലിപ്പോ എന്താ ഇത്ര തീരുമാനമാകാന്‍… ഇനികല്യാണം നടത്തിയാല്‍ പോരെ? സൂസി സംശയിച്ചു.

വീടു മാറിയാല്‍ കൊള്ളാമെന്നുണ്ട്… മനു മടിച്ചുമടിച്ചു പറഞ്ഞു.

എന്‍റീശോയേ നീ കല്യാണം കഴിച്ച് ഈ വീട്ടീന്ന് താമസം മാറാന്‍ പോകുവാന്നോ… സൂസിയുടെ സ്വരം ഉയര്‍ന്നു.

എന്‍റെ മമ്മീ അതല്ല നമുക്കെല്ലാവര്‍ക്കും കൂടി കുറേക്കൂടി നല്ല വീട്ടിലോട്ട് താമസം മാറാമെന്ന്. മഞ്ജുഷയ്ക്ക് ഈര്‍ഷ്യ തോന്നി.

ഒന്നുകില്‍ നല്ലൊരു വാടകവീട്… അല്ലെങ്കില്‍ സ്വന്തമായിട്ടൊരു വീട്. അതാ ചേട്ടായി ഉദ്ദേശിച്ചെ… ഈ ചെറിയ വീട്ടിലോട്ട് എങ്ങനെയാ നിമിഷചേച്ചിയെ കല്യാണം കഴിച്ചുകൊണ്ടുവരുന്നത്? ചേച്ചീടെ വീടിന്‍റെ സൗകര്യമൊന്നും നമുക്ക് കൊടുക്കാന്‍ പറ്റില്ലെങ്കിലും ഇതിനെക്കാള്‍ നല്ലൊരു വീട്ടിലേക്ക് വേണ്ടേ കല്യാണം കഴിച്ചുകൊണ്ടുവരാന്‍?

അപ്പോ അതു ശരി നിങ്ങള് ആങ്ങളേം പെങ്ങന്മാരും കൂടിയാ ആലോചനയെല്ലാം അല്ലേ? ഞാനൊന്നും അറിയുന്നില്ല. അതിന് ഞാനിവിടെത്തെ ആരാ അല്ലേ? സൂസി കരയാന്‍ ആരംഭിച്ചു.

ഞാനിവിടം വിട്ട് ഒരിടത്തേയ്ക്കുമില്ല. ഈ പശൂം കോഴീം ആടും… ഇതുങ്ങളേം കൊണ്ട് ഞാനെവിടെ പോകാനാ? കുറെക്കഴിയുമ്പോ പറഞ്ഞാലോ എനിക്ക് പശൂന്‍റേം ആടിന്‍റേം മണമാ. വേറൊരു മമ്മിയെ വാങ്ങാമെന്ന്… നിങ്ങളെല്ലാവരുംകൂടി എന്നതാന്നുവച്ചാ തീരുമാനിച്ചോ… ഞാന്‍ പോകുവാ.

സൂസി മുറി വിട്ടുപോയി. മനീഷയും മഞ്ജിമയും മനുവിനെ നോക്കി ചിരിച്ചു.

മമ്മിയുടെ മനസ്സ് വേദനിച്ചതില്‍ മനുവിന് കുറ്റബോധം തോന്നി.

നീയതൊന്നും സാരമാക്കണ്ടാ മോനേ… തോമസ് ഇടപെട്ടു.

അവള് പൊതുവെയൊരു വകതിരിവില്ലാത്ത ടൈപ്പാ. പിന്നെ നിങ്ങള് പറഞ്ഞതിലും ഒരു കാര്യമുണ്ട്. നിമിഷയെപോലെ ഒരു പെങ്കൊച്ചിന് കല്യാണം കഴിച്ചുവരാന്‍ പറ്റിയ വീടല്ല ഇത്. പൊളിച്ചുപണിയാമെന്ന് വച്ചാ പെട്ടെന്നൊന്നും നടക്കുന്ന കാര്യോമല്ല. അപ്പോ നിങ്ങള് പറഞ്ഞതേ നടക്കൂ. നല്ലൊരു വാടകവീട്. അതു നമുക്ക് അന്വേഷിക്കാം. തോമസ് ആലോചനയിലാണ്ടു.

പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞിട്ട് നമുക്ക് വീടന്വേഷിക്കാം. തോമസ് കലണ്ടറിലേക്ക് നോക്കി.

ഇന്ന് പത്താം തീയതി. നാളെ നീ പോയാ പിന്നെ ശനിയാഴ്ചയല്ലേ വരൂ. ഞായറാഴ്ച പെണ്ണുകാണാന്‍ പോകാമെന്ന് തീരുമാനിക്കാം. രാജൂനോട് നീ വിളിച്ചുപറയണോ അതോ ഞാന്‍ പറയണോ…?

പപ്പാ പറഞ്ഞോ… കാര്യങ്ങള് അതിന്‍റെ പ്രോപ്പര്‍ വേയില്‍ തന്നെ പൊക്കോട്ടെ.

തോമസ് അപ്പോള്‍തന്നെ രാജുവിനെ ഫോണ്‍ ചെയ്തു. പെണ്ണുകാണല്‍ ചടങ്ങിന് വേണ്ടിയുള്ള തീയതി നിശ്ചയിച്ചു.

തോമസേ കാര്യങ്ങള് വലിച്ചുനീട്ടി പറയേണ്ട ആവശ്യമില്ലല്ലോ… പെണ്ണുകാണല്‍ ചടങ്ങ് നടക്കുന്ന ദിവസം തന്നെ വിവാഹതീയതിയും നിശ്ചയിക്കാമെന്നാ എന്‍റെ തീ രുമാനം. ഇനി അതിനുവേണ്ടി അങ്ങോട്ട് വന്ന് വീണ്ടുമൊരു ചടങ്ങും ചെലവും…അതിന്‍റെ ആവശ്യമില്ലെന്നാ എനിക്ക് തോന്നുന്നെ. ഫോണിലൂടെ രാജു പറഞ്ഞു.

മറുപടി പറയാന്‍ രാജു ഒരു നിമിഷം വൈകി.

നാട്ടുനടപ്പ് പോലെ കാര്യങ്ങള്‍ നടക്കണമെന്നായിരുന്നു എന്‍റെയൊരു ആഗ്രഹം… ങ്ഹാ സാരമില്ല. അങ്ങനെയെങ്കില്‍ അങ്ങനെ. തോമസ് തീരുമാനം രാജുവിന് വിട്ടുകൊടുത്തു. അയാള്‍ക്ക് സന്തോഷമായി.

അപ്പോ നിങ്ങള് എത്ര പേരാന്നു വച്ചാ വന്നോളൂ. ഇവിടെ ഞങ്ങള് വേണ്ട അറേഞ്ച്മെന്‍റ്സെല്ലാം ചെയ്തോളാം.

പതിനേഴാം തീയതി ഞായറാഴ്ച ഇടവകപ്പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷം മനുവും വീട്ടുകാരും നിമിഷയെ പെണ്ണുകാണല്‍ ചടങ്ങിന് വേണ്ടി പുറപ്പെട്ടു. മൂന്നു വണ്ടിയില്‍ കൊള്ളാവുന്നത്ര ബന്ധുക്കളുണ്ടായിരുന്നു അതില്‍.

നിന്‍റെ ഭാഗ്യമാ മോനേ ഈ ബന്ധം… രാജുവിന്‍റെ വീട് ആദ്യമായി കാണുകയായിരുന്ന മനുവിന്‍റെ ഒരു ബന്ധു അവന് കൈ കൊടുത്തുകൊണ്ടു പറഞ്ഞു.

പിടിക്കുന്നെങ്കില്‍ പുളിങ്കൊമ്പിലായിരിക്കണമെന്ന് പഴമക്കാര് പറയുന്നത് വെറുതെയല്ല. ബന്ധു നെടുവീര്‍പ്പോടെ പറഞ്ഞു.

വാ, വാ… രാജുവിന്‍റെ സഹോദരന്‍ ബെന്നിക്കായിരുന്നു അതിഥികളെ സ്വീകരിക്കാനുള്ള ചുമതല. രാജു അകത്തെ സോഫയില്‍ ചാരിയിരിക്കുന്നുണ്ടായിരുന്നു.

എന്നോട് ഇവിടെ നിന്ന് അനങ്ങരുതെന്നാ ഇവന്‍റെ ഓര്‍ഡര്‍. അതാ ഞാനിവിടെ തന്നെ ഇരുന്നുകളഞ്ഞത്… അതിഥികളോടായി രാജു പറഞ്ഞു. വീടിന്‍റെ പല സ്ഥലങ്ങളിലായി രാജുവിന്‍റെ ബന്ധുക്കളുമുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ മനുവിന്‍റെ മേലായിരുന്നു. തുറിച്ചെത്തുന്ന തീക്ഷ്ണമായ ആ നോട്ടങ്ങള്‍ക്ക് മുമ്പില്‍ മനു വിയര്‍ത്തു. ഇത്രയും ആളുകള്‍ക്ക് മുമ്പില്‍ കെട്ടിയൊരുങ്ങി നില്ക്കുന്നതിന്‍റെ ബുദ്ധിമുട്ട്. താന്‍ ഒരു കാഴ്ച വസ്തു ആയതുപോലെ…ത്രാസില്‍ അളവുനോക്കാന്‍ വച്ചിരിക്കുന്ന ഒരു വസ്തുവിനെ പോലെയും… ഓരോരുത്തരും തനിക്ക് മാര്‍ക്ക് ഇടുകയാണ്. പെട്ടെന്ന് തന്നെ മനുവിനെ അപകര്‍ഷത വിഴുങ്ങി. അവന്‍ ഷര്‍ട്ടിന്‍റെ ബട്ടണുകള്‍ അടര്‍ത്തി നെഞ്ചിലേക്ക് ഊതി.

അയ്യോ പാവം… ഗ്രേഷ്മ ആ കാഴ്ച കണ്ട് ചിരിച്ചു.

മനുചേട്ടന്‍ ശരിക്കും ടെന്‍ഷന്‍ഡായിട്ടുണ്ട്.

നീയൊക്കെകൂടി കൊത്തി വലിച്ചാ പിന്നെ ആരായാലും വിയര്‍ത്തുപോകില്ലേ?. നിമിഷ ദേഷ്യത്തോടെ പറഞ്ഞു.

എനിക്ക് ഇഷ്ടമായി കേട്ടോ മനൂനെ… രാജുവിന്‍റെ സഹോദരി ജെസി നിമിഷയുടെ കാതില്‍ പറഞ്ഞു.

ഒരു പാവത്താന്‍ മട്ട്. നമ്മുടെ ഫഹദ് ഫാസിലിനെ ആദ്യസിനിമേല് കാണുമ്പോ തോന്നിയിരുന്ന ഒരു ഫീലില്ലേ അതു പോലെ… ഒരു ഷാനു ടച്ച്. ജെസി ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

പോ ആന്‍റീ… നിമിഷ ജെസിയുടെ കൈത്തണ്ടയില്‍ ഒരു നുള്ള് വച്ചുകൊടുത്തു.

അമ്മച്ചിക്ക് മനൂനെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്. ആന്‍റി ചെന്ന് മനൂനെ വിളിച്ചോണ്ട് പോ. നിമിഷ ആവശ്യപ്പെട്ടു. ജെസി മനുവിനെ അതിഥികള്‍ക്കിടയില്‍ നിന്ന് പ്രത്യേകം ക്ഷണിച്ച് ത്രേസ്യാമ്മയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മോനിവിടെയിരിക്ക്… ത്രേസ്യാമ്മ കട്ടിലിലിരിക്കാന്‍ മനുവിനെ ക്ഷണിച്ചു. റൂം ഫ്ര ഷറിന്‍റെ സുഗന്ധം അവിടെ തങ്ങിനിന്നിരുന്നു. എങ്കിലും ബെഡ് പാനും മറ്റും മുറിയില്‍ കണ്ടപ്പോള്‍ മനുവിന് അറപ്പ് തോന്നി. അത്തരം സാഹചര്യങ്ങളോട് മനുവിന് ഒരിക്കലും അടുക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇരിക്ക് മോനേ… ത്രേസ്യാമ്മ വീണ്ടും ആവശ്യപ്പെട്ടു. മനുവിന്‍റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. തൊണ്ട വരണ്ടു. അവന്‍ മടിച്ചുമടിച്ചു കട്ടിലില്‍ ഇരുന്നു.

ത്രേസ്യാമ്മ തന്‍റെ ചുക്കിചുളിഞ്ഞ കരം നീട്ടി മനുവിന്‍റെ കൈത്തണ്ടയെ സ്പര്‍ശിച്ചു. മനു ആ കൈത്തണ്ടയിലേക്ക് നോക്കി. മീന്‍ചെതുമ്പലുകള്‍ പറ്റിപിടിച്ചിരിക്കുന്നതുപോലെയുള്ള കൈകള്‍… പിണച്ചുകിടക്കുന്ന ഞരമ്പുകള്‍… ആ കൈകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ മണ്ണില്‍ നിന്ന് വൃക്ഷത്തിന്‍റെ വേരുകള്‍ പുറത്തേയ്ക്ക് വരുന്ന, ഏതോ ഹോളിവുഡ് സിനിമയിലെ രംഗം മനുവിന് ഓര്‍മ്മ വന്നു. തന്‍റെ വയറ്റില്‍ കിടന്ന് എന്തോ തിളച്ചുമറിയുന്നതുപോലെ മനുവിന് തോന്നി. അവന് മനം പിരട്ടി. പെട്ടെന്ന് വായ് പൊത്തി ഓക്കാനിച്ചുകൊണ്ട് മനു പുറത്തേയ്ക്ക് ഓടിയിറങ്ങി.

(തുടരും)

Leave a Comment

*
*