സ്നേഹസീമ – 9

സ്നേഹസീമ – 9

വിനായക് നിര്‍മ്മല്‍

"എന്തു പറ്റി?"- എവിടേയ്ക്ക് തിരിയണം എന്ന് അറിയാതെ വായ് പൊത്തി മുറിയുടെ വാതില്ക്കല്‍ ഇരുവശങ്ങളിലേക്കും നോക്കി നില്ക്കുകയായിരുന്ന മനുവിനോട് നിമിഷ അമ്പരപ്പോടെ ചോദിച്ചു.

അവള്‍ അപ്പോള്‍ അവിടേയ്ക്കു വരികയായിരുന്നു. മനുവില്‍ നിന്ന് മറുപടി കിട്ടാതെ തന്നെ അവള്‍ കൈ ചൂണ്ടി. മനു ബാത്ത് റൂമിലേക്ക് ഓടിക്കയറി. വാഷ് ബെയ്സിനിലേക്ക് മനു ഓക്കാനിച്ചു. പക്ഷേ ഒന്നും പുറത്തേയ്ക്ക് വന്നില്ല.

മനൂ… നിമിഷ അവന്‍റെ പുറകിലെത്തി.

എന്താ പറ്റിയെ? അവള്‍ അവന്‍റെ പുറം തിരുമ്മികൊടുത്തു.

നത്തിംഗ്. ഫുഡ്… ഫുഡ് ശരിയായില്ല… മനു ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മറുപടി നല്കി. ഓക്കാനത്തിന്‍റെ ബുദ്ധിമുട്ടു മൂലം അവന്‍റെ കണ്ണ് നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.

മനു വായും മുഖവും കഴുകി. അപ്പോഴേയ്ക്കും വെളിയില്‍ ജെസിയും ഗ്രേഷ്മയും വര്‍ഷയും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

എല്ലാവരുടെയും മുഖങ്ങളില്‍ ചോദ്യഭാവം. ഒന്നുമില്ല… നിമിഷ എല്ലാവരോടുമായി പറഞ്ഞു.

ഒന്നുമില്ലെന്നേ… പിന്നാലെയെത്തിയ മനു ആവര്‍ത്തിച്ചു.

അമ്മച്ചി അവിടെ ടെന്‍ഷനടിക്കുവാ… മനൂന് എന്നാ പറ്റിയെന്നോര്‍ത്ത്… ജെസി അറിയിച്ചു.

വാ… നിമിഷ ത്രേസ്യാമ്മയുടെ മുറിയിലേക്ക് മനുവിനെ വീണ്ടും ക്ഷണിച്ചു. മനുവിന്‍റെ മുഖത്ത് വല്ലായ്മ നിറഞ്ഞു. ബെഡ് പാനും മീന്‍ ചെതുമ്പലും പീള കെട്ടിയ കണ്ണുകളും അവന്‍റെ ഓര്‍മ്മയിലേക്ക് വന്നു. എന്തു പറഞ്ഞ് ഒഴിവാകണം എന്ന് അവനറിയില്ലായിരുന്നു. എന്നാല്‍ ഒഴിവായിപ്പോകാന്‍ അവന് സാധിക്കുമായിരുന്നില്ല. പൂര്‍ണ്ണ മനസ്സോടെ അവിടേക്ക് തിരികെ കയറിച്ചെല്ലാനും. എങ്കിലും മനസ്സില്ലാമനസ്സോടെ അവന്‍ പിന്നെയും ത്രേസ്യാമ്മയുടെ മുറിയിലേക്ക് കയറി.

എന്നാ പറ്റി മോനേ…? ത്രേസ്യാമ്മ ചോദിച്ചു

ഒന്നുമില്ലെന്‍റമ്മച്ചീ… ഫു ഡ് കഴിച്ചത് വയറ്റില്‍ പിടിച്ചില്ല. ജെസി പറഞ്ഞു. പിന്നെ മനുവിനെ നോക്കി പറഞ്ഞു

അമ്മച്ചി പണ്ടേ അങ്ങനെയാ. ചെറിയൊരു കാര്യത്തിന് പോലും വലിയ ടെന്‍ഷനാ.

ഹോട്ടലു ഭക്ഷണമല്ലേ എന്നും കഴിക്കുന്നത്… അതാവും. ത്രേസ്യാമ്മ അഭിപ്രായപ്പെട്ടു

ഉം മനു തല കുലുക്കി.

ഇനി കുറച്ചുനാളുകൂടി സഹിച്ചാല്‍ പോരേ. രണ്ടുപേരും കൂടി നല്ലൊരു വീടെടുത്ത് അവിടെ താമസിക്കാന്‍ തുടങ്ങിയാല്‍ അതൊക്കെ തീരില്ലേ. ത്രേസ്യാമ്മ തന്നെ അതിന് പോംവഴിയും നിര്‍ദ്ദേശിച്ചു.

നീയിവിടെ വന്നിരിക്ക് മോനേ… ത്രേസ്യാമ്മ കട്ടിലിലേക്ക് ക്ഷണിച്ചു.

വേണ്ടമ്മച്ചി… ഞാന്‍… ഞാനിവിടെ നിന്നോളാം.. മനു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അവന്‍ അറിയാതെ വയറു തിരുമ്മി.

എന്താ മോന് കക്കൂസില്‍ പോണോ… ത്രേസ്യാമ്മ മറയില്ലാതെ ചോദിച്ചു വര്‍ഷയ്ക്കും ഗ്രേഷ്മയ്ക്കും അപ്പോള്‍ ചിരി പൊട്ടി. നിമിഷ മുഖം തിരിച്ച് ദേഷ്യത്തോടെ അനിയത്തിമാരെ നോക്കി.

പെണ്ണുകാണാന്‍ വരുമ്പോ വയറു കേടായാല്‍ എന്നാ ചെയ്യാന്‍ പറ്റും…? അതിനൊന്നും നാണിക്കണ്ടാ… ഇതൊക്കെ എല്ലാ മനുഷ്യരും ചെയ്യുന്നതല്ലേ. ആരോഗ്യമുള്ളപ്പോ ആരേം ആശ്രയിക്കാതെ… ഇപ്പോ എന്‍റെ അവസ്ഥ കണ്ടില്ലേ… കിടന്നകിടപ്പില്‍ എല്ലാം സാധിക്കും.

കഫോം മലോം മൂത്രോം… ത്രേസ്യാമ്മ ചിരിച്ചു. നിസ്സഹായത കലര്‍ന്ന ചിരിയായിരുന്നു അത്… മനുവിന്‍റെ വയറ്റില്‍ നിന്ന് വീണ്ടും ഇരമ്പല്‍ കേട്ടുതുടങ്ങി.

…അതെല്ലാം അറപ്പോ മടിയോ ഇല്ലാതെ ചെയ്യുന്നത് എന്‍റെ നിമിഷ മോളാ… എന്‍റെ മോളായതുകൊണ്ട് പറയുന്നതല്ല കേട്ടോ ഇന്നത്തെ കാലത്ത് പ്രായമായവരോട് ഇത്രേം സ്നേഹോം സന്മനസ്സും കാണിക്കുന്ന പിള്ളേര് കുറവാ… ഇവിടെ വേറേം ഉണ്ടല്ലോ രണ്ടു പെങ്കൊച്ചുങ്ങള്… അവരൊന്നും ചെയ്യില്ല, എന്‍റെ മോള് പോയിക്കഴിയുമ്പോ എന്‍റെ കാര്യം ആരുനോക്കുമെന്ന് ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട്… പക്ഷേ എന്നെ നോക്കാനുണ്ടെന്ന് കരുതി എന്‍റെ മോള്‍ടെ ഭാവി വേണ്ടെന്ന് വയ്ക്കാന്‍ പറ്റുമോ… അല്ലെങ്കി ഇനി ഞാനെത്ര കാലം കൂടി ഉണ്ടാവും… പണ്ടാരോ പറഞ്ഞതുപോലെ അരനാഴികനേരം കൂടി… ത്രേസ്യാമ്മ നെടുവീര്‍പ്പെട്ടു.

അര നാഴികയാണോ മുക്കാല്‍ നാഴികയാണോയെന്ന് അമ്മച്ചിയാണോ തീരുമാനിക്കുന്നത് ഒടേ തമ്പുരാനല്ലേ… ജെസി ഇടയ്ക്ക് കയറി.

ആ… അതുശരിയാ ഒടേ തമ്പുരാന്‍ എല്ലാര്‍ക്കും ഓരോന്ന് എഴുതിവച്ചിട്ടുണ്ട്. അതൊക്കെ അനുഭവിച്ചു വേണ്ടേ ഇവിടെ നിന്ന് പോകാന്‍… അപ്പോഴേയ്ക്കും ഭക്ഷണം കഴിക്കാനുള്ള വിളിയെത്തി. മനുവിന് ആശ്വാസമായി.

മനൂന് കട്ടന്‍ ചായയെടുക്കട്ടെ. നാരങ്ങ പിഴിഞ്ഞ്… സൂസി ചോദിച്ചു.

മനു അമ്പരന്നു.

അല്ല വയറിന് സുഖമില്ലെന്ന് പിള്ളേര് വന്നു പറഞ്ഞു. അതോണ്ട് ചോദിച്ചതാ… തെറ്റുപിണഞ്ഞ ഭാവത്തില്‍ സൂസി അറിയിച്ചു.

ഇപ്പഴാ ഞാനക്കാര്യം ഓര്‍ത്തെ… നമ്മള് രണ്ടു വീട്ടുകാരും തമ്മിലുള്ള ആകെയുള്ള ചേര്‍ച്ചയെന്ന് പറയുന്നത് ഒരേയൊരു കാര്യത്തിലാ… എന്താണെന്ന് അറിയാമോ… രാജു ഒരു കടംകഥയുടെ ഉത്തരം കണ്ടെത്തുന്നതുപോലെ ചോദിച്ചു. ഭക്ഷണമേശയ്ക്കലിരുന്നവര്‍ പരസ്പരം മുഖം നോക്കി.

ആരും ഉത്തരം പറയാതിരുന്നപ്പോള്‍ രാജു തന്നെ ഉത്തരവും പറഞ്ഞു.

ചെറുക്കന്‍റേം പെണ്ണിന്‍റേം അമ്മമാരുടെ പേര് ഒന്നാ… സൂസി.

രാജു ചിരിച്ചു. പതുക്കെ മറ്റുള്ളവരും ചിരിച്ചു.

പിന്നെ നിങ്ങളുടെ വീട്ടിലുമുണ്ട് ഒരു ബെന്നി… ഞങ്ങളുടെ വീട്ടിലുമുണ്ട് ഒരു ബെന്നി. രാജു തുടര്‍ന്നു പറഞ്ഞു. തന്‍റെ അനിയന്‍റെയും മനുവിന്‍റെ അളിയന്‍റെയും കാര്യമാണ് രാജു ഉദ്ദേശിച്ചത്.

ചായയ്ക്ക് കടുപ്പം പോരാ… ചായ കുടിക്കുന്നതിനിടയില്‍ തോമസ് അഭിപ്രായപ്പെട്ടു. അയാള്‍ ചായഗ്ലാസ് ഉയര്‍ത്തിപിടിക്കുകയും ചെയ്തു. മനുവിന് അപമാനം തോന്നി. അയാളുടെ എതിര്‍ വശത്തായിരുന്നു മനു. മനുവിന്‍റെ തീക്ഷ്ണമായ നോട്ടം കണ്ടപ്പോള്‍ സൂസിക്ക് കാര്യം പിടികിട്ടി. അവര്‍ ഭര്‍ത്താവിന്‍റെ തുടയില്‍ ചെറുതായി നുള്ളിക്കൊണ്ട് അടക്കം പറഞ്ഞു.

മിണ്ടാതിരിക്ക്… ഇത് നിങ്ങടെ ചായക്കടയൊന്നുമല്ല. പെട്ടെന്ന് തന്നെ തോമസ് സാഹചര്യത്തിനൊത്ത് ഉയര്‍ന്നു.

അപ്പോ കല്യാണത്തിന്‍റെ തീയതിയുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ.

അതു ഭക്ഷണം കഴിച്ചാവാം… ബെന്നി പറഞ്ഞു.

ആയിക്കോട്ടെ… വെളളയപ്പം ചിക്കന്‍ കറിയില്‍ മുക്കികഴിച്ചുകൊണ്ട് തോമസ് വീണ്ടും ആവര്‍ത്തിച്ചു. ആയിക്കോട്ടെ.

ഭക്ഷണം കഴിച്ചതിന് ശേഷം വിവാഹത്തീയതിയുടെ കാര്യം ചര്‍ച്ച ചെയ്തു.

അമ്പതു നോമ്പല്ലേ വരുന്നത്. അപ്പോ നോമ്പുപിടിക്കുന്നതിന് മുമ്പ് ഒത്തുകല്യാണം നടത്തിയാലോ…? ഈസ്റ്റര്‍ കഴിഞ്ഞ് കല്യാണോം… എന്താ? രാജു തന്‍റെ തീരുമാനം തോമസിനോട് ചോദിച്ചു.

അതൊക്കെ അങ്ങ് രാജുച്ചായന്‍ തീരുമാനിച്ചാ മതി…ഞങ്ങള്‍ക്ക് എല്ലാറ്റിനും സമ്മതമാ.

അങ്ങനെ പറയുമ്പോഴും അയാളുടെ മനസ്സില്‍ സ്വാര്‍ത്ഥനായ ഒരാള്‍ കിടന്നു മുരളുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ കാര്യവും താന്‍ ഒറ്റയ്ക്കങ്ങ് തീരുമാനിച്ചോടോ.തന്‍റെ മകള്‍ എന്‍റെ വീട്ടിലോട്ട് വന്നുകഴിഞ്ഞാ പിന്നെ എല്ലാകാര്യവും ഞാന്‍ ഒറ്റയ്ക്കങ്ങ് തീരുമാനിക്കും. അന്ന് താനറിയും തോമാച്ചന്‍ ആരാണെന്ന്… തോമസ് വിനയഭാവത്തില്‍ രാജുവിനെ നോക്കി ചിരിച്ചു.

സ്ത്രീധനമായിട്ട്… രാജു അത്രയുമേ പറഞ്ഞുള്ളൂ. അതിനിടയില്‍ തോമസ് കയറി.

അതുമാത്രം രാജുച്ചായന്‍ പറയരുത്. ഞങ്ങള് ഒന്നും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാന്‍ മാത്രം ഞങ്ങള്‍ക്കൊന്നും ഇല്ലതാനും. അതും അറിയാം. അതോണ്ട് സ്ത്രീധനക്കാശിന്‍റെ കാര്യമൊക്കെ പറഞ്ഞ് രാജുച്ചായന്‍ വെറുതെ ഈ സിറ്റുവേഷന്‍റെ മൂഡ് കളയരുത്. അല്ലേടാ മോനേ… തൊട്ടടുത്തിരുന്ന മനുവിനോടായി തോമസ് ചോദിച്ചു.

തോമസിന്‍റെ കണ്ണുകള്‍ മുറിയിലൂടെ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. സ്വര്‍ഗ്ഗതുല്യമായ ഈ വീട്ടില്‍ ബന്ധുത്വം ചമഞ്ഞ് ഇരിക്കാന്‍ തന്നെ അവസരം ലഭിച്ചത് തന്‍റെ ഭാഗ്യം.

രാജുച്ചായന്‍ ഉടക്കൊന്നും പറയാതെ ഈ കല്യാണം നടത്താമെന്ന് തീരുമാനിച്ചതുതന്നെ വലിയ കാര്യം. പിന്നെ നിമിഷ മോളെപോലൊരു മോള് ഞങ്ങളുടെ വീട്ടിലോട്ട് വരുന്നത് അതിനെക്കാള്‍ വലിയ കാര്യം. എത്ര പണ്ടേ ഞങ്ങള് സ്വന്തം മോളെപ്പോലെ സ്വീകരിച്ചതാ ഞങ്ങടെ നിമിഷ മോളെ…ഇപ്പോ അവളെ സ്വന്തമായി ആരും എതിരു പറയാതെ കിട്ടുന്നതിനേക്കാള്‍ വലിയ സ്വത്ത് വേറെയെന്നതാ ഞങ്ങള്‍ക്ക് വേണ്ടെ?

മഞ്ജിമയും മനീഷയും പരസ്പരം നോക്കി. ഇത് തങ്ങള്‍ അറിയുന്ന പപ്പയല്ലേ… അതോ ആള് മാറിപ്പോയോ? കിട്ടാന്‍ പോകുന്ന സ്ത്രീധനത്തെക്കുറിച്ച് മനുവിന്‍റെ അഭാവത്തില്‍ സ്വപ്നം കണ്ട് സംസാരിക്കുന്ന തോമസിനെ അവര്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു. തോമസ് അങ്ങനെ പറഞ്ഞപ്പോള്‍ രാജുവിന് പിന്നെ മറ്റൊന്നും പറയാനില്ലാതായി. എങ്കിലും രാജു പറഞ്ഞു.

ഇതല്ല മറ്റേതെങ്കിലും വിവാഹമായിരുന്നുവെങ്കില്‍ ഞങ്ങള് ഞങ്ങടെ മോള്‍ക്ക് എന്തുകൊടുക്കുമായിരുന്നോ അതിലൊട്ടും കുറവു വരില്ല ഇതിനും…

തോമസിന്‍റെ മനസ്സില്‍ സ്വര്‍ണ്ണത്തിന്‍റെയും കറന്‍സികളുടെയും ദൃശ്യം നിറഞ്ഞു. പിന്നെ അയാള്‍ തന്‍റെ പെണ്‍മക്കളെ നോക്കി, മക്കളേ നിങ്ങളെ പൊന്നില്‍ കുളിപ്പിച്ച് ഞാന്‍ വിവാഹം കഴിപ്പിച്ചയയ്ക്കും. നിങ്ങള്‍ക്കൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു വീട്ടിലേക്ക്…

പേത്രത്തായ്ക്ക് മുമ്പ് നല്ലൊരു ദിവസം നോക്കിക്കേടാ ബെന്നീ… രാജു ആവശ്യപ്പെട്ടു. ബെന്നി ഭിത്തിയിലെ കലണ്ടര്‍ എടുത്തുകൊണ്ടുവന്നു. അയാള്‍ ഡേറ്റ് നോക്കി.

നാലാം തീയതിയാ നോമ്പ് പിടിക്കുന്നെ… ബെന്നി അറിയിച്ചു.

അപ്പോ മൂന്നിനോ രണ്ടിനോ ഒത്തുകല്യാണം. എന്തു പറയുന്നു എല്ലാവരും?

രാജുച്ചായോ ചെറിയൊരു കാര്യം എനക്ക് പറയാനുണ്ടായിരുന്നു. പെട്ടെന്ന് തോമസ് വല്ലായ്മയോടെ പറഞ്ഞു.

എന്നതാന്നുവച്ചാ പറഞ്ഞോ… രാജു സമ്മതിച്ചു.

പറയട്ടെ? തോമസ് വീണ്ടും സംശയിച്ചു.

പറയാം അല്ലേ… അയാള്‍ തന്നോടു തന്നെ അനുവാദം ചോദിക്കുന്ന മട്ടില്‍ ചോദിച്ചു. മനുവിന്‍റെ നോട്ടം അയാളുടെ മുഖത്തായി. എന്തു കാര്യമായിരിക്കുമോ പപ്പ പറയാന്‍ പോകുന്നത്? മനു ആശങ്കാകുലനായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org