തച്ചനപ്പന്‍ – അദ്ധ്യായം 25

തച്ചനപ്പന്‍ – അദ്ധ്യായം 25

സെബാസ്റ്റ്യന്‍ തുമ്പോണത്തുമലയില്‍

ജോസഫ് വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ മറിയവും അന്നയും വഴിക്കണ്ണുകളുമായി നോക്കിയിരിക്കുകയായിരുന്നു.
ജോസഫ് ഒറ്റയ്ക്കാണു വന്നതെന്നു കണ്ടു മറിയം ചോദിച്ചു – "ഇളയമ്മ പോന്നില്ലേ?"
"ഇല്ല. അവര്‍ പോരുന്നില്ലെന്നു പറഞ്ഞു. ഇനി അധികം ദൂരം യാത്ര ചെയ്യാന്‍ അവര്‍ക്കു പറ്റില്ലെന്നും പറഞ്ഞു" – ജോസഫ് മറുപടി പറഞ്ഞുകൊണ്ടു വന്നതേ പീഠത്തിലിരുന്നു.
ജോസഫിനെ യാത്രാക്ഷീണം തളര്‍ത്തിയിരിക്കുന്നതു മനസ്സിലാക്കി മറിയം നിര്‍ദ്ദേശിച്ചു: "ചേട്ടന്‍ യാത്ര ചെയ്തു നന്നായി മടത്തുവെന്നു തോന്നുന്നു. ചേട്ടന് ഒരു കാര്യം ചെയ്യ്, അല്പനേരം കിടക്കൂ; ക്ഷീണം മാറട്ടെ."
ജോസഫ് അപ്പോള്‍ അലിവോടെ പറഞ്ഞു: "എന്നെ കൊണ്ടുവന്ന പാവം കുതിരകള്‍ എന്നേക്കാള്‍ ക്ഷീണിച്ചിട്ടുണ്ട്."
മറിയം വേഗം അകത്തു ചെന്ന് ഒരു ഗ്ലാസ് ള്ളെമെടുത്തു കൊണ്ടുവന്നു ജോസഫിനു കുടിക്കാന്‍ കൊടുത്തു. പിന്നീടവള്‍ പുറത്തിറങ്ങി കുതിരകള്‍ക്കു പുല്ലും വെള്ളവും നല്കി.
അന്ന ജോസഫിനോടു തിരക്കി: "എലിസബത്ത് എന്തെടുക്കുന്നു?"
"ഇളയമ്മയ്ക്കു നല്ല സുഖമില്ല. ക്ഷീണമാണ്. യോഹന്നാന്‍റെ മരണം അവരെ കൂടുതല്‍ ദുഃഖിപ്പിച്ചിരിക്കുന്നു" – ജോസഫ് പറഞ്ഞു.
"ജനങ്ങളുടെ നന്മയ്ക്കുവേണ്ടി നല്ലതു ചെയ്യുന്നവര്‍ക്കെല്ലാം ഇപ്പോള്‍ ദുരിതമാണല്ലോ ലഭിക്കുന്നത്" – അന്ന പരിഭവശബ്ദത്തില്‍ സ്വയം വിലപിച്ചു.
"സാരമില്ലമ്മേ. ഒരു കുന്നിന് ഒരു കുഴിയുണ്ട്; ഒരു രാത്രിക്ക് ഒരു പകലും. ഇപ്പോള്‍ ദുഃഖമനുഭവിക്കുന്നവര്‍ പിന്നീടു സന്തോഷിക്കും" – ജോസഫ് അമ്മയെ ആശ്വസിപ്പിച്ചു.
അപ്പോള്‍ രണ്ടുപേര്‍ ഒരു മനുഷ്യനെ കൈപിടിച്ചു നടത്തി അവിടേയ്ക്കു വന്നു.
മുറ്റത്തു വന്ന അവരിലൊരാള്‍ ചോദിച്ചു: "ഇതു യേശുവിന്‍റെ ഭവനമല്ലേ?"
"അതെ" – ജോസഫ് ഉത്തരം നല്കി.
"ഞങ്ങള്‍ യേശുവിനെ കാണാന്‍ വന്നവരാ. ഇവന്‍ ജന്മനാ അന്ധനാ. യേശു പലര്‍ക്കും കാഴ്ച നല്കിയെന്നറിഞ്ഞു. ഞങ്ങള്‍ വന്നത് യേശു ഇവനെയും സുഖപ്പെടുത്തുമെന്ന വിശ്വാസത്തിലാ."
"യേശു ഇപ്പോള്‍ ഇവിടെയില്ല. അവന്‍ ജെറുസലേമിലേക്കു പോയിട്ടുണ്ടാകും. നിങ്ങള്‍ അവനെ ചെന്നു കാണുക. അവന്‍ തീര്‍ച്ചയായും ഇവനെ സുഖപ്പെടുത്തും" – ജോസഫ് പറഞ്ഞു.
"ഞങ്ങള്‍ ദരിദ്രരാണ്. അവിടെ വരെ പോകാനുള്ള വഴിച്ചെലവിന്‍റെ തുകപോലും ഞങ്ങളുടെ കയ്യിലില്ല" – ഒരുവന്‍ പറഞ്ഞു.
"മറിയം, ഇവര്‍ പാവങ്ങള്‍. നാം ഇവര്‍ക്കു കുറച്ചു ദനാറകള്‍ നല്കിയാല്‍ ഉപകാരപ്പെടുമായിരുന്നു. നമ്മുടെ പെട്ടിയില്‍ ദനാറകള്‍ നീക്കിയിരിപ്പുണ്ടോയെന്ന് നീ ഒന്ന് നോക്ക്."
ജോസഫ് പറഞ്ഞതനുസരിച്ച് അകത്തു കയറി പെട്ടി പരിശോധിച്ചു. പെട്ടിയില്‍ വച്ചിരുന്ന ഏഴു ദിനാറകള്‍ അവള്‍ എടുത്തുകൊണ്ടുവന്ന് അന്ധനു നല്കി.
പണം കിട്ടിയപ്പോള്‍ അവര്‍ തിരിച്ചുപോയി.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ മറിയം അന്നയോടു പറഞ്ഞു: "ഇപ്പോള്‍ കുറച്ചു ദിവസങ്ങളായിട്ടു ധാരാളം ആള്‍ക്കാര്‍ യേശുവിനെ അന്വേഷിച്ച് ഇവിടെ വരുന്നണ്ട്. യേശുവിന്‍റെ ഒരു സ്പര്‍ശനം കൊതിച്ചാണവരുടെ വരവ്. വരുന്നവരില്‍ അധികവും പാവങ്ങളാ. ഞങ്ങള്‍ അവരെ കഴിവനുസരിച്ചു സഹായിക്കുന്നുണ്ട്.
"അതൊരു നല്ല പ്രവൃത്തിയാണ്. അതുകൊണ്ടു സ്വര്‍ഗത്തില്‍ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിക്കും" – അന്ന പറഞ്ഞു.
മറിയം അപ്പോള്‍ ദുഃഖത്തോടെ പറഞ്ഞു: "നമ്മുടെ പൂര്‍വപിതാവായ യാക്കോബിന്‍റെ കാലത്തു നമ്മുടെ നാട്ടിലാകെ ക്ഷാമം വന്നു. അന്നു യാക്കോബിന്‍റെ മകന്‍ ജോസഫ് അവര്‍ക്കു ധാന്യങ്ങള്‍ നല്കി അവരെ രക്ഷിച്ചു. ഇന്നു ജനങ്ങള്‍ യാക്കോബിന്‍റെ കാലത്തേക്കാള്‍ ദരിദ്രരാണ്. പണിയും പണവും കിട്ടാതെ ദരിദ്രര്‍ വലയുന്നു. അവര്‍ ആകാശപ്പറവകളെപ്പോലെ ഒരു നേരത്തെ ആഹാരത്തിനായി ഊരു ചുറ്റുന്നു. രോഗികളും വൃദ്ധരും മരുന്നു വാങ്ങാന്‍ പണമില്ലാതെ വിഷമിക്കുന്നു. ചുരുക്കം ചിലരാകട്ടെ സമ്പത്തു കയ്യടക്കി സ്വാര്‍ത്ഥന്മാരും സുഖലോലുപന്മാരുമായി കഴിയുകയാണ്. ഇതിനൊരു മാറ്റം വരുത്താന്‍ നമ്മുടെ യോഹന്നാന്‍ പ്രസംഗങ്ങളിലൂടെ ശ്രമിച്ചു. ആ വലിയവനെ ദുഷ്ടരാജാവ് വധിച്ചു."
"നീ അതോര്‍ത്ത് ഇനിയും വിഷമിക്കേണ്ട. ഇവിടെ നടക്കുന്നതു നന്മയും തിന്മ യും തമ്മിലുള്ള ഏറ്റുമുട്ടലാ. അതു തുടര്‍ന്നുകൊണ്ടേയിരിക്കും. ലോകാവസാനം വരെ ഇതായിരിക്കും അവസ്ഥ. ഇവിടെ നമ്മള്‍ ചെയ്യേണ്ടതിതാണ്. നമ്മുടെ കടമ നമ്മള്‍ നന്നായി ചെയ്യുക. ഇവിടെ ജനങ്ങള്‍ക്കുവേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയുമോ അതു നമുക്കു ചെയ്യാം" – ജോസഫ് പറഞ്ഞു.
"ജനങ്ങള്‍ക്കുവേണ്ടി മോനെന്തു ചെയ്യാനാകും?" – അന്ന തിരക്കി.
"ഞങ്ങള്‍ ഒന്നു തീരുമാനിച്ചിട്ടുണ്ടമ്മേ. ഞങ്ങള്‍ ഇവിടത്തെ പണിപ്പുര ഒഴിവാക്കി ബാക്കി സ്ഥലവും വീടും വില്ക്കും. വിറ്റു കിട്ടുന്ന പണം ദരിദ്രജനങ്ങളുടെ ക്ഷേമത്തിനു വിനിയോഗിക്കാന്‍ ഞങ്ങളത് യേശുവിനെ ഏല്പിക്കും" – ജോസഫ് അറിയിച്ചു.
"ജോസഫേ! നിങ്ങള്‍ക്കും പ്രായമാകുകയല്ലേ? വീടും സ്ഥലവും വിറ്റുകളഞ്ഞാല്‍ നിങ്ങള്‍ പിന്നീടെങ്ങനെ കഴിയും? നിങ്ങള്‍ എവിടെ കിടക്കും?"
"ഞങ്ങള്‍ പണിയെടുത്തു കഴിയും. ഞങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ അ്ല്പം സ്ഥലം മതി. പണിശാലയുടെ ഒരരികില്‍ ഞങ്ങള്‍ കിടക്കും. ഞങ്ങള്‍ക്കു തീര്‍ത്തും വയ്യാതാകുമ്പോള്‍ ഞങ്ങള്‍ യേശുവിനോടൊപ്പം പോകും" – ജോസഫ് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു.
അവന്‍ പിന്നീടു യാത്രാക്ഷീണത്താല്‍ മുറിയില്‍ പോയി കിടന്ന് വിശ്രമിച്ചു. അന്നു വൈകുന്നേരം റൂബന്‍ വന്നപ്പോള്‍ കുതിരവണ്ടി ഉടമയ്ക്കു നല്കാന്‍ കൊടുത്തുവിട്ടു.
ജോസഫ് പിറ്റേദിവസം മുതല്‍ പണിശാലയിലിരുന്നു പണികളില്‍ ഏര്‍പ്പെട്ടു.
യോഹന്നാന്‍റെ മരണം കുടുംബാംഗങ്ങളിലേല്പിച്ച ദുഃഖം മെല്ലെ കെട്ടടങ്ങി.
ജോസഫ് പിന്നീടു വരുന്നവരോടും കാണുന്നവരോടും സ്ഥലംവില്പനയുടെ കാര്യം പറഞ്ഞു.
ഒരു ദിവസം രാവിലെ ജോസഫ് വീടിനുള്ളില്‍ മറിയത്തോടു സംസാരിച്ചിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: "ഇനി വരുന്നതു മഴക്കാലമാണ്. ഒരു മാസം മഴയുണ്ടാകും. ഈ ഒരു മാസം അധികം പണി കിട്ടില്ല. അതുകൊണ്ട് ആ ഒരു മാസത്തെ ചെലവിനുള്ള തുക നാം സൂക്ഷിക്കണം."
"ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങുകയായിരുന്നു" – മറിയം പ റഞ്ഞു.
"ങ്ഹാ! നമ്മുടെ മനസ്സിനു നല്ല പൊരുത്തമാണല്ലോ" – ജോസഫ് പറഞ്ഞു.
"അങ്ങനെയാ നല്ല ദമ്പതികളായാല്‍" – മറിയം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
അയല്ക്കാരനായ ശിമയോനും മറ്റൊരാളും അവിടേയ്ക്കു കയറി വന്നു.
ജോസഫിനെ കണ്ടു ശിമയോന്‍ ചോദിച്ചു: "ജോസഫേ, ജോസഫിന്‍റെ സ്ഥലം കൊടുക്കുന്നുണ്ടോ?"
"ഉണ്ട്. പണിശാല ഒഴിവാക്കി ബാക്കി സ്ഥലവും വീടും കൊടുക്കും" – ജോസഫ് അറിയിച്ചു.
"ഇയാള്‍ സ്ഥലം വാങ്ങാന്‍ അന്വേഷിച്ചു വന്നതാണ്" – ശിമയോന്‍ പറഞ്ഞു.
"വീടും സ്ഥലവും നോക്കി കണ്ടുകൊള്ളുക" – ജോസഫ് പറഞ്ഞു.
വന്നയാള്‍ ശിമയോനോടൊപ്പം വീടും സ്ഥലവും നോക്കിക്കണ്ടു.
വന്നയാള്‍ക്കു സ്ഥലം ഇഷ്ടമായി. അവര്‍ വില പറഞ്ഞുറപ്പിച്ചു.
ജോസഫ് വീടും സ്ഥലവും വിറ്റു. അവനും മറിയവും താമസം പണിശാലയിലേക്കു മാറ്റി.
സ്ഥലം വിറ്റു പണം കിട്ടിയപ്പോള്‍ ജോസഫ് പറഞ്ഞു: "ഞാന്‍ നിന്നെ ഒരു തീര്‍ത്ഥാടനത്തിനു പാലസ്തീനായിലെ പുണ്യസ്ഥലങ്ങളിലൂടെ കൊണ്ടുപോകാമെന്നു കരുതിയിരുന്നു. ഇപ്പോള്‍ നമ്മുടെ കയ്യില്‍ പണമുണ്ട്. നമുക്കിതില്‍ തീര്‍ത്ഥാടന ചെലവിനുള്ള പണമെടുത്ത് തീര്‍ത്ഥാടനം നടത്താം. ബാക്കി പണം യേശുവിനെ ഏല്പിക്കാം. നീ എന്തു പറയു ന്നു?"
"നാം തീര്‍ത്ഥാടനത്തിനു പോകണ്ട. നമുക്കു തീര്‍ത്ഥാടനത്തിനുള്ള പണംകൂടി യേശുവിനെ ഏല്പിക്കാം. തീര്‍ത്ഥാടനത്തിലും വലിയ പുണ്യപ്രവൃത്തി അതാണ്" – മറിയം ഓര്‍മിപ്പിച്ചു.
"ശരി, ശരി. നീ പറയുന്നതാണ് ശരി"-ജോസഫ് അംഗീകരിച്ചു.
"യേശു ഇപ്പോള്‍ ജെറുസലേമിലെത്തിയിട്ടുണ്ടാകും. അവന്‍ കൂടാരത്തിരുനാളിനു ജെറുസലേമിനു വരുമെന്നു കേട്ടിരുന്നു. നീ കൂടെ വരുന്നോ?"- ജോസഫ് ചോദിച്ചു,
"ഇപ്പോഴില്ല. മഴ അടുത്തിട്ടുണ്ട്. മഴ പെയ്താല്‍ യാത്ര ദുരിതമാകും. അതുകൊണ്ടു നിങ്ങള്‍ തനിയെ പോയാല്‍ മതി. നിങ്ങള്‍ ചെന്നു യൂദയായില്‍ അധികദിവസം താമസിക്കരുത്. നിങ്ങള്‍ വരുന്നതുവരെ ഞാന്‍ എന്‍റെ അമ്മയോടൊപ്പം പോയി താമസിച്ചുകൊള്ളാം" – മറിയം പറഞ്ഞു.
"യൂദയായില്‍ വരെ ചെല്ലുന്നതല്ലേ. ശിമയോന്‍റങ്ങൊന്നു പോകണം. കഴിയുമെങ്കില്‍ ക്ലോപ്പാസ് ചിറ്റപ്പന്‍റെങ്ങും.
"യൂദയായില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ തങ്ങണ്ട" – മറിയം നിര്‍ദ്ദേശിച്ചു.
"ഇല്ല" – അവന്‍ സമ്മതിച്ചു.
അവന്‍ പറമ്പു വിറ്റു കിട്ടിയ ഷെക്കേല്‍ സഞ്ചിയിലാക്കി ജെറുസലേമിലേക്കു പോകാനിറങ്ങി. ഇറങ്ങിയപ്പോള്‍ ജോസഫ് പറഞ്ഞു: "പറമ്പു വിറ്റു കിട്ടിയ ഷെക്കേലുകള്‍ ഞാന്‍ യേശുവിനെ ഏല്പിക്കും. തിരിച്ചു പോരുമ്പോള്‍ കുറച്ചു തടിയുരുപ്പടികള്‍ വാങ്ങണം. നമ്മള്‍ സ്വരുക്കൂട്ടി വച്ചിരുന്ന കുറേ ഷെക്കേല്‍ ഞാന്‍ അതിനായി എടുത്തിട്ടുണ്ട്.
"ഉം. പോയി വരൂ" – മറിയം ആശംസിച്ചു.
നസ്രത്തില്‍ നിന്നു ബെഞ്ചമിന്‍റെ കുതിരവണ്ടി വിളി ച്ച് അവന്‍ ജെറുസലേമിലേക്കു പുറപ്പെട്ടു. കുതിരവണ്ടി വിളിച്ചപ്പോള്‍ ബെഞ്ചമിന്‍ പറഞ്ഞു: "ഞാന്‍ ജെറുസലേമിലെത്തിയാല്‍ ഉടന്‍ പോരും. എനിക്കവിടെ ഒരു വിവാഹത്തില്‍ വന്നു പങ്കെടുക്കേണ്ടതുണ്ട്. ചേട്ടനവിടെ നിന്നു പോരാന്‍ താമസമുണ്ടെങ്കില്‍ പോകാന്‍ വേറെ വണ്ടി വിളിച്ചോളൂ."
"എന്നെ കൊണ്ടുപോയി വിട്ടാല്‍ മതി"- ജോസഫ് പറഞ്ഞു.
അവന്‍ കുതിരവണ്ടിയില്‍ കയറി യാത്ര പുറപ്പെട്ടപ്പോള്‍ തന്‍റെ കഴിഞ്ഞകാലങ്ങളെക്കുറിച്ചോര്‍ത്തു. തന്‍റെ ജനനം സാമ്പത്തികശേഷിയുള്ള കുടുംബത്തിലായിരുന്നു.
തന്‍റെ പിതാവു വര്‍ഷം തോറും എന്‍റെ കുടുംബവരുമാനത്തിന്‍റെ പത്തിലൊന്നു ദേവാലയത്തില്‍ കൊടുത്തു. മാതാപിതാക്കളുടെ ചെലവും വിധവയായ പിതൃസഹോദരിയുടെ ചെലവും യാക്കോബ് പിതാവാണു വഹിച്ചത്. യാക്കോബ് പിതാവിന്‍റെ സഹോദരിമാരുടെ വിവാഹം നടത്തിക്കൊടുത്തതും യാക്കോബ് പിതാവാണ്.
യാക്കോബ് പിതാവ് ദരിദ്രരായ പലര്‍ക്കും ഭൂമിയും വീടും വാങ്ങിക്കൊടുത്തു. അതുകൊണ്ടു തന്‍റെ കുടുംബത്തിനു ഭൂമിയില്‍ സമ്പത്ത് കുറഞ്ഞെങ്കിലും സ്വര്‍ഗത്തില്‍ സമ്പത്ത് വര്‍ദ്ധിച്ചു.
പിതാവു കാണിച്ച മാതൃക താനും പിന്തുടര്‍ന്നു. താനും വരുമാനത്തിന്‍റെ പത്തിലൊന്നു ദേവാലയത്തില്‍ സമര്‍പ്പിച്ചു. ദരിദ്രരായ പലര്‍ക്കും വീടുകള്‍ വയ്ക്കാന്‍ സഹായം നല്കി. പല പാവങ്ങള്‍ക്കും മരുന്നു വാങ്ങുന്നതിനും ഭക്ഷണം വാങ്ങുന്നതിനും തന്‍റെ വരുമാനത്തില്‍ നിന്നൊരു ഓഹരി താന്‍ സൗജന്യമായി നല്കി.
ഓര്‍മ വച്ച നാള്‍ മുതല്‍ താന്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ ജറുസലേം ദേവാലയത്തില്‍ ചെ ന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
തന്‍റെ ജീവിതം താന്‍ ചിട്ടപ്പെടുത്തിയതു സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നോക്കിയായിരുന്നു.
ജോസഫ് മനസ്സുകൊണ്ടു ദൈവപിതാവിനോടായി പറഞ്ഞു: "ദൈവമേ, അങ്ങേല്പിച്ച ദൗത്യങ്ങള്‍ എന്നാലാകുംവിധം നിറവേറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്."
അവനതു പറഞ്ഞിട്ടു മനസ്സുകൊണ്ടു ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
"നമുക്ക് ഏതു വഴിക്കാണു ജെറുസലേമിലേക്കു പോകേണ്ടത്?"- ബെഞ്ചമിന്‍ ചോദിച്ചു.
ജോസഫിനു പരിസരബോധമുണ്ടായി. നസ്രത്തില്‍ നിന്നു ജെറുസലേമിലേക്കു പോകാന്‍ രണ്ടു വഴികളുണ്ട്. ഒന്നു സമരിയായുടെ മദ്ധ്യത്തിലൂടെ മറ്റൊന്ന് സമരിയായുടെ പ്രാന്തപ്രദേശത്തൂകൂടെ.
"നമുക്കു സമരിയായിലൂടെ പോകാം" – ജോസഫ് പറഞ്ഞു.
സമരിയാക്കാരില്‍ ഭൂരിപക്ഷം ബാല്‍ദേവന്മാരെയും അസ്തേര്‍ ദേവതകളെയും സേവിക്കുന്നവരായിരുന്നു. അവിടെയുണ്ടായിരുന്ന ഇസ്രായേലിയരില്‍ പലരും വിജാതീയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു വിജാതീയ മതവിശ്വാസികളായി അന്യദേവന്മാരെയും അന്യദേവികളെയും പൂജിച്ചിരുന്നു. കര്‍ത്താവിന്‍റെ മുമ്പില്‍ അവര്‍ തിന്മ ചെയ്തതിനാല്‍ യഹൂദരില്‍ പലരും സമരിയായിലൂടെയുള്ള യാത്രപോലും ഒഴിവാക്കിയിരുന്നു.
ബെഞ്ചമിന്‍ കുതിരവണ്ടി സമരിയായിലേക്കുള്ള പാതയിലൂടെ തിരിച്ചുവിട്ടു. യാത്രയ്ക്കിടയില്‍ ബെഞ്ചമിന്‍ പറഞ്ഞു: "സമരിയായില്‍ താമസിക്കുന്ന നെയ്ത്തുപണിക്കാരന്‍ ലാദാ നമ്മുടെ നസ്രത്തില്‍ വന്നിരുന്നു. അവന്‍ നമ്മുടെ യേശുവിനെപ്പറ്റി പറഞ്ഞു: യേശു ജീവിക്കുന്ന ദൈവമാണ്. യേശു കഴിഞ്ഞ ദിവസം സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോകുകയായിരുന്നു. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അലെ പ്രത്യേക പാര്‍പ്പിടത്തില്‍ താമസിച്ചിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെ കണ്ടു. മറ്റുള്ളവര്‍ പറഞ്ഞ് അവര്‍ അവനെ അറിഞ്ഞിരുന്നതിനാല്‍ അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ ഞങ്ങളില്‍ കനിയണമേ എന്ന് അപേക്ഷിച്ചു. അവന്‍ അവരോടു പറഞ്ഞു: "പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവിന്‍. യേശു പറഞ്ഞതുകേട്ട് അവര്‍ വിശ്വാസത്തോടെ പുറപ്പെട്ടു. അവ് പോകും വഴി കുഷ്ഠമില്ലാത്തവരായി. അതില്‍ ഒരുവന്‍ വന്നു യേശുവിന്‍റെ കാല്ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറയുന്നതു ഞാന്‍ കണ്ടു. അവന്‍ വിജാതീയനായിരുന്നു."
ബെഞ്ചമിന്‍ പറഞ്ഞപ്പോള്‍ ജോസഫ് പറഞ്ഞു: "യേശു ദൈവപുത്രനാണ്. അവനെ സ്വീകരിക്കുന്നവനെ അവനും സ്വീകരിക്കു."
ബെഞ്ചമിന്‍ അപ്പോള്‍ പറഞ്ഞു: "യേശുവിനെ രാജാവാക്കണമെന്നു പലരും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. പീലാത്തോസും യേശുവിനെ യഹൂദരുടെ രാജാവായി മനസ്സുകൊണ്ട് അംഗീകരിച്ചു എന്നാണു കേള്‍ക്കുന്നത്. തന്‍റെ കിരീടം നഷ്ടപ്പെടുമോ എന്നൊരു ഭയം ഹേറോദേസിനും വന്നിട്ടുണ്ടെന്നു കേള്‍ക്കുന്നു."
ജോസഫ് പറഞ്ഞു: "അവന്‍റെ രാജ്യം ഇതല്ല. അവന്‍ സ്വര്‍ഗരാജ്യത്തിലെ അധികാരമുള്ള രാജാവാണ്."
അതു കേട്ടപ്പോള്‍ ബെഞ്ചമിന്‍ പറഞ്ഞു: "അതവന്‍ അവന്‍റെ വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും തെളിയിച്ചു കഴിഞ്ഞു. അതു നമ്മുടെ ദൈവജനത്തില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുമുണ്ട്."
തന്‍റെ മകന്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുള്ളവനായിത്തീര്‍ന്നതറിഞ്ഞു ജോസഫിനു സന്തോഷം തോന്നി. അവന്‍ മരണമില്ലാത്ത രാജാവാണ്. ജോസഫ് സ്വയം മനസ്സില്‍ പറഞ്ഞു.
ജെറുസലേം ദേവാലയത്തിലെത്തിയപ്പോള്‍ ജോസഫ് വണ്ടിയില്‍ നിന്നിറങ്ങി. അവന്‍ അവിടെ വച്ചു ബെഞ്ചമിന്‍റെ കുതിരവണ്ടി മടക്കി അയച്ചു.
അന്നു പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. ശീതകാലം ആരംഭിച്ചു കഴിഞ്ഞിരുന്നു.
യേശു ദേവാലയത്തില്‍ സോളമന്‍റെ മണ്ഡപത്തില്‍ ഉണ്ടായിരുന്നു. അവന്‍ ചുറ്റും കൂടിയ യഹൂദരോടു സ്വയം വെളിപ്പെടുത്തുകയായിരുന്നു. അവന്‍ പറഞ്ഞു: "ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. എന്‍റെ ആടുകള്‍ക്കുണ്ടേി ഞാന്‍ എന്‍റെ ജീവനര്‍പ്പിക്കും. ഈ തൊഴുത്തില്‍പ്പെടാത്ത ആടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കും അങ്ങനെ ഒരാട്ടിന്‍ പറ്റവും ഒരു ഇടയനുമാകും. ഞാനും സ്വര്‍ഗപിതാവും ഒന്നാണ്.
ഈ വാക്കുകള്‍ കേട്ടു യഹൂദരുടെ ഇടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യേശുവിനെ എറിയാന്‍ കല്ലുകളെടുത്തു. അവര്‍ ദേഷ്യത്തോടെ പറഞ്ഞു: "മനുഷ്യനായിരിക്കേ നീ നിന്നെത്തന്നെ ദൈവമാക്കുന്നു. നീ ദൈവദൂഷണം പറയുന്നു."
യേശു ചോദിച്ചു: "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമങ്ങളില്‍ എഴുതപ്പെട്ടിട്ടില്ലേ?"
ദൈവവചനം ആരുടെ അടുത്തേയ്ക്കു വന്നുവോ അവരെ ദൈവം ദൈവങ്ങളെന്നു വിളിച്ചു. അങ്ങനെയെങ്കില്‍ പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേയ്ക്കയച്ച എന്നെ ഞാന്‍ ദൈവപത്രനാണെന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?"
അവന്‍റെ ചോദ്യത്തിനു മുമ്പില്‍ അവരല്പം പതറി. എങ്കിലുമവര്‍ അവനെ ബന്ധിക്കാന്‍ ഗൂ ഢാലോചന നടത്തി.
യേശു ജനങ്ങള്‍ക്കിടയിലൂടെ അവിടെനിന്നും ഇറങ്ങിപ്പോയി. ശിഷ്യന്മാര്‍ അവനോടൊപ്പം ചെ ന്നു. അവന്‍ മരുഭൂമിക്കടുത്തുള്ള എബ്രായിം പട്ടണത്തിലേക്കാണു പോയത്.
ജോസഫും അവനെ അനുഗമിച്ചു. എബ്രായിം പട്ടണത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ജോസഫ് യേശുവിനെ കണ്ടു പറഞ്ഞു: "ഞാന്‍ നമ്മുടെ വീടും സ്ഥലവും വിറ്റു. ഇനി വില്ക്കാതെയുള്ളതു പണിശാല മാത്രം. വീടും സ്ഥലവും വിറ്റു കിട്ടിയ പണം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. നീ ഈ പണം വാങ്ങി ദരിദ്രര്‍ക്കു ദാനം ചെ യ്തുകൊള്ളുക."
"അപ്പന്‍ ചെയ്തത ്ഒരു വലിയ ത്യാഗമാണ്. അമ്മയും ഇതനുവദിച്ചല്ലോ."
"ദൈവം ഞങ്ങള്‍ക്കിതു ചെയ്യാന്‍ ഉള്‍പ്രേരണ നല്കി."
"പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന നിങ്ങള്‍ക്കു പിതാവിന്‍റെ അനുഗ്രഹമുണ്ടാകും" – യേശു പറ ഞ്ഞു.
കൊണ്ടു വന്ന പണമെടുത്തു നീട്ടിക്കാണിച്ചുകൊണ്ടു ജോസഫ് പറഞ്ഞു: "ഇതാ തുക. വാങ്ങിച്ചുകൊള്ളൂ."
"അങ്ങ് ഇതു പത്രോസിനെ ഏല്പിച്ചോളൂ. പത്രോസ് എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഒരു മുഖ്യസഹായിയാണ്; എനിക്കുവേണ്ടി ദേവാലയനികുതി കൊടുത്തതും എനിക്കു താമസിക്കാന്‍ സ്ഥലമൊരുക്കുന്നതും പത്രോസിന്‍റെ നേതൃത്വത്തിലാണ്. പാവങ്ങള്‍ക്കു സഹായം കൊടുക്കാനും ഞാന്‍ പത്രോസിനെ ചുമതലപ്പെടുത്തിയിരിക്കുന്നു."


"ഞാന്‍ തുക പത്രോസിനെ ഏല്പിക്കാം" – ജോസഫ് പറ ഞ്ഞു. അവന്‍ പിന്നീടു തുക പത്രോസിനെ ഏല്പിച്ചു.
ജോസഫ് പിന്നീടു യേശുവിനോടു പറഞ്ഞു: "മോനേ, ഞാനിനി മടങ്ങുകയാണ്. വീട്ടില്‍ അമ്മ തനിച്ചേയുള്ളൂ."
"ശരി. ചെല്ലുമ്പോള്‍ അമ്മയെ എന്‍റെ അന്വേഷണങ്ങള്‍ അറിയിക്കണം" – യേശു പറഞ്ഞു.
"അറിയിക്കാം" – ജോസഫ് അങ്ങനെ പറഞ്ഞുകൊണ്ടു തിരിച്ചു നടന്നു.
യേശുവിനെ കാണാനും രോഗശാന്തി നേടാനും അവന്‍റെ ദിവ്യവചസ്സുകള്‍ ശ്രവിക്കാനുമായി വിവിധ നാടുകളില്‍ നിന്നായി അനേകര്‍ യേശുവിന്‍റെ അടുത്തേയ്ക്കു വന്നുകൊണ്ടിരുന്നു. ജോസഫ് അവര്‍ക്കിടയിലൂടെ നടന്നുപോന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു: "യേശുവിന്‍റെ വചനങ്ങള്‍ കേട്ട് അതനുസരിച്ചു ജീവിക്കുന്നവനു രക്ഷയുണ്ടാകും. അവനൊരിക്കല്‍ പറഞ്ഞു: "ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനേക്കാള്‍ നല്ലതു കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണെന്ന്. അവന്‍ സദ്ഗുരുവാണ്."
മറ്റൊരു മനുഷ്യന്‍ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും ആയിരിക്കണം എന്നാണ് യേശു വിന്‍റെ ഉപദേശം."
അതുകേട്ടു മൂന്നാമതൊരാള്‍ പറഞ്ഞു: "സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാകുകയും ലോകാവസാനം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നുവീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയും മേല്‍ അതു നിപതിക്കും എന്നിങ്ങനെ യേശു പറഞ്ഞു."
ഗലീലിയില്‍നിന്നു വന്ന മറ്റൊരുവന്‍ പറഞ്ഞു: "യേശു മഹാത്ഭുതങ്ങള്‍ ചെയ്യുന്നവനാണ്. മരിച്ചവരെ ഉയര്‍പ്പിക്കുന്നവന്‍. കടലിനു മീതെ നടക്കുന്നവന്‍. അവന്‍ ഗലീലിയാ കടല്‍ത്തീരത്തുവച്ച് അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചു പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ സമൂഹത്തിനു തൃപ്തിയാകുവോളം ഭക്ഷിക്കുന്നതിനു നല്കിയതു ഞാന്‍ നേരില്‍ കാണുകയും ചെയ്തു."
ജോസഫ് അതു കേട്ടു യേശുവിനെ മനസ്സിലോര്‍ത്ത് ആരാധനയോടെ സ്തുതിച്ചു.
ജനക്കൂട്ടത്തില്‍പ്പെട്ട ഒരുവന്‍ ജോസഫിനോടു ചോദിച്ചു: "താങ്കള്‍ യേശുവിനോടു സംസാരിക്കുന്നതു കണ്ടല്ലോ. താങ്കള്‍ക്ക് അവന്‍റെ അനുഗ്രഹം കിട്ടിയോ? താങ്കള്‍ രോഗിയാണോ? സുഖപ്പെട്ടോ?"
എന്ത് ഉത്തരം പറയണമെന്ന ചിന്തയില്‍ ജോസഫ് ഒരു നിമിഷം നിന്നു. യേശു തന്‍റെ മകനാണെന്ന് അഭിമാനത്തോടെ പറഞ്ഞാലോ? നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഞാന്‍ ഒരു രോഗിയോ സഹായമഭ്യര്‍ത്ഥിക്കുന്നവനോ അല്ലെന്നു പറഞ്ഞാലോ? പെട്ടെന്ന് അവന്‍ ആ ചിന്തകളെ ആട്ടിയകറ്റി. അവനോര്‍ത്തു, താന്‍ പൊങ്ങച്ചം പറഞ്ഞു പാപിയാകേണ്ട. താന്‍ വെറും പുറന്തോടു മാത്രമാണ്. യേശുവാണു ഫലത്തിന്‍റെ കാമ്പ്.
ജോസഫ് പറഞ്ഞു: "ഞാന്‍ ആരാധ്യനായ യേശുവിനെ ഒരു നോക്കു കാണുന്നതിനും അവന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം ധനസഹായം ചെയ്യുന്നതിനുംവേണ്ടി വന്ന ഒരു യഹൂദനാണ്. അവന്‍ എന്‍റെ പ്രവൃത്തികള്‍ നല്ലതാണെന്നു കണ്ട് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്."ڔ
അതു കേട്ടപ്പോള്‍ യാഥാസ്ഥിതികനായ ഒരു യഹൂദന്‍ ചോദിച്ചു: "യഹൂദരും സമരിയക്കാരും ശത്രുതയിലാണെന്നു യേശുവിനറിയാം. എന്നിട്ടും നല്ല സമറിയക്കാരന്‍റെ കഥ പറഞ്ഞു യേശു സമരിയക്കാരെ പുകഴ്ത്തി. ഒപ്പം യഹൂദപുരോഹിതരുടെയും ലേവായരുടെയും പ്രവൃത്തികളെ അവന്‍ വിമര്‍ശിച്ച് ആക്ഷേപിച്ചു. എന്നിട്ടും യഹൂദനായ നീ അവനെ സഹായിക്കുന്നുവോ?
"ഇവിടെ യഹൂദനെന്നോ വിജാതിയനെന്നോ തരംതിരിവെന്തിന്? മനുഷ്യന്‍ എന്ന ഒറ്റ കാഴ്ചപ്പാടില്‍ എല്ലാവരെയും വിലയിരുത്തിയാല്‍ പോരേ?" – ജോസഫ് തിരിച്ചു ചോദിച്ചു.
"അപ്പോള്‍ നീയും യേശുവിന്‍റെ ഒരു ആരാധകനാണല്ലേ?" – യഹൂദന്‍ ചോദിച്ചു.
"അതെ" – ജോസഫ് നിസ്സംശയം പറഞ്ഞു. അവന്‍ തുടര്‍ന്നു ചോദിച്ചു: "സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ വന്നവനെ തള്ളിപ്പറയുന്നത് ഒരു യഹൂദനു ചേര്‍ന്ന പ്രവൃത്തിയാണോ? രക്ഷകനെ പ്രതീക്ഷിച്ചു കഴിഞ്ഞവരല്ലേ യഹൂദര്‍? മനുഷ്യരെല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നല്ലേ നമ്മുടെ വിശ്വാസം? സമരിയക്കാര്‍ക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തുകയല്ലേ വേണ്ടത്?"
യഹൂദന് അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.
ജോസഫ് പിന്നീടൊന്നും പറയാതെ ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേയ്ക്കു നടന്നു.
അവന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കുറേ ദേശാടനക്കിളികള്‍ പറ്റം ചേര്‍ന്ന് ആകാശത്തിലൂടെ പറന്നു നീങ്ങുന്നത് കണ്ടു. അവന്‍ കണ്ണുകള്‍ തിരിച്ചു നടപ്പാതയിലേക്കു നോക്കിയപ്പോള്‍ ഒരുപറ്റം മനുഷ്യര്‍ യേശുവിനെ തേടി യേശുവിന്‍റെ സന്നിധിയിലേക്കു വരുന്നത് അവന്‍ കണ്ടു. അവരിലധികവും വിവിധ ദേശങ്ങളില്‍ നിന്നു വരുന്ന ആലംബഹീനരും അഗതികളും ദരിദ്രരും രോഗികളുമാണ്. അവരെ കണ്ടപ്പോള്‍ ജോസഫ് ഓര്‍ത്തു, ആകാശത്തിലൂടെ പറന്നുപോയ ദേശാടനക്കിളികള്‍ അന്തിയുറങ്ങാന്‍ ഒരിടവും ജീവന്‍ നിലനിര്‍ത്താന്‍ ആഹാരവും തേടിയാണു പറന്നകന്നത്. അതുപോലെ മനസ്സിലെ ആകുലതകളകറ്റാന്‍ ആശ്വാസവചസ്സുകളും ഒരു നല്ല ജീവിതം കരുപ്പിടിപ്പിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ഇവരെ യേശുവിന്‍റെ അടുത്തേയ്ക്കു കൊണ്ടുവരുന്നത്.
ജോസഫിന്‍റെ ചിന്ത പിന്നീടു സ്വന്തം ജീവിതത്തെക്കുറിച്ചായി. അവനോര്‍ത്തു: "താനും മറിയവും യേശുവെന്ന പൂമരത്തിന്‍റെ പൂന്തേനും തണലും ലഭിച്ചു ജീവിക്കാനാഗ്രഹിക്കുന്ന രണ്ട് ആകാശപ്പറവകളാണ്. അവനെ കൂടാതെ ഞങ്ങള്‍ക്കൊരു ജീവിതമില്ല.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org