തച്ചനപ്പൻ അധ്യായം 27

തച്ചനപ്പൻ അധ്യായം 27

സെബാസ്റ്റ്യന്‍ തുമ്പോണത്തുമലയില്‍

ഭൂമിയില്‍ സൂര്യവെളിച്ചം വന്നതേ ജോസഫ് ഉണര്‍ന്നു. പുലര്‍കാലത്തുതന്നെ അവന്‍ വീണ്ടും യാത്ര പുറപ്പെട്ടു.
ചാറ്റല്‍മഴ പെയ്യുന്നുണ്ട്, കുളിര്‍കാറ്റ് വീശുന്നുണ്ട്. കാറ്റും മഴയും വകവയ്ക്കാതെ അവന്‍ നടന്നു.
വഴിയരികിലെ പുല്‍മേട്ടില്‍ വിശ്രമിച്ചുകിടന്നിരുന്ന കാലികള്‍ അവന്‍ നടന്നുവരുന്നതു കണ്ട് എഴുന്നേറ്റു വേലിക്കെട്ടിനടുത്തു വന്നുനിന്നു. കുടില്‍മുറ്റങ്ങളിലെ കൂടുകളില്‍ കിടന്നിരുന്ന ആടുകള്‍ തലയുയര്‍ത്തി നോക്കി. മരച്ചില്ലകളില്‍നിന്നു പക്ഷികള്‍ ചിലച്ചു പറന്നു.
സൂര്യവെളിച്ചം തെളിഞ്ഞതേ ഗ്രാമീണര്‍ ഉണര്‍ന്നു ജോലികള്‍ ചെയ്തുതുടങ്ങി.
പണം കടം കിട്ടുമെന്നു കരുതിയ പഴയ സുഹൃത്തിന്‍റെ വീടിനടുത്തെത്തിയപ്പോള്‍ ജോസഫ് അവന്‍റെ വീട്ടിലേക്കു നോക്കി.
വീട് അടഞ്ഞുകിടക്കുകയാണ്.
വീട്ടുകാര്‍ മഴമൂലം കതകടച്ചിരിക്കുകയാകുമെന്നു ജോസഫ് വിചാരിച്ചു. അവന്‍ വീട്ടുകാരെ വിളിച്ചു നോക്കി: "സല്‍മോനെ! സല്‍മോനെ! ആരുമില്ലേ ഇവിടെ?"
വീട്ടില്‍ ആളനക്കമില്ല.
അവന്‍ അടുത്തുള്ള വീട്ടുകാരോടു ചോദിച്ചു: "സല്‍മോനും വീട്ടുകാരും എവിടെപ്പോയി?"
"അവര്‍ ദൂരെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയിരിക്കുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ"- അയല്ക്കാരന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ജോസഫിനു വിഷമം തോന്നി.
"നിങ്ങള്‍ സല്‍മോനെ തിരക്കിയത് എന്തിനായിരുന്നു?" – അയല്ക്കാരന്‍ ചോദിച്ചു.
"സല്‍മോനോടു കുറച്ചു ഷെക്കേല്‍ കടം വാങ്ങാന്‍" – ജോസഫ് പറഞ്ഞു.
"സാല്‍മോന്‍ വരുമ്പോള്‍ നിങ്ങളെപ്പറ്റി ഞാനെന്തെങ്കിലും സല്‍മോനോടു പറയേണ്ടതുണ്ടോ?" – അയല്ക്കാരന്‍ ചോദിച്ചു.
"ഇല്ല" – പ്രതീക്ഷകള്‍ വാടിക്കൊഴിഞ്ഞു വീണ മനസ്സോടെ ജോസഫ് മറുപടി കൊടുത്തു.
സാല്‍മോന്‍റെ അയല്ക്കാരന്‍ ചോദ്യങ്ങളെറിഞ്ഞു: "നിങ്ങളുടെ പേരെന്ത്? വീടെവിടാ?"
"എന്‍റെ പേരു ജോസഫ്. സല്‍മോന്‍ എന്നെ വിളിക്കുന്ന പേരു തച്ചനപ്പന്‍. എന്‍റെ വീടു നസ്രത്തിലാണ്" – ജോസഫ് അറിയിച്ചു.
"നസ്രത്തിലാണോ വീട്. നസ്രത്ത് യേശുവിന്‍റെ വീടിരിക്കുന്ന സ്ഥലമാണല്ലോ. യേശുവിനെ അറിയുമോ?"
"അറിയും" – ജോസഫ് പറഞ്ഞു.
"ഞങ്ങളും അവനെ കണ്ടിട്ടുണ്ട്. മിടുക്കനാണവന്‍. പാലസ്തീന്‍റെ രാജാവ് ആരാകണമെന്ന് ആരെങ്കിലും ഞങ്ങളോടു ചോദിച്ചാല്‍ യേശുവിന്‍റെ പേരേ ഞങ്ങള്‍ പറയൂ. അവന്‍ നിയമവും തത്ത്വശാസ്ത്രവും തര്‍ക്കശാസ്ത്രവും പഠിച്ചവനാണ്. അവന്‍റെ ശിഷ്യന്മാരായ മത്തായിയും യാക്കോബും യോഹന്നാനും നന്നായിട്ട് എഴുതുകയും വായിക്കുകയും ചെയ്യുന്നവരാണ്. പ്രധാനശിഷ്യനായ പത്രോസ് പ്രസംഗിക്കുന്നവനുമാ"- അയല്ക്കാരന്‍ പറഞ്ഞു.
"യേശുവിനു കൃഷിയെക്കുറിച്ചും ഇടയവേലയെക്കുറിച്ചും തച്ചുപണിയെക്കുറിച്ചും നല്ല അറിവുണ്ട്. അവയെക്കുറിച്ചുള്ള ഉപമകള്‍ പറഞ്ഞാണവന്‍ ജനങ്ങളെ സ്വര്‍ഗരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നത്" – അയല്ക്കാരന്‍റെ പിതാവ് അറിയിച്ചു.
"യേശുവിന്‍റെ കീര്‍ത്തി പാലസ്തീനായിലും സിറിയായിലും സമീപപ്രദേശങ്ങളിലും നിറഞ്ഞുനില്ക്കുന്നു. വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിക്കുന്നുണ്ട്. ശാന്തശീലര്‍ ഭൂമി അവകാശമാക്കുമെന്നും ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണുമെന്നും നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ സ്വര്‍ഗരാജ്യം കരസ്ഥമാക്കുമെന്നുമാണ് അവന്‍ പഠിപ്പിക്കുന്നത്" – അയല്‍ക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
വൃദ്ധന്‍ അകത്തു പോയി ഒരു തുവര്‍ത്ത് എടുത്തുകൊണ്ടു വന്നു ജോസഫിനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: "ജോസഫ് തല തുവര്‍ത്ത്; കയറിയിരിക്കൂ."
ജോസഫ് തോര്‍ത്തു വാങ്ങിയില്ല; തല തുവര്‍ത്തിയില്ല. അവന്‍ പറഞ്ഞു: "ഇരിക്കുന്നില്ല; പോകണം."
"മഴയാണല്ലോ"- വീട്ടുകാരന്‍ ഓര്‍മിപ്പിച്ചു.
"സാരമില്ല. പോകാന്‍ ധൃതിയുണ്ട്. ദൈവം സഹായിച്ചാല്‍ നമുക്കെന്നെങ്കിലും തമ്മില്‍ കാണാം" – ജോസഫ് നടന്നു.
നടക്കുന്നതിനിടയില്‍ അവനോര്‍ത്തു: താന്‍ യേശുവിന്‍റെ ആരാണെന്നവരോടു പറഞ്ഞില്ല. അതുകൊണ്ട് അവര്‍ അറിഞ്ഞില്ല. എന്നാല്‍ യേശുവിനെ അവര്‍ അറിഞ്ഞിരിക്കുന്നു. അവര്‍ തന്‍റെ മകനെ അറിഞ്ഞതില്‍ തനിക്കു സന്തോഷമുണ്ട്.
യേശുവിനെ വളര്‍ത്താന്‍ ദൈവം തന്നെ നിയോഗിച്ചു. താനതു നിര്‍വഹിച്ചു കഴിഞ്ഞു. അവനിപ്പോള്‍ വളര്‍ന്നു ജനതകളുടെ നായകനായിരിക്കുന്നു. ഇനി തനിക്കു വിശ്രമിക്കാം.
അവന്‍ പൂര്‍വപിതാവായിരുന്ന ദാവീദിനെക്കുറിച്ച് ഓര്‍ത്തു: ദാവീദ് രാജഭരണമേല്ക്കുമ്പോള്‍ അവന് മുപ്പതു വയസ്സ് പ്രായമായിരുന്നു. അവന്‍ നാല്പതു വര്‍ഷം രാജ്യം ഭരിച്ചു. ഹെബ്രോണില്‍ യൂദയായെ ഏഴു വര്‍ഷവും ആറു മാസവും അവന്‍ ഭരിച്ചു. ജെറുസലേമില്‍ ഇസ്രായേലിനെയും യൂദയായെയും മുപ്പത്തിമൂന്നു വര്‍ഷവും.
ദാവീദിന്‍റെ വംശത്തില്‍ പിറന്ന തന്‍റെ മകനായ യേശുവിനിപ്പോള്‍ മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞിരിക്കുന്നു. ഇസ്രായേലും യൂദയായുമടങ്ങിയ പാലസ്തീന്‍ രാജ്യത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ ഇന്നു രാജാവായി സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. ജോസഫ് ചിന്തകളില്‍ ലയിച്ചു നടന്നതിനാല്‍ സമയം പോയതറിഞ്ഞില്ല.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.
വളരെ ദൂരം നടന്നതിനാല്‍ അവന്‍റെ കാലുകള്‍ക്കു വേദനയായി. ജോസഫി നു നല്ല ക്ഷീണം തോന്നി. ഇനി എവിടെയങ്കിലും ഒന്നു വിശ്രമിക്കണം. ഇനിയും മുന്നോട്ടു നടക്കാന്‍ വയ്യ. ഇനി അധികം നടന്നാല്‍ തളര്‍ന്നു വീഴും; ജോസഫ് ഓര്‍ത്തു.
അവന്‍ അടുത്തു കണ്ട വീടിന്‍റെ മുന്‍വശത്തുനിന്നു വീട്ടുകാരെ വിളിച്ചു: "വീട്ടുകാരെ!"
മറുപടിയില്ല. വീടിന്‍റെ കതടച്ചിരിക്കുകയാണ്. മുന്‍വശത്ത് ആരെയും കാണാനില്ല. സാല്‍മോനെപ്പോലെ ഇവരും വല്ല യാത്ര പോയതായിരിക്കുമോ? അതോ മഴമൂലം കതകടച്ചിരിക്കുന്നതോ?
മഴ ഇപ്പോഴും പെയ്യുന്നുണ്ട്. മഴ നനഞ്ഞു ശരീരം വിറച്ചു തുടങ്ങി.
മഴ നനയാതിരിക്കാന്‍ ഇനി എവിടെയെങ്കിലും ഒരിടം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ഏതെങ്കിലും ഒരടുപ്പിലെ തീയ്ക്കരികില്‍ കുറച്ചു സമയം തീ കായാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തണുപ്പകറ്റാമായിരുന്നു.
ഭക്ഷണം കഴിച്ചിട്ട് ഇപ്പോള്‍ നേരത്തോടു നേരമായിരിക്കുന്നു. എന്നിട്ടും വിശപ്പു തോന്നുന്നില്ല.
വിളിച്ചിട്ട് ആരും വിളി കേള്‍ക്കുന്നില്ലല്ലോ. ഏതായാലും ഒന്നു കയറിനോക്കാം.
ജോസഫ് മുറ്റത്തു കയറി വീടിനു ചുറ്റും നടന്നു നോക്കി. ആരെയും കാണാനില്ല.
കതകില്‍ മുട്ടി വിളിച്ചു നോക്കാം. ആരെങ്കിലും ഉണ്ടെങ്കില്‍ ഇറങ്ങിവരട്ടെ.
അവന്‍ പ്രതീക്ഷയോടെ കതകില്‍ മുട്ടിവിളിച്ചു: "വീട്ടുകാരേ!"
"ആരാ? " അകത്തുനിന്നു ചോദിച്ചുകൊണ്ടു വീട്ടുടമ കതകു തുറന്നു പുറത്തേയ്ക്കു നോക്കി. ജോസഫിനെ കണ്ട് അയാള്‍ തുടര്‍ന്നു: "ആളെ എനിക്കു മനസ്സിലായില്ല."
ജോസഫ് പറഞ്ഞു: "ഞാന്‍ നസ്രത്തിലേക്കുള്ള ഒരു യാത്രക്കാരനാണ്. യാത്രയ്ക്കിടയില്‍ കുറച്ചു മഴ നനയേണ്ടി വന്നു. ഇപ്പോള്‍ ഞാനാകെ ക്ഷീണിതനാണ്. എനിക്കു വിശ്രമിക്കാന്‍ ഒരിടം വേണം"
വീട്ടുടമ പറഞ്ഞു: "താന്‍ വീടിനു പുറത്തു ചുറ്റിപ്പറ്റി നടക്കുന്നതു ഞാന്‍ ജനലിലൂടെ കണ്ടിരുന്നു. നീ എന്തോ കള്ളലക്ഷ്യം വച്ചു വന്നതാ."
"അല്ല. മഴ നനഞ്ഞതുകൊണ്ടു നനയാതെ കയറിയിരിക്കാന്‍ ഒരു സ്ഥലം തരണമെന്ന് അപേക്ഷിക്കാന്‍ കയറി വന്നതാണ്" – ജോസഫ് നിസ്സഹായതയോടെ പ റഞ്ഞു.
"നീ ഇതിപ്പോള്‍ ആളെ കണ്ടതുകൊണ്ടു പറയുന്നതാ. നിനക്കെന്തോ കള്ള ലക്ഷ്യമുണ്ടായിരുന്നു. ആളില്ലെന്നു കരുതി നീ അതാ കതകില്‍ തള്ളിയത്" – വീട്ടുടമ പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.
"നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ? അനാവശ്യം പറയണമോ? ഞാനിവിടെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നല്ലേ നിങ്ങളിപ്പോള്‍ പറഞ്ഞുവരുന്നത്?" – ജോസഫ് ദുഃഖത്തോടെ ചോദിച്ചു.
ജോസഫ് അങ്ങനെ പറഞ്ഞുകൊണ്ടുനില്ക്കെ ഒരു സ്ഥലവാസി അതുവഴി വന്നു. അയാള്‍ വീട്ടുടമയോടു തിരക്കി: "ഇയാള്‍ എന്താ പറയുന്നത്?"
"ഈ മനുഷ്യനു വിശ്രമിക്കാന്‍ ഒരിടം നല്കണമെന്ന്."
"ചിലര്‍ വീടും നാടും വിട്ട് ഇങ്ങനെ ഊരുചുറ്റി നടക്കും. പാലസ്തീനായില്‍ ഇപ്പോള്‍ തെണ്ടികളുടെ വിളയാട്ടമാ. ഇവന്മാര്‍ സൗകര്യം കിട്ടിയാല്‍ കൊള്ളയും പിടിച്ചുപറിയും കൊലപാതകവും നടത്തും. സൂക്ഷിച്ചോ" – സ്ഥലവാസി ഓര്‍മിപ്പിച്ചു.
ജോസഫ് പറഞ്ഞു: "സഹായം ചോദിക്കുന്നവരെല്ലാം ഒരേ തരക്കാരകണമെന്നില്ല."
"ഞങ്ങള്‍ക്കു തന്‍റെ തത്ത്വപ്രസംഗമൊന്നും കേള്‍ ക്കേണ്ട. വരുന്നവനെയൊക്കെ സഹായിക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ക്ക് അതിനെ സമയം കാണൂ. അതുകൊണ്ടു നിങ്ങള്‍ സ്ഥലം വിട്ടോളൂ" – വീട്ടുടമ കരുണയില്ലാതെ പറഞ്ഞു.
ജോസഫ് നിരാശയോടും ദുഃഖത്തോടുംകൂടി അവിടെ നിന്നു നടന്നു. അവന്‍ ക്ഷീണംകൊണ്ട് അടുത്തു കണ്ട ഒരു പാറയില്‍ കയറിയിരുന്നു.
"എടോ! എടോ! അവിടെയെങ്ങും ഇരിക്കരുത്. എഴുന്നേറ്റു പൊയ്ക്കോ" – അയല്‍വാസി ആജ്ഞാപിച്ചു.
"സഹോദരാ! എനിക്കിനി ഒരടി നടക്കാന്‍ വയ്യ"- ജോസഫ് തളര്‍ച്ചയോടെ പറഞ്ഞു.
അപ്പോള്‍ ഒരു കുതിരവണ്ടി അവിടേക്കു വന്നു. വണ്ടിക്കാരന്‍ ജോസഫിനെ കണ്ടു വണ്ടി നിര്‍ത്തി.
വീട്ടുടമ കുതിരവണ്ടിയിലിരിക്കുന്ന ആളെ കണ്ട് ആദരവോടെ പുറത്തേയ്ക്കിറങ്ങി വന്നു. അയല്‍വാസി ഭവ്യത നടിച്ചുനിന്നു.
സ്ഥലവാസി ജോസഫിനെ ശാസിച്ചു: "എടോ! എഴുന്നേല്ക്ക്. ഇത് അരിമത്തിയക്കാരന്‍ ജോസഫാ; വലിയ പ്രഭുകുമാരന്‍. ഗവര്‍ണറായ പീലാത്തോസിന്‍റെ സുഹൃത്ത്."
ജോസഫ് തലയുയര്‍ത്തി നോക്കി. കുതിരവണ്ടിയില്‍ ഒരു ചെറുപ്പക്കാരന്‍.
ചെറുപ്പക്കാരന്‍ വണ്ടിയില്‍ നിന്നിറങ്ങി. അവന്‍ വിനയത്തോടെ ജോസഫിന്‍റെ അടുത്തേയ്ക്കു വന്ന് ആദരവോടെ തിരക്കി: "അങ്ങ് എന്തിനാണിവിടെ ഇരിക്കുന്നത്? അങ്ങേയ്ക്ക് എന്തു പറ്റി?"
"എനിക്കു ഗലീലിയാ വരെ പോകണമായിരുന്നു. നടക്കാന്‍ പറ്റുന്നില്ല. ആകെ ക്ഷീണം. ഇന്നു മഴ നനയാതെ കുറച്ചു സമയം എവിടെയെങ്കിലും വിശ്രമിക്കണമായിരുന്നു."
"അക്കാര്യത്തിന് എന്തെങ്കിലും പോംവഴിയുണ്ടാക്കാം; അങ്ങ് എഴുന്നേല്ക്കൂ."


യുവാവു കൈനീട്ടി ജോസഫിനെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചു. അവന്‍ പറഞ്ഞു: "അങ്ങേയ്ക്കു നല്ല പനിയുണ്ട്. ഞാനങ്ങയെ അങ്ങയുടെ വീട്ടില്‍ കൊണ്ടുപോയി ആക്കാം. എന്‍റെ വണ്ടിയില്‍ നമുക്കു പോകാം."
പ്രഭുകുമാരന്‍ ജോസഫിന്‍റെ കാര്യത്തില്‍ താത്പര്യപ്പെട്ടു പ്രവര്‍ത്തിക്കുന്നതു കണ്ടു വീട്ടുടമ തിരക്കി: "അങ്ങു സമരിയായിലെ പ്രഭുകുമാരനായ അരമത്തിയക്കാരന്‍ ജോസഫല്ലേ? അങ്ങ് ഏകാന്തപഥികനായ ഈ മനുഷ്യനെ അറിയുമോ?"
പ്രഭുകുമാരന്‍ പറഞ്ഞു: "നിങ്ങളുടെ ഊഹം ശരിയാണ്. ഞാന്‍ അരിമത്തിയക്കാരന്‍ ജോസഫാണ്. ഇതു നസ്രായനായ ജോസഫ്."
വീട്ടുടമ വീണ്ടും തിരക്കി: "അങ്ങേയ്ക്കു നസ്രത്തിലും പരിചയക്കാരുണ്ടോ?"
"ഉണ്ട്. ഞാന്‍ നസ്രായനായ യേശുവിനെ ഗുരുവായി സ്വീകരിച്ചിരിക്കുന്നവനാണ്. ഇദ്ദേഹം ആ യേശുവിന്‍റെ പിതാവാണ്."
"ആര്? ജനം രാജാവായി വാഴിക്കാന്‍ ആഗ്രഹിക്കുന്ന യേശുവിനെക്കുറിച്ചാണോ പറഞ്ഞത്? ഇദ്ദേഹം യേശുവിന്‍റെ പിതാവാണോ!?"
"അതെ. ഞാന്‍ രണ്ടു വര്‍ഷംമുമ്പു ജോര്‍ദ്ദാന്‍ നദിക്കരയില്‍ നില്ക്കുമ്പോള്‍ ബെത്സെയ്ദക്കാരനായ പീലിപ്പോസ് നഥാനിയേലിനെ കണ്ടു പറയുന്നതു ഞാന്‍ കേട്ടു. മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്‍റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞാന്‍ കണ്ടു എന്ന്. അന്നു ഞാന്‍ തീരുമാനിച്ചതാ യേശുവിന്‍റെ പിതാവായ ജോസഫിനെ കാണണമെന്ന്. യേശുവിന്‍റെ ശിഷ്യനായ ബെത്സെയ്ദയില്‍ നിന്നുള്ള ശിമയോന്‍ പത്രോസിനോടു ചോദിച്ചറിഞ്ഞു ഞാന്‍ ഈ പിതാവിനെ കണ്ടെത്തി."
അരമത്തിയക്കാരന്‍ ജോസഫ് പറയുന്നതു കേട്ടു വീട്ടുടമയും അയാളുടെ സുഹൃത്തും അത്ഭുതപ്പെട്ടു നിന്നു.
"വരൂ പിതാവേ! നമുക്കു പോകാം" – യുവാവ് ജോസഫിന്‍റെ കൈ പിടിച്ചു.
ജോസഫ് എഴുന്നേറ്റ് അവന്‍റെ സഹായത്താല്‍ നടന്നു.
അരിമത്തിയക്കാരന്‍ ജോസഫ്, ജോസഫ് പിതാവിനെ വണ്ടിയില്‍ കയറ്റി വീണ്ടും യാത്ര തുടര്‍ന്നു.
ശീതകാലം തുടങ്ങിയതിനാല്‍ തണുപ്പു വര്‍ദ്ധിച്ചിരുന്നു. ജോസഫ് കുളിരു കാരണം മൂടിപ്പുതച്ചിരുന്നു. ജോസഫിനെ വഹിച്ചുള്ള വണ്ടി മുന്തിരിപ്പാടങ്ങളുടെ ഓരംചേര്‍ന്നുള്ള ഗ്രാമപാതകളിലൂടെ നീങ്ങി.
മുന്തിരിത്തോട്ടങ്ങളില്‍ വിളവെടുപ്പു തുടങ്ങിയിരുന്നു. പന്തലുകളില്‍ വിളഞ്ഞു കിടന്നിരുന്ന മുന്തിരിക്കുലകള്‍ പറിച്ചു കുട്ടകളില്‍ ശേഖരിക്കുന്നവരും പറിച്ചെടുത്ത മുന്തിരിപ്പഴങ്ങള്‍ ചക്കുകളിലിട്ടാട്ടി നീരെടുത്തു വീഞ്ഞു ഭരണികളില്‍ നിറയ്ക്കുന്നവരും ഉത്സാഹിച്ചു പണിയെടുക്കുന്നതവന്‍ കണ്ടു. ഒട്ടകങ്ങളില്‍ വന്ന വീഞ്ഞു വ്യാപാരികള്‍ കര്‍ഷകരുമായി വിലപേശി മുന്തിച്ചാറും മുന്തിരിപ്പഴങ്ങളും വാങ്ങിക്കുന്നതും ജോസഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വയലിലെ ആ കാഴ്ചകള്‍ നോക്കിയിരിക്കേ തന്‍റെ ഈ ലോകജീവിതം അവസാനിക്കാറായെന്നും ദൈവം തന്നിലെ നന്മതിന്മകളുടെ വിളവെടുപ്പു നടത്താനുള്ള സമയമടുത്തെന്നും ജോസഫ് പിതാവു വിചാരിച്ചു.
പ്രഭുകുമാരന്‍ ജോസഫ് പിതാവിനെ തന്‍റെ ഭവനത്തിലേക്കാണ് ആദ്യം കൊണ്ടുപോയത്. വലിയതും മൊസൈക്കിട്ടു മോടി കൂട്ടിയതും മനോഹരമായി പണിതതുമായ ഒരു വീടിന്‍റെ മുറ്റത്തു വണ്ടി കൊണ്ടുവന്നു നിര്‍ത്തിക്കൊണ്ടു പ്രഭുകുമാരന്‍ പറഞ്ഞു:
"ഇത് എന്‍റെ വീടാണ്. അങ്ങേയ്ക്ക് ഇവിടെ വിശ്രമിക്കാം. അങ്ങയുടെ യാത്ര ഇനി രണ്ടു ദിവസം കഴിഞ്ഞിട്ടാകാം."
യുവാവിന്‍റെ സ്നേഹോഷ്മളമായ ആ നിര്‍ദ്ദേശം കേട്ടപ്പോള്‍ ജോസഫ് പിതാവ് പറഞ്ഞു:
"എന്നെ കാത്തു നസ്രത്തില്‍ വഴിക്കണ്ണുകളുമായി ഒരാള്‍ ഇരിപ്പുണ്ട്. എന്‍റെ ഭാര്യ മറിയം. എനിക്ക് എത്രയും പെട്ടെന്ന് അവരുടെ അടുത്തെത്തണം."ڔ
"ഇന്നുതന്നെ പോകണമെന്നു നിര്‍ബന്ധമാണോ?" – യുവാവു ചോദിച്ചു.
ജോസഫ് പിതാവു പറഞ്ഞു: "അതെ."
"എന്നാല്‍ ഞാനങ്ങയെ വീട്ടില്‍ കൊണ്ടുചെന്നാക്കാം"ڔ- യുവാവ് കാരുണ്യത്തോടെ പറഞ്ഞു.
ഇനിയും ചെറുപ്പക്കാരനെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു വിചാരിച്ചു ജോസഫ് പിതാവു വിലക്കി: "വേണ്ട. ഞാന്‍ തനിച്ചു പൊയ്ക്കൊള്ളാം എന്‍റെ തളര്‍ച്ച മാറിയിരിക്കുന്നു. ഞാനവിടെ ഇരുന്നതു തല കറങ്ങിയിട്ടാണ്. ഇപ്പോള്‍ അതൊക്കെ മാറി."
"അങ്ങനെയെങ്കില്‍ ഇവിടെ അല്പം വിശ്രമിച്ചിട്ടു പോയാല്‍ മതി. വരൂ." പ്രഭുകുമാരന്‍ ജോസഫ് പി താവിനെ വിശ്രമമുറിയിലേക്കു ക്ഷണിച്ചു.
ജോസഫ്പിതാവ് അവന്‍റെ ആ തിഥ്യം സ്വീകരിച്ചു.
ജോസഫ്പിതാവിന് അവര്‍ മാറിയുടുക്കാന്‍ വസ്ത്രം നല്കി. ശരീരം തോര്‍ത്താന്‍ തോര്‍ത്തും.
ജോസഫ് പിതാവ് അവര്‍ നല്കിയ വസ്ത്രം മാറിയണിഞ്ഞു. അദ്ദേഹം തോര്‍ത്തുകൊണ്ടു ശരീ രം തോര്‍ത്തിയുണക്കി.
ജോസഫ് തന്‍റെ വസ്ത്രങ്ങള്‍ പിഴിഞ്ഞെടുത്തു വീട്ടുകാര്‍ കാണിച്ച തീയടുപ്പിനടുത്ത് ഉണങ്ങാനിട്ടു.
യുവാവ് ജോസഫിനു പനിക്കു മരുന്നു നല്കി. യുവാവിന്‍റെ പിതാവു ജോസഫിനു ചൂടുചായ കൊണ്ടുവന്നു നല്കി. അവന്‍റെ അമ്മ ജോസഫിനു കായാന്‍ നെരിപ്പോടില്‍ തീ കത്തിച്ചുകൊണ്ടു വന്നു ജോസഫിന്‍റെ സമീപം വച്ചു.
ജോസഫ് പിതാവ് ആ കുടുംബാംഗങ്ങളുടെ കുലീനത്വം തിരിച്ചറിഞ്ഞു.
അവന്‍ വീട്ടുകാര്‍ നല്കിയ ചായ കുടിച്ചിരിക്കുമ്പോള്‍ അരിമത്തിയക്കാരന്‍ ജോസഫ് പറഞ്ഞു:
"റോമന്‍ ഗവര്‍ണറായ പീലാത്തോസിന്‍റെ ഭാര്യ ക്ലാഡിയ യേശുവിന്‍റെ ആരാധകയാണ്. ഹേറോദേസിന്‍റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തികസഹായം നല്കി അവനെ സഹായിക്കുന്നുണ്ട്. രക്ഷകനായ യേശുവിനെ യഹൂദര്‍ മാത്രമല്ല വിജാതിയരും ഇന്ന് ആരാധിക്കുന്നുണ്ട്."
യുവാവ് അതു പറഞ്ഞുപ്പോള്‍ ജോസഫ് അഭിമാനത്തോടെ ഓര്‍ത്തു. യേശു കുഞ്ഞായിരിക്കുമ്പോള്‍ തനിക്കവനെ എടുത്തുകൊണ്ടു നടക്കാനും താലോലിക്കാനും കൈപിടിച്ചു നടത്താനും ഭാഗ്യം കിട്ടിയല്ലോ. അവന്‍ മുപ്പതു വര്‍ഷക്കാലം തന്‍റെയും മറിയത്തിന്‍റെയും നിര്‍ദ്ദേശങ്ങളനുസരിച്ചു തങ്ങള്‍ക്കു കീഴ്വഴങ്ങി തന്‍റെ ഭവനത്തില്‍ വസിച്ചവനാണല്ലോ. അവനിന്നു സമാധാനത്തിന്‍റെ രാജാവായി വളര്‍ന്നിരിക്കുന്നു!
ജോസഫ് തന്‍റെ വസ്ത്രങ്ങള്‍ ഉണങ്ങിയപ്പോള്‍ അവയെടുത്തു ധരിച്ചു. അവന്‍ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ എനിക്കു നല്കിയ സഹായത്തിനു നന്ദി. ഞാനിനി നസ്രത്തിലേക്കു പോകുകയാണ്."
"ഞാന്‍ അങ്ങയെ കൊണ്ടുവിടാം" – യുവാവ് പറഞ്ഞു.
"വേണ്ട; ഞാന്‍ നടന്നു പൊയ്ക്കൊള്ളാം" – ജോസഫ് അവരെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി പറഞ്ഞു.
"ഈ പനിയും പിടിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങയെ ഒറ്റയ്ക്കു വിടില്ല" – യുവാവ് പറഞ്ഞു.
"മോന്‍ ഇദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയി വിട്" – യുവാവിന്‍റെ പിതാവ് നിര്‍ദ്ദേശിച്ചു.
ജോസഫിനു സന്തോഷമായി. അവന്‍ വീട്ടുകാരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ."
ജോസഫ് അന്ന് അരിമത്തിയായില്‍ നിന്ന് ഉടനെതന്നെ മടങ്ങി. നസ്രത്തിലേക്കുള്ള യാത്ര ഒട്ടകവണ്ടിയിലായിരുന്നു. പ്രഭുകുമാരനും അവനോടൊപ്പം വന്നു. ഒട്ടകത്തെ തെളിക്കാന്‍ പ്രഭുകുമാരന്‍ ഒരു ഭൃത്യനെയും കൂടെ കൂട്ടിയിരുന്നു.
ഒട്ടകവണ്ടിയിലിരിക്കുമ്പോള്‍ ജോസഫ് പ്രഭുകുമാരന്‍ തനിക്കു നല്കിയ പരിചരണങ്ങളെക്കുറിച്ചോര്‍ത്തു: എത്ര നല്ല സ്വഭാവമുള്ള യുവാവ് ഇവന്‍ ഇവന്‍റെ ഭവനത്തിലിരുത്തി തനിക്കു മരുന്നും ഭക്ഷണവും നല്കി. ഇവന്‍ പിന്നീടു തനിക്കു യാത്രയ്ക്കായി വണ്ടിയൊരുക്കി തന്നു. ഈ യാത്രയ്ക്കിടയില്‍ തണുപ്പടിക്കാതിരിക്കാന്‍ മൂടിപ്പുതയ്ക്കുന്നതിനു കമ്പിളിപ്പുതപ്പു നല്കിയിരിക്കുന്നു. തനിക്കു തന്‍റെ വീട്ടിലെത്താനും ഇവന്‍ സഹായിക്കുന്നു.
പണവും സുഖസൗകര്യങ്ങളും ധാരാളമുള്ള ഈ യുവാവിനെ നല്ലവനാക്കിത്തീര്‍ത്ത ഘടകമെന്ത്? ഇവന്‍റെ മാതാപിതാക്കള്‍ ഇവനു നല്കിയ മാതൃകകളും സാരോപദേശങ്ങളുംതന്നെ.
ജോസഫ് ഇങ്ങനെ ഓരോന്നോര്‍ത്തും യുവാവിനോടു സംസാരിച്ചും യാത്ര ചെയ്തു സമരിയ പിന്നിട്ടു. ഗലീലിയിലെ യാത്രയ്ക്കിടയില്‍ വണ്ടിയുടെ കുലുക്കവും ക്ഷീണവുംകൊണ്ടവന്‍ വണ്ടിയില്‍ ചാരിയിരുന്നുറങ്ങി.
അരിമത്തിയക്കാരന്‍ ജോസഫ് അവനെ ഉണര്‍ത്താതെ നാട്ടുകാരോടു വഴിതിരക്കി വണ്ടി ജോസഫിന്‍റെ പണിശാലയിലെത്തിച്ചു.
ഒട്ടകവണ്ടി ജോസഫിന്‍റെ പണി ശാലയുടെ മുറ്റത്തെത്തിയപ്പോള്‍ മറിയം പണിശാലയില്‍നിന്നു പുറത്തേയ്ക്കു നോക്കി. വണ്ടിക്കുള്ളില്‍ മൂടിപ്പുതച്ചു തളര്‍ന്നു ചാരിയിരിക്കുന്ന ജോസഫിനെ കണ്ടു മറിയം പരിഭ്രമിച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org