തച്ചനപ്പൻ അധ്യായം 28

തച്ചനപ്പൻ അധ്യായം 28

സെബാസ്റ്റ്യന്‍ തുമ്പോണത്തുമലയില്‍

അരിമത്തിയക്കാരന്‍ ജോസഫ് ഒട്ടകവണ്ടിയില്‍നിന്നു താഴെയിറങ്ങി.
മറിയം പുറത്തേയ്ക്കിറങ്ങി വന്നു. ജോസഫിന് എന്തു പറ്റിയെന്ന ആകുലചിന്ത അവളുടെ മുഖത്തു നിഴലിച്ചിരുന്നു.
അരിമത്തിയക്കാരന്‍ ജോസഫ് മറിയത്തിന്‍റെ വ്യസനം കണ്ട് ആശ്വസിപ്പിച്ചു: "കുഴപ്പമൊന്നുമില്ല. പിതാവിന് ഒരു ചെറിയ പനി. മഴ നനഞ്ഞതുകൊണ്ടാകാം" – ജോസഫ് പിതാവിനെ പതുക്കെ തട്ടിവിളിച്ചു: "പിതാവേ, എഴുന്നേല്ക്കൂ."
ജോസഫ് പിതാവു സാവധാനം കണ്ണുകള്‍ തുറന്നു പുറത്തേയ്ക്കു നോക്കി.
താനിതാ സ്വന്തം ഭവനാങ്കണത്തില്‍ എത്തിയിരിക്കുന്നു! മുറ്റത്തിതാ പരിഭ്രമിച്ചുനില്ക്കുന്ന മറിയം.
മറിയത്തിന്‍റെ പരിഭ്രമം കണ്ടു ജോസഫ് ശക്തി സംഭവരിച്ച് എഴുന്നേല്ക്കാന്‍ ശ്രമിച്ചു. അവനു ക്ഷീണംകൊണ്ട് എഴുന്നേല്ക്കാന്‍ കഴിഞ്ഞില്ല. എഴുന്നേറ്റാല്‍ വീഴുമെന്ന് അവന്‍ ഭയന്നു.
യുവാവു കൈനീട്ടി ജോസഫിനെ താങ്ങിപ്പിടിച്ച് എഴുന്നേല്ക്കാന്‍ സഹായിച്ചു: "നിങ്ങള്‍ക്ക് എന്തു പറ്റി?" – മറിയം തിരക്കി.
"ഒന്നുമില്ല" – അവന്‍ മറിയത്തെ ആശ്വസപ്പിക്കാനായി പറഞ്ഞു.
"എന്നിട്ടാണോ ഇങ്ങനെ ഇരിക്കുന്നത്?"- മറിയം കൈ നീട്ടി ജോസഫിന്‍റെ കൈപിടിച്ചുകൊണ്ടു ചോദിച്ചു.
ജോസഫ് സാവകാശം എഴുന്നേറ്റു. അവന്‍ മറിയത്തിന്‍റെയും യുവാവിന്‍റെയും കൈകളില്‍ പിടിച്ചുകൊണ്ടു വണ്ടിയില്‍ നിന്നിറങ്ങി.
"എനിക്കൊന്നു കിടക്കണം" – ജോസഫ് തളര്‍ച്ചയോടെ പറഞ്ഞു.
"മുറിക്കുള്ളില്‍ പോയി കിടക്കാം" – മറിയം പറഞ്ഞു.
ജോസഫ് നിശ്ശബ്ദനായി അനുസരിച്ചു.
മറിയം അവന്‍റെ കൈപിടിച്ചു നടത്തി.
മുറിയിലെത്തിയപ്പോള്‍ അവള്‍ പായവിരിച്ചു നല്കി. അവന്‍ പായയില്‍ കിടന്നു.
മറിയം ജോസഫിനോടൊപ്പം വന്ന യുവാവിനോടു തിരക്കി: "മോനേ, മോന്‍ ജോസഫ്പിതാവിനെ എവിടെവച്ചാണു കണ്ടുമുട്ടിയത്?"
"സമരിയായുടെ അതിര്‍ത്തിയില്‍വച്ച്" – യുവാവു പറഞ്ഞു.
"ഈ ജോസഫ് പിതാവിനെ ഇവിടെ കൊണ്ടുവന്നാക്കിയ മോനെ ദൈവം അനുഗ്രഹിക്കും" – മറിയം അവനെ അനുഗ്രഹിച്ചു.
"അമ്മേ! യേശു ജെറുസലേമിലേക്കു വരുമെന്നു കേട്ടു. ഞാന്‍ ചെന്നു യേശുവിനെ വിവരം അറിയിക്കാം" – യുവാവു സഹായസന്നദ്ധത അറിയിച്ചു.
"യേശുവിനെ എനിക്കു കാണണം" – ജോസഫ് പറഞ്ഞു.
"ഞാന്‍ ചെന്നു യേശുവിനെ കൂട്ടിക്കൊണ്ടുവരാം" – ചെറുപ്പക്കാരന്‍ അവര്‍ക്കു വാഗ്ദാനം കൊടുത്തു.
അമ്മയ്ക്കു സന്തോഷമായി. അവള്‍ സ്നേഹപൂര്‍വം തിരക്കി: "മോന്‍റെ പേരെന്താണ്?"
"ജോസഫ്."
മറിയം അതു കേട്ടപ്പോള്‍ അതിരറ്റ സന്തോഷത്തോടെ പറഞ്ഞു: "ഈ ജോസഫ് പിതാവിന്‍റെ പേരുതന്നെ. പൂര്‍വപിതാവായ ജോസഫിനെപ്പോലെ മോനും വിഷമിക്കുന്നവരെ സഹായിക്കുന്നവനാണല്ലോ."
യുവാവു പുഞ്ചിരിച്ചു.
അമ്മ പറഞ്ഞു: "മോന്‍ യേശുവിനെ ചെന്നു കാണുമ്പോള്‍ അമ്മ യേശുവിനോട് ഉടന്‍ വരാന്‍ പറഞ്ഞെന്നു പറയണം."
"പറയാം."
യുവാവു യാത്ര പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ മറിയം പറഞ്ഞു: "നില്ക്കൂ."
അവള്‍ വേഗം ഒരു സഞ്ചി തുറന്നു മൂന്നു ദനാറ എടുത്തു യുവാവിന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: "ഇവിടെ ഇപ്പോള്‍ മൂന്നു ദനാറയേ കിടപ്പുള്ളൂ. ഇവ എടുത്തുകൊള്ളൂ. ബാക്കി വണ്ടിക്കൂലി ഞങ്ങള്‍ പിന്നിടൂ തരാം."
"എനിക്കു ദനാറ വേണ്ട. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈ മകനെകൂടി ഓര്‍ക്കുക; അതുമതി."
"അതു ചെയ്യാം. ഇപ്പോള്‍ ഇതു വാങ്ങൂ" – മറിയം നിര്‍ബന്ധിച്ചു.
"വേണ്ടമ്മേ" – യുവാവു ഒഴിഞ്ഞുമാറി.
ജോസഫിന്‍റെ മനസ്സു തുടിച്ചു; ഇങ്ങനെയുമുണ്ടല്ലോ ദൈവമക്കള്‍.
പ്രഭുകുമാരന്‍ അവരോടു യാത്ര പറഞ്ഞു യേശുവിനെ തേടി വേഗം പുറപ്പട്ടു. അവന്‍റെ ഭൃത്യനും അവനോടൊപ്പം പോയി.
മറിയം ജോസഫിന് അലക്കിയ വസ്ത്രങ്ങള്‍ എടുത്തു നല്കി യാത്രാവേഷം മാറ്റാന്‍ സഹായിച്ചു. അവള്‍ അവനു കുടിക്കാന്‍ ചൂടുവെള്ളം എടുത്തുകൊണ്ടുവന്നു നല്കി. അല്പസമയം കഴിഞ്ഞപ്പോള്‍ അയല്ക്കാരന്‍ ശിമയോന്‍ അവിടേയ്ക്കു വന്നു.
ശിമയോന്‍ ജോസഫിന്‍റെ നെറ്റിയിലും കഴുത്തിലും കൈ വച്ചു നോക്കി പറഞ്ഞു: "ജോസഫിനു സുഖമില്ലെന്നു ജോസഫിനെ കൊണ്ടുവന്ന യുവാവു പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ജോസഫിന് ഇപ്പോഴും പനിയുണ്ട്. യേശു കഫര്‍ണാമില്‍ വച്ചു ശിമയോന്‍ പത്രോസിന്‍റെ അമ്മായിയമ്മയുടെ പനിയെ ശാസിച്ചകറ്റിയവനാണ്, യേശു വന്നിരുന്നെങ്കില്‍ എല്ലാംകൊണ്ടും ഒരാശ്വാസമായേനെ. ശിമയോന്‍ തുടര്‍ന്ന് മറിയത്തോടു ചോദിച്ചു: "ഞാന്‍ യേശുവിനെ തിരക്കി പോയോലോ?"
"വേണ്ട. ജോസഫിനെ ഇവിടെ കൊണ്ടുവന്ന യുവാവ് യേശുവിനെ തേടിപ്പോയിട്ടുണ്ട."
ജോസഫിനു സുഖമില്ലെന്നു ശിമയോന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞറിഞ്ഞ് അയല്‍ക്കാര്‍ പലരും ജോസഫിനെ വന്നു കണ്ടു. അവര്‍ ജോസഫിനോട് ആശ്വാസവചനങ്ങള്‍ പറഞ്ഞു. അവരില്‍ ചിലര്‍ ജോസഫിന്‍റെ പനി പെട്ടെന്നു ഭേദമാകട്ടെ എന്ന് ആശംസിച്ചു.
ജോസഫിന് ഇപ്പോള്‍ പനി മാത്രമല്ല ജലദോഷവുമുണ്ട്. ജലദോഷം ശമിക്കാന്‍ തേന്‍ നല്കുന്നതു നല്ലതാണ്" – അയല്ക്കാരനായ ശിമയോന്‍ അഭിപ്രായപ്പെട്ടു.
മറിയം കുറച്ചു തേനെടു ത്തു ജോസഫിനു കുടിക്കാന്‍ നല്കി. സന്ധ്യയോടടുത്തപ്പോള്‍ ജോസഫിന്‍റെ അടുത്തു മറിയം തനിച്ചായി. അവള്‍ ഭര്‍ത്താവിന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ടു പറഞ്ഞു: "അപ്പന്‍ ഈ പനിയെ പേടിക്കേണ്ട. ഇതൊക്കെ പെട്ടെന്നു വിട്ടുപോകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം."
"എനിക്കു പേടിയില്ല. ഞാന്‍ മരിച്ചാലും നീ ഒറ്റയ്ക്കാവില്ല. നമുക്കു നല്ലവനായ ഒരു മകനുണ്ട്. അവന്‍ നിന്നെ സംരക്ഷിച്ചുകൊള്ളും" – ജോസഫ് അറിയിച്ചു.
"നിങ്ങള്‍ എന്തൊക്കെയാണ് ഈ പറയുന്നത്? ഇങ്ങനെയൊന്നും പറയേണ്ട. ഞാന്‍ തിരശ്ശീല നനച്ചുകൊണ്ടുവന്നു നെറ്റിയിലിടാം. പനി കുറയട്ടെ" – മറിയം എഴുന്നേല്ക്കാന്‍ തുടങ്ങി.
"വേണ്ട; നീ എഴുന്നേറ്റു പോകണ്ട. എനിക്ക് എന്‍റെ ഈ ലോകജീവിതം അവസാനിക്കാന്‍ പോകുകയാണെന്നൊരു തോന്നല്‍."
"അങ്ങനെയൊന്നും ചിന്തിക്കേണ്ട. പ്രാര്‍ത്ഥിച്ചുകൊണ്ടു കിടക്കൂ. മറ്റു ചിന്തകളൊക്കെ പോകട്ടെ" – മറിയം നിര്‍ദ്ദേശിച്ചു.
"മറിയം! ഞാന്‍ നിന്നോടോ മറ്റാരോടെങ്കിലുമോ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്ക് എല്ലാവരോടും മാപ്പു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."
"അങ്ങ് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അങ്ങു വെറുതെ മനസ്സിനെ അസ്വസ്ഥമാക്കേണ്ട" – മറിയം ആശ്വസിപ്പിച്ചു.
ജോസഫ് അതുകേട്ടു ചിന്തകള്‍ വിട്ടു പ്രാര്‍ത്ഥിച്ചു: "സ്വര്‍ഗസ്ഥനായ പിതാവേ! അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അങ്ങയെ ഞാന്‍ ആരാധിക്കുന്നു. അങ്ങയുടെ സന്നിധിയിലെത്താന്‍ എന്നെ സഹായിക്കണമേ!" – അത്രയും പറഞ്ഞപ്പോഴേക്കും ജോസഫിന്‍റെ ശബ്ദം നേര്‍ത്തുവന്നു. അവന്‍ ഉറക്കത്തിലേക്കു വഴുതിവീണു.
ജോസഫ് ഉറങ്ങിയപ്പോള്‍ മറിയത്തിന് ആധിയായി. അവള്‍ പെട്ടെന്നു ജോസഫിന്‍റെ തോളില്‍ തട്ടിവിളി ച്ചു: "യേശുവിന്‍റെ അപ്പാ! അങ്ങ് ഉറങ്ങുകയാണോ?"
ജോസഫ് കണ്ണുകള്‍ തുറന്നു. അവന്‍ ഉറങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ മൂളി.
അവള്‍ക്കാശ്വാസമായി. അവള്‍ പുതപ്പെടുത്ത് അവനെ നന്നായി പുതപ്പിച്ചുകൊണ്ടു പറഞ്ഞു: "യേശു സുവിശേഷപ്രസംഗങ്ങളുമായി നാട്ടിലൂടെ ചുറ്റിനടക്കുമ്പോള്‍ അങ്ങ് ഇവിടെ ഉണ്ടായിരുന്നതിനാല്‍ എനിക്ക് ഏകാന്തതയുടെ വിരസതയുണ്ടായില്ല. അങ്ങയുടെ സാമീപ്യം എനിക്കു സുരക്ഷിതത്വവും സന്തോഷവും നല്കി. അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം.
"നീ ഭയപ്പെടേണ്ട. എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല. നീ ഭക്ഷണം കഴിച്ചിട്ടു വന്നു കിടന്നോളൂ" – ജോസഫ് ആശ്വാസവാക്കുകള്‍ പറഞ്ഞ് ഉറങ്ങാനായി കണ്ണു കളടച്ചു.
ജോസഫ് ഉറങ്ങുന്നതും നോക്കി മറിയം അവന്‍റെ അടുത്തിരുന്നു. ജോസഫിന്‍റെ പനി വന്നും പോയും നിന്നു.
ജോസഫിന് ഓര്‍മ വന്ന സമയം അവന്‍ ഓര്‍ത്തു: താന്‍ കടന്നുപോന്ന ജീവിതത്തില്‍ നിധി തേടി അലയുന്ന പലരെയും കണ്ടു. വനമേഖലയിലെ വെള്ളമൊഴുക്കു ചാലുകളിലും പാറയിടുക്കുകളിലും കടപ്പുറങ്ങളിലെ മണല്‍പ്പരപ്പുകളിലും രത്നക്കല്ലുകള്‍ ഒളിഞ്ഞുകിടപ്പുണ്ടോയെന്നു പരതി നടക്കുന്നവരെ കണ്ടിട്ടുണ്ട്. യുദ്ധകാലങ്ങളില്‍ രാജാക്കന്മാര്‍ നിധികള്‍ കുഴിച്ചിട്ടുണ്ടാകാമെന്നു കരുതി പഴയ കെട്ടിടങ്ങളുടെ തറകള്‍ പൊളിച്ചു കിളച്ചിളക്കി മണ്ണുകോരി പരിശോധിക്കുന്നവരെയും കണ്ടിട്ടുണ്ട്. അവര്‍ക്കു രത്നങ്ങളും നിധികളും കിട്ടിയിരുന്നോ എന്നറിയില്ല. അവരിലാര്‍ക്കെങ്കിലും ഒരു രത്നമോ ഒരുപിടി സ്വര്‍ണനാണയങ്ങളോ കിട്ടിയിരുന്നിരിക്കാം.
മറ്റു ചിലര്‍ താത്കാലിക സുഖത്തിനുവേണ്ടി മദ്യത്തെയും വേശ്യകളെയുമാണ് അന്വേഷിച്ചിരുന്നത്.
തന്നോടൊപ്പം തച്ചുപണി പഠിച്ചിറങ്ങിയ ചിലര്‍ വീടുപണിക്കു പോയിട്ട് ആ വീടുകളിലെ ചില സ്ത്രീകളെ വശീകരിച്ചു തെറ്റു ചെയ്തിട്ടു പോലുമുണ്ട്.
ഒരിക്കല്‍ അബ്സലോം എന്ന പണിക്കാരന്‍ പറഞ്ഞു. അവന്‍ കാനായില്‍ ഒരു വീട്ടില്‍ പണിക്കു ചെന്നപ്പോള്‍ അയല്‍വക്കത്തെ ഒരു സ്ത്രീ പരപുരുഷനോടൊപ്പം സംശയാസ്പദമായ രീതിയില്‍ നില്ക്കുന്നതു കണ്ടെന്ന്. പിന്നീട് ആ സ്ത്രീ അവനെ ഒറ്റയ്ക്കു കണ്ടപ്പോള്‍ അവനെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചെന്നു.
താനൊരിക്കലും ലൗകിക സു ഖം തേടിയില്ല. ലൗകിക മോഹങ്ങളെ താലോലിച്ചില്ല. തെറ്റിനുള്ള സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ടിരുന്നു.
താന്‍ ദൈവസന്നിധിയില്‍ വാഗ്ദാനം ചെയ്ത സന്ന്യസ്തജീവിതം നാളിതുവരെ നിലനിര്‍ത്തി.
തന്‍റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചതു ദൈവമെന്ന നിധി തേടാനാണ്. താന്‍ ചെറുപ്പം മുതല്‍ തേടിയതു ദൈവത്തെയാണ്.
പൂര്‍വപിതാവായ യാക്കോബിന്‍റെ ജീവിതത്തിലെ ഒരു സംഭവം തന്‍റെ ചെറുപ്പത്തില്‍ അമ്മ തനിക്കു പറഞ്ഞുതന്നിരുന്നതു മിക്കപ്പോഴും ഓര്‍ക്കുമായിരുന്നു. യാക്കോബ് യാബോക്ക് എന്ന പുഴക്കടവിനടുത്തുവച്ച് ഒരു രാത്രി മുഴുവനും ഒരാളുമായി മല്പിടുത്തം നടത്തി. കീഴ്പ്പെടുത്താന്‍ സാദ്ധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്‍റെ അരക്കെട്ടില്‍ തട്ടി. മല്പിടുത്തത്തിനിടയില്‍ യാക്കോബിന്‍റെ തുട അരക്കെട്ടില്‍നിന്നും തെറ്റി. അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബ് മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല. അവന്‍ യാക്കോബിനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടു ജയിച്ചിരിക്കുന്നു.
ദൈവത്തിന്‍റെ അനുഗ്രഹം വാങ്ങണമെങ്കില്‍ ദൈവേഷ്ടമനുസരിച്ചു കഷ്ടപ്പെട്ടു ജീവിക്കണം. താനങ്ങനെ ജീവിക്കാന്‍ ശ്രമിച്ചു.
ദൈവം തന്നെ കടാക്ഷിച്ചു. ദൈവപുത്രനെ തനിക്കു നല്കി.
താനവനെ മറിയത്തിന്‍റെ സഹായത്തോടെ വളര്‍ത്തി. അവനിപ്പോള്‍ ശക്തനാണ്. അവനിപ്പോള്‍ തന്‍റെ കരുത്തു തെളിയിച്ചുകൊണ്ടു ഭൂമിയിലെ തിന്മകള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്. ജനങ്ങളുടെ രാജാവായിത്തന്നെ. അവന്‍റെ രാജ്യം സ്ഥാപിക്കാന്‍ താന്‍ ഇന്നലെ അവന്‍റെ മുന്നണിപ്പോരാളിയായി നിന്നു. ഇന്നു പത്രോസിന്‍റെ നേതൃത്വത്തില്‍ പുതിയ തലമുറ അവന്‍റെ മുന്നണിപ്പോരാളികളായിരിക്കുന്നു.
അവരുടെ വാളും പരിചയും ഇരുമ്പല്ല. അവരുടെ വാളും പരിചയും വക്കുകളും അടയാളങ്ങളുമാണ്.
തന്‍റെ ദൗത്യം കഴിഞ്ഞിരിക്കുന്നു. തനിക്കിനി വിശ്രമിക്കാം.
യേശു രത്നാലംകൃതമായ കനക സിംഹാസനത്തിലിരിക്കുന്നതു ജോസഫ് കണ്ടു. മനുഷ്യര്‍ അവന്‍റെ മുമ്പില്‍ ഭയഭക്തിബഹുമാനത്തോടെ തല കുനിക്കുന്നതും ജോസഫ് ദര്‍ശിച്ചു.
മുമ്പു യേശു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ യഹൂദര്‍ വിസ്മയഭരിതരായി ചോദിച്ചതു കേട്ടുനിന്നവര്‍ വന്നു പറഞ്ഞതു ജോസഫ് ഓര്‍ത്തു. ഇവന്‍ ആ തച്ചന്‍റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ അമ്മ.
അതെ. അവന്‍ തന്‍റെ മകന്‍ തന്നെ; ജോസഫ് മനസ്സില്‍ പറഞ്ഞു.
ജോസഫ് ഓര്‍ത്തു കിടക്കവേ ഏതാനും അയല്‍ക്കാര്‍ അവനെ കാണാന്‍ വന്നു. അവരുടെ ശബ്ദം കേട്ട് അവന്‍ ഓര്‍മകളില്‍നിന്നുണര്‍ന്നു.
അവരെ കണ്ട് എഴുന്നേറ്റിരിക്കാനോ അവരോടു സംസാരിക്കാനോ അവനു കഴിഞ്ഞില്ല.
അയല്‍ക്കാരില്‍ ഒരുവന്‍ മറ്റൊരുവനോടു പറഞ്ഞു: ജോസഫിന്‍റെ ഈ പണിശാല നമുക്ക് ഒത്തുകൂടി നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഉപകരിച്ചിരുന്നു."
"നാട്ടുകാര്‍ പണികള്‍ നടത്തിക്കാനായി ഇവിടെ പലയിടങ്ങളില്‍ നിന്നായി വന്നുപൊയ്ക്കൊണ്ടിരുന്നതിനാല്‍ ജോസഫിനു നാട്ടുവിശേഷങ്ങള്‍ പെട്ടെന്നു ലഭിച്ചിരുന്നു" – മറ്റൊരുവന്‍ കൂട്ടിച്ചേര്‍ത്തു.
"നിങ്ങള്‍ സാമുവേലിന്‍റെ പുസ്തകവും രാജാക്കളുടെ പുസ്തകവും വായിച്ചിട്ടില്ലേ. ജോസഫിന്‍റെ പൂര്‍വപിതാക്കളെപ്പറ്റി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജോസഫിന്‍റെ പൂര്‍വ മാതാപിതാക്കള്‍ കോമളനും കിന്നരം വായനയില്‍ നിപുണനും യോദ്ധാവും വാക്ചാതുര്യമുള്ളവനും ഇസ്രായേലിന്‍റെ രാജാവുമായിരുന്ന ദാവീദ് രാജാവും ഏലിയാമിന്‍റെ മകളും അതീവ സുന്ദരിയുമായിരുന്ന ബെത്ഷെബായുമാണ്. നോക്കൂ, ഇന്നും ജോസഫിനു ദാവീദിനെപ്പോലെ സൗന്ദര്യവും ദൈവഭക്തിയുമുണ്ട്. ഒരു രാജാവിനു ചേര്‍ന്ന നീതിബോധവും പോരാട്ടവീര്യവും ജോസഫിന്‍റെ വാക്കുകളിലും പ്രവൃത്തികളിലുമുണ്ടായിരുന്നു" – അയല്ക്കാരനായ ശിമയോന്‍ പറഞ്ഞു.
ജോസഫിനു സുഖമില്ലെന്നറിഞ്ഞു സോഫാറും ഭാര്യയും വന്ന് അവന്‍റെ കാല്ക്കലിരുന്നു കരഞ്ഞു.
യേശുവിന്‍റെ അനുഗ്രഹങ്ങള്‍ കിട്ടിയവരും ജോസഫിന്‍റെ ബന്ധുക്കളും വീട്ടുകാരും അയല്ക്കാരും അവനെ സന്ദര്‍ശിക്കാനെത്തി.
ജോസഫ് വീട്ടില്‍ തിരിച്ചെത്തിയിട്ട് ആറു ദിവസങ്ങള്‍ കടന്നുപോയി. ഏഴാം ദിവസം ഒമ്പതാം മണിക്കൂറില്‍ യേശു വന്നു. യേശുവിനോടൊപ്പം ശിമയോന്‍ പത്രോസും യോഹന്നാനുമുണ്ടായിരുന്നു. യാക്കോബും അരിമത്തിയക്കാരന്‍ ജോസഫും അവരെ അനുഗമിച്ചിരുന്നു. അവന്‍ വന്നപ്പോള്‍ ജോസഫ് ഉറക്കത്തിലായിരുന്നു.
യേശു അകത്തു പ്രവേശിച്ചപ്പോള്‍ മറിയം പറഞ്ഞു: "മോനേ, ജോസഫ് പിതാവിന്‍റെ പനി തീര്‍ത്തും വിട്ടുപോകുന്നില്ല. മോനൊന്നു നോക്കൂ."
യേശു ജോസഫ് കിടന്നിരുന്ന കട്ടിലിനടുത്തേയ്ക്കു നടന്നു. അവന്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു: "ജോസഫ് പിതാവിനു പനിക്കുന്നുണ്ടെന്നറിഞ്ഞതേ ഞാന്‍ ജെറുസലേമില്‍ നിന്ന് ഇങ്ങോട്ടു പോന്നു.
യേശുവിന്‍റെ ശബ്ദം കേട്ടപ്പോള്‍ ജോസഫ് മയക്കത്തില്‍നിന്നുണര്‍ന്നു. അവന്‍ യേശുവിനെ നോക്കി അവ്യക്ത ശബ്ദത്തില്‍ തിരക്കി: "ആരാ?"
യേശു ജോസഫിന്‍റെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു: "ഇതു ഞാനാണു; യേശു."
"ങാ! യേശു! നീ വന്നോ?" – ജോസഫ് യേശുവിനെ തിരിച്ചറിഞ്ഞുവെന്ന അര്‍ത്ഥത്തില്‍ ചോദിച്ചു.
"ഉം – യേശു മൂളി.
ജോസഫ് പറഞ്ഞു: "ഞാന്‍ വീട്ടിലേക്കു തിരിച്ചുപോകുകയാണ്."
"അങ്ങ് എന്തിന് ഇങ്ങനെ പറയുന്നു? ഇതു നമ്മുടെ വീടല്ലേ" – മറിയം ചോദിച്ചു.
"അല്ല. ഇതു വേറെ ആരുടെയോ വീടാണ്. എനിക്കെന്‍റെ വീട്ടില്‍ പോകണം."
അത്രയും പറഞ്ഞപ്പോഴേക്കും ജോസഫിന്‍റെ ശബ്ദം നേര്‍ത്തു. അവന്‍ വീണ്ടും മയക്കത്തിലേക്ക്.
"ഉറങ്ങാതെ, ഉറങ്ങാതെ" – യേശു ജോസഫിനെ വിളിച്ചുണര്‍ത്തി.
അദ്ദേഹം കണ്ണുകള്‍ തുറന്നു.
യേശു അടുത്തിരുന്നു ജോസഫിന്‍റെ ശിരസ്സ് സ്വന്തം മടിയില്‍ എടുത്തുവച്ചു.
"അങ്ങയെ മടിയില്‍ കിടത്തിയിരിക്കുന്നത് ആരാണെന്ന് അങ്ങു കണ്ടോ?" – മറിയം യേശുവിനെ ചൂണ്ടി ജോസഫിനോടു ചോദിച്ചു.
ജോസഫ് മറുപടി പറയാനാകാതെ യേശുവിനെ നോക്കി.
"ആരാണെന്നു മനസ്സിലായോ?" – അവള്‍ വീണ്ടും ചോദി ച്ചു.
"ഉം" – ജോസഫ് അറിഞ്ഞു എന്ന അര്‍ത്ഥത്തില്‍ മൂളി.
"ആരാ?" – വീണ്ടും ചോദ്യം.
"പിതാവ്"-ജോസഫ് പറഞ്ഞു.
"അങ്ങയുടെ പിതാവോ? ഇത് അങ്ങയുടെ മകന്‍ യേശുവല്ലേ?"- ശിയോന്‍ പത്രോസ് ചോദിച്ചു.
"ഉം. യേശു!" – ജോസഫ് പറ ഞ്ഞു.
സംഭാഷണം കേട്ടുനിന്ന യാക്കോബ് അഭിപ്രായപ്പെട്ടു: "ജോസഫ് പിതാവിനു സ്വബോധം നഷ്ടപ്പെട്ടു എന്നാ തോന്നുന്നത്."

അപ്പോള്‍ സലോമിയും അവളുടെ ഭര്‍ത്താവും വന്നു. അവര്‍ക്കു പിന്നാലെ റൂബനും വന്നു.
ജോസഫ് ചിന്തയിലാണ്ടു; മോശയ്ക്കുശേഷം ജോഷ്വായാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. ജോഷ്വാ വാഗ്ദത്ത ഭൂമി നേടിയെടുത്തു. അത് ഇസ്രായേല്‍ ജനത്തിനു നല്കി. ദൈവം ജോഷ്വായോടു പറഞ്ഞു: ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്‍റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. നീ ശക്തനും ധീരനുമായിരിക്കണം. നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെയുണ്ടായിരിക്കും.
ദൈവം ജോഷ്വായോടു പറഞ്ഞ വചനങ്ങള്‍ തന്നെയാണു ദൈവം തനിക്കും തന്നത്. ആ വചനങ്ങള്‍ തന്നെ നയിച്ചു. താന്‍ ദൈവചനമനുസരിച്ചു ജീവിച്ചതുകൊണ്ടു യേശുവിനെ തനിക്കു മകനായി കിട്ടി.
രാജകീയ വേഷത്തില്‍ മാലാഖവൃന്ദങ്ങളുടെ അകമ്പടിയോടെ യേശു മേഘത്തേരേറിവരുന്ന ചി ത്രം ജോസഫിന്‍റെ മനസ്സില്‍ തെളിഞ്ഞുനിന്നു.
ജോസഫിന്‍റെ മനസ്സില്‍ അപ്പനായ യാക്കോബിന്‍റെയും വല്ല്യപ്പനായ മഥാന്‍റെയും രൂപങ്ങള്‍ തെളിഞ്ഞു.
ജോസഫ് അപ്പനെ വിളിക്കാന്‍ ശ്രമിച്ചു. ശബ്ദം ഒരു ഞരക്കം മാത്രമായിരുനനു.

റൂബന്‍ ജോസഫിന്‍റെ അടുത്തു വന്നു വിളിച്ചു: "തച്ചനപ്പാ."
ജോസഫ് വിളി കേട്ടില്ല.
"തച്ചനപ്പാ! ഇതു ഞാനാ, റൂബന്‍. എന്നെ മനസ്സിലായോ?" – റൂബന്‍ ചോദിച്ചു.
മറുപടിയില്ല.
അപ്പനും വല്യപ്പനും വന്നതു കണ്ടു ജോസഫ് മനസ്സുകൊണ്ടു മറിയത്തെ അന്വേഷിക്കുകയായിരുന്നു; അവളെവിടെ? അപ്പനെയും വല്യപ്പനെയും ശുശ്രഷിക്കേണ്ടേ?
"തച്ചനപ്പന്‍ മറിയത്തെ അന്വേഷിക്കുകയാണന്നു തോന്നുന്നു."
റൂബന്‍ പറഞ്ഞതു കേട്ടു മറിയം അടുത്തുനിന്നു ജോസഫിന്‍റെ കരം ഗ്രഹിച്ചു. അവള്‍ തിരക്കി: "അങ്ങ് ആരെയാ അന്വേഷിക്കുന്നത്?"
ജോസഫ് അതിനു മറുപടി പറയാതെ അവളുടെ കയ്യില്‍ മുറുകെപ്പിടിച്ചു. അവളുടെ മുഖത്തേയ്ക്കു ശ്രദ്ധിച്ചു നോക്കി. മറിയത്തിന്‍റെ ഇപ്പോഴത്തെ രൂപമവന്‍ കണ്ടില്ല. ഉണ്ണിയേശുവിനെ കയ്യിലെടുത്തു മാറോടു ചേര്‍ത്തുപിടിച്ചു നില്ക്കുന്ന യുവതിയായ മറിയത്തിന്‍റെ ചിത്രം അവന്‍റെ മനസ്സില്‍ തെളിഞ്ഞു. പിന്നീടാ ചിത്രം മങ്ങിമാഞ്ഞു. അവന്‍റെ കണ്ണുകള്‍ സാവകാശം അടഞ്ഞു. ഒരു ദീര്‍ഘനിശ്വാസത്തോടെ ജോസഫിന്‍റെ ശ്വാസം നിലച്ചു.
കണ്ടുനിന്നവരില്‍ ചിലര്‍ കരയാന്‍ തുടങ്ങി.
ശിമയോന്‍ പത്രോസ് അപ്പോള്‍ അവരെ ആശ്വിസിപ്പിച്ചു പറഞ്ഞു:
"നിങ്ങള്‍ കരയേണ്ട. നമ്മുടെ തച്ചനപ്പനു മരണമില്ല. അദ്ദേഹം ജീവിതവിജയം നേടിയവനാണ്."
പത്രോസ് അതു പറഞ്ഞപ്പോള്‍ റൂബന്‍റെ മനസ്സില്‍ വിശുദ്ധനായ തച്ചനപ്പന്‍ ശിരസ്സിനു ചുറ്റും പ്രഭാവലയവുമായി യുവത്വത്തോടെ തെളിഞ്ഞുനില്ക്കുകയായിരുന്നു.
(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org