തച്ചനപ്പൻ-അദ്ധ്യായം 26

തച്ചനപ്പൻ-അദ്ധ്യായം 26

സെബാസ്റ്റ്യന്‍ തുമ്പോണത്തുമലയില്‍

ജോസഫ് മടക്കയാത്ര ആരംഭിച്ചു.
അവന്‍ കുറച്ചുദൂരം നടന്നപ്പോള്‍ ഒരു പറ്റം മനുഷ്യര്‍ തപ്പുകൊട്ടിയും കുഴല്‍നാദങ്ങളുയര്‍ത്തിയും സങ്കീര്‍ത്തനങ്ങളാലപിച്ചും പൊതുനിരത്തിലൂടെ വരുന്നതു കണ്ടു.
ജോസഫ് വഴിയൊതുങ്ങി നിന്നു. അവര്‍ അടുത്തു വന്നപ്പോള്‍ ജോസഫ് ഒരുവനോടു ചോദിച്ചു: "നിങ്ങള്‍ തിരുനാളിനു ജെറുസലേമിലേക്കു പോകുന്നവരാണോ?"
അവര്‍ പറഞ്ഞു: "അല്ല. ഞങ്ങള്‍ ഞങ്ങളുടെ രാജാവിന്‍റെ അടുത്തേയ്ക്കാണു പോകുന്നത്."
ജോസഫ്: "ആരാണു നിങ്ങളുടെ രാജാവ്?"
യാത്രക്കാരന്‍ പറഞ്ഞു: "യേശുവാണു ഞങ്ങളുടെ രാജാവ്. ഞങ്ങള്‍ അവന്‍റെ അടുത്തേയ്ക്കാണ്."
ആള്‍ക്കൂട്ടത്തില്‍ വന്ന ഒരുവന്‍ ജോസഫിനോടു ചോദിച്ചു: "സഖറിയാ പ്രവാചകന്‍റെ തിരുലിഖിതങ്ങള്‍ വായിച്ചിട്ടില്ലേ? പ്രവാചകന്‍ എഴുതി: സീയോന്‍ പുത്രി, അതിയായി ആനന്ദിക്കുക. ജെറുസേലം പുത്രീ, ആര്‍പ്പ് വിളിക്കുക. ഇതാ നിന്‍റെ രാജാവ് നിന്‍റെ അടുക്കലേയ്ക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറി വരുന്നു. ഞാന്‍ എഫ്രായിമില്‍ നിന്നു രഥത്തെയും ജെറുസലേമില്‍ നിന്നു പടക്കുതിരയെയും വിച്ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജനതകള്‍ക്കു സമാധാനമരുളും. അവന്‍റെ ആധിപത്യം സമുദ്രം മുതല്‍ ഭൂമിയുടെ അറ്റംവരെയും ആയിരിക്കും. സഖറിയാ പ്രവാചകന്‍റെ തിരുലിഖിതങ്ങള്‍ യേശുവിന്‍റെ വരവോടെ നിറവേറിയിരിക്കുന്നു."
മറ്റൊരുവന്‍ ജോസഫിനെ ക്ഷണിച്ചുകൊണ്ടു പറഞ്ഞു: "നിങ്ങള്‍ക്കും ഞങ്ങളോടൊപ്പം വരാം."
"ഞാനവനെ കണ്ടിട്ടാണു വരുന്നത്. നിങ്ങള്‍ അവന്‍റെ അടുത്തേയ്ക്കു ചെല്ലുക. നിങ്ങള്‍ അവന്‍റെ തിരുസന്നിധിയില്‍ എത്തുമ്പോള്‍ അവന്‍ നിങ്ങളെ അനുഗ്രഹിക്കും" – ജോസഫ് പറഞ്ഞു.
അതു കേട്ട് അവര്‍ നടന്നു. അവന്‍ ജെറുസലേമില്‍ തിരിച്ചുവന്നപ്പോള്‍ യാത്ര ശിമയോന്‍റെ ഭവനത്തിലേയ്ക്കാക്കി. ജോസഫ് അനുജന്‍റെ വീട്ടില്‍ ഒരു ദിവസം താമസിച്ചു.
ശിമയോനും കുടുംബാംഗങ്ങളും യേശുവിന്‍റെ നല്ല പ്രവൃത്തികളെക്കുറിച്ചു ജോസഫിനോടു പുകഴ്ത്തി പറഞ്ഞു.
ശിമയോന്‍റെ മക്കള്‍ യേശുവിനോടൊപ്പം ശുശ്രൂഷികാനും യേശുവിന്‍റെ അനുയായികളായിത്തീരാന്‍ ആഗ്രഹിക്കുന്നവരെ സ്നാനപ്പെടുത്താന്‍ അവരെ യേശുവിന്‍റെ ശിഷ്യന്മാരുടെ അടുത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകാനും സഹായിക്കുന്നുണ്ട്.
ക്ലോപ്പാസ് ചിറ്റപ്പന്‍റെ മക്കളും സലോമിയുടെ മക്കളും യേശു ജനിച്ചപ്പോള്‍ ബെത്ലഹേമിലുണ്ടായിരുന്ന ആട്ടിടയന്മാരായ ജോബ്, അമരിയാ, റഗുവേല്‍ എന്നിവരുടെ മക്കളും ജോസഫിന്‍റെ അമ്മാവനായ അബിയൂദിന്‍റെ മക്കളും പ്രോക്കോറോസിന്‍റെ മക്കളും യേശുവിന്‍റെ സുവിശേഷവേലയ്ക്കു സഹായിക്കാന്‍ യേശുവിന്‍റെ അടുത്തു ചെല്ലുന്നുണ്ടെന്നു ശിമയോന്‍ പറഞ്ഞു.
ജോസഫ് പിറ്റേദിവസം ക്ലോപ്പാസ് ചിറ്റപ്പിന്‍റെ ഭവനത്തിലേയ്ക്കു പോയി. അവന്‍ ക്ലോപ്പാസ് ചിറ്റപ്പനെയും ഹന്നാ ഇളയമ്മയെയും കണ്ടു. പിന്നീട് അവന്‍ നസ്രത്തിലേക്കു യാത്ര തിരിച്ചു.
ഇനി സമരിയായിലൂടെ പോകണം. കുറച്ചു തടിയുരുപ്പടികള്‍ വാങ്ങണം. ഒരു കുതിരവണ്ടി വിളിച്ച് അവ പണിശാലയിലെത്തിക്കണം. കുറച്ചു പീഠങ്ങളും മേശകളും പണിതു വില്ക്കണം. കുടുംബച്ചെലവിനു പണമുണ്ടാക്കണം.
അവന്‍ തന്‍റെ പണസഞ്ചി തപ്പിനോക്കി. പണസഞ്ചിയില്‍ ഇരുപത്തിയേഴ് ഷെക്കേലുണ്ട്.
യാത്രച്ചെലവിനും മറ്റുമായി നാല് ഷെക്കേലും ഒരു ദനാറയും മാറ്റിവയ്ക്കാം. ബാക്കി ഇരുപത്തി മൂന്നു ഷെക്കേലിനു തടി വാങ്ങാം. ജോസഫ് മനസ്സില്‍ കണക്കുകൂട്ടി.
താന്‍ നിര്‍മിക്കാന്‍ പോകുന്ന പീഠങ്ങളുടെയും മേശകളുടെയും രൂപഭംഗി അവന്‍ മനസ്സില്‍ കണ്ടുകൊണ്ടു മുമ്പോട്ടു നടന്നപ്പോള്‍ സമീപത്തുനിന്നും ഒരു വഴക്കിന്‍റെ ശബ്ദം അവന്‍റെ കാതുകളില്‍ പതിഞ്ഞു. ജോസഫ് തലയുയര്‍ത്തി നോക്കി.
ഒരു ധനാഢ്യന്‍ വഴിയരികിലെ കുടിലിനു മുറ്റത്തുനിന്നു പറയുകയാണ്: "എന്നെ അനുസരിക്കാത്തവനെ ഞാന്‍ ചാട്ടവാറുകൊണ്ടടിക്കും."
അകത്തുനിന്നും ഒരു സ്ത്രീ ശബ്ദം: "നിങ്ങള്‍ ഇനിയും എന്‍റെ ഭര്‍ത്താവിനെ അടിമയാക്കിയിടാനാണോ ഭാവം? നിങ്ങള്‍ക്കു തരാനുണ്ടായിരുന്ന ഇരുപത്തിയെട്ടു ഷെക്കേലിന് അതിന്‍റെ പത്തിരട്ടി തുകയ്ക്കും അതിന്‍റെ പലിശയ്ക്കുമുള്ളത് എന്‍റെ ഭര്‍ത്താവ് നിങ്ങളുടെ വയലില്‍ പണിയെടുത്തു കഴിഞ്ഞു.
പുറത്തുനിന്ന മനുഷ്യന്‍ പറഞ്ഞു: "സ്ത്രീകള്‍ സഭയില്‍ സംസാരിക്കരുതെന്നു വിലക്കുള്ളതാ. ഞാനും നിന്‍റെ ഭര്‍ത്താവും തമ്മില്‍ സംസാരിക്കുന്നിടത്തു നീ ഇടയ്ക്കു കയറി പറയുന്നതിനു നിനക്കിട്ട് അടിയാണു തരേണ്ടത്. നിന്‍റെ ഭര്‍ത്താവ് എന്നോടു വാങ്ങിച്ച ഷെക്കേലുകള്‍ക്ക് എന്തു പലിശ കൂട്ടണമെന്നു ഞാനാണു നിശ്ചയിക്കുന്നത്. മുപ്പതു ഷെക്കേലാണ് ഒരു അടിമയ്ക്കു വില. നിന്‍റെ ഭര്‍ത്താവു വാങ്ങിയ ഇരുപത്തിയേഴ് ഷെക്കേലും അതിന്‍റെ പലിശയിനത്തില്‍ ഞാന്‍ കൂട്ടിയ അഞ്ചു ഷെക്കേലുമടക്കം മുപ്പത്തിമൂന്നു ഷെക്കേലാ അവന്‍റെ പറ്റ്. അതായത് അവന്‍ എന്‍റെ അടിമ. അവന്‍ പണിക്കു വരുന്നില്ലെങ്കില്‍ ഞാന്‍ അവനെ ബലമായി പിടിച്ച് അടിച്ചു പണിയെടുപ്പിക്കും."
ജോസഫ് അവരുടെ സംസാരം കേട്ട് അടുത്തു ചെന്നു ചോദിച്ചു: "എന്താ പ്രശ്നം?"
അകത്തുനിന്ന് ഒരു മെലി ഞ്ഞ യുവാവു പുറത്തേയ്ക്കു തലനീട്ടി പറഞ്ഞു: "ഞാന്‍ ഈ മനുഷ്യനോട് ഇരുപത്തിയെട്ടു ഷെക്കേല്‍ കടം വാങ്ങിയിരുന്നു. ഞാനാ കടം വീട്ടനായി ആറു വര്‍ഷത്തിലേറെ ജോലി ചെയ്തുകൊടുത്തു. എത്ര പണിയെടുത്താലും അതൊക്കെ പലിശയ്ക്കുള്ളതാണെന്നാ ഇവര്‍ പറയുന്നത്. ഒരു കൂലിയും എനിക്കിവര്‍ തരുന്നില്ല. എന്‍റെ ഭാര്യ പണിയെടുത്തിട്ടാണ് ഈ വീട് പോറ്റുന്നത്."
യുവാവു പറഞ്ഞതു കേട്ടപ്പോള്‍ ജോസഫിനു മനസ്സലിവു തോന്നി. അവന്‍ ധനവാനോടു ചോദിച്ചു: "ഇവര്‍ പറയുന്നതു നേരാണോ?"
അയാള്‍ പറഞ്ഞു: "ഇവന്‍ പണിയെടുക്കുന്നത് എന്‍റെ പണത്തിനുള്ള പലിശയ്ക്കു മാത്രമാ. നാട്ടുനടപ്പനുസരിച്ച് ഞാനിവന് ദിവസം ഒരു ദനാറ കൂലി കൂട്ടുന്നുണ്ട്. ഞാന്‍ ഇവനു കൊടുത്ത ഇരുപത്തിയെട്ടു ഷെക്കേലിന് ഒരു ദിവസം ഞാന്‍ കൂട്ടുന്ന പലിശ ഒരു ദനാറയാണ്. ഇവന്‍ പണിക്കു വരാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ആ ദിവസങ്ങളിലെ പലിശകൂടി കൂട്ടുമ്പോള്‍ ഇവനിപ്പോള്‍ മുപ്പത്തിമൂന്നു ഷെക്കേല്‍ എനിക്കു തരാനുണ്ട്."
ജോസഫ് പറഞ്ഞു: "ഇരുപത്തിയെട്ടു ഷെക്കേലിന് ഒരു ദിവസം ഒരു ദനാറവച്ചു പലിശ കൂട്ടുന്നത് ശരിയല്ല. അത് അന്യായ പലിശയാണ്."
അതു കേട്ടപ്പോള്‍ അയാള്‍ പൊട്ടിത്തെറിച്ചു: "എന്‍റെ പണത്തിനു പലിശ നിശ്ചയിക്കുന്നതു ഞാനാണ്. അല്ലാതെ നിന്നെപ്പോലെയുള്ള വരുത്തന്മാരല്ല."
അപ്പോള്‍ ഗൃഹനാഥ പറഞ്ഞു: "ഞങ്ങള്‍ ഹെബ്രായരാണ്. ഹെബ്രായനായ അടിമയെ ആറു വര്‍ഷം കഴിയുമ്പോള്‍ സ്വതന്ത്രനാക്കി വിടണമെന്നാണു മോശയുടെ നിയമം. ആ നിയമമനുസരിച്ച് എന്‍റെ ഭര്‍ത്താവ് ഇപ്പോള്‍ സ്വതന്ത്രനാണ്."
"ഇവര്‍ പറയുന്നതു ശരിയാണെങ്കില്‍ നിയമമനുസരിച്ച് ആറു വര്‍ഷമായ ഈ മനുഷ്യനെ നിങ്ങള്‍ സ്വതന്ത്രനാക്കേണ്ടതല്ലേ?" – ജോസഫ് ന്യായവാദം നടത്തി.
"ഇവനെ ഹെബ്രായനായി ഞാന്‍ അംഗീകരിക്കുന്നില്ലെങ്കിലോ? ഏതോ വിജാതിയനു പിറന്ന സങ്കരവര്‍ഗക്കാരനായേ ഞാനിവനെ കാണുന്നുള്ളൂ. അതുകൊണ്ടു താനിവനു വക്കാലത്തുമായി വരാതെ താന്‍ തന്‍റെ പണി നോക്കി പോകൂ" – ധനാഢ്യന്‍ കോപത്തോടെ പറഞ്ഞു.
"ഹേ, സഹോദരാ! നിങ്ങളെപ്പോലെ ഒരു മനുഷ്യനാണിയാള്‍. ഇയാളോടു നീതിപൂര്‍വം പ്രവര്‍ത്തിക്കുക" – ജോസഫ് ഉപദേശരൂപേണ പറഞ്ഞു.
"നീ അത്ര മനസ്സലിവുള്ളവനാണെങ്കില്‍ ഒരു കാര്യം ചെയ്യ്. ഇവനെന്നോടു വാങ്ങിച്ച പണം നീ തരൂ. ഞാനിവനെ സ്വതന്ത്രനാക്കിയേക്കാം" – ധനവാന്‍ പറഞ്ഞു.
"നിങ്ങള്‍ കൂട്ടിയ കൊള്ളപ്പലിശ കുറച്ചാല്‍ നിങ്ങള്‍ ഇവര്‍ക്കല്ലേ ഷെക്കേല്‍ നല്കേണ്ട്ത?"
അവരുടെ സംസാരം കേട്ട് അതുവഴി വന്ന ഒരു വഴിപോക്കന്‍ ജോസഫിനോടു ചോദിച്ചു: "നമ്മള്‍ വഴിയാത്രക്കാര്‍. നമ്മളെന്തിന് ഇതില്‍ ഇടപെടണം?"
ജോസഫ് പറഞ്ഞു: "ദുഃഖിതരെ ആശ്വസിപ്പിക്കാനും ദരിദ്രരെ സഹായിക്കാനും നമുക്കു കടമയുണ്ട്. ഇരുപത്തിയെട്ട് ഷെക്കേലിന് ഒരു ദിവസം ഒരു ദനാറ പലിശ വാങ്ങുന്നത് അന്യായമാണ്. ഒരു ഷെക്കേലിന്‍റെ പകുതിയാണ് ഒരു ദനാറ. ഒരു ദനാറയ്ക്ക് 25 പേര്‍ക്കുള്ള ഒരു നേരത്തെ ആഹാരം കിട്ടുന്ന കാലമാണിത്."
"ഒരു ധര്‍മിഷ്ഠന്‍ ഇറങ്ങിയിരിക്കുന്നു. താനത്ര ധര്‍മിഷ്ഠനാണെങ്കില്‍ ഒരു കാര്യം ചെയ്യ്. ഇവന്‍ വാങ്ങിച്ച ഇരുപത്തിയെട്ടു ഷെക്കേല്‍ താന്‍ തരൂ. പലിശ കിട്ടേണ്ട അഞ്ച് ഷെക്കേല്‍ ഞാന്‍ ഉപേക്ഷിച്ചേക്കാം. ഇവനു സ്വാതന്ത്ര്യവും കൊടുത്തേക്കാം. അതു പറ്റില്ലെങ്കില്‍ താന്‍ തന്‍റെ വഴിക്കു പോകൂ."
ജോസഫ് താഴ്മയോടെ ചോ ദിച്ചു: "സഹോദരാ, ഇവന്‍ നിങ്ങള്‍ക്കുവേണ്ടി 6 വര്‍ഷം കൂലി പറ്റാതെ പണിയെടുത്തു എന്നതു സത്യമല്ലേ?"
ധനാഢ്യന്‍ പറഞ്ഞു: "അതെ. അതിനെന്താ? ഇവര്‍ എന്‍റെ കടം വീട്ടുവോളം ഇവര്‍ പണിയുന്നത് എന്‍റെ പലിശയ്ക്കാണ്. ഇവര്‍ക്ക് എന്‍റെ കടം വീട്ടാന്‍ മറ്റു വരുമാന മാര്‍ഗമില്ലാത്തത് എന്‍റെ ഭാഗ്യം. ഇവനെ സ്വതന്ത്രനാക്കി വിടാന്‍ ഞാന്‍ ഇവനെ വിലയ്ക്കു വാങ്ങിയതല്ല; ഇവനെന്‍റെ കടക്കാരനാണ്. അവസാന ദനാറ തന്നുതീര്‍ക്കുന്നതുവരെ ഇവനെന്‍റെ കടക്കാരനായിരിക്കും. തനിക്കിപ്പോള്‍ കാ ര്യം മനസ്സിലായില്ലേ?"
ജോസഫ് ഓര്‍മിപ്പിച്ചു: "ദൈവം നിങ്ങളോടു കണക്കു ചോദിക്കും. ദൈവത്തിന്‍റെ മുമ്പില്‍ നി ങ്ങളുടെ ഈ ന്യായവാദം വിലപ്പോകില്ല."
"ഓ, താനൊരു പണ്യവാളന്‍! ഈ ദരിദ്രര്‍ക്കുവേണ്ടി താനെത്ര ദയായാചനയാണു ചെയ്യുന്നത്! താനൊരു കാര്യം ചെയ്യ്. ഒരു ഇരുപത്തിയേഴു ഷെക്കേല്‍ ഇവര്‍ക്കുവേണ്ടി താനിങ്ങു തന്നേക്കൂ. ഞാനിവനെ സ്വതന്ത്രനാക്കി വിട്ടേക്കാം."
ദുരാഗ്രഹിയായ ധനാഢ്യന്‍റെ വാക്കുകള്‍ കേട്ടു ജോസഫ് ഒരു നിമിഷം ചിന്തിച്ചുനിന്നു. താന്‍ ചെയ്യേണ്ടത് എന്ത്? ഈ വഞ്ചകന്‍റെ അടിമത്തത്തില്‍ നിന്ന് ഈ കുടുംബത്തെ മോചിപ്പിക്കാന്‍ തന്‍റെ സമ്പാദ്യം ദാനം ചെയ്യണമോ? അതോ തന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കാത്ത ഇയാളോടു ദൈവം കണക്കു ചോദിക്കട്ടെ എന്നുവച്ചു നിങ്ങള്‍ തമ്മിലുള്ള തര്‍ക്കവിഷയം നിങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തു നിങ്ങളുടെ യുക്തിക്കനുസരിച്ചു തീര്‍ക്ക് എന്നു നിര്‍ദ്ദേശിച്ചു പിന്തിരിയണമോ? എന്തു ചെയ്യണം?
അവന്‍റെ മനസ്സു മന്ത്രിച്ചു: തന്‍റെ സഹായം ഈ കുടുംബത്തിനാവശ്യമുണ്ട്; താനതു നല്കണം.
ജോസഫ് ചിന്തകളില്‍ നിന്നുണര്‍ന്നു നോക്കിയപ്പോള്‍ വഴിപോക്കന്‍ അവരുടെ സംഭാഷണം കേട്ടു മൗനിയായി നില്ക്കുകയാണ്. ജോസഫ് വഴിപോക്കനോടു പറഞ്ഞു:
"സഹോദരാ! നിങ്ങള്‍ ഇവിടെ ഒരു സാക്ഷിയായി നില്ക്കണം. ഞാന്‍ ഇയാള്‍ക്ക് ഇയാള്‍ ആവശ്യപ്പെട്ട ഷെക്കേല്‍ കൊടുക്കാന്‍ പോവുകയാണ്."
വഴിപോക്കന്‍ വിലക്കി: "ഹേ മനുഷ്യാ! നിങ്ങള്‍ എന്തു ബുദ്ധിമോശമാണ് ഈ പറയുന്നത്? നിങ്ങളിതു ചെയ്യേണ്ട. നിങ്ങള്‍ക്ക് ഇതൊരു നഷ്ടമാണ്."
"ഇല്ല. ഇതെനിക്കൊരു നഷ്ടമല്ല. ഇതു ചെയ്യാനാണു ദൈവം എന്നോടു പറയുന്നത്" – ജോസഫ് തന്‍റെ പണസഞ്ചിയില്‍നിന്ന് ഇരുപത്തിയേഴു ഷെക്കേലും പെറുക്കിയെടുത്തു ധനവാനു നല്കി. എന്നിട്ടു പറഞ്ഞു:
"നിങ്ങള്‍ ഇനി ഇവരെ പീഡിപ്പിക്കരുത്. ഇവരെ സ്വതന്ത്രരാക്കി വിട്ടേക്കൂ. ഇവര്‍ ഇനി സ്വന്തം ഇഷ്ടത്തിനു പണിയെടുത്തു ജീവിച്ചോട്ടെ."
ധനികന്‍ ജോസഫ് ഷെക്കേല്‍ നല്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ ജാള്യതയോടെ ഷെക്കേല്‍ വാങ്ങി ജാള്യച്ചിരിയോട മടങ്ങിപ്പോയി.
സാക്ഷിയായ വഴിപോക്കാന്‍ നടന്നു. അയാള്‍ പോകുന്നതിനിടയില്‍ ജോസഫിനോടു പറഞ്ഞു: "ചേട്ടന്‍ വയ്യാവേലി ആവശ്യമില്ലാതെ കയറിപ്പിടിച്ചു; അനുഭവിച്ചോളൂ."
ജോസഫിനു താന്‍ ചെയ്തതു തെറ്റായി തോന്നിയില്ല. ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞത് ഒരു നല്ല കാര്യമയി ജോസഫിനു തോന്നി. അവന്‍ അടിമയോടു പറഞ്ഞു: "നിങ്ങള്‍ ഇനി ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഇനി മറ്റേതെങ്കിലും യജമാനന്‍റെ അടുത്തു പണിക്കു പോയാല്‍ മതി." അത്രയും പറഞ്ഞിട്ടു ജോസഫ് അവരോടു യാത്ര പറഞ്ഞു: "ഞാന്‍ പോകുകയാണ്."
സ്വതന്ത്രനായ അടിമ ആദരവോടെ പറഞ്ഞു: "അങ്ങയെ ഇങ്ങോട്ടയച്ചതു ദൈവമാണ്. അങ്ങു ചെയ്ത ഉപകാരത്തിനു ഞാനെന്തു ചെയ്യണം? ഞാന്‍ വന്ന് അങ്ങേയ്ക്കുവേണ്ടി ജോലി ചെയ്തു കടം വീട്ടാം ഇനി അങ്ങാണ് എന്‍റെ ഉടയോന്‍."
"എന്നെ നീ ഉടയോനായി കാണേണ്ട. നീ എനിക്കുവേണ്ടി ജോലി ചെയ്യുകയും വേണ്ട. നിങ്ങളുടെ ഉടയോന്‍ കര്‍ത്താവാണ്. നിങ്ങള്‍ക്കു കിട്ടിയ ഉപകാരത്തിനു ദൈവത്തിനു നന്ദി പറയുക" – ജോസഫ് അവിടെനിന്നു നടന്നു.


സന്ധ്യയായപ്പോള്‍ അവന്‍ ഒരു വിജനസ്ഥലത്തെത്തി. യാത്ര ചെയ്ത് അവന്‍ മടുത്തിരുന്നു. അവന്‍ വിശ്രമിക്കാന്‍ ഒരു സിക്കേമൂര്‍ മരച്ചുവട്ടില്‍ മേല്‍മുണ്ടു വിരിച്ചു കിടന്നു.
ജോസഫ് കിടന്നുകൊണ്ട് ഓര്‍ത്തു; മൂന്നിലൊന്നു വഴി ദൂരംപോലും പിന്നിട്ടിട്ടില്ല. വഴിച്ചെലവിനു കയ്യിലാകെയുള്ളത് ഒരു ദനാറ മാത്രം.
പോകുന്ന വഴിക്ക് ഒരു പരിചയക്കാരന്‍റെ വീടുണ്ട്. മുമ്പു ജെറുസലേമില്‍ ഒന്നിച്ചു പണിയെടുത്തിട്ടുള്ള ഒരു തച്ചന്‍റെ വീട്. പരിചയക്കാരന്‍റെ പേരു സല്‍മോന്‍. അവനോടു കുറച്ചു ദനാറ കടം വാങ്ങണം. ചോദിച്ചാല്‍ തരാതിരിക്കില്ല; കടം പിന്നീടു വീട്ടാം.
വഴിവക്കില്‍ സുഹൃത്തിന്‍റെ വീടുണ്ടായതു നന്നായി. രാവിലെ എഴുന്നേറ്റു നടന്നാല്‍ സല്‍മോന്‍ പണിക്കു പോകുന്നതിനുമുമ്പേ അവന്‍റെ അടുത്തെത്താം. ജോസഫ് അങ്ങനെ ചിന്തിച്ചു കിടക്കുമ്പോള്‍ ചാറ്റല്‍മഴ തുടങ്ങി. മരച്ചില്ലകളിലും മണ്ണിലും വന്നു പതിക്കുന്ന മഴവെള്ളത്തിന്‍റെ ശബ്ദം അവന്‍ കേട്ടു.
ജോസഫ് എഴുന്നേറ്റ് ഒരു മരത്തോടു ചേര്‍ന്നുനിന്നു. മഴ പെട്ടെന്നു വര്‍ദ്ധിച്ചു. മഴയോടൊപ്പം കാറ്റു വീശി. ജോസഫ് നനഞ്ഞു.
കാര്‍മേഘങ്ങള്‍ ആകാശത്തെയും ഭൂമിയെയും ഇരുട്ടിലാഴ്ത്തി. ഇരുട്ടിന്‍റെ മറ ചേര്‍ന്നു രാത്രി വന്നു.
ജോസഫ് പ്രാര്‍ത്ഥിച്ചു. "ദൈവമേ! എന്നെ ഈ വിജനസ്ഥലത്ത് ഒറ്റപ്പെടുത്തരുതേ! എന്നെ മറിയത്തിന്‍റെ അടുത്തെത്താന്‍ സഹായിക്കണേ!"
ജോസഫ് ക്ഷീണിതനായി മരച്ചുവട്ടിലിരുന്നപ്പോള്‍ അടുത്ത പൊന്തക്കാട്ടിലൂടെ ഏതോ ജീവി കാടിളക്കി കടന്നുപോകുന്ന ശബ്ദം. അവന്‍ സൂക്ഷിച്ചു നോക്കി. ഇരുട്ടിന്‍റെ മറവില്‍ ഒന്നും കാണാനില്ല.
ജോസഫ് ശബ്ദം കേട്ട സ്ഥലത്തേയ്ക്കു നോക്കിയിരുന്നപ്പോള്‍ മുമ്പു യാക്കോബപ്പന്‍ പറഞ്ഞ ഒരു സംഭവം അവന്‍റെ മനസ്സില്‍ തെളിഞ്ഞുവന്നു.
യാക്കോബപ്പന്‍റെ യുവത്വകാലം. അക്കാലത്തു യാക്കോബപ്പന് ഒരു ഗ്രാമത്തിനടത്ത് ഒരു വീടുപണിയുണ്ടായിരുന്നു.
അങ്ങനെയിരിക്കുമ്പോള്‍ ആ ഗ്രാമത്തില്‍ ഒരു ദുര്‍മരണമുണ്ടായി. അവിടെ കിലിയോന്‍ എന്ന പേരില്‍ ഒരു മന്ത്രവാദിയുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മന്ത്രവാദത്തിനു പോയി തിരിച്ചുവന്നതു രാത്രി വൈകിയാണ്.
കിലിയോന്‍ മദ്യപിച്ചിരുന്നു. അയാള്‍ നടന്നു പോരാന്‍ നന്നേ പണിപ്പെട്ടു. പോരുന്നതിനിടയില്‍ വഴിയരികിലെ ഒരു ഓടയില്‍ അയാള്‍ വീണുകിടന്നു. അയാള്‍ വീണത് ഒരു അപ്പക്കടയുടെ അടുത്താണ്.
കടക്കാരന്‍ പ്രഭാതത്തിനുമുമ്പേ എഴുന്നേറ്റ് കടയില്‍ വിളക്കു കൊളുത്തി. അയാള്‍ കടയിലേക്കാവശ്യമായ അപ്പം ചുട്ടെടുക്കുന്നതിനു ഗോതമ്പ് അരച്ചുതുടങ്ങി. അപ്പോള്‍ പുറത്തുനിന്നും ഒരു വിളിയൊച്ച. തുടര്‍ന്ന് ഒരു ചോദ്യവും: "ഏയ്! വീട്ടുകാരേ, ഈ കിലിയോന്‍റെ വീട്ടിലേക്കു പോകുന്ന വഴിയേതാ?"
ശബ്ദം കേട്ടു കടക്കാരന്‍ എഴുന്നേറ്റു വിളക്കുമായി പുറത്തേയ്ക്കു വന്നു നോക്കിയപ്പോള്‍ മുമ്പില്‍ കിലിയോന്‍.
കടക്കാരനു സംശയമായി. കിലിയോന്‍ തിരക്കുന്നത് ആരുടെ ഭവനത്തിലേക്കുള്ള വഴിയാണ്?
കിലിയോന്‍റെ വീട്ടിലേക്ക് ഒരു സ്താദിയോണ്‍ (185 മീറ്റര്‍ ദൂരമേയുള്ളൂ. സ്വന്തം വീടിനടുത്തു വന്നു സ്വന്തം വീടു തിരക്കുക. അതെങ്ങനെ വിശ്വസിക്കാനാകും?
കടക്കാരന്‍ തിരക്കി: "ചേട്ടനു പോകേണ്ടത് എവിടെയാണ്? ആരുടെ വീട്ടില്‍?"
കിലിയോന്‍ പറഞ്ഞു: "ഈ നാട്ടിലെ കിലിയോന്‍ മന്ത്രവാദിയുടെ വീട്ടില്‍."
"അതു ചേട്ടനല്ലേ?!"
"ങ്ങാ; അതെ. എന്‍റെ വീട്ടിലേക്കുള്ള വഴിയെവിടെ?" – കിലിയോന്‍ ചോദിച്ചു.
കച്ചവടക്കാരനു കാര്യം പിടികിട്ടി. കിലിയോന്‍റെ തലയ്ക്കു പിടിച്ച മദ്യത്തിന്‍റെ കെട്ട് ഇനിയും വിട്ടിട്ടില്ല. അപ്പക്കച്ചവടക്കാരന്‍ പറഞ്ഞു: "ചേട്ടന്‍ തിരിഞ്ഞ് ഇടത്തോട്ടുള്ള വഴിയേ പൊയ്ക്കോളൂ. ഒരു സ്താദിയോണ്‍ നടന്നാല്‍ വീട്ടിലെത്താം."
കച്ചവടക്കാരന്‍റെ നിര്‍ദ്ദേശമനുസരിച്ച് അവന്‍ സ്വന്തം വീട്ടിലേക്കു നടന്നു.
കിലിയോന്‍ അന്നു വീട്ടിലെത്തിയില്ല. അയാള്‍ അന്നു രാത്രി അയാളുടെ വീട്ടുമുറ്റത്തുള്ള ആള്‍ മറയില്ലാത്ത കിണറ്റില്‍ കാല്‍ വഴുതി വീണു. അയാള്‍ വെള്ളം കുടിച്ചുമരിച്ചു.
അന്നു മുതല്‍ അവിടെ പാതിരാനേരത്ത് ഒരാള്‍ കുറച്ചകലെ തുടങ്ങി ഇടയ്ക്കിയ്ക്കു കൂവിക്കൊണ്ടു മരണസ്ഥലം വരെ വരും. കിണറ്റിന്‍കരയില്‍ വന്ന് ഒന്നു കൂവി നിര്‍ത്തും. ആഴ്ചകളോളം ഇതാവര്‍ത്തിച്ചു.
പിശാചു കൂടുന്നതാണെന്നൊരു സംസാരം നാട്ടുകാര്‍ക്കിടയില്‍ പരന്നു. മനുഷ്യര്‍ അതോടെ രാത്രികാലങ്ങളില്‍ ആ വഴി സഞ്ചരിക്കാന്‍ ഭയന്നു. അടുത്തുള്ള വീട്ടുകാരൊക്കെ സന്ധ്യയ്ക്കുമുമ്പു വീട്ടില്‍ കയറി വാതിലടച്ചു. ആ വഴിക്കു ജോലിക്കു പോയിരുന്ന യാക്കോബപ്പനും ഈ കഥ കേട്ടിരുന്നു.
അന്നൊരു രാത്രി യാക്കോബപ്പന് അതുവഴി വരേണ്ടി വന്നു. വൈകുന്നേരം പെയ്ത മഴ മൂലം യാത്ര താമസിച്ചതിനാല്‍ ആ സ്ഥലത്തെത്തിയപ്പോള്‍ രാത്രി പാതിരാവോടടുത്തിരുന്നു. യാക്കോബപ്പന്‍ ഒറ്റയ്ക്കേയുള്ളൂ.
അന്നും സാത്താന്‍റെ കൂവല്‍ കേട്ടു. അത് അടുത്തടുത്തു വന്നു.
യാക്കോബപ്പന്‍ ധൈര്യം സംഭരിച്ചു യഹോവയെ മനസ്സില്‍ ധ്യാ നിച്ച് ഒരു വൃക്ഷത്തിന്‍റെ മറവിലേക്കു മാറിനിന്നു.
രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ ഒരു കറുത്ത രൂപം അടുത്തടുത്തു വരുന്നതു യാക്കോബപ്പന്‍ കണ്ടു. കറുത്ത വസ്ത്രമണിഞ്ഞു മുഖം തട്ടമിട്ടു മറച്ചിരിക്കുന്ന ഒരു ആള്‍രൂപം.
മനുഷ്യരൂപം യാക്കോബപ്പന്‍ നിന്നിരുന്ന വൃക്ഷച്ചുവടിനടുത്തെത്തിയപ്പോള്‍ യാക്കോബപ്പന്‍ വൃക്ഷച്ചുവട്ടില്‍ നിന്നു മാറി മുമ്പോട്ടിറങ്ങി ഒരു കയ്യില്‍ യാത്രാവടി ഉയര്‍ത്തിപ്പിടിച്ച് ആ രൂപത്തോടു ശബ്ദമുയര്‍ത്തി ആജ്ഞാപിച്ചു: "നിര്‍ത്തെടാ കൂവല്‍."
കൂവി വന്ന മനുഷ്യരൂപം പേടിച്ചു പിന്നിലേക്ക് എടുത്തു ചാടി അവന്‍റെ കൂവല്‍ പകുതിവച്ചു മുറിഞ്ഞു. അവന്‍ തിരിഞ്ഞോടി. അതോടെ ഗ്രാമത്തിലെ സാത്താന്‍ കൂവല്‍ നിലച്ചു.
ജോസഫ് ഓര്‍ത്തു: ദൈവത്തിന്‍റെ സഹായം തേടുന്നവന്‍ സാത്താനെ പേടിക്കേണ്ട. ദൈവത്തിന്‍റെ ശക്തി സാത്താനില്ല. യാക്കോബപ്പന്‍ സാത്താനെ പേടിച്ചിരുന്നില്ല. താനും സാത്താനെ പേടിക്കില്ല.
ഇന്നിപ്പോള്‍ ഇവിടെ കാടിളക്കിപ്പോയത് ഏതോ കാട്ടുമൃഗമാകും. ജോസഫിന്‍റെ മനസ്സു പറഞ്ഞു.
അന്നു രാത്രി പാതിരാവുവരെ മഴ നീണ്ടുനിന്നു. ജോസഫിന് ഉറക്കം വന്നില്ല. അവന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
മഴ ശാന്തമായപ്പോള്‍ അവന്‍ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. ഇടയ്ക്കിടയ്ക്കു വീശിയ ചുളുചുളുപ്പന്‍ കാറ്റേറ്റ് അവന്‍ തണുത്തു വിറച്ചു.
നേരം വെളുക്കാറായപ്പോള്‍ അവന്‍ മരത്തില്‍ ചാരിയിരുന്ന് അല്പം ഉറങ്ങി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org