കുരങ്ങന്റെ കൈപ്പത്തി – 9

കുരങ്ങന്റെ കൈപ്പത്തി – 9

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസ്സിസ് വൈറ്റ് മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധരാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെയ്ത മേജര്‍ മോറിസ് എത്തുന്നു. ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കുമെന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
ദരിദ്രനായ തനിക്കും കുടുംബത്തിനും കുരങ്ങു പാദം വഴിയുണ്ടാകുന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുരങ്ങുപാദം തനിക്കു തരണമെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറിസ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പത്തി കൊണ്ട് മിസ്റ്റര്‍ വൈറ്റ് കുരങ്ങു പാദം വലതുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്രഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. തന്റെ കൈയ്യില്‍ കിടന്ന് കുരങ്ങുപാദം ഒരു പാമ്പിനെപ്പോലെ പുളഞ്ഞുവെന്നും തന്നില്‍ അത് വല്ലാത്ത ഭയവും ആധിയുമുണ്ടാക്കിയെന്നും മിസ്റ്റര്‍ വൈറ്റ് ഭാര്യയോടും മകനോടും പറഞ്ഞു. പിറ്റേന്ന് മകന്‍ മാവ് ആന്റ് മഗ്ഗിന്‍സ് കമ്പനിയില്‍ പതിവു പോലെ ജോലിക്കു പോയി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വൈറ്റിന്റെ വീട്ടിലേക്ക് കമ്പനിയില്‍ നിന്ന് വരുന്ന പ്രതിനിധി, കമ്പനിയിലെ ഒരു മിഷ്യനില്‍ കുടുങ്ങി ഹെര്‍ബര്‍ട്ട് കൊല്ലപ്പെട്ടുവെന്നും അതൊരിക്ക ലും കമ്പനിയുടെ കുഴപ്പം കൊണ്ടല്ലന്നും മകന്റെ അശ്രദ്ധ മാത്രമാണ് കാരണമെന്നും കമ്പനിയുടെ അഗാധമായ ദുഃഖം അറിയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്നും കമ്പനി നഷ്ടപരിഹാരം നല്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇരുന്നൂറു പവന്‍ തുകയാണ് നഷ്ടപരിഹാരമെന്ന് കമ്പനി ശിപായി അറിയിച്ചത് കേട്ട് വൈറ്റ് ദമ്പതികള്‍ ഞെട്ടിപ്പോയി.
ഏക മകന്റെ ശവസംസ്‌കാരത്തിന് ശേഷം വൈറ്റ് ദമ്പതിമാരുടെ വീട് ഒരു പ്രേതഭവനം പോലെ നിശ്ശബ്ദമാകുന്നു. പരസ്പരം മിണ്ടാതെ സ്വയം പഴിച്ചും കുറ്റപ്പെടുത്തിയും മിസ്റ്റര്‍ വൈറ്റും ഭാര്യയും കഴിയുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മിസ്സിസ് വൈറ്റ് കുരങ്ങുപാദം കൊണ്ട് തനിക്ക് ഇനിയും ആഗ്രഹങ്ങള്‍ സാധിക്കുന്നുണ്ടെന്നും അത് എടുത്തു കൊണ്ട് വരണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഒരു ആഗ്രഹം കൊണ്ടുതന്നെ മതിയായില്ലേ ഇനിയും ആ ദുശകുനം പിടിച്ച കുരങ്ങുപാദം വേണമോ എന്ന് ചോദിച്ചപ്പോള്‍ മിസ്സിസ് വൈറ്റ് ഭര്‍ത്താവിനോട് കയര്‍ക്കുന്നു. എന്താണ് ഇനിയുള്ള ആഗ്രഹം എന്ന് മിസ്റ്റര്‍ വൈറ്റ് ചോദിച്ചപ്പോള്‍ ഭാര്യ അത് പറയാനൊരുങ്ങുന്നു.

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

മിസ്സിസ് വൈറ്റ് തീവര്‍ഷിക്കുന്ന കണ്ണുകളോടെ വാതിലിനു നേര്‍ക്കു നടന്നു. പ്രിയപ്പെട്ട മകന്റെ ആഗമനത്തിനു കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട്…
ഓക്കുമരം കൊണ്ടു നിര്‍മ്മിച്ച ഗേറ്റു തുറന്ന് മകന്‍ ഹെര്‍ബര്‍ട്ട് വൈറ്റെങ്ങാനും വരുന്നുണ്ടോ…?
മിസ്സിസ് വൈറ്റിന്റെ മനസ്സുനിറയെ അതാണ്.
തുറന്നിട്ട ജനലിലൂടെ കണ്ണും നട്ടുനില്‍ക്കുന്ന തന്റെ ഭാര്യ എന്ന രൂപത്തെ മിസ്റ്റര്‍ വൈറ്റ് ഒന്നു നോക്കിപ്പോയി.
വല്ലാത്തൊരു ഭയവും ആശങ്കയും അയാളില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
രാത്രി പുറത്തേക്കു നോക്കാന്‍ തന്നെ പേടിക്കുന്ന ഭാര്യ സ്ഥലകാലബോധം തന്നെ മറന്ന് ജനലിനടുത്തു നില്‍ക്കുന്നത് ഒരിക്ക ലും നല്ലതിനല്ലല്ലോ, ദൈവമേ…
അയാള്‍ കൊളുത്തിയ മെഴുകുതിരി, തട്ടിന്റെ അടിയിലോളം കത്തിത്തീര്‍ന്ന് തിരിയില്‍ നിന്നുണ്ടായ ഇരുണ്ട നിഴലുകള്‍ മച്ചിലും ചുമരുകളിലും പിശാചുക്കളെപ്പോലെ നൃത്തമാടുകയാണെന്ന് മിസ്റ്റര്‍ വൈറ്റിന് തോന്നുകയായിരുന്നു. അയാളുടെ ഭയത്തെ ഒന്നു കൂടി ഉത്തേജിപ്പിക്കാന്‍ പോന്ന ദൃശ്യങ്ങളായിരുന്നു ആ നിഴലുകള്‍.
അവസാനം പടുതിരിയായ വെളിച്ചം ആടിയുലഞ്ഞ് അണയുകയും ചെയ്തത് വൃദ്ധന് ഒരു ഞെട്ടല്‍ കൂടി സമ്മാനിച്ചുകൊണ്ടായിരുന്നു.
നാഴികകള്‍ കടന്നുപോയി.
ഒന്നും സംഭവിച്ചിട്ടില്ല.
അതുവരെ ഉത്കണ്ഠയും ആധിയും ഭീതിയും നിറഞ്ഞ മനസ്സുമായി ഉറങ്ങാതിരുന്ന മിസ്റ്റര്‍ വൈറ്റിന് അല്പം ആശ്വാസവും സംതൃപ്തിയുമുണ്ടായി. ഇത്തവണ കൈപ്പത്തി പരാജയപ്പെട്ടിരിക്കുന്നു….
പുറത്തുനിന്ന് ഒരു പ്രതി കരണവുമില്ല, ഇത്ര നേരമായിട്ടും!
മിസ്റ്റര്‍ വൈറ്റ് പതുക്കെ ഗോവണി കയറി മുകളിലെത്തി, തീപ്പെട്ടിക്കോലുരച്ചു കൊണ്ട് പതുക്കെ കിടപ്പറയിലെത്തി.
ഒരൊറ്റ വീഴ്ച, കിടക്കയിലേക്ക്!
'ദൈവമെ, നീ കാത്തു നിനക്കു നന്ദി!'
അയാള്‍ ആത്മസംതൃ പ്തിയോടെ അല്പനേരം പ്രാര്‍ത്ഥനയില്‍ മുഴുകി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ മിസ്സിസ്സ് വൈറ്റും കിടക്കയിലെത്തി.
ഇരുവരും ഒരക്ഷരമുരി യാടിയില്ല.
നാഴികമണിയില്‍ നിന്നുള്ള 'ടിക്… ടിക്…' സ്വരം പെന്‍ഡുലത്തിന്റെ ആട്ടത്തിനൊപ്പം മുറിയില്‍ മുഴങ്ങുന്നുണ്ട്.
ഗോവണിപ്പടിയിലൂടെ എന്തൊക്കെയോ കൊച്ചു കൊച്ചു ശബ്ദം വൃദ്ധനെ ഉറക്കത്തില്‍നിന്നും പിറകോട്ടു വലിക്കുകയാണ്.
ഇരുട്ടിന്റെ എല്ലുകോച്ചുന്ന തണുപ്പിലും എലികള്‍ ഓട്ടപ്പാച്ചിലുമായി തങ്ങളുടെ സാമീപ്യം അറിയിക്കുകയാണ് എന്ന് മിസ്റ്റര്‍ വൈറ്റി നറിയാം.
എലിപ്പറ്റത്തെ ഓടിച്ചില്ലെങ്കില്‍ ഇന്നത്തെ ഉറക്കം പ്രശ്‌നമാണ്.
അയാള്‍ പതുക്കെ എണീറ്റ് തീപ്പെട്ടിയുരസി, ആ വെളിച്ചത്തില്‍ ഒരു മെഴുകുതിരിയെടുക്കാന്‍ ഗോവണിയിറങ്ങി.
എന്നാല്‍ തീപ്പെട്ടിക്കോലിന്റെ ആയുസ്സ് ഗോവണി പകുതിയാകുമ്പോഴേക്കും കഴിഞ്ഞിരുന്നു.
മറ്റൊന്നു കൂടി കത്തിച്ചെങ്കിലേ, താഴെ സ്വീകരണ മുറിയലെത്തുകയുള്ളൂ…
അപ്പോള്‍ അയാള്‍ക്കു തോന്നി, മുന്‍വാതിലില്‍ എന്തോ ശബ്ദമുണ്ടായോ?
കടവാവലുകള്‍ ബഹളമുണ്ടാക്കുന്ന കാര്യം അയാള്‍ക്കോര്‍മ്മയില്‍ തെളിഞ്ഞു.
മുറ്റത്തെ മള്‍ബെറിച്ചെടിയില്‍ രാത്രി കാലങ്ങളില്‍ വാവലുകള്‍ ബഹളമുണ്ടാക്കാറുണ്ട്. അവ അറിയാതെ വാതിലില്‍ വന്നു മുട്ടുന്ന തും പതിവാണ്.
വൃദ്ധന്‍ മെഴുകുതിരിയെ ടുക്കാന്‍ അലമാര തുറന്നപ്പോള്‍ വാതിലില്‍ നിന്ന് പിന്നെയും കേട്ടു ശബ്ദം
അത് വെറും ശബ്ദമല്ല, വാതിലില്‍ മുട്ടുകയാണ്… അര്‍ത്ഥഗര്‍ഭമായ മുട്ട്….
വൃദ്ധന്റെ മുഖം ഇത്തവണ വിളറി വെളുത്തു പോയി.
കൈയ്യില്‍നിന്ന് തീപ്പെട്ടിയും പുറത്തെടുത്ത കോലും വീണുപോയി.
തന്റെ ശ്വാസഗതി നിലച്ചുപോവുകയാണോയെന്ന് മിസ്റ്റര്‍ വൈറ്റിനു തോന്നി.
അരണ്ടവെട്ടത്തില്‍ വാതിലിലേക്കു പാളിനോക്കിയ വൈറ്റിന്റെ കാതുക ളില്‍ പിന്നെയും ആ ശബ്ദം വന്നെത്തുക യാണ്….
തനിക്ക് സുപരിചിത മായ മുട്ടല്‍…!
മേലാസകലമൊരു വിറ ബാധിക്കുന്നതായും തന്റെ ചലനശേഷി നഷ്ടമാകുന്ന തായും നെറ്റിയില്‍ വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നതായും അയാള്‍ക്കു തോന്നി.
ആക്രമിക്കാന്‍ വരുന്ന ഒരു വ്യാഘ്രത്തില്‍നിന്നും ജീവന്‍ രക്ഷിക്കാനെന്ന മട്ടില്‍ മിസ്റ്റര്‍ വൈറ്റ് ഗോവണിപ്പടികള്‍ കയറി മുകളിലെ കിടപ്പുമുറിയിലെത്തി, വാതില്‍പ്പാളികള്‍ കൊട്ടിയടച്ചു തഴുതുകളിട്ടു.
മുകളിലത്തെ നിലയിലേക്കും കേള്‍ക്കുമാറുച്ചത്തില്‍ മൂന്നാമതും മുട്ടു കേള്‍ക്കുന്നു…
"എന്താണാ ശബ്ദം…?"
ഉറങ്ങാതിരുന്ന മിസ്സിസ് വൈറ്റ് ചോദിച്ചു.
"അത്… അത്… മുട്ടനൊരെലി…! പേടിച്ചു പോയി ഞാന്‍….!"
മിസ്റ്റര്‍ വൈറ്റ് വിറച്ചു കൊണ്ടാണ് പറഞ്ഞത്.
'എലിയെക്കണ്ട് പേടിച്ചു വന്നിരിക്കുന്ന പേടിത്തൊണ്ടന്‍' എന്ന് ഭര്‍ത്താവിനെക്കുറിച്ച് കൗതുകത്തോടെ ഓര്‍ത്തുകൊണ്ട് മിസ്സിസ്സ് വൈറ്റ് കിടക്കയില്‍ എഴു ന്നേറ്റിരുന്നു.
അപ്പോള്‍ നാലാമതും വാതിലില്‍ മുട്ടു കേള്‍ക്കാ യി മുമ്പത്തേതിനേക്കാള്‍ ഉച്ചത്തിലും വാതില്‍ പൊളി ഞ്ഞുപോകുന്ന മട്ടിലുള്ളതു മായ മുട്ടല്‍…!
ശാന്തയായിരുന്ന മിസ്സിസ് വൈറ്റില്‍ എങ്ങുനിന്നോ അവതാരശക്തി സന്നിവേശിച്ച നിമിഷങ്ങള്‍…
"അതെ… അതവനാണ്… ഹെര്‍ബര്‍ട്ട്… എന്റെ പൊന്നുമോന്‍ ഹെര്‍ബര്‍ട്ട്!!"
മിസ്സിസ് വൈറ്റ് കിടക്കയില്‍ നിന്നെഴുന്നേറ്റ് ഗോവണിപ്പടികളിറങ്ങിപ്പോകുന്നത് കണ്ട് ഇതികര്‍ത്തവ്യാ മൂഢനായി മിസ്റ്റര്‍ വൈറ്റ് നിന്നുപോയ നിമിഷങ്ങള്‍….

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org