കുരങ്ങന്റെ കൈപ്പത്തി – 2

കുരങ്ങന്റെ കൈപ്പത്തി – 2

വില്യം വൈ മാര്‍ക്ക് ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം

ഗിഫു മേലാറ്റൂര്‍

(അദ്ധ്യായം 2)

പുറത്ത് മഞ്ഞുപെയ്ത്തിനും തണുപ്പിനും ശക്തികൂടി വരുന്നു.
മിസ്സിസ് വൈറ്റ് ജനാലയിലെ കര്‍ട്ടന്‍ താഴ്ത്തിയിട്ടു. ജനല്‍പാളികള്‍ അടച്ചു. അതിനകം മൂന്ന് ഗ്ലാസ് വിസ്‌കി മേജര്‍ മോറിസ് അകത്താക്കിയിരുന്നു.
അകത്തും പുറത്തും ചൂട് കിട്ടിയപ്പോള്‍ മേജര്‍ക്ക് ഉന്മേഷമായി. അയാള്‍ ചില നാടോടി ഗാനങ്ങള്‍ മൂളാന്‍ തുടങ്ങി. അപ്പോള്‍ മിസ്റ്റര്‍ വൈറ്റിനും ഉത്സാഹമായി.
തന്റെ ചങ്ങാതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചുതുടങ്ങി.
"ഇരുപത്തൊന്നു വര്‍ഷമായി ഇദ്ദേഹം ഇന്ത്യയിലായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലെ ഒരുദ്യോഗസ്ഥന്‍. നാടുവിടുമ്പോള്‍ ഞാനും ഇദ്ദേഹവും ഒരു പാണ്ടികശാലയിലെ പണിക്കാരായിരുന്നു…"
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ച ഓവര്‍കോട്ട് ഊരി നെരിപ്പോടിന്റെയടുത്തുള്ള മരക്കുറ്റിയില്‍ കൊളുത്തിയശേഷം തന്റെ വിശാലമായ നെഞ്ച് വിരിച്ചുകൊണ്ട് മേജര്‍ വാചാലനാകാന്‍ തുടങ്ങി.
"യുദ്ധങ്ങള്‍ എനിക്കു പുത്തരിയല്ല… മനുഷ്യരുമായും പ്ലേഗുമായും ഞാന്‍ പോരാടിയിരുന്നു…"
ഇന്ത്യയിലെ പ്ലേഗുബാധക്കാലത്ത് മേജര്‍ ഇന്ത്യന്‍ ആര്‍മിയിലുണ്ടായ വിവരം മിസ്സിസ് വൈറ്റും ഹെര്‍ബര്‍ട്ട് വൈറ്റും കൗതുകത്തോടെ കേട്ടിരുന്നു.
"പക്ഷേ, അമ്മേ… അത്രയൊന്നും കഷ്ടപ്പെട്ടതിന്റെ ലക്ഷണം കാണാന്നില്ലല്ലോ. എല്ലാം വീരവാദങ്ങളായിരിക്കുമോ…?"
ഹെര്‍ബര്‍ട്ട് വൈറ്റ് അമ്മയോടു പതുക്കെ ചോദിച്ചു.
"താങ്കള്‍ ജോലി ചെയ്ത ഇന്ത്യ എനിക്കുമൊന്നു സന്ദര്‍ശിച്ചാല്‍ കൊള്ളാമെന്നുണ്ട്."
മിസ്റ്റര്‍ വൈറ്റിന്റെ ആഗ്രഹം കേട്ടപ്പോള്‍ മേജര്‍ മോറിസിന്റെ മുഖത്ത് മറ്റൊരുഭാവം തെളിഞ്ഞു.
"എന്തിന്?"
ഒഴിഞ്ഞ ഗ്ലാസ് മേശയില്‍ ശക്തിയായി വെച്ചുകൊണ്ട് മേജര്‍ തുടര്‍ന്നു:
"സ്വന്തം നാടിനേക്കാള്‍ കേമമൊന്നുമല്ല അന്യനാടുകള്‍…"
"അതല്ല. ഇന്ത്യയിലെ ക്ഷേത്രങ്ങളും ദിവ്യന്മാരും ജീവിതരീതിയുമൊക്കെ രസകരമാണ് എന്നല്ലേ, അന്ന് താങ്കള്‍ പറഞ്ഞിരുന്നത്…."
"ദിവ്യന്മാരൊക്കെയുണ്ട്. നേരുതന്നെ. പല ഇന്ദ്രജാലങ്ങളും അവര്‍ കാണിക്കും. നമ്മുടെ കൈനോക്കി ഭാവി പറയുന്ന വിരുതന്മാര്‍ പോലും ഇന്ത്യയിലുണ്ട്… മന്ത്രിക വിദ്യ മന്ത്രമ്മൂതി ഐശ്വര്യം പ്രദാനം ചെയ്യുന്ന ദിവ്യന്മാര്‍…"
മോറിസ് വാചാലനാകുകയാണ്.
മിസ്സിസ് വൈറ്റിനും ഹെര്‍ബര്‍ട്ട് വൈറ്റിനും രസം പിടിച്ചു.
"അല്ല, മോറിസ് മേജര്‍… ഒന്നു ചോദിച്ചോട്ടേ… അന്നു സംസാരിച്ചപ്പോള്‍ ഒരു വിശേഷപ്പെട്ട സാധനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ലേ?.. കുരങ്ങന്റെ കൈപ്പത്തിയോ, പാദമോ അങ്ങനെ ഏതാണ്ട്….?
മിസ്റ്റര്‍ വൈറ്റ് ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്തു കൊണ്ടു ചോദിച്ചു.
"ഓ…. അത്…. അതത്ര കാര്യമൊന്നുമല്ല, മിസ്റ്റര്‍ വൈറ്റ്…"
അതിനെപ്പറ്റി സംസാരിക്കാന്‍ തന്നെ താത്പര്യമില്ലാത്ത മട്ടില്‍ മേജര്‍ നിസ്സാരമട്ടിലാണ് പറഞ്ഞത്.
"അങ്ങനെയല്ല മേജര്‍… അതിനെപ്പറ്റി എനിക്ക് കൂടുതല്‍ അറിയണം… പറയൂ…"
മിസ്റ്റര്‍ വൈറ്റ് കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ പറഞ്ഞു.
"അത് കൂടോത്രമോ, ആഭിചാരമോ, മാന്ത്രികവിദ്യയോ ഒക്കെയാണ് മിസ്റ്റര്‍ വൈറ്റ്. അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാനേ താത്പര്യമില്ല…"
മോറിസിന്റെ വര്‍ത്തമാനം ശ്രദ്ധിച്ചിരിക്കുകയായിരുന്ന മിസ്സിസ് വൈറ്റും മകനും കുരങ്ങന്റെ കൈപ്പത്തിയെക്കുറിച്ചറിയാന്‍ അടുത്തുകൂടി.
"ഇതാണത്…."
മേജര്‍ തന്റെ കുപ്പായക്കീശയില്‍ കൈയ്യിട്ട് എന്തോ ഒരു കറുത്ത സാധനം പുറത്തേക്കെടുത്ത് മേശപ്പുറത്തു വെച്ചു.
"ഇത് ഒരു കുരങ്ങന്‍കുഞ്ഞിന്റേതാണല്ലോ… കുഞ്ഞുകൈപ്പത്തി…"
മിസ്റ്റര്‍ വൈറ്റ് പറഞ്ഞു.
"ഈജിപ്തിലെ മമ്മി യെപോലെ ചുക്കിച്ചുളിഞ്ഞത്…!"
മേശയില്‍ വെച്ച കുരങ്ങുകൈപ്പത്തി ഒറ്റനോട്ടത്തില്‍ത്തന്നെ മിസ്സിസ് വൈറ്റിനെ വല്ലാതാക്കിക്കളഞ്ഞു. അവര്‍ പെട്ടെന്നു തന്നെ മുഖം ചുളിച്ചു. ഒരുഭയം അവരുടെ മുഖത്ത് വന്നു നിറഞ്ഞിരുന്നു.
എന്നാല്‍ ഹെര്‍ബര്‍ട്ട് വൈറ്റ് കൗതുകത്തോടെ കൈപ്പത്തി മേശയില്‍ നിന്നെടുത്ത് തിരിച്ചും മറിച്ചും നോക്കുക തന്നെയായിരുന്നു.
"എന്താണ് ഇതിന്റെ പ്രത്യേകത?"
മിസ്റ്റര്‍ വൈറ്റ് മകന്റെ കൈയില്‍നിന്ന് കൈപ്പത്തി വാങ്ങി പരിശോധിച്ച് മേശപ്പുറത്തുവെച്ചു.
"അത് ഒരു സംഭവം തന്നെയാണ് മിസ്റ്റര്‍ വൈറ്റ്…."
മേജര്‍ മോറിസ് കുരങ്ങുകൈപ്പത്തിയെക്കുറിച്ചു പറയുകയാണ്….
"ഇന്ത്യയിലായിരുന്നപ്പോള്‍ വിശുദ്ധനായ ഒരു ഫക്കീറാണ് ഇതിന് ദിവ്യശക്തി മന്ത്രിച്ചു നല്കിയത്…."
"ഈ കൈപ്പത്തി എങ്ങനെ താങ്കള്‍ക്കു ലഭിച്ചു?"
"പട്ടാളക്കാരുടെ വെടിയേറ്റു വീണ കുരങ്ങന്‍ കുഞ്ഞിന്റെ പാദം മുറിച്ചെടുത്ത് സൂപ്പുണ്ടാക്കിയാല്‍ ശരീരപുഷ്ടിവരുമെന്ന് ഒരു കൂട്ടം വൈദ്യന്മാര്‍ വിശ്വസിച്ചിരുന്നു. അവരില്‍നിന്ന് എങ്ങനെയോ കൈമാറി മറിഞ്ഞ് എന്റെ പക്കല്‍ എത്തിയതാണിത്…."
"ഇതില്‍ മന്ത്രമുരുക്കിയൂതി മാന്ത്രികശക്തി വരുത്തിയ ആ ഫക്കീര്‍ യഥാര്‍ത്ഥ വിശുദ്ധന്‍ തന്നെയായിരുന്നു. മനുഷ്യരുടെ ജീവിതം നിയന്ത്രിക്കുന്നത് ദൈവവിധിയാണ് എന്നും അത് തരണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ പ്രയാസങ്ങളും പ്രശ്‌നങ്ങളും വിലകൊടുത്തുവാങ്ങുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം തെളിയിക്കാനാണ് അങ്ങനെ ചെയ്തത്…."
"എന്ത്? തെളിയിച്ചു പറയൂ…"
വൈറ്റ് ദമ്പതിമാരും മകനും മിഴിച്ചുനിന്ന് മോറി സ് പറയുന്നത് സശ്രദ്ധം കേള്‍ക്കുകയാണ്.
"എന്താണു കൈപ്പത്തിയുടെ മാന്ത്രികശക്തി?"
മൂവരും ഒരുമിച്ചാണ് ആ ചോദ്യമിട്ടത്.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org