തീരാമഴ – അധ്യായം 5

തീരാമഴ – അധ്യായം 5

വെണ്ണല മോഹന്‍

പക്ഷേ, അതെല്ലാം താത്കാലികമായി മാറി. എന്തിനും ഏതിനും സംശയം പറയുക. പിന്നെ മാപ്പ് പറയുക.

എവിടെ പോയാലും ഓരോ നടപ്പിനും സംസാരത്തിനും നോട്ടത്തിനുപോലും ദുരര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കും.

ഓരോ രാത്രിയും സാഡിസത്തിന്‍റെ പിടിയിലമര്‍ന്നു വേദനിക്കുക.

പിന്നെ-

ഒരേറ്റു പറച്ചില്‍, മാപ്പ്. വീണ്ടും തനിയാവര്‍ത്തനം. മാപ്പിലും ഏറ്റുപറച്ചിലിലുമുള്ള വിശ്വാസമേ പോയി.

പീറ്ററും അതിലെ ആവര്‍ത്തനവിരസതയില്‍ പെട്ടുപോയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ഏറ്റുപറച്ചിലും മാപ്പും ഇല്ലാതായി. അപ്പോഴും സംശയം പറയുന്നതു നിര്‍ത്തിയില്ല.

കേട്ടുകേട്ടു മടുത്തതു മൂലം മനസ്സു മരവിച്ചു. എന്നാലും മനുഷ്യസ്ത്രീയല്ലേ ഇടയ്ക്കിടെ നോവുകയും ചെയ്തു.

എന്നാല്‍ പീറ്റര്‍ വീട്ടുകാരുടെ മുന്നിലൊക്കെ എത്ര കുലീനതയോടെയാണു പെരുമാറുന്നത്, സംസാരിക്കുന്നത്. ആര്‍ക്കും ഒരു കുറ്റവും പീറ്ററില്‍ കാണാനാവില്ല.

എന്തെങ്കിലും താന്‍ പറഞ്ഞുപോയാല്‍ തന്നിലേ കുറ്റം കാണൂ. ഒരുപക്ഷേ, തന്‍റെ അപ്പച്ചനും അമ്മച്ചിക്കും തന്നേക്കാളേറെ വിശ്വാസം പീറ്ററിനോടാണെന്നു തോന്നിപ്പോയിട്ടുണ്ട്.

ഇതിനെല്ലാം ഇടയില്‍ കിടന്നു വിങ്ങുന്ന ഈ ട്രീസയുടെ മനസ്സ് ആരറിയുന്നു!

വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ഗര്‍ഭിണിയായി. അതുതന്നെ കൂടുതല്‍ സന്തോഷത്തിനു കാരണമായി. കാത്തിരുന്ന് പീറ്റര്‍ വന്നപ്പോള്‍ ആദ്യമായി പീറ്ററിനോടു പറഞ്ഞു.

"നാളെ ഡോക്ടറെ കാണണം."

"ങും…"

"ഞാന്‍ ക്യാരി ചെയ്തോന്നു സംശയം; കണ്‍ഫേം ചെയ്യണ്ടേ…?"

പീറ്ററില്‍ ഒരാലോചന മാത്രം.

പിറ്റേന്ന് ഡോക്ടറെ കണ്ടു. കണ്‍ഫേമായി. പീറ്ററില്‍ മാത്രം വലിയ സന്തോഷമൊന്നുമില്ല.

"ഇച്ചായന് ഒരു സന്തോഷവുമില്ലേ; നമുക്ക് ഒരു കു ഞ്ഞുണ്ടാകാന്‍ പോകുന്നതറിഞ്ഞിട്ടും" – ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"നമുക്ക് ഒരു കുഞ്ഞ്…"

ആദ്യം അയാള്‍ പിറുപിറുത്തു. പിന്നെ പറഞ്ഞു: "ഇതു ലോകത്തു നടക്കുന്ന ആദ്യകാര്യമൊന്നുമല്ലല്ലോ."

"പക്ഷേ നമുക്കുണ്ടാകുന്ന കുഞ്ഞ് ആദ്യകാര്യം തന്നയല്ലേ?"

"ങും…"

പിന്നെയും ഒരു മൂളല്‍ മാത്രം ബാക്കിനിന്നു.

പക്ഷേ, ഇരുവീടുകളിലും ഇതറിഞ്ഞപ്പോള്‍ സന്തോഷത്തിന്‍റെ തിരയിളക്കമായിരുന്നു.

തന്നോട് ഇതൊക്കെ പറഞ്ഞെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ പീറ്റര്‍ വല്ലാതെ സന്തോഷം പ്രകടിപ്പിച്ചു. അവരെല്ലാവരും പറഞ്ഞു.

"കണ്ടോ… പീറ്ററിന്‍റെ സന്തോഷം കണ്ടോ… ട്രീസയേക്കാള്‍ സന്തോഷം പീറ്ററിനാ…"

അത് കേള്‍ക്കുമ്പോള്‍ ഒരു ജീവനില്ലാത്ത ചിരി മാത്രം തന്‍റെ ചുണ്ടില്‍ നിറഞ്ഞു.

പെട്ടെന്നൊരു കാല്‍പ്പെരുമാറ്റം കേട്ടു ട്രീസയുടെ ചിന്തകള്‍ ഉടഞ്ഞു.

പീറ്ററാണ്.

അയാള്‍ കട്ടിലില്‍ ട്രീസയുടെ അരികില്‍ വന്നിരുന്നു. കിടക്കയില്‍ കണ്ണു തുറന്നു ലോകം കണ്ടു കിടക്കുന്ന കുട്ടിയെ ഒന്ന് ഉറ്റുനോക്കി. എടുത്തു മടിയില്‍ വയ്ക്കാന്‍ ആഞ്ഞു.

ട്രീസ കുഞ്ഞിനെയെടുത്ത് മടിയില്‍വച്ചു കൊടുത്തു.

"എന്താ മോനിട്ട പേര്…?"

ഒരു അന്യനെപ്പോലെ അയാള്‍ ചോദിച്ചു.

"നവീന്‍… ഞാന്‍ ഇച്ചായന്‍ പറഞ്ഞുതന്ന പേരാണെന്നാ എല്ലാവരോടും പറഞ്ഞത്. ഞാനോരോ പേരും ചോദിച്ചതല്ലേ. ഇന്നലെകൂടി ചോദിച്ചിട്ട് ഒരു പേരും പറഞ്ഞില്ലല്ലോ. നവീന്‍ എന്ന പേര് ഇന്നലെ പറഞ്ഞതാ. അതും മറന്നുപോയോ… സ്വന്തം മോന്‍റെ പേരുപോലും അവന്‍റപ്പച്ചന്‍ മറന്നുപോണൂ അല്ലേടാ കുട്ടാ…"

അതും പറഞ്ഞു ട്രീസ കുഞ്ഞിനെ ഒന്നു ലാളിച്ചു.

"നമുക്ക് ഇവനൊരു വിളിപ്പേരു വേണം; അതു കണ്ടുപിടിക്കണം."

കുഞ്ഞിനെ ഉറ്റുനോക്കിക്കൊണ്ടു പീറ്റര്‍ പറഞ്ഞു.

പീറ്ററിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ അയാളെ സാകൂതം നോക്കി.

"നവീന്‍… പേര് ഇഷ്ടപ്പെട്ടില്ലേ…?"

"ഈ പേര് നിനക്ക് ആരാ സജസ്റ്റ് ചെയ്തത്?" – അയാള്‍ ചോദിച്ചു.

"പേര് ഇഷ്ടായോ…? അത് പറയ്…"

"നിനക്കും സജസ്റ്റ് ചെയ്തവനും ഇഷ്ടമായില്ലേ. പിന്നെന്താ കുഴപ്പം?"

സജസ്റ്റ് ചെയ്തവന്‍!

ട്രീസ വീണ്ടും നോക്കി. അപ്പോള്‍ ആ നോട്ടത്തിന്‍റെ അര്‍ത്ഥം മാറിക്കഴിഞ്ഞിരുന്നു.

അല്പമൗനത്തിനുശേഷം ട്രീസ തന്നെ പറഞ്ഞു: "വിളിക്കാന്‍ നല്ലൊരു ഓമനത്തമുള്ള പേര് ഇച്ചായന്‍തന്നെ സെലക്ട് ചെയ്യ്…"

"നീയും ആലോചിക്ക്…"

"നമുക്കു രണ്ടു പേര്‍ക്കും ആലോചിക്കാം. എന്നിട്ട് ഇച്ചായന്‍ സെലക്ട് ചെയ്യുന്നതു നമ്മള്‍ ഡിസൈഡ് ചെയ്യുന്നു എന്താ…?"

"അല്ല; നിനക്കതിലെ ആദ്യാക്ഷരം ഏതെങ്കിലും വേണമെന്നുണ്ടോ?"

"അങ്ങനൊന്നുമില്ല; എന്താ ആ ഒരു ചോദ്യം?"

"അല്ല ചില പേരുമായി ചേര്‍ച്ച വരാന്‍ തോന്നാമല്ലോ. ഇഷ്ടപ്പെട്ടവരെ ഓര്‍ക്കാനും അങ്ങനെ പറ്റുമല്ലോ."

വീണ്ടും ട്രീസ മൗനത്തിലേക്കു വീണു.

ഒരു കുട്ടിയുണ്ടായാലെങ്കിലും മാറുമെന്നു കരുതിയ ഈ മനസ്സ് ഇനിയും ഇങ്ങനെയൊക്കെത്തന്നെയായിരിക്കുമോ!? അവള്‍ സ്വയം ചിന്തിച്ചു.

ഒരിക്കല്‍ ഒന്നാണെങ്കില്‍ മറ്റൊരിക്കല്‍ വേറൊന്ന്. ഈ പീറ്ററിന്‍റെ സ്വഭാവം ഒന്നു നിര്‍ണയിക്കാനോ നിര്‍വചിക്കാനോ പോലും ഇത്രയും കാലമായിട്ടും തനിക്കാവുന്നില്ലല്ലോ; ട്രീസ ഓര്‍ക്കുകയായിരുന്നു.

ആഹ്ലാദത്തിന്‍റെ ഇടവേളകളിലെപ്പോഴോ നെല്‍സണ്‍ നീനയോടു ചോദിച്ചു: "പീറ്ററളിയന് എന്തോ ഒരു വല്ലായ്മയുണ്ടോ? രസക്കേടുള്ളതുപോലെ."

"എനിക്കൊന്നും തോന്നീല്ല. അല്ലേലും അങ്ങനെയല്ലേ? ഒരു മൂഡിന്‍റെ ആളല്ലേ പുള്ളി."

"അങ്ങനൊരു മൂഡിനെന്താണാവോ കാരണം?"

"എന്തു കാരണം. ഇപ്പംതന്നെ ചെന്നു നോക്കണം. കുഞ്ഞു ജനിച്ചെന്നറിഞ്ഞപ്പോഴേ എന്തൊക്കെ കളിപ്പാട്ടങ്ങളും സാധനങ്ങളുമാ വാങ്ങികൂട്ടിയിരിക്കുന്നതെന്നറിയാമോ…?"

"ങും…" അതിലൊന്നും അത്ര വിശ്വാസം വരാത്ത രീതിയില്‍ നെല്‍സണ്‍ മൂളി.

അകത്ത് ആനിയമ്മയും ബന്ധുക്കളും കൂടി കുഞ്ഞിനു കിട്ടിയ സമ്മാനപ്പൊതികള്‍ തുറന്നു നോക്കുകയും സമ്മാനങ്ങളെക്കുറിച്ചു പറയുകയും ചെയ്യുകയായിരുന്നു. അവിടെ വീട്ടുകാരെപ്പോലെ ഏലിചേടത്തിയും നിന്നിരുന്നു.

"കുട്ടിമോതിരങ്ങള്‍ തന്നെ ഒത്തിരി കിട്ടിയല്ലേ ആനിയമ്മേ…?"-ഏലിചേടത്തി ചോദിച്ചു.

ആനിയമ്മയും മറ്റുള്ളവരും അതു കേട്ടഭാവം പോലും വച്ചില്ല.

അവരുടെ അവഗണന ഏലിചേടത്തി തിരിച്ചറിഞ്ഞു.

"പള്ളീല് വന്നു മാമ്മോദീസാ ചടങ്ങും കഴിഞ്ഞു ഞാന്‍ വീട്ടിലോട്ടു പോകാനിരുന്നതാ… അവിടെ ചെന്നിട്ട് പിടിപ്പതാ പണി… പിന്നെ, പീറ്ററുമോന്‍ നിര്‍ബന്ധിച്ചതുകൊണ്ട്… എങ്ങനെ ധിക്കരിക്കാനാ… ഇവിടെ വരെ വന്നേച്ച് പോകാമെന്നു കരുതി."

അതിനും മറുപടി ആനിയമ്മ പറഞ്ഞില്ല.

കൂട്ടത്തിലുണ്ടായിരുന്ന ആരോ ചോദിച്ചു: "ഏലിചേടത്തിക്കന്നാ പീറ്ററുമോന്‍റെ വീട്ടിലോട്ടുംകൂടി ഒന്നു പോകാന്‍ മേലായിരുന്നോ…?"

"പോണണ്ട്… പോണണ്ട്… പീറ്ററുമോന്‍ എപ്പഴും വിളിക്കണുണ്ട്… കയ്യൊഴിഞ്ഞു പോയി വരാനൊരു സമയം കിട്ടിയാ ഞാന്‍ ചെല്ലും. സ്നേഹത്തോടെ നിര്‍ബന്ധിച്ചാ ഈ ചേടത്തിക്കതു വേണ്ടെന്നു വയ്ക്കാന്‍ പറ്റത്തില്ല."

എല്ലാവരെയും നോക്കി ഒന്നു ചിരിച്ചു ചേടത്തി തുടര്‍ന്നു: "അല്ലെങ്കിത്തന്നെ പീറ്ററുമോന്‍ ഇവിടെ വരുമ്പോ എന്നേകൂടി കാണാതെ പോവത്തില്ല. ഒള്ളത് പറയാല്ലോ… നല്ല സ്നേഹോള്ളോനാ…"

അതിനും ആരും മറുപടി പറഞ്ഞില്ല. തീര്‍ത്തും തന്നെ ഒഴിവാക്കുകയാണെന്നു മനസ്സിലായപ്പോള്‍ ഏലിചേടത്തി സാവധാനം എഴുന്നേറ്റു. "ആ കുഞ്ഞിനെ ഒന്നു ശരിക്കും കണ്ടില്ല. കുഞ്ഞിനെ ഒന്നുകൂടി കണ്ടേച്ചു ഞാന്‍ പോട്ടെ."

ഏലിചേടത്തി നീങ്ങിയപ്പോള്‍ ആനിയമ്മയോട് ആരോ പറഞ്ഞു: "ചേടത്തിയെ ഇങ്ങനെ അടുപ്പിക്കണതു നല്ലതിനല്ല."

"ഇതു പണ്ടാരാണ്ടോ പറഞ്ഞപോലായല്ലോ… ഞാന്‍ അടുപ്പിച്ചിട്ടാണാ… അവരു തനിയെ അടുക്കുകയല്ലേ?"

"അടുക്കുന്നിടത്തൊക്കെ കൊളംകോരി കൈകൊട്ടി ചിരിച്ചു സന്തോഷിക്കുന്നവരാ അവര്. ഞാന്‍ പറയാതെ തന്നെ ആനിയമ്മയ്ക്കറിയാമല്ലോ. പിന്നെ ആ ബന്ധുക്കാരന്‍ മോനോടും പറഞ്ഞേക്കണം ചേടത്തിയുമായി വല്യ അടുപ്പത്തിനൊന്നും പോകണ്ടാന്ന്."

"ഞാനതു ട്രീസയോടു പറഞ്ഞിട്ടുണ്ട്, പറയാന്‍. നമ്മള് പറയണതിനേക്കാളും നല്ലത് അവള് പറഞ്ഞ് അവനെ വിലക്കുന്നതല്ലേ" – ആനിയമ്മ പറഞ്ഞു.

അപ്പോഴാണു മറിയം പറഞ്ഞത്: "വലിയനിരേലെ കൊച്ചിന്‍റെ കല്യാണം കഴിഞ്ഞിട്ട് മൂന്നാംപക്കം അവനവളെ കൊണ്ടുവന്നു വിട്ടു. പിന്നില്‍ ഈ ദുഷിപ്പുകാരിയാണെന്നാ കേട്ടത്."

"എല്ലാം കര്‍ത്താവു കാണുന്നില്ലേ മറിയാമ്മേ – വേദപുസ്തകം വായിക്കണം, പ്രാര്‍ത്ഥിക്കണം. 89-ാം സങ്കീര്‍ത്തനം വായിച്ചുനോക്ക്. സൈന്യങ്ങളുടെ രാജാവായ യഹോവയ്ക്കു കഴിയാത്തത് ഒന്നുമില്ല. അവന്‍ സമുദ്രത്തിന്‍റെ ഗര്‍വത്തെ അടക്കി വാഴുന്നു. തിരകള്‍ പൊങ്ങുമ്പോള്‍ അവയെ അമര്‍ത്തുന്നു. അവന്‍ റഹബിനെ ഒരുഹതനെപ്പോലെ തകര്‍ത്തു. അവന്‍റെ ബലമുള്ള ഭുജംകൊണ്ടു ശത്രുക്കളെ ചിതറിച്ചുകളഞ്ഞു…" – ബൈബിളൊന്നോര്‍മ്മിപ്പിച്ചു ആനിയമ്മ.

"ശരിയാ… വിതയ്ക്കുന്നവരു കൊയ്തോളും."

"ഏതാകാശകോടാലിയാ ചേടത്തിക്കു കര്‍ത്താവു വച്ചിരിക്കുന്നതെന്നാര്‍ക്കറിയാം" – ഗ്രേസി പറഞ്ഞു.

"വിധിക്കണ്ട ഗ്രേസിക്കൊച്ചേ… വിധിക്കുന്നവന്‍ വിധിക്കപ്പെടും എന്നല്ലേ വേദപുസ്തകം പറഞ്ഞിരിക്കുന്നത്."

മറിയം ആ സംസാരം അവിടെവച്ച് അവസാനിപ്പിക്കാനുള്ള ശ്രമം നടത്തി.

വീണ്ടും അവര്‍ സമ്മാനപ്പൊതികളിലേക്കും വിശേഷങ്ങളിലേക്കും തിരിച്ചുപോയി.

എങ്കിലും ആനിയമ്മ വിഷമത്തിലായിരുന്നു. രാത്രി കിടക്കാന്‍ നേരം ആനിയമ്മ തോമസിനോടു പറഞ്ഞു: "ഇനി അധികംകാലം ട്രീസേം കുഞ്ഞും ഇവിടെ ഉണ്ടാവത്തില്ല… അവരു കൊണ്ടോവത്തില്ലേ; അതോര്‍ക്കുമ്പോഴാ വിഷമം."

"ങാ… അതല്ലേ പതിവ്."

തോമസ് ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളിലൊരു വിഷമമുണ്ട്. അതു പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ.

സങ്കടം വന്നാല്‍, കരയാന്‍പോലും അവകാശമില്ലാത്തവനാണല്ലോ പുരുഷന്‍. അവന്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കു പരിഹാരം കണ്ടെത്തേണ്ടവന്‍. എന്നിട്ടു സ്വന്തം സങ്കടങ്ങള്‍ ഉള്ളിലൊതുക്കി കഴിയേണ്ടവന്‍.

"ഇടയ്ക്കൊക്കെ അവരു വരുമായിരിക്കും. നമുക്കും ഇടയ്ക്കിടെ പോണം കെട്ടോ…" – ആനിയമ്മ നിശ്വസിച്ചു.

"നീ വേണേല്‍ അവിടേക്കു പൊറുതി മാറ്റിക്കോ" – തോമസ് തമാശ പറഞ്ഞു.

"നിങ്ങക്ക് അവളും കുഞ്ഞും പോകുമ്പം ഒരു വിഷമോമില്ലേ?"- ആനിയമ്മ ചോദിച്ചു.

"നടക്കേണ്ടതു നടക്കണം. അതാ നിയമം. അതില്‍ വിഷമത്തിനും സന്തോഷത്തിനൊന്നും വലിയ കാര്യമില്ല."

"ഒരു വലിയ തത്ത്വജ്ഞാനി."

ആനിയമ്മ തോമസിനെ കളിയാക്കി. പിന്നെ, കിടക്കാന്‍ നേരം കര്‍ത്താവിനെ ഒന്നുകൂടെ സ്മരിച്ചു.

പീറ്റര്‍ സ്വയം ചിന്തിക്കുകയായിരുന്നു. എന്താണ് ഇതൊക്കെ?

തനിക്ക് അതിരറ്റ സ്നേഹമുണ്ട് ട്രീസയോട്. ജീവനാണ്. എങ്കിലും പലപ്പോഴും തന്‍റെ മനസ്സ് അവളെ സംശയിച്ചുപോകുന്നു. കാണുന്നതെല്ലാം സംശയത്തിന്‍റെ കണ്ണുകൊണ്ടാണു നോക്കുന്നത്.

എന്നാല്‍ അവള്‍ തെറ്റും ചെയ്യും എന്നു വിശ്വസിക്കാനാവുന്നില്ല. ഒരു മാതൃകാ ക്രിസ്തീയഭവനത്തില്‍ ജനിച്ചു വളര്‍ന്നവളാണ്. ഒരിക്കല്‍പോലും തന്നെക്കുറിച്ചവള്‍ മറ്റൊരാളോടു മോശമായി പറഞ്ഞതായി കേട്ടിട്ടില്ല; എന്നിട്ടും…

പലരും തന്നോടു പറഞ്ഞിട്ടുണ്ട്, "പീറ്ററേ താന്‍ ഭാഗ്യവാനാണ്… നല്ല അഴകും സ്വഭാവോം ഉള്ള പെണ്ണാ…"

സ്വഭാവത്തിന്‍റെ അവര്‍ക്കെങ്ങനെ അറിയാം. പിന്നെ, അവള്‍ നല്ലതാണെന്നു തന്നെ ധരിപ്പിക്കാന്‍ അവരെന്തിനു ശ്രമിക്കണം?

അവര്‍ക്ക് അവളെ നേരത്തെ പരിചയമുണ്ടോ… അതോ, അവര്‍ പറഞ്ഞുകേട്ടിട്ടുണ്ടോ…?

അങ്ങനെയാണെങ്കില്‍ അവര്‍ പറഞ്ഞുകേട്ടത് എന്തായിരിക്കും?

അല്ല-

നാട്ടിലെ പിന്‍ചരിത്രം മുഴുവനും അറിയാവുന്ന ആളാണ് ഏലിചേടത്തി. ഓരോരുത്തരുടെയും തലവര വരെ പറയാന്‍ ചേടത്തിക്കു കഴിയും-

അപ്പോള്‍ ചേടത്തിയുടെ വാക്കുകളിലും വല്ല ധ്വനിയുണ്ടോ…? പീറ്ററിന്‍റെ മനസ്സില്‍ ചെകുത്താന്‍ പ്രവേശിക്കാന്‍ തുടങ്ങുകയായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org