Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 12

തീരാമഴ – അധ്യായം 12

Sathyadeepam

വെണ്ണല മോഹന്‍

പതിവില്ലാതെ കയറിച്ചെന്ന പീറ്ററിനെ കണ്ടപ്പോള്‍ സഹോദരി നീനയ്ക്ക് അതിശയം തോന്നി.

അങ്ങനെ നീനയുടെ വീട്ടിലേക്കു ചെല്ലാറുള്ള ആളൊന്നുമല്ല പീറ്റര്‍.

വല്ല ആവശ്യവുമുണ്ടെങ്കില്‍ ചെല്ലും; അതുതന്നെ അപൂര്‍വം. പരമാവധി അമ്മച്ചിയെ പറഞ്ഞുവിടാനാണു ശ്രമിക്കാറ്. എന്നിട്ട് പീറ്റര്‍ എന്തെങ്കിലും അസൗകര്യം പറഞ്ഞ് ഒഴിഞ്ഞിട്ടുണ്ടാകും.

എന്നാലിപ്പോള്‍ ഇതാ ഒരു ഉച്ചനേരത്തുള്ള പീററ്റിന്‍റെ വരവ് തെല്ലൊന്നുമല്ല നീനയെ അത്ഭുതപ്പെടുത്തിയത്.

“ങാ… ഇന്നു മഴ പെയ്യും… പതിവില്ലാതുള്ള വരവല്ലേ” – ചിരിച്ചുകൊണ്ടു നീന പറഞ്ഞപ്പോള്‍…

പീറ്റര്‍ മറുപടി പറഞ്ഞു: “അതെ. മഴ പെയ്തുകൊണ്ടിരിക്കുകയാണ്; തീരാത്ത മഴ. ആ മഴേല് തണുക്കുവല്ല; പൊള്ളുവാ… ചുട്ടുപൊള്ളുന്നു.”

ഗൗരവം, ആലോചന, എന്തോ വിഷമമൊക്കെയുള്ള പീറ്ററിന്‍റെ മുഖഭാവം അപ്പോഴാണു നീനയും ശ്രദ്ധിച്ചത്.

എന്തെങ്കിലും കാര്യമായ കാര്യം പറഞ്ഞെന്നിരിക്കും. എങ്കിലും ഇങ്ങനൊന്നും പറയുന്ന ആളല്ല പീറ്റര്‍; ഇപ്പോള്‍ ഇതെന്തു പറ്റി?

“അല്ല; ഞാന്‍ ജനിച്ചതോടെ അപ്പന്‍ വലിയ ഫിലോസഫറായ മട്ടാണല്ലോ.”

“എന്തോന്ന് ഫിലോസഫി? ജീവിതമല്ലേ നമ്മളെ ഫിലോസഫി പഠിപ്പിക്കുന്നത്?”

അതിനും പീറ്ററിനു പതിവില്ലാത്ത വിധമുള്ള മറുപടിയായിരുന്നു.

“ഭക്ഷണം കഴിച്ചായിരുന്നോ?”

“ഇല്ല” – പീറ്റര്‍ പറഞ്ഞു.

“എന്നാ ഭക്ഷണം കഴിക്ക്… എന്നിട്ട് സംസാരിക്കാം.”

“വേണ്ട…. വിശപ്പില്ല…”

“അതൊന്നും പറഞ്ഞാ പറ്റത്തില്ല. വല്ലകാലത്തും കയറിവരണ ഒരാള്. വന്നിട്ട് പട്ടിണീംകൂടി ഇരിക്കണമെന്നു വച്ചാ നടക്കത്തില്ല. നല്ല മീന്‍ മപ്പാസും ബീഫ് വിന്താലുമുണ്ട്.”

വിഭവങ്ങളുടെ പേരുകൂടി പറഞ്ഞു നീന പീറ്ററില്‍ ഭക്ഷണപ്രിയം ഉണ്ടാക്കാന്‍ ശ്രമിച്ചു.

പീറ്റര്‍ അതിനു മറുപടിയൊന്നും പറയാതെ എന്തോ ആലോചനയില്‍ മുങ്ങിയിരുന്നു.

പീറ്ററിന് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്നോര്‍ത്തു കൊണ്ടുതന്നെ നീന ഭക്ഷണമെടുക്കാനായി അകത്തേയ്ക്കു പോയി.

വിന്താല്‍ എന്നു കേട്ടാല്‍ എല്ലാം മറക്കുന്ന സ്വഭാവക്കാരനാണു പീറ്റര്‍.

പക്ഷേ,

ഭക്ഷണം കൊടുത്തപ്പോള്‍ ഒരു കഷണം ബീഫ് മാത്രം എടുത്ത് ചവച്ച് എന്തോ ഓര്‍ത്ത് ഇരിക്കുകയായിരുന്നു അയാള്‍. മപ്പാസ് വച്ച കരിമീനില്‍നിന്ന് ഒരു കഷണം അടര്‍ത്തിയെടുത്തു നീനയുടെ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ പീറ്റര്‍ കഴിച്ചു.

“എന്താ ഒന്നും ഇഷ്ടമായില്ലേ?”

“എല്ലാം നന്നായിട്ടുണ്ട്” – ഒരു ഒഴുക്കന്‍ മട്ടിലായിരുന്നു പീറ്ററിന്‍റെ മറുപടി.

ഒന്നോ രണ്ടോ ഉരുള വാരിക്കഴിച്ചു കുറച്ചു വെള്ളവും കുടിച്ചു പീറ്റര്‍ എഴുന്നേറ്റു.

അതുവരെയും വിശേഷങ്ങളൊന്നും ചോദിക്കാതിരുന്ന നീന പീറ്ററിന്‍റെ ഓരോ ശരീരഭാഷയും മനസ്സിലാക്കുകയായിരുന്നു. എന്തോ കാര്യമായ മനഃപ്രയാസം അയാള്‍ക്കുണ്ടെന്ന് അവള്‍ക്കു തോന്നിക്കഴിഞ്ഞു.

“ഒന്ന് വിശ്രമിക്ക്. അപ്പോഴേക്കും ഞാന്‍ പാത്രങ്ങളൊക്കെ വൃത്തിയാക്കിവച്ചിട്ടു വരാം.”

“ഞാനെന്നാ ഇറങ്ങിയേക്കാം” – അയാള്‍ എന്തോ ആലോചനയോടെ പറഞ്ഞു.

കൊള്ളാം കാലങ്ങള്‍കൂ ടി ഇവിടെ ഈ ഉച്ചനേരത്തു വന്നത് രണ്ടുരള ചോറും തിന്നേച്ചു പോകാനാണോ…? ഇരിക്ക്. കിടക്കണോങ്കില് ആ മുറീപ്പോയി കിടക്ക്. ഞാന്‍ ദേ വരണ്.”

നീന എളുപ്പം ജോലി തീര്‍ക്കാനയി തിരിഞ്ഞു. പീറ്റര്‍ വിസിറ്റിങ്ങ് റൂമില്‍ പോയി ഇരുന്നു ടി.വി. ഓണ്‍ ചെയ്തു. ഏതോ പഴയ സിനിമ ഒരു ചാനലില്‍ ചലിക്കുന്നു. വെറുതെ അതിലേക്കും നോക്കിയിരുന്നു പീറ്റര്‍.

കുറച്ചു കഴിഞ്ഞപ്പോഴേക്കും നീന അവിടെ എത്തി.

“ഇനി വിശേഷങ്ങള് പറഞ്ഞോട്ടെ. ഇന്നെന്താ ജോലിക്കു പോയില്ലേ?”

“ഒരാഴ്ചത്തെ ലീവെടുത്തു.”

“ങും… ട്രീസയ്ക്കും കുഞ്ഞിനും അമ്മച്ചിക്കുമൊന്നും വിശേഷമില്ലല്ലോ… സുഖമല്ലേ?”

“ങും” – എന്തോ ആലോചിച്ചുകൊണ്ടായിരുന്നു പീറ്ററിന്‍റെ ആ മൂളല്‍.

“എന്താ ലീവിലായത്… പ്രത്യേകിച്ചു കാര്യങ്ങളെന്തെങ്കിലും…?”

അതിനു മറുപടി പറഞ്ഞില്ല.

അപ്പോഴേക്കും ഓര്‍ത്തു, നീനയുടെ വിശേഷങ്ങളൊന്നും ചോദിച്ചില്ലല്ലോ എന്ന്.

“അല്ല പിള്ളേരോ…?”

“അവര്‍ സ്കൂളില്‍ പോയിരിക്കുവല്ലേ…?”

“ക്ലീറ്റസ്..?”

“കൊള്ളാം… ജോലിക്കു പോകണ്ടായോ… ഏതായാലും അഞ്ചു മണിയാകുമ്പം എത്തും. കണ്ടിട്ടു പോയാല്‍ മതി. അവിടെ ട്രീസേം കുഞ്ഞുമുള്ളതുകൊണ്ട് ഇവിടെ ഇന്നു തങ്ങാന്‍ ഞാന്‍ നിര്‍ബന്ധിക്കത്തില്ല.”

“ക്ലീറ്റസ് മദ്യപാനമൊക്കെ നിര്‍ത്തിയല്ലേ?”

പെട്ടെന്നങ്ങനെ ചോദിക്കാന്‍ പീറ്ററിനു തോന്നി.

“പിന്നെ… ധ്യാനംകൂടി വന്നേപ്പിന്നെ പുള്ളി ഡീസന്‍റല്യോ… അല്ല…. മദ്യപാനം ആരംഭിക്കണമെന്നു മോഹമുണ്ടോ…?”

“ആര്‍ക്ക്… എനിക്കോ?”

“പിന്നല്ലാതാര്‍ക്ക്?”

മറുപടി പറയാതെ ഒരു വരണ്ട ചിരി ചിരിച്ചു പീറ്റര്‍.

യഥാര്‍ത്ഥത്തില്‍ മദ്യപിച്ചാലെന്തെന്നു പലവട്ടവും ഇപ്പോള്‍ ചിന്തിച്ചുപോകാറുള്ളതാണ്.

എന്നും താന്‍ മദ്യത്തിനെതിരായിരുന്നു. പക്ഷേ, ഇപ്പോള്‍ ചില സമാധാനക്കേടു തോന്നുമ്പോള്‍ രണ്ടു പെഗ് പരിഹാരമാകുമോ എന്നു സംശയിക്കുന്നു.

പക്ഷേ,

മദ്യം ഒന്നിനും പരിഹാരമല്ലെന്നറിയാം. അതിലേറെ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ എന്നും അറിയാം.

ഓരോരോ പിശാചുക്കളുടെ കടന്നുകയറ്റം. മദ്യാസക്തി തന്നെ ഒരു പിശാചുബാധയാണ്. കയറിയാല്‍ ഇറക്കിവിടാന്‍ പാട്. മദ്യപിക്കാന്‍ കയറിയാല്‍ പിന്നെ ജീവിതംതന്നെ ആ പിശാച് നിയന്ത്രിക്കും. അങ്ങനെയും ചിന്തിച്ചു പീറ്റര്‍.

അപ്പോഴും നീന പീറ്ററിന്‍റെ മുഖത്തേയ്ക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. കാലങ്ങള്‍ കൂടിയാണ് ഇവിടേക്കു വന്നത്. ഒന്നും കൊണ്ടുവന്നില്ലല്ലോ; പീറ്ററിനു കുറ്റബോധം തോന്നി.

“ഞാന്‍ ഇവിടേക്കു വരണം എന്നു കരുതി ഇറങ്ങിയതല്ല…. അതോണ്ട് ഒന്നും കൊണ്ടുവരാനും കഴിഞ്ഞില്ല”-ചെറു കുറ്റബോധത്തോടെതന്നെ പീറ്റര്‍ പറഞ്ഞു.

“അല്ലെങ്കില്‍ത്തന്നെ ഇവിടേക്കു വരാന്‍ എന്തെങ്കിലും കൊണ്ടുവരണോ; ഇതു നല്ല കാര്യം. ഇവിടേക്കു വരാത്തതിലേ ക്ലീറ്റസിനും എനിക്കുമൊക്കെ കെറുവൊള്ളൂ.”

“ങും…”

“അല്ല; പിന്നെ എവിടേക്കു പോകാനിറങ്ങിയതാ…”

അങ്ങനൊരു ചോദ്യം പീറ്റര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ പെട്ടെന്നു പതിറിപ്പോയി.

“അത്… അത്…” – വിക്കിപ്പോയി.

“ങാ… എവിടേക്കായി ഇറങ്ങിയതാ. ”

“ഞാന്‍ ഒരു ഫ്രണ്ടിനെ കാണാനിറങ്ങിയതാ. അവനു ചില മനഃപ്രയാസങ്ങള്. തുറന്നു പറയാന്‍ സുഹൃത്തായി ഞാനേയുള്ളൂ. അവന്നെനെ വിളിച്ചു. ഞാന്‍ അവന്‍റടുത്തുപോയി. അപ്പോ ഇവിടേക്കും വരാം; നിങ്ങളെയൊക്കെ കണ്ടേച്ചു പോകുവേം ചെയ്യാം എന്നു പറഞ്ഞു.”

“ഓ… സുഹൃത്തിന്‍റെ മനഃപ്രയാസം കേള്‍ക്കാന്‍ വന്നതാണല്ലേ. അതു കേട്ടതുകൊണ്ടാണോ ഈ മുഖം വാടിയിരിക്കുന്നതും മൂഡൗട്ടും” – നീന ചോദിച്ചു.

പീറ്റര്‍ നീനയുടെ മുഖത്തേയ്ക്കു നോക്കി.

നീനയുടെ ചോദ്യത്തില്‍ അവള്‍ക്കെന്തെങ്കിലും സംശയമുണ്ടെന്നു ദ്യോതിപ്പിക്കുന്നുണ്ടോ?

“ങാ… ഓരോരുത്തര്‍ക്കും ഓരോ വിഷമങ്ങള്…” – പ്രശ്നം സാമാന്യവത്കരിച്ച് ഒരു നെടുവീര്‍പ്പ് ഉതിര്‍ത്തു പീറ്റര്‍.

“സുഹൃത്ത് രഹസ്യമായി വിഷമം പങ്കുവയ്ക്കാന്‍ വിളിച്ചതല്ലേ? അതുകൊണ്ട് ആ രഹസ്യവിഷമങ്ങള്‍ എന്താണെന്നു ഞാന്‍ ചോദിക്കുന്നില്ല. പക്ഷേങ്കി, നമ്മള്‍ക്കെന്താ ഇത്ര വിഷമം?”

“എനിക്കോ?”

“ങാ…”

പീറ്റര്‍ ഞെട്ടി.

“എനിക്കെന്തു വിഷമം!? ഞാനെന്തെങ്കിലും വിഷമമുണ്ടെന്നു പറഞ്ഞാരുന്നോ?”

“ഇല്ല. പക്ഷേ, ഓരോരുത്തര്‍ക്കും ഓരോ വിഷങ്ങള് എന്നു പറഞ്ഞില്ലേ? അങ്ങനാണെങ്കില്‍ നമ്മള്‍ക്കെന്താ വിഷമം എന്നാ ഞാന്‍ ചോദിച്ചത്?”

“ഞാനൊരു ലോകസ്വഭാവം പറഞ്ഞതല്ലേ…?”

“ശരി… ശരി…”- നീന തലയാട്ടി.

“ക്ലീറ്റസിനോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു” – പീറ്റര്‍ പറഞ്ഞു.

“ആ കാര്യം എന്താണെന്നു നീന ചോദിച്ചില്ല; പകരം മറ്റൊന്നു പറഞ്ഞു.

“അതുകൊണ്ടല്ലേ ക്ലീറ്റസിനെ കണ്ടിട്ടു പോയാ മതീന്നു പറഞ്ഞത്. കൃത്യസമയത്തുതന്നെ ആളെത്തും. പിള്ളേരും വരും. അവര്‍ക്കാണെങ്കില്‍ അങ്കിളിനെ കാണാമല്ലോ.”

“പക്ഷേങ്കി… അത്രേം നേരം ഇരിക്കാന്‍ പറ്റത്തില്ല നീനേ… ഞാന്‍ അടുത്ത ദിവസം നേരത്തെ വരാം; അല്ലെങ്കില്‍ അവധിദിവസം വരാം.”

“ക്ലീറ്റോന്‍റെ മൊബൈല്‍ നമ്പറില്ലേ?”

“ങും… ന്നാലും നേരില്‍ പറയാല്ലോ… പിന്നെ വലിയ കാര്യോന്നുമല്ല… ആ ഫ്രണ്ടിനു വേണ്ടിയാ, ധ്യാനം കൂടിയ, ചില കാര്യങ്ങളുടെ സത്യം തിരിച്ചറിയാന്‍ പറ്റത്തില്ലേ… ക്ലീറ്റസ് ധ്യാനം കൂടീതല്ലേ….”

നീന ഒരു നിമിഷം പീറ്ററിനെനോക്കി. “ധ്യാനകേന്ദ്രം പൊലീസ് സ്റ്റേഷനാണോ സത്യം കണ്ടെത്താനായിട്ട്?”

പാതി തമാശയായിട്ടാണു പറഞ്ഞതെങ്കിലും പീറ്ററിനല്പം മനഃപ്രയാസം തോന്നി.

“അപ്പോ, അവിടെ ചെന്നാല്‍ പറ്റത്തില്ല അല്യോ…?”

“അല്ല; എന്തു സത്യമാണ് അറിയേണ്ടത് ഇപ്പോള്‍…?”

“എനിക്കല്ല; ഫ്രണ്ടിനാണ്.”

“അതു മനസ്സിലായി…”

ഏതു മനസ്സിലായെന്ന്? പീറ്ററിന്‍റെ മനസ്സൊണ് ആളി.

“അവനു ചില സംശയങ്ങളൊക്കെയുണ്ട്. അതു മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു. ആ സംശയം സത്യമാണോന്നറിയണം. മനഃസമാധാനം കിട്ടീട്ടു മാസങ്ങളായെന്നാ അവന്‍ പറയുന്നത്.”

ഫ്രണ്ടിന്‍റേതാണു പ്രശ്നമെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു ശ്രമം നടത്തി പീറ്റര്‍.

“ഓഹോ… അതുകൊണ്ടാണോ ഈ ഫ്രണ്ട് ദിവസങ്ങളായി അവധിയെടുത്തിരിക്കുന്നത്?”

നീനയുടെ ചോദ്യത്തിനു മുന്നില്‍ വിളറിപ്പോയി പീറ്റര്‍.

“എനിക്കു വേറെ ചില ആവശ്യങ്ങളുണ്ട്. ഇത് അവന്‍ പറഞ്ഞു. ഞാനാ അവനോടു ധ്യാനത്തിനു പോയാ മതീന്ന് സജസ്റ്റ് ചെയ്തത്. അവിടെ ചെന്നാ അവന്‍റെ സംശയത്തിന് ഉത്തരം കിട്ടത്തില്ലേന്നാ ചോദ്യം.”

“അത്രയ്ക്കു വലിയ സംശയമാണെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ പറയ്.”

“ഇതങ്ങനെയുളളതല്ല.”

“എന്നാ വീട്ടുകാരോടു സംസാരിച്ചു കാര്യങ്ങള്‍ക്ക് ഒരു പോംവഴി കണ്ടെത്തട്ടെ.”

“അതിപ്പം പറ്റത്തില്ല എന്നാ അവന്‍ പറയണത്.”

“എന്നാ അത്രയ്ക്കു മനഃപ്രയാസമാണെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്ററിനെയോ കാണട്ടെ.”

മറുപടി പറഞ്ഞില്ല പീറ്റര്‍.

“ഇതൊക്കെ വല്ല മനോരോഗവുമായിരിക്കും” – വീണ്ടും നീന.

നീനയുടെ വാക്കുകള്‍ കുന്തമുനപോലെ മനസ്സില്‍ ആഴ്ന്നിറങ്ങുന്നതായി പീറ്ററിനു തോന്നി.

കുറച്ചു സമയം കൂടി എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി പീറ്റര്‍ അവിടെ ഇരുന്നു.

“ഞാന്‍ ക്ലീറ്റസ് ഉള്ള ഒരു ദിവസം വരാം; ഇപ്പം ഇറങ്ങട്ടെ.”

യാത്ര പറഞ്ഞിറങ്ങാന്‍ തുനിയുമ്പം നീന പറഞ്ഞു: “ചായ കഴിച്ചേച്ച് പോയാല്‍ മതി.”

“അതു വേണ്ട… നേരത്തെ വീട്ടിലെത്തണം.”

“കുഞ്ഞിനെ കാണാന്‍ തിരക്കായല്ലേ?”

മറുപിയൊന്നും പറഞ്ഞില്ല പീറ്റര്‍.

“‘അമ്മച്ചിയോടു പറഞ്ഞേക്ക് ഞായറാഴ്ച ഞാനും ക്ലീറ്റോയും പിള്ളേരും കൂടി അവിടേക്കു വരണണ്ടെന്ന്. ട്രീസേം കുഞ്ഞിനേം അമ്മച്ചിയേയുമൊക്കെ കാണാമല്ലോ. അതിനുമുമ്പ് ഇവിടേക്കു വരത്തില്ലേല്‍ അന്ന് ക്ലീറ്റോയോട് പ്രശ്നങ്ങള് പറയ്.”

“ങും…”

പീറ്റര്‍ യാത്ര പറഞ്ഞിറങ്ങി.

പീറ്റര്‍ ഗെയ്ററ് കടന്നു എന്നു മനസ്സിലായതോടെ നീന വീട്ടിലേക്ക് അമ്മച്ചിയെ ഫോണില്‍ വിളിച്ചു.

“ഇന്ന് ഇവിടെ വന്നിരുന്നു. ഇപ്പോള്‍ ഇറങ്ങിപ്പോയതേയുളളൂ. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു. ഞായറാഴ്ച ഞാന്‍ ക്ലീറ്റോനേം പിള്ളേരേം കൂട്ടി അവിടേക്കു വരാം. എന്നിട്ടു സംസാരിക്കാം. ഞാന്‍ വിളിച്ചതായി ഭാവിക്കകൂടി ചെയ്യരുത് കെട്ടോ. ഫ്രണ്ട് എന്നൊക്കെ കള്ളം പറഞ്ഞാ വന്നത്… ങാ… വയ്ക്കുവാണേ.”

ടെലഫോണ്‍ കോള്‍ ഡിസ്കണക്ട് ചെയ്ത് ആലോചനയില്‍ മുഴുകി നീന.

(തുടരും)

Leave a Comment

*
*