Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 14

തീരാമഴ – അധ്യായം 14

Sathyadeepam

വെണ്ണല മോഹന്‍

കാര്യങ്ങള്‍ കേട്ടപ്പോള്‍ അമ്മച്ചി പൊട്ടിത്തെറിച്ചു. “ഇവനെന്നാ പറ്റി? ഇതെന്തോന്നിന്‍റെ കുഴപ്പമാണ്.”

നീന മുറപടിയൊന്നും പറയാതെ തലകുനിച്ചിരുന്നു. അവളും അതുതന്നെയാണ് ആലോചിച്ചത്. പീറ്ററിന് എന്താണു സംഭവിച്ചിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. “എനിക്കും അതാണ് അറിയാന്‍ മേലാത്തത്” – ക്ലീറ്റസും ഒപ്പം കൂടി.

ട്രീസയെക്കുറിച്ച് ഇങ്ങനൊന്നു മനസ്സില്‍പ്പോലും കരുതാന്‍ വയ്യ. അത്രയ്ക്ക് അവള്‍ പരിശുദ്ധയാണെന്നാണ് അവര്‍ കരുതുന്നത്. ഇങ്ങനെയൊന്നും സ്വപ്നത്തില്‍പ്പോലും കരുതിയാ ദൈവകോപം ഉണ്ടാകും. ഇത്രയ്ക്കും ദൈവഭയമുള്ള ഒരു പെങ്കൊച്ചിനെ ഈ വീട്ടിലേക്കു കിട്ടിയതു കൃപ എന്നു കരുതുമ്പോഴാണു പീറ്റര്‍ പറയുന്നത്.

കുഞ്ഞ് അവന്‍റേതാണെന്ന് അവനു വിശ്വാസമില്ലെന്ന്! അതിനു തക്ക തെളിവൊന്നുമില്ല. പക്ഷേ, കൂടുതല്‍ ചോദിക്കുമ്പോള്‍ പറയുന്നത് ഒരു ഭര്‍ത്താവിനു മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടത്രേ! അതു മറ്റുള്ളവരോടു വെളിപ്പെടുത്താന്‍ ആകുന്നില്ലെന്നാണ്.

അവിടെ പിന്നെ മറ്റുള്ളവര്‍ക്കും മൊഴി മുട്ടിപ്പോകത്തേയുള്ളൂ. പക്ഷേങ്കി ഒരു കോടതിപോലും അവനിങ്ങനെ പറഞ്ഞാല്‍ ജയിക്കാന്‍ കഴിയത്തില്ലല്ലോ… വെറുതെ വല്ലതും പറയുക എന്നുവച്ചാ.

“വല്ലതും പറയുന്നു എന്നതാണോ – ഒരാളെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്ന വര്‍ത്തമാനമല്ലേ അവന്‍ പറയുന്നത്” – അമ്മച്ചി അങ്ങനെയും ചോദിച്ചുപോയി.

അന്തരീക്ഷം മുട്ടിനിന്നു. തേങ്ങലുകളില്‍ കൂടുതല്‍ ഒന്നും അറിയാതെ വീട്ടുകാരുടെ ചര്‍ച്ചകള്‍ മനസ്സിലാക്കാതെ കിടപ്പുമുറിയില്‍ ട്രീസ ഒതുങ്ങി.

കുട്ടികള്‍ കുഞ്ഞുവാവയെ കളിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും പിരിമുറക്കത്തിന്അയവോ ലാഘവത്വമോ ആര്‍ക്കും തന്നെ ഉണ്ടായതേയില്ല.

ഉച്ചയൂണിനു എല്ലാവരെയും വിളിച്ചു. എല്ലാവരും മേശയ്ക്കു ചുറ്റും വട്ടമിട്ടിരുന്നു. അമ്മച്ചിയും നീനയും ഭക്ഷണം വിളമ്പാന്‍ തയ്യാറായി നിന്നപ്പോള്‍ ട്രീസ പറഞ്ഞു: “ഞാന്‍ വിളമ്പാം, നിങ്ങളിരിക്ക്” – അവര്‍ പരസ്പരം നോക്കി.

“വേണ്ട.. നീ ഇരിക്ക്…”

ഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴേക്കും അമ്മച്ചി വളരെ ശബ്ദം കുറച്ചുപറഞ്ഞു; ആ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

“മോളെ… എന്തുതന്നെ ആയാലും ശരി… ഇവനു ചില സംശയങ്ങള്.”

വാരിയെടുത്ത ചോറ് പാത്രത്തില്‍ത്തന്നെ ഇട്ട് ട്രീസ അമ്മച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.

“കുഞ്ഞിനെക്കുറിച്ച് ഇവനു ചില സംശയം?”

“ങേ!?”

എല്ലാവരുടെയും മുന്നില്‍ പീറ്റര്‍ തന്നെ കളങ്കിതയാക്കിയിരിക്കുന്നു. അവളുടെ തല കറങ്ങുംപോലെ… ഭൂമി കീഴ്മേല്‍ മറിയുംപോലെ…

“എന്തായാലും മോളെ നിനക്ക് തുറന്നു പറയാം. നമ്മളീ ഇരിക്കുന്നവരല്ലാതെ ഇരു ചെവി പുറത്തറിയത്തില്ല.”

മടിച്ചുമടിച്ചാണു പറഞ്ഞതെങ്കിലും അവളിലാ വാക്കുകള്‍ അശനിപാതംപോലെയായി.

ചുറ്റും നോക്കി.

പീറ്റര്‍ തല കുനിച്ചിരിക്കുന്നു. കുട്ടികള്‍ ഒന്നും അറിയാതെ കുഞ്ഞില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ക്ലീറ്റസ് അകലെ എവിടേക്കോ നോക്കിയിരിക്കുന്നു.

ട്രീസ എഴുന്നേറ്റു.

മതി. ഇനി ഒരു സ്ത്രീ ഇതിലേറെ സഹിക്കുക എന്നു വച്ചാല്‍… അപമാനിതയാകുക എന്നു വച്ചാല്‍… അവള്‍ എല്ലാവരെയും മാറി മാറി നോക്കി. ആ കണ്ണുകളില്‍നിന്ന് അഗ്നി വമിക്കുന്നതുപോലെ തോന്നി. ആ അഗ്നിയുടെ പൊള്ളലില്‍ അവര്‍ തല തിരിച്ചു.

വാഷ്ബെയ്സിനില്‍ ചെന്നു കൈ കഴുകി.

അവള്‍ നാലടി വച്ചു പീറ്ററിന്‍റെ മുന്നിലെത്തി; “ദേ നോക്ക്…” –

അവള്‍ പീറ്ററിനെ വിളിച്ചു.

പീറ്റര്‍ അനങ്ങിയില്ല. ബധിരനെപ്പോലെ തലകുനിച്ചിരുന്നു.

“നോക്കാന്‍…” – അതൊരലര്‍ച്ചയായിരുന്നു.

അതു കേട്ട് അയാള്‍ നടുങ്ങി. വായില്‍നിന്നും വന്നതല്ല; ഹൃദയം പൊട്ടി പുറപ്പെട്ട മുഴക്കമായിരുന്നു അതെന്ന് അവര്‍ക്കെല്ലാം തോന്നി.

അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കിപ്പോയി. ആ കണ്ണിലെ അഗ്നിജ്വാലയില്‍ അയാള്‍ പൊള്ളി ദഹിക്കുംപോലെ.

“നിങ്ങള്‍ക്കു നവീന്‍ മോന്‍ നിങ്ങളുടേതല്ലെന്ന് ഉറപ്പാണോ…?”

“ഞാന്‍…ഞാന്‍…”

അയാള്‍ എങ്ങനെ, എന്തു പറയും എന്നറിയാതെ വിക്കി, പരുങ്ങി.

“എനിക്കറിയണം… ഈ നിമിഷം… ഇവിടെവച്ച്… ഇത്രയും പേരുടെ മുന്നില്‍വച്ച്… എന്താണ്… ഞാന്‍ നിങ്ങളെ ചതിച്ചെന്ന് ഉറപ്പാണോ…?”

“അത്… അത്… എനിക്കു കുഞ്ഞില്‍ സംശയമുണ്ട്…” – അയാള്‍ക്കു പറയാതിരിക്കാനായില്ല.

“എന്താ… നിങ്ങള്‍ പുരുഷനല്ലേ… ഷണ്ഡനാണോ!?”- അവള്‍ക്കു ചോദിക്കാതിരിക്കാനായില്ല.

ആ ചോദ്യത്തിനു മുന്നില്‍ വിളറിപ്പോയത് അവന്‍ മാത്രമായിരുന്നില്ല; എല്ലാവരുമായിരുന്നു.

“മോളേ… ഞങ്ങള്‍ക്കുറപ്പുണ്ട് നീ പരിശുദ്ധയാണെന്ന്.”

അമ്മയുടെ വാക്കുകളില്‍ ദയനീയതയുണ്ടായിരുന്നു… കണ്ണീരിന്‍റെ നനവുണ്ടായിരുന്നു.

“ഇവനെ… വല്ല ഭ്രാന്താശുപത്രീലും കൊണ്ടോണം” – വീണ്ടും അമ്മച്ചി പറഞ്ഞു.

അപ്പോഴും ആരും ഒന്നും മിണ്ടിയില്ല.

“അമ്മച്ചിയുടെയും ലോകത്തിന്‍റെയും വിശ്വാസമല്ല… കൊച്ചിന്‍റെ അപ്പന്‍റെ വിശ്വാസം… എന്‍റെ കഴുത്തില്‍ മിന്നു കെട്ടിയവന്‍റെ വിശ്വാസം… അതാണെനിക്കു വേണ്ടത്?” – അവള്‍ പറഞ്ഞു.

ആകെ നിശ്ശബ്ദതയായിരുന്നു. ഏതോ വിഭ്രാത്മകനാടകം കാണുംപോലെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതു നിര്‍ത്തി എല്ലാം നോക്കിയിരുന്നു.

ഒരിക്കല്‍കൂടി അവള്‍ പീറ്ററിനെ നോക്കി. നിന്നെ എനിക്കു വിശ്വാസമാണ് എന്നൊരു വാക്ക് അയാളില്‍നിന്നും അവള്‍ പ്രതീക്ഷിച്ചു.

എന്നാല്‍ ഒന്നും അയാള്‍ പറഞ്ഞില്ല. കൊന്നത്തെങ്ങിനു കാറ്റുപിടിച്ചതുപോലെ അയാളുടെ മനസ്സ് ആടി ഉലയുകയായിരുന്നു.

ഒരു നിമിഷം എല്ലാവരെയും ഒന്നുകൂടി നോക്കി ട്രീസ.

“നെല്‍സണോടുകൂടി അമ്മച്ചി നടന്നതു പറയണം.”

അവളുടെ ശബ്ദം താഴ്ന്നിരുന്നു.

പിന്നെ വെട്ടിത്തിരിഞ്ഞ് ഒരു കാറ്റുപോലെ അവളുടെ മുറിയിലേക്കു ട്രീസ പോയി. എല്ലാവരും പരസ്പരം നോക്കി.

ഊണ് കഴിക്കാനിരുന്നിരുന്ന ക്ലീറ്റസും പീറ്ററും എഴുന്നേറ്റു; ഭക്ഷണം കഴിക്കാതെ. ഭക്ഷണം തൊട്ട കൈ അവര്‍ കഴുകി. ഇനി എന്തെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

ഒഴിഞ്ഞ ഒരു കസേരയില്‍ നീന ഇരുന്നു. തലയ്ക്കു കൈകൊടുത്തു ദൃഷ്ടി താഴ്ത്തി അവള്‍ ഇരുന്നു.

അമ്മച്ചി അടുക്കളയില്‍ പോയി ചുമരില്‍ തല ചായ്ച്ച് സ്റ്റൂളില്‍ ഇരുന്നു.

പീറ്റര്‍ സിറ്റൗട്ടിലെ കസേരയില്‍ കിടന്നു.

ക്ലീറ്റസ് അന്തംവിട്ടു നിന്നു. ആകെ ഒരു ശൂന്യത. അഗ്നി പടരുമ്പോള്‍ നിസ്സഹായത നല്കുന്ന ശൂന്യത.

ഏതാനും നിമിഷങ്ങള്‍…

ഡ്രസ്സ് മാറിയ ട്രീസ ഡൈനിംഗ് ഹാളിലേക്കു വന്നു

“അമ്മച്ചി…” – അവള്‍ വിളിച്ചു.

അടുക്കളയില്‍നിന്നും അമ്മച്ചി എത്തി. നീന തലയുയര്‍ത്തി. ക്ലീറ്റസ് അപ്പോഴും അന്തംവിട്ടു നില്ക്കുകയായിരുന്നു. പീറ്റര്‍ സിറ്റൗട്ടില്‍ നിന്നും വന്നതേ ഇല്ല.

“ഇനി ഈ വീട്ടില്‍ നില്ക്കാന്‍ എനിക്ക് അര്‍ഹതയുണ്ടെന്നു തോന്നുന്നില്ല.”

“മോളെ ഞങ്ങള്‍ക്കറിയാം; അവനെന്തോ തെറ്റിദ്ധാരണമൂലമാണ്…”

ബാക്കി പറയുന്നതു കേള്‍ക്കാന്‍ ട്രീസ ചെവി കൊടുത്തില്ല; കരയാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.

രൂപക്കൂടിനടുത്തേയ്ക്ക്അവള്‍ മാറിനിന്നു. ഒരു മെഴുകുതിരി എടുത്ത് കര്‍ത്താവിന്‍റെ മുന്നില്‍ കത്തിച്ചുവച്ചു. വിശുദ്ധ പുസ്തകം കയ്യിലെടുത്ത് അവള്‍ പറഞ്ഞു:

“ഈ വിശുദ്ധ പുസ്തകമാണു സത്യം ഞാന്‍ പിഴച്ചോളല്ല…”

മൂലയ്ക്കലിരുന്ന ടെലഫോണ്‍ സ്റ്റാന്‍റിനടുത്തേയ്ക്കവള്‍ നീങ്ങി. റസീവര്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.

അപ്പുറത്തു കണക്ഷന്‍ കിട്ടി എന്നറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: “അപ്പച്ചാ… ഇതു ഞാനാണ്…”ڔ

“ങാ…”

“എന്നെ വിശ്വാസമില്ലെന്നും കുട്ടി എന്‍റേതല്ലെന്നുമാണു പീറ്ററിച്ചായന്‍ എല്ലാവരുടെയും മുന്നില്‍വച്ചു പറഞ്ഞത്. അപ്പച്ചന്‍ ഉടനെ വരണം… ഞാനവിടേയ്ക്കു പോരുന്നു.”

മറുപടിക്കു കാത്തു നില്ക്കാതെ റസീവര്‍ ക്രഡിലിലില്‍വച്ചു ട്രീസ. പിന്നെ അവള്‍ തിരിഞ്ഞ് എല്ലാവരെയും നോക്കി. എന്നിട്ടു പറഞ്ഞു:

“ഞാന്‍ അപ്പച്ചന്‍ വന്നാല്‍ വീട്ടിലേക്കു പോകുവാ… സത്യം തെളിയട്ടെ… കുഞ്ഞിനെയും ഉടുത്ത വസ്ത്രോം മാത്രമേ ഞാനെടുക്കുന്നുള്ളൂ.”

“എന്തിനാ മോളെ…?”

അമ്മച്ചിക്കു ബാക്കി പറയാന്‍ കഴിഞ്ഞില്ല. അവള്‍ അകത്തേയ്ക്കു ചെന്നു.

നിഷ്കളങ്കതയോടെ ഉറങ്ങിക്കിടക്കുന്ന നവീനെ അവള്‍ നോക്കി. അടക്കിപ്പിടിച്ച സങ്കടം അണപൊട്ടി അവള്‍ പൊട്ടിക്കരഞ്ഞുപോയി.

മണിക്കൂറുകള്‍ കഴിഞ്ഞില്ല. പീറ്ററിന്‍റെ വീട്ടിലേക്ക് ഒരു കാര്‍ ഇരമ്പി കടന്നെത്തി നിന്നു.

അതില്‍ നിന്നും തോമസും ആനിയമ്മയും ജോര്‍ജുകുട്ടിയും ഇറങ്ങി.

ആനിയമ്മയുടെയും തോമസിന്‍റെയും മുഖത്തു വ്യവച്ഛേദിക്കാനാകാത്ത വികാരം തങ്ങിനിന്നിരുന്നു.

ജോര്‍ജുകുട്ടിയുടെ മുഖം ദേ ഷ്യംകൊണ്ടു ചുവന്നു തുടത്തിരുന്നു.

“അളിയാ…”

ജോര്‍ജുകുട്ടിയുടെ ശബ്ദത്തിന് ഒരു പ്രത്യേക ഭാവം കൈവന്നിരുന്നു.

പീറ്റര്‍ തലയുയര്‍ത്തി നോക്കി.

അയാളുടെ അടുത്തെത്തിയ ജോര്‍ജുകുട്ടി ചോദിച്ചു… വളരെ ഒച്ച കുറച്ച്, “താന്‍ രണ്ടും കെട്ടവനാണല്ലേ…?”

അടുത്ത രംഗം മനസ്സിലാക്കിയ ക്ലീറ്റസ് ഓടിവന്നു

ജോര്‍ജുകുട്ടിയുടെ തോളില്‍ തട്ടി.

“ജോര്‍ജുകുട്ടീ… ഇങ്ങോട്ടു വന്നേ…”

ഒരു ദീര്‍ഘനിശ്വാസത്തോടെ ജോര്‍ജുകുട്ടി തിരിഞ്ഞു.

“ഇതു പണ്ടാരാണ്ടും പറഞ്ഞപോലെയായല്ലോ പീറ്ററിന്‍റപ്പാ…”

ആനിയും എന്തോ പറയാനായി തുനിഞ്ഞു; തോമസ് തടുത്തു.

“പണ്ടു പറഞ്ഞതും പാളേ തൂറീതും നമുക്കിനി പറയേണ്ടതില്ല ആനിയമ്മേ…”

തോമസ് പറഞ്ഞു: “ഞങ്ങള്‍ക്കു ട്രീസക്കുഞ്ഞിനെ വിശ്വാസമാണ്.”

അമ്മച്ചി പറഞ്ഞതിനു തോമസ് ചെവികൊടുത്തില്ല.

“ഞങ്ങള്‍ നല്ല ദൈവവിശ്വാസത്തോടെ നന്നായി വളര്‍ത്തിയ കുഞ്ഞാണു ട്രീസ. വേറൊന്നും പറയാനില്ല. അവള്‍ക്കെന്തെങ്കിലും സ്വഭാവദൂഷ്യമുണ്ടായിരുന്നെങ്കില്‍ വിവാഹത്തിനുമുമ്പ് അന്വേഷിക്കണമായിരുന്നു.”

തോമസ് പറഞ്ഞു.

“ഞങ്ങള്‍ക്കറിയാം. ഒരു സ്വഭാവദൂഷ്യവുമില്ലായിരുന്നെന്ന്” – നീന പറഞ്ഞു.

“എങ്കിപ്പിന്നെ കല്യാണശേഷം അവള്‍ക്കു കുഴപ്പമുണ്ടെന്നു പറഞ്ഞാലരുടെ തെറ്റാ…”

ഒരു നിമിഷം നിര്‍ത്തിയശേഷം തോമസ് വീണ്ടും പറഞ്ഞു.

“അവളുടെ കെട്ടിയോന്‍റെ കുഴപ്പം.”

അടിയേറ്റതുപോലെ ക്ലീറ്റസും നീനയും നിന്നു.

അപ്പോഴും പീറ്റര്‍ സിറ്റൗട്ടില്‍ത്തന്നെയായിരുന്നു.

ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ അയാള്‍ അനന്തതയിലേക്കു നോക്കിയിയിരുന്നു.

ആ ഇരുപ്പു കണ്ട ജോര്‍ജുകുട്ടിക്കു ചെവിക്കുറ്റി നോക്കി ഒന്നു പൊട്ടിക്കണമെന്നാണു തോന്നിയത്. ജോര്‍ജുകുട്ടിയുടെ മനോഗതം മനസ്സിലാക്കിയ തോമസ് മകനെ ഒറ്റ നോട്ടംകൊണ്ടു തടുത്തു.

“നല്ലൊരു കുടുംബത്തിലേക്കാണവളെ കെട്ടിച്ചു വിട്ടതെന്നോര്‍ത്തു. ഒരാണിനാണു കെട്ടിച്ചുകൊടുത്തതെന്നു കരുതി” – തോമസ് വീണ്ടും അര്‍ത്ഥം വച്ചു പറഞ്ഞു.

മറ്റുള്ളവര്‍ ബധിരരെപ്പോലെ നിന്നു. കൂടുതല്‍ പറയാന്‍ നിന്നില്ല. അപ്പോഴേക്കും ട്രീസ കുഞ്ഞുമായി ഹാളിലേക്ക് എത്തി.

“ഞങ്ങള്‍ മോളെ കൊണ്ടുപോകുന്നു. കുഞ്ഞ് അവന്‍റേതല്ലെങ്കില്‍പ്പിന്നെ അതിന് അവകാശമില്ലല്ലോ.”

“മോളും കുഞ്ഞും ഇവിടെ നില്ക്കട്ടെ” – അമ്മച്ചി പറഞ്ഞു.

“അതു വേണ്ട. നിങ്ങള്‍ എന്‍റെ മോള് തെറ്റുകാരിയല്ലെന്നു തിരിച്ചറിഞ്ഞാല്‍ പീറ്ററുമായി വരിക. അപ്പം നമുക്ക് ആലോചിക്കാം. എന്തായാലും അവനിപ്പോ ശബ്ദശേഷിപോലും ഇല്ലാത്തവനല്ലേ.”

ട്രീസ എല്ലാവരോടും മിഴികളാല്‍ യാത്ര പറഞ്ഞു. അപ്പച്ചനോടും അമ്മയോടുമൊപ്പം ഇറങ്ങി. സിറ്റൗട്ടിലിരുന്ന പീറ്ററിനെ അവഗണിച്ചു.

കാര്‍ വീടു വിട്ടു പാഞ്ഞു.

അമ്മച്ചിയും നീനയും പൊട്ടിക്കരഞ്ഞത് അപ്പോഴായിരന്നു.

നിര്‍വികാരതയില്‍ നിന്ന് ഉണരാനുള്ള ശ്രമത്തിലായിരുന്നു അപ്പോള്‍ പീറ്റര്‍.

(തുടരും)

Leave a Comment

*
*