Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 19

തീരാമഴ – അധ്യായം 19

Sathyadeepam

വെണ്ണല മോഹന്‍

“നിങ്ങളെന്നാ വന്ന കാലേല്‍ത്തന്നെ നില്ക്കുന്നേ. അകത്തേയ്ക്കു കടന്നിരിക്ക്” – അമ്മച്ചി തോമസിനെയും കൂട്ടരെയും ക്ഷണിച്ചു.

“ഓ… അകത്തോട്ടൊന്നും കടന്നിരിക്കുന്നില്ലന്നേ…” – തോമസ് വൈഷമ്യം പ്രകടി പ്പിച്ചു.

“വന്ന കാര്യം പറയണം… പോണം അത്രയേയുള്ളൂ” – ജോര്‍ജുകുട്ടിയും പറഞ്ഞു.

“എന്തു കാര്യമാണേലും പറയാല്ലോ… അകത്തോട്ടു വാ…. മുറ്റത്തുനിന്നാണോ കാര്യം പറയുന്നത്” – നീനയും ചോദിച്ചു.

“മുറ്റത്തുനിന്നു കാര്യം പറയുന്നത് അത്ര മര്യാദയല്ലല്ലോന്നേ…”

അമ്മച്ചി മര്യാദയെക്കുറിച്ചു പറഞ്ഞപ്പോള്‍ ജോര്‍ജുകുട്ടിക്ക് അരിശം വന്നു.

“അല്ല; മര്യാദയൊക്കെ അറിയാമല്ലേ… ഞാന്‍ കരുതി…”

ബാക്കി പറയുംമുമ്പു ജോര്‍ജുകുട്ടിയെ രൂക്ഷമായി നോക്കി തോമസ്. തോമസിന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം ഗ്രഹിച്ച ജോര്‍ജുകുട്ടി പറയാന്‍ വന്നതു വിഴങ്ങി.

“പറഞ്ഞതിലും കാര്യമുണ്ട്… വാ… ഇവിടെ നിക്കണ ശരിയല്ല…” – കൂടെ വന്നിരുന്ന ക്രിസ്റ്റഫര്‍ രംഗം തണുപ്പിച്ചു.

എല്ലാവരും അകത്തേയ്ക്കു കയറി. ചാവടിയില്‍നിന്നും അകത്തേയ്ക്കു കയറി കസേരയിലിരുന്നു.

“ഹാളിലേക്കു കടന്നിരിക്ക്…”

വീണ്ടും അമ്മച്ചി പറഞ്ഞപ്പോള്‍ അതിനു മറുപടി പറയാതെ തോമസ് പറഞ്ഞു: “പീറ്ററില്ലേ ഇവിടെ?”

“ഉണ്ടല്ലോ…”

“എന്നാ പീറ്ററിനേക്കൂടി വിളിക്ക്.”

തോമസിന്‍റെ നിര്‍ദ്ദേശപ്രകാരം അമ്മച്ചി അകത്തേയ്ക്കു പോയി. മുറിയിലിരുന്നിരുന്ന പീറ്ററിനോടു പറഞ്ഞു: “ദേ ട്രീസേടപ്പച്ചന്‍ തിരക്കുന്നു… നീ വന്നേ….”

“ഓ… ഞാനെന്തു വരാനാ. വല്ലതും പറയാനുണ്ടെങ്കി പറഞ്ഞേച്ചു പോട്ടെ. നിങ്ങളൊക്കെ കൂടി കേട്ടേച്ചാ മതി.”

അമ്മച്ചിയുടെ പിന്നാലെ മുറിയിലേക്കു വന്ന ക്ലീറ്റസും അതു കേട്ടു. അയാള്‍ക്കു ദേഷ്യം വന്നു.

“അളിയന്‍ എന്തോ വര്‍ത്തമാനമാ ഈ പറഞ്ഞത്.”

“ഞങ്ങള് കേക്കാനായിട്ട് ഞങ്ങളാരും വരുത്തിവച്ച കാര്യം സംസാരിക്കാനല്ല അവരു വന്നേക്കണത്. വെറുതെ മുറീല് ഇരിക്കാതെ പുറത്തേയ്ക്കു വന്നാട്ടെ.”

പിന്നെ ഒന്നും പറയാന്‍ പീറ്ററിനായില്ല. മടിച്ചുമടിച്ചാണെങ്കിലും മിടിക്കുന്ന ഹൃദയത്തോടെ പീറ്റര്‍ പുറത്തേയ്ക്കിറങ്ങി ചെന്നു.

നീന അപ്പോഴേക്കും അടുക്കളയിലേക്ക് ചായ ഉണ്ടാക്കാനായി പോയി.

പീറ്ററിന്‍റെ മുഖത്തേയ്ക്കു തോമസും ജോര്‍ജുകുട്ടിയും നോക്കി.

ആ നോട്ടം നേരിടാനാകാതെ പീറ്റര്‍ മുഖം കുനിച്ചു. ദേഷ്യംകൊണ്ടു ജോര്‍ജുകുട്ടിയുടെ മുഖം ചുവന്നു. നെറ്റിയിലും മൂക്കത്തും വിയര്‍പ്പ് പൊടിഞ്ഞു.

“ങാ… അറിയേണ്ടവരെല്ലാം ഉണ്ടല്ലോ… വന്ന കാര്യം ഏതായാലും പറഞ്ഞേക്കാം” – തോമസ് പറഞ്ഞു.

“ട്രീസയ്ക്കും കുഞ്ഞിനും ആനിയമ്മയ്ക്കുമൊക്കെ സുഖമല്ലേ?”- മടിച്ചുമടിച്ചാണെങ്കിലും അമ്മച്ചി ചോദിച്ചു.

“ട്രീസയ്ക്കും ട്രീസേടെ കുഞ്ഞിനും സുഖമാണ്.”

ആ പറഞ്ഞതിലെ വ്യംഗ്യം മനസ്സിലാക്കിയ അമ്മച്ചി പിന്നീടൊന്നും പറയാന്‍ നിന്നി ല്ല. ഇനിയും എന്തെങ്കിലും ഉപചാരം ചോദിച്ചാല്‍ എന്താകും മറുപടി എന്നു തിട്ടമില്ല.

“ഏതായാലും ഞങ്ങടെ കുഞ്ഞു പെഴച്ചവളാണെന്നാണല്ലോ പറയുന്നത്” – തോമസ്.

“യ്യോ… അങ്ങനെയൊന്നും പറയല്ലേ” – അമ്മച്ചി വല്ലാതായി.

“പിന്നെങ്ങനാ പറയേണ്ടത്. പീറ്ററാണല്ലോ അവന്‍റെ കുഞ്ഞല്ല അതെന്നു പറയുന്നത്. അതില്‍ കവിഞ്ഞ് ആരു പറയണം. നിങ്ങള്‍ തന്നെ പറയ്…”

തോമസിന്‍റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നും പറയാനാകാതെ മറ്റുള്ളവര്‍ നിന്നു.

“ഇങ്ങനെയൊക്കെ പറയുന്നിടത്ത് എന്താണു നാട്ടുനടപ്പുള്ള മറുപടി എന്നൊക്കെ അറിയാഞ്ഞിട്ടല്ല. ഞങ്ങള് കുറച്ചു മര്യാദേം ദൈവവിശ്വാസോം ഉള്ള ആളുകളായിപ്പോയി…” – തോമസ് പറഞ്ഞു.

വീണ്ടും പറഞ്ഞുപറഞ്ഞു കേറും എന്നു തോന്നിയപ്പോള്‍ ക്രിസ്റ്റഫര്‍ ഇടപെട്ടു.

“അതുമിതും പറഞ്ഞു നില്ക്കാതെ വന്ന കാര്യം പറയ്….”

“ങും… പറയാനാണല്ലോ വന്നത്” – തോമസ് പറഞ്ഞൊന്നു നിര്‍ത്തി.

“എന്‍റെ പെങ്ങള് എന്തായാലും പെഴച്ചതല്ല എന്ന് ഞങ്ങള്‍ക്കൊക്കെ വിശ്വാസമുണ്ട്. അതുകൊണ്ടു മാത്രമായില്ലല്ലോ. ഒന്നു നിങ്ങളേംകൂടി ബോദ്ധ്യപ്പെടുത്തണം എന്നാ കരുതണത്” – ജോര്‍ജുകുട്ടി പറഞ്ഞു.

അത് എങ്ങനെ എന്നര്‍ത്ഥത്തില്‍ ക്ലീറ്റസ് ജോര്‍ജുകുട്ടിയുടെ മുഖത്തേയ്ക്കു നോക്കി.

പിന്നെ സംസാരിച്ചതു ക്രിസ്റ്റഫര്‍ ആയിരുന്നു. “ആധുനികശാസ്ത്രം വളരെ വളര്‍ന്നു കഴിഞ്ഞു. നിഷേധിക്കാനാകാത്ത തെളിവു തരാന്‍ ശാസ്ത്രത്തിനാകും. തര്‍ക്കവും കുതര്‍ക്കവും വേണ്ട. ശാസ്ത്രീയമായിത്തന്നെ പരിഹാരം കണ്ടെത്താം.”

“ഇതിനെന്താ ഇപ്പം ഒരു ശാസ്ത്രം. വിശ്വാസമല്ലേ വലുത്” – അമ്മച്ചി ചോദിച്ചു പോയി.

“അതൊക്കെയായിരിക്കും പക്ഷേ, വിശ്വാസം പോയതുകൊണ്ടല്ലേ ഇങ്ങനൊരു സംസാരത്തിനു ഞങ്ങള്‍ക്കു വരേണ്ടി വന്നതും.”

അപ്പോഴേക്കും നീന ചായയും പലഹാരങ്ങളുമായി എത്തി. ആരും അതിലേക്കൊന്നു നോക്കുകപോലും ചെയ്തില്ല.

“ചായ കഴിച്ചോണ്ട് സംസാരിക്ക്…”-ക്ലീറ്റസ് പറഞ്ഞു.

അതിനും ആരില്‍ നിന്നും മറുപടി ഉണ്ടായില്ല. ക്രിസ്റ്റഫര്‍ തുടരുകയായിരുന്നു. “വിശ്വാസം വ്യക്തിനിഷ്ഠമാണ്. അതു തകര്‍ന്നാല്‍ നിഷേധിക്കാനാകാത്ത ശാസ്ത്രത്തെ നമുക്ക് കൂട്ടുപിടിക്കാം.”

“ഇതിലെന്തു ശാസ്ത്രം?” നീന അജ്ഞതയിലായി.

“ഉണ്ടല്ലോ. കേട്ടിട്ടില്ലേ… കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാനുള്ള ടെസ്റ്റിനെപ്പറ്റി; ഡിഎന്‍എ ടെസ്റ്റ്. എന്തുകൊണ്ട് അതു നടത്തിക്കൂടാ?”

ഒരു നിമിഷം സഭ നിശ്ചലമായി. മൗനത്തില്‍ ഒതുങ്ങി. ക്ലീറ്റസ് പ്രശ്നം ഓര്‍മ്മിപ്പിച്ചു.

“അതെങ്ങനെ നടക്കും? നമ്മളാരെങ്കിലും പറഞ്ഞാ ഡിഎന്‍എ ടെസ്റ്റ് നടത്തിക്കിട്ടുമോ?”

“കിട്ടണമെന്നില്ല” – ക്രിസ്റ്റഫര്‍ ബുദ്ധിപൂര്‍വം ഒന്നു പു ഞ്ചിരിച്ചു. പിന്നെ എല്ലാവരെയും മാറിമാറി നോക്കി. അപ്പോഴും പീറ്ററിന്‍റെ ദൃഷ്ടി വിദൂരതയിലെവിടെയോ ആണ്. ക്രിസ്റ്റഫര്‍ തന്നെ തുടര്‍ന്നു.

“അതിനു ചില പ്രൊസീജിയറൊക്കെയുണ്ട്. അതൊക്കെ നമുക്കു പാലിക്കാന്‍ നോക്കാം. വേണ്ട നടപടിക്കു നീങ്ങാം. പക്ഷേ, അതിനുമുമ്പ് ഒരു കാര്യമുണ്ട്.”

ബാക്കി പറയേണ്ടതു തോമസാണെന്ന മട്ടില്‍ ക്രിസ്റ്റഫര്‍ തോമസിനെ നോക്കി.

കാര്യം മനസ്സിലാക്കിയ തോമസ് ബാക്കി പൂരിപ്പിച്ചു: “നിങ്ങള്‍ക്ക് ഇക്കാര്യം സമ്മതമാണോ എന്നറിയണം.”

ആരും ഒന്നും പെട്ടെന്നു മറുപടി പറഞ്ഞില്ല.

“ഞങ്ങള്‍ക്ക് ഇതു നടത്തണമെന്നുണ്ട്. ഇതിനു സമ്മതം നല്കേണ്ടതു ട്രീസയെതള്ളിപ്പറഞ്ഞ ആളാണ്.”

ജോര്‍ജുകുട്ടി അളിയന്‍ എന്നുകൂടി വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

അമ്മച്ചിയും നീനയും ക്ലീറ്റസും പീറ്ററിന്‍റെ മുഖത്തേയ്ക്കു നോക്കി. അപ്പോഴും താനിതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണു പീറ്ററിന്‍റെ നില്പ്.

ഏതായാലും ട്രീസയുടെ ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കിക്കഴിഞ്ഞു എന്നയാള്‍ക്കു ബോദ്ധ്യമായി.

പീറ്റര്‍ കമാന്ന് ഒരക്ഷരം പോലും പറയാതെ നിന്നപ്പോള്‍ ക്ലീറ്റസ് തോമസിനോടും മറ്റുള്ളവരോടുമായി പറഞ്ഞു: “പ്ലീസ്… ഒരു മിനിറ്റ് കെട്ടോ…”

പിന്നെ, തിരിഞ്ഞ് പീറ്ററിന്‍റെ തോളത്ത് തട്ടി പറഞ്ഞു: “അളിയാ, ഒന്നിങ്ങ് വന്നേ…”

ക്ലീറ്റസ് പീറ്ററിനെയും വിളിച്ച് അകത്തു മുറിയിലേക്കു പോയി.

“അളിയനാണു സമ്മതം പറയേണ്ടത്. അല്ലാതെ മിണ്ടാതെ നില്ക്കുവല്ല വേണ്ടത്.”

“ഓ… ഞാനെന്നാ പറയാനാ…?” – ഉദാസീന ഭാവത്തിലായി പീറ്റര്‍.

“അളിയന്‍ എന്നാ വര്‍ത്തമാനമാ ഈ പറേണത്? യെസ് ഓര്‍ നോ പറഞ്ഞേ പറ്റൂ…”

അപ്പോഴും പീറ്റര്‍ മൗനത്തിലായിരുന്നു.

“നോ പറഞ്ഞാല്‍ അളിയന്‍ പറഞ്ഞ ആരോപണത്തില്‍ അളിയനുപോലും വിശ്വാസമില്ലാന്നാകും. കൊടിയ തെറ്റുകാരനാകും അളിയന്‍. അതു മാത്രമല്ല അവരു കോര്‍ട്ടില്‍ പോയാല്‍ ലാസ്റ്റ്, ജഡ്ജി പറയുന്നതും ഇങ്ങനൊരു പരിശോധനയ്ക്കായിരിക്കും.”

“അപ്പോ പിന്നെ…?”

“യെസ് പറയുകയേ നിവൃത്തിയുള്ളൂ. അല്ലാതെ ഭര്‍ത്താവിനറിയാവുന്ന ചില രഹസ്യം എന്നൊക്കെ ഒഴിവുകഴിവു പറഞ്ഞു സ്ലിപ്പായിട്ട് ഒരു കാര്യവുമില്ല. അവരു ബുദ്ധിപൂര്‍വം തന്നെയാണ് നീങ്ങിയേക്കണത്.”

പീറ്റര്‍ വല്ലാതായി.

ആ വല്ലായ്മ മനസ്സിലാക്കിയ ക്ലീറ്റസ് ചോദിച്ചു: “എന്താ അളിയന് അളിയന്‍ പറഞ്ഞ കാര്യത്തില്‍പ്പോലും വിശ്വാസം ഇല്ലാതായോ?”

അതോടെ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായി പീറ്റര്‍.

“വന്നേ; അവരു കാത്തിരിക്കുവാ… സമ്മതം പറഞ്ഞാട്ടെ.”

പീറ്ററും ക്ലീറ്റസും തിരിച്ചു സിറ്റൗട്ടിലെത്തി.

ക്ലീറ്റസ് പീറ്ററിനുവേണ്ടി പറഞ്ഞു: “ഞങ്ങള്‍ക്കും സമ്മതമാ… ഏതായാലും കാര്യങ്ങള്‍ക്ക് ഒരറുതി വേണമല്ലോ?”

“അതെ. അതുതന്നെയാണാവശ്യം. ഇങ്ങനൊരു ദുഷ്പ്പേരില്‍ ഒരു പെണ്ണു വീട്ടില്‍ വന്നു നിന്നാ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം അറിയാമല്ലോ…?” – തോമസ്.

“ഞങ്ങളാരും ഇങ്ങനൊന്നും വിശ്വസിക്കുന്നില്ല” – അമ്മച്ചി.

“അതുകൊണ്ടായില്ലല്ലോ. ആരു പറഞ്ഞാലും എന്തു പറഞ്ഞാലും പെണ്ണിനെ വിശ്വസിക്കേണ്ടത് ആരാ… അവളുടെ കെട്ടിയവനല്ലേ? അവനു വിശ്വാസമില്ലെന്നു പറഞ്ഞാല്‍പ്പിന്നെ….”

ബാക്കി പറയാന്‍ നിന്നില്ല തോമസ്. അപ്പോഴേക്കും അയാളുടെ തൊണ്ട ഇടറി.

“ങാ… അപ്പോ കാര്യങ്ങളൊക്കെ സംസാരിച്ചു കഴിഞ്ഞല്ലോ. ഇനീപ്പോ അതിന്‍റെ പ്രൊസീജിയറിലേക്കു കടക്കുകയാണ്. അതിന്‍റെ ഭാഗമായി പീറ്ററിന്‍റെ സമ്മതപത്രമൊക്കെ വേണ്ടിവരും. അതു തരേണ്ട സമയമാകുമ്പോള്‍ പറയാം. ബാക്കി ഓരോന്നിനും സമയോം ദിവസോം പറയാം” – ക്രിസ്റ്റഫറാണു പറഞ്ഞത്.

“ഇത്തരം കാര്യങ്ങള്‍ അറിയിക്കുകയും മറ്റും ഇനി ഞങ്ങളാവില്ല. എന്‍റെ സുഹൃത്ത് ഈ ക്രിസ്റ്റഫറായിരിക്കും. അതുകൊണ്ടു കൂടിയാണ് ഇന്നു ക്രിസ്റ്റഫറിനെയും കൊണ്ടുവന്നത്” – ജോര്‍ജുകുട്ടി പറഞ്ഞു.

അതില്‍ ആര്‍ക്കും എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. “എന്നാല്‍ ഞങ്ങളിറങ്ങുന്നു. ഇനിയുള്ള കാര്യങ്ങള്‍ വഴിയേ നടക്കട്ടെ” – തോമസ് എഴുന്നേറ്റു.

അപ്പോഴാണ് അവളതു ശ്രദ്ധി ച്ചത്. കൊണ്ടുചെന്നു വച്ച ചായ ആരും കുടിച്ചിട്ടില്ല. പലഹാരങ്ങളില്‍ ഒന്നുപോലും പേരിന് എടുത്തിട്ടില്ല.

“അല്ല; ഒന്നും കഴിച്ചില്ലല്ലോ…”

അതിനു മറുപടി തോമസിന്‍റെ ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു.

അവര്‍ കാറില്‍ കയറി.

കാര്‍ പടി വിട്ടിറങ്ങുംവരെ പീറ്ററിന്‍റെ വീട്ടുകാര്‍ നോക്കിനിന്നു.

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അകത്തേയ്ക്കു കയറിയ നീന ക്ലീറ്റസിനോടായി ചോദിച്ചു: “ഇനിയെന്തായിരിക്കും ട്രീസേടെ വീട്ടുകാരുടെ ഭാവം?”

ക്ലീറ്റസ് പറഞ്ഞു: “അവര്‍ ബുദ്ധിപൂര്‍വമല്ലേ നീങ്ങിയിരിക്കുന്നത്! ഇനി ടെസ്റ്റില്‍ അവര്‍ പറയുന്നതാണു ശരിയെങ്കില്‍ അതായതു പീറ്ററിന്‍റെ കുട്ടിയാണു നവീനെങ്കില്‍ പണി വരാനിരിക്കുന്നതല്ലേയുള്ളൂ.”

“അപ്പോപ്പിന്നെ ആ കുട്ടി പീറ്ററിന്‍റെ ആകാതിരിക്കണേ എന്നാണോ പ്രാര്‍ത്ഥിക്കേണ്ടത്?” – ശുദ്ധ മനസ്സോടെ നീന ചോദിച്ചു പോയി.

മറുപടി ഒരു കത്തുന്ന നോട്ടമായിരുന്നു.

“സത്യം എന്തായാലും പുറത്തുവരണം. നീയും ഒരു പെണ്ണല്ലേ. സ്വന്തം ഭര്‍ത്താവ് തളളിപ്പറഞ്ഞാല്‍ നിന്‍റവസ്ഥ എന്തായിരി ക്കും? വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും?” – പിന്നീടു ക്ലീറ്റസ് ചോദിച്ചു.

നീന ഒന്നും മിണ്ടിയില്ല. അവള്‍ ധര്‍മ്മസങ്കടത്തിലായി.

“സത്യം തെളിയട്ടേന്ന്. എന്നിട്ടു വേണം ഇവനെക്കൊണ്ട് അവളുടെ കാലും കഴുകിച്ചു ക്ഷമ പറയിച്ചു ട്രീസമോളെ കൊണ്ടിരിക്കാന്‍”- അരിശം മൂത്ത് അമ്മച്ചി പറഞ്ഞു.

“ഏതായാലും നല്ലൊരു കുരുക്ക് അവര്‍ ഇട്ടുകഴിഞ്ഞു. ആര്‍ക്കും നിഷേധിക്കാനാകാത്ത കുരുക്ക്. ഈ കുരുക്കില്‍ മോശമാകാതിരിക്കാന്‍ ഇനീം സമയമുണ്ട്. പീറ്ററളിയന്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്തു പറഞ്ഞുപോയതാണെന്നും പറഞ്ഞു നടപടികള്‍ക്കുമുമ്പു ചെല്ലാം. അവരോടു പറയാന്‍ മടിയാണെങ്കില്‍ ആ ക്രിസ്റ്റഫറിനോടു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയാലും മതി” – ക്ലീറ്റസ് നേരായ ഒരു ബുദ്ധി ഉപദേശിച്ചു.

“അപ്പോ നിങ്ങള്‍ പറയുന്നതു ഞാന്‍ വെറുതെ പറയുന്നതാണെന്നാണോ? എന്‍റെ കുടുംബജീവിതം വച്ചു ഞാനിങ്ങനെ ഭ്രാന്തു പറയുമെന്നു തോന്നുന്നുണ്ടോ? ട്രീസയെ എനിക്കെത്ര ഇഷ്ടമായിരുന്നെന്ന് നിങ്ങള്‍ക്കറിയത്തില്ലേ?”

പീറ്റര്‍ പറഞ്ഞപ്പോള്‍ മറ്റെല്ലാവരും ഉത്തരം മുട്ടി നിന്നുപോയി.

അന്നു രാത്രി രണ്ടുപേര്‍ക്ക് ഉറങ്ങാനായതേ ഇല്ല. ഒന്ന് ട്രീസയ്ക്ക്; മറ്റൊരാള്‍ പീറ്ററും.

ട്രീസ സന്തോഷത്തിലായിരുന്നു. ആ പരീക്ഷണത്തിന്‍റെ ദിവസം എത്താന്‍ അവള്‍ വല്ലാതെ കൊതിച്ചു. ആ ദിവസത്തിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ നിനച്ചു. അതിന്‍റെ ഫലം അറിയുന്നതോടെ തന്‍റെ പാതിവ്രത്യം തെളിയും. വിശുദ്ധി മനസ്സിലാകും.

അതു കഴിഞ്ഞാല്‍…!

പീറ്റര്‍ തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുമോ!? ഇത്രയും അവഹേളിച്ച ഒരാളോടൊപ്പം പോകാന്‍ തനിക്കാകുമോ?

അതിന് ഉത്തരം ലഭിച്ചില്ല ട്രീസയ്ക്ക്. പക്ഷേ, തന്‍റെ നിരപരാധിത്വം തെളിയണം എന്നവള്‍ വല്ലാതെ മോഹിച്ചു.

പീറ്ററിനു പക്ഷേ ആശങ്കയായിരുന്നു. തന്‍റെ തോന്നലിന്‍റെ പുറത്താണ് ഇതൊക്കെ ഉണ്ടായത്. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍… നടന്ന വഴി ഇനി തിരിച്ചു നടക്കാനാകുമോ?

മറ്റെല്ലാം നമുക്കു മാറ്റിയെടുക്കാം. തെറ്റിപ്പോയെന്നു കണ്ടാല്‍ നടന്നിടത്തേയ്ക്കുതന്നെ തിരിച്ചു നടക്കാം. സമയബന്ധിതമായ, കര്‍മ്മബന്ധിതമായ ജീവിതത്തിനു മാത്രം അതിനു കഴിയില്ലല്ലോ.

പീറ്ററിന്‍റെ മനസ്സ് ആശങ്കയുടെ ഊഞ്ഞാലില്‍ ആടി ഉലഞ്ഞു.

(തുടരും)

Leave a Comment

*
*