തീരാമഴ – അധ്യായം 1

തീരാമഴ – അധ്യായം 1

വെണ്ണല മോഹന്‍

പുത്തന്‍വീട്ടില്‍ വലിയ പെരുന്നാള് വന്നപോലെയായിരുന്നു. ട്രീസ പ്രസവിച്ചു വീട്ടില്‍ എത്തിയിരിക്കുന്നു. സുഖപ്രസവമായതുകൊണ്ട് നാലാംനാള്‍ ആശുപത്രി വിട്ട് വീട്ടില്‍ വരാന്‍ പറ്റി.

എത്രകാലമായി ഒരു കുഞ്ഞിക്കാല്‍ മുറ്റത്തു പതിയാന്‍ വേണ്ടി പുത്തന്‍വീട്ടുകാര്‍ മോഹിച്ചും പ്രാര്‍ത്ഥിച്ചുമിരിക്കുന്നു.

ഔസേപ്പ് പുണ്യാളന് എത്ര നേര്‍ച്ചേം കാഴ്ചേം! എന്നിട്ടും…

ട്രീസ പുത്തന്‍വീട്ടിലെ തോമസിന്‍റെയും ആനിയുടെയും മൂന്നാമത്തെ കൊച്ചാണ്. മൂത്തതു പെണ്ണാണ്. കുട്ടിക്കാലത്തേ ദൈവോം പള്ളീമൊക്കെയായിരുന്നു. അതുകൊണ്ടുതന്നെ ദൈവവിളി കേട്ട് അവള്‍ കന്യാസ്ത്രീയായി, സിസ്റ്റര്‍ മറിയ!

രണ്ടാമത്തവന്‍ ജോര്‍ജുകുട്ടി. വിവാഹം കഴിഞ്ഞിട്ട് വര്‍ഷം ആറായി; ഒരു കുഞ്ഞുണ്ടായില്ല. ചികിത്സിക്കാത്ത സ്ഥലമില്ല. ഒന്നും ഫലിച്ചില്ല. ഇപ്പോള്‍ ചികിത്സയോടുതന്നെ മടുത്ത് മുട്ടിപ്പായി പ്രാര്‍ത്ഥന; അതിലാണഭയം.

അങ്ങനിരിക്കെയാണ് ഒന്നര വര്‍ഷം മുമ്പു ട്രീസയുടെ കല്യാണം നടന്നത്. അവള്‍ക്കെങ്കിലും ഒരു കുഞ്ഞ്… അതൊരു മോഹമായിരുന്നു.

ഇപ്പോള്‍ ഇതാ അവള് പ്ര സവിച്ചിരിക്കുന്നു. ഉണ്ണിയേശുവിനെപ്പോലെ മിടുക്കന്‍ കുഞ്ഞ്. എത്ര കണ്ടിട്ടും ആനിയമ്മയ്ക്കു കൊതി തീരുന്നില്ല. കുഞ്ഞിനുവേണ്ടി എന്തൊക്കെ ചെയ്തിട്ടും മതിവരുന്നില്ല.

അടുക്കളയിലും പുറത്തുമായി പിടിപ്പതു പണിയുണ്ടേലും കൊച്ചിനെ ചുറ്റിപ്പറ്റി നില്ക്കാനാ താത്പര്യം.

തോമസും സന്തോഷതിമിര്‍പ്പിലാണ്. എങ്കിലും ആനിയമ്മയുടെ ഈ ചുറ്റിപ്പറ്റലു കാണുമ്പോള്‍ തോമസ് കളിയാക്കും.

"ട്രീസ മോളല്ല; നീയാ പ്രസവിച്ചതെന്നു തോന്നുമല്ലോ ആനീ…"

"ആദ്യപ്രസവമല്ലേ… അവനെന്തറിയാം… നമ്മള് വേണ്ടേ എല്ലാം ചെയ്യാന്‍…"

അപ്പോ ഒരു കണ്ണിറുക്കി തോമസ് പറയും: "എന്നാ നീ ആ കുഞ്ഞിനു വിശക്കാതിരിക്കാനുള്ളതുകൂടി കൊടുക്ക്…"

അതു കേള്‍ക്കുമ്പോള്‍ ആനിയമ്മ കൃത്രിമ ഗൗരവം അഭിനയിക്കും.

"ദേ വെറുതെ എന്നേക്കൊണ്ടൊന്നും പറയിക്കണ്ട…"

തോമസ് ചിരിച്ചു മറിയും.

അപ്പച്ചന്‍റേം അമ്മച്ചീടേം വര്‍ത്തമാനം കേട്ടു ജോര്‍ജുകുട്ടിയും ഭാര്യ ആഗ്നസ്സും കണ്ണില്‍ കണ്ണില്‍ നോക്കും, പുഞ്ചിരിക്കും.

സന്തോഷത്തിന്‍റെ പൂത്തിരികള്‍. കര്‍ത്താവ് കനിഞ്ഞനുഗ്രഹിച്ച് പുത്തന്‍വീട്ടില്‍ ഒരു സ്വര്‍ഗം കൊണ്ടുവന്നിരിക്കുന്നു.

സ്തോത്രം!

കര്‍ത്താവേ എല്ലാം അങ്ങയുടെ കൃപ തന്നെ.

കര്‍ത്താവിനു സ്തുതി പറഞ്ഞ് ഒന്നുകൂടി കുഞ്ഞിനെയും നോക്കി തിരിയുമ്പോഴാണു തോമസ് ചോദിച്ചത്: "അല്ല… ആനീ… ഇന്നു പീറ്ററും അമ്മച്ചീം മാത്രേ വരത്തൊള്ളോ?"

"ഇതു കൊള്ളാം. നിങ്ങളെയല്ലേ വിളിച്ചു പറഞ്ഞത്; എന്നിട്ടെന്നോടാ ചോദിക്കുന്നെ…"

"ചിലപ്പം പാലായീന്നും രണ്ടുമൂന്നു പേരു കാണൂന്നൊറപ്പാ പറഞ്ഞത്."

ഒന്നാലോചിച്ചശേഷം തോമസ് ഓര്‍ത്തു പറഞ്ഞു.

ട്രീസയുടെ ഭര്‍ത്താവാണ് പീറ്റര്‍. വിദേശത്തു ജോലിയുള്ളപ്പോഴാണു പീറ്റര്‍ വിവാഹം കഴിച്ചത്. പിന്നെ വിദേശത്ത് ആറു മാസമേ നിന്നുള്ളൂ. തിരിച്ചുവന്നു ജോലിയില്‍ കയറി. സര്‍ക്കാരുദ്യോഗത്തില്‍നിന്നു ലീവെടുത്താ വിദേശത്തു പോയിരുന്നത്. അതുകൊണ്ടുതന്നെ തിരിച്ചുവന്നു ലീവ് ക്യാന്‍സല്‍ ചെയ്തു ജോലിക്കു കയറാന്‍ പറ്റി.

ഇത്രേം ദിവസം ആശുപത്രിയിലും വീട്ടിലുമൊക്കെയായി പീറ്റര്‍ ഉണ്ടായിരുന്നു. ഇന്ന് അമ്മച്ചിയെയും കൂട്ടി വരും. അവന്‍റെ പെങ്ങന്മാരെ കെട്ടിച്ചു വിട്ടിരിക്കുന്നതു പാലായിലാ… അവരുമൊക്കെയായിട്ടായിരിക്കും വരുന്നത്.

ബന്ധുക്കളൊക്കെ വരുന്നതല്ലേ; കുറച്ച് ഇറച്ചീം മീനുമൊക്കെ വേണ്ടതല്ലേ.

തോമസ് ഒന്നാലോചിച്ചു നിന്നശേഷം ഷര്‍ട്ടെടുത്തിട്ടു.

"ആനിയേ… ഞാനൊന്നു മാര്‍ക്കറ്റില്‍ പോയിട്ടിപ്പം വരാം…"

"അവരെങ്ങാനും ഇപ്പം എത്തുമോ?"

ആനി സംശയം പ്രകടിപ്പിച്ചു. "ഓ… ഇപ്പോ ഒന്നും എത്തത്തില്ലന്നേ… പിന്നെ ഞാന്‍ ദേ ശൂ…ന്ന് വരത്തില്ലയോ. ഇവിടാണങ്കി ജോര്‍ജുകുട്ടീം ആഗ്നസ്സുമൊക്കെയുണ്ടല്ലോ."
മറുപടിക്കു നില്ക്കാതെ തോമസ് മാര്‍ക്കറ്റിലേക്കിറങ്ങി.

"ഇനിയാണെങ്കിലും നമുക്കൊരു കുഞ്ഞുണ്ടാകില്ലേ ഇച്ചായാ…?" – ജോര്‍ജുകുട്ടിയോട് അതു ചോദിക്കുമ്പോള്‍ ആഗ്നസ്സിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

മുറിയിലെ കണ്ണാടി നോക്കി മുടിചീകിക്കൊണ്ടിരുന്ന ജോര്‍ജുകുട്ടി അതു കേട്ടു തിരിഞ്ഞുനോക്കി. കട്ടിലിലിരിക്കുന്ന ആഗ്നസിന്‍റെ മുഖത്തെ വിഷമം അവന്‍ കണ്ടു.

"ആഗ്നസ്സ്… നമുക്ക് ആഗ്രഹിക്കാനല്ലേ പ റ്റൂ. അനുഗ്രഹിക്കേണ്ടതു ദൈവംതമ്പുരാനല്ലേ…"

"പ്രാര്‍ത്ഥിച്ചും നേര്‍ന്നും മടുത്തു."

നിരാശ നിഴലിച്ചിരുന്നു ആഗ്നസ്സിന്‍റെ വാക്കുകളില്‍.

"അങ്ങനെ മടുക്കരുത്. ചില കാര്യങ്ങള്‍ ദൈവം നിശ്ചയിച്ചിട്ടുണ്ട്; അപ്പോഴേ നടക്കൂ. നിരാശകൊണ്ട് ഒന്നും നേടാന്‍ പറ്റില്ല. എന്തായാലും നമ്മുടെ വീട്ടിലേക്ക് ഒരു കുഞ്ഞു പിറന്നു വീണല്ലോ."

അതു കേട്ടിട്ടും ആഗ്നസ്സിന്‍റെ മുഖം അത്ര പ്രസന്നമായില്ല.

"എന്താ… സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെയെങ്കിലും നമുക്കു തന്നില്ലേടീ…"

ഒന്നുംകൂടി സന്തോഷം ഉറപ്പിച്ചു ജോര്‍ജുകുട്ടി ചോദിച്ചു.

"ഓ… അതെങ്ങനെ നമ്മുടെ കുഞ്ഞാകും?"

ആഗ്നസ്സിന്‍റെ ആ പിറുപിറുക്കല്‍ ജോര്‍ജുകുട്ടി കേട്ടു; അവനൊട്ടും ഇഷ്ടപ്പെട്ടില്ല.

തന്‍റെ സഹോദരിയുടെ കുട്ടി തന്‍റെയും കുട്ടിയല്ലേ. അങ്ങനെയങ്ങു കാണുകയല്ലേ വേണ്ടത്. അങ്ങനെ കാണാനേ അവനു കഴിയുമായിരുന്നുള്ളൂ."

"ന്താ… നമ്മുടെ കുഞ്ഞല്ലേ?"

അവന്‍റെ ശബ്ദത്തിലെ ഘനം ആഗ്നസ്സ് തിരിച്ചറിഞ്ഞു.

"അതല്ല ഞാന്‍ പറഞ്ഞത്; രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ട്രീസ പീറ്ററിനോടൊപ്പം പോവത്തില്ലേ… നമുക്കൊന്നു കൊഞ്ചിക്കണമെങ്കില്‍ പോലും അവിടെ ചെല്ലണം. അവനിനി വളരാന്‍ പോണതും ആ വീട്ടിലല്ലേ; അതുകൊണ്ടാ ഞാന്‍ പറഞ്ഞത്."

"ങും…"- ജോര്‍ജുകുട്ടി മനസ്സിരുത്തി മൂളി. ആഗ്നസ്സ് കട്ടിലില്‍നിന്നും എഴുന്നേറ്റു. ജോര്‍ജുകുട്ടിയുടെ തോളില്‍ കൈവച്ചു. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

"എനിക്ക് ഒരമ്മയാകാന്‍ മോഹോണ്ടാവില്ലേ ഇച്ചായാ… ഞാനും ഒരു പെണ്ണല്ലേ?"

പൊടുന്നനെ അവളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഇറ്റുവീണു. ഒന്നു തേങ്ങി.

"അറിയാം; എന്താണു ചെ യ്യുക. ഉള്ളതില്‍ സന്തോഷം കണ്ടെത്തുന്നവര്‍ക്ക് എന്നും സന്തോഷിക്കാന്‍ വകയുണ്ടാകും. ഇല്ലാത്തതോര്‍ത്തു ദുഃഖിച്ചിരിക്കുന്നവര്‍ക്ക് എന്നും ദുഃഖിക്കാനേ നേരോണ്ടാകൂ… എന്തായാലും ഇവിടെ ഉണ്ടായ കുട്ടി നമ്മുടെ കുട്ടി എന്നു കരുതി ആദ്യം സന്തോഷിക്ക്… പിന്നെ, ദൈവം കരുതലുള്ളവനാണ്. അവനു തന്‍റെ സൃഷ്ടികളില്‍ എല്ലാ കരുതലുകളും ഉണ്ട്. നമുക്കു വേണ്ടിയും കരുതി വച്ചിരിക്കുന്നു എന്നു സമാധാനിക്ക്. വെയ്റ്റ് ആന്‍റ് സീ…"

അവന്‍ ആ കണ്ണീര്‍ തുടച്ചു. അവള്‍ അവന്‍റെ നെഞ്ചത്തേയ്ക്കു ചാരി.

അപ്പോഴേക്കും അടുക്കളയില്‍നിന്നും അമ്മച്ചീടെ വിളി കേട്ടു: "ജോര്‍ജൂട്ടി… പുറത്തേതോ വണ്ടി വന്നപോലെ. ഒന്നു നോക്കിക്കെ… പീറ്ററും വീട്ടുകാരും ആണോന്ന്."

ജോര്‍ജുകുട്ടി ഉടനെ മുറിക്കു പുറത്തേക്കിറങ്ങി. ആഗ്നസ്സ് അടുക്കളയിലേക്ക് ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ ചെന്നു.

അഗ്നസ്സിനെ കണ്ടപ്പോള്‍ ആനിയമ്മ പറഞ്ഞു: "ങാ… ഇതു പണ്ടാരോണ്ടോ പറഞ്ഞപോലെയായി…ഞാനെല്ലാം മറക്കുവാ… അപ്പച്ചന്‍ പോയപ്പം അരിഷ്ടത്തിന്‍റേം ലേഹ്യത്തിന്‍റേം കാര്യം പറയാന്‍ ചത്തപോലെ മറന്നുപോയി കൊച്ചേ…"

ആഗ്നസ്സ് അര്‍ത്ഥമില്ലാതെ പുഞ്ചിരിച്ചു. "പെറ്റുകിടക്കണ പെണ്ണുങ്ങളെ നന്നായി നോക്കണം. പ്രസവരക്ഷ അത്യാവശ്യം… ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ കുറേ ഗുളികേം മരുന്നും കൊടുക്കും. അതൊന്നും പോരാ. നല്ല രക്ഷ വേണം, സന്തോഷോം. അല്ലേല്‍ത്തന്നെ പ്രസവിച്ചാ പെണ്ണുങ്ങള്‍ക്കു സന്തോഷമാകും. ഒരു പെണ്ണിന്‍റെ ജീവിതം ഫലം കാണണതു പ്രസവത്തിലൂടെയല്ലേ… പിന്നെ…."

പൊടുന്നനെ എന്തോ ഓര്‍ത്തിട്ടെന്നപോലെ ആനിയമ്മ നിര്‍ത്തി. അരുതാത്തതെന്തോ പറഞ്ഞുപോന്ന കുറ്റബോധത്തോടെ ആഗ്നസ്സി നെ നോക്കി.

അവളുടെ ചുണ്ടില്‍ ഒരു ചിരി വാടി നിന്നു.

"അല്ല മോളേ… നിങ്ങടെ ഇടവകേല് എന്നാ പെരുന്നാള് തുടങ്ങണത്… ഈ മാസമല്ലേ?"

വിഷയം മാറ്റാനായി ആനിയമ്മ ചോദിച്ചെങ്കിലും പെരുന്നാള്‍ ഒഴിഞ്ഞ മനസ്സുമായി ആഗ്നസ്സ് അതു കേള്‍ക്കാത്ത മട്ടില്‍ പുറത്തേയ്ക്കു പോയി.

"പണ്ടാരാണ്ടു പറഞ്ഞപോലെയായി. ഒരു പെറാത്ത പെണ്ണിന്‍റടുത്താ ഞാനീ പറഞ്ഞതെന്നു ചത്തപോലെ മറന്നുപോയി."

തെല്ലുറക്കെത്തന്നെ ആനിയമ്മ തന്നെത്തന്നെ സ്വയം ശാസിച്ചു.

അപ്പോഴേക്കും തോമസ് അടുക്കളേലേക്കുള്ള സാധനങ്ങളുമായി പടികടന്നു വരികയായിരുന്നു. "അല്ല; നീയെന്താ ഈ ഗെയ്റ്റിലോട്ടും നോക്കി നില്ക്കുന്നേ?" ജോര്‍ജുകുട്ടിയോട് തോമസ് ചോദിച്ചു.

"എന്നെ അമ്മച്ചി ഇവിടെ നിര്‍ത്തിയിരിക്കുവല്ലേ അളിയനും വീ ട്ടുകാരും വരുന്നുണ്ടോന്നു നോക്കാന്‍…"

"ങും… അവളുടെ ഒരു കാര്യം… ങാ… മോളേ ഇതു കൊണ്ടുപോയി വച്ചേ…"

തോമസ്, കടന്നുവന്ന ആഗ്നസ്സിന്‍റെ കയ്യില്‍ സഞ്ചി ഏല്പിച്ചു.

പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം ഏറ്റുവാങ്ങി ആഗ്നസ്സ് അടുക്കളയിലേക്ക് നടക്കുമ്പോള്‍ തോമസിനും അവളോടൊരു പാവത്തം തോന്നി.

എന്തോ ഓര്‍ത്തിട്ടെന്നപോലെ തോമസ് പറഞ്ഞു: "ജോര്‍ജുകുട്ടീ… നീ ചികിത്സ നിര്‍ത്തിയതു ശരിയായില്ല. വേറേം ആശുപത്രീം ഡോക്ടര്‍മാരുമൊക്കെയുണ്ടല്ലോ. പ്രവര്‍ത്തിക്കുന്നവനെ അനുഗ്രഹം കിട്ടൂ… പ്രാര്‍ത്ഥന മാത്രം പോരാ… വേറെ ഡോക്ടറെ കാണണം നീ… താന്‍ പാതി ദൈവം പാതി എന്നല്ലേ പ്രമാണം."

അതിനെന്തോ മറുപടി പറയാന്‍ ജോര്‍ജുകുട്ടി തുനിയുമ്പോഴേക്കും പീറ്ററിന്‍റെ വെള്ള ഹോണ്ടാ സിറ്റി കാര്‍ ഗെയ്റ്റിനടുത്തെത്തി.

ജോര്‍ജുകുട്ടി ഗെയ്റ്റ് മലര്‍ക്കെ തുറന്നു. കാര്‍ പോര്‍ച്ചിലേക്കു കയറ്റി.

പീറ്റര്‍, അമ്മച്ചി, പെങ്ങള്‍ നീന, ഭര്‍ത്താവ് നെല്‍സണ്‍ പിന്നെ ഏലിയാമ്മ ചേടത്തിയും.

അമ്മച്ചിക്കും മറ്റും ഇറങ്ങാന്‍ ജോര്‍ജുകുട്ടി ഡോര്‍ തുറന്നു കൊടുത്തു.

"ആനിയമ്മേ… പീറ്ററുമൊക്കെ എത്തി"-തോമസ് വിളിച്ചു പറഞ്ഞു.

അകത്തുനിന്ന് ആഗ്നസ്സും ആനിയമ്മയും വന്നു. കൊണ്ടുവന്ന സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍ സഹായിച്ചു.

ഏലിയാമ്മ ചേടത്തിയെ കണ്ട തോമസ് ചിരിച്ചുകൊണ്ടു ചോദി ച്ചു: "അല്ല ഈ ചേടത്തിയെ എവിടന്നു കിട്ടി?"

ഏലിയാമ്മ ചേടത്തി ഈ നാട്ടുകാരിയാണ്. നല്ല പ്രായത്തില്‍ വിവാഹം നടന്നില്ല. അതുകൊണ്ടുതന്നെ അവിവാഹിതയായി ഈ അറുപത്തഞ്ചാം വയസ്സിലും ചേടത്തി ജീവിക്കുന്നു.

ഏലിയാമ്മ ചേടത്തിയെ നാട്ടില്‍ അറിയുന്നത് ഏലിവിഷം എന്നാണ്. കുടുംബകലഹം ഉണ്ടാക്കിക്കലാണു ചേടത്തിക്ക് ഇക്കാലത്തും പ്രധാന വിനോദം. പരദൂഷണവിഷം വിളമ്പുന്നതുമൂലം നാട്ടുകാര്‍ അറിഞ്ഞിട്ട പേരാണ് ഏലിവിഷം എന്നത്.

"ഞാന്‍ കൊച്ചിനെ കാണാല്ലോന്നു കരുതി പോരുമ്പഴാ വഴിക്കുവച്ചു പീറ്ററുമോന്‍ എന്നെ കൂട്ടീത്. എന്നെ കണ്ട ഉടനെ നിര്‍ത്തിയില്ലേ വണ്ടി… നല്ല സ്നേഹോള്ളോനല്ലേ പീറ്ററുമോന്‍…."- ഏലി ചേടത്തിതന്നെ വണ്ടിയില്‍ കയറിയ വിശേഷം പറഞ്ഞു.

"വാ… അകത്തേയ്ക്ക് കയറ്…"

എല്ലാവരും അകത്തേക്കു കയറുമ്പോഴും പീറ്ററിന്‍റെ മുഖം അത്ര തെളിയാതിരിക്കുന്നത് ആനിയമ്മ ശ്രദ്ധിക്കാതിരുന്നില്ല.

ഏലിയാമ്മചേടത്തിക്കു കുട്ടിയെ കാണുകയായിരുന്നില്ല പ്രധാനം. അവര്‍ അടുക്കളയിലേക്കും സ്റ്റോര്‍ റൂമിലേക്കും നടന്നു. പീറ്ററും കുടുംബവും എന്തൊക്കെയാണു കൊണ്ടുവന്നിരിക്കുന്നത് എന്നറിയണ്ടേ?

കുഞ്ഞിനെ കണ്ട പീറ്ററിന്‍റെ അമ്മച്ചി മോളും മരുമകനോടുമായി പറഞ്ഞു: "നല്ല കൊച്ച്; ഉണ്ണിയേശു പിറന്നപോലെ തന്നെ."

അവരങ്ങനെ കുഞ്ഞിനെത്തന്നെ നോക്കിയിരിക്കുമ്പോള്‍ ആനിയമ്മ വന്നു വിളിച്ചു.

"ഇതു പണ്ടാരണ്ടും പറഞ്ഞപോലെയായി… ഇത്രേം യാത്രയൊക്കെ കഴിഞ്ഞുവന്നതല്ലേ… ഉടുപ്പൊക്കെ മാറി ഇത്തിരി വെള്ളൊക്കെ കുടിച്ച് വിശ്രമിക്ക്."

"ങാ… വരാം…."

കുഞ്ഞിന്‍റടുത്തുനിന്നും സാവധാനം അമ്മച്ചീം നീനേം നെല്‍സണും എഴുന്നേറ്റ് വിസിറ്റിങ്ങ് റൂമിലേക്കു നടന്നു.

അപ്പോഴും എന്തോ കണക്കെടുപ്പിനെന്ന മട്ടില്‍ സ്റ്റോറില്‍ നിന്നിരുന്ന ഏലിയാമ്മ ചേടത്തി ആഗ്നസ്സിനോടു ചോദിച്ചു: "മോള്‍ക്കിനി പേറൊന്നും ഉണ്ടാവത്തില്ല അല്ലേ…?"

ആഗ്നസ്സിന്‍റെ മുഖം വിളറി.

"ചിലരൊക്കെ കല്യാണം കഴിക്കാതെ പെറുന്നു. മറ്റു ചിലര്‍ ക ല്യാണം കഴിച്ചാലും പെറത്തില്ല. കാലത്തിന്‍റെ ഒരു കളിയേ… എന്നാലും ചികിത്സയൊക്കെ ചെയ്തോണം… ഇല്ലേല്‍ നാട്ടുകാരു കുറ്റപ്പെടുത്തത്തില്ലേ…"

ആഗ്നസ്സ് എന്തു പറയണമെന്നറിയാതെ നിന്നു.

ട്രീസയുടെ അടുത്തിരുന്ന പീറ്റര്‍ സ്വരം താഴ്ത്തി ചോദിച്ചു: "ഇപ്പോഴും മാനുവല്‍ നിന്നെ വിളിക്കാറുണ്ടോ?"

"ങേ!" – ട്രീസ നടുങ്ങി.

മാനുവല്‍…

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org