തീരാമഴ – അധ്യായം 10

തീരാമഴ – അധ്യായം 10

വെണ്ണല മോഹന്‍

ഒരു നിമിഷത്തെ വല്ലായ്മയ്ക്കുശേഷം ട്രീസ ചോദിച്ചു: "അതെന്താ അങ്ങനെ പറഞ്ഞത്?"

"അല്ല; പല പാപങ്ങളും ഏറ്റുപറയാന്‍ നല്ലത് ഇങ്ങനെ കന്യാസ്ത്രീകളൊക്കെ വരുമ്പോഴല്ലേ"- പീറ്റര്‍ പതിവിനു വിപരീതിമായി വഴുതി മാറാതെ തന്നെ പറഞ്ഞു.

"പാപിയായ മനുഷ്യനെ രക്ഷിക്കാനല്ലേ പിതാവിനോടു നമ്മള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. ഇച്ചായനും അങ്ങനല്ലേ ചെയ്യാറ്?"

ട്രീസ അവിടംകൊണ്ടു നിര്‍ത്താനും തയ്യാറായില്ല.

"അതു പതിവു പ്രാര്‍ത്ഥന അല്ലാതെന്ത്…?"

"പതിവു പ്രാര്‍ത്ഥനയില്‍ കാര്യങ്ങളൊന്നുമില്ലെന്നാണോ… മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നതൊക്കെ വെറുതെയാണോ?"

"അങ്ങനെയല്ല ഞാന്‍ പറഞ്ഞത്" – പീറ്റര്‍ അര്‍ദ്ധോക്തിയില്‍ വിരമിച്ചു.

"പിന്നെങ്ങനാ പറഞ്ഞത്? അതുതന്നെയാ എനിക്കും അറിയേണ്ടത്?"

"അത്… അത്…" – പീറ്ററിനു പറയാന്‍ ബുദ്ധിമുട്ടായി.

"അല്ല; പറയ്…. ഇതു എങ്ങനാണ്? എന്താണ് അര്‍ത്ഥമാക്കിയത്" – ട്രീസ വിട്ടുകൊടുത്തില്ല.

"ഹ… ഇതിപ്പോ ഒരു വെറുംവാക്കു പറഞ്ഞാ അതിക്കേറി പിടിക്കാനുണ്ടോ ട്രീ സേ… നമ്മളൊക്കെ പ്രാര്‍ത്ഥിക്കാറില്ലേ… അങ്ങനെ…"

"അതു തന്നല്ലേ ഞാന്‍ ആദ്യം ചോദിച്ചത്? അപ്പോള്‍ ഇതങ്ങനല്ലെന്നു പറഞ്ഞു. ഇപ്പോ പറയുന്നു ഒരു വെറുംവാക്കാണെന്ന്."

പീറ്റര്‍ ഒന്നും മിണ്ടിയില്ല.

എന്തു പറഞ്ഞാലും ട്രീസ മറുത്തുപറയാറില്ല. അല്ലെങ്കില്‍ വാക്കിനു വാക്കിനു ചോദ്യം ചോദിക്കാറില്ല. വിഷമം വന്നാല്‍ ഒന്നു കരയും; അത്രതന്നെ. ഇപ്പോഴിതാ മറുചോദ്യം ചോദിക്കാനാരംഭിച്ചിരിക്കുന്നു. അതും സഹോദരി വന്നുപോയതിനുശേഷം. ഇതിന്‍റെ പിന്നില്‍ എന്തെങ്കിലും കാണാതിരിക്കുമോ!?

പീറ്ററിന്‍റെ ആലോചനയൊന്നും വായിച്ചെടുക്കാന്‍ ട്രീസ തുനിഞ്ഞില്ല. മുറിവേറ്റ പക്ഷിയെപ്പോലെ അവള്‍ പിടയുകയായിരുന്നു.

"ഏതു വാക്കിനും അര്‍ത്ഥമുണ്ടെന്നു ഞാന്‍ പറഞ്ഞു തരാതെ അറിയാമല്ലോ. ആദിയില്‍ ഉണ്ടായതും വചനമാണ്. ആ വാക്കുകള്‍ ചിലപ്പോള്‍ ഒരു ശരത്തേക്കാള്‍ മൂര്‍ച്ചയേറിതാകും. മറ്റു ചിലപ്പോള്‍ സാന്ത്വനത്തിന്‍റെ കുളിര്‍തെന്നലാകും – അതു പറയുന്നവര്‍ ഓര്‍ക്കണം…"

പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. വാക്കുകള്‍ മനസ്സില്‍ കിടന്നു കലപില കൂട്ടിയപ്പോള്‍ അവളുടെ ചുണ്ടുകള്‍ മൗനാവൃതമായി. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്തു.

അവളെ പീറ്റര്‍ നോക്കി.

പീറ്ററിനെ ട്രീസയും; ട്രീസയുടെ നോട്ടം പീറ്ററിനെ പൊള്ളിച്ചു.

"ഇച്ചായാ… മനസ്സറിയണം… മനസ്സറിഞ്ഞു ജീവിക്കണം."

അത്രയുംകൂടി പറയാനേ ട്രീസയ്ക്കു കഴിഞ്ഞുളളൂ. അപ്പോഴേയ്ക്കും കുഞ്ഞു കരഞ്ഞു. പാലു കൊടുക്കാനായി ട്രീസ തിരിഞ്ഞു. അതൊരു ആശ്വസമോ രക്ഷപ്പെടലോ ആയി തോന്നി പീറ്ററിന്.

അയാള്‍ മുറിക്കു പുറത്തേയ്ക്കിറങ്ങി. പുറത്ത് അമ്മച്ചിയുണ്ടായിരുന്നു. പതിവിനു വിപരീതമായ നില്പ്. എല്ലാം കേട്ടപോലുള്ള മുഖഭാവം.

അമ്മച്ചിയുടെ മുന്നില്‍ തലകുനിച്ചു നിന്നുപോയി പീറ്റര്‍. ആ നോട്ടത്തെ നേരിടാനാകുന്നില്ല.

പീറ്റര്‍ പറഞ്ഞു: "കുറച്ചു വെള്ളം കുടിക്കാന്‍ വേണം."

"വല്ലാതെ ദാഹിച്ചുപോയല്ലേ…?" അമ്മച്ചി അര്‍ത്ഥം വച്ചു പറഞ്ഞുകൊണ്ടു വെള്ളമെടുക്കാനായി പോയി.

സന്ധ്യയ്ക്കു കുരിശുവര. അതു കഴിഞ്ഞാല്‍ കുറച്ചു സമയം ബൈബിള്‍ വായിച്ചിരിക്കുക അമ്മച്ചിയുടെ ശീലമാണ്. ആ സമയം പീറ്റര്‍ സിറ്റൗട്ടിലിരിക്കും. എന്തൊക്കെയോ ആലോചിച്ചുകൊണ്ട്. അതു പീറ്ററിന്‍റെ പുതിയ രീതിയുമാണ്.

കുരിശുവര കഴിഞ്ഞു.

പീറ്റര്‍ സിറ്റൗട്ടിലിരിക്കുമ്പോഴാണു പതിവിന്‍ പടിയുള്ള ബൈബിള്‍ വായന ഒഴിവാക്കി അമ്മച്ചി പീറ്ററിന്‍റെ അടുത്തെത്തിയത്.

ഏതോ ആലോചനയില്‍ മുഴുകിയിരുന്ന പീറ്റര്‍ അമ്മച്ചി എത്തിയത് ആദ്യം അറിഞ്ഞതേയില്ല.

"പീറ്റര്‍…" – അമ്മച്ചി വിളിച്ചു.

ആ വിളി കേട്ട പീറ്റര്‍ നടുങ്ങി. ശബ്ദം കുറച്ചു മൃദുവായാണ് അമ്മച്ചി വിളിച്ചതെങ്കിലും പീറ്ററിന്‍റെ മനസ്സില്‍ ആ വിളി എന്തോ ഒരു വെള്ളിടിപോലെയാണു തോന്നിച്ചത്.

"എന്താ അമ്മച്ചി…?"

"നിന്നേം എനിക്കിപ്പം അവളേം അറിയാം. നീ വെറും പാവമാണെടാ…"

അമ്മച്ചി ഒന്നു പറഞ്ഞുനിര്‍ത്തി. മറ്റെന്തോ പറയാനുള്ളതിന്‍റെ നാന്ദിപോലെ.

അവസാന വാചകം കേട്ടപ്പോള്‍ പീറ്ററിന്‍റെ മനസ്സൊന്നു നൊന്തു; കണ്ണും നനഞ്ഞു.

എന്തര്‍ത്ഥത്തിലാണാവോ താന്‍ പാവമാണെന്ന് അമ്മച്ചി പറയുന്നത്!? പീറ്റര്‍ സംശയിച്ചു.

വീണ്ടും തുടര്‍ന്നു അമ്മച്ചി: "അവളും പാവമാ…. നല്ല ദൈവഭയമുള്ള പെങ്കൊച്ച്. നിങ്ങടെ ജീവിതം ഒരു മാതൃകാ ദാമ്പത്യമാകണ്ടതാ… ഒരു മാതൃകാക്രിസ്തീയ ഭവനമായി മാറേണ്ടേതാണ് ഈ വീട്."

അമ്മച്ചി പറഞ്ഞുവരുന്നത് എന്താണെന്നു പീറ്ററിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. "അല്ല; അതിനിപ്പോ എന്താ ഒരു കുഴപ്പം?"

പീറ്ററിന്‍റെ ചോദ്യത്തിന് അത്ര ശക്തിയൊന്നുമുണ്ടായിരുന്നില്ല. അത് അയാള്‍ക്കുതന്നെ തോന്നുകയും ചെയ്തു. തന്‍റെ വാക്കുകള്‍ ബലഹീനമായി പോകുന്നതു തിരിച്ചറിഞ്ഞു.

"കുഴപ്പമൊന്നും ഇല്ലെന്നാ…?" അമ്മച്ചി തിരിച്ചു ചോദിച്ചു.

"നമ്മളൊക്കെ സന്തോഷമായിട്ടല്ലേ കഴിയണത് അമ്മച്ചി?"

ദുര്‍ബലമായിട്ടാണെങ്കി ലും അങ്ങനൊരു ആശ്വാസവാക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല പീറ്ററിന്.

"സന്തോഷമായിട്ടാണോ?" – മറുപടി മറുചോദ്യമായി.

അമ്മച്ചിയുടെ മുഖത്തേയ്ക്കു നോക്കാന്‍പോലും പീറ്റര്‍ ഭയപ്പെട്ടു.

മറുപടി പറയാതെ പീറ്റര്‍ അല്പസമയം ഇരുന്നു. പിന്നീട് എന്തോ തിരിച്ചറിയാന്‍ ശ്രമിക്കുംപോലെ ചോദിച്ചു: "ഇന്നു മറിയം സിസ്റ്റര്‍ വന്നതെന്തിനാ…?"

അമ്മച്ചി ഒന്നും പറഞ്ഞില്ല.

"അല്ല നേരത്തെ പറഞ്ഞിട്ടു വന്നതായിരുന്നോ?" – പീറ്റര്‍ വീണ്ടും അന്വേഷിച്ചു.

"സ്വന്തം സഹോദരിയെ കാണാന്‍ ചീട്ടെടുത്തിട്ടു വരണോ പീറ്ററേ…. അല്ല; സിസ്റ്റര്‍ വന്നതിലെന്താ നിനക്കിത്ര അങ്കലാപ്പ്?"

"എനിക്കൊ… ഓ… എന്നാ അങ്കലാപ്പ്. അല്ല; അങ്ങനെ പതിവില്ലാത്ത വരവു കണ്ടു ചോദിച്ചതാ…?"

"കൊള്ളാം. മഠത്തിലെ കന്യാസ്ത്രീക്കു പതിവായിട്ടിവിടെ വരാന്‍ പറ്റുമോ പീറ്ററേ…?"

"ഒത്തിരി വിശേഷങ്ങളൊക്കെ പറഞ്ഞെന്നു തോന്നുന്നല്ലോ?"

"ഞാനന്വേഷിച്ചില്ല. എന്താ വിശേഷം പറയാന്‍ വിലക്കുണ്ടോ?"

"അതൊന്നുമല്ലന്നേ… ചുമ്മാ ചോദിച്ചെന്നേയുള്ളൂ. അതിനെന്താ കെറുവിക്കുന്നത്?"

"അല്ല; പീറ്ററെ… നിന്‍റെ മനസ്സിലെന്താ… സിസ്റ്റര്‍ വന്നതിലെന്താ നിനക്കിത്ര ആകാംക്ഷ…?"

"ഓ… എന്നാ ആകാംക്ഷ…?"

"അല്ല… നീ എന്‍റമ്മയല്ലല്ലോ… ഞാനല്ലേ നിന്‍റമ്മച്ചി?"

പീറ്റര്‍ മറുപടി പറയാതായപ്പോള്‍ ഒരിടവേളയ്ക്കുശേഷം അമ്മച്ചി ചോദിച്ചു.

"നീ രണ്ടു ദിവസം ജോലിക്കു പോകുന്നെന്നും പറഞ്ഞു പോയിട്ട് അവിടെ ചെന്നില്ലാരുന്നല്ലോ?"

പീറ്റര്‍ ഒന്നു ഞെട്ടി.

"അല്ല… അത്… ഞാന്‍… ജോലി" – പീറ്റര്‍ വിക്കിവിക്കി പറയാന്‍ തുടങ്ങി.

"അല്ല… എന്‍റെ മോന്‍ എന്നാ ഇങ്ങനെ കള്ളം പറയാന്‍ പഠിച്ചത്?"

"അതെനിക്കു ചില സ്ഥലങ്ങളില്‍ അത്യാവശ്യമായി പോകേണ്ടതുണ്ടായിരുന്നു."

"അന്നാ അതു പറഞ്ഞാല്‍ പോരായിരുന്നോ? ജോലിക്കു പോകുന്നു എന്നെന്തിനാ കള്ളം പറഞ്ഞത്?"

അതിനുത്തരം പീറ്ററിനുണ്ടായില്ല. പകരം ആലോചിക്കുകയായിരുന്നു. താന്‍ ജോലിക്കു പോയില്ലെന്ന് അമ്മച്ചിയെ അറിയിച്ചത് ആരായിരിക്കും? സിസ്റ്റര്‍ മറിയം ആയിരിക്കുമോ!?

ച്ഛെ! അതിനു സാദ്ധ്യതയില്ല. മഠത്തിലുള്ള സിസ്റ്ററെങ്ങനെ ഇതറിയുന്നു!

"മാനുവല്‍ അമ്മച്ചിയെ വിളിക്കാറുണ്ടോ?" – പെട്ടെന്ന് പീറ്റര്‍ ചോദിച്ചു.

"എന്താ നീ മാണപ്പനോടു പറഞ്ഞിട്ടാണോ അവധിയെടുത്തത്?"

മാനുവലിനെ അമ്മച്ചി മാണപ്പന്‍ എന്നാണു ചിലപ്പോഴൊക്കെ വിളിക്കാറ്.

"അതല്ല, ചോദിച്ചെന്നേയുള്ളൂ."

അല്ല; മാനുവലും ഞാന്‍ ജോലിക്കു പോകാത്ത കാര്യം അറിയാന്‍ വഴിയില്ല.

പിന്നെ, എങ്ങാനും അറിഞ്ഞാല്‍ ഇവിടെ അറിയിക്കാന്‍ മാത്രം അവന് എന്തു ബന്ധം!?

പീറ്ററിന്‍റെ നെറ്റിത്തടത്തില്‍ ചിന്തകള്‍ വലകെട്ടുന്നത് അമ്മച്ചി നോക്കിക്കൊണ്ടിരുന്നു.

"നീ എവിടാ അത്യാവശ്യമായി പോയത് എന്നു ഞാന്‍ ചോദിക്കുന്നില്ല. പക്ഷേങ്കി എന്നു മുതലാടാ നീ കൂടോത്രക്കാരേം ദുര്‍മന്ത്രവാദികളെയും വിശ്വസിച്ചു തുടങ്ങിയത്. സാത്താന്‍റെ വലേലായോ നീ…?"

പീറ്റര്‍ ശരിക്കും നടുങ്ങിയത് അതു കേട്ടപ്പോഴായിരുന്നു.

ഒരു മറുപടി മെനഞ്ഞെടുക്കാന്‍ പീറ്റര്‍ ശ്രമിക്കുന്നതിനിടെ ഉത്തരത്തിനു കാത്തുനില്ക്കാതെ അകത്തേയ്ക്കു പോയി അമ്മച്ചി.

അമ്മച്ചി എറിഞ്ഞ കനല്‍വാക്കുകള്‍ കിടന്നു പീറ്ററിന്‍റെ മനസ്സിനെ പൊള്ളിക്കാന്‍ തുടങ്ങി.

എന്തൊക്കെ രഹസ്യമായി ചെയ്താലും എങ്ങനെയൊക്കെയോ ആളുകള്‍ അറിയുന്നു. ഇതെന്തൊരു മറിമായം.

അമ്മച്ചി…

ഓരോ വാക്കുകളും ദുരൂഹതയുടെ മുനമ്പുകള്‍ സൃഷ്ടിക്കുകയാണ്.

അമ്മച്ചിയോടു തൃപ്തികരമായ ഒരു മറുപടി എങ്ങനെയെങ്കിലും പറയാമായിരുന്നു. പക്ഷേ, അതു കേള്‍ക്കാന്‍ തയ്യാറില്ലാത്തപോലെ അമ്മച്ചി തിരിച്ചുനടന്നിരിക്കുന്നു.

അതിനര്‍ത്ഥം-

തന്‍റെ ഒരു മറുപടിയിലും തൃപ്തിയില്ലെന്നല്ലേ? അല്ലെങ്കില്‍ കാര്യങ്ങളെല്ലാം താന്‍ പറയാതെ തന്നെ അമ്മച്ചിക്കറിയാം എന്നാണോ…?

തിരിച്ചു കിടപ്പുമുറിയിലേക്കു വിഷണ്ണനായി പീറ്റര്‍ എത്തി.

കട്ടിലിലേക്കു ചാഞ്ഞു. ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.

അപ്പോഴേക്കും അടുത്തെത്തിയ ട്രീസ പറഞ്ഞു: "ഇച്ചായാ എനിക്കു ചിലതു തുറന്നു പറയാനുണ്ട്."

പതിവില്ലാത്തവിധം അവളുടെ ശബ്ദം ദൃഢമായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org