തീരാമഴ – അധ്യായം 13

തീരാമഴ – അധ്യായം 13

വെണ്ണല മോഹന്‍

ഞായറാഴ്ച!

അമ്മച്ചീം പീറ്ററും ആദ്യത്തെ കുര്‍ബാനയില്‍ത്തന്നെ പങ്കെടുത്തു വീട്ടിലെത്തി.

നീനയും ക്ലീറ്റസും കുട്ടികളും അവരുടെ ഇടവകപള്ളിയില്‍ പോയി തിരിച്ചെത്തി.

"നമുക്കിന്നു പോകണ്ടായോ…?"- ക്ലീറ്റസിനെ ഓര്‍മിപ്പിച്ചു നീന.

"പിന്നെ? അതെന്തു ചോദ്യം… കാപ്പികുടീം കഴിഞ്ഞു വേഗം റെഡിയാകാന്‍ നോക്ക്."

ക്ലീറ്റസിന് അന്ന് ഒട്ടേറെ പരിപാടികളുണ്ടായിരുന്നതാണ്. എല്ലാം മാറ്റിവച്ചു. അടിയന്തിര പ്രാധാന്യമുള്ളതിനല്ലേ മുന്‍ഗണന കൊടുക്കുന്നത്.

പീറ്ററളിയന്‍റെ പ്രശ്നം അത്ര നിസ്സാരമായി തോന്നുന്നില്ല. അളിയന്‍ കണ്ട കൂടോത്രക്കാരുടെ അടുത്തുപോകാനും കള്ളം പറഞ്ഞു ലീവെടുക്കാനും തുടങ്ങിയിരിക്കുന്നു. എന്നിട്ട് ഈ അലച്ചിലാണ്. കാലുവെന്ത നായയെപ്പോലെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്നു.

എന്തോ മനഃപ്രയാസമുണ്ട്.

അതു തിരിച്ചറിഞ്ഞേ കഴിയൂ. അമ്മച്ചി സൂചിപ്പിച്ചപ്പോഴൊക്കെ നിസ്സാരമാണെന്നേ തോന്നിയുള്ളൂ. ഓരോ മനഷ്യനും ഓരോ മൂഡല്ലേ ചില സമയങ്ങളില്‍. അത്തരമൊരു മൂഡുമാറ്റം. കാര്യമാക്കാനില്ല എന്നു കരുതി.

പക്ഷേ,

പിന്നീടുള്ള ഓരോ കാര്യങ്ങളും അറിയുമ്പോള്‍ കാര്യമാക്കേണ്ടതു തന്നെയാണെന്നു തോന്നി.

കഴിഞ്ഞ ദിവസം അളിയന്‍ കള്ളം പറഞ്ഞ് ഇവിടെ വന്നതും എന്തൊക്കെയോ സമാധാനക്കേടുകൊണ്ടാണ്. തള്ളിക്കളയാന്‍ പറ്റുന്ന കാര്യമല്ല.

ഇതിനെക്കുറിച്ചു ട്രീസയുടെ വീട്ടുകാര്‍ക്കും ചില സംശയങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാകണം സിസ്റ്റര്‍ മറിയാ അവിടെ എത്തിയതും.

ചില നാളുകളില്‍ കിടപ്പറയില്‍ പീറ്ററിന്‍റെ ശബ്ദം ഉയരുന്നുവെന്നു ട്രീസയുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാറുണ്ടെന്നും അമ്മച്ചി പറഞ്ഞപ്പോള്‍ അതെല്ലാം അവരുടെ മാത്രം കാര്യങ്ങള്‍ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

അങ്ങനെ ഒഴിഞ്ഞുമാറിയാല്‍ ഒരു കുടുംബം തകര്‍ന്നേക്കുമെന്നു തോന്നുന്നു. കാര്യമറിയട്ടെ. എന്നിട്ടു പരിഹാരം കാണാം.

പതിനൊന്നു മണിയായപ്പോഴേക്കും നീനയും കുട്ടികളും റെഡിയായിക്കഴിഞ്ഞിരുന്നു. ക്ലീറ്റസ് കാര്‍ ഷെഡ്ഡില്‍ നിന്നും ഇറക്കി.

കുട്ടികള്‍ക്കു സന്തോഷമായി; പീറ്ററങ്കിളിന്‍റെ കുഞ്ഞുവാവയെ കാണാല്ലോ.

അവര്‍ വരുമെന്ന ധാരണ അമ്മച്ചിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പീറ്ററിനെക്കൊണ്ടു ചന്തയില്‍ നിന്നു മുഴുത്ത മീന്‍തന്നെ വാങ്ങിപ്പിച്ചു. ക്ലീറ്റസിനും കുട്ടികള്‍ക്കും മീനാണ് ഇഷ്ടം. ഇറച്ചിയോടത്ര താത്പര്യമില്ല.

നാത്തൂന്‍റെ വരവ് അറിയാതെ പോയത് ഒരാള്‍ മാത്രമായിരുന്നു; ട്രീസ.

ഒരുപക്ഷേ, അവള്‍ ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് ഉള്‍വലിയല്‍ – അതിലേറെ എന്താണു ചെയ്യേണ്ടത് എന്നറിവില്ലായ്മ. സന്ദേഹമെല്ലാം അവളെ മഥിച്ചുകൊണ്ടിരുന്നു.

അല്ലെങ്കില്‍ത്തന്നെ-

കുട്ടി തന്‍റേതല്ലെന്ന് ഒരു ഭര്‍ത്താവ് ഭാര്യയെ നോക്കി നിശ്ചയം പറഞ്ഞാല്‍ ഭാര്യയ്ക്കെന്താണു കഴിയുക!?

വെയില്‍ മൂത്തു തുടങ്ങി.

അപ്പോഴേക്കും ക്ലീറ്റസിന്‍റെ കാര്‍ ഗെയ്റ്റ് കടന്നു പോര്‍ച്ചില്‍ കയറി.

നവീനുവേണ്ടി നീന കുറച്ചു കളിപ്പാട്ടങ്ങളും കുട്ടിയുടുപ്പും പോകുംവഴി വാങ്ങിയിട്ടുണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍വച്ച് കളിക്കാന്‍ പ്രായമായിട്ടില്ലെന്നറിയാം. എങ്കിലും എന്തെങ്കിലും വാങ്ങാതെങ്ങനാ.

വീട്ടില്‍ കയറിയപാടെ നീന ട്രീസയുടെ മുറിയില്‍ കയറി. കുട്ടികള്‍ കൂടെയും. കുട്ടിയുടുപ്പു കുഞ്ഞിന്‍റെ ദേഹത്തു ചേര്‍ത്തുവച്ചു ചേര്‍ച്ച നോക്കി.

"എങ്ങനുണ്ട്?" – നീന ചോദിച്ചു.

"കൊള്ളാം; ചേരുന്നുണ്ട്." അങ്ങനെ മറുപടി പറയുമ്പോഴും ട്രീസയുടെ മുഖം കുതിര്‍ന്നിരുന്നു എന്നു നീനയ്ക്കു തോന്നി.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചുവന്നതു കാരണം തുടക്കം ഒരു ചായയില്‍ ഒതുക്കി.

നീന ക്ലീറ്റസിനെ കണ്ണു കാണിച്ചു; ക്ലീറ്റസ് തലയാട്ടി.

അവള്‍ ട്രീസയുടെ മുറിയിലേക്കു കയറി. അപ്പോഴും കുട്ടികള്‍ വാവയെ കളിപ്പിക്കുകയായിരുന്നു.

കുട്ടികളോാടായി നീന പറഞ്ഞു: "നിങ്ങള് വല്യമ്മച്ചിടടുത്തേയ്ക്കു പോണില്ലേ? എത്ര നേരമായി തിരക്കുന്നു."

"ങാ…"

മനസ്സില്ലാമനസ്സോടെ കുട്ടികള്‍ വാവയെ വിട്ടു മുറിക്കു പുറത്തിറങ്ങി.

തിരിച്ചു മുറിയിലേക്ക് ആരും കയറാതെ നീന വാതില്‍ അടച്ച് ലോക്ക് ചെയ്തു.

നീന ട്രീസയുടെ മുഖത്തേയ്ക്കു നോക്കി, ആകെ ഒന്നു കണ്ണു തുറന്ന് ഉഴിഞ്ഞു. വിഷാദം തളം കെട്ടി നില്ക്കുന്ന മുഖം-

എന്നാലും പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്ന ട്രീസ എന്ന് അവള്‍ക്കു തോന്നി.

"എന്തൊക്കെയുണ്ട് വിശേഷം…?"

ട്രീസ എന്തെങ്കിലും പറയുമോ എന്നറിയാനായി നീന സംസാരത്തിനു തുടക്കമിട്ടു.

"ഓ… എന്നാ വിശേഷം… സുഖമായി പോകുന്നു" – ട്രീസ പറഞ്ഞൊഴിഞ്ഞു.
"സുഖം എന്നു പറയുമ്പോഴും അത്ര സുഖമല്ലാത്തപോലെ"- നീന ചോദിച്ചു. മുഖത്തേയ്ക്കു ശ്രദ്ധിച്ചു നോക്കി.

അതിനു മറുപടി ഒരു വാടിയ ചിരി മാത്രമായിരുന്നു. ട്രീസയില്‍ നിന്ന് അങ്ങനെയൊന്നും ഇങ്ങോട്ടു പറയും എന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നു നീനയ്ക്കു മനസ്സിലായി. അതുകൊണ്ടുതന്നെ അവള്‍ തുറന്നു ചോദിക്കാം എന്നു തീരുമാനിച്ചു. വളച്ചുകെട്ടലില്‍ കാര്യമില്ല.

"പീറ്ററുമായുള്ള ജീവിതത്തില്‍ വല്ല പ്രശ്നങ്ങളുമുണ്ടോ?"

"എന്നു ഞാന്‍ പറഞ്ഞില്ലല്ലോ."

"പറഞ്ഞില്ല."

"എന്താ… ഇച്ചായന്‍ പറഞ്ഞോ?"

അപ്പോള്‍ പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ കഴിയാതെ പോയത് നീനയ്ക്കായിരുന്നു.

"അതല്ല; ഞാന്‍ പറഞ്ഞത്…"

നീന എന്തു പറയേണ്ടൂ എന്നറിയാതെ വിഷമിച്ചു.

"കഴിഞ്ഞ ദിവസം വീട്ടില്‍ വന്നിരുന്നു."

"ആര്? ഇച്ചായനോ?" – ട്രീസ ചോദിച്ചു.

"അതെ… ക്ലീറ്റസിനെ കാണണമെന്നും പറഞ്ഞാണു വന്നത്. ഏതോ സുഹൃത്തിന്‍റെ മനഃപ്രയാസം പങ്കുവയ്ക്കാനിറങ്ങിയപ്പോള്‍ യാദൃച്ഛികമായി കയറിയതാണെന്നാണു പറഞ്ഞത്. പക്ഷേ, ഒരു സൂഹൃത്തിന്‍റെയും അടുത്തു പോയിട്ടുള്ള വരവാണെന്നു തോന്നിയില്ല. എന്തൊക്കെയോ പന്തികേടു കഴിഞ്ഞ ദിവസം അമ്മച്ചി വിളിച്ചപ്പോള്‍ പറഞ്ഞു. ഏതോ കൂടോത്രക്കാരന്‍റെ അടുത്തു പോയിരുന്നതായി അറിഞ്ഞു എന്ന്. അകാരണമായി ജോലിയില്‍ നിന്നു ലീവെടുക്കുന്നുണ്ടെന്നാ ക്ലീറ്റസും അറിഞ്ഞത്."

"ങും…"- ട്രീസ മൂളുക മാത്രം ചെയ്തു.

"എന്താ മറുപടി ഒന്നും പറയാത്തത്?"

"ഇതെല്ലാം എന്തുകൊണ്ടാണെന്നു മറുപടി പറയേണ്ടതു ഞാനല്ലല്ലോ, ഇച്ചായനല്ലേ?" – ട്രീസ ചോദിച്ചു.

"ഭാര്യയും ഭര്‍ത്താവും എന്നു പറയുന്നത് രണ്ടു ശരീരവും ഒരു മനസ്സുമാ… അപ്പോ ഭര്‍ത്താവിന്‍റെ മനസ്സ് ഭാര്യയ്ക്ക് അറിയത്തില്യോ…"

"ഭാര്യയ്ക്ക് അറിയാമായിരിക്കും."

"അപ്പോ…!!" – നീന അത്ഭുതത്തോടെ ചോദിച്ചു.

"ഭാര്യയും ഭര്‍ത്താവുമായി ജീവിക്കണം."

മറ്റൊന്നും പറയാതെ ഏങ്ങലടിച്ചു ട്രീസ. അടക്കാന്‍ കഴിയാതെ സങ്കടം അണപൊട്ടി ഒഴുകുകയായിരുന്നു.

എന്തു പറയണം എന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചിരുന്നു പോയി നീന.

ട്രീസ അപ്പോഴും നിയന്ത്രിക്കാനാകാതെ ഏങ്ങലടിക്കുകയായിരുന്നു.

വീടിനു പിന്നിലുള്ള മാവിന്‍ചുവട്ടിലേക്കു ക്ലീറ്റസ് പീറ്ററിനെ വിളിച്ചുകൊണ്ടുപോയി.

"അളിയന്‍ ഏതു സുഹൃത്തിന്‍റെ കാര്യത്തിനു വേണ്ടിയാ വന്നത്…?"

"അത്…. അത്… അവിടെ അടുത്തൊരാളുണ്ട്"- പീറ്റര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

"ധ്യാനകേന്ദ്രത്തില്‍ പോകുകയല്ല അളിയാ… തുറന്ന് പറയുകയാണു വേണ്ടത്… വിശ്വസ്തനോട് തുറന്നു പറയണം. എന്നിട്ടു പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കണം."

"അതുതന്നെ ഞാനും അവനോടു പറഞ്ഞു: "ആദ്യം വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ പറയേണ്ടതു ഭാര്യയോടുതന്നെയാണ്."

"ശരിയാ…"

"എന്നിട്ട് അളിയന്‍ പ്രശ്നങ്ങള്‍ ഭാര്യയോടു പറഞ്ഞോ?"

ക്ലീറ്റസിന്‍റെ പെട്ടെന്നുള്ള ചോദ്യത്തില്‍ വല്ലാതായിപ്പോയി പീറ്റര്‍.

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ വെമ്പിപ്പോയെങ്കിലും അടുത്ത മാത്രയില്‍ രക്ഷപ്പെടാനെന്നോണം പീറ്റര്‍ പറഞ്ഞു.

"അതിന് എന്‍റെ പ്രശ്നമല്ലല്ലോ അളിയാ…"

"ഓ… അതു ശരിയാണല്ലോ; ഞാനത്ര ഓര്‍ത്തില്ല."

ക്ലീറ്റസ് ചിരിച്ചു. തുടര്‍ന്നും ക്ലീറ്റസ് തന്നെ പറഞ്ഞു.

"അളിയാ… നമ്മളെല്ലാവരും പ്രായപൂര്‍ത്തിയായവരാ… കുട്ടികളല്ല. കൂട്ടുകാരനു പ്രശ്നം എന്നും പറഞ്ഞ് സ്വന്തം വിഷമം പറയേണ്ടതില്ല. അളിയനെന്താ പ്രശ്നം… തുറന്നു പറയ്. കണ്ട ദുര്‍മന്ത്രവാദികളുടെ അടുത്തു പോയതുകൊണ്ടോ ധ്യാനത്തിനു പോയതുകൊണ്ടോ അലഞ്ഞുതിരിഞ്ഞു നടന്നതുകൊണ്ടോ ഒരു പ്രശ്നപരിഹാരവും ഉണ്ടാവില്ല. എന്താണെന്നുവച്ചാ തുറന്നു പറ… നമുക്കു പരിഹാരം കാണാന്നേ…"

എന്തു പറയണം എന്നറിയാതെ പീറ്റര്‍ മൗനത്തിലേക്കു ചാഞ്ഞു.

പീറ്ററിനെത്തന്നെ ഉറ്റുനോക്കുകയായിരുന്നു ക്ലീറ്റസ്. ആ ഭാവഭേദങ്ങള്‍, മുഖത്ത ചിന്തകള്‍ തീര്‍ക്കുന്ന ചുളിവുകള്‍… എല്ലാം എല്ലാം കാണുകയായിരുന്നു.

ആലോചിക്കാന്‍ പീറ്ററിനു സമയം നല്കി ക്ലീറ്റസ്.

ഒടുവില്‍-

പീറ്ററിനു തുറന്നു പറയേണ്ടതായിത്തന്നെ വന്നു.

"ഒരുപക്ഷേ, അളിയാ ഞാന്‍ പറയുന്നതു കേട്ടാല്‍ നിങ്ങള്‍ വിശ്വസിച്ചില്ലെന്നു വരും."

ഒരു നിമിഷം നിര്‍ത്തിയപ്പോള്‍ ക്ലീറ്റസ് പറഞ്ഞു. "കേള്‍ക്കുന്നവര്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല. കാര്യം സത്യസന്ധമായി തുറന്നു പറയ്. ആദ്യം മനസ്സൊന്നു പറഞ്ഞുതീര്‍ക്ക്.. ശൂന്യമാക്ക്… സമാധാനപ്പെട്…"

"എന്തു പറഞ്ഞു തീര്‍ത്താലും എനിക്കീ ജീവിതത്തില്‍ സമാധാനം കിട്ടൂന്നു തോന്നണില്ല…"

"അതെന്താ!?"- ക്ലീറ്റസ് അത്ഭുതപ്പെട്ടു.

"അങ്ങനെയാണ്. എനിക്കു ട്രീസയിലെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു!"

ഇപ്പോള്‍ നടുങ്ങിപ്പോയത് ക്ലീറ്റസ് ആയിരുന്നു.

"അളിയാ… അളിയനെന്താ ഈ പറയുന്നത്!"

സത്യം. ഞാന്‍ എന്നെ നീറ്റിക്കൊണ്ടിരിക്കുന്ന സത്യമാ പറഞ്ഞത്."

ഒരു നിമിഷം മൗനത്തിലേക്കു പിന്‍വലിഞ്ഞതു ക്ലീറ്റസായിരുന്നു.

പീറ്ററിന്‍റെ ശ്വസനക്രമങ്ങളുടെ താളം മാറി. വല്ലാതെ വിയര്‍ത്തു. സ്വരത്തില്‍ വിറവല്‍ വീണു.

"അളിയന്‍ പറയുന്നതിലെന്താണു വാസ്തവം?" – ഒരു വല്ലായ്മയോടെയാണു ക്ലീറ്റസ് ചോദിച്ചത്.

"അറിയാല്ലോ… അവള്‍ സുന്ദരിയാണ്… ഞാന്‍ അവള്‍ക്കു ചേരുന്ന സൗന്ദര്യമുള്ള ആളൊന്നുമല്ല."

"ആലോചിച്ചുറപ്പിച്ചു മനഃസമ്മതം നടത്തിയാണു വിവാഹം നടന്നത്. പിന്നെ, അങ്ങനൊരു പ്രശ്നമുണ്ടായിരുന്നെങ്കില്‍ അന്നേ ഇതു വേണ്ടെന്നു ട്രീസയ്ക്കു പറയാമായിരുന്നല്ലോ. പിന്നെ ഇപ്പോള്‍ പറയുന്നത്?"

"അല്ല; അവള്‍ അങ്ങനെ പറഞ്ഞിട്ടില്ല."

"പിന്നെ."

"എനിക്കറിയാം."

"അതു ശരി… അളിയനങ്ങനെ തോന്നുന്നു. എങ്കില്‍ അത് അളിയന്‍റെ കുഴപ്പമല്ലേ…?"

"ഇതാ.. ഞാന്‍ പറഞ്ഞത്… എന്തു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കത്തില്ലെന്ന്. അതാ ഞാന്‍ പറയാത്തത്…"

"ശരി… അളിയന് അങ്ങനെ തോന്നാന്‍ കാരണമെന്താ; അതും ഒരു കുട്ടിയായ സമയത്ത്…"

"ആര്‍ക്ക് കുട്ടിയായന്ന്?"

"അളിയനും ട്രീസയ്ക്കും കൂടി ഒരു കുട്ടിയുണ്ടായതും മറന്നുപോയോ?"

അത്ഭുതത്തോടെ ക്ലീറ്റസ് പീറ്ററിനെ നോക്കി.

"ആ കുട്ടി എന്‍റേതാണെന്നു ഞാന്‍ കരുതുന്നില്ല."

"ങേ!"

ഒരിടിവെട്ടു കൊണ്ടതുപോലെയായി ക്ലീറ്റസിന്.

"എന്താ… എന്താ… അളിയന്‍ ഈ പറയുന്നത്?"

"നടുങ്ങിപ്പോയല്ലേ… അപ്പോള്‍ ഇതുമായി നടക്കുന്ന ഞന്‍ ഒരു ഭൂമി കത്തിക്കാനുള്ള തീയാ ചുമക്കുന്നത്."

"എന്തടിസ്ഥാനത്തിലാണ് ആ പാവം പെണ്‍കൊച്ചിനെ അളിയന്‍ സംശയിക്കുന്നത്?"

"നിങ്ങളൊക്കെ അവളുടെ ഭാഗത്തേ നില്ക്കത്തൊള്ളെന്ന് എനിക്കറിയാം."

"അങ്ങനല്ല… ഇത്തരം ഒരു കാര്യം പറയണമെങ്കില്‍ കൃത്യമായ അടിസ്ഥാനം വേണം. അല്ലാതിങ്ങനൊന്നു പറഞ്ഞാല്‍… ഈ പറയുന്നതിന്‍റെ ഗൗരവം അളിയനറിയത്തില്ലേ?"

"എന്നോളം ഗൗരവം ആര്‍ക്കാ അറിയാവുന്നത്. പക്ഷേങ്കി ചില കാര്യത്തിലൊക്കെ ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രം അറിയാവുന്ന ചില രഹസ്യങ്ങളും അടിസ്ഥാനങ്ങളും ഉണ്ട്. അതൊക്കെ മറ്റൊരാളുമായി പങ്കുവയ്ക്കാനൊക്കത്തില്ലെന്ന് അറിയില്ലേ…"

ക്ലീറ്റസിന്‍റെ മനസ്സിനു തീ പിടിക്കുകയായിരുന്നു.

അകത്തു മറുപടി നിലച്ചു കാര്യങ്ങളുടെ പോക്കു കണ്ട് അത്ഭുതപ്പെട്ട് ആശങ്കപ്പെട്ട് നീന ഇരിക്കുകയായിരുന്നു.

ഒരു പെണ്ണ് ഒരിക്കലും കേള്‍ക്കാന്‍ അനുവദിക്കാത്ത തെറ്റ് കേട്ട് കഴിയുന്ന ട്രീസ!

എങ്ങനെ സമാധാനിപ്പിക്കും-

ഒരു പോംവഴി!?

കര്‍ത്താവേ…!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org