തീരാമഴ – അധ്യായം 15

തീരാമഴ – അധ്യായം 15

വെണ്ണല മോഹന്‍

പുത്തന്‍ വീട്!

അന്നു ശ്മശാനമൂകതയായിരുന്നു.

വൈകീട്ട് ചായ കുടിച്ചു. രാത്രിയിലേക്ക് എന്തോ ഉണ്ടാക്കിവച്ചു ആനിയമ്മ.

കുരിശുവര കഴിഞ്ഞപ്പോള്‍ ആനിയമ്മയും തോമസും ജോര്‍ജുകുട്ടിയുമെല്ലാം ഒന്നിച്ചിരുന്നു.

ട്രീസ അകത്തു കിടക്കുകയായിരുന്നു. നവീന്‍കുഞ്ഞിനെയും അടുത്തു കിടത്തി അവള്‍ ശൂന്യമനസ്സോടെ കിടന്നു. പക്ഷേ, ആ മനസ്സിലെ ശൂന്യത അധികനേരം നിലനിന്നില്ല.

നവീനെ നോക്കുമ്പോഴൊക്കെ അവളുടെ മനസ്സ് ദുഃഖംകൊണ്ടു നിറഞ്ഞു.

പൊന്നുമോനേ… നീ ജനിച്ചപ്പോള്‍ത്തന്നെ കേട്ടത്… ജാരസന്തതി എന്നായിപ്പോയല്ലോ. നിനക്കു നിന്‍റപ്പന്‍ അപ്പനല്ലാതായിപ്പോയല്ലോ മോനേ…
അവളുടെ മനം ദുഃഖത്താല്‍ വെന്തു നീറി. ഈ ദുഃഖത്തിലും ഇരിപ്പിലും തനിക്ക് ഭ്രാന്തായിപ്പോകുമോ എന്നു പോലും അവള്‍ ഭയന്നു.

കെട്ടിച്ചയച്ച താന്‍ വീണ്ടും വീട്ടിലേക്കെത്തിയിരിക്കുന്നു. അപ്പച്ചനും അമ്മച്ചിക്കും ഒരു ഭാരമായിട്ട്. ഒറ്റയ്ക്കല്ല; ഒരു കുഞ്ഞിനെക്കൂടി കൊണ്ടാണു വന്നത്. അതും നല്ലപേരോടുകൂടിയല്ല. കുടുംബത്തെ മുഴുവനും മോശപ്പെടുത്തുന്ന ഒരു പേരുമായി എത്തിയിരിക്കുന്നു.

ചിന്തിക്കുമ്പോള്‍ പലപ്പോഴും ആത്മഹത്യ ചെയ്യണമെന്നുതന്നെ തോന്നിപ്പോകും. അടുത്ത നിമിഷം അങ്ങനെ ചിന്തിച്ചതില്‍ സ്വയം പഴിക്കും.

ആത്മഹത്യാചിന്ത തന്നെ പാപമാണ്. അതു സാത്താന്‍റെ പ്രലോഭനമാണ്. ആ പ്രലോഭനത്തില്‍ വീഴുക എന്നുവച്ചാല്‍ ദൈവത്തെ കയ്യൊഴിയുക എന്നതാണ്. ഇങ്ങനൊക്കെ മറിച്ചു ചിന്തിക്കും. അതിനോടൊപ്പം മറ്റൊന്നുകൂടി ആലോചിക്കും.

ഈ പ്രതിസന്ധിയില്‍ മരണത്തിലേക്കു പോയി ഭീരുവാകുകയല്ല, പരാജയപ്പെടുകയല്ല വേണ്ടത്. ഭയപ്പെടേണ്ട കര്‍ത്താവ് നിന്നോടൊപ്പം ഉണ്ടെന്ന തിരുവാക്ക് ഓര്‍ക്കു കയും അതില്‍ ബലപ്പെടുക യുമാണു വേണ്ടത്. പിന്‍വാങ്ങിയാല്‍ ഈ ദുഷ്പ്പേരു തനിക്കു മാത്രമല്ല കുടുംബത്തിനും തുടര്‍ന്നുള്ള പരമ്പരയ്ക്കും ഇരിക്കപ്പേരായി മാറും. പകരം സത്യം തെളിയിക്കപ്പെടണം. അപ്പോഴാണ് കാര്യങ്ങള്‍ മാറിമറിയാന്‍ പോകുന്നത്. അതിലാണു കൃതാര്‍ത്ഥത കാണേണ്ടത്.

താന്‍ മരിക്കുകയാണെങ്കില്‍ ഈ പാവം കുഞ്ഞിന്‍റെ ഭാവി?

കുഞ്ഞുങ്ങളെല്ലാം ദൈവത്തിന്‍റേതാണ്. അതു തന്നിലൂടെ വന്നു എന്നേയുള്ളൂ. ദൈവം സന്തോഷിക്കാനും വളര്‍ത്തുവാനുമാണു തന്നെ ഏല്പിച്ചിരിക്കുന്നത്. അതു കയ്യൊഴിയുക എന്നുവച്ചാല്‍… ദൈവത്തെത്തന്നെ ധിക്കരിക്കുന്നു എന്നല്ലേ… പിന്നെ ഇത്രയും നാളും അനുവര്‍ത്തിച്ചുപോന്ന ദൈവശാസനകളുടെ പ്രസക്തി…!?

എല്ലാവരിലും കര്‍ത്താവിനു കരുതലുണ്ട്. ജനിക്കുന്ന കുഞ്ഞിനു ഭക്ഷണംപോലും മുലപ്പാലായി കരുതിവച്ചിട്ടാണു ഭൂമിയിലേക്കു കുഞ്ഞിനെ അയയ്ക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ജീവിതത്തിനും കരുതലുണ്ടാകില്ലേ… ആ കരുതലില്‍ അടിയുറച്ചു വിശ്വസിക്കുക. തന്‍റെ പരിശുദ്ധി കര്‍ത്താവ് വെളിപ്പെടുത്തുകതന്നെ ചെയ്യും!

സ്വയം സമാധാനപ്പെടാന്‍ ശ്രമിച്ചു ട്രീസ. എങ്കിലും തന്‍റെ ഈ വരവ് ഉണ്ടാക്കുന്ന ഡാമേജിനെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്കു വല്ലാതെ നൊന്തു.

കുടുംബസഭയില്‍ ആദ്യം മൗനമായിരുന്നെങ്കിലും ജോര്‍ജുകുട്ടിയാണു സംസാരത്തിനു തുടക്കമിട്ടത്.

"ഇതിനൊക്കെ കത്തി കേറ്റുകയാ മറുപടി… അല്ലാതെ സാരോപദേശമല്ല…"- ജോര്‍ജുകുട്ടിയുടെ ദേഷ്യം കുറഞ്ഞിട്ടുണ്ടായിരുന്നില്ല.

"എടാ… കര്‍ത്താവുപോലും തന്നെ ദ്രോഹിച്ചവരോടു ക്ഷമിക്കാനാ തുനിഞ്ഞത്" – തോമസ് പറഞ്ഞു.

"അപ്പച്ചനതു പറയാം; നമ്മളാരും കര്‍ത്താവല്ലല്ലോ…"

ആ ന്യായത്തോടു യോജിക്കാനൊന്നും അവനു കഴിഞ്ഞില്ല.

"അതു ശരിയാ… പക്ഷേങ്കി… കര്‍ത്താവിന്‍റെ പാത പിന്തുടരാന്‍ ശ്രമിക്കുന്നവരല്ലേ നമ്മള്‍… അല്ലെങ്കില്‍ വേദപുസ്തകം വായിക്കണോ… വല്ല നോവലും വായിച്ചോണ്ടിരുന്നാല്‍ പോരേ… പ്രാര്‍ത്ഥിക്കണോ… പള്ളിപ്പോണോ… ചന്തേപ്പോയും കശപിശ പറഞ്ഞും നടന്നാപ്പോരേ… വേദപുസത്കം വായിക്കുന്നതും പള്ളീപ്പോണതുമൊക്കെ നല്ല കാര്യങ്ങള്‍ക്കു പ്രചോദനമാകാനും കര്‍ത്താവിലേക്കു അടുക്കാനുമാ…."

തര്‍ക്കിക്കാനൊന്നും ജോര്‍ജുകുട്ടി നിന്നില്ല.

"ഓരോ കൂദാശകളും നമ്മളെ സംസ്കരിച്ചെടുക്കാനുള്ളതാടാ…" – വീണ്ടും തോമസ് ആവര്‍ത്തിച്ചു.

"ഇതു പണ്ടാരാണ്ടും പറഞ്ഞപോലായിപ്പോയി. അപ്പനുംമോനുംകൂടി വേദപുസ്തകം വ്യാഖ്യാനിക്കാതെ എന്താന്നു വച്ചാ ആലോചിക്ക്…"

കാര്യത്തില്‍നിന്നും മാറിപ്പോകുന്ന തോമസിനെ കാര്യത്തിലേക്കടുപ്പിച്ചു ആനിയമ്മ.

"എന്നാലും ആനിയമ്മേ… അവനീ പറയുന്നതു ശരിയല്ലെന്നാരാ പറഞ്ഞുകൊടുക്കേണ്ടത്. നമ്മളൊക്കെ സത്യക്രിസ്ത്യാനികളല്ലേയോ… യോഹന്നാന്‍റെ സുവിശേഷത്തില്‍ പറയുന്നതെന്തോന്നാ, ഞാന്‍ തന്നെയാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും എന്‍റെ പിതാവിന്‍റെ അടുക്കലേയ്ക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു എന്നല്ലേ…?"

അവള്‍ ഒന്നും മറുപടി പറഞ്ഞില്ല.

തോമസ്തന്നെ ഉപസംഹരിച്ചു: "അതാ ഞാന്‍ പറയുന്നേ, നമ്മള്‍ ക്രിസ്തുവിനെ അറിയണം. അപ്പം എല്ലാറ്റിനും പരിഹാരം കാണാനും കഴിയുമെന്ന്…"

"അന്നാ അപ്പന്‍ തന്നെ പറ എന്താ പരിഹാരം കാണേണ്ടതെന്ന്"- ജോര്‍ജുകുട്ടി അപ്പനിലേക്കു ചോദ്യം എറിഞ്ഞു.

"എടാ… ട്രീസ ഇവിടെ നിക്കട്ടെ കുറച്ചു ദിവസം കഴിയുമ്പം അവനു മാനസാന്തരം ഉണ്ടാകില്ലെന്നൊന്നുമില്ലല്ലോ."

"ഉണ്ടാകും… ഉണ്ടാകും… അയാളൊരു ആണാണോ… അല്ല ഒരു മനുഷ്യനാണോ… തോന്ന്യാസം പറഞ്ഞിട്ട് പിന്നീട് ഒരക്ഷരംപോലും പറയാതെ ഇരിക്കണ ആ ഇരിപ്പു കണ്ടാരുന്നോ… എനിക്കങ്ങോട്ട്…" – ജോര്‍ജുകുട്ടിയുടെ അരിശം അവസാനിക്കുന്നില്ല.

"അതൊക്കെ… പിന്നീട് പറഞ്ഞതിനെക്കുറിച്ചാലോചിച്ചു മിണ്ടാട്ടം മുട്ടിയതാവത്തില്ലേ…?"

"ങും…" – ജോര്‍ജുകുട്ടി ഒന്നു നീട്ടി മൂളി.

"നിങ്ങള്‍ അവളോടെന്തെങ്കിലും ചോദിച്ചോ…?"- ആനിയമ്മ തോമസിനോടു ചോദിച്ചു.

"അവളുടെ മനസ്സിപ്പം വെന്തിരിക്കുവാ… ഞാന്‍കൂടി ചെന്ന് വിഷമിപ്പിക്കണോ… സൗകര്യംപോലെ സാവകാശം നോക്കി നീ അവളോടു സംസാരിക്ക്… എനിക്കിപ്പ… ഈ പ്രശ്നത്തില്‍ തോന്നണത്…" – തോമസ് അത്രയും പറഞ്ഞു നിര്‍ത്തി.

എല്ലാവരും ആകാംക്ഷയാല്‍ അയാളെ നോക്കി. മൗനത്തിന്‍റെ ഇടവേളയ്ക്കുശേഷം തോമസ് പറഞ്ഞു.

"കുറച്ചു ദിവസം അവളിവിടെ നിക്കട്ടെ. ഒന്നിനും പോകണ്ട. വല്ല മാനസാന്തരോം ഉണ്ടാകുവോന്നറിയാം. ഇല്ലെങ്കില്‍ പിന്നീട് അവരുടെ വീട്ടുകാരുമായി സംസാരിക്കാം."

"എന്നിട്ടും ശരിയായില്ലെങ്കില്‍ കേസ് കൊടുക്കണം" – ജോര്‍ജുകുട്ടി എടുത്തടിച്ചതുപോലെ പറഞ്ഞു.

"കേസും കോടതിയുമൊക്കെ നിക്കട്ടെ. അവിടെ പോയാല്‍ എന്നു തീരും എന്നാ കരുതുന്നത്…. അതു മാത്രമാണോ നാണക്കേട്, ധനനഷ്ടം… ഒക്കെയില്ലേ…?"

"പിന്നെ?" ആനിയമ്മ.

"നമുക്കു സഭയും സമുദായവും ഒക്കെയുണ്ടല്ലോ… അതു കഴിയട്ടേന്ന്…. പിന്നെ നിങ്ങളിങ്ങനെ കടത്തി ചിന്തിക്കാതിരിക്ക്… ഇങ്ങനെ വല്ലതും വരുമെന്നാരെങ്കിലും ചിന്തിച്ചാ… ഇല്ലല്ലോ… എങ്കി നാളെ വരാന്‍ പോകുന്നതിനെക്കുറിച്ചും കര്‍ത്താവിനു നല്ല ബോദ്ധ്യമുണ്ട്. ഇപ്പോ ഉള്ള കാര്യത്തിന് ഇപ്പോ പരിഹാരം ഒണ്ടാക്കുക… നാളത്തെ കാര്യം വരട്ടെ… കര്‍ത്താവില്‍ വിശ്വസിക്ക്…"

"അപ്പന്‍ വചനപ്രഘോഷണത്തിനു പോകണമായിരുന്നു" – ജോര്‍ജുകുട്ടി തോമസിനെ പരിഹസിച്ചു.

"അതു പറഞ്ഞപ്പഴാ ഓര്‍ത്തത്, അവള് ആത്മീയകാര്യത്തിനാ പോയത്. ഇതിലൊന്നും ഇടപെടുത്തണതു ശരിയല്ല. എന്നാലും മറിയോംകൂടി ഒന്നറിയിക്കണം കെട്ടാ…" – ആനിയമ്മ പറഞ്ഞു.

"ങും…" – തോമസ് മൂളി.

തന്നേക്കുറിച്ചാണു കുടുംബസഭ കൂടിയിരിക്കുന്നത് എന്നറിയാമായിരുന്നെങ്കിലും ഒരു താത്പര്യമോ ആകാംക്ഷയോ അതില്‍ ട്രീസയ്ക്ക് തോന്നിയില്ല. അതുകൊണ്ട് ഒട്ടും അതില്‍ ശ്രദ്ധിക്കാനും പോയില്ല. പകരം അവളുടെ ലോകത്തുതന്നെ അവള്‍ വിഹരിച്ചു.

ജോര്‍ജുകുട്ടിയുടെ ഭാര്യ ആഗ്നസും അവളുടെ മുറിയിലും അടുക്കളയിലുമൊക്കെയായി ഉണ്ടായിരുന്നു. എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ഒരു അഭിപ്രായവും പറയാന്‍ അവിടേക്കെത്തിയില്ല. അതൊട്ടും ശറിയല്ലെന്നാണ് അവള്‍ വിശ്വസിച്ചതും.

"ഏതായാലും നീയൊന്നവളോടു സംസാരിക്കണം ആനിയമ്മേ…"- തോമസ് ഒന്നുകൂടി ആനിയമ്മയെ ഓര്‍മ്മിപ്പിച്ചു.

"ഞാന്‍ സംസാരിക്കാം. വേണേല്‍ സിസ്റ്ററും വന്നു സംസാരിക്കട്ടെ" – ആനിയമ്മ പറഞ്ഞു.

രാത്രിഭക്ഷണം ഒരു ചടങ്ങുപോലെയാണു തയ്യാറാക്കിയത്.

ഭക്ഷണം കഴിക്കാനായി ട്രീസയെ വിളിച്ചപ്പോള്‍ ട്രീസ പറഞ്ഞു: "വിശപ്പില്ലമ്മച്ചി… നിങ്ങള് കഴിച്ചോ…"

"ഇതു പണ്ടാരാണ്ടും പറഞ്ഞതുപോലെയായി. ഉച്ചയ്ക്കും നീ ഒന്നും കഴിച്ചില്ലല്ലോ. ഒരു വറ്റും കഴിക്കാതെ കിടക്കണതെ. നിന്നാരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നുവച്ച് നീ ഇങ്ങനെ…"

ബാക്കി ആനിയമ്മ പറയുംമുമ്പു ട്രീസ ചോദിച്ചു: "ആരെങ്കിലുമാണോ അമ്മച്ചി പറഞ്ഞത്… എന്തെങ്കിലുമാണോ പറഞ്ഞത്?"

അവളുടെ ചോദ്യത്തിനു മറുപടിയുണ്ടായില്ല ആനിയമ്മയ്ക്ക്. ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം ആനിയമ്മ പറഞ്ഞു: "പേവാക്കിനു പൊട്ടച്ചെവി പെണ്ണേ… ആര്‍ക്കും എന്തും പറയാം. പക്ഷേങ്കി… അതുകേട്ട് വിഷമിക്കണോ സന്തോഷിക്കണോ എന്ന് നമ്മള്‍ സ്വയം തീരുമാനിക്കണം."

"അമ്മ എന്നാണാവോ ഇത്ര ഫിലോസഫറായത്…?" – ട്രീസ ചോദിച്ചു.

"നീ വന്നു വല്ലതും കഴിക്കാന്‍ നോക്ക്… അത്താഴപ്പട്ടിണി നല്ലതല്ല ട്രീസേ…"- ആനിയമ്മ വീണ്ടും വിളിച്ചു.

"ഒത്തിരി പറയണ്ടമ്മച്ചി… എനിക്കു വേണ്ടാഞ്ഞിട്ടാ" – ട്രീസ തീര്‍ത്തു പറഞ്ഞു.

"ആഹാരം നമ്മളെ കാത്തിരിക്കരുത്. നമ്മളാ ആഹാരത്തിനായി ഇരിക്കേണ്ടത്" – വേറൊന്നും പറയാതെ ആനിയമ്മ മുറിക്കു പുറത്തേയ്ക്കിറങ്ങി.

മനസ്സു വേകുമ്പോള്‍ എങ്ങനെ ഭക്ഷണം കഴിക്കാനാണ്!?

രാത്രി,

കിടപ്പറയില്‍ ജോര്‍ജുകുട്ടിയോടു ചേര്‍ന്നു കിടന്നുകൊണ്ട് ആഗ്നസ് ചോദിച്ചു: "ഇച്ചായാ… അപ്പോളിനി ട്രീസ ഇവിടെത്തന്നെയായിരിക്കും അല്ലേ…?"

"കുഞ്ഞിനേംകൊണ്ടു പോയപ്പോള്‍ നിനക്കല്ലായിരുന്നോ വല്ലാത്ത സങ്കടം നിന്‍റെ സങ്കടം കര്‍ത്താവ് കേട്ടു. അതോണ്ടാ ഇവിടേക്കുതന്നെ വന്നത്…"- കാര്യത്തെ ലഘൂകരിച്ചു പറഞ്ഞു ജോര്‍ജുകുട്ടി.

"ന്നാലും ഞാനൊരു കാര്യം പറഞ്ഞാ ഇച്ചായന് കെറുവ് തോന്നുവോ…?"

അവള്‍ അയാളിലേക്ക് ഒന്നുകൂടി ചേര്‍ന്നു.

"നീ പറ… എന്നിട്ടല്ലേ കെറുവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍…"

"എന്നാ വേണ്ട… ഞാന്‍ പറയത്തില്ല… ഇച്ചായനു കെറുവാകും."

നിര്‍ബന്ധിച്ചു പറയിപ്പിക്കും എന്നവള്‍ക്ക് ഉറപ്പായിരുന്നു.

എന്നാല്‍ അവളുടെ ഉറപ്പു തെറ്റിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: "അന്നാ പറയണ്ട ആഗ്നസേ…"

അവള്‍ക്കു വല്ലാത്ത നിരാശ തോന്നി.

അവളൊന്നും പറയാതെ അകന്നുകിടന്നു.

അയാള്‍ക്കറിയാമായിരുന്നു, അവള്‍ക്കറിയേണ്ടതാണെങ്കില്‍, ആവശ്യമുള്ളതാണെങ്കില്‍ താന്‍ ചോദിക്കാതെ തന്നെ പറയും എന്ന്.

കുറച്ചു കഴിഞ്ഞപ്പോള്‍ ആഗ്നസ് ചോദിച്ചു: "ഉറങ്ങിയോ…?"

"ഇല്ല…"

"അതേ… ട്രീസ ഇവിടിങ്ങനെ നിന്നാല്‍ ആളുകള്‍ എന്തു പറയും?" – അവള്‍ ചോദിച്ചു.

"അതു ഞാനങ്ങനെ പറയും. ആളുകളോടു ചോദിച്ചാലല്ലേ അവരെന്താ പറയുന്നതെന്നു പറയാന്‍ പറ്റത്തൊള്ളൂ. പിന്നെ, ട്രീസ ഇവിടല്ലേ നില്ക്കുന്നത്; ആളുകളുടെ വീട്ടിലല്ലല്ലോ…."

"ങും…"

"നിനക്കിപ്പോ എന്താ പ്രശ്നം…?"

"എന്‍റെ വീട്ടിലറിഞ്ഞാല്‍ എന്തോ പറയും എന്നാ ഞാന്‍ ചിന്തിച്ചത്…" – ശബ്ദം താഴ്ത്തി ഒരാലോചനയുടെ ഭാവത്തില്‍ അവള്‍ പറഞ്ഞു.

"നിന്‍റെ വീട്ടുകാരോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം."

"അവര്‍ക്കു മനസ്സിലാകും; പക്ഷേ…"

"എന്തോന്നു പക്ഷേ…?"

"അവരോട് ആളുകള്‍ ചോദിക്കുമ്പോഴാ വിഷമം…"

"അതിനെന്ത് വിഷമം… ട്രീസ എന്താ കെട്ടിയവനില്ലാതെ ഗര്‍ഭം ധരിച്ചോ…?"- ജോര്‍ജുകുട്ടിക്കു ദേഷ്യം തോന്നി.

"അതുപോലെതന്നല്ലേ സംസാരം… ഇതും അതും തമ്മിലെന്താ വ്യത്യാസം..?"

"ഛീ… നീ എന്താ പറഞ്ഞേ…?"

ജോര്‍ജുകുട്ടിയുടെ ശബ്ദം കനത്തു. കിടക്കയില്‍ നിന്നവന്‍ എഴുന്നേറ്റു ലൈറ്റിട്ടു.

അഗ്നി പൂത്ത കണ്ണുമായി നില്ക്കുന്ന ജോര്‍ജുകുട്ടിയെ ആഗ്നസ് കണ്ടു.

"അല്ല; നിനക്കത്ര വിഷമമാണെങ്കില്‍ നിനക്കും വീട്ടില്‍ പോകാം."

"നിങ്ങട കുടുംബം ഇങ്ങനെയാ…?"- അവള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എന്തു പറഞ്ഞൂ നീ…?"- കയ്യോങ്ങി അടുത്തു ജോര്‍ജുകുട്ടി.

കിടപ്പറയിലെ ഉയര്‍ന്ന ശബ്ദം കേട്ട് ആനിയമ്മ വിളിച്ചു ചോദി ച്ചു: "എന്താടാ ഒരു ശബ്ദം…?"

ജോര്‍ജുകുട്ടിയെ സാകൂതം നോക്കി ആഗ്നസ്.

"ഒന്നൂല്ല…"

അവന്‍ അടങ്ങി.

കിടക്കയില്‍ കിടക്കാതെ കസേരയില്‍ ഇരുന്നു ജോര്‍ജുകുട്ടി മേശപ്പുറത്തിരുന്ന കൂജയില്‍ നിന്നു തണുത്ത വെളളം പകര്‍ന്നു കുടുകുടാ ഇറക്കി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org