Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 16

തീരാമഴ – അധ്യായം 16

Sathyadeepam

വെണ്ണല മോഹന്‍

ദിവസങ്ങള്‍ നീളുകയാണ്. മനസ്സിലെ സങ്കടമഴ മാത്രം തോരാതെ പെയ്യുകയാണ്. വിഷയത്തിന്‍റെ വ്യാപ്തി ട്രീസയുടെ മനസ്സില്‍ വര്‍ദ്ധിക്കുകയായിരുന്നെങ്കിലും മറ്റുള്ളവരില്‍ കുറയുകയാണോ എന്ന സംശയം. അതിലുപരി വിഷയം വിട്ടു മറ്റു പല ഉപകാര്യങ്ങളിലേക്കു കാര്യങ്ങള്‍ മാറുന്നോ എന്ന് ആശങ്ക.

നവീന്‍റെ മുഖത്തു നോക്കുമ്പോഴാണു ട്രീസയ്ക്ക് ഏറെ സങ്കടം. അപ്പനെ മനസ്സിലാക്കുന്നതിനുമുന്നേ അപ്പന്‍ അവനു നല്കിയ പേര് പിഴച്ച് പിറന്നവന്‍ എന്ന്! ഏത് അമ്മയ്ക്കാണ്, സ്ത്രീക്കാണ് അതു സഹിക്കാന്‍ കഴിയുക.

പക്ഷേ-

സഹിച്ചല്ലേ പറ്റൂ… കാരുണ്യവാനായ യേശുവിനു മുള്‍ക്കിരീടവും മരക്കുരിശും നല്കിയ ലോകമാണ്. കാലം മാറിയെങ്കിലും പലപ്പോഴും പലരുടെയും മനസ്സ് ഒറ്റുകാരന്‍റെ തന്നെ.

ഫറവോന്‍റെ കൊട്ടാരത്തില്‍നിന്ന് ജനിമൃതികളുടെ സമസ്യകള്‍ പൂരിപ്പിക്കാന്‍ ശ്രമിച്ചു വാഗ്ദത്തഭൂമി തേടിയലഞ്ഞ മനുഷ്യന്‍റെ മര്‍മ്മരങ്ങള്‍!!!

ആനിയമ്മയും തോമസും നീറ്റലില്‍ത്തന്നെയായിരുന്നു. പുറത്തു കാണിച്ചില്ല എന്നേയുള്ളൂ. തങ്ങളുടെ വിഷമം പ്രകടമായാല്‍ കൂടുതല്‍ സങ്കടപ്പെടുക ട്രീസയാകുമെന്ന് അവര്‍ ശങ്കിച്ചു. അതുകൊണ്ടുതന്നെ എല്ലാം സ്വാഭാവികം എന്ന മട്ടില്‍ പെരുമാറാന്‍ അവര്‍ കഴിവതും ശ്രമിച്ചു.

പക്ഷേ,

ഒറ്റയ്ക്കാകുമ്പോഴും തോമസ് മാത്രം അടുത്തുള്ളപ്പോഴും ആനിയമ്മ വിതുമ്പി.

“നമ്മുടെ മകള്‍ക്കു വന്ന വിധി.”

ആനിയമ്മ തേങ്ങുമ്പോള്‍ തോമസ് തിരുത്തി: “നമ്മുടെ കുടുംബത്തിന്‍റെ ഗതി.”

ഒരിക്കല്‍ മാത്രം തോമസ് സന്ദേഹിച്ചു; “എടീ… ഇനിയെങ്ങാനും പീറ്ററു പറയുംപോലെ നമ്മുടെ മോള്‍ക്ക് ഒരബദ്ധം…”

ബാക്കി പൂരിപ്പിക്കാന്‍ ആനിയമ്മ സമ്മതിച്ചില്ല. കിടന്നിരുന്ന കിടക്കയില്‍ നിന്ന് അവര്‍ ചാടി എഴുന്നേറ്റു. “ശ്ശെ! എന്താ മനുഷ്യനെ ഇങ്ങനെ പറയുന്നത്? അവളെ നൊന്തുപെറ്റ തള്ളയാ ഞാന്‍… നിങ്ങള്‍ക്കും സംശയമായോ? ഇതു പണ്ടാരാണ്ടും പറഞ്ഞപോലായല്ലോ…”

“അതല്ല ആനിയമ്മേ ഞാനുദ്ദേശിച്ചത്…”

“എന്തുദ്ദേശിച്ചാലും ശരി. അവളെക്കുറിച്ചു ഞാന്‍ പോലും അങ്ങനെ ചിന്തിച്ചാല്‍ കൊടുംപാപിയായി പോകും.”

പിന്നെ,

തോമസ് ഒന്നും പറഞ്ഞില്ല. അങ്ങനെ സന്ദേഹിക്കേണ്ടി വന്നതില്‍ അയാള്‍ക്കു വല്ലാത്തൊരു കുറ്റബോധവും തോന്നി.

അയാള്‍ മൗനം പാലിച്ചപ്പോള്‍ ആനിയമ്മയുടെ തേങ്ങല്‍ ഉയര്‍ന്നു കേട്ടു.

“ആനിയമ്മ ക്ഷമി… എനിക്കങ്ങനെ വെറുതെ തോന്നിപ്പോയതാ… നീ സങ്കടപ്പെടാതെ… അവളെന്‍റെ മോളല്യോ… എനിക്കറിയാന്‍ മേലെ അവളെ…. എങ്കിലും നമ്മുടെയൊക്കെ നാവില്‍ ചിലപ്പോള്‍ സാത്താന്‍ കേറി വരില്ലയോ… അങ്ങനെ വന്നതാ ആനിയമ്മേ…”

തോമസ് സമാധാനിപ്പിക്കാന്‍ ഒട്ടു ശ്രമം നടത്തിക്കൊണ്ടിരുന്നു; ആനിയമ്മ മിണ്ടിയില്ല.

ഏതോ പാതിരാത്രിയില്‍ ആ തേങ്ങലൊന്നടങ്ങി. തോമസ് സമാധാനത്തോടെ നിശ്വസിച്ചു.

ജോര്‍ജുകുട്ടിയുടെ കാര്യമായിരുന്നു കഷ്ടം. ജോര്‍ജുകുട്ടിയും ഭാര്യയും തമ്മില്‍ പല ദിവസങ്ങളായി അടക്കിപ്പിടിച്ച വാഗ്വാദങ്ങള്‍ ഇതേച്ചൊല്ലി ഉണ്ടായി.

ഒടുവില്‍ ആഗ്നസ് പറഞ്ഞു: “ആങ്ങളയ്ക്കു പെങ്ങളെ ന്യായീകരിക്കാനല്ലേ പറ്റത്തൊള്ളൂ.”

“അപ്പം നിനക്കു ട്രീസയെ വിശ്വാസമില്ലേ?”

ജോര്‍ജുകുട്ടിയുടെ ചോദ്യത്തിന് ആഗ്നസിന്‍റെ ഉത്തരം മൗനമായിരുന്നു.

സഹികെടുമ്പോള്‍ ചിലപ്പോഴൊക്കെ അയാള്‍ വിജയത്തിനായി പറയും: “പീറ്ററളിയന് ആണത്തമില്ലാഞ്ഞിട്ടാകും.”

ഒരിക്കലതു പറഞ്ഞപ്പോള്‍ ഇടിവെട്ടുംപോലെ വന്ന മറുപടി. “അപ്പോ നമ്മുടെ കാര്യം ആരെങ്കിലും ചോദിച്ചാലോ…?”

ജോര്‍ജുകുട്ടി വിളറിപ്പോയി. തന്‍റെ പുരുഷത്വത്തെയാണ് അവള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരാണും സഹിക്കാത്ത കാര്യം.

പിന്നെ പിടിച്ചുനില്ക്കാനെന്നോണം അയാള്‍ പറഞ്ഞു: “സ്ത്രീകളെയും മച്ചികള്‍ എന്നു വിളിക്കാറുണ്ട്.”

അടിക്കു തിരിച്ചടി എന്ന രീതിയിലാണ് അയാള്‍ അതു പറഞ്ഞത്.

പക്ഷേ-

ആ നിമിഷം ആഗ്നസ് ഈറ്റപ്പുലിയായി. “ങാഹാ! ഞാന്‍ മച്ചിയാണെന്ന് ഇച്ചായനു തോന്നുന്നെങ്കില്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി വിട്ടോ – ഇതേ, മക്കള്‍ക്കു ദാമ്പത്യം ചേരാത്ത കുടുംബമാണ്.”

പറയുന്തോറും ഏറും, അളക്കുന്തോറും കുറയും എന്നാണല്ലോ പഴഞ്ചൊല്ല്. പറഞ്ഞുപറഞ്ഞ് ഏറാതിരിക്കാന്‍ വേണ്ടി ജോര്‍ജുകുട്ടി സംയമനം പാലിച്ചു.

തന്നെ മാത്രമല്ല കുടുംബത്തെ കൂട്ടിയാണ് അവള്‍ പറയുന്നത് എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു എരിച്ചിലും പുകച്ചിലുമായിരുന്നു മനസ്സില്‍.

പക്ഷേ, അതോടെ വേറൊന്നു സംഭവിച്ചു.

ആഗ്നസിനോടൊപ്പം കിടക്ക പങ്കിടാതെ ജോര്‍ജുകുട്ടി മുറിയില്‍ കിടന്നിരുന്ന സോഫയിലേക്കു രാത്രി കിടപ്പു മാറ്റി.

തന്നെ വല്ലാതെ അവഹേളിക്കുകയാണെന്ന് ആഗ്നസിനു തോന്നി. പൊരുത്തപ്പെടാനും സ്നേഹത്തോടെ അയാളെ വിളിച്ച് അടുത്തു കിടത്താനും അവള്‍ തുനിഞ്ഞില്ല. പകരം, താന്‍ മച്ചിയാണെങ്കില്‍ തന്നോടൊപ്പം അയാള്‍ ഉറങ്ങണ്ട എന്നവള്‍ മനസ്സില്‍ കരുതി.

പല ദിവസങ്ങളിലും അവള്‍ തന്നെ വിളിക്കും എന്നു പ്രതീക്ഷിച്ചു ജോര്‍ജുകുട്ടി ഒരു വിളിക്കു കാതോര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി പകലാക്കി.

ഒടുവില്‍ അവള്‍ അങ്ങനൊന്നും ചെയ്യില്ലെന്ന് കണ്ടപ്പോള്‍ താഴ്ന്നു കൊടുക്കാന്‍ അയാള്‍ക്കും കഴിഞ്ഞില്ല. അയാള്‍ക്കും വാശിയായി. തനിക്കിപ്പോള്‍ ഇവിടെ കിടന്നാലും മതി; അയാള്‍ വാശിയോടെ തീരുമാനിച്ചു.

ഇടയ്ക്കപ്പോഴൊ ഒരു നിരാശാബോധത്തിന്‍റെ മദ്ധ്യത്തില്‍ അയാള്‍ ആലോചിച്ചുപോയി. ട്രീസയുടെ വരവല്ലേ തന്‍റെ ദാമ്പത്യവും തകര്‍ക്കുന്നത്!?

ആരുടെയൊക്കെയോ മനസ്സില്‍ സാത്താന്‍ കൂടുകെട്ടുന്നു. അവരാരും അത് അറിഞ്ഞില്ലെന്നു മാത്രം!

പീറ്റര്‍ ബന്ധുക്കളെയും കൂട്ടി എന്നെങ്കിലും എത്തുമെന്നു നിശ്ചയമായും തോമസും ആനിയമ്മയും കരുതിയിരുന്നു. താത്കാലികമായ എന്തോ പ്രശ്നത്തിന്‍റെ പേരിലുണ്ടായ പ്രശ്നമാണെങ്കിലും വൈകാതെ അതു തീരുമാനമാകുമെന്ന് അവര്‍ കരുതി. അതിനേക്കാളേറെ ട്രീസയെ അയാള്‍ ജീവനു തുല്യം സ്നേഹിക്കുന്നു എന്നാണു കരുതിയിരുന്നതും.

എന്നാല്‍ അത് അങ്ങനെയൊന്നും ഉണ്ടായില്ല. ഓരോരുത്തരുടെയും മനസ്സില്‍ ഒരഗ്നി പര്‍വതമുണ്ടെന്നു ചിലപ്പോഴൊക്കെ ട്രീസയ്ക്കു തോന്നി. എപ്പോഴാണ് അതു പൊട്ടുക എന്നറിയില്ല. അതിന്‍റെ ആഘാതം എന്തായിരിക്കുമെന്ന് ഊഹിക്കാനും കഴിയുന്നില്ല.

അടക്കിപ്പിടിച്ച അപസ്വരങ്ങള്‍ ട്രീസയ്ക്ക് ഓരോരുത്തരുടെയു മുഖത്തുനിന്നു വായിച്ചെടുക്കാനും കഴിഞ്ഞിരുന്നു. താന്‍ ഇവിടെ ഒരധികപ്പറ്റായോ എന്നായി സംശയം.

മാസങ്ങള്‍ മാറുകയാണ്. ഒന്നിനും ഒരു തീര്‍പ്പാകുന്നില്ല, പീറ്ററിന്‍റെ വീട്ടില്‍ നിന്നുപോലും ആരും വിളിക്കുന്നില്ല, വരുന്നില്ല. ഇനി എന്താണു ഇതിനൊരു പോംവഴി!

ഇതിനിടെ ഒരു ദിവസം സിസ്റ്റര്‍ മറിയവും വന്നുകയറി. മറിയം രഹസ്യമായിട്ടാണെങ്കിലും തുറന്നു ചോദിച്ചു: “ഒന്നും കരുതരുത്, പീറ്റര്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ…?”

“ഒന്നുമില്ല. ഏതു വേദപുസ്തകം തൊട്ടുവേണമെങ്കിലും സത്യം ചെയ്യാം…” അതു പറയുമ്പോഴേക്കും ട്രീസ പൊട്ടിക്കരഞ്ഞുപോയി.

“കരയാന്‍ വേണ്ടി ചോദിച്ചതല്ല…”

“എനിക്കറിയാം. ഒന്നിനും ഒരു തീരുമാനവുമില്ലാതെ കാലം കഴിയുമ്പോള്‍ ഓരോരുത്തര്‍ക്കും തോന്നാവുന്ന സംശയം അതാണ്… അല്ലേ…?” – ട്രീസ ചോദിച്ചു.

മറിയം നനവാര്‍ന്ന ഒരു പുഞ്ചിരിയില്‍ മറുപടി ഒതുക്കി.

അടുക്കളപ്പണിക്കിടെ അമ്മയോടു സ്വകാര്യമായിട്ടാണെങ്കിലും ട്രീസ ചോദിച്ചു: “അമ്മച്ചീ… ഞാന്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായോ…?”

ചോദ്യം കേട്ട് അമ്മ അവളുടെ മുഖത്തേയ്ക്കു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അതു കണ്ട് അവളുടെ കണ്ണുകളും നിറഞ്ഞു.

“സത്യം പറയണം… ഞാന്‍ ഒരധികപ്പറ്റായോ അമ്മച്ചി.”

“മോളേ… ഈ വയറ്റിലാണു ഞാന്‍ നിന്നെ ചുമന്നത്. അന്ന്… അധികപ്പറ്റാണെന്നു തോന്നിയില്ല. എന്നിലൂടെയാണന്നു മോള് ഭക്ഷിച്ചതും ശ്വസിച്ചതും ചിന്തിച്ചതുമെല്ലാം. പിന്നെ വളര്‍ത്തി വലുതാക്കി. അപ്പോഴും ഒരധികപ്പറ്റായല്ല തോന്നീത്… കയ്യും കാലം വളരുന്നതു കണ്ടു സന്തോഷിച്ചവരാ ഞാനും നിന്‍റെ അപ്പച്ചനും.”

“ശരിയാ അമ്മച്ചി… പക്ഷേ, അന്നൊന്നും ഞാനൊരു ചീത്തപ്പേരും വാങ്ങീല്ലല്ലോ. ഇപ്പോ ഒരു ചീത്തപ്പേരും വാങ്ങി വന്നു നില്ക്കുമ്പോ… പിന്നെ എവിടെയും കെട്ടിച്ചയച്ച പെണ്ണ് പിന്നീടു വീട്ടില്‍ വന്നാല്‍ ഉണ്ടാകുന്നതൊക്കെ അറിയത്തില്ലേ.”

“ശരിയാ… നീ ചീത്തയല്ലാന്ന് ഉറച്ചു ഞങ്ങള്‍ക്കു വിശ്വാസമുള്ളിടത്തോളം, അതിലേറെ നിനക്കു വിശ്വാസമുള്ളിടത്തോളം നീ നല്ലവളാണ്. പിന്നെ, ഒരുകാലത്തും അപ്പനമ്മമാര്‍ക്കു മക്കള്‍ അധികപ്പറ്റല്ല; തിരിച്ചാ ലോകസ്വഭാവം.”

അങ്ങനെയൊക്കെ ആനിയമ്മ പറഞ്ഞെങ്കിലും അതുകേട്ടു സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി കുരിശുവര കഴിഞ്ഞപ്പോള്‍ തോമസിനോടു ട്രീസ പറഞ്ഞു: “അപ്പച്ചാ… എനിക്കെവിടെയെങ്കിലും ഒരു ജോലി കിട്ടിയാല്‍ കൊള്ളാമായിരുന്നു… കുഞ്ഞു വലുതായി തുടങ്ങുകയല്ലേ…”

“ങും… നിനക്കെന്താ മോളെ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അതോ നിന്‍റെ എന്തെങ്കിലും ആവശ്യങ്ങള്‍ സാധിക്കാതെ വരുന്നുണ്ടോ…?”

സംശയഭാവത്തില്‍ തോമസ് ട്രീസയെ നോക്കി.

“അയ്യോ… അതല്ല; ഞാന്‍ ഇവിടെ വെറുതെ ഇരുന്നു മുഷിയുകയല്ലേ… അലസന്‍റെ മനസ്സ് സാത്താന്‍റെ പണിപ്പുരയാണെന്നല്ലേ ദൈവവചനം. എന്തെങ്കിലും ജോലി ചെയ്യാല്ലോ…”

“ആരു പറഞ്ഞു നീ വെറുതെ ഇരിക്കുകയാണെന്ന്. നിനക്കു കുഞ്ഞിന്‍റെ കാര്യം നോക്കാനില്ലേ… അടുക്കളേല്‍ അമ്മച്ചിയെ സഹായിക്കുന്നില്ലേ…?”

തോമസ് അവളുടെ ആവശ്യം നിരാകരിക്കാനുള്ള ന്യായങ്ങള്‍ നിരത്താന്‍ നോക്കി. അവളെ പ്രോത്സാഹിപ്പിക്കുകയല്ല; നിരുത്സാഹപ്പെടുത്താനാണ് അയാള്‍ ശ്രമിച്ചത്.

“എങ്കിലും…”- ബാക്കി പറയാതെ അവള്‍ നിര്‍ത്തി.

“ങാ… ഇപ്പം നീ ജോലിക്കു പോയിട്ടൊന്നും വേണ്ട. അങ്ങനൊരു സാഹചര്യം വരുവാണെങ്കില്‍ അപ്പം നോക്കാം.”

വേറൊന്നും ഇരുവരും പറഞ്ഞില്ല.

കിടപ്പുമുറിയില്‍വച്ചു ട്രീസയുടെ ആവശ്യം ആനിയമ്മയുമായി തോമസ് പങ്കുവച്ചപ്പോള്‍ ആനിയമ്മ പറഞ്ഞു: “കുഞ്ഞിന് ഒരു പാല്‍പ്പൊടി വാങ്ങാനോ സോപ്പു വാങ്ങാനോ നമ്മുടെ സഹായം വേണ്ടിവരുന്നതിന്‍റ സങ്കടം കൊണ്ടാകും അവള്‍ പറഞ്ഞത്.”

“അതിനു കുഞ്ഞിനെ അവളുടെ കുഞ്ഞായിട്ടല്ലല്ലോ നമ്മള്‍ കണ്ടിട്ടുള്ളത്. നമ്മുടെ കുഞ്ഞായിട്ടല്ലേ. നമ്മുടെ കുഞ്ഞിന് ആവശ്യമുള്ളതു നമ്മള്‍ വാങ്ങും, അതിലെന്താ ഒരു പ്രശ്നം.”

“അത് അവള്‍ക്കുകൂടി തോന്നണ്ടേ…?”

“അതാ പറയുന്നത്… അപ്പോ അവളുടെ മനസ്സിനാ പ്രശ്നം.”

തോമസ് അതു പറഞ്ഞപ്പോള്‍ ആനിയമ്മ വല്ലാതായി. “അതല്ല; ഇവിടെയിരുന്നു മുഷിയുന്നു ചിന്ത പലതും കേറി വരും. ജോലി ചെയ്യുകയാണെങ്കിലതിലാകില്ലേ ശ്രദ്ധ. അപ്പം കുറച്ചു മനഃസമാധാനം കിട്ടും. അതാകും കാര്യം.”

തോമസ് ചിരിച്ചു: “കൊള്ളാം. നീ അപ്പുറോം ഇപ്പുറോം പറയാന്‍ മിടുക്കുള്ളോളാ; സമ്മതിച്ചു.”

“അല്ലേ… ഇതു പണ്ടാരാണ്ടും പറഞ്ഞുപോലെയായിപ്പോയല്ല. ഉള്ള കാര്യം ഉള്ളതുപോലെ പറയുമ്പം എന്തിനാ തുള്ളല്.”

“എടീ… ഇപ്പം അവളു ജോലിക്കു പോയാ… നാട്ടുകാര്‍ എന്തോ പറയൂന്നാ നീ കരുതണത്?” അവളിവിടെ നിക്കണതിന്‍റെ കാര്യം… ജോലിക്കു പോണ കാര്യം… ജോലിക്കു നമ്മള്‍ വിടുന്നതിനു പിന്നിലെ നമ്മുടെ ആര്‍ത്തി… അവള്‍ക്ക് വേണ്ടതു നമ്മള്‍ ചെയ്യുന്നില്ലെന്ന പരാതി… അങ്ങനെ അങ്ങനെ പലതുമുണ്ടാകും. കാര്യത്തിന് ഒരു പരിഹാരോ വഴിയോ തെളിഞ്ഞുവരട്ടെ… അതുവരേയ്ക്കും അവളെങ്ങും പോകാതിരിക്കുന്നതാ ബുദ്ധി.”

“അതു ന്യായം. പക്ഷേങ്കി… ഇവിടിങ്ങനെ നമ്മളിരുന്നാ കാര്യത്തിന് ഒരു പരിഹാരം ഉണ്ടാവ്വോ… എന്തെങ്കിലും പരിഹാരം ചിന്തിക്കണം. ഇല്ലേല്‍ ഇടവകേലെ അച്ചനെയെങ്കിലും വിവരം അറിയിച്ചുനീങ്ങണം.”

ഒരു നിമിഷത്തെ മൗനത്തിനുശേഷം തോമസ് പറഞ്ഞു: “ഞാനും അതു ആലോചിച്ചുകൊണ്ടിരിക്കുവാ…”

“ആലോചിച്ചോണ്ടിരുന്നിട്ട് ഒരു കാര്യോമില്ല. പ്രവര്‍ത്തിക്കണം. പ്രവൃത്തിക്കാണു ഫലം കിട്ടുന്നത്.”

തോമസും മനസ്സുകൊണ്ടു ചില ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഇനിയും വെറുതെ ഇരുന്നിട്ടു കാര്യമില്ല. മാസങ്ങളായി പീറ്ററിനു മാത്രമല്ല അവന്‍റെ വീട്ടുകാര്‍ക്കും ഒരു ഉത്തരവാദിത്വവും ഇല്ലാത്തതുപോലെയാണ്. ഇതുവരെ അവര്‍ വരും, കാര്യങ്ങള്‍ക്ക് എന്തെങ്കിലും നീക്കുപോക്കുണ്ടാകും. അതനുസരിച്ചു പ്രവര്‍ത്തിക്കാം എന്നു കരുതിയിരിക്കുകയായിരുന്നു. അതുണ്ടായില്ല.

ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക, കുട്ടി ഉണ്ടാകുക. ഇല്ലാവചനം പറഞ്ഞ് ഒഴിവാക്കുക. ഇതെവിടത്തെ ന്യായമാണ്. ഏതു കുടുംബക്കാര്‍ക്കു ചേര്‍ന്നതാണ്?

രോഷവും സങ്കടവും സമാസമം തോമസിന്‍റെ മനസ്സില്‍ നിറഞ്ഞു.

ഏതായാലും കാര്യങ്ങള്‍ ജോര്‍ജുകുട്ടിയുമായും ആലോചിക്കണം. അവന്‍ സമ്മതിച്ചാല്‍ ആഗ്നസിന്‍റെ വീട്ടുകാരും കാര്യം അറിയണം, അറിയിക്കണം. അല്ലെങ്കില്‍ അവരുടെ ചെവിയിലെത്തുന്നതു മറ്റു വല്ല കഥകളുമായിരിക്കും. പിന്നെ പറഞ്ഞാലൊട്ടു വിശ്വസിക്കത്തുമില്ല; ബന്ധുക്കളായിട്ട് എന്തുകൊണ്ടറിയിച്ചില്ല എന്ന ചോദ്യം വന്നാല്‍ ഉത്തരം ഉണ്ടാവത്തുമില്ല.

ഓരോരോ കണക്കുകൂട്ടലുകളോടെയൊണ് തോമസ് കിടന്നത്.

ഉണര്‍ന്നെഴുന്നേറ്റ് കാപ്പി കുടിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ ശബ്ദം ഹാളില്‍ കേട്ടത്. പെട്ടെന്ന് ആളെ പിടി കിട്ടിയില്ല.

ചായക്കപ്പുമെടുത്തു ചെന്നപ്പോള്‍ ദാ നില്ക്കുന്നു, ചിരിച്ചുകൊണ്ട് ഏലിച്ചേടത്തി.

ഉള്ളില്‍ തീ ആളി.

കരക്കമ്പിയാണ് ആള്. വിഷവുമായാണു നടപ്പ്. എന്തിനുള്ള വരവാണാവോ… ഇനി വല്ലതും അറിഞ്ഞിട്ടുള്ള വരവാണോന്നും ഊഹിക്കാന്‍ പറ്റണില്ല. പീറ്ററാണെങ്കില്‍ അവരുടെയടുത്ത് അല്പം ചങ്ങാത്തം കാണിച്ചതുമാണ്.

“ഇതു കൊള്ളാല്ലോ… എന്നെ ഇതുവരെ കണ്ടിട്ടില്ലിയോ. പിന്നെന്താണ് തുറിച്ചു നോക്കി നിക്കണത്…?”

ഏലിയാമ്മ ചേടത്തിയുടെ ചോദ്യത്തില്‍ തോമസിന്‍റെ മനസ്സുണര്‍ന്നു. അവരെയും നോക്കിനിന്നുപോയി താന്‍ എന്നതോര്‍ത്തു.

“വിശേഷം എന്തൊക്കെയുണ്ട്…?” – അടുത്ത ചോദ്യം.

“കര്‍ത്താവേ…” – തോമസ് ഉള്ളില്‍ ഉരുകി പ്രാര്‍ത്ഥിച്ചു.

(തുടരും)

Leave a Comment

*
*