തീരാമഴ – അധ്യായം 17

തീരാമഴ – അധ്യായം 17

വെണ്ണല മോഹന്‍

"നീ എന്ത് ഇരുപ്പാ ഈ ഇരിക്കണത്?" – അമ്മച്ചിക്കു ദേഷ്യം വന്നു.

സമയം ഏറെ കഴിഞ്ഞിട്ടും ഒരു കാര്യവും ചെയ്യാതെ കിടക്കയില്‍ എന്തോ ചിന്തിച്ചിരിക്കുന്ന പീറ്ററിനോട് ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടിയില്ല.

അവര്‍ക്കു ദേഷ്യം ഇരട്ടിച്ചു. "എടാ പീറ്ററേ, നിന്നോടാ ചോദിച്ചത്… നീ എന്താ ഇങ്ങനെ ഇരിക്കുന്നതെന്ന്?"

"ഇങ്ങനല്ലാതെ പിന്നെങ്ങനാ ഇരിക്കേണ്ടത്?" – തന്‍റെ ചിന്ത മുറിഞ്ഞതിലുള്ള ദേഷ്യത്തോടെ പീറ്റര്‍ പ്രതിവചിച്ചു.

"നീ എന്തേലും ചെയ്യ്… ഓരോന്ന് വരുത്തിക്കൂട്ടുകയല്ലേ, കര്‍ത്താവേ…"

അത്രയും പറഞ്ഞ് ബാക്കി പറയാനുള്ളതു മാറ്റിവച്ച് അമ്മച്ചി പുറത്തു കടന്നു.

പീറ്റര്‍ ഇപ്പോഴിങ്ങനെയാണ്. ജോലിക്കു പോകുന്നതു തന്നെ കുറഞ്ഞു. എഴുന്നേറ്റാല്‍ എന്തോ ആലോചിച്ചിരിക്കും. പുറത്തേയ്ക്കും അധികമായി ഇറങ്ങാറില്ല. ഒരുപക്ഷേ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലോ എന്നു ഭയന്നിട്ടാകാം.

ഭയന്നിട്ടെന്താ കാര്യം. ഓരോന്നു വരുത്തിവയ്ക്കുകയല്ലേ? തന്നത്താന്‍ കുരിശുണ്ടാക്കി അതില്‍ കയറിനില്ക്കുകയല്ലേ… എന്നിട്ടാണിയടിക്കാന്‍ കാഴ്ചക്കാരോടു പറയും. എന്തൊക്കെ മണ്ടത്തരങ്ങളാണു ചെയ്യുന്നത്. കുടുംബജീവിതം നശിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ…

ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

വിവാഹകൂദാശ കൈക്കൊള്ളുമ്പോള്‍ അച്ചന്‍ പറഞ്ഞത്, അള്‍ത്താരയില്‍ നോക്കി പ്രാര്‍ത്ഥിച്ചത്… ഒക്കെ മറന്നുപോയല്ലോ ഈശോയെ…

ഇപ്പോഴും ട്രീസക്കൊച്ച് ഒരു അപരാധിയാണെന്നു കരുതാന്‍ കഴിഞ്ഞിട്ടില്ല.

പിന്നെ… ഭാര്യയെക്കുറിച്ചു ഭര്‍ത്താവു പറയുമ്പോള്‍ തനിക്കു മാത്രം മനസ്സിലാകുന്ന ചില ലക്ഷണങ്ങളുണ്ടെന്നു പറയുമ്പോഴൊക്കെ എന്തു മറുപടിയാണാവോ പറയാന്‍ കഴിയുക?

പക്ഷേങ്കി-

ക്ലീറ്റസും നീനയുമൊക്കെ പറയുന്നതു പീറ്ററിനെന്തോ മാനസിക പ്രശ്നമുണ്ടെന്നാണ്. അല്ലേലിങ്ങനൊന്നും ആകത്തില്ലത്രേ. എന്നു വച്ചാ എങ്ങനെ അവനെ മാനസികാശുപത്രിയില്‍ കൊണ്ടുപോകും; പറഞ്ഞാലൊട്ട് അനുസരിക്കുമോ?

സാത്താന്‍റേം കടലിന്‍റേം നടുക്കായ അവസ്ഥ. ട്രീസ പോയിട്ടു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വീട് മൗനത്തിലാണ്… പീറ്ററും മൗനത്തില്‍. ഇടയ്ക്കിടെ അവന്‍റെ കണ്ണ് നിറയുന്നതു കാണാം. ട്രീസയെ അവന്‍ സ്നേഹിക്കുന്നുണ്ടെന്നറിയാം… പിന്നെ എന്തു പറ്റി!?

ട്രീസയുടെ കുടുംബക്കാര് നല്ലവരായതുകൊണ്ടാണെന്നാ ബന്ധുക്കള് പറയുന്നത്… അല്ലേല്‍ അവരു കോടതീപ്പോയിരുന്നേ കാണായിരുന്നു കളി!

നാലു പേരെയും കൂട്ടിവന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലോ!? എന്തായാലും അവരങ്ങനെ ഇതുവരെ പോയിട്ടില്ല. ഇനീപ്പോ പോകുമോ എന്നും അറിയത്തില്ല.

പല പ്രാവശ്യം പീറ്ററിനോട് അവിടംവരെ ചെല്ലാന്‍ പറഞ്ഞതാണ്; അവന്‍ കൂട്ടാക്കത്തില്ല.

നീനേം കൂട്ടി പോകാന്നുവച്ചാ അതിനു പീറ്ററിനു സമ്മതമില്ല. എന്തോ ചെയ്യും!?

അമ്മച്ചി പലതും ആലോചിച്ചുകൊണ്ടിരുന്നു.

പീറ്ററും വല്ലാത്ത മനസ്സോടെയായിരുന്നു. ട്രീസയെ തനിക്കു വിശ്വാസക്കുറവു വരാന്‍ എന്താ കാര്യം…

പെട്ടെന്ന് ഒരു ഉത്തരം കിട്ടാതായപ്പോള്‍ ആ ചോദ്യത്തില്‍ നിന്നു തന്നെ പീറ്റര്‍ പിന്‍വലിഞ്ഞു. അന്ന് എല്ലാവരും തന്നോടു ചോദിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി, ജയിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ; ഒരു ഭര്‍ത്താവിനു മാത്രം മനസ്സിലാകുന്ന ചിലതുണ്ടെന്ന്!

അതില്‍ താന്‍ ജയിച്ചു.

പക്ഷേ,

അവള്‍ അവളുടെ വീട്ടിലേക്കു പോയി. ഇനി അതു മാറ്റിപ്പറയാന്‍ തനിക്കാകുമോ? അങ്ങനൊന്നുണ്ടായാല്‍….

ഓര്‍ക്കാനേ വയ്യ.

ട്രീസയെ കാണാന്‍ വല്ലാതെ മോഹിക്കുന്നുണ്ട്. പക്ഷേ, എങ്ങനെ അവിടേക്കു ചെല്ലും!? ആകെ ഭ്രാന്തു പിടിക്കുംപോലെയാണ്. ചിലരൊക്കെ ചിലതെല്ലാം അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.

ഇനി ട്രീസയെ കൂട്ടിക്കൊണ്ടുവന്നാല്‍ അവരെന്താകും പറയുക… വ്യഭിചാരിയായ ഭാര്യയെ താന്‍ സ്വീകരിച്ചെന്നോ…

ശ്ശൊ! ഓര്‍ക്കാനേ വയ്യ.

വെറുതെ പറഞ്ഞുപോയതാണ്. ഒരു ദുര്‍ബലനിമിഷത്തില്‍ പെട്ടുപോയതാണ് എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല എന്നു മാത്രമല്ല തന്നെ പരിഹസിക്കുകയും ചെയ്യും. ആ സൗന്ദര്യത്തിനു മുന്നില്‍ താന്‍ അടിയറവു പറഞ്ഞതാണെന്നു പറയാനും ആളുണ്ടാകും.

പക്ഷേ-

തന്‍റെ സംശയത്തിനും കുറച്ചൊക്കെ ന്യായങ്ങളില്ലേ… ഏലിച്ചേടത്തി പറഞ്ഞത്… പലരും മോഹിച്ചു നടന്നതാ… തന്നേക്കാള്‍ സുമുഖര്‍…. നല്ല ജോലിക്കാര്‍… അങ്ങനെ എത്രയെത്ര പേര്‍.

എന്നിട്ടും തന്നെ മാത്രം അവള്‍ക്കു കെട്ടാന്‍ തോന്നിയത് എന്താണ്.

നിലവിളക്കിനു മുന്നിലെ കരിവിളക്കുപോലെയാണു താന്‍… സൗന്ദര്യം കണ്ട് ആകാന്‍ തരമില്ല. ജോലി കണ്ടിട്ടും ആകാന്‍ വഴിയുണ്ടെന്നു തോന്നുന്നില്ല.

പിന്നെ…

അവിടെയാണു സംശയത്തിന്‍റെ ഒന്നാംപടി കിടക്കുന്നത്. ആകെ ആലോചിച്ചു ഭ്രാന്തു പിടിക്കാന്‍ തുടങ്ങിയിരുന്നു പീറ്ററിന്.

അപ്പോഴാണ് അമ്മച്ചി വീണ്ടും വിളിച്ചത്. "പീറ്ററേ… നീ ഇനിയും ധ്യാനം കഴിഞ്ഞെഴുന്നേറ്റില്ലേ?"

പീറ്റര്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മുറിവിട്ട് പുറത്തേയ്ക്കിറങ്ങി.

"എടാ… ഇതിനൊരു പരിഹാരം കാണണ്ടേ…?"

പീറ്റര്‍ മിണ്ടിയില്ല.

"നിന്നോടാ ചോദിച്ചത്… നീ കൂടി ശ്രമിച്ചാലേ… നിന്‍റെ പങ്കാളിത്തം ഉണ്ടായാലേ ഒരു പരിഹാരം ഉണ്ടാകത്തുള്ളൂ" – അമ്മച്ചി വിശദമായി പറഞ്ഞു.

"ഞാനെന്തു ചെയ്യണമെന്നാ അമ്മച്ചി പറയുന്നത്?"

"ഒടുവില്‍ പീറ്റര്‍ വാ തുറന്നു.

അമ്മച്ചി ചിരിച്ചു. "ഓ… നിനക്കു നാക്കുണ്ടല്ലേ… ഞാന്‍ വിചാരിച്ചു, നാക്കില്ല, മിണ്ടാട്ടം മുട്ടിപ്പോയെന്ന്… നീയല്ലേ എന്തെങ്കിലും ചെയ്യേണ്ടത്… വരുത്തിക്കൂട്ടീതു നീയല്ലേ…?

"എന്തു വരുത്തിക്കൂട്ടീന്നാ…?"- പീറ്റര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

"ദേ… എന്നെക്കൊണ്ടൊന്നും കാലത്തെ പറയിപ്പിക്കണ്ട… ങാ… ആ ഒന്നാന്തരം കൊച്ചിനെ അനാവശ്യം പറഞ്ഞു പടിയിറക്കീട്ട്… ഒരു കാര്യം പറഞ്ഞേക്കാം… നീ പോയി അവളെ വിളിച്ചുകൊണ്ടു വരാന്‍ നോക്ക്."

"നാണംകെട്ടു ഞാന്‍ പോകാനോ…?" – പീറ്റര്‍ ചോദിച്ചു.

അതു കേട്ടപ്പോള്‍ ട്രീസ വരുന്നതിലല്പം താത്പര്യം പീറ്ററിനുണ്ടെന്ന് അമ്മച്ചിക്കു മനസ്സിലായി. പിന്നെ പോകാനുള്ള വിഷമമുണ്ട്; അതുകൊണ്ടാ പോകാത്തതെന്നും തോന്നി.

"എന്നാ ഞാനും ക്ലീറ്റസും നീനക്കൊച്ചും കൂടി പോയി അവളെ വിളിച്ചോണ്ട് വരട്ടെ… അതാ ആലോചിക്കുന്നത്."

"അതിനു നിങ്ങളു വിളിച്ചാ അവള് വരത്തില്ല" – പീറ്റര്‍ പെട്ടെന്നു പറഞ്ഞു.

അപ്പോള്‍ അമ്മച്ചിക്കു തീര്‍ത്തും ബോദ്ധ്യമായി. പീറ്ററിനു ട്രീസ വന്നാല്‍ കൊളളാമെന്നുണ്ട്.

അല്പനേരത്തെ മൗനത്തിനുശേഷം അമ്മച്ചി പറഞ്ഞു: "അന്നാ നീ ഇടയ്ക്കിടെ അവളെ വിളിക്ക്… സംസാരിക്ക്… അവളുടെ കറുവ് മാറ്റ്… എന്നിട്ട്…"

"വേണ്ട…." – ബാക്കി പറയുംമുമ്പ് ഉറച്ച ശബ്ദത്തില്‍ പീറ്റര്‍ പറഞ്ഞു.

കുറച്ചു നേരം മൗനം നിറഞ്ഞാടി.

അമ്മച്ചി ചിന്തിച്ചു. പിന്നെ, ഒരു പോംവഴിപോലെ പറഞ്ഞു: "എടാ… പീറ്ററെ, നീ ചാടിക്കടിക്കാതെ… ഒരു കാര്യം പറയട്ടെ…?"

എന്ത് എന്ന അര്‍ത്ഥത്തില്‍ പീറ്റര്‍ അമ്മച്ചിയെ നോക്കി.

"നീ ഒന്നു മാനസിക ഡോക്ടറെ കാണ്… എനിക്കാണെങ്കിലും പറയാല്ലോ… എന്തോ മനസ്സിന്‍റെ പ്രശ്നംകൊണ്ടു നീ അന്നങ്ങനെ പറഞ്ഞുപോയതാണെന്ന്…"

"അതിന് എനിക്കെന്താ ഭ്രാന്തുണ്ടോ?"

"എടാ… നിനക്കു ഭ്രാന്താണെന്നല്ല… ചില മനസ്സിന്‍റെ പ്രശ്നം ഉണ്ടായി പറഞ്ഞതാണെന്നു പറഞ്ഞാ അതിനു ന്യായീകരണമായി. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പെങ്കൊച്ചിനെ ഇവിടേക്കു കൊണ്ടുവരാം."

"ഓഹോ! എന്നെ ഭ്രാന്തനാക്കീട്ട് നിങ്ങള്‍ക്കു ട്രീസയെ കൊണ്ടുവരണല്ലേ… കൊണ്ടുവന്നു നിങ്ങളോടൊപ്പം പൊറുപ്പിച്ചോ…. ഒരു സൈക്യാട്രിസ്റ്റിനെയും കാണാന്‍ ഞാന്‍ പോണില്ല. വേണമെങ്കില്‍ ഈ വീട്ടീന്ന് ഒഴിഞ്ഞുതരാം. അവളെ ഇവിടെ കൊണ്ടുവന്നു താമസിപ്പിക്ക്!" – പീറ്റര്‍ കിതച്ചു.

"എടാ… ഇപ്പം ഒരു കാര്യം മനസ്സിലായി. നിനക്കു തലയ്ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്."

"അതെ… അതെ… ഞാന്‍ ഭ്രാന്തനാ… ഭ്രാന്തനായ എന്‍റെ കൂടെ താമസിക്കാന്‍ ട്രീസ എന്തിനാ വരുന്നത്?"

അമ്മച്ചി അതിനു മറുപടിയൊന്നും പറഞ്ഞില്ല.

***********

പള്ളി വിട്ടിറങ്ങിയപ്പോള്‍ ഏലിച്ചേടത്തിക്കു പറയാന്‍ ചൂടുള്ള വാര്‍ത്ത ഉണ്ടായിരു ന്നു.

അതുകൊണ്ടുതന്നെ രണ്ടാമത്തെ കുര്‍ബാനയ്ക്കു പങ്കുകൊള്ളാനാണു ചേട ത്തി പോയത്. ആദ്യത്തേതിന് ആളു കുറവായിരിക്കും. രണ്ടാമത്തെ കുര്‍ബാനയ്ക്കു ചേടത്തിയുടെ വിശേഷം കേള്‍ക്കാനുള്ള ആളുകള്‍ അധികം എത്തിക്കൊള്ളും.

പള്ളി വിട്ടിറങ്ങിയപ്പോള്‍ ചേടത്തി ത്രേസ്യാമ്മയോടു പറഞ്ഞു: "അല്ലേലും ആ കുഞ്ഞിന്‍റെ കാര്യം കഷ്ടമായിപോയീട്ടാ."

ചേടത്തി പലതിനും തുടക്കം കുറിക്കുന്നത് ഇങ്ങനെയാണ്. ഒരു സസ്പെന്‍സിട്ടുകൊണ്ട്. അതു കേള്‍ക്കുന്നയാള്‍ക്കു ജിജ്ഞാസ തോന്നണം. ചോദ്യങ്ങള്‍ വരണം. അപ്പോള്‍ ചേടത്തിക്കു പറയാനും ഉത്സാഹം വരും.

ചേടത്തിയുടെ തുടക്കത്തില്‍ത്തന്നെ പിടുത്തമിട്ടു ത്രേസ്യാമ്മ. "ചേടത്തി എന്തോന്നാ ഈ പറയുന്നേ… ഏതു കുഞ്ഞിന്‍റെ കാര്യം… എന്തോ കഷ്ടം?"

"ആ പുത്തന്‍വീട്ടിലെ കു ഞ്ഞിന്‍റെ കാര്യേ…"

"എന്തുപറ്റി ആ കുഞ്ഞിന്… പ്രസവിച്ച ഉടനെ അസുഖം വല്ലതുമായോ… നല്ല കുഞ്ഞായിരുന്നു"- കാര്യം മനസ്സിലാക്കാതെ ത്രേസ്യാമ്മ വീണ്ടും പറഞ്ഞു.

"ശ്ശെ! ആ കുഞ്ഞിന്‍റെ കാര്യമല്ല… ആ കുഞ്ഞിന്‍റെ തള്ളേടെ കാര്യമാ പറഞ്ഞത്."

"ഏത്… ട്രീസയുടെയോ?" – ലില്ലി ചോദിച്ചു.

"അതേന്ന്…"

"അവള്‍ക്കെന്നാ പറ്റി?"

"ഓ… എന്നാ പറ്റീന്നു ചോദിച്ചാ എന്തോ പറയാനാ… വീട്ടില് വന്നു നില്ക്കുവല്ലേ… മാസങ്ങളായില്ലേ…?"

"എന്തോ… അവന്‍ വീണ്ടും ഗള്‍ഫിലോട്ടു പോയോ?" – കത്രീനയുടേതായിരുന്നു ചോദ്യം.

"ഗള്‍ഫിലോട്ടൊന്നും പോയതല്ല… വീട്ടീന്ന് എറക്കിവിട്ടൂന്നാ കേ ട്ടത്…"

"ആരെ? ട്രീസാമ്മയെയോ?"

എല്ലാവരും ഒന്നിച്ചു ഞെട്ടി.

അങ്ങനൊന്ന് ആലോചിക്കാന്‍ പോലും അവര്‍ക്ക് ആകില്ലായിരുന്നു. ഇടവകയില്‍ ഏറ്റവും സ്വഭാവഗുണമുള്ള പെങ്കൊച്ചായിരുന്നു ട്രീസ. അവളെ ഭര്‍ത്തൃവീട്ടുകാര്‍ ഇറക്കിവിട്ടൂന്നു വച്ചാല്‍…!?

"ട്രീസയെത്തന്നെ…"-ഏലിച്ചേടത്തി ഉള്ളാലെ ഒരു ചിരി ചിരിച്ചു പറഞ്ഞു.

"ഹേയ്! അതൊന്നും ആകത്തില്ല… എന്തേലും കാര്യമുണ്ടായിട്ട് ഇവിടെ വന്നുനില്ക്കണതാകും" – ത്രേസ്യാമ്മക്കതങ്ങ് സമ്മതിച്ചുകൊടുക്കാന്‍ തോന്നിയില്ല.

"ഓ… ഇവളേതാണ്ട് അറിഞ്ഞ മട്ടാണല്ലോ സംസാരം…"

ത്രേസ്യാമ്മയുടെ വിശ്വാസക്കുറവ് ഏലിച്ചേടത്തിക്ക് അത്ര പിടിച്ചില്ല.

"അല്ല; ചേടത്തി എന്തോ അറിഞ്ഞോണ്ടാ പറയുന്നത്"- ത്രേസ്യാമ്മയും വിട്ടുകൊടുത്തില്ല.

"ഞാന്‍ അറിഞ്ഞോണ്ടുതന്നെയാ പറയുന്നത്. അല്ലേല്‍ അറിയാത്ത കാര്യം പറഞ്ഞാ കര്‍ത്താവിനു നിരക്കത്തില്ല."

"ചേടത്തി പറയ്… എന്തിനാ ട്രീസയെ ഇറക്കിവിട്ടത്?" – ലില്ലി കാര്യത്തിലേക്കു കടക്കാന്‍ ധൃതി കൂട്ടി.

"സ്വഭാവദൂഷ്യം… അല്ലാതെന്തിനാ ഭര്‍ത്താവിന്‍റെ വീട്ടുകാര് ഇറക്കി വിടണത്."

"വല്ല അമ്മായിയമ്മപ്പോരുമായിരുന്നിരിക്കണം"- കത്രീന കാര്യം ലഘൂകരിക്കാന്‍ ശ്രമിച്ചു.

"എന്നൊക്കെയാ ഞാനും ആദ്യം കരുതീത്… പക്ഷേ, അതൊന്നുമല്ല കാര്യം…"

ഏലിചേടത്തി അതും പറഞ്ഞ് അവരല്ലാതെ മറ്റാരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന ഭാവത്തില്‍ ചുറ്റും നോക്കി. എന്നിട്ടു വലത്തെ കൈ വായോടു ചേര്‍ത്തുപിടിച്ചു രഹസ്യം പറയും മട്ടില്‍ കേള്‍ക്കാന്‍ വിധത്തില്‍ പറഞ്ഞു: "ആ കൊച്ച് അവന്‍റേതല്ലെന്ന്."

വീണ്ടും കൂട്ടര്‍ ഞെട്ടി!

"അവനു തലയ്ക്കു വെളിവുണ്ടാകത്തില്ല" – ലില്ലിക്കതു സഹിക്കാന്‍ പറ്റീല്ല.

"ഇതു പറയണ ചേടത്തീടെ നാവില് കുരിശു വരയ്ക്ക്" – കത്രീനയും പറഞ്ഞു.

"ഓ… ഞാന്‍ ഒള്ള കാര്യം പറഞ്ഞു… കേള്‍ക്കാന്‍ ഇഷ്ടോല്ലാത്തവരു കേക്കണ്ട… ഞാന്‍ ആരുടേം ചെലവിലല്ല ഒപ്പാരിത്തം പറയാന്‍…" – ഏലിചേടത്തിക്ക് അരിശം വന്നു.

"ഞങ്ങളും ആരുടേം ചെലവിലല്ല… പക്ഷേങ്കി പറയുന്നതിനൊക്കെ ഒരു സത്യം വേണ്ടേ…" – ത്രേസ്യാമ്മ വിട്ടുകൊടുത്തില്ല.

"സത്യമുണ്ടോന്ന് അന്വേഷിക്കേണ്ടത് ആരാ… ട്രീസേടെ കെട്ട്യോനും ട്രീസേടെ വീട്ടുകാരുമല്ലേ… ഞാനല്ലല്ലോ…"

ഏലിചേടത്തി പറഞ്ഞതില്‍ കാര്യമുണ്ടെന്നു ലില്ലിക്കു തോന്നി.

"അതു ശരിയാ ചേടത്തി…"

"ങാ… അതു പറ… മിണ്ടാപ്പൂച്ചയാ കലം ഒടയ്ക്കാറ്… ഞാന്‍ കേട്ടതും അറിഞ്ഞതും പറഞ്ഞെന്നു മാത്രം…"

"എങ്ങനെ പറ്റിപ്പോയി ചേടത്തീ…?" – കത്രീന ചോദിച്ചു.

"ആര്‍ക്കറിയാം… ഏതായാലും ഞാനറിയാതിരിക്കത്തില്ല. എത്ര മൂടിവച്ചാലും ഞാനറിയും… ആ പയ്യന്‍ നല്ല പത്തര മാറ്റ് തങ്കമാ… അവന്‍ വെറുതെ പറയൂന്ന് കരുതണ്ട."

ആരും ഒന്നും മറുപടി പറഞ്ഞില്ല. അവരുടെ മനസ്സും പരദൂഷണത്തിനു ചിറകുണ്ടാക്കുകയായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org