തീരാമഴ – അധ്യായം 18

തീരാമഴ – അധ്യായം 18

വെണ്ണല മോഹന്‍

ജോര്‍ജുകുട്ടിയുടെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ക്രിസ്റ്റഫര്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നവന്‍. വിവരം ഉള്ളവന്‍… രഹസ്യം സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ എന്നൊക്കെ ക്രിസ്റ്റഫറിനെക്കുറിച്ചു ജോര്‍ജുകുട്ടി വിശ്വസിക്കുകയും ചെ യ്തു.

ക്രിസ്റ്റഫറിനെ അത്യാവശ്യമായി ജോര്‍ജുകുട്ടി കാണണമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനൊരു വിഷയമാകുമെന്ന് അവന്‍ കരുതിയതുപോലുമില്ല. പകരം ആഗ്നസിനെക്കുറിച്ച് എന്തെങ്കിലും പറയാനോ വന്ധ്യതാചികിത്സ യ്ക്കു പുതിയ ഇടം അന്വേഷിക്കാനോ ആയിരിക്കുമെന്നേ കരുതിയുള്ളൂ.

നഗരത്തിലെ ഒഴിഞ്ഞ കോണിലുള്ള കോഫിഷോപ്പിലാണ് ഇരുവരും ഇരുന്നത്. ഒരു മേശയ്ക്കു ഇരുപുറവുമായി കോള്‍ഡ്കോഫിയും ഓര്‍ഡര്‍ ചെയ്ത് അവര്‍ ഇരുന്നു.

ഒട്ടുനേരം ഇരുന്നിട്ടും മനസ്സ് തുറക്കാതായപ്പോള്‍ ക്രിസ്റ്റഫര്‍ തന്നെയാണ് ചോദിച്ചത്: "ജോര്‍ജുകുട്ടീ… നീ എന്നെ വിളിച്ചതു കാപ്പിയും വാങ്ങി മിണ്ടാവ്രതം അനുഷ്ഠിക്കാനാണോ…?"

എങ്ങനെ തുടങ്ങണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ജോര്‍ജുകുട്ടി. ക്രിസ്റ്റഫറിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ എങ്ങനെയും തുടങ്ങിക്കളയാം എന്നവനു തോന്നിപ്പോയി.

"വീട്ടില്‍ ഒരു വലിയ പ്രശ്നമുണ്ട് ക്രിസ്റ്റഫര്‍. എനിക്കു നിന്‍റെ സഹായം ആവശ്യമാണ്."

"പ്രശ്നം പറയാതെങ്ങനെ എന്‍റെ സഹായം വേണോ വേണ്ടയോ എന്നു തീരുമാനിക്കും?" – ക്രിസ്റ്റഫര്‍ ചോദിച്ചു.

ഒരു നിമിഷത്തെക്കൂടി മൗനം നിലനില്ക്കുമ്പോള്‍ വീണ്ടും മൗനത്തെ മറികടന്നു ജോര്‍ജുകുട്ടി പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ അവതരിപ്പിച്ചു.

അപ്പോഴേക്കും കോള്‍ഡ് കോഫി എത്തി. ഓരോ ഇറക്ക് കോഫി കടിച്ചു; എന്നിട്ടും മനസ്സ് തണുത്തില്ല.

"അതു ശരി. ട്രീസ വീട്ടിലെത്തി… മാസങ്ങളായി വീട്ടിലെ സമാധാനത്തിനു ചില അസന്തുലിതാവസ്ഥ. നിന്‍റെ ദാമ്പത്യത്തിനും പ്രശ്നം, അതല്ലേ?"

"അതെ…"

"ഇപ്പോള്‍ എന്താണു നിനക്ക് ആവശ്യം."

ക്രിസ്റ്റഫര്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി. തന്‍റെ ഫ്രഞ്ച് താടി തടവി.

"അല്ല, നീ എന്തു ചെയ്യാന്‍…?"

ഒരു ചെറുചിരി വിടര്‍ത്തി ക്രിസ്റ്റഫര്‍ പറഞ്ഞു. ജോര്‍ജു കുട്ടിയുടെ മുഖം വിവര്‍ണമായി. ഒരു നിമിഷം അതൊന്ന് ആസ്വദിച്ച് ഒരു ഇറക്ക് കോഫികൂടി ക്രിസ്റ്റഫര്‍ കഴിച്ചു.

"അല്ല; നിനക്കെന്താ ആവശ്യം എന്നുവച്ചാല്‍ പറയ്."

"സമാധാനം ഉണ്ടാകണം. ഇപ്പോള്‍ എല്ലാവരും നീറുന്ന മനസ്സോടെയാണ് ജീവിക്കുന്നത്."

"അതിനെന്താ വേണ്ടത്?"

ജോര്‍ജുകുട്ടി ചോദ്യത്തിനു മുന്നില്‍ മൂകനായി. വീണ്ടും ക്രിസ്റ്റഫര്‍ ചോദിച്ചു.

"എന്തുണ്ടായാല്‍ പഴയ സന്തോഷവും സമാധാനവും കൈവരും എന്നു നീ പറയ് ജോര്‍ജുകുട്ടി."

അപ്പോഴും ജോര്‍ജുകുട്ടി ഒന്നും പറഞ്ഞില്ല.

"ട്രീസ പരിശുദ്ധയാണെന്നു പറഞ്ഞു പീറ്റര്‍ വിളിച്ചുകൊണ്ടുപോയാല്‍ നിനക്കും കുടുംബത്തിനും സമാധാനോം സന്തോഷോം കിട്ടുമോ?"

ജോര്‍ജുകുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു.

"തീര്‍ച്ചയായും. അതു മതി… അതിനെന്താ വഴി?"

"എടാ… അയാള്‍ ഇനി അതു ചെയ്യുമെന്നു കരുതുന്നുണ്ടോ? ട്രീസ പരിശുദ്ധയാണെന്ന് അയാളുടെ മനസ്സില്‍ തോന്നിയാല്‍പ്പോലും അയാള്‍ ഇനി അതു പറയത്തില്ല. പറഞ്ഞാല്‍ അയാള്‍ നാണം കെടത്തൊള്ളൂ. അതുകൊണ്ടുതന്നെ അയാള്‍ അങ്ങനെ ചെയ്യുമെന്നു കരുതണ്ട."

ജോര്‍ജുകുട്ടിയുടെ മുഖം ഇരുണ്ടു.

"അപ്പോ പിന്നെ എന്താ വഴി?"

"അയാളെക്കൊണ്ട് അത് അംഗീകരിപ്പിക്കാന്‍ പറ്റണം. നാട്ടുകാര്‍ അല്ലെങ്കില്‍ വീട്ടുകാര്‍ മദ്ധ്യേ അയാള്‍ക്കത് അംഗീകരിക്കേണ്ടി വരണം."

"ങാ… അതുതന്നാ വേണ്ടത്. രണ്ടെണ്ണം കൊടുക്കണമെന്നാ എനിക്കു തോന്നണത്."

"നല്ല കാര്യമായിപ്പോയി. വീണ്ടും ചീയാനാണോ ഭാവം?"

വീണ്ടും ഇരുവരും മൗനത്തിലായി.

മാര്‍ഗത്തിന്‍റെ വഴി തേടുകയായിരുന്നു ഇരുവരും. ഇതിനിടെ കോഫി ഇരുന്നിരുന്ന് മോശമായി കഴിഞ്ഞിരുന്നു. അതു മനസ്സിലാക്കിയ ക്രിസ്റ്റഫര്‍ രണ്ടു കോഫിക്കുകൂടി ഓര്‍ഡര്‍ കൊടുത്തു.

ഇത്തവണ കോള്‍ഡ് കോഫി വേണമെന്നു പറഞ്ഞില്ല. അതിനു കാരണമായി ചിരിച്ചുകൊണ്ടയാള്‍ പറഞ്ഞു: "വരുന്ന കോഫി ഇരുന്നിരുന്ന് കോള്‍ഡ് ആയിക്കോളും."

മറ്റെന്തോ ആലോചിച്ച് ദീര്‍ഘശ്വാസം ഉതിര്‍ക്കുക മാത്രം ചെയ്തു ജോര്‍ജുകുട്ടി.

"നമുക്ക് അച്ചനോടു പറഞ്ഞ് ഒന്നു സംസാരിപ്പിച്ചാലോ; കാര്‍ന്നോന്മാരെയും കൂട്ടാം."

"കാര്യമില്ലെടാ ജോര്‍ജേ. നീ വെറും കുട്ടിയാകല്ലേ. ഭര്‍ത്താവിനു മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ടെന്നു പറഞ്ഞാല്‍ മദ്ധ്യസ്ഥന്മാര്‍ക്കു പിന്നെ എന്തു പറയാനാകും?"

"ഇതു വെള്ളരിക്കാ പട്ടണമൊന്നുമല്ലല്ലോ. കുടുംബകോടതിയില്‍ കേസ് കൊടുക്കണം. അതുതന്നെ പരിഹാരം" – ജോര്‍ജുകുട്ടിക്ക് ദേഷ്യം വന്നു.

"ഓ… പരിഹാരം നീ തന്നെ കണ്ടുപിടിച്ചുകളഞ്ഞല്ലോ. അപ്പോ പിന്നെ എന്‍റെ സഹായം എന്താ വേണ്ടത്… നല്ലൊരു വക്കീലിനെ കണ്ടുപിടിച്ചു തരലാണോ?"

ക്രിസ്റ്റഫര്‍ പരിഹസിച്ചതാണോ കാര്യമായി പറഞ്ഞതാണോ എന്നു ജോര്‍ജുകുട്ടിക്കു മനസ്സിലായില്ല.

"എന്താ… ഇതു പരിഹാരമല്ലേ?"-ലേശം ആശങ്കയോടെ ജോര്‍ജുകുട്ടി ചോദിച്ചു.

ക്രിസ്റ്റഫര്‍ ചിരിച്ചു; മിഴികള്‍ തിളങ്ങി.

"എടാ… പരിഹാരം ആണോ എന്നു ചോദിച്ചാല്‍ പരിഹാരം ആണ്. പക്ഷേങ്കി ഇതിന്‍റെ പ്രായോഗികബുദ്ധിമുട്ടും സമൂഹത്തിന്‍റെ മനഃശാസ്ത്രോം നിനക്കറിയത്തില്ലേ?"

"എന്നുവച്ചാ…?"

"ഒരു കേസ് കൊടുത്താ ഉടനെ വിധി പറയത്തില്ല. കുറേ അവധികള്‍ വയ്ക്കും. കൗണ്‍സലിംഗ് നടക്കും. എന്നിട്ടും ശരിയായില്ലെങ്കില്‍ എവിഡെന്‍സ് എടുക്കലും ആര്‍ഗുമെന്‍റ്സുമൊക്കെ നടക്കും. ഒടുവിലാകും വിധി. വര്‍ഷങ്ങള്‍തന്നെ എടുത്തു എന്നു വരാം."

"അപ്പോ…?"

"എതിര്‍ഭാഗം വക്കീല് മിടുക്കനാണെങ്കില്‍ ട്രീസയെ ഇല്ലാത്ത കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കാനും ശ്രമിക്കും. ഇതിനിടെ സമൂഹം മുഴുവന്‍ എന്തായിരിക്കും പറയുക. അറിയാത്തവര്‍ കൂടി കാര്യങ്ങള്‍ അറിയും. ഇത്തരം കാര്യങ്ങളില്‍ പെണ്ണ് തെറ്റു ചെയ്തുവെന്നേ പറയത്തുള്ളൂ. നിനക്കും വീട്ടുകാര്‍ക്കും കേസിന്‍റെ ടെന്‍ഷനും പിന്നെ മാനക്കേടും ഫലം."

"അപ്പോ…?"

മറ്റൊരു ഉത്തരം കാണാതെ… ബാക്കി പറയാനാകാതെ ജോര്‍ജുകുട്ടി ഇരുന്നു.

"ഒടുവില്‍ ഇരുകൂട്ടരും വാശിക്കുതന്നെ നിന്നാല്‍ കോടതി നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമുണ്ട്."

"എന്തു കാര്യം!?"

"ഡിഎന്‍എ ടെസ്റ്റ്! പിതൃത്വം തെളിയിക്കാനുള്ള വഴി. ശാസ്ത്രീയമായ ആ വഴിയിലൂടെ പോയാല്‍ സത്യം തിരിച്ചറിയും. പക്ഷേ, കോടതീ കേസുമായി ഉള്ളതും ഇല്ലാത്തതുമെല്ലാം ആരോപിച്ചു നിങ്ങള്‍ ഇരു കുടുംബക്കാരും അകന്നു കഴിഞ്ഞിരിക്കും. അപ്പോഴാ നെറ്റ് റിസല്‍ട്ടില്‍ നിന്‍റേം കുടുംബത്തിന്‍റേം സമാധാനം കുരിശു വരയ്ക്കും."

കൊണ്ടുവന്നു വച്ച കാപ്പി ക്രിസ്റ്റഫര്‍ പറഞ്ഞതുപോലെ തണുത്തു കഴിഞ്ഞിരുന്നു.

എങ്കിലും എന്തോ ഒരു നേര്‍ച്ചപോലെ ഇരുവരും അതു കുടിച്ചു.

ബില്ല് നോക്കി പണം നല്കുന്നതിനിടയില്‍ ക്രിസ്റ്റഫര്‍ പറഞ്ഞു: "നീ എഴുന്നേല്ക്ക്. ഞാനൊരു വഴി കാണുന്നുണ്ട്."

ജോര്‍ജുകുട്ടിയുടെ കണ്ണുകള്‍ പ്രകാശിച്ചു. ഉത്സാഹത്തോടെ എഴുന്നേറ്റു.

നഗരം സന്ധ്യയിലേക്കു കൂപ്പുകുത്തിക്കഴിഞ്ഞിരുന്നു. തിരുക്കുകളിലേക്കു വീഥി വീണു. വഴിവിളക്കുകള്‍ തെളിഞ്ഞു.

തിരക്കുകള്‍ക്കിടയില്‍ അവരുടെ ലോകം കണ്ടുപിടിച്ചു ജോര്‍ജുകുട്ടിയും ക്രിസ്റ്റഫറും നടന്നു. ഇതിനിടെ ക്രിസ്റ്റഫര്‍ കണ്ടെത്തിയ വഴി പറഞ്ഞു.

"ഇരുചെവിയറിയാതെ കാര്യം നടക്കട്ടെ. പിന്നെ ആ അവസാന തെളിവുപോലും എതിരാണെന്നു കണ്ടാല്‍ നിന്‍റളിയന് പിന്നെ ഒന്നും പറയാനുണ്ടാവില്ല. ഇരുചെവി അറിയാത്തതുകൊണ്ട് ഈ ഗോയും വര്‍ക്ക് ഔട്ട് ആവില്ല."

"ഇപ്പോത്തന്നെ അപ്പച്ചനോടു ഞാന്‍ പറഞ്ഞിട്ട്…"

ജോര്‍ജുകുട്ടി ബാക്കി പറയുംമുന്നേ ക്രിസ്റ്റഫര്‍ തടഞ്ഞു. "പറയുന്നതൊക്കെ കൊള്ളാം ശരിക്കാലോചിച്ചിട്ടു തീരുമാനമെടുക്കുക. പകലായിരിക്കണം നിങ്ങളങ്ങോട്ടു പോകേണ്ടത്. രാത്രി പോകരുത്. പറ്റുമെങ്കില്‍ നിന്‍റളിയന്‍റെ അളിയനോടും അവിടെ വരാന്‍ പറയണം."

"ശരി…" – ജോര്‍ജുകുട്ടി എല്ലാം ഏറ്റു.

മനസ്സിനൊരാശ്വാസം. മാസങ്ങളായി നഷ്ടപ്പെട്ട സമാധാനം തിരിച്ചുവരുംപോലെ അവനു തോന്നി.

"കോടതി നിര്‍ദ്ദേശിക്കാന്‍ പോകുന്ന കാര്യം നമ്മള്‍ ആദ്യമേ ചെയ്യുന്നു. ഒഴിഞ്ഞുമാറാന്‍ പറ്റത്തില്ലല്ലോ. പിന്നെ ഇതിനു ചില പ്രൊസീജിയറൊക്കെയുണ്ട്. അതെല്ലാം ഞാന്‍ അന്വേഷിച്ചു കണ്ടുപിടിച്ചോളാം. നീ ഏതായാലും സമാധാനമായിരിക്ക്…"

അവര്‍ വഴി പിരിഞ്ഞു. ജോര്‍ജുകുട്ടി വീട്ടിലേക്ക്…

എവിടെ നിന്നോ തണുത്ത കാറ്റടിച്ചു. ഇന്നു ചൂടിനറുതിയായി. മഴ പെയ്യുമെന്ന് ജോര്‍ജുകുട്ടിക്കു തോന്നി.

******

ആ രാത്രി അമ്മച്ചി പീറ്ററിനോടു കട്ടായം പറഞ്ഞു: "ഇതങ്ങനെ നീട്ടിക്കൊണ്ടുപോകാന്‍ പറ്റത്തില്ല പീറ്ററേ… ഞാന്‍ ഇടവക അച്ചനെ കാണണൊണ്ട്."

"എന്നത്തിനാ അച്ചന്‍…?"

"ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്തരുതെന്ന് അള്‍ത്താരേടെ മുന്നില്‍വച്ചു ക്രിസ്തുസാന്നിദ്ധ്യത്തില്‍ നിങ്ങളോടു പറഞ്ഞത് അച്ചനാ. വിവാഹം ഒരു കൂദാശയാ പീറ്ററേ…. നിനക്കതറിയാന്‍ മേലാഞ്ഞിട്ടൊന്നുമല്ലല്ലോ…"

പീറ്റര്‍, അമ്മച്ചി എന്തിനുള്ള പുറപ്പാടാണെന്ന് അറിയാതെ നോക്കിനിന്നു.

"വേദപുസ്കം തൊട്ട് ട്രീസ സത്യം ചെയ്യട്ടെ… നീ കണ്ടോ…?"

"അവള്‍ക്കതിനു വേദപുസ്തകോം മഞ്ഞപുസ്തകോം ഒരുപോലാ…."

"ഛീ! എന്താടാ പറഞ്ഞത്… കണ്ട അവരാതിത്തരം എന്‍റടുത്ത് പറഞ്ഞേക്കരുത്…"

"എന്താ അമ്മച്ചി പറയണത്…?"

"എടാ… വിവാഹം കഴിക്കുംമു മ്പു അന്വേഷിക്കണം. വിവാഹത്തിനു മുമ്പ് പെങ്കൊച്ച് തെറ്റുകാരിയായിരുന്നെങ്കില്‍ അന്വേഷിച്ചതിന്‍റെ കൊറവ്. വിവാഹശേഷമാണെങ്കില്‍ കെട്ടിയോന്‍റെ കൊറവ്… ഇതാ ആണിന്‍റേം പെണ്ണിന്‍റേം കാര്യത്തിലെ ന്യായം; മനസ്സിലായോ…?"

പിന്നെയും അമ്മച്ചിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.

അപ്പോഴേക്കാം ലാന്‍റ് ഫോണില്‍ മണിമുഴങ്ങി. റിസീവര്‍ എടുത്തത് അമ്മച്ചിയാണ്.

"ഹലോ…"

അങ്ങേത്തലയ്ക്കല്‍ ട്രീസയുടെ അപ്പച്ചന്‍ തോമസായിരുന്നു. ആളെ അറിഞ്ഞപ്പോള്‍ ടെലഫോണില്‍ കൂടിത്തന്നെ അമ്മച്ചി സ്തുതി പറഞ്ഞു. തോമസ് സ്തുതി മടക്കി.

കാര്യങ്ങള്‍ പറഞ്ഞശേഷം തോമസ് പറഞ്ഞു: "ഞങ്ങള്‍ വരുമ്പോള്‍ പീറ്റര്‍കൂടി ഉണ്ടാകണം. എന്നാലേ കാര്യങ്ങള്‍ സംസാരിക്കാനും ഒരു തീരുമാനത്തിലെത്താനും കഴിയൂ… നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്."

അമ്മച്ചി സമ്മതിച്ചു.

"അവനുണ്ടാകും; കട്ടായം."

ടെലഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ അമ്മച്ചി പീറ്ററിനോടു പറഞ്ഞു: "നീ നാളെ ജോലിക്കു പോകണ്ട; അവധി എടുക്ക്."

"എന്തിനാ…?"

"നാളെ ട്രീസയുടെ അപ്പനും മറ്റും വരുന്നുണ്ട്. ചില കാര്യങ്ങള്‍ പറയാന്‍…"

"എന്തോന്നു കാര്യം…?"

"അതു വരുമ്പം പറയും എന്നാ പറഞ്ഞത്. എന്തായാലും നീ കൂടി ഉണ്ടാകണം."

"എനിക്കു നാളെ ഇച്ചിരി തിരക്കുള്ള ദിവസമാ…" – പീറ്റര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

"എന്തു തിരക്കുണ്ടായാലും അവരു വന്നുപോയശേഷമുള്ള തിരക്കു മതി" – അമ്മച്ചി തീര്‍ത്തു പറഞ്ഞു.

അപ്പോഴേക്കും വീണ്ടും ലാന്‍റ് ഫോണ്‍ ശബ്ദിച്ചു; അതു നീനയായിരുന്നു.

"അമ്മച്ചി… നാളെ ഞാനും ക്ലീറ്റസും വരുന്നുണ്ട്. ട്രീസയുടെ വീട്ടീന്ന് ആളുകള്‍ വരുന്നുണ്ടെന്നു വിളിച്ചുപറഞ്ഞു. ഞങ്ങളുംകൂടി ഉണ്ടാകണമെന്നു പ്രത്യേകിച്ചു പറഞ്ഞിട്ടുണ്ട്."

"ങാ… ഇവിടേം വിളിച്ചു പറഞ്ഞു. എന്താ മോളെ അവരു പറയാന്‍ പോകുന്ന വിശേഷം എന്നു നിനക്കു തിരിഞ്ഞോ…?"

"ഇല്ലമ്മച്ചി… അമ്മച്ചിയോടു പറഞ്ഞില്ലേ?"

"ഇല്ല; എന്നോടു നേരിട്ടു കാണാം എന്നാ പറഞ്ഞത്."

"ഞാന്‍ കരുതി അമ്മച്ചിയോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന്… എന്താണാവോ അവര് ഉദ്ദേശിക്കുന്നത്?"

"ങാ… എന്തായാലും നേരിട്ടു വരട്ടെ. എല്ലാറ്റിനും ഒരു പരിഹാരം ഉണ്ടാകേണ്ടതല്ലേ?"- അമ്മച്ചി ദീര്‍ഘമായി നിശ്വസിച്ചു.

"ശരിയമ്മച്ചി…"

അമ്മച്ചി റിസീവര്‍ ക്രെഡിലില്‍ വച്ചു. പീറ്ററിനെ നോക്കി. പീറ്ററിന്‍റെ മുഖത്തു ചിന്തയുടെ രേഖകള്‍ കെട്ടുപിണഞ്ഞു. നെറ്റിയില്‍ വിയര്‍പ്പുമണികള്‍.

എന്തു പറയാനാണ്? എന്തു പരിഹാരവുമായാണ് അവര്‍ വരുന്നത്!?

ഊഹിക്കാനേ പറ്റുന്നില്ലല്ലോ.

രാവിലെ പത്തു മണി കഴിഞ്ഞപ്പോഴേക്കും വീടിന്‍റെ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു.

ആകാംക്ഷ പൂണ്ട നിമിഷങ്ങള്‍ എണ്ണിയെണ്ണി നിന്നിരുന്ന അമ്മച്ചിയും നീനയും കൂടി മുന്‍വാതില്‍ തുറന്നു.

കാറില്‍ നിന്നും ജോര്‍ജുകുട്ടിയും തോമസും ഇറങ്ങി; കൂടെ മറ്റൊരു ചെറുപ്പക്കാരനും.

ആ നിമിഷം-

നെഞ്ചിടിപ്പോടെ മുറിയില്‍ ഇരിക്കുകയായിരുന്നു പീറ്റര്‍.

പീറ്ററിന്‍റെ അടുത്തെത്തി ക്ലീറ്റസ് പറഞ്ഞു: "അളിയാ… ദേ അവര്‍ വന്നു."

പീറ്റര്‍ ഒന്നും പറഞ്ഞില്ല.

ദൃഷ്ടി താഴേക്കായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org