തീരാമഴ – അധ്യായം 2

തീരാമഴ – അധ്യായം 2

വെണ്ണല മോഹന്‍

"മാനുവലോ!?"

ട്രീസ ഒരു ചെറിയ നടുക്കത്തോടെ ചോദിച്ചു.

"അതെ മാനുവല്‍തന്നെ. എന്താ നീ ആ പേരു കേട്ടിട്ടില്ലേ?"

"എന്നെ എന്തിനാ മാനുവല്‍ വിളിക്കുന്നേ?" – ട്രീസ ചോദിച്ചു.

"അതു മാനുവലിനും നിനക്കും മാത്രമല്ലേ അറിയൂ…"

ട്രീസ എന്തോ പറയാന്‍ തുനിയുമ്പോഴേക്കും അപ്പുറത്തുനിന്നും ജോര്‍ജുകുട്ടി വിളിച്ചു: "അളിയാ ചായ കുടിക്കാം…"

പീറ്റര്‍ പൊടുന്നനെ പുറത്തേയ്ക്കിറങ്ങി.

ചായ കുടിക്കാനിരിക്കുമ്പോള്‍ ഏലിയാമ്മചേടത്തിയും സ്റ്റോറില്‍ നിന്നുമെത്തി.

"ചേടത്തീ ചായ കുടിക്ക്" – ആനിയമ്മ പറഞ്ഞു.

ചേടത്തി ചായ കുടിക്കാന്‍ തുടങ്ങുമ്പോള്‍ ആഗ്നസ്സ് ചോദിച്ചു: "ചേടത്തി കുഞ്ഞിനെ കണ്ടോ?"

"യ്യോ… ഞാനാക്കാര്യം വിട്ടുപോയി. എപ്പോഴും ഇങ്ങനാ സ്നേഹോള്ളോരെ കണ്ടാ വന്ന കാര്യംപോലും ഞാന്‍ മറക്കും."

അതു കേട്ടപ്പോള്‍ എല്ലാവരുടെയും ചുണ്ടില്‍ ഒരു പുഞ്ചിരി പൊടിഞ്ഞുനിന്നു.

ട്രീസയുടെ മനസ്സ് നീറുകയായിരുന്നു. പീറ്ററിന്‍റെ വാക്കുകള്‍ അവളുടെ മനസ്സിനെ നീറ്റിക്കൊണ്ടേയിരുന്നു; മാനുവല്‍–

എത്ര കാലമായി അകാരണമായുള്ള മാനസികപീഡനം. ഒന്നും ഒരിക്കലും വീട്ടില്‍ പറയാറില്ല.

വിവാഹം ഒരു കൂദാശയാണ്. കൂദാശ ഒരിക്കലും തെറ്റിക്കുന്നവളല്ല താന്‍.

~ഒരു മനസ്സും ഇരുശരീരവുമാണു ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതു പറയാന്‍ മാത്രമുള്ളതല്ല; ജീവിക്കാനുള്ളതു കൂടിയാണെന്നു താന്‍ കരുതുന്നു.

മറ്റുള്ളവരുടെ മുന്നില്‍ എന്നും മാന്യനായ ചെറുപ്പക്കാരനാണു പീറ്റര്‍. ആളുകളോട് ഇടപഴകുന്ന രീതി കാണുമ്പോള്‍ ആര്‍ക്കും ഒരു സ്നേഹവും ബഹുമാനവുമൊക്കെ പീറ്ററിനോടു തോന്നും.

ആദ്യരാത്രി മണിയറയില്‍ വന്ന പീറ്റര്‍ ആദ്യമായി തന്നോടു ചോദിച്ചത് ഇന്നെന്ന പോലെ ഇപ്പോഴും ഓര്‍ക്കുന്നു: "നിനക്ക് എന്നേക്കാള്‍ സൗന്ദര്യമുണ്ടല്ലേ ട്രീസേ?"

ഈ ചോദ്യം ആദ്യം ഒരു അമ്പരപ്പാണുണ്ടാക്കിയത്. എന്താണിങ്ങനെ ഒരു ചോദ്യം!?

ആ മുഖത്തേയ്ക്ക് ഒന്നു പാളിനോക്കി.

വ്യവച്ഛേദിക്കാനാകാത്ത വികാരമാണു മുഖത്ത് അലയടിക്കുന്നത്.

"ട്രീസാ, അപ്പോള്‍ നിനക്ക് ഒരുപാടു കാമുകന്മാരും ഉണ്ടായിക്കാണും."

"ങ്ങേ…"

"സൗന്ദര്യമുള്ള പെണ്ണുങ്ങളെ ചുറ്റിപ്പറ്റി നടക്കാന്‍ ഒരുപാടു പേര്‍ ഉണ്ടാകുമല്ലോ. കാലം വല്ലാത്ത കാലമല്ലേ ട്രീസാ…" – ഒന്നു വിശദീകരിക്കാന്‍ ശ്രമിച്ചു പീറ്റര്‍.

"ഞാന്‍ ദൈവഭയമുള്ള വീട്ടില്‍ ജനിച്ചുവളര്‍ന്നവളാണ്. എന്‍റെ ചേച്ചി ദൈവവിളി കേട്ടു കന്യാസ്ത്രീയായവളാണ്." അത്രയേ ട്രീസ പറഞ്ഞുള്ളൂ.

"ഓ… അതൊന്നും ചുറ്റിപ്പറ്റി നടക്കുന്നവര്‍ക്കറിയില്ലല്ലോ. ഞാനങ്ങനെ കാര്യമായിട്ടൊന്നും പറഞ്ഞതല്ല ഒരു വെറുംവാക്ക് പറഞ്ഞതാ."

ഇങ്ങനെയാണോ വെറുംവാക്ക് പറയുന്നതെന്ന് ട്രീസയ്ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആദ്യരാത്രി തര്‍ക്കിക്കാനോ പിണങ്ങാനോ ഉള്ള രാത്രിയല്ലല്ലോ.

എങ്കിലും-

ഒരു നല്ല തറവാട്ടില്‍ പിറന്നയാള്‍, വിദ്യാഭ്യാസമുള്ളയാള്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നതിലെ ഒരു ഔചിത്യക്കുറവ് ട്രീസയെ അസ്വസ്ഥപ്പെടുത്താതിരുന്നില്ല.

പിന്നീടുള്ള ദിവസങ്ങളിലും ഈ അസ്വസ്ഥതയെ വളര്‍ത്തുന്ന രീതിയിലായിരുന്നു പീറ്ററിന്‍റെ വാക്കുകളും പ്രവൃത്തികളും. എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ എത്രയോ നന്നായി പെരുമാറി.

അതു കണ്ടു ബന്ധുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു: "ട്രീസയെന്നുവച്ചാല്‍ പീറ്ററിനു ജീവനാ… എന്തൊരു സ്നേഹമാണ്."

എന്നാല്‍-

തനിക്കോ? ഓരോ രാത്രിയും വരുമ്പോള്‍ നെഞ്ചിടിപ്പു കൂടുകയായിരുന്നു.

എന്തോ തെറ്റുകള്‍ ചെയ്തപോലെ- അര്‍ത്ഥംവച്ചുള്ള സംസാരങ്ങള്‍. മുനവച്ചു സംശയം വാരിക്കൂട്ടുന്നു.

"എന്തേ അന്വേഷിച്ചിട്ടല്ലേ ഇച്ചായന്‍ ഈ വിവാഹം സമ്മതിച്ചത്. എന്തെങ്കിലും എന്നെക്കുറിച്ചു കേട്ടിട്ടുണ്ടോ?"- സഹികെട്ടപ്പോള്‍ ചോദിച്ചുപോയി.

"നിന്നെക്കുറിച്ചല്ലല്ലോ; പൊതുവായ കാര്യങ്ങളല്ലേ ഞാന്‍ പറയുന്നതു ട്രീസാ. പിന്നെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് പൊള്ളുന്നതെന്താണ്?"

"ഇത്തരം കാര്യങ്ങള്‍ പൊതുവാണോ? എങ്കില്‍ത്തന്നെ ഭാര്യയുടെ അടുത്തു പറയേണ്ട വിശേഷങ്ങളാണോ?" – ട്രീസയ്ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എന്നാല്‍പ്പിന്നെ നീ ഞാന്‍ ഏതൊക്കെ കാര്യങ്ങള്‍ ചോദിക്കണം, ചോദിക്കണ്ടാ എന്നെഴുതിത്താ. അതുപോലെ ചെയ്യാം" – അതു കേട്ടപ്പോള്‍ പീറ്ററിനും ദേഷ്യം വന്നു.

"അന്വേഷിച്ചും പറഞ്ഞും വിവാഹം കഴിച്ചുകഴിഞ്ഞിട്ട് അവിടേം ഇവിടേം കൊള്ളുന്ന വര്‍ത്തമാനം പൊതുവര്‍ത്തമാനമാണെന്നു പറഞ്ഞ് അവതരിപ്പിക്കരുത് ഇച്ചായാ…" – ട്രീസ ഒള്ളതു തുറന്നു പറഞ്ഞു.

"അതാ ഞാന്‍ ചോദിച്ചത്… അവിടേം ഇവിടേം കൊള്ളണതെന്തിനാന്നാ…? പിന്നെ അന്വേഷിച്ചു കല്യാ ണം ഉറപ്പിക്കല്. അതിനെക്കുറിച്ചു നിനക്കറിയത്തില്യോ ട്രീസാ…?"

"എന്ത്…?"

"മാന്യന്മാരാ അന്വേഷിക്കുന്നതെങ്കില്‍ അവര്‍ ചോദിക്കുന്നതും പറയുന്നതുമൊക്ക ആരോടായിരിക്കും; മാന്യന്മാരോടായിരിക്കും. ഒരു കല്യാണക്കാര്യമാണെന്നറിഞ്ഞാല്‍ മാന്യന്മാരാരെങ്കിലും അതു കലക്കും മട്ടില്‍ എന്തെങ്കിലും പറയുമോ?"

പീറ്റര്‍ ഒന്നു നിര്‍ത്തി; പിന്നെ തുടര്‍ന്നു: "അവര്‍ നല്ലതേ പറയൂ. അല്ലെങ്കില്‍ കാര്യമായിട്ടൊന്നും അറിയത്തില്ല എന്നു പറഞ്ഞൊഴിയും. അലവലാതികളാണ് അന്വേഷിക്കാന്‍ പോകുന്നതെങ്കില്‍ അവര്‍ അലവലാതികളോടേ തിരക്കൂ. അലവലാതികള്‍ ആരെക്കുറിച്ചെങ്കിലും നല്ലതു പറയ്വോ… അതു വിശ്വസിക്കാനാക്വോ?"

"സത്യം പറഞ്ഞാല്‍ ഈ തിരക്കുന്ന കാര്യം അത്ര ശരിയായിരിക്കില്ല എന്ന്."

"അതുതന്നെ."

"അപ്പോ പിന്നെ… കെട്ടുന്ന പെണ്ണിനേം ചെറുക്കനേം വിശ്വസിക്കുക; അത്രതന്നെ" – ട്രീസ തീര്‍ത്തു പറഞ്ഞു.

"ങാ… അതാണല്ലോ ചെയ്തുവരുന്നതും."

"എന്നെക്കുറിച്ച് എന്തെങ്കിലും അറിയണോന്നുണ്ടെങ്കില്‍ ഇച്ചായനു ധൈര്യമായും ചോദിക്കാം. ഞാന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സത്യമായിത്തന്നെ മറുപടി പറയ്വേം ചെയ്യും. അല്ലാതെ കണ്ട കാര്യങ്ങള്‍… കേട്ട കാര്യങ്ങള്‍ ഇതൊക്കെ വെറുതെ പറഞ്ഞു പാമ്പും ഏണീം കളിച്ചിട്ടെന്താ കാര്യം?"

പീറ്റര്‍ മറുപടി പറഞ്ഞില്ല.

ട്രീസ തിരിഞ്ഞു കിടന്നു.

പീറ്ററില്‍ നിന്നു രണ്ടുമൂന്നു ചുടു നെടുവീര്‍പ്പുകള്‍ ഉതിരുന്നതു കേട്ടു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു കാര്യം വ്യക്തമായി. പീറ്റര്‍ സംശയരോഗത്തിലാണ്. എന്തൊക്കെയോ കോംപ്ലക്സുകള്‍ അയാളെ ഭരിക്കുന്നുണ്ട്.

തത്കാലം വിദേശത്തല്ലേ ജോലി. അതുകൊണ്ടാകാം അവിടെയുള്ള സഹപ്രവര്‍ത്തകരും മറ്റും ഓരോന്നു പറഞ്ഞുകേട്ടതിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിച്ചു കൂട്ടുന്നതാകും; സമാധാനിക്കാന്‍ ശ്രമിച്ചു.

പക്ഷേ-

പുറമേയ്ക്കോ? പീറ്റര്‍ മാന്യനായിരുന്നു. തന്നെ സ്നേഹിക്കുന്നവന്‍. ആവശ്യപ്പെടുന്നതു വാങ്ങിത്തരുന്നവന്‍. അമ്മ പറയുമ്പോഴൊക്കെ തന്നെയുംകൂട്ടി ഔട്ടിങ്ങിനു പോകുന്നയാള്‍.

ദ്വന്ദവ്യക്തിത്വം.

അധികം കൂട്ടുകാരില്ല പീറ്ററിന്. അടുത്ത സുഹൃത്ത് എന്നറിയപ്പെടുന്നതു മാനുവല്‍! നല്ല മനുഷ്യന്‍, വിദ്യാസമ്പന്നന്‍, ഉദ്യോഗസ്ഥന്‍, മാന്യന്‍.

ഈ സൗഹൃദംകൊണ്ടു പീറ്ററിനു മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലേ? പലപ്പോഴും ആലോചിച്ചുപോകാറുണ്ട്.

ലീവ് കഴിഞ്ഞു തിരിച്ചുപോകാന്‍ തുടങ്ങിയപ്പോഴാണു പീറ്ററിന്‍റെ വെപ്രാളം വെളിവായിത്തുടങ്ങിയത്.

തലേരാത്രി-

വിശുദ്ധ വേദപുസ്തകം എടുത്തു തന്നിട്ടു പറഞ്ഞു: "നീ ഇതില്‍ത്തൊട്ടു സത്യം ചെയ്യണം, ഞാന്‍ വരുവോളം നീ പരിശുദ്ധ തന്നെയായിരിക്കും എന്ന്."

വേദപുസ്തകം തൊട്ടു സത്യം ചെയ്തു: "ഈ ജന്മം മുഴുവനും ഞാന്‍ പരിശുദ്ധതന്നെയായിരിക്കും." പിന്നെ, ഗദ്ഗദത്തോടെ പീറ്ററിന്‍റെ മാറിലേക്കു ചാഞ്ഞു. "ഇച്ചായാ… ഞാന്‍ ഇച്ചായന്‍റെ മാത്രമായിരിക്കും."

ആ വിരലുകള്‍കൊണ്ടു തലയില്‍ ഒരു തലോടല്‍… ഒരു സ്നേഹവചനം… ഒക്കെ പ്രതീക്ഷിച്ചു.

പക്ഷേ,

ഉണ്ടായതു മറ്റൊന്നായിരുന്നു. മാറില്‍ നിന്നു തള്ളിമാറ്റിക്കൊണ്ടു പറഞ്ഞു: "ഇങ്ങനെതന്നാ എല്ലാ പെണ്ണുങ്ങളും പറയാറ്. പറയുന്നതല്ലല്ലോ പ്രവൃത്തി."

ഇച്ചായന് ഇങ്ങനെ ഏതൊക്കെ പെണ്ണുങ്ങളെ അറിയാം എന്നു ചോദിക്കണമെന്നുണ്ടായിരുന്നു; ചോദിച്ചില്ല. യാത്രയ്ക്കു തലേന്ന് ഒരു വാഗ്വാദത്തിനു വഴിമരുന്നിടരുതല്ലോ.

ആരോടു പറയാന്‍! എല്ലാം ഒതുക്കുകയായിരുന്നു അല്ലെങ്കില്‍ത്തന്നെ എന്ത് ആളുകളോടു പറയും.

എല്ലാറ്റിന്‍റെയും വഴിയും ജീവനുമായ കര്‍ത്താവു തന്നെ ഇതിനു വഴിയുണ്ടാക്കും; മനസ്സുറച്ചു വിശ്വസിച്ചു.

ചായ കഴിച്ചെഴുന്നേറ്റ പാടെ ഏലിയാമ്മ ചേടത്തി പറഞ്ഞു: "ഇനി ഞാന്‍ ട്രീസാമോളുടെ കുഞ്ഞിനെ കാണട്ടെ."

"പീറ്ററിന്‍റെ കുഞ്ഞുംകൂടിയാ അത്; ട്രീസാമോളുടെ മാത്രമല്ല"- ഒരു തമാശ പറഞ്ഞു നെല്‍സണ്‍.

"അമ്മച്ചി എന്നു പറയുന്നതു യാഥാര്‍ത്ഥ്യം. അപ്പച്ചന്‍ എന്നു പറയുന്നത് ഒരു വിശ്വാസം… അങ്ങനാ ലോകന്യായം."

ഏലിച്ചേടത്തി ഒരു പണ്ഡിതയെപ്പോലെ പറഞ്ഞ് എല്ലാവരെയും നോക്കി.

അതുകേട്ട് നെല്‍സണും നീനയും പരസ്പരം നോക്കുന്നതു പീറ്ററും പീറ്ററിന്‍റെ അമ്മച്ചിയും ശ്രദ്ധിച്ചു.

ഏലിച്ചേടത്തി കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കി. ആ നോട്ടത്തില്‍ അത്ര നിഷ്കളങ്കതയായിരുന്നില്ല. മറ്റു പലതുമായിരുന്നെന്നു ട്രീസയ്ക്കു തോന്നി.

കുഞ്ഞിനെ കണ്ട് തിരിച്ചെത്തി ഏലിച്ചേടത്തി അഭിപ്രായം പറഞ്ഞു: "നല്ല കുഞ്ഞ്… ട്രീസമോള് ഭാഗ്യമുള്ളോളാ."

എല്ലാവരും അത് ആസ്വദിച്ചു.

"അല്ലേലും പീറ്ററുമോനെപ്പോലുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യംകൊണ്ടല്ലേ. അത്രേം വലിയ ഭാഗ്യം എന്താ വേണ്ടേ അല്ലേ ആനിയമ്മേ…"

ഏലിച്ചേടത്തി എന്തര്‍ത്ഥം വച്ചാണു പറയുന്നതെന്നറിയാതെ ആനിയമ്മ ഒന്നമ്പരന്നു.

"ഇത്രേം സുന്ദരിയായ ട്രീസാമ്മ പീറ്ററിന്‍റേം ഭാഗ്യംതന്നാ…"

പീറ്ററിന്‍റെ അമ്മ കാര്യങ്ങള്‍ ഒന്നു ബാലന്‍സ് ചെയ്തു.

"അതു ശരിയല്ല… പിന്നെ സൗന്ദര്യം എന്നതൊക്കെ ജീവിതത്തിലും മനസ്സിലുമാ വേണ്ടത്… അതാ വലുത്. എത്ര സുന്ദരികൊച്ചുങ്ങളെ ഈ ഏലിചേടത്തി കണ്ടിട്ടുണ്ടുള്ളതാണെന്നറിയോ. പക്ഷേ, അവറ്റകളുടെയൊക്കെ ജീവിതോം പ്രവൃത്തീം അന്വേഷിച്ചാലുണ്ടല്ലോ… ഹൊ… പറയാന്‍ മേലാ…"

"ങും…"

ജോര്‍ജുകുട്ടി ഒന്നു മൂളി. ഏലിയാമ്മയെ തറപ്പിച്ചു നോക്കി. ഈ മാരണത്തിനെ ഇങ്ങോട്ടു കെട്ടിയെടുത്തല്ലോ എന്നു മനസ്സില്‍ പറഞ്ഞുപോയി.

"കൊച്ചിന്‍റെ രൂപം… ഛായ…"- അതും പറഞ്ഞ് ഒന്നാലോചിക്കുന്നതായി ഏലിയേടത്തി നടിച്ചു.

പിന്നെ ഇടതു കയ്യിന്‍റെ ചൂണ്ടു വിരല്‍ താടിയില്‍ തൊട്ടു പറഞ്ഞു: "ഒരു പിടീം കിട്ടണില്ല…"

"ഈ മൂന്നാലു ദിവസംകൊണ്ടു ഛായ തിരിയ്വോ ഏലിച്ചേടത്തി… ഇതു പണ്ടാരാണ്ടു പറഞ്ഞപോലെയായി" – ആനിയമ്മ പറഞ്ഞു.

"അല്ല… എന്നാലും ഒരിതൊക്കെ തോന്നേണ്ടതല്ലേ? എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടണില്ല."

"അല്ലേലും ജനിക്കുന്ന കുട്ടികളൊക്കെ ഉണ്ണിയേശൂനെപ്പോലെയല്ലേ" – ആഗ്നസ്സ് പറഞ്ഞു.

എന്താ-

പ്രസവിക്കാത്ത നിനക്കറിയ്വോ എന്ന ഭാവത്തില്‍ ഏലിച്ചേടത്തി ആഗ്നസ്സിനെ സൂക്ഷം നോക്കി.

ആഗ്നസ്സ് നോട്ടം കണ്ടു തലതിരിച്ചു.

"അല്ല… കുഞ്ഞിനെ കണ്ടിട്ട്  ഇവിടുള്ള ആരുടേം ഛായ തോന്നണില്ല കെട്ടോ…" – ഏലിചേടത്തി വീണ്ടും പറഞ്ഞു.

പീറ്ററിന്‍റെ മുഖം ചുമന്നു. മൂക്ക് വിയര്‍ത്തു. വര്‍ത്തമാനശകലങ്ങള്‍ അല്പാല്പമായി മുറിയില്‍ കേട്ടുകിടന്നിരുന്ന ട്രീസയുടെ നെഞ്ചിലേക്ക് ഒരു തീപ്പൊരി വീണു.

"ചേടത്തി കുറച്ചു ദിവസം കഴിഞ്ഞു വന്നു കാണ്; അപ്പോ ഛായയൊക്കെ തിരിച്ചറിയാം" – തോമസ് ലഘൂകരിച്ചു.

"കണ്ടു പരിചയമുള്ളവരുടെ മുഖഛായയാണെങ്കില്‍ ഈ ചേടത്തിക്കു കുറച്ചു ദിവസൊന്നും വേണ്ട."

ചേടത്തിയുടെ വാക്കുകളില്‍ ട്രീസയുടെ നെഞ്ചിലെ തീപ്പൊരി ഒന്നുകൂടി മിന്നി പടര്‍ന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org