തീരാമഴ – അധ്യായം 20

തീരാമഴ – അധ്യായം 20

വെണ്ണല മോഹന്‍

കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ത്തന്നെയായി.

ഡിഎന്‍എ ടെസ്റ്റ് നടന്നു. റിസല്‍ട്ടിനായി കാത്തിരുപ്പ്. പീറ്ററിനും ട്രീസയ്ക്കും ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി.

ഇരുവരുടെയും അഭിമാനപ്രശ്നം. അതിലേറെ കുടുംബക്കാരുടെ സല്‍പ്പേരിന്‍റെ കാര്യം. ആശങ്ക പലപ്പോഴും പീറ്ററിനായിരുന്നു. അയാള്‍ ജോലിക്കു പോയിരുന്നെങ്കിലും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ. ജോലി കഴിഞ്ഞാല്‍ ഉടനെ വീട്ടിലെത്തുന്ന പതിവ് മാറി. അലഞ്ഞുതിരിഞ്ഞു നടക്കല്‍. രാത്രി വൈകിയാണു വീട്ടിലെത്തുക. അമ്മച്ചി വേദപുസ്തകത്തില്‍ മുഖം പൂഴ്ത്തി യിരിക്കുമ്പോള്‍ മാര്‍ജ്ജാരപാദത്തോടെ അയാള്‍ അകത്തു കയറും.

അമ്മച്ചിയെപ്പോലും അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥ. പരിചയക്കാരുടെ അടുത്താണെങ്കില്‍ പറയാനേ ഇല്ല.

"നീ എന്താ ഇങ്ങനെ കള്ളനെപ്പോലെ? നിന്‍റെ മനസ്സില്‍ വല്ല കുറ്റബോധവുമുണ്ടോ…?" – ഒരിക്കല്‍ അമ്മച്ചി ചോദിച്ചു.

"എനിക്കെന്തിനു കുറ്റബോധം…" – തിരിച്ചുചോദിച്ച് അമ്മച്ചിയുടെ ചോദ്യത്തിന്‍റെ മുനയൊടിച്ചു.

"അല്ല; നിന്‍റെ ഈ പമ്മിപ്പമ്മിയുള്ള നടപ്പ് കണ്ടിട്ട് അറിയാന്‍ മേലാഞ്ഞു ചോദിച്ചുപോയതാ…"

"വിശക്കുന്നു… ചോറെടുക്ക് അമ്മച്ചി…"

പീറ്റര്‍ സംസാരം തുടരാതിരിക്കാന്‍ ശ്രദ്ധിച്ചു.

"ങും…" ഒന്നിരുത്തി മൂളിക്കൊണ്ട് അമ്മച്ചി അടുക്കളയിലേക്കു പോയി.

വിശന്നിട്ടൊന്നുമായിരുന്നില്ല. അമ്മച്ചിയെ സംസാരത്തില്‍ നിന്നു പിന്തിരിപ്പിച്ചില്ലെങ്കില്‍ പിന്നെ എവിടേക്കൊക്കെയാണ് അതു കടന്നുകയറുക എന്നറിയില്ല.

ഭക്ഷണം വിളമ്പിവച്ചപ്പോള്‍ കഴിക്കാന്‍ ഒരു മൂഡുമില്ലായിരുന്നു പീറ്ററിന്.

അതു ശ്രദ്ധിച്ച അമ്മച്ചി ചോദിച്ചു: "അല്ല; വിശപ്പെന്നു പറഞ്ഞിട്ടിപ്പം ഒന്നും വേണ്ടായോ… നീയെന്നാ ചോറുംവച്ച് സ്വപ്നം കാണുവാണോ…?"

"ഓ… നല്ല മൂഡ് തോന്നുന്നില്ല…" – ഒരു ദീര്‍ഘശ്വാസത്തോടെ പീറ്റര്‍ പറഞ്ഞു.

"തോന്നത്തില്ല; തോന്നണേല്‍ തെളിഞ്ഞ മനസ്സ് വേണം… അതല്ലല്ലോ…"

പിന്നെയും ഉപമയും പുരാണങ്ങളും അമ്മച്ചി നിരത്താനുള്ള ശ്രമമാണെന്നു കണ്ടപ്പോള്‍ കുറച്ചു വലിച്ചുവാരി കഴിച്ചശേഷം എഴുന്നേറ്റു കൈകഴുകി.

പ്രാര്‍ത്ഥനയ്ക്കൊന്നും നിന്നില്ല. അകത്തു കയറി വാതില്‍ കുറ്റിയിട്ടു കിടക്കുമ്പോള്‍ പുറത്ത് അമ്മച്ചി പറയുന്നതു കേട്ടു: "അല്ല; ഇവന്‍ എന്തിനുള്ള പുറപ്പാടാണാവോ ഈശോയെ…"

ഒടുവില്‍ കാത്തിരുന്ന ദിവസത്തിന്‍ ഒരു നാള്‍കൂടി. "റിസല്‍ട്ട് വരുമ്പോള്‍ നിനക്കെതിരാണെങ്കില്‍ നീ എന്നാ ചെയ്യും?"-അമ്മച്ചി ചോദിച്ചു.

നെഞ്ചില്‍ കത്തിയിരുന്ന തീ ഒന്നുകൂടി ആളി. പിന്നെ പീറ്റര്‍ പറഞ്ഞു: "അവരെന്നാ ചെയ്യുമെന്ന് ആലോചിക്ക്."

"അവരെന്തു ചെയ്യണമെന്ന് അവര്‍ ആലോചിക്കട്ടെ. നീ എന്തു ചെയ്യും എന്നതാണ് എനിക്കറിയേണ്ടത്."

"അത് അപ്പോഴല്ലേ. അപ്പോള്‍ നമുക്കു ചിന്തിക്കാം" പീറ്റര്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചു.

"അപ്പോഴെന്നു പറയാന്‍ നാളെയാണു ദിവസം."

പീറ്റര്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ത്തന്നെ എന്തു പറയാന്‍!?

ഇതിനൊരു ഉത്തരം സ്വയം ആലോചിച്ചു കണ്ടെത്താന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. പിന്നെയാണ് ഇപ്പോള്‍ അമ്മച്ചിയുടെ അടുത്ത് ഒരു ഉത്തരം പറയുന്നത്!?

ആ ദിവസവും വന്നു! കാത്തിരുന്ന ദിവസം. ട്രീസ ആഗ്രഹിച്ചിരുന്ന ദിവസം. തന്‍റെ പരിശുദ്ധി ഉറക്കെ പ്രഖ്യാപിക്കാന്‍ ഒരു നാള്‍.

വിധി വന്നു!!

വായിച്ചറിഞ്ഞ് ആ നിമിഷം ചങ്കുവേദനയോടെ തോമസ് വീണു.

തോമസിനെയുംകൊണ്ട് ആംബുലന്‍സ് ആശുപത്രിയിലേക്കു പാഞ്ഞു.

നവീന്‍റെ പിതാവ് പീറ്ററല്ല!!!

ട്രീസ അര്‍ദ്ധപ്രജ്ഞയായി ഇരുന്നുപോയി.

"എടീ… നീ ഈ വീടിന്‍റെ മാനം കളഞ്ഞല്ലോടീ…"- ആനിയമ്മ ആര്‍ത്തലച്ചു. ജോര്‍ജുകുട്ടി വാക്കത്തിയെടുത്തു.

"ഇനി ഇവളെ കൊന്നു കുഴിച്ചുമൂടുകയാ വേണ്ടത്."

ആനിയമ്മ ജോര്‍ജുകുട്ടിയില്‍ നിന്നും വാക്കത്തി പിടിച്ചുവാങ്ങി.

"ഒരുത്തി പെഴയായി. നീ ഇനി കൊലപാതകികൂടിയാകണോ?"

നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ തോമസിനെ ഐസിയുവില്‍ കയറ്റി; അറ്റാക്ക്.

"ഫസ്റ്റ് അറ്റാക്കാ… നിങ്ങള്‍ പ്രാര്‍ത്ഥിക്ക്" – ഡോക്ടര്‍ ആനിയമ്മയോടും ജോര്‍ജുകുട്ടിയോടും ആഗ്നസിനോടും പറഞ്ഞു.

ആശുപത്രിയിലേക്കു ട്രീസയെ കൊണ്ടുപോയില്ല.

"ഞാനും വരുന്നു…" എന്നവള്‍ പറഞ്ഞതാണ്.

"എന്തിന്? പകുതി പ്രാണനായ അതിയാനെ കൊല്ലാനോ… മരിച്ചാപ്പോലും ഒരുപിടി മണ്ണ് ഞാന്‍ നിന്നെക്കൊണ്ട് ഇടീക്കത്തില്ല. അങ്ങനിട്ടാലേ ആ ആത്മാവിനു ഗതി കിട്ടത്തില്ല" – ആനിയമ്മ ചീറി.

ട്രീസയ്ക്കു കരയാന്‍ ഒരു തുള്ളി കണ്ണീര്‍പോലും ഉണ്ടായിരുന്നില്ല. എന്നേ അതെല്ലാം അവള്‍ കരഞ്ഞു തീര്‍ത്തുകഴിഞ്ഞിരുന്നു!

എങ്ങനെ ഇങ്ങനൊരു റിസല്‍ട്ട് വന്നു! എത്ര ആലോചിച്ചിട്ടും അവള്‍ക്ക് ഒരു പിടിയും കിട്ടിയില്ല.

"ഇതിലെന്തോ ചതിയുണ്ട്" – ട്രീസ പറഞ്ഞു.

"മിണ്ടിപ്പോകരുത്"- ജോര്‍ജുകുട്ടിയുടെ കണ്ണുകളും ചുവന്നു.

എല്ലാവരും ആശുപത്രിയിലാണ്. ട്രീസയും നവീനും മാത്രം വീട്ടില്‍. അവള്‍ നിഷ്കളങ്കമായി ഉറങ്ങി കിടക്കുന്ന നവീന്‍റെ മുഖത്തേയ്ക്കു നോക്കി.

ഇവിടെ ഇപ്പോള്‍ ആരുമില്ല; താനും കുഞ്ഞും മാത്രം.

ഇന്നലെ വരെ പീറ്ററിനു മാത്രമായിരുന്നു കുഞ്ഞിനോട് ഒരുകല്‍ച്ച എങ്കില്‍ ഇനി മുതല്‍ എല്ലാവരും കുഞ്ഞിനെ ജാരസന്തതിയായേ കാണൂ. അവനു വേണ്ട പാല്‍പ്പൊടിപോലും ആരെങ്കിലും വാങ്ങിത്തരുമോ? കൈ നീട്ടി വാങ്ങിയാല്‍ത്തന്നെ ഭിക്ഷപോലെയല്ലേ? തന്‍റെ ജീവിതമോ?

ഇത്രയും കാലം ഇങ്ങനൊരു കാര്യം കെട്ടുകഥ എന്നു പറഞ്ഞൊഴിയാമായിരുന്നു. ഇപ്പോഴത് ആധുനികശാസ്ത്രത്തിന്‍റെ പിന്‍ബലമുള്ള തെളിവാണ്.

ട്രീസ ഒരു മെഴുകുതിരിയെടുത്തു കത്തിച്ചു മാതാവിന്‍റെ രൂപക്കൂടിനു മുന്നില്‍ വന്നു നിന്നു.

ഉള്ളം കയ്യിലേക്കു മെഴുക് ഇറ്റിച്ചു. പിന്നെ കയ്യില്‍ത്തന്നെ തിരിപിടിച്ചു നിന്നു കത്തിച്ചു. മെഴുകുതിരിയേക്കാള്‍ അവളുടെ മനസ്സ് ഉരുകിക്കൊണ്ടിരുന്നു. ഉള്ളം കൈ പൊള്ളിയത് ട്രീസ അറിഞ്ഞതേയില്ല.

ആശുപത്രിയില്‍,

തേങ്ങലടക്കിപ്പിടിച്ച് ആനിയമ്മ നിന്നു. ഉത്കണ്ഠയുടെ പെരുമ്പറനാദവുമായി ജോര്‍ജുകുട്ടി. എന്തൊക്കെയോ വ്യവഛേദിക്കാനറിയാത്ത വികാരവും ചില തീരുമാനങ്ങളുടെ വഴിമരുന്നുമായി ആഗ്നസ് നിന്നു.

ഐസിയുവില്‍ നിന്നും ഇറങ്ങുന്ന ഡോക്ടര്‍മാരുടെ മുന്നില്‍ കൈകൂപ്പി ചോദിച്ചു: "ഡോക്ടര്‍, എങ്ങനെ…?"

"ഒന്നും പറയാറായിട്ടില്ല. വേണ്ടതു ചെയ്യുന്നുണ്ട്. ഫലം തരേണ്ടതു തമ്പുരാനല്ലേ. പ്രാര്‍ത്ഥിക്ക്… മുട്ടിപ്പായി പ്രാര്‍ത്ഥിക്ക്."

കര്‍ത്താവിനെ വിളിച്ചു കേഴുകയായിരുന്നു അവര്‍.

ഇടയ്ക്ക് ചില ഇടവേളകളില്‍ മാത്രം അവര്‍ ട്രീസയെക്കുറിച്ച് ആലോചിച്ചു.

എന്നാലും അവള്‍ ഈ ചതി ചെയ്തല്ലോ; ഒരിക്കലും വിശ്വാസിക്കാനാവുന്നില്ല.

പക്ഷേ, അവള്‍ക്കു വിശ്വാസമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ടെസ്റ്റിന് അവള്‍ സമ്മതിക്കുമായിരുന്നോ. ഈ ടെസ്റ്റിന്‍റെ കാര്യം പറഞ്ഞപ്പോഴേ സമ്മതിച്ചു സന്തോഷംകൊണ്ടവളാണു ട്രീസ. അപ്പോള്‍… ആലോചിക്കുന്തോറും ഒരെത്തും പിടിയും കിട്ടുന്നില്ല.

രാത്രിയാകാറായപ്പോഴേക്കും ഡോക്ടര്‍ ജോര്‍ജുകുട്ടിയെ വിളിപ്പിച്ചു.

"എങ്ങനെ?"

"ഡോണ്ട് വറി. അപകടനില തരണം ചെയ്തുകഴിഞ്ഞു. പെട്ടെന്നുണ്ടായ ഷോക്കാ… ഏതായാലും ഇനി ഭയക്കാനില്ലെന്നു വിശ്വസിക്കാം."

ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഉയര്‍ന്നു.

ജോര്‍ജുകുട്ടി പറഞ്ഞു: "അമ്മച്ചി… ആഗ്നസേ… എന്തെങ്കിലും കഴിക്കാം ഇനി."

അവരും അപ്പോഴേ വിശപ്പിന്‍റെ കാര്യം ആലോചിച്ചുള്ളൂ.

"ഇതു പണ്ടാരാണ്ടും പറഞ്ഞപോലായി. എന്തേലും ഇച്ചിരി വെള്ളം കഴിക്കാം. അല്ലാതെ ഒന്നും തൊണ്ടേന്ന് എറങ്ങുകേല…" – ആനിയമ്മ പറഞ്ഞു.

എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരുന്നു.

ആശുപത്രി കാന്‍റീനിലേക്കു തന്നെ പോയി. ചായയും വടയും മാത്രം!

ചായ കുടിക്കുന്നതിനിടയില്‍ ആഗ്നസ് പറഞ്ഞു: "ഞാന്‍ വീട്ടിലോട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്. അവിടുന്ന് ആരെങ്കിലുമൊക്കെ വരുമായിരിക്കും."

"ഇപ്പോ വേണ്ടിയിരുന്നില്ല…"- എന്തോ ആലോചിച്ചുകൊണ്ട് ആനിയമ്മ പറഞ്ഞു.

"അതെന്താ അമ്മച്ചി അങ്ങനെ? അപ്പച്ചനിങ്ങനെ സീരിയസ് അസുഖം വരുമ്പം അവരെയല്ലേ ആദ്യം അറിയിക്കേണ്ടത്?"- ആഗ്നസ് ചോദിച്ചു.

അതിനു മറുപടി പറയാതെ അമ്മച്ചി എന്തോ ആലോചിച്ചിരുന്നു.

ചായയും കഴിച്ചു തിരിച്ചുപോകും വഴി ആഗ്നസ് കാണാതെ കണ്ണു കാണിച്ച് അമ്മച്ചി ജോര്‍ജു കുട്ടിയെ വിളിച്ചു.

അവള്‍ നീങ്ങിക്കഴിഞ്ഞപ്പോള്‍ ജോര്‍ജുകുട്ടി അമ്മച്ചിയുടെ അടുത്തേയ്ക്ക് എത്തി.

"എന്നാ… എന്നമ്മച്ചി പ്രശ്നം?" – ഒന്നും മനസ്സിലാകാതെ ജോര്‍ജുകുട്ടി ചോദിച്ചു.

"എടാ… അവള്‍ വീട്ടലറിയിച്ചു എന്നു പറഞ്ഞതു നീ കേട്ടില്ലേ?"- ആനിയമ്മ ചോദിച്ചു.

"ങാ… അറിയിക്കേണ്ടതല്ലേ നമ്മുടെ ബന്ധുക്കാരല്ലേ… നാളെ ഒരു ചോദ്യത്തിനും ഉത്തരത്തിനും ഇടയാവരുതല്ലോ…"

"അതൊക്കെ ശരി… പക്ഷേ, നീ പണ്ടാരാണ്ടും പറഞ്ഞതുപോലെ ഇത്ര മണ്ടനായിപ്പോകരുത്."

"എന്നുവച്ചാ… ഉള്ളത് തുറന്നുപറയ് അമ്മച്ചി. എനിക്കൊന്നും മനസ്സിലാവണില്ല."

"കര്‍ത്താവിന്‍റെ കൃപകൊണ്ട് അപ്പച്ചന് അസുഖം മാറി പോരാന്‍ പറ്റും. അപ്പം സൂചിപ്പിച്ചാ പോരായിരുന്നോ ഇങ്ങനൊന്നുണ്ടായീന്ന്… അല്ലെങ്കിലേ അവരു വരുമ്പം ഇതിനുള്ള കാരണം തേടാതിരിക്കുമോ?"

അപ്പോഴാണ് ജോര്‍ജുകുട്ടിക്കു കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായത്.

"എന്തോ പറയും… നീ തന്നെ പറ" – ആനിയമ്മ ചോദിച്ചു.

ഒന്നാലോചിച്ചിട്ടു ജോര്‍ജുകുട്ടി പറഞ്ഞു: "പെട്ടെന്ന് അങ്ങനൊന്നുണ്ടായീന്നു പറയാം."

"നല്ല ശേലായിപ്പോയി ആഗ്നസ് രഹസ്യമായിട്ടാണെങ്കില്‍പ്പോലും കാര്യം പറയാതിരിക്കുമോ?"

അതും ശരിയാണ്. പക്ഷേ…

"എന്നായാലും അവര്‍ ഇത് അറിയാതിരിക്കുമോ?"

"എന്നെങ്കിലും അറിയുന്നതുപോലെയാണോ ഇപ്പോള്‍ ഇത് അറിയുന്നത്? നീ ഒന്ന് ആലോചിച്ചു പറഞ്ഞേ?"

ജോര്‍ജുകുട്ടിക്ക് ഒന്നും ആലോചിക്കാനായില്ല. അതുകൊണ്ടുതന്നെ അവന്‍ മൗനമായി നിന്നു.

"അവള്… അവളൊരുത്തി എല്ലാം വരുത്തിവച്ചില്ലേ…" – ജോര്‍ജുകുട്ടി പിറുപിറുത്തു.

ട്രീസയെക്കുറിച്ചു തനിക്ക് അഭിമാനമായിരുന്നു. ഇങ്ങനൊരു സഹോദരി തന്‍റെ എല്ലാമായിരുന്നു. അവള്‍ക്കുവേണ്ടി മരിക്കാന്‍പോലും താന്‍ ഒരുക്കമായിരുന്നു.

പക്ഷേ, ഇപ്പോഴോ…?

ഒരു കുടുംബത്തിന്‍റെ വിശുദ്ധ പാരമ്പര്യം തന്നെ കെടുത്തിക്കളഞ്ഞവള്‍. അവള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറായ താന്‍ ഇപ്പോഴും മരിക്കാന്‍ തയ്യാറാണ്. അവള്‍ക്കുവേണ്ടിയല്ല; ഈ മാനക്കേടില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി. അവള്‍ തന്‍റെ അഭിമാനമല്ല; ഇപ്പോള്‍ അപമാനമാണ്.

"വെറുതെ നീ കുന്തം വിഴുങ്ങിയപോലെ നിന്നിട്ടു കാര്യമില്ല. അവളുടെ വീട്ടുകാര്‍ ഇപ്പോഴിങ്ങെത്തും" – ആനിയമ്മ പറഞ്ഞു.

"അതുകൊണ്ട്…?"

"തത്കാലം കാര്യം പറയരുതെന്ന് നീ അവളോടു പറഞ്ഞുറപ്പിക്ക്. ഇതു പണ്ടാരാണ്ടും പറഞ്ഞതുപോലെ വൈകിച്ചാ നടക്കത്തില്ല കേട്ടോ."

"ങും… ശരിയാ…"

ധൃതിപിടിച്ചു ജോര്‍ജുകുട്ടി ആഗ്നസിന്‍റെ അടുത്തേയ്ക്കു പോയി.

വളച്ചുകെട്ടില്ലാതെ തന്നെ ജോര്‍ജുകുട്ടി അവളോടു പറഞ്ഞു: "നിന്നോടു ഞാനൊരു കാര്യം ആവശ്യപ്പെടുകയാണ്."

അവള്‍ ജോര്‍ജുകുട്ടിയുടെ മുഖത്തേയ്ക്കു ചോദ്യഭാവത്തില്‍ നോക്കി.

"വീട്ടുകാര്‍ വന്നാല്‍ അപ്പച്ചനിങ്ങനെ വരാനുണ്ടായ കാരണം നീ ഇപ്പോള്‍ പറയാന്‍ നിക്കണ്ട. അങ്ങനെ പെട്ടെന്നു വന്നു എന്നു മാത്രം പറഞ്ഞല്‍ മതി."

"ങും അതെന്താ…?"

അവള്‍ക്കത് അത്ര ഇഷ്ടപ്പെട്ടില്ല.

"അത്… അതു തന്നെ… പറഞ്ഞത് അനുസരിച്ചാല്‍ മതി" – ജോര്‍ജുകുട്ടിക്കു ദേഷ്യം വന്നു.

"ഇക്കാര്യത്തില്‍ എനിക്കിച്ചിരി പ്രയാസമുണ്ട് അനുസരിക്കാന്‍" – ആഗ്നസ് എടുത്തടിച്ചപോലെ പറഞ്ഞു.

"അതെന്താ ഇപ്പോള്‍ അങ്ങനൊരു പ്രയാസം?" – ജോര്‍ജുകുട്ടി ദേഷ്യത്തോടെ ചോദിച്ചു.

"നിങ്ങക്ക് അന്യരെപ്പോലായിരിക്കും. എനിക്കെന്‍റെ വീട്ടുകാര്‍ സ്വന്തം തന്നാ. അവരും എല്ലാം അറിയണ്ടവരാ… ഒളിച്ചുവച്ചിട്ടൊരു കാര്യവുമില്ല. നാട്ടുകാര്‍ പറഞ്ഞല്ല അറിയേണ്ടത്. അതു നമ്മള് പറഞ്ഞിട്ടാകണം."

"അതിനെല്ലാം സമയമുണ്ട്" – ജോര്‍ജുകുട്ടി പറഞ്ഞു.

"അതു പറയാന്‍ ഇതാ സമയം എന്നാ ഞാന്‍ കരുതുന്നത്."

അവള്‍ ഒട്ടും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നു ജോര്‍ജുകുട്ടിക്കു മനസ്സിലായി. എന്തോ തീരുമാനിച്ചവള്‍ മനസ്സില്‍ വച്ചിട്ടുണ്ടെന്നു തോന്നി. എന്തിന്‍റെയോ പുറപ്പാടാണ്.

പഴയതുപോലല്ല ഇപ്പോള്‍ തന്‍റെ കുടുംബത്തിനാണ് ഏനക്കേട് പറ്റിയിരിക്കുന്നത്. എല്ലാംകൊണ്ട് ഇടിവ് ഇവിടെയാണ്. ഇനി ഇവളോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

തീരുമാനിച്ചത് അവള്‍ ചെയ്യട്ടെ; കര്‍ത്താവെന്താ വിധിച്ചതെന്ന് വച്ചാ നടക്കട്ടെ.

പിന്നീടൊന്നും ജോര്‍ജുകുട്ടി പറയാന്‍ നിന്നില്ല. പറഞ്ഞാല്‍ ചിലതു പറയാനായി അവള്‍ കരുതിവച്ചിട്ടുമുണ്ടായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org