Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 22

തീരാമഴ – അധ്യായം 22

Sathyadeepam

വെണ്ണല മോഹന്‍

ആഗ്നസ്സിന്‍റെ ഫോണ്‍ നമ്പററിയാവുന്ന അയല്‍വാസി ആഗ്നസ്സിനെ വിളിച്ചു.

ആളില്ലാസമയത്ത് ഒരാള്‍ വന്നിരിക്കുന്നെന്നും കുഞ്ഞിനെ എടുത്തുകൊണ്ടു ട്രീസയെ ആശ്വസിപ്പിക്കുന്നുവെന്നുമൊക്കെ അയാള്‍ പറഞ്ഞു.

ആഗ്നസ്സ് നടുങ്ങിപ്പോയി!

ആരായിരിക്കും അയാള്‍. എന്തിനാണിപ്പോള്‍ കയറിവന്നത്. ട്രീസയുടെ കുഞ്ഞിനെ എടുക്കാന്‍ മാത്രം അയാള്‍ക്കെന്തധികാരം? അവകാശം!? ട്രീസയെ സമാധാനിപ്പിക്കാന്‍ അയാള്‍ക്കെന്താണു ബന്ധം?

ആഗ്നസ്സ് ആലോചിച്ചു കൂട്ടുക മാത്രമല്ല; ഉടനടി ജോര്‍ജുകുട്ടിയോടു പറയുകയും ചെയ്തു.

“ഇച്ചായന്‍ ഇപ്പോത്തന്നെ ചെല്ലണം; അറിയാം ട്രീസേടെ കുഞ്ഞിന്‍റപ്പന്‍ ആരെന്ന്…”

ഒരു വശത്ത് അപ്പച്ചന്‍റെ അവസ്ഥ; മറ്റൊരു ഭാഗത്ത് ആഗ്നസ്സിന്‍റെ വീട്ടുകാര്‍ എത്തിയിരിക്കുന്നു. അവരുടെ മുന്നില്‍ സൂക്ഷിച്ചു സംസാരിക്കേണ്ട ബാദ്ധ്യത. ഇപ്പോഴിതാ നടുക്കുന്ന വാര്‍ത്തയും.

ഒരു നിമിഷം ജോര്‍ജുകുട്ടി ആലോചിച്ചു. അടുത്ത നിമിഷം എന്തായാലും വീട്ടിലേക്കു പോയിട്ടുതന്നെ കാര്യം എന്ന് അയാള്‍ ഉറപ്പിച്ചു.

പോയി ഉടനെ തിരിച്ചുവരിക. ആളെ കാണണം, ഇന്നത്തോടെ പ്രശ്നത്തിന് ഒരു പരിഹാരം കാണാം. മനസ്സ് വല്ലാതെ ത്രസിച്ചു.

വീട്ടിലെത്തിയപ്പോള്‍ കണ്ടത്….

വിഷണ്ണനായി ഇരിക്കുന്ന ക്രിസ്റ്റഫര്‍. അകത്തു ട്രീസയും കുട്ടിയും ഉണ്ടാകാം.

“ക്രിസ്റ്റി… നീയോ?”

അത്ഭുതത്തോടെ, അതിലേറെ വ്യവഛേദിക്കാനാകാത്ത വികാരത്തോടെ ജോര്‍ജുകുട്ടി ചോദിച്ചു.

ജോര്‍ജുകുട്ടിയെ കണ്ടതോടെ ക്രിസ്റ്റഫറിന്‍റെ ശ്വാസം നേരെ വീണു.

മതിലിനു പുറത്തു കാവല്‍ക്കാരെപ്പോലെ നിന്നിരുന്ന അയല്‍വാസികള്‍ അപ്പോഴേക്കും വീട്ടുവളപ്പിലേക്കും മുറ്റത്തേക്കും കയറി.

“ആരാ ജോര്‍ജുകുട്ടി ഇത്?” – ഒരു പ്രായം ചെന്നആള്‍ ചോദിച്ചു.

“എന്‍റെ സുഹൃത്താ… ക്രിസ്റ്റഫര്‍…”

“ങും… നല്ല സുഹൃത്ത്…” – വല്യപ്പന്‍ മുരണ്ടു.

“എത്ര നേരം നിന്നെ വിളിച്ചു. സ്വിച്ച്ഡ് ഓഫ്… പിന്നെ ലാന്‍റ് ഫോണിലേക്കു വിളിച്ചു. എന്നിട്ടും എടുക്കുന്നില്ല. അപ്പോഴാ ഇവിടേക്കു വന്നത്.”

“ങും…”

എങ്ങനെ… എന്തു പ്രതികരിക്കണം എന്നറിയാതെ ജോര്‍ജുകുട്ടി നിന്നു.

“അപ്പം ആരും ഇല്ലെന്നു മനസ്സിലാക്കിത്തന്നെയാ വന്നത് അല്ലേ…?”

പുറത്തുനിന്ന് ആരോ അടക്കിപ്പറയുന്നതു കേട്ട ഭാവം വച്ചില്ല ജോര്‍ജുകുട്ടിയും ക്രിസ്റ്റഫറും.

“ഇവിടെ വന്നു ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ചിവിട്ടിത്തുറന്നാ അകത്തു കയറിയത്. നീ ആ വാതിലിലേക്കു നോക്കിക്കെ.”

“ങ്ങേ!?” – ജോര്‍ജുകുട്ടി ഞെട്ടി.

വാതില്‍ ചവിട്ടിത്തുറന്നെന്നോ? എന്തിന്?

ജോര്‍ജുകുട്ടി വാതിലിലേക്കു നോക്കി. ശരിയാണ്. അകത്തുനിന്നുള്ള സാക്ഷ തകര്‍ന്നിരിക്കുന്നു.

“എന്നിട്ട്…?”

“അതു ചെയ്തതു കാരണം ഇവിടെ ഒരു ആത്മഹത്യയും ഒരപകടമരണവും നടന്നില്ലെന്നു മാത്രം.”

“ആത്മഹത്യയും അപകടമരണവും… ആരുടെ?” – ജോര്‍ജുകുട്ടി പരിഭ്രമത്തോടെ ചോദിച്ചു.

“നിന്‍റെ പെങ്ങടെ ആത്മഹത്യ. കുഞ്ഞിന്‍റെ അപകട മരണം. നീ അവളുടെ അടുത്തേയ്ക്ക് ചെല്ല്”-ക്രിസ്റ്റഫര്‍ പറഞ്ഞു.

ജോര്‍ജുകുട്ടി ട്രീസയുടെ മുറിയിലേക്കു കയറി. പൊള്ളലേറ്റ കൈയുമായി അവശയായി കിടക്കുകയായിരുന്നു ട്രീസ അപ്പോള്‍; തൊട്ടടുത്ത് നവീനും.

ക്രിസ്റ്റഫറും ജോര്‍ജുകുട്ടിയും സൗമ്യമായി സംസാരിക്കുന്നതു പുറത്തുള്ളവര്‍ കണ്ടുനിന്നു.

മറ്റെന്തോ കാഴ്ച കാണാന്‍ നിന്ന അവര്‍ നിരാശരായി. “ഓ… എല്ലാരും എല്ലാം അറിഞ്ഞോണ്ടാണെന്നേ… നമുക്കു പോകാം. ഇനി ഒരു കള്ളന്‍ കേറിയാപ്പോലും ഏതു പട്ടിയാ തിരിഞ്ഞുനോക്കുന്നത്…” – ഒരാള്‍ പറഞ്ഞു.

“ശരിയാ. ഇപ്പോ അവര്‍ അളിയനും അളിയനും ആയ മട്ടാ…” – വേറൊരാള്‍.

“അല്ലേ… അവളിവിടെ വന്നു നിക്കണതിന്‍റെ കാര്യം മനസ്സിലായല്ലോ; അത്രേം മതി” – മറ്റൊരാളുടെ വക.

ഓരോരുത്തരായി ഗെയ്റ്റിനു പുറത്തിറങ്ങി. ആഗ്രഹിച്ച കാഴ്ച കാണാന്‍ കഴിയാത്തതില്‍ ഖിന്നരായി.

ജോര്‍ജുകുട്ടി ട്രീസയോട് ഒന്നും ചോദിച്ചില്ല.

ട്രീസ ഒന്നും പറഞ്ഞതുമില്ല.

പക്ഷേ, മുറിക്കു പുറത്തിറങ്ങിയപ്പോള്‍ താന്‍ കണ്ട കാര്യം ക്രിസ്റ്റഫര്‍ ജോര്‍ജുകുട്ടിയോടു പറഞ്ഞു. നടന്ന സംഭവങ്ങള്‍ ഒന്നും ചോര്‍ന്നു പോകാതെതന്നെ പറഞ്ഞു.

അപ്പോഴാണു ജോര്‍ജുകുട്ടി തോമസിന്‍റെ കാര്യം പറഞ്ഞത്. ചാര്‍ജില്ലാതെ മൊബൈല്‍ഫോണ്‍ ഓഫായിപ്പോയതു സൂചിപ്പിച്ചത്. ഇതിനിടെ ആഗ്നസ്സ് വീട്ടുകാരും വിളിച്ചുവരുത്തിയ കാര്യവും പറഞ്ഞു.

“എന്തു ചെയ്യണം എന്നെനിക്കറിയില്ല ക്രിസ്റ്റഫറെ… ഈ നശിച്ച ഒരുത്തി കാരണം…”

ബാക്കി ഒച്ചവയ്ക്കുംമുമ്പ് ക്രിസ്റ്റഫര്‍ ചുണ്ടത്തു ചൂണ്ടു വിരല്‍ അമര്‍ത്തി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.

“ഞാനും ആശുപത്രിയിലേക്കു വരുന്നു. പക്ഷേ, ഒരു കാര്യം…”- ക്രിസ്റ്റഫര്‍ ജോര്‍ജുകുട്ടിയോടു പറഞ്ഞു.

“ങും..?” – അവന്‍ ചോദ്യഭാവത്തില്‍ മൂളി.

“അടുത്ത വീട്ടില്‍ നിന്നും ആരെയെങ്കിലും സ്ത്രീകളെ വിളിച്ച് ഇവിടെ നിര്‍ത്തണം. എന്തേലും ഭക്ഷണോം എത്തിക്കണം. അവരോടു പറഞ്ഞ് എടുപ്പിച്ചാലും മതി. ട്രീസയെ ഒറ്റയ്ക്കാക്കി പോകരുത്.”

“ചാകുന്നവര്‍ ചാവട്ടെ ക്രിസ്റ്റി. ഇങ്ങനുള്ളതുങ്ങള്‍ ചത്താലേ നാടിനൊരു സമാധാനം ഉണ്ടാകൂ.”

“ജോര്‍ജുകുട്ടീ…!!” – കനപ്പിച്ചു വിളിച്ചു ക്രിസ്റ്റഫര്‍. ആ ശബ്ദത്തില്‍ ഒരു ശാസനയുടെ ധ്വനിയുണ്ടായിരുന്നു.

“ചെല്ല്… അടുത്ത വീട്ടിലേക്കു നീ ചെല്ല്. കാര്യങ്ങളും പറയ്… അവരു വല്ലാതെ എന്നേംകൂടി തെറ്റിദ്ധരിച്ചിരിക്കുകയാണ്.”

“ഇനി ഇതു കേട്ടാല്‍ അവര്‍ വേറെ കഥയുണ്ടാക്കും” – ജോര്‍ജുകുട്ടി പറഞ്ഞു.

“ആ കഥയില്‍ വലിയ കഴമ്പുണ്ടാവില്ല. പക്ഷേ, ഇപ്പോഴുള്ള അവരുടെ തെറ്റിദ്ധാരണ എവിടേക്കൊക്കെ എത്തും എന്നു നീ മനസ്സിലാക്കുന്നുണ്ടോ?” – ക്രിസ്റ്റഫര്‍ ചോദിച്ചു.

അതില്‍ സത്യമുണ്ടെന്ന് ഒന്നാലോചിച്ചപ്പോള്‍ ജോര്‍ ജുകുട്ടിക്കും തോന്നി.

“ശരി…” – ഒരു വല്ലായ്മയോടെ ജോര്‍ജുകുട്ടി അടുത്ത വീട്ടിലേക്കു പോകാനായി ഇറങ്ങി.

ആഗ്നസ്സ് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, ജോര്‍ജുകുട്ടി ഒന്നു വിളിച്ചെങ്കില്‍. അവള്‍ ആഗ്രഹിച്ചുപോയി. എന്തായിരിക്കും സംഭവിച്ചിരിക്കുക.

അരിശം മൂത്ത് ജോര്‍ജുകുട്ടി വല്ലതും ചെയ്തിരിക്കുമോ? പറഞ്ഞുവിട്ടത് അബദ്ധമായോ! ആരായിരിക്കും അയാള്‍?

ജോര്‍ജുകുട്ടി അയല്‍വക്കത്തു ചെന്നു കാര്യങ്ങള്‍ പറഞ്ഞു. അവര്‍ക്കാദ്യം അങ്ങനൊരു വിശ്വാസം വന്നില്ല. അതുകൊണ്ടു തന്നെ യുക്തിപൂര്‍വം അവര്‍ ചോദിച്ചു.

“അങ്ങനെങ്കി അയാള്‍ക്കു ഞങ്ങളെ വന്നു വിളിക്കാന്‍ മേലായിരുന്നോ?”

“അതിനൊന്നും നോക്കിനിന്നിട്ടുണ്ടാവില്ല; പരിഭ്രമം അല്ലേ” – ജോര്‍ജുകുട്ടി സമാധാനിപ്പിച്ചു.

ഏതായാലും അയല്‍വക്കത്തെ സിസിലി ചേച്ചി ആഹാരവുമായി ജോര്‍ജുകുട്ടിയോടൊപ്പം അവിടെ കൂട്ടിരിക്കാനായി ചെന്നു.

അതില്‍ ഒരു ഗൂഢ ഉദ്ദേശ്യവും ഉണ്ടായിരുന്നു. ചെന്നുകണ്ടാല്‍ ജോര്‍ജുകുട്ടി പറഞ്ഞതു സത്യമാണോ എന്നറിയാമല്ലോ?

വന്ന വണ്ടിയില്‍ത്തന്നെ കയറി ക്രിസ്റ്റഫറും ജോര്‍ജുകുട്ടിയും ആശുപത്രിയിലേക്കു തിരിച്ചു.

വണ്ടിയിലിരിക്കുമ്പോള്‍ ജോര്‍ജുകുട്ടിയുടെ ചിന്ത മറ്റൊന്നായിരുന്നു. സിസിലിചേച്ചിയോട് അവള്‍ എന്തൊക്കെയാണാവോ പറയാന്‍ പോകുന്നത്? കാര്യങ്ങളൊന്നും അവര്‍ക്കത്ര അറിയാവുന്നതല്ല. ഇനി ട്രീസ പറഞ്ഞറിഞ്ഞാല്‍… ഹോ… കര്‍ത്താവേ….

ഇതെന്തൊരവസ്ഥ? മനസ്സ് വല്ലാതെ വിഷമിക്കാന്‍ തുടങ്ങി.

“എന്താടാ നീ ഇത്ര ആലോചിക്കുന്നത്?” – ക്രിസ്റ്റഫര്‍ ചോദിച്ചു.

ആലോചിച്ച കാര്യം ജോര്‍ജുകുട്ടി ക്രിസ്റ്റഫറിനോടു പറഞ്ഞു. ഒരു നിമിഷം ക്രിസ്റ്റഫര്‍ ഒന്നും മറുപടി പറഞ്ഞില്ല. അയാള്‍ മറ്റൊന്നായിരുന്നു ആലോചിച്ചത്. അത് അല്പമൗനത്തിനുശേഷം തുറന്നറിയിക്കുകയും ചെയ്തു.

“ഞാനായിപ്പോയല്ലോ ഇതിനൊക്കെ കാരണക്കാരന്‍, ജോര്‍ജുകുട്ടി.”

“ഏതിനു കാരണക്കാരന്‍…?” – ജോര്‍ജുകുട്ടി ചോദിച്ചു.

“വേണ്ടായിരുന്നു. ഇങ്ങനൊരു ടെസ്റ്റിലേക്ക് ആരെയും വലിച്ചിഴയ്ക്കണ്ടായിരുന്നു എന്നാണിപ്പോള്‍ തോന്നണത്” – ക്രിസ്റ്റഫറിന്‍റെ ശബ്ദം വല്ലാതെ താണിരുന്നു.

“നല്ല കാര്യമായിപ്പോയി. ഇങ്ങനൊന്നുമില്ലായിരുന്നെങ്കില്‍ അവളുടെ കള്ളക്കണ്ണീര്‍ കണ്ടു ഞാനെന്തൊക്കെ ചെയ്തുപോയേനെ… ഇപ്പോള്‍ സത്യം തെളിഞ്ഞല്ലോ… അതല്ലേ വലിയ കാര്യം.”

“ങും… പക്ഷേ…”

“എന്തു പക്ഷേ…?”

“ട്രീസയുടെ സംസാരംകൊണ്ടും ഇപ്പോഴുള്ള പ്രവൃത്തികൊണ്ടും അവള്‍ തെറ്റുകാരിയാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ…” – ക്രിസ്റ്റഫര്‍ തന്‍റെ മനസ്സ് തുറന്നു.

“നീ എന്തു ഭ്രാന്താ ഈ പറയുന്നത്…?”

“എനിക്കും ഇങ്ങനെ പറയുന്നതു ഭ്രാന്താണെന്നറിയാം. പക്ഷേ, മനസ്സ് പറയുന്നു, ഇവിടെ എന്തോ ചതി ഉണ്ടായിട്ടുണ്ടെന്ന്.”

“മനസ്സ്… മണ്ണാങ്കട്ട… എന്തു ചതി? ഇതു വളരെ കോണ്‍ഫിഡന്‍ഷ്യല്‍ അല്ലേ, സുരക്ഷിതമല്ലേ…?”

“ആണെന്നു തന്നെയാണ് അറിവ്. അതു മാത്രമല്ല തികച്ചും സത്യമാണെന്നും പറയുന്നു. പക്ഷേ, എന്തോ… ഒരു പ്രശ്നമുണ്ട് എന്നാ എനിക്കു തോന്നുന്നത്.”

ജോര്‍ജുകുട്ടി ഒരു പ്രത്യേക ഭാവത്തോടെ ക്രിസ്റ്റഫറിനെ നോക്കി.

“ഇനി എന്താ വഴീന്നുവച്ചാ പറയ്…” – ജോര്‍ജുകുട്ടി പറഞ്ഞു.

“അതെനിക്കറിയില്ല.”

“എങ്കീ ഭ്രാന്ത് പറയാതിരിക്ക്. അല്ലെങ്കിത്തന്നെ മനുഷ്യനിവിടെ തീ തിന്നുകയാ… ഇതുംകൂടി കേട്ട് ഭ്രാന്തു പിടിക്കണോ?”

ക്രിസ്റ്റഫര്‍ പിന്നെ ഒന്നും മിണ്ടാന്‍ തുനിഞ്ഞില്ല. അയാള്‍ അയാളുടെ ലോകത്തും ജോര്‍ജുകു ട്ടി അവന്‍റെ ലോകത്തും വിഹരിച്ചു.

അപ്പോഴേക്കും കാര്‍ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞിരുന്നു.

വഴിക്കണ്ണുമായി നിന്നിരുന്നവര്‍ രണ്ടു പേരായിരുന്നു; ഒന്ന്, ആനിയമ്മ.

മകന്‍ ആശുപത്രിയില്‍ നിന്നും ധൃതിപിടിച്ചു പോകുന്നതാണു കണ്ടത്. കാര്യം ചോദിച്ചിട്ട് ഒന്നും പറയാതെ കാറ്റുപോലെ അവന്‍ പോയത് എന്തിനാണെന്ന ഉത്കണ്ഠയായിരുന്നു.

ആഗ്നസിനോടു ചോദിച്ചപ്പോള്‍ ആഗ്നസ്സും ഒഴിഞ്ഞുമാറി.

“എവിടേക്കാണെന്ന് എന്നോടും പറഞ്ഞില്ല. അത്യാവശ്യമുണ്ടെന്നും പറഞ്ഞാ ഇച്ചായന്‍ പോയത്.”

അപ്പച്ചന്‍റെ വല്ല അടിയന്തിരപ്രശ്നവും ഉണ്ടായിരിക്കുമോ? ആനിയമ്മ ചിന്തിച്ചത് അങ്ങനെയാണ്.

“വിളിച്ചു നോക്കടീ…” – പലവട്ടം ആഗ്നസ്സിനോടു പറഞ്ഞു.

അപ്പോഴൊക്കെ അവള്‍ പറഞ്ഞു: “മൊബൈല്‍ സ്വിച്ചോഫാ അമ്മച്ചി. വിളിച്ചിട്ടു കിട്ടണില്ല.”

“അതെന്തു പററി?”

ആധി ആനിയമ്മയ്ക്കു കൂടുകയായിരുന്നു. അതുകൊണ്ടുതന്നെ ജോര്‍ജുകുട്ടിയുടെ വരവിനായി വഴിക്കണ്ണുമായി അമ്മച്ചി നിന്നു.

ജോര്‍ജുകുട്ടി പോയതിനുശേഷമുള്ള വിവരങ്ങളറിയാന്‍ വല്ലാതെ ആഗ്നസ്സിന്‍റെ മനസ്സ് തത്രപ്പെട്ടു. വല്ലാത്ത സംഘര്‍ഷത്തിലായി. അവളും വഴിക്കണ്ണുമായി നിന്നു.

ആഗ്നസിസന്‍റെ വീട്ടില്‍ നിന്നു വന്നവര്‍ തങ്ങളോടുപോലും ഒരക്ഷരം പറയാതെ ജോര്‍ജുകുട്ടി പോയതില്‍ തെറ്റിദ്ധരിച്ചു നിന്നു.

അപ്പോഴാണു ജോര്‍ജുകുട്ടിയും ക്രിസ്റ്റഫറുംകൂടി എത്തിയത്.

“നീ എവിടെ പോയതായിരുന്നു?” – ആനിയമ്മ അടുത്തു വന്നു ചോദിച്ചു.

“അത്യാവശ്യമായിട്ട് ഒരിടംവരെ പോയതാ…”

“അത്യാവശ്യം എന്താണെന്നില്ലേ? ഒരിടത്തിനു പേരില്ലേ?”

ആനിയമ്മയുടെ ചോദ്യത്തിനു മറുപടി പറയാതെ ജോര്‍ജുകുട്ടി നിന്നു.

“എടാ ചോദിച്ചതു കേട്ടില്ലേ?” – ആനിയമ്മയ്ക്കു ദേഷ്യം വനനു.

“ങാ… എല്ലാ കാര്യങ്ങളും പറയാന്‍ പറ്റത്തില്ല” – ജോര്‍ജുകുട്ടിക്കും ദേഷ്യം വന്നു.

ആനിയമ്മ പിന്നെ ഒന്നും പറഞ്ഞില്ല. മകന്‍റെ വാക്കുകേട്ട് അവരുടെ മനം മുറിഞ്ഞു. കണ്ണു നിറഞ്ഞു.

ആഗ്നസ്സിനോടായി ജോര്‍ജുകുട്ടി പറഞ്ഞു: “ങാ അവിടെ ക്രിസ്റ്റഫറായിരുന്നു. എന്നെ അന്വേഷിച്ചു വന്നതാ…”

അതു കേട്ടിട്ടത്ര തൃപ്തി വന്നില്ല ആഗ്നസ്സിന്.

ക്രിസ്റ്റഫറോ!? അവളുടെ കണ്ണില്‍ സംശയം നിഴലിച്ചു.

“ഞാന്‍ ടെലഫോണില്‍ ഇവനെ കിട്ടാതായപ്പോള്‍ വീട്ടിലേക്കു വന്നതാ…” – ക്രിസ്റ്റഫര്‍ ആഗ്നസ്സിനോടു പറഞ്ഞു.

അവളൊന്നും മിണ്ടിയില്ല.

ചങ്ങാതിമാര്‍ രണ്ടുപേരും കൂടി എന്തെങ്കിലും മെനഞ്ഞുണ്ടാക്കിയതാണോ? അതായിരുന്നു അവളുടെ ആദ്യചിന്ത.

“ഞാനൊന്നു ഡോക്ടറെ കാണട്ടെ” – ജോര്‍ജുകുട്ടി പറഞ്ഞു.

“ഞാനും വരുന്നു” – ക്രിസ്റ്റഫറും കൂടി.

അവര്‍ ഡോക്ടറെ തേടി പുറപ്പെട്ടപ്പോള്‍ പിന്നില്‍ നിന്നും ആഗ്നസ്സ് പറഞ്ഞു:

“ദേ… എന്‍റെ വീട്ടുകാര്‍ കാത്തിരിക്കുവാ… ഇച്ചായനെ കാണാന്‍. എന്തോ സംസാരിക്കാനുണ്ടെന്ന്.”

“ഹും…”- ജോര്‍ജുകുട്ടി മൂളി.

ആഗ്നസ്സിന്‍റെ പെണ്‍ബുദ്ധി മറ്റൊന്നുകൂടി ചിന്തിച്ചു.

ഇതില്‍ ക്രിസ്റ്റഫറിനെന്താ ഇത്ര താത്പര്യം?

ഈ പറഞ്ഞതില്‍ സത്യമുണ്ടോ? ടെലഫോണില്‍ കിട്ടിയില്ലെങ്കില്‍ ഓടി വീട്ടില്‍ വരാന്‍ മാത്രം എന്തത്യാവശ്യ കാര്യമാണുള്ളത്? ആളുകള്‍ക്കു തെറ്റിദ്ധാരണ തോന്നാന്‍ എന്താണു കാരണം?

ചിന്തകള്‍ മനസ്സില്‍ വല കെട്ടാന്‍ തുടങ്ങി.

(തുടരും)

Leave a Comment

*
*