Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 23

തീരാമഴ – അധ്യായം 23

Sathyadeepam

വെണ്ണല മോഹന്‍

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തോമസ് ആശുപത്രി വിട്ടു. പക്ഷേ, ഡോക്ടര്‍ പ്രത്യേകം പറഞ്ഞു:

“മനസ്സിനിനിയും ഒരു ആഘാതം വരാന്‍ ഇടവരുത്തരുത്. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ മറ്റൊന്നാകും; അറിയാമല്ലോ.”

ജോര്‍ജുകുട്ടിയും ആഗ്നസ്സും ആനിയമ്മയുമെല്ലാം അതു തലകുലുക്കി കേട്ടു.

“ആ സാത്താന്‍ ബാധിച്ചവള്‍ അവിടെ ഉള്ള കാലത്തോളം അപ്പച്ചനു സമാധാനം കിട്ടൂന്നു തോന്നണുണ്ടോ?” – ജോര്‍ജുകുട്ടി അമ്മച്ചിയോടു ചോദിച്ചു.

ആനിയമ്മ മറുപടിയൊന്നും പറഞ്ഞില്ല.

“അവളുടേം കൊച്ചിന്‍റേം മുഖം കാണുമ്പോഴേ അപ്പച്ചന് ആധി കയറും. പിന്നെ ഓരോന്നു ചിന്തിക്കലായി…വിഷമപ്പെടലായി…”

വീണ്ടും ജോര്‍ജുകുട്ടി അമ്മച്ചിയോടു പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചു: “ഇതു പണ്ടാരാണ്ട് പറഞ്ഞപോലായല്ലോ… എന്തൊക്കെയായാലും ഞാന്‍ നൊന്തുപെറ്റ പെണ്ണല്ലേ… അവളെ അങ്ങനെ ഇറക്കിവിടാനോ മറ്റോ പറ്റുമോ?”

സാത്താന്‍റെയും കടലിന്‍റെയും ഇടയില്‍ പെട്ടപോലെയായിരുന്നു ആനിയമ്മയുടെ അവസ്ഥ. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യ.

പിഞ്ചു കുഞ്ഞിനേം അവളേംകൂടി എന്തു ചെയ്യാന്‍!? “അമ്മച്ചി എന്താന്നുവച്ചാ ചെയ്യ്… പക്ഷേങ്കി അപ്പച്ചന്‍റെ കാര്യോംകൂടി ഓര്‍ത്തോണം.”

ജോര്‍ജുകുട്ടി എങ്ങും തൊടാതെ കയ്യൊഴിഞ്ഞു. “നമുക്കവളെ ഇറക്കിവിടാം എന്നുതന്നെ വയ്ക്ക്… എവിടേക്ക്? തെരുവിലേക്കോ…? ഒരു സ്ഥലം പറ… ഇനി അവളെ ഇറക്കിവിട്ടാ പ്രശ്നം തീരാന്‍ പോണണ്ടാ… അതോ കൂടാന്‍ പോണാണോ..?”

അമ്മച്ചിയുടെ യുക്തിപൂര്‍വമുള്ള ചോദ്യത്തിനു ജോര്‍ജുകുട്ടിക്കു മറുപടി ഉണ്ടായിരുന്നതേയില്ല.

അപ്പനെയുംകൊണ്ടു കാറില്‍ വീട്ടിലേക്കു പോരുമ്പോള്‍ ഓരോരുത്തരും അവരവരുടെ ലോകത്തു വിഹരിക്കുകയായിരുന്നു.

വീട്ടിലെത്തി. വാതില്‍ തുറന്നുകൊടുത്തതു ട്രീസയായിരുന്നു. അപ്പനെ കണ്ട് അവള്‍ കരഞ്ഞുപോയി.

“വേണ്ട വേണ്ട… കരച്ചിലും പിഴിച്ചിലും ഇവിടെ വേണ്ട ഈ തിരുമുഖം കാണിച്ച് അപ്പനെ കൊല്ലാതിരുന്നാ മതി…” – ജോര്‍ജുകുട്ടിയുടെ ശബ്ദം കനത്തിരുന്നു.

ഒരു തേങ്ങലോടെ ട്രീസ അവളുടെ മുറിയിലേക്കു പിന്‍വലിഞ്ഞു; തോമസിന്‍റെ കണ്ണും നനഞ്ഞിരുന്നു.

എന്തോ അയാള്‍ക്കു പറയണമെന്നുണ്ടായിരുന്നു. അതു മനസ്സിലാക്കി ആനിയമ്മ പറഞ്ഞു.

“വേണ്ട വേണ്ട… ഒന്നും പറയാനും ആലോചിക്കാനും നിക്കണ്ട… ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതാ… കുറച്ചുകാലത്തേയ്ക്ക്. അടുത്ത ചെക്കപ്പുവരെയെങ്കിലും അധികം സന്ദര്‍ശകരും സംസാരോം ഒന്നും വേണ്ട എന്ന്.

തോമസ് മിണ്ടിയില്ല. എന്തോ ഓര്‍ത്ത് കട്ടിലില്‍ കണ്ണടച്ചു കിടന്നു. അയാളുടെ മനസ്സ് വായിക്കാന്‍ അവിടെ ആര്‍ക്കും കഴിഞ്ഞതുമില്ല. എല്ലാവരും ഉള്ള ആ വീട്ടില്‍ ട്രീസയും കുഞ്ഞും അന്യരായി.

ആരും അവളെ ഭക്ഷണം കഴിക്കാന്‍ പോലും വിളിക്കാറില്ല. ആരും ആവളോടു സംസാരിക്കാറുമില്ല. വിശന്ന് വയറ് എരിപൊരി കൊള്ളുമ്പോള്‍ അടുക്കളയില്‍ ചെന്നു കുറച്ചു കഞ്ഞിവെള്ളം ഉപ്പിട്ടു മോന്തും അവള്‍.

അതറിയുന്ന ആനിയമ്മയുടെ മനസ്സ് വിങ്ങാറുണ്ട്.

എങ്കിലും…!!

കുഞ്ഞിന്‍റെ കരച്ചില്‍ശബ്ദം പുറത്തേയ്ക്ക് വന്നാല്‍ അപ്പുറത്ത് ആളുകളുടെ ശാപവാക്കുകള്‍ പിറുപിറുക്കലായി ഉയരുന്നത് കേട്ടില്ലെന്നു നടിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പൊള്ളിപ്പഴുത്ത കയ്യിലെ നീറ്റലിനേക്കാള്‍ വലുതായിരുന്നു മനസ്സിലെ നീറ്റല്‍.

അവള്‍ കയ്യുയര്‍ത്തി കര്‍ത്താവിനോടു കേഴും: “കര്‍ത്താവേ… ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് എനിക്കീ വിധി? ആരും എന്നെ ഈ ഭൂമിയില്‍ വിശ്വസിക്കുന്നില്ലല്ലോ. കര്‍ത്താവേ… അങ്ങ് അവിടുന്നെന്നെ കയ്യൊഴിഞ്ഞോ? ഇതെന്താരു പരീക്ഷണം?”

ക്രിസ്റ്റഫറും മനഃപ്രയാസത്തിലായിരുന്നു. താന്‍ എന്തെങ്കിലും കുറ്റം ചെയ്തോ? ഒട്ടേറെ തവണ ചോദിച്ചിട്ടും ഇല്ല എന്നായിരുന്നു മറുപടി.

എന്നിട്ടും…

വേണ്ടായിരുന്നു. ഒരു ഡിഎന്‍എ ടെസ്റ്റ് സജസ്റ്റ് ചെയ്യണ്ടായിരുന്നു!

ട്രീസയെ വിശ്വസിച്ചു. ജോര്‍ജുകുട്ടിയുടെ സഹോദരി തെറ്റുകാരിയായിരിക്കില്ലെന്നു കരുതി. ആ ടെസ്റ്റോടെ ജോര്‍ജുകുട്ടിയുടെ വീട്ടുകാര്‍ക്ക് അഭിമാനത്തോടെ നില്ക്കാനാകും; ട്രീസയുടെയും പീറ്ററിന്‍റെയും ദാമ്പത്യബന്ധം ഊഷ്മളമാകും എന്നൊക്കെ മനസ്സില്‍ കണ്ടു.

പക്ഷേ,

ഇപ്പോള്‍ സംഭവിച്ചതോ!?

അതും പോരാഞ്ഞിട്ട്… അവനെ വിളിച്ചിട്ടു കിട്ടിയില്ലെന്നും പറഞ്ഞു വീട്ടിലേക്കു ചെന്നു. ആവശ്യമുണ്ടായില്ല. എന്തോ പ്രശ്നം ഉണ്ടായേക്കാമെന്നു സംശയിച്ചാണു ചെന്നത്. പക്ഷേ… അതും…

അല്ല; പോയതു നന്നായി. ഇല്ലെങ്കില്‍ വെന്തു നീറിനീറി ട്രീസ അപകടത്തിലായേനെ. കുഞ്ഞു താഴെ വീണ്…

എന്തോ….

വിധിയെഴുതുന്നതു നമ്മള്‍ മനുഷ്യരല്ലല്ലോ. കര്‍ത്താവ് തീരുമാനിച്ചിട്ടുണ്ട്. അതേ നടക്കൂ. പക്ഷേ, ഒരു നാള്‍ എല്ലാം കലങ്ങി തെളിയുമായിരിക്കും. പക്ഷേ, ഈ കലക്കല്‍ സമയത്തു നിലനില്ക്കാന്‍ വല്ലാതെ വിഷമിച്ചു പോകുന്നു.

ട്രീസ പറയുന്നതു കേട്ടാല്‍ ഒരിക്കല്‍പോലും ആ സ്വഭാവശുദ്ധിയെ അവിശ്വസിക്കാനാവില്ല.

ഡിഎന്‍എ ടെസ്റ്റില്‍ എന്തെങ്കിലും സംഭവിച്ചുവോ? ആശങ്കയില്‍ ആടിയുലഞ്ഞു ക്രിസ്റ്റഫറിന്‍റെ മനസ്സ്.

തോമസ് വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആഗ്നസ്സിന്‍റെ വീട്ടുകാര്‍ വീണ്ടും തോമസിനെ കാണാനായി എത്തി. ട്രീസയെ അവര്‍ അന്വേഷിച്ചതേയില്ല.

ഇപ്പോഴൊക്കെ അങ്ങനെയാണ്. ബന്ധുക്കളാരു വന്നാലും ട്രീസയെ അന്വേഷിക്കാറില്ല. ബന്ധുക്കളെ ന്നല്ല ആരു വന്നാലും ട്രീസയൊട്ടു പുറത്തേയ്ക്കേിറങ്ങാറുമില്ല. മുറി മാത്രമായി അവളുടെ ലോകം. ചിന്തകള്‍ മാത്രമായി അവള്‍ക്ക് കൂട്ട്. പ്രാര്‍ത്ഥന മാത്രമായി അവളുടെ ധൈര്യം.

പോകാന്‍ നേരം ആഗ്നസ്സിന്‍റെ വീട്ടുകാര്‍ ആഗ്നസ്സിനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞു.

“കുറച്ചു ദിവസം ആഗ്നസ്സ് ഞങ്ങളുടെ കൂടെ വന്നു നില്ക്കട്ടെ”-അവര്‍ പറഞ്ഞു.

“അപ്പച്ചനു സുഖമില്ലാതെ കിടക്കുന്നു…” – ആനിയമ്മ അര്‍ദ്ധോക്തിയില്‍ വിരമിച്ചു.

അതു കേട്ടതായി അവര്‍ നടിച്ചില്ല. പകരം ജോര്‍ജുകുട്ടിയോടായി ചോദ്യം.

“അല്ല… ജോര്‍ജേ, കുറച്ചു ദിവസം ആഗ്നസ്സ് ഞങ്ങളുടെ അടുത്തു നില്ക്കട്ടെ; എന്താ…?”

“ശരി…” – അവന്‍ പണ്ടേ പറഞ്ഞുറപ്പിച്ചതുപോലെ പെട്ടെന്നുതന്നെ സമ്മതിച്ചു.

അങ്ങനെ ആഗ്നസ്സും സ്ഥലം വിടാനൊരുങ്ങി. പതിവിനു വിപരീതമായി അത്യാവശ്യം ഡ്രസ്സ് മാത്രമല്ല അവളുടേതായി ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൂടി ഇക്കുറി കയ്യിലെടുത്തു.

അതിലെന്തോ പന്തികേട് കാണുകയും ചെയ്തു ആനിയമ്മ.

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആനിയമ്മ ചോദിച്ചു: “നീയെന്തിനാടാ അവര്‍ പറഞ്ഞപ്പോള്‍ത്തന്നെ സമ്മതിച്ചത്. ഇവിടെ അപ്പച്ചന്‍ വയ്യാതെ കിടക്കുമ്പോള്‍… പണ്ടാരാണ്ടും പറഞ്ഞതുപോലെയായല്ലോ ഇത്…”

ആദ്യമൊന്നും ജോര്‍ജുകുട്ടി ഒന്നും പറഞ്ഞില്ലെങ്കിലും അമ്മച്ചി വല്ലാതെ കുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തുറന്നു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

“അവളിനി ഉടനെയൊന്നും ഇവിടേയ്ക്കു വരുമെന്നു തോന്നുന്നില്ല.”

അതുകേട്ട് ആനിയമ്മ ഒന്നു ഞെട്ടി!

“അതെന്ത്!?” – ചോദ്യഭാവത്തില്‍ ജോര്‍ജുകുട്ടിയെ നോക്കി.

“ഈ വീട്ടില്‍ ട്രീസ നില്‍ക്കുമ്പോള്‍ അവള്‍ക്കു വരാന്‍ ബുദ്ധിമുട്ടുണ്ടത്രേ! ഞാന്‍ വേറെ മാറിത്താമസിക്കാന്‍ വീടെടുത്താ വരും. അല്ലേല്‍ ട്രീസ ഇവിടെ നിന്നും പോയാല്‍ ആഗ്നസ്സ് വരും.”

അമ്മച്ചിയുടെ മുഖത്തു നോക്കാതെയാണു ജോര്‍ജു കുട്ടി പറഞ്ഞത്.

മുഖഭാവം കണ്ടില്ലെങ്കിലും വാക്കുകളിലെ ഭാവം തിരിച്ചറിഞ്ഞ ആനിയമ്മയ്ക്കു മനസ്സിലായി മകന്‍റെ ഹൃദയം വല്ലാതെ നോവുന്നു!

എന്താണ് ഇതിനു പരിഹാരം…?

ജോര്‍ജുകുട്ടി പറയുന്നതു ട്രീസയും കേള്‍ക്കാതിരുന്നില്ല. എന്താണിതിന് ഒരു പരിഹാരം!? അവളും ആലോചിക്കുകയായിരുന്നു.

താന്‍ കാരണം ഒരു കു ടുംബം തകരുകയാണ്. ഒരു ദാമ്പത്യബന്ധം അകലുകയാണ്.

പക്ഷേ…

ഇതിനു കാരണക്കാരിയാണോ താന്‍…. പീറ്ററല്ലാതെ മറ്റൊരു പുരുഷന്‍ തന്‍റെ ദേഹത്ത് സ്പര്‍ശിച്ചുപോലുമില്ല. അപ്പോള്‍ പിന്നെ….

ഏലിയാമ്മ ചേടത്തിക്കു പറയാനും പ്രചരിപ്പിക്കാനും വിഷയമായി കഴിഞ്ഞിരുന്നു.

കണ്ടവരോടൊക്കെ വിഷയമുണ്ടാക്കി ചേടത്തി ഇതിലേക്കുതന്നെ വന്നു.

മറ്റെന്തെങ്കിലും പറയുകയാണെങ്കിലും ചേടത്തി ഉടനെ പറയും: “അല്ലേലും ഇങ്ങനെയായല്ലോ ലോകം. അന്തിക്രിസ്തുവിന്‍റെ സമയമടുത്തെന്നാ തോന്നുന്നെ!”

“അതെന്താ ചേടത്തി അങ്ങനെ?”

“നമ്മള് പാവം… പരിശുദ്ധ എന്നൊക്കെ കരുതുന്നവരല്ലേ പിന്നീടു പിഴച്ചവരാണെന്ന് അറിയുന്നത്! ഹോ… ആരെങ്കിലും സ്വപ്നത്തില്‍പ്പോലും കരുതീതാണോ ഇങ്ങനൊന്ന്.”

ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് ചേടത്തിയുടെ സംസാരം. അതുകൊണ്ടു തന്നെ കേള്‍വിക്കാര്‍ക്കു ബാക്കിയും കേള്‍ക്കണം എന്ന പൂതി തോന്നുക സ്വാഭാവികം.

“ആരുടെ കാര്യമാ ചേടത്തി ഈ പറഞ്ഞുവരണത്?”

“ഹോ… ഞാനായിട്ടു പറയത്തില്ല. പറഞ്ഞാല്‍ നാക്കേല്‍ കുരിശു വരയ്ക്കേണ്ടി വരും” – തന്ത്രപൂര്‍വം ഒന്നൊഴിഞ്ഞു മാറും ചേടത്തി.

“അതിനിപ്പം ഇല്ലാവചനം പറഞ്ഞാലല്ലേ കുരിശു വരയ്ക്കേണ്ടത്” – കേള്‍വിക്കാര്‍ ചേടത്തി പറയാന്‍വേണ്ടി ന്യായീകരിക്കും; പ്രോത്സാഹിപ്പിക്കും.

“ഓ… ഞാനെങ്ങും ഒരു ഇല്ലാവചനോം പറയാറില്ലേ…”

“അന്നാ പറയ്… ആരുടെ കാര്യമാണു ചേടത്തി ഈ പറഞ്ഞുവരണത്?”

“നമ്മുടെ പുത്തന്‍വീട്ടിലെ ട്രീസകൊച്ചിന്‍റെ കാര്യം… പിന്നല്ലാതാരുടെ കാര്യം!?”

“ഓ… അവള്‍ക്കെന്നാ പറ്റി?”

“എന്നാ പറ്റാന്‍… അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ ഒരു കുടുംബത്തില്‍ പിറന്ന പെണ്ണിന് എന്തു പറ്റാനാണ്?” – കേള്‍വിക്കാര്‍ കാതു കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ചേടത്തി തന്നെ തുടര്‍ന്നു പറയും.

“അവള് പെറ്റ കൊച്ച് അവന്‍റേതല്ലെന്നു പറഞ്ഞു കെട്ടിയവന്‍ ഇവിടെ നിര്‍ത്തിയിട്ടു പോയേക്കുവാരുന്നല്ലോ.”

“അവനു ഭ്രാന്ത്; അല്ലാതെന്താ…?” – കേള്‍വിക്കാരിലാരെങ്കിലും ചേടത്തിയെ മൂപ്പിക്കും.

“ങാ… ഒരു തങ്കംപോലെയുള്ള പയ്യനാ… ഒരു ഭ്രാന്തും ഇല്ല. എത്ര പ്രാവശ്യം എന്‍റടുത്തു പ്രസവരക്ഷ യ്ക്കു നാട്ടുമരുന്ന് അന്വേഷിച്ചു വന്നിരിക്കുന്നു. അത്രയ്ക്കു സ്നേഹമായിരുന്നു.”

“ങാ…. എന്നിട്ടിപ്പം എന്തായി?”

“എന്താകാന്‍… വീട്ടുകാരും വേറൊരുത്തനും കൂടി ഇടപെട്ട് ഏതാണ്ടൊക്കെ പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ അവളുടെ കെട്ടിയവന്‍ പറഞ്ഞതാ ശരീന്ന് തെളിഞ്ഞത്രേ!”

“വേറൊരുത്തനും കൂടിയോ? അതാര്…?”

ഏലിയാമ്മ ചേടത്തി ഒരു നിമിഷം മിണ്ടാതിരുന്നു. അടുത്ത നിമിഷം ഒരു കൈകൊണ്ടു വായ മറയ്ക്കുന്നതായി ഭാവിച്ച് അടക്കം പറയുംപോലെ പറഞ്ഞു.

“അതല്ലേ അവളുടെ ആള്…”

ഇപ്പോള്‍ നടുങ്ങിപ്പോയതു കേള്‍വിക്കാരാണ്.

“അങ്ങനെയെങ്കി… അയാളീ ടെസ്റ്റൊക്കെ നടത്താന്‍ കൂട്ടുനില്ക്കുമോ?” – ന്യായമായ സംശയമാണു കേള്‍വിക്കാരുടേത്.

“അവിടാണു കളി… നല്ല ബുദ്ധിയുള്ള കളി. നീങ്ങക്കൊന്നും അതു തിരിയത്തില്ല. ഈ ചേടത്തിക്കതു മനസ്സിലാകും മക്കളേ…”

ബുദ്ധിമതിയെപ്പോലൊരു ചിരി ചിരിക്കും ചേടത്തി. എന്നിട്ടുതുടരും.

“അതോടെ ആ ബന്ധം അറ്റുപോകുമല്ലോ… പിന്നെ ഒരു ദയയെന്നോ ത്യാഗമെന്നോ പറഞ്ഞ് ഇവന് അവളെ കെട്ടാമല്ലോ…”

“അവന്‍ കെട്ടീതാണെങ്കിലോ?”

“സമാശ്വസിപ്പിക്കാന്‍ വരാല്ലോ. അങ്ങനെ വേണേ ട്രീസയ്ക്ക് ഇനീം കുട്ടികളുണ്ടാകാമല്ലോ…”

വിഷം വിതറിയശേഷം ഏലിയാമ്മ ചേടത്തി ചിരിക്കും. പിന്നെ, കേള്‍വിക്കാരുടെ മുഖത്തേക്കൊക്കെ നോക്കും. എല്ലാവര്‍ക്കും അതു ബോധിച്ചു എന്നു മനസ്സിലായാല്‍ സന്തോഷത്തോടെ, ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പില്‍ പരദൂഷണത്തിനു പൂര്‍ണ വിരാമമിടും.

മറ്റു ചിലരോടു ഏലിയാമ്മയുടെ സംസാരം മറ്റൊന്നായിരുന്നു: “ഹൊ! ഞാനങ്ങ് നാണംകെട്ടുപോയി കെട്ടോ…” – തുടക്കം അങ്ങനെയാകും.

“അതെന്താ ചേടത്തി നാണം കെടാന്‍ മാത്രം ഉണ്ടായത്?”

“എന്‍റെ ഈ വയസ്സും പ്രായത്തിനും ഇടയ്ക്ക് ഇങ്ങനൊന്നു ഞാന്‍ കേട്ടിട്ടില്ലേ… കണ്ടിട്ടില്ലേ…”

“അതെന്താ ചേടത്തി… തെളിച്ച് പറയ്…”

“പുത്തന്‍വീട്ടിലെ തോമസ് ചേട്ടനു ഹൃദയസ്തംഭനം വന്നെന്ന് കേട്ട വിവരം തിരക്കാനാ പോയത്.”

“ങ്ങേ! ഹൃദയസ്തംഭനമോ?”

“അറിഞ്ഞില്ലേ? ങ്ങാ…ഹൃദയസ്തംഭനം തന്നെ. എങ്ങനെ വരാതിരിക്കും… ഇതല്ലേ നടക്കണത്.”

“കാര്യത്തിനു ചുറ്റും നടക്കാതെ കാര്യം പറയ് ചേടത്തി…”

“അതെങ്ങനാ… തോക്കില്‍ക്കയറി വെടിവച്ചാ കാര്യം പറയുന്നതെങ്ങനാ?”

“ശരി… അന്നാ പറയ്…”

“എവിടാ പറഞ്ഞുനിര്‍ത്തീത്?”

മറ്റുള്ളവര്‍ അത് ഓര്‍ത്തെടുക്കുംമുമ്പേ ചേടത്തി ഓര്‍ത്തു പറയാന്‍ തുടങ്ങും.

“ങാ… പുത്തന്‍വീട്ടില്‍ അസുഖം അറിഞ്ഞു പോയപ്പോ… നേരം ഇരുട്ടീട്ടൊണ്ടേ… അപ്പഴാ അറിഞ്ഞത്. കേട്ടപാടെ ഞാനോടി ചെന്നതാ… അപ്പക്കണ്ട കാഴ്ച… ഹൊ…!” – ചേടത്തി പിന്നീട് മൗനം അവലംബിക്കും.

മൗനം നീളുമ്പോള്‍ കേള്‍വിക്കാര്‍ ചോദിക്കും: “എന്തു കാഴ്ചയാ ചേടത്തീ…?”

“ഒരുത്തന്‍ ആ ട്രീസേ തടവുന്നു… പിടിക്കുന്നു… അവളുടെ കുഞ്ഞിനെ ലാളിക്കുന്നു. വേറെ ആരും അവിടെയെങ്ങുമില്ല.”

“ങ്ങേ! അതാര്…?”

“അതായിരിക്കും ആ കുഞ്ഞിന്‍റെ അപ്പന്‍… അതോണ്ടല്ലേ ഇത്ര സ്നേഹം… ആരുമില്ലാത്ത നേരത്തവള്‍ വിളിച്ചുവരുത്തിയതിനും എന്തെങ്കിലുമൊക്കെ കാരണം ഇല്ലാതിരിക്കുമോ?”

കേള്‍വിക്കാര്‍ അമ്പരന്നിരിക്കുമ്പോള്‍ വീണ്ടും ചേടത്തി പറയും: “അല്ല; ഇതിനൊക്കെ സ്വന്തം ആങ്ങളതന്നെ കൂട്ടു നിക്കുമ്പം… അതാ അത്ഭുതം!”

ചേടത്തി വഴിനീളെ കാതോടുകാതോരം വിഷവിത്തു വിതച്ചുകൊണ്ടു നടന്നു. അതു പുളച്ചു പലരിലേക്കും നീണ്ടു.

താന്‍ ഒരധികപ്പറ്റാണെന്നു തോന്നിയപ്പോള്‍ താനിവിടുത്തെ ആരുമല്ലെന്ന് ബോദ്ധ്യമായപ്പോള്‍ ട്രീസ ഒരു നാള്‍ മുറിക്കു പുറത്തിറങ്ങി.

അമ്മച്ചിയും ജോര്‍ജുകുട്ടിയും ഉള്ള സമയമായിരുന്നു അത്….

“എനിക്കൊരു കാര്യം പറയാനുണ്ട്” – അവള്‍ പറഞ്ഞു.

എന്തു കാര്യം എന്ന മട്ടില്‍ അവര്‍ അവളെ നോക്കി.

അവളുടെ കണ്ണില്‍ ദൃഢനിശ്ചയത്തിന്‍റെ നിഴലാട്ടം.

(തുടരും)

Comments

One thought on “തീരാമഴ – അധ്യായം 23”

  1. Jilsy says:

    നല്ല കഥ .ഒരു prasnam varumbho engana solve cheyyam ennu chindhippikkunna kadha

Leave a Comment

*
*