തീരാമഴ – അധ്യായം 24

തീരാമഴ – അധ്യായം 24

വെണ്ണല മോഹന്‍

ട്രീസ ജോര്‍ജുകുട്ടിയുടെയും ആനിയമ്മയുടെയും മുഖത്തു നോക്കി നില്ക്കുകയാണ്.

അവള്‍ക്ക് എന്താണു പറയാനുള്ളതെന്ന് അവര്‍ ചോദിച്ചില്ല. പക്ഷേ, ആ മൗനം തന്നെ ഒരു ചോദ്യചിഹ്നമാകുകയായിരുന്നു.

"ഞാന്‍ ഈ വീടുവിട്ടു പോകാനാഗ്രഹിക്കുന്നു!"

ഇപ്പോള്‍ ഞെട്ടിയത് അമ്മച്ചിയും ജോര്‍ജുകുട്ടിയുമായിരുന്നു. എന്നിട്ടും അവര്‍ എങ്ങോട്ടെന്നു ചോദിക്കാന്‍ എന്തുകൊണ്ടോ മടിച്ചു.

അവള്‍ക്ക് ഒരാവശ്യംകൂടി ഉണ്ടായിരുന്നു. അതു പറയണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. പറഞ്ഞാല്‍ത്തന്നെ അങ്ങനൊരു സഹായം ഉണ്ടായെന്നും വരില്ല.

വീടുവിട്ടു പോകാന്‍ പോണൂ എന്നു പറഞ്ഞിട്ടുപോലും ഒരു പ്രതികരണവുമില്ലാത്ത സഹോദരനെയും അമ്മച്ചിയെയും അവള്‍ ശ്രദ്ധിച്ചു. അത്രമേല്‍ അവര്‍ക്കു താന്‍ വെറുക്കപ്പെട്ടവളായി കഴിഞ്ഞുവോ!?

അവള്‍ പിന്നൊന്നും പറയാതായപ്പോള്‍ അല്പസമയം കഴിഞ്ഞ് ആനിയമ്മ ചോദിച്ചു: "എന്നാ നീ പോകുന്നേ…?"

അപ്പോഴും ഇവിടം വിട്ട് നീ പോകരുതെന്നു പറയും എന്നു വെറുതെയെങ്കിലും പ്രതീക്ഷിച്ചിരുന്ന ട്രീസയ്ക്കു പ്രതീക്ഷ തെറ്റി. എന്നാലും എവിടേക്കു പോണൂ എന്നുപോലും അവര്‍ ചോദിച്ചില്ലല്ലോ… ഓര്‍ത്തപ്പോള്‍ മനസ്സ് നീറി.

"വരുന്ന തിങ്കളാഴ്ച!" – അവള്‍ ദിവസം പറഞ്ഞു

അത്രയ്ക്കു നീട്ടണ്ടാ; ഇന്നുതന്നെ ഇറങ്ങിക്കൂടേ എന്നവര്‍ ചോദിക്കുമെന്നുപോലും അവള്‍ ഭയന്നു.

വേറൊന്നും ചോദിക്കാനും പറയാനും അവര്‍ക്കുണ്ടായിരുന്നില്ല. അല്പസമയം കൂടി എന്തെങ്കിലും ചോദ്യം ഉണ്ടാകുമെന്നു കരുതി അവള്‍ കാത്തു. ഒന്നും മിണ്ടാതായപ്പോള്‍ അവള്‍ മുറിയിലേക്കു തിരിച്ചുപോയി.

വേണ്ടായിരുന്നു. തന്നെ വെറുത്ത ഇവരുടെ അടുത്തുനിന്നും തിങ്കളാഴ്ച ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു. നേരത്തെ യാത്ര പറയാന്‍ നില്ക്കണ്ടായിരുന്നു.

അപ്പച്ചനോടു മനഃപൂര്‍വം പറയാതിരുന്നതാണ്. ഇനി അപ്പച്ചന് ഇതു താങ്ങാനാവാത്ത വിഷമമായി തീരുമോ എന്നറിയില്ലല്ലോ. ഒരു ഹൃദയാഘാതത്തിനു താന്‍ അറിയാതെയെങ്കിലും കാരണമായി. മറ്റൊന്നിന് അറിഞ്ഞുകൊണ്ടു കാരണമാകേണ്ട ആവശ്യമില്ലല്ലോ.

കുറേ നാളായി ആഗ്രഹിച്ചുവെങ്കിലും കഴിഞ്ഞ ദിവസമാണു തീരുമാനമെടുത്തത്. വീട്ടില്‍ അന്യയായി കഴിയുന്ന വേദന ചില്ലറയല്ല. സ്വന്തം സഹോദരനും അമ്മച്ചിക്കുംപോലും വെറുക്കപ്പെട്ടവളാകുക എന്നുവച്ചാല്‍.

അതിലേറെ സഹോദരന്‍റെ ദാമ്പത്യബന്ധം താന്‍ കാരണം ശിഥിലമാകുക. വരുന്ന അതിഥികള്‍ക്കുപോലും താന്‍ കാണാന്‍ കൊള്ളരുതാത്തവളാകുക… അപ്പച്ചനെ മരണത്തിലേക്കു കൈപിടിച്ചു നടത്താന്‍ ശ്രമിക്കുന്നവളായി താന്‍ മാറുക… നാട്ടില്‍ എന്തൊക്കെയാകും എന്നത് വേറെ….

എന്തിന് ഇതൊക്കെ താന്‍ മൂലം വരുത്തിവയ്ക്കണം. വിരുന്നുണ്ടിടത്ത് ഇരന്നുണ്ണുന്നു എന്നു പറയുന്ന അവസ്ഥ. ആര്‍ക്കും ഇഷ്ടമില്ലാത്തിടത്തുനിന്നും ഭക്ഷണംപോലും കഴിക്കുന്നു; വിസര്‍ജ്ജ്യം ഭുജിക്കുംപോലെ…

വേണ്ട…

പരീക്ഷണത്തിന്‍റെ അങ്ങേയറ്റംവരെ പോകുംവരെയെങ്കിലും ജീവിച്ചിരിക്കണം.

അപ്പോഴാണ് ഒരു നിലാവെളിച്ചംപോലെ കൂട്ടുകാരി ഓമനയെ ഓര്‍മ വന്നത്. ഒന്നിച്ചു പഠിച്ചവള്‍. ഒരു ബിസിനസ്സുകാരന്‍റെ ഭാര്യ. ടെക് സ്റ്റൈല്‍ ഷോപ്പുമുണ്ട്. അതു നോക്കുന്നത് അവളാണ്.

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നു പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്തായാലും വിളിച്ചേക്കാം എന്നു കരുതി വിളിച്ചു. ഷോപ്പില്‍ ഒരു സെയില്‍സ് ഗേളിന്‍റെയെങ്കിലും ജോലി.

"എന്തു പറ്റിയെടി…!" – ഓമന അത്ഭുതപ്പെട്ടു.

കുറച്ചൊക്കെ കാര്യങ്ങള്‍ സൂചിപ്പിച്ചു.

കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: "നിനക്കെന്തായാലും ഇവിടെ സെയില്‍സ് ഗേളിന്‍റെ ജോലി തരാന്‍ പറ്റത്തില്ല."

വല്ലാതായി; ആ വഴിയും അടയുകയാണെന്ന് തോന്നി.

"ക്യാഷിലിരിക്കാം; ഞാനാണിപ്പോള്‍ ക്യാഷിലിരിക്കുകയും അക്കൗണ്ട് നോക്കുകയുമൊക്കെ ചെയ്യുന്നത്. അതു നമുക്കു ഡിവൈഡ് ചെയ്ത് നീ ക്യാഷിലിരിക്ക്."

"ദൈവം നിന്നെ അനുഗ്രഹിക്കും" – അറിയാതെ പറഞ്ഞുപോയി.

"അതൊക്കെ എന്തെങ്കിലു മാകട്ടെ പിന്നെ വേറൊരു പ്രശ്നവുമുണ്ട്."

"അതെന്താ ഓമനേ…?"

"ഇവിടെ താമസസൗകര്യം തരപ്പെടണമെങ്കില്‍ അഡ്വാന്‍സ് ഒരു എമൗണ്ട് വേണം എന്നറിയാല്ലോ. അതു നമുക്കു സംഘടിപ്പിക്കാം. പക്ഷേ, വേറൊന്ന് ഒരു പെണ്ണിനും കുഞ്ഞിനുംകൂടി തനിച്ചു താമസിക്കാന്‍ ഒരിടം കിട്ടുമോന്നുള്ളതാണ്. നീ ആങ്ങളയുമായി വരാന്‍ നോക്ക്. എന്നിട്ട് ബ്രദറിനെക്കൊണ്ട് സംസാരിപ്പിക്ക്."

"നടക്കുമെന്നു വിശ്വാസമില്ല."

"ഓഹോ… അങ്ങനെയാണോ… എന്നാ നമുക്കു വേറെ വഴി നോക്കാം ഏതായാലും നീ തിങ്കളാഴ്ചതന്നെ വന്നു ജോയിന്‍ ചെയ്യാന്‍ നോക്ക്. വേറെ വഴിയുണ്ടോന്നു ഞാനും നോക്കട്ടെ."

സമാധാനമായി.

തത്കാലം ഒരിടമായി. ഇനി കുഞ്ഞിനെ നോക്കാന്‍ ഒരാളെക്കൂടി കണ്ടെത്തണം.

ജോര്‍ജുകുട്ടിയോടു തന്നെ ഒരു വീടു കണ്ടെത്തിയാല്‍ ഉടമയോടു സംസാരിക്കാന്‍ വരണം എന്നു പറയാന്‍ കരുതിയതാണ്. പക്ഷേ, പ്രതികരണം കണ്ടപ്പോഴേ മനസ്സിലായി വെറുതെ പറഞ്ഞു നാണം കെട്ടിട്ടു വലിയ കാര്യമൊന്നുമില്ലെന്ന്.

ഏതായാലും തിങ്കളാഴ്ചവരെ സഹിക്കുക! അവള്‍ ഇനിയുള ദിവസങ്ങള്‍ എണ്ണാന്‍ ശ്രമിച്ചു.

"എന്നാലും അവളെങ്ങോട്ടാടാ പോകുന്നേ?" – ആനിയമ്മ ഒച്ച കുറച്ചു മകനോടു ചോദിച്ചു.

"ആ… എനിക്കങ്ങനെ അറിയാം. എന്നോടൊന്നും അവള്‍ മാറ്റിനിര്‍ത്തി പറഞ്ഞിട്ടില്ല. അമ്മച്ചിയോടു പറഞ്ഞതുതന്നെ ഞാനും കേട്ടു."

"എന്നാലും എവിടേക്കായിരിക്കും? ഇതു പണ്ടാരാണ്ടും പറഞ്ഞപോലെ എനിക്കൊട്ട് ഊഹിച്ചെടുക്കാനും കഴിയുന്നില്ലല്ലോ എന്‍റെ ഈശോയേ…"

"എന്തിനാ ഊഹിച്ചെടുക്കുന്നെ… അവളോടു നേരിട്ടു ചോദിക്കാന്‍ മേലായിരുന്നോ…?"

"നീയും ചോദിച്ചില്ലല്ലോ?"

"എനിക്കിപ്പ അറിയണോന്ന് ഒരാഗ്രഹോം ഇല്ല. ഏതു തെമ്മാടിക്കുഴീപ്പോയാലും എനിക്കൊന്നൂല്ല… അറിയേണ്ടവര്‍ നേരിട്ട് ചോദിക്ക്" – ജോര്‍ജുകുട്ടി അറുത്തുമുറിച്ചു പറഞ്ഞു.

അതു കേട്ടപ്പോള്‍ പിന്നെ അതിനെക്കുറിച്ചൊന്നും പറയണമെന്നില്ലാതായി ആനിയമ്മയ്ക്ക്.

എങ്കിലും അവരുടെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു. അറിയാന്‍ ആകാംക്ഷ പൂണ്ടുകൊണ്ടിരുന്നു. എവിടേക്കാകും അവള്‍ പോകുക!? ഇനി വല്ല അബദ്ധവും കാണിച്ചേക്കുമോ? ഇല്ലെന്നു വിശ്വസിക്കാന്‍ അവര്‍ ശ്രമിച്ചു.

"അപ്പന്‍റെ മുറീലോട്ട് അവളെ കേറ്റിയേക്കരുത്. എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ… പിന്നെ… ങാ… ഞാന്‍ പറഞ്ഞേക്കാം."

"അവളെന്തിനാ അപ്പന്‍റെ മുറീലോട്ടു വരുന്നത്?"- ആനിയമ്മ ചോദിച്ചു.

"ഇനി യാത്ര പറയാനും മൂക്കു പിഴിയാനുമൊക്കെ വന്നേക്കും. അതു വേണ്ടന്നേ ഞാന്‍ പറഞ്ഞുള്ളൂ"- ജോര്‍ജുകുട്ടി പറഞ്ഞു.

ആനിയമ്മ മറുപടിയൊന്നും പറഞ്ഞില്ല.

ട്രീസ വീടുവിട്ടു പോയാല്‍ ആഗ്നസ്സിനെ ചെന്നു വിളിച്ചുകൊണ്ടുവരണം; ജോര്‍ജുകുട്ടി മനസ്സില്‍ കണക്കു കൂട്ടി.

അന്നുതന്നെ പീറ്ററിന്‍റെ വീട്ടില്‍ നിന്നും ഒരു ഫോണ്‍ കോളെത്തി. ക്ലീറ്റസിന്‍റേതായിരുന്നു കോള്‍.

"നിങ്ങള്‍ക്കു സൗകര്യമുള്ള ഒരു ദിവസം പറയണം. ഞങ്ങള്‍ അവിടെ വന്നു ചില കാര്യങ്ങള്‍ സംസാരിച്ചു തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്."

"അപ്പച്ചന്‍ ഒരറ്റാക്ക് വന്ന് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്" – ജോര്‍ജുകുട്ടി പറഞ്ഞു.

"അതു ശരി. അറിഞ്ഞില്ല. എന്തായാലും റെസ്റ്റ് കഴിഞ്ഞിട്ട് മതി. പക്ഷേ, അധികം നീട്ടിക്കൊണ്ടു പോകാന്‍ പറ്റത്തില്ല. എത്രയും വേഗം വേണം."

"ശരി… വിളിക്കാം"-ജോര്‍ജുകുട്ടി സമ്മതിച്ചു.

അവര്‍ വരുന്നതിന്‍റെ കാര്യം ഏകദേശം ഊഹിക്കാവുന്നതേയുള്ളൂ. ബന്ധം ഒഴിവാക്കുന്നതിനെക്കുറിച്ചു സംസാരിക്കുക, ചര്‍ച്ച ചെയ്യുക, തീരുമാനമെടുക്കുക. ഇതൊക്കെത്തന്നെയാവും കാര്യങ്ങള്‍.

ജോര്‍ജുകുട്ടി ഊഹം പറഞ്ഞപ്പോള്‍ ആനിയമ്മ മറ്റൊന്നു ചോദിച്ചു: "അങ്ങനെതന്നെയാകും എന്ന് എന്താ ഇത്ര നിശ്ചയം!? ഒരു തെറ്റ് ആര്‍ക്കും പറ്റാം എന്നു പറഞ്ഞ് ഒന്നിച്ചു ചേര്‍ക്കാനും ആയിക്കൂടേ?"

"അത് അമ്മച്ചീടെ ആഗ്രഹം."

"അങ്ങനെ സാദ്ധ്യത ഉണ്ടല്ലോ."

"ഉവ്വ്… അങ്ങനെ യോജിപ്പിച്ചാ ഇരുവരും മനസ്സുകൊണ്ടു യോജിക്കും എന്ന് ഉറപ്പുണ്ടോ?"

"കുഞ്ഞിന്‍റപ്പനെക്കുറിച്ച് ഇപ്പ ചോദിച്ചാലും എപ്പോ ചോദിച്ചാലും പീറ്ററാണെന്നു തന്നെയല്ലേ ട്രീസ പറയണത്!"

"അവള്‍ പറയുന്ന കള്ളത്തിലല്ലല്ലോ കാര്യം. ശാസ്ത്രീയമായ കണ്ടുപിടിത്തത്തിനല്ലേ. ആളെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ അങ്ങനെ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കും" – ജോര്‍ജുകുട്ടി അമ്മച്ചിയുടെ വാദത്തെ ഖണ്ഡിച്ചു.

"ഇന്നുവരെ ഞാനവളിലൊരു സ്വഭാവദൂഷ്യോം കണ്ടിട്ടില്ല…" – അമ്മച്ചി തീര്‍ത്ത് പറഞ്ഞു.

"പിന്നെ… ഇത്തരം ദൂഷ്യമൊക്കെ ആളുകളെ കാണിച്ചോണ്ടല്ലേ നടക്കണത്?"- ഉരുളയ്ക്ക് ഉപ്പേരിപോലെ ജോര്‍ജുകുട്ടി മറുവാദം പറഞ്ഞപ്പോള്‍ ആനിയമ്മയ്ക്കു മിണ്ടാട്ടം മുട്ടിപ്പോയി.

ഇരുവരും അവരുടേതായ ലോകത്തേയ്ക്ക് ഉള്‍വലിഞ്ഞു. ആ ലോകത്തു സമാന്തരചിന്തകളിലായിരുന്നു അവര്‍.

ജോര്‍ജുകുട്ടി ചിന്തിച്ചതു മുഴുവന്‍ പീറ്ററിന്‍റെ വീട്ടുകാരുടെ വരവിനെക്കുറിച്ചായിരുന്നു.

എന്തായാലും ബന്ധം തീര്‍ക്കാന്‍ തന്നെയാകും വരവ് എന്നവന്‍ ഉറപ്പിച്ചു. അങ്ങനെയായാല്‍ അത് എങ്ങനെയായിരിക്കണം? പള്ളി അറിഞ്ഞുകെട്ടിയതാണ്. ഒഴിവാക്കുകയാണെങ്കിലും അങ്ങനെതന്നെ വേണം. പക്ഷേ, സമയം എടുക്കില്ലേ?

ഒഴിവായി കഴിഞ്ഞാലും കുടുംബത്തിന്‍റെ മാനക്കേട് എങ്ങനെ പോകാന്‍?

ട്രീസയ്ക്കിനി വേറെ വിവാഹം!?

എന്തായാലും അങ്ങനൊന്നു പ്രതീക്ഷിക്കാന്‍ വയ്യ. കാര്യങ്ങളറിഞ്ഞ പിഴച്ച പെണ്ണിനെ കെട്ടാന്‍ ആരു വരും? വന്നാല്‍ത്തന്നെ ഇതൊക്കെ നടത്തിക്കൊടുക്കാനും ആലോചിച്ചുറപ്പിക്കാനും തന്നെ ഇനി കിട്ടില്ല. നാണം കെട്ടതു കെട്ടു. ഇനീം….

വല്ല പ്രണയവിവാഹോം നടന്നെന്നു വരാം. അങ്ങനെ വന്നാല്‍ അതു മറ്റൊരു പേരുദോഷത്തിനു കാരണമാകും. എങ്ങനുള്ളയാളാണു വരിക എന്നാര്‍ക്കറിയാം. എത്രനാള്‍ പൊറുക്കും എന്നു നിശ്ചയമില്ല. പിന്നീടുള്ള അവസ്ഥ.

ഒന്നും വേണ്ട…

അവള്‍ എവിടേയ്ക്കോ പോണൂ എന്നല്ലേ പറഞ്ഞത്. പോകുന്നിടത്തേയ്ക്കു പോകട്ടെ. പിന്നീട് ഈ വീട്ടിലോട്ട് കേറാന്‍ സമ്മതിക്കാതിരുന്നാ മതി. പുകഞ്ഞ കൊള്ളി പുറത്ത്.

അവള്‍ തന്നിഷ്ടത്തോടെ പോയതല്ല, പുറത്താക്കിയതുതന്നെയാണെന്ന് ആളുകളോടു പറഞ്ഞാല്‍ അല്പം അപമാനത്തിനു ശമനം കിട്ടും.

പക്ഷേ, നിയമത്തിന്‍റെ വഴി വേറെയാകുമോ എന്നു ഭയക്കണം? ഹേയ്! അതിനൊന്നും അവള്‍ പോകത്തില്ല. കടുംകൈ പ്രവര്‍ത്തിച്ചാലും പ്രശ്നം തലയില്‍ വരും. അതോര്‍ത്തപ്പോള്‍ ജോര്‍ജുകുട്ടിക്കു ഭയം തോന്നാതിരുന്നില്ല. എങ്ങാനും അങ്ങനെ വന്നാല്‍…

വെറുതെ അതു ചിന്തിച്ചു വീണ്ടും ഭയപ്പെടാതെ ആഗ്നസ്സിനെക്കുറിച്ചും തന്‍റെ ദാമ്പത്യത്തെക്കുറിച്ചും ആലോചിച്ചു.

ട്രീസ വീടുവിട്ടു പോയാല്‍ അവരെ പോയി കാണണം. ആഗ്നസ്സിനെ കൂട്ടിക്കൊണ്ടു വരണം. വെറുതെ ഈ അഗ്നികുണ്ഡത്തില്‍ കിടന്നു സ്വയം പൊള്ളിച്ചാകാതെ രക്ഷ കണ്ടെത്തണം. ഇനി എന്തൊക്കെ വാക്കുകളാണ് ആ വീട്ടില്‍ നിന്നു കേള്‍ക്കേണ്ടി വരിക എന്നാര്‍ക്കറിയാം…

അതിലുമപ്പുറം പീറ്ററിന്‍റെ വീട്ടില്‍നിന്ന് ആളുകള്‍ എത്തുമ്പോള്‍ ട്രീസ ഇവിടെയില്ലെങ്കില്‍…!? നിയമപരമായി അവര്‍ ഇന്നും ഭാര്യാ-ഭര്‍ത്താക്കന്മാരാണ്. അവളെ വിളിച്ചുകൊണ്ടുവന്നതാണ്. എന്നിട്ട് അവളെവിടെ എന്നു ചോദിച്ചാല്‍ എന്താണ് ഉത്തരം പറയുക!?

അതാലോചിച്ചപ്പോള്‍ ജോര്‍ജുകുട്ടിയില്‍ വെപ്രാളം തിരയടിച്ചു. അവളോട് ഇവിടം വിട്ടു പോകാന്‍ പറ്റില്ലെന്നു പറഞ്ഞാലോ…

ഒരുപക്ഷേ, അവള്‍ നിന്നേക്കും. പിന്നീട് അവളോടുള്ള സമീപനം മാറ്റേണ്ടി വന്നേക്കാം. അവളുടെ ഇടപെടലുകളിലും മാറ്റമുണ്ടായേക്കാം. അതിനി വേണോ?

അതിനുമപ്പുറം ആഗ്നസ്സിന്‍റെ കാര്യത്തിലും നാട്ടുകാരുടെ കാര്യത്തിലും കണ്ടുവച്ച ന്യായങ്ങളൊക്കെ അപ്രസക്തമാകും. അപ്പോള്‍…

എന്ത്… ഏത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ജോര്‍ജുകുട്ടിയുടെ മനസ്സ് ഒരു നിശ്ചയവുമില്ലാതെ ഉഴറിക്കൊണ്ടിരുന്നു.

ആനിയമ്മയുടെ മനസ്സും സ്വസ്ഥമായിരുന്നില്ല. നൊന്തുപെറ്റ കൊച്ചല്ലേ ട്രീസ. വീടുവിട്ടിറങ്ങുന്നു എന്നു യാത്രാമൊഴിപോലെ പറയുമ്പോള്‍ മനസ്സിലുണ്ടാകുന്ന നീറ്റല്‍. ഒരമ്മയുടെ മനസ്സ്. എല്ലാം പൊറുക്കാനല്ലേ കര്‍ത്താവ് പഠിപ്പിച്ചത്. കരുണയുടെ ത്യാഗത്തിന്‍റെ തിരു അവതാരത്തെ വിശ്വസിക്കുന്നവരല്ലേ നമ്മള്‍. എന്നിട്ടും ട്രീസയോടു കരുണ കാണിക്കാന്‍… അവളോടു പൊറുക്കാന്‍ കഴിയാത്തതെന്താണ്?

അല്ലേലും അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോഴും പറയുന്നു. എന്നാല്‍ ശാസ്ത്രീയമായി കണ്ടെത്തിയതാണു ശരി എന്നു മറ്റുള്ളവരും പറയുന്നു. എങ്കിലും തന്‍റെ മനസ്സ് അവളോടു കൂടിയാണ്. അവള്‍ തെറ്റു ചെയ്തു എന്നു വിശ്വസിക്കാന്‍ തനിക്കാവുന്നില്ല. താനവളുടെ അമ്മയായതുകൊണ്ടു മാത്രമാണോ…? ആണെന്നു കരുതുന്നില്ല. മനസ്സ് പറയുന്നതു ട്രീസ തെറ്റുകാരിയല്ലെന്നാണ്.

എങ്കില്‍ തെറ്റു പറ്റിയത് എവിടെയാണ്!?

ഇതെങ്ങാനും താന്‍ ഉച്ചത്തില്‍ പറഞ്ഞുപോയാല്‍ തനിക്കു ഭ്രാന്താണെന്നേ പറയൂ. അല്ലെങ്കില്‍ മകളുടെ തെറ്റിനു കൂട്ടുനില്ക്കുന്ന അമ്മയായേ തന്നെ കാണൂ…

എന്തൊക്കെയാണ് ഈശോയേ ഈ കാണുന്നത്. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണു കുടുംബം. അങ്ങനെ ഇമ്പത്തോടെ കൂടിച്ചേര്‍ന്നു ജീവിച്ച കുടുംബമായിരുന്നു ഇത്. എന്നിട്ടിപ്പോ!?

ആഗ്നസ് അവളുടെ വീട്ടിലേക്കു പോയി. ജോര്‍ജുകുട്ടിയുടെ കുടുംബജീവിതം പ്രശ്നത്തിലായി. അപ്പച്ചന്‍ രോഗിയായി. ട്രീസയെ തെറ്റുകാരിയെന്നു വിധിയെഴുതി. ഇപ്പോള്‍ അവളും വീടുവിട്ടു പോകാന്‍ തുനിയുന്നു.

ഈശോയെ ഇനി എന്തൊക്കെയാണു കാണേണ്ടിവരിക, അനുഭവിക്കേണ്ടി വരിക.

ഈ പുത്തന്‍വീട്ടുകാര്‍ക്ക് ഇത്രമേല്‍ ശിക്ഷയെന്തിനാണാവോ? ആനിയമ്മയുടെ മനസ്സ് കലങ്ങിമറിഞ്ഞുകൊണ്ടേയിരുന്നു.

****************

നേരം പുലര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. മഠത്തിലേക്ക് ഒരു മദ്ധ്യവയസ്സ് കഴിഞ്ഞ സ്ത്രീ കടന്നു വന്നു. മുഖത്തു കുറ്റബോധം നിഴലിട്ടിരുന്നു. ശരീരത്തില്‍ രോഗത്തിന്‍റെ ശേഷിപ്പ്. പ്രസന്നത തീരെയില്ല. കണ്ണുകളില്‍ എന്തോ പടര്‍ പ്പ്.

മഠത്തിലെത്തിയ അവര്‍ ചോദി ച്ചു: "മറിയം സിസ്റ്ററെ ഒന്നു കാണാന്‍ പറ്റ്വോ?…?"

"എവിടുന്നാ വരുന്നേ…?"

"കുറച്ചകലേന്നാ…" – അവര്‍ പറഞ്ഞു.

അകലത്തുനിന്ന് ഇത്ര വെളുപ്പിന് ഇവര്‍ എന്തിന്, എങ്ങനെ എത്തി.

"പ്രാര്‍ത്ഥന കഴിഞ്ഞ് ഇപ്പം വരും; ഇരിക്ക്…"

അവര്‍ സന്ദര്‍ശനമുറിയിലെ കസേരയില്‍ ഇരുന്നു.

"ആരാണെന്നു പറയണം…?"

"എന്നെ അറിയില്ല… ഒരാള്‍ എന്നു മാത്രം സിസ്റ്ററോട് പറഞ്ഞാല്‍ മതി."

ദുരൂഹതയുമായി അവര്‍ മറിയം സിസ്റ്ററെ കാത്തിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org