തീരാമഴ – അധ്യായം 25

തീരാമഴ – അധ്യായം 25

വെണ്ണല മോഹന്‍

സിസ്റ്റര്‍ മറിയം വിസിറ്റിങ്ങ് റൂമിലെത്തി. കാത്തിരുന്ന സ്ത്രീ തൊഴുകൈകളുമായി സിസ്റ്ററിന്‍റെ മുന്നില്‍ ചെന്നു നിന്നു.

"നിങ്ങള്‍ ആരാ…?" – മറിയം ചോദിച്ചു.

"എന്‍റെ പേര് ആലീസ്. പേരു പറഞ്ഞതുകൊണ്ട് സിസ്റ്റര്‍ക്ക് എന്നെ മനസ്സിലാകണമെന്നില്ല."

അവരുടെ ശബ്ദം ഇടറിയിരുന്നു. തൊഴുതുപിടിച്ചിരു ന്ന കൈകള്‍ വിറച്ചിരുന്നു. ആകെ ഒരു വിവശത.

"ഇരിക്കൂ…" – സിസ്റ്റര്‍ പറഞ്ഞു.

മടിച്ചുമടിച്ചാണെങ്കിലും ആലീസ് ഇരുന്നു.

ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം അവര്‍ ആകെ അങ്കലാപ്പിലാണെന്ന്.

"എന്തിനാ എന്നെ കാണാന്‍ വന്നത്? എന്നെ പരിചയമുണ്ടോ?" – അവരെ ആപാദചൂഢം നോക്കിക്കൊണ്ട് മറിയം ചോദിച്ചു.

"അറിയാം. എനിക്കു സിസ്റ്ററിനെ അറിയാം. ഞാന്‍ അധികകാലം ആയുസ്സില്ലാത്ത ഒരു കാന്‍സര്‍രോഗിയാണ്. ചില സത്യങ്ങള്‍ പറയാതെ എനിക്ക് ഈ ഭൂമിയില്‍ നിന്നും മടങ്ങാനാവില്ലെന്നു തോന്നി. എല്ലാം പറഞ്ഞ് എന്‍റെ ഹൃദയഭാരം ഇറക്കിവയ്ക്കണം. മരണമെങ്കിലും ശാന്തമാകണം."

ആലീസ് പറയുന്നതിനെപ്പറ്റി പ്രത്യേകിച്ചൊന്നും മനസ്സിലാക്കാനാകാതെ മറിയം കേള്‍വിക്കാരിയായി ഇരുന്നു.

"മാപ്പര്‍ഹിക്കാത്ത കുറ്റമാണു ഞാന്‍ ചെയ്തത്. എങ്കിലും എനിക്കു പറഞ്ഞേ തീ രൂ…" – അവര്‍ വല്ലാതെ കിതച്ചു.

"എനിക്കു സിസ്റ്ററിനെ അറിയാവുന്നത് ആശുപത്രിയില്‍വച്ചാണ്."

"ആശുപത്രിയില്‍ വച്ചോ!?" – മറിയം അത്ഭുതപ്പെട്ടു.

"അതെ സിസ്റ്ററിന്‍റെ സഹോദരി ട്രീസ പ്രസവിച്ചു കിടന്നപ്പോള്‍ അവിടെ സി സ്റ്റര്‍ വന്നിട്ടില്ലേ…?"

"ഉവ്വ്…"

"അവിടത്തെ നഴ്സായിരുന്നു ഞാന്‍. പ്രസവമുറിയിലെ നേഴ്സ്…"

പിന്നെ എന്തൊക്കെയോ പറയാന്‍ വെമ്പി ഒന്നും പറയാനാകാതെ ആലീസ് കിതച്ചു.

"കുടിക്കാന്‍ വല്ലതും വേണോ…?" – മറിയം ആ അവശത കണ്ടു ചോദിച്ചു.

"കുറച്ചു വെള്ളം കിട്ടിയാല്‍ കൊള്ളാമായിരുന്നു" – അവര്‍ കിതപ്പോടെ പറഞ്ഞു.

സിസ്റ്റര്‍ സന്ദര്‍ശനമുറിയിലെ കൂജയില്‍ നിന്നും തണുത്ത വെള്ളം ഗ്ലാസില്‍ പകര്‍ന്ന് അവര്‍ക്കു നല്കി. അവര്‍ അതു കുടുകുടാ ഇറക്കി.

"ഇനി…?"

വേണ്ട എന്നു കൈകൊണ്ട് ആംഗ്യം കാണിച്ചു.

ഒന്ന് റിലാക്സ് ചെയ്തശേഷം അവര്‍ തുടര്‍ന്നു: "ആ ആശുപത്രി ഇന്നില്ല. ട്രീസയൊക്കെ പ്രസവിച്ചശേഷം പിറ്റേ മാസം അതു പൂട്ടി."

"അറിയാം."

"നടത്തിയിരുന്ന ഡോക്ടര്‍ കുടുംബസമേതം അമേരിക്കയിലേക്കു പോയി."

"അതും അറിയാം."

"ഞാന്‍ ജോലിക്കായി ഗള്‍ഫിലേക്കാണു പോയത്. അതിനുമുമ്പേ നിങ്ങളെ വന്നു കാണണമെന്നുണ്ടായിരുന്നു."

"എന്തിന്?"

അതിനു മറുപടി പറയാതെ ആലീസ് പറഞ്ഞു: "ഗള്‍ഫില്‍വച്ചാണ് അര്‍ബുദം സ്ഥിരീകരിച്ചത്. മാറാവുന്ന സ്റ്റേജ് കഴിഞ്ഞു. മരണം എന്നും എത്താം. അതുകൊണ്ടുതന്നെ എന്തും വരട്ടെ എന്നു കരുതിയാണ് വന്നത്."

"കാര്യം പറയൂ…"

"ഞാന്‍ പറഞ്ഞല്ലോ ട്രീസയുടെ പ്രസവത്തിനു മുറിയിലുണ്ടായിരുന്ന ചീഫ് നേഴ്സ് ഞാനായിരുന്നെന്ന്."

"ങും…"

"അതു ട്രീസയുടെ കുട്ടിയല്ല അടുത്തുണ്ടായിരുന്ന മാത്യുവിന്‍റെ ഭാര്യ ഗ്രീനിയുടെ കുട്ടിയാണ്" – പെട്ടെന്നുതന്നെ ആലീസ് പറഞ്ഞു.

മറിയത്തിന്‍റെ മനസ്സില്‍ ഇടിമുഴങ്ങി; തീരാമഴ കാഹളം മുഴക്കുന്നു.

"എന്ത്!!?"

"കര്‍ത്താവാണേ സത്യം. അന്നു കുട്ടികളുടെ കയ്യില്‍ പേരെഴുതിവച്ച ബാന്‍ഡേജ് മാറിപ്പോയി. പിന്നീട് അതു പറയാവുന്ന അവസ്ഥയിലല്ലാതായി. എന്‍റെ പിഴ; എന്ത് ചെയ്യും. ഞാനിപ്പോള്‍ ഇതു തുറന്നുപറയുകയാണ്. യഥാര്‍ത്ഥത്തില്‍ ട്രീസയുടെ കുട്ടി മാത്യുവിന്‍റെ വീട്ടിലുണ്ട്. വിലാസം ഇതാണ്."

കയ്യില്‍ ചുരുട്ടിപ്പിടിച്ചിരു ന്ന വിലാസം എഴുതിയ കടലാസ് മറിയത്തിനു നേരെ നീട്ടി.

മറിയം കടലാസ് വാങ്ങി. "കര്‍ത്താവേ…" – ആ ചുണ്ടുകള്‍ മന്ത്രിച്ചു.

"ഈ അപരാധത്തിന് എനിക്കു മാപ്പില്ലെന്നറിയാം. എങ്കിലും എല്ലാം പൊറുക്കുന്ന തമ്പുരാനോട് ഇതും പൊറുക്കണമെന്നു ഞാന്‍ മരിച്ചാലെങ്കിലും പ്രാര്‍ത്ഥിക്കണം."

അര്‍ദ്ധപ്രജ്ഞയായി ഇരുന്നിരുന്ന മറിയത്തിന് ഒന്നും പറയാന്‍ ത്രാണിയുണ്ടായിരുന്നില്ല. ഒരു യാത്ര പറയലിനുപോലും ആലീസ് നിന്നില്ല. തന്‍റെ ദൗത്യം നിര്‍വഹിച്ചുകഴിഞ്ഞു എന്ന മട്ടില്‍ അവര്‍ എഴുന്നേറ്റു.

സന്ദര്‍ശകമുറി വിട്ട് അവര്‍ പുറത്തേയ്ക്കു നടന്നു. അവരോട് ഒന്നും പറയാനാകാതെ ആ നടപ്പും നോക്കി മറിയം തരിച്ചിരുന്നു!!!

മറിയം ടെലഫോണ്‍ വിളിച്ചല്ല; നേരിട്ടുതന്നെ ചെന്നറിയിക്കാനാണു പുത്തന്‍വീട്ടിലേക്കു ചെന്നത്.

ട്രീസ കുട്ടിയെയുമെടുത്തു വീടുവിട്ടിറങ്ങാന്‍ തുടങ്ങുമ്പോഴാണു മറിയം അവിടേക്കെത്തിയത്.

"ഞാന്‍ അവിടെ വന്നു കാണാമെന്നാണു കരുതിയത്" – ട്രീസ പറഞ്ഞു.

"നീ എവിടേക്ക് പോണൂ?" – മറിയം ചോദിച്ചു.

"ഇവിടം വിട്ടു പോകുന്നു" – മറ്റൊന്നും പറയാന്‍ ട്രീസ നിന്നില്ല.

മറിയം അറിയാതെ പൊട്ടിക്കരഞ്ഞുപോയി. ട്രീസയെ കെട്ടിപ്പിടിച്ചു.

"നീ… നീ… പരിശുദ്ധയാണ് മോളെ… പരിശുദ്ധ."

ട്രീസയ്ക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും മറിയത്തിന്‍റെ ശബ്ദവും കരച്ചിലും കേട്ട് ആനിയമ്മയും ജോര്‍ജുകുട്ടിയും പുറത്തേയ്ക്കു വന്നു.

മറിയം അപ്പോഴും കരയുകയായിരുന്നു. മറിയത്തിന്‍റെ കരച്ചില്‍ കണ്ടു കാര്യമറിയാതെ ട്രീസയും കരഞ്ഞു.

"എന്താ… എന്താണുണ്ടായത്?" – ആനിയമ്മ ചോദിച്ചു.

"നിങ്ങളിവളെ അകത്തേയ്ക്കു കാലുകഴുകിയാണു കയറ്റേണ്ടത്" – മറിയം വിങ്ങിക്കൊണ്ടു പറഞ്ഞു.

"ട്രീസ അകത്തേയ്ക്കു തിരിച്ചുകയറ്…" – മറിയം പറഞ്ഞു.

"വേണ്ട… വച്ചകാല്‍ പിന്നോട്ടു വേണ്ട…"

"വേണം… ഇതു പിന്നോട്ടും മുന്നോട്ടുമുള്ള കാലല്ല. കര്‍ത്താവിന്‍റെ പരീക്ഷണം കഴിഞ്ഞു നീ വിജയശ്രീലാളിതയായതിന്‍റെ തുടക്കം."

അതും മനസ്സിലായില്ല ആര്‍ക്കും.

മറിയം വിതുമ്പലോടെ ആലീസ് പറഞ്ഞ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ആലീസ് നല്കിയ വിലാസം അവരെ ഏല്പിച്ചു.

"ഞാനന്വേഷിച്ചു. പറഞ്ഞതുപോലെ നവീന്‍റെ പ്രായമുളള ഒരു കുഞ്ഞ് അവിടെയുണ്ട്. നിങ്ങള്‍ക്കും അന്വേഷിക്കാം; കാര്യങ്ങള്‍ മനസ്സിലാക്കാം."

സ്ഫോടനമായിരുന്നു!

ഓരോരുത്തരുടെയും നെഞ്ചറകളില്‍ സ്ഫോടനം!!

"ഇവനെ ഞാന്‍ ആര്‍ക്കുംകൊടുക്കില്ല. എന്‍റെ ചോരയില്‍ പിറന്ന അവനെ എനിക്കു വേണം" – ഒരമ്മയുടെ മനസ്സോടെ ട്രീസ പറഞ്ഞു.

"അതിനു വഴി കര്‍ത്താവ് കാണിക്കട്ടെ…"

ജോര്‍ജുകുട്ടി ട്രീസയുടെ കൈകളില്‍ കൂട്ടിപ്പിടിച്ചു.

"ഞാന്‍ തെറ്റിദ്ധരിച്ചല്ലോ… പാപിയാ ഞാന്‍… പാപിയാ…"

അല്പസമയത്തെ നിശ്ശബ്ദത.

എന്തോ പറയാന്‍ തുനിഞ്ഞ ആനിയമ്മയ്ക്ക് ഒന്നും പറയാനായില്ല. പക്ഷേ, പൊട്ടിക്കരഞ്ഞുപോയി അവര്‍.

ട്രീസ അഗ്നിശുദ്ധി വരുത്തിയവളെപ്പോലെ തിരിച്ചു വീട്ടിലേക്കു കയറി. നവീന്‍ ചിരിച്ചു കളിക്കുന്നു.

കുട്ടിയെ മറിയം എടുത്തു. വീണ്ടും ട്രീസ തിരുഹൃദയത്തിന്‍റെ മുന്നില്‍ മുട്ടുകുത്തി.

"നീ… നീ…. എത്രയോ വലിയവന്‍…"

"പീറ്ററളിയന്‍റെയും വീട്ടുകാരുടെയും അടുത്തേയ്ക്ക് ഞാനിപ്പോത്തന്നെ പോകുവാ…." – വര്‍ദ്ധിതമായ ആവേശത്തോടെ ജോര്‍ജുകുട്ടി പറഞ്ഞു.

"നീ ചെല്ല്… ക്ലീറ്റസിനെയും നീനയെയും ഞാന്‍ വിളിച്ചുപറയാം" – ആനിയമ്മ പറഞ്ഞു.

"അവര്‍ ഇതൊക്കെ വിശ്വസിക്കണം എന്നുണ്ടോ?" – സന്ദേഹത്തോടെ ജോര്‍ജുകുട്ടി.

"ഇതു പണ്ടാരാണ്ടും പറഞ്ഞതുപോലെയായല്ലോ… എടാ ആ ശാസ്ത്രീയപരീക്ഷണം അവര്‍ക്കും സമ്മതമാണേല്‍ നടത്താല്ലോ" – ആനിയമ്മ ബുദ്ധിമതിയെപ്പോലെ പറഞ്ഞു.

"എന്നിട്ട്…?"

ബാക്കി പറയാന്‍ വന്നതു വിഴുങ്ങി ജോര്‍ജുകുട്ടി. എന്താണതെന്ന് ഊഹിച്ച മറിയം പറഞ്ഞു: "ഇത്രയും കര്‍ത്താവു നിശ്ചയിച്ചതു നടന്നെങ്കില്‍ ഇനിയും അവിടുന്നു നിശ്ചയിക്കുന്നതു നടക്കട്ടെ."

ജോര്‍ജുകുട്ടി പീറ്ററിന്‍റെ വീട്ടിലേക്കു പോകാന്‍ തയ്യാറെടുത്തു. ആനിയമ്മ നമ്പര്‍ നോക്കിയെടുത്തു ക്ലീറ്റസിനെ വിളിക്കാന്‍ തുനിഞ്ഞു.

അപ്പോഴും മുട്ടില്‍ നിന്നു ട്രീസ പ്രാര്‍ത്ഥിച്ചു.

ജോര്‍ജുകുട്ടി ചെന്നു പറഞ്ഞപ്പോള്‍ അത്രയൊന്നും വിശ്വസിക്കാന്‍ പീറ്ററിന്‍റെ വീട്ടുകാര്‍ക്കു കഴിഞ്ഞില്ല. എങ്കിലും എന്തോ അവരില്‍ സന്തോഷംതന്നെയാണു നിറഞ്ഞത്.

"നാളെ നമുക്കു മാത്യുവിന്‍റെ വീടുവരെ പോകാം"- ജോര്‍ജുകുട്ടിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

അന്നു രാത്രി ട്രീസ ശാന്തമായി ഉറങ്ങി; പീറ്ററും.

പിറ്റേന്ന്, മാത്യുവിന്‍റെ വീട്ടിലേക്കു പോകും വഴി ഒരു ആംബുലന്‍സ് എതിരെ വരുന്നുണ്ടായിരുന്നു.

ആംബുലന്‍സില്‍ മരണപ്പെട്ട ആളുടെ ചിത്രം ഫ്ളെക്സിലാക്കി ഒട്ടിച്ചിരിക്കുന്നു.

ആളെ മറിയം തിരിച്ചറിഞ്ഞു.

"ഓ… ദൈവമേ…" – മറിയം വിളിച്ചുപോയി.

അത്… ആലീസിന്‍റെ ചിത്രമായിരുന്നു.

ഒരു നിമിഷം കണ്ണടച്ചു മറിയം പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവേ…. നീ അവളെ നിന്നോടു ചേര്‍ത്തു നിര്‍ത്തണമേ…"

മാത്യുവിന്‍റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ലായിരുന്നു. എങ്കിലും കാര്യങ്ങളെല്ലാം അറിയിച്ചശേഷമായിരുന്നു അവരുടെ ചെല്ലല്‍.

ആദ്യകാറില്‍ മറിയം, ജോര്‍ജുകുട്ടി, ട്രീസ നവീന്‍; രണ്ടാമത്തെ കാറില്‍ പീറ്റര്‍, അമ്മച്ചി, ക്ലീറ്റസ്, നീന.

രണ്ടു കാറും മാത്യുവിന്‍റെ ഗെയ്റ്റ് കടന്ന് അകത്തേയ്ക്കു കയറി.

അധികം സമ്പന്നമല്ലാത്ത ഒരു കൊച്ചു വീട്. ശരാശരിക്കും താഴെയാണു ജീവിതം എന്ന് ആ വീടു കണ്ടാല്‍ ബോദ്ധ്യപ്പെടും.

എന്തായാലും അവര്‍ കാത്തിരിക്കുകയായിരുന്നു. അംഗസംഖ്യ ഏറെയുള്ള കുടുംബം. പരിചയപ്പെടാനൊന്നും നിന്നില്ല. ട്രീസ അകത്തേയ്ക്ക് ഓടിക്കയറി.

"എവിടെ കുഞ്ഞ്?" – അവള്‍ ചോദിച്ചു.

ഗ്രീനി തൊട്ടില്‍ ചൂണ്ടിക്കാണിച്ചു.

തൊട്ടിലില്‍ കിടന്നുറങ്ങുന്ന ആ കുഞ്ഞിനെ ഒരു കാറ്റിന്‍റെ വേഗതയില്‍ ചെന്നു കണ്ടു ട്രീസ. പീറ്ററിന്‍റെ അതേ ഛായയുള്ള ഒരു കുഞ്ഞ്; നിറം അധികമില്ല."

"ഒരു കണ്ണിനു കാഴ്ച പ്രശ്നമുണ്ട് എന്നാണു ഡോക്ടര്‍ പറഞ്ഞത്" – മാത്യു പറഞ്ഞു.

ഒന്നും ട്രീസ കേട്ടില്ല. നവീനെ ജോര്‍ജുകുട്ടിയെ ഏല്പിച്ചു ട്രീസ കുഞ്ഞിനെ വാരിയെടുത്തു.

തിരിഞ്ഞുനോക്കുമ്പോള്‍ ഗ്രീനി നവീനെ ജോര്‍ജുകുട്ടിയില്‍ നിന്നും വാങ്ങി എടുത്തിരിക്കുന്നു.

"അല്ല; നമുക്കിതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ ഡിഎന്‍എ ടെസ്റ്റോ മറ്റോ നടത്താം"- ക്ലീറ്റസ് പറഞ്ഞു.

"എന്തു സംശയം. പക്ഷേ, ഒരു കാര്യം ഞങ്ങള്‍ വളര്‍ത്തിയ കുട്ടിയെ ഞങ്ങള്‍ക്കു വേണം" – മാത്യുവും ഗ്രീനിയും ഒരുമിച്ചാണു പറഞ്ഞത്. അപ്പോള്‍ ക്ലീറ്റസ് ചിരിച്ചുകൊണ്ടു ചോദിച്ചു: "നിങ്ങടെ ഈ കുഞ്ഞിനെ വേണ്ടേ?"

ഒരു നിമിഷം മൂകമായി അവര്‍. അടുത്ത നിമിഷം ഗ്രീനിയാണ് ഉത്തരം പറഞ്ഞത്: "വേണം; കുഞ്ഞിനെ വേണം."

"അതുതന്നാ ട്രീസയുടേം ആവശ്യം" – മറിയം ഓര്‍മിപ്പിച്ചു.

"നടക്കാത്ത കാര്യം" – ജോര്‍ജുകുട്ടിക്ക് അത്രേ പറയാന്‍ കഴിഞ്ഞുള്ളൂ.

"അങ്ങനെ കരുതണ്ട… നമുക്കൊരു വഴി തേടാം. മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് കാട്ടിത്തരാത്ത ഒരു വഴീം ഈ ഭൂമീലില്ല" – അമ്മച്ചിയാണതു പറഞ്ഞത്.

"രണ്ടു ദിവസം നമുക്ക് ഇരുകൂട്ടര്‍ക്കും ആലോചിക്കാം. ഒരു തീരുമാനമെടുക്കാന്‍ ശ്രമിക്കാം; എന്താ…?" – ക്ലീറ്റസ് ചോദിച്ചു.

കുഞ്ഞുങ്ങളെ ട്രീസയ്ക്കും ഗ്രീനിക്കും ഒഴിവാക്കാന്‍ വയ്യാത്ത അവസ്ഥ. എന്തായാലും ഇത്രേം നാള്‍ നിന്നില്ലേ. ഇനി രണ്ടു ദിവസം കൂടി ക്ഷമിക്ക്" – നീന പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവര്‍ മടങ്ങി.

പിറ്റേന്നാണു മറിയം ചോദിച്ചത്: "എന്തുകൊണ്ടു കുഞ്ഞുങ്ങള്‍ക്കു പെറ്റമ്മയും പോറ്റമ്മയും പാടില്ല. ട്രീസയ്ക്കു രണ്ടു കുഞ്ഞുങ്ങള്‍… ഗ്രീനിക്കും അങ്ങനെ… നവീനെ നമുക്കു വളര്‍ത്താം… അവര്‍ ആ കുഞ്ഞിനെയും വളര്‍ത്തട്ടെ… അവകാശം പങ്കുവയ്ക്കട്ടെ. ഇരുവരും ചേര്‍ന്നു കുഞ്ഞുങ്ങളുടെ പോരായ്മകള്‍ പരിഹരിക്കട്ടെ… എന്താ…?"

മറിയത്തിന്‍റെ അഭിപ്രായം നന്ന്.

പക്ഷേ….

"അല്ല; ഇനി… ട്രീസയുടെ കാര്യം…" – നീനയുടെ ചോദ്യത്തിനു മുന്നില്‍ പീറ്റര്‍ സന്തുഷ്ടനായെങ്കിലും ട്രീസ തലകുനിച്ചു.

അവളുടെ മനസ്സില്‍ അപ്പോഴും മഴ തോര്‍ന്നിരുന്നില്ല; തീരാമഴയായി പെയ്തു തിമിര്‍ക്കുകയായിരുന്നു.

കര്‍ത്താവിലേക്ക് അവള്‍ മനസ്സര്‍പ്പിച്ചു നിന്നു; ഒരു ഉള്‍വിളിക്കായി.

(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org