തീരാമഴ – അധ്യായം 3

തീരാമഴ – അധ്യായം 3

വെണ്ണല മോഹന്‍

ട്രീസ ഓര്‍ക്കുകയായിരുന്നു, വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിലേക്കുതന്നെ വന്നു ജോലിയില്‍ പ്രവേശിച്ചതു തന്നോടുള്ള ഇഷ്ടമായിരുന്നുവോ?

ഒരര്‍ത്ഥത്തില്‍ ഇഷ്ടംതന്നെ. ഇഷ്ടം സംശയമോ ഭ്രാന്തോ ആയി തീരുന്നതുപോലെ.

വിദേശത്തായിരുന്നപ്പോള്‍ വിളിക്കുമ്പോള്‍ ചോദ്യം മറ്റു പലരെക്കുറിച്ചുമായിരിക്കും. വിശേഷം വിദേശത്തുള്ള ഭര്‍ത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാരെക്കുറിച്ചും.

വീഡിയോകോളിലൂടെ കണ്ടാല്‍ ആദ്യചോദ്യം നീ മേയ്ക്കപ്പിട്ടോ. പൗഡറിട്ടോ എന്നൊക്കെയാകും. ഇല്ലെന്നു പറഞ്ഞാലും അത്ര വിശ്വാസം വരത്തില്ല. പിന്നെ കോംപ്ലക്സിന്‍റെ ഒരു ആത്മഗതം.

"അല്ലേലും നീ സുന്ദരിയാണല്ലോ."

പണ്ടു പറഞ്ഞുകേട്ടിട്ടുണ്ട്. ചില ഗുണങ്ങള്‍ ശത്രുക്കളായി തീരാറുണ്ടെന്ന്. കുയിലിന്‍റെ മധുരശബ്ദവും തത്തയുടെ സൗന്ദര്യവുമാണത്രേ അവയുടെ ശത്രു. അതു കൊണ്ട് അവയെ പിടിച്ചു കൂട്ടിലടയ്ക്കുന്നു. ശബ്ദമാധുര്യമില്ലാത്ത ഭംഗിയില്ലാത്ത കാക്കയോ സ്വതന്ത്രമായി നടക്കുന്നു.

ആടിന്‍റെ മാംസത്തിന്‍റെ രുചി അതിനെ മറ്റുള്ളവരുടെ ഭക്ഷണമാക്കി തീര്‍ക്കുന്നു.

ഇവിടെ തന്‍റെ സൗന്ദര്യം ശത്രുവായി തീരുകയാണോ…?

ഹേയ്, അതല്ല. ഇതു സംശയരോഗമാണ്.

ഗള്‍ഫ് വിട്ടു വന്നപ്പോള്‍ പീറ്റര്‍ ആളുകളോടൊക്കെ പറഞ്ഞു: "എനിക്കു ട്രീസയെ പിരിഞ്ഞിരിക്കാന്‍ പറ്റത്തില്ല. ഏതായാലും ഇവിടെ ജോലിയുണ്ടല്ലോ. ലീവെടുത്തു പോയതല്ലേ; ലീവ് ക്യാന്‍സല്‍ ചെയ്ത് ഇനിയും കയറാമല്ലോ."

പക്ഷേ, വന്ന ഉടനെ പരിശോധനയായിരുന്നു, അന്വേഷണങ്ങളായിരുന്നു. ട്രീസ ആരോടൊക്കെ സംസാരിച്ചിരുന്നു? ആരെയൊക്കെ കണ്ടിരുന്നു?

ഒരിക്കല്‍ ഈ സംശയരോഗത്തെക്കുറിച്ച് അമ്മച്ചിയോടു പറഞ്ഞതാണ്.

ആനിയമ്മ അപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. "ഇതു പണ്ടാരാണ്ടോ പറഞ്ഞപോലായി. മോളെ നിന്നോടുള്ള സ്നേഹംകൊണ്ടല്ലേ ഇത്. നീ അവനു നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ്."

ശരിയായിരിക്കാം.

പക്ഷേ,

ഒരു സംശയക്കാരന്‍റെ ഭാര്യ അനുഭവിക്കുന്ന വിഷമം എന്തേ ഇവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ പിന്നീടൊന്നും പറയാനും നിന്നില്ല.

ഗള്‍ഫില്‍ നിന്നു വന്നതുതന്നെ അറിയിക്കാതെയായിരുന്നു. ഫ്ളൈറ്റ് ഇറങ്ങിയതു വൈകുന്നേരം. എന്നിട്ടും വൈകി എത്താനായി കാത്തു; രാത്രി അപ്രതീക്ഷിത വരവ്.

പിന്നീടുള്ള രാത്രികളില്‍ എന്തോ ശ്രദ്ധിച്ചുകൊണ്ടുള്ള കിടപ്പ്… എല്ലാം അരോചകം.

ഒരു സ്ത്രീയും ഒരിക്കലും സഹിക്കാത്ത കാര്യമാണു അവളെ സംശയിക്കുന്നു എന്നത്. അതിനെക്കുറിച്ചെങ്ങാനും ചോദിച്ചാലോ ഉടനെ മറുപടി വരും.

"നിന്നെ ഞാന്‍ സംശയിക്കുന്നെന്നോ. വെറുതെ ഭ്രാന്തു പറയാതെ… പിന്നെ കേട്ടിട്ടില്ലേ ഒരു ചൊല്ല്."

"എന്തു ചൊല്ല്…?"

"ചിക്കാത്ത കോഴി ഉണ്ടെങ്കിലേ കക്കാത്ത പെണ്ണുങ്ങളുണ്ടാകൂ… എന്ന്."

കേള്‍ക്കുമ്പോള്‍ അരിശം വരും.

ഇത്രയൊക്കെ വിദ്യാഭ്യാസം ഉണ്ടായിട്ടും കാലം മാറിയിട്ടും ചിന്ത ഇപ്പോഴും ഇങ്ങനെയോ?

വിദേശ വസ്ത്രങ്ങള്‍ ഒത്തിരി കൊണ്ടുവന്നു. ഒരു സാരിപോലും തനിക്കു തന്നില്ല. "നിനക്കെന്തിനാ ഫോറിന്‍ സാരി. നല്ല ഇന്ത്യന്‍ സാരികളുണ്ടല്ലോ. അതാ നിനക്ക് ഇണങ്ങുന്നത്."

കൊണ്ടുവന്നതെല്ലാം മറ്റുള്ളവര്‍ക്കു പങ്കിട്ടു. അനിഷ്ടമൊന്നും താന്‍ കാണിച്ചുമില്ല.

ഇടവകയിലെ പള്ളിപ്പെരുന്നാളിനു പോകാന്‍ നേരം. നാത്തൂന്മാരും അമ്മച്ചീമൊക്കെ പീറ്റര്‍ കൊണ്ടുവന്ന വസ്ത്രങ്ങളും അണിഞ്ഞിറങ്ങി. നാത്തൂന്‍റെ സാരി കണ്ടപ്പോള്‍ കൊതി തോന്നിപ്പോയി. താനും ഒരു പെണ്ണല്ലേ. എങ്കിലും കെട്ടിയവനിഷ്ടമില്ലാത്തു തനിക്കു വേണ്ട.

നീനയാണെന്നു തോന്നുന്നു ചോദിച്ചത്, "എന്താ പുതിയത് എടുത്തുടുക്കായിരുന്നില്ലേ? ഇടവകേലെ പെരുന്നാള് എന്നുവച്ചാ നമ്മുടേം പെരുന്നാളാ…"

താന്‍ ഒന്നും മറുപടി പറയാതെ നിന്നപ്പോള്‍ പീറ്റര്‍ എടുത്തുചാടി പറഞ്ഞു.

"ഓ… ആരെ കാണിക്കാനാ… എനിക്കിഷ്ടം അവള്‍ ഈ സാരി ഉടുക്കുന്നതാ. അതാ അവളിത് ഉടുത്തത്."

അപ്പോഴും താന്‍ മൗനം അവലംബിച്ചു.

നീന ചിരിച്ചു.

പിന്നെ, എപ്പോഴോ എങ്ങനെയൊക്കെയോ ലോകം അറിയുകയായിരുന്നു, പീറ്ററിനു ട്രീസയെ സംശയമാണ്.

ഗ്രാമമല്ലേ-

എന്തും അറിയാം, എങ്ങനെയും അറിയാം; ഇല്ലാത്തതും കേള്‍ക്കാം.

പണ്ടെങ്ങോ എഴുതിയ ഒരു പിഎസ്സി ടെസ്റ്റിന്‍റെ ഫലമെത്തി.

ഒരു എല്‍.ഡി. ക്ലര്‍ക്കിന്‍റെ തൊഴില്‍. വല്ലാത്ത സന്തോഷം തോന്നി. മടുപ്പിക്കുന്ന ഈ അന്തരീക്ഷം അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങള്‍. ഒരു തൊഴില്‍, സ്വയംപര്യാപ്തത.

പീറ്ററിനോട് അഭിമാനത്തോടെ സന്തോഷത്തോടെ വിവരം പറഞ്ഞപ്പോള്‍ മറുപടി ഒരു തണുത്ത മൂളലായിരുന്നു. അനുവാദം ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു.

"ഇവിടെ നീ ജോലി ചെയ്തു ജീവിക്കേണ്ട അവസ്ഥയില്ല. ഞാന്‍ ജോലിക്കു പോണുണ്ട്. ആവശ്യത്തിനു കഴിയാനുള്ള വകയുമുണ്ട്. പിന്നെന്തിനാ നിനക്കൊരു ജോലി? കണ്ടവരെ മോഹിപ്പിച്ചു പിന്നാലെ നടത്താനോ?"

ഹൃദയത്തില്‍ കണ്ണീര്‍കിളി കുറുകി.

വേറൊന്നും പറഞ്ഞില്ല. ജോലിയായെന്ന കാര്യം വീട്ടിലും അറിഞ്ഞിരുന്നു. എന്നാ ജോയിന്‍ ചെയ്യുന്നത്? ഏതാ ഡിപ്പാര്‍ട്ടുമെന്‍റ്…? ഒട്ടേറെ അറിയാനുള്ള താത്പര്യമായിരുന്നു തോമസിന്.

"ഇല്ല അപ്പച്ചാ, ഞാന്‍ പോണില്ല. എനിക്കിപ്പോ ജോലിക്കു പോകാനുള്ള ഒരു മൂഡുമില്ല" – ട്രീസ തോമസിനോടു പറഞ്ഞു.

അതറിഞ്ഞ ആനിയമ്മ പ്രതികരിച്ചു: "അതല്ല, കെട്ടിയോന്‍റെ തണലില്‍ അവള് സന്തോഷം കണ്ടുപോയി."

അതിനു മറുപടി പറഞ്ഞില്ല, ട്രീസ.

പക്ഷേ, പൊല്ലാപ്പായിപ്പോയത് പിന്നീടാണ്. പീറ്ററിന്‍റെ സുഹൃത്ത് മാനുവല്‍ ഇത് എങ്ങനെയോ അറിഞ്ഞിരുന്നു. ഒരുപക്ഷേ പീറ്റര്‍ പറഞ്ഞിട്ടാകാനേ തരമുള്ളൂ.

ഞായറാഴ്ച രാവിലെത്തെ കുര്‍ ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പള്ളി മുറ്റത്തെ നാട്ടു മാവിന്‍ ചുവട്ടില്‍ മാനുവല്‍ നിന്നിരുന്നു.

"ട്രീസ… ജോലിയൊക്കെ ആയീന്ന് അറിഞ്ഞു."

"ഞാനതു വേണ്ടെന്നു വ ച്ചു."

"ങും… എന്തു പറ്റി…!?"- മാനുവല്‍ അത്ഭുതപ്പെട്ടു.

"ഇക്കാലത്ത് ഒരു സര്‍ക്കാര്‍ ജോലി എന്നൊക്ക പറയുന്നത് അപൂര്‍വത്തില്‍ അപൂര്‍വമാ. ഭാഗ്യക്കുറി കിട്ടുന്നതിനേക്കാള്‍ പ്രയാസമാ. അപ്പോ ജോലി വേണ്ടാന്നുവയ്ക്കണതെന്താണ്? ബുദ്ധിമോശം കാണിക്കരുത്."

മാനുവല്‍ പീറ്ററിന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. അതുകൊണ്ടുതന്നെ ഒരു മറവും കൂടാതെ പറഞ്ഞു: "ഇച്ചായനു താത്പര്യമില്ല. അതുകൊണ്ടാ വേണ്ടെന്നുവച്ചത്."

"ശ്ശെടാ… കൊള്ളാമല്ലോ. അവനിതെന്തിന്‍റെ സൂക്കേടാ. ഞാന്‍ അവനെ കണ്ടൊന്നു ചോദിക്കട്ടെ… ഞാനവനോടു പറയാമെന്നേ…"

ഒരു നുള്ള് പ്രത്യാശ നല്കി മാനുവല്‍. മാനുവല്‍ പറഞ്ഞാല്‍ ഒരുപക്ഷേ, പീറ്റര്‍ അനുസരിക്കാന്‍ സാദ്ധ്യതയുണ്ട്.

ആ പ്രത്യാശ പക്ഷേ, മറ്റൊരു ദുരിതമാണു വരുത്തി വച്ചത്.

അന്ന് രാത്രി-

ഊണു വേണ്ടെന്നു പറഞ്ഞ് ഉറങ്ങാന്‍ കിടന്ന പീറ്റര്‍ ബെഡ്റൂമിലേക്കു ട്രീസ എത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു.

"ങും… നീ പള്ളിലോട്ടേന്നു പറഞ്ഞു പോകുന്നത് ആരോടൊക്കെ ശൃംഗരിക്കാനാണ്?"

ആദ്യം ഒരു പിടിയും കിട്ടിയില്ല.

"കണ്ട മാവിന്‍റെ ചുവട്ടില്‍ നിന്നു കഥ പറയാന്‍ മാനുവല്‍ നിന്‍റെ ആരാ…?"

അതു കേട്ടപ്പോള്‍ വല്ലാതായിപ്പോയി.

"അവന്‍ നിന്നെ കാത്തുനില്ക്കുവാരുന്നോ? അതോ നീ പറഞ്ഞിട്ടവന്‍ നില്ക്കുവായിരുന്നോ?"

അപ്പോഴും ഒരു മറുപടി പറയാന്‍ ട്രീസ്യ്ക്കു തോന്നിയില്ല.

"ഓ… സത്യങ്ങള്‍ മനസ്സിലാക്കി ചോദിക്കുമ്പോള്‍ നിനക്കു നാവില്ലല്ലേ?"

"എന്തു സത്യങ്ങള്‍ മനസ്സിലാക്കിയെന്നാണ് ഇച്ചായന്‍ പറയുന്നത്? എന്താ ഞാന്‍ ചെയ്ത തെറ്റ്? അതു പറ ഇച്ചായാ…"

"ഇല്ല… ഇല്ല… നീ ഒരു തെറ്റും ചെയ്തില്ല. രൂപക്കൂട്ടിലിരിക്കേണ്ടവളാ നീ…"

"തോന്നുന്നതൊക്കെ പറയരുത് ഇച്ചായാ… നമ്മള്‍ ക്രിസ്ത്യാനികളാണ്. പരസ്പരവിശ്വാസത്തിനും സ്നേഹത്തിനും ത്യാഗത്തിനും മാതൃകയാകേണ്ടവര്‍. മനസ്സില്‍ ക്രിസ്തുവിനെയാണു പ്രതിഷ്ഠിക്കേണ്ടത്. അല്ലാതെ സാത്താനെയല്ല…"

അത്രയെങ്കിലും പറയാതിരിക്കാന്‍ ട്രീസയ്ക്കു കഴിയുമായിരുന്നില്ല.

"നീ എന്തു ത്യാഗത്തിനാണ്… അല്ലേല്‍ അവന്‍ എന്തു ത്യാഗത്തിനാണു നിന്നേം കാത്തുനിന്നത്."

"ഒരു ത്യാഗത്തിനുമല്ല. ഞാന്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയപ്പോള്‍ മാനുവലിനെ കണ്ടു. ജോലിക്കാര്യം ചോദിച്ചു. ഇച്ചായന് ഇഷ്ടമില്ലാത്തതിനാല്‍ ഞാന്‍ ജോലിക്കു പോകണ്ടെന്നുവച്ചു എന്നും പറഞ്ഞു."

"ശരി… ശരി…. എന്നിട്ട് നീ അവനോട് എന്‍റടുത്തു റെക്കമന്‍റ് ചെയ്യാനും പറഞ്ഞു; അല്ലേ?"

"ഇല്ല…"

"ഇച്ചായനെ കണ്ടു സംസാരിക്കാം എന്നു പറഞ്ഞു. ഞാന്‍ വിലക്കിയില്ല"- ട്രീസ തുറന്നു പറഞ്ഞു.

"എന്‍റെ ഭാര്യ ജോലിക്കു പോകണമെന്ന് അവനെന്താ ഇത്ര നിര്‍ബന്ധം? എനിക്കില്ലാത്ത താത്പര്യം അവനെന്താണ്… സ്വതന്ത്രമായി കാണാനോ…?"

"ഇച്ചായാ… ഇത്ര ചീപ്പാകരുത്; ഞാന്‍ ഇച്ചായന്‍റെ ഭാര്യയാണ്."

"ആ ബോധം എന്നേക്കാള്‍ വേണ്ടതു നിനക്കാണ്."

"ഇന്നു വരെ ആ ബോധത്തോടെയാണു ഞാന്‍ ജീവിച്ചിട്ടുള്ളത്."

പീറ്റര്‍ പിന്നീടൊന്നും പറഞ്ഞില്ല.

പക്ഷേ, രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങാതെ കിടന്നിരുന്ന അയാള്‍ ട്രീസയോടു ചോദി ച്ചു: "ട്രീസാ… സത്യം പറയണം… എനിക്കെന്താ നീ കാണുന്ന കുറവ്? സൗന്ദര്യം അല്പം കുറഞ്ഞാലും വിരൂപനല്ലല്ലോ ഞാന്‍."

ട്രീസയ്ക്കു സങ്കടം പൊട്ടിപ്പോയി.

"ഇച്ചായാ… അങ്ങ് എനിക്കെല്ലാമാണ്. സമ്പൂര്‍ണനാണ്. ഞാന്‍ കാണുന്ന ഇച്ചായനില്‍ ഒരു സൗന്ദര്യക്കുറവുമില്ല. എന്തിനാ ഇങ്ങനൊക്കെ…"

അയാള്‍ പിന്നൊന്നും പറഞ്ഞില്ല.

അവള്‍ തേങ്ങലുകള്‍ ഒതുക്കാന്‍ വളരെ ശ്രമപ്പെട്ടു.

അതായിരുന്നില്ല പിന്നീടുണ്ടായ പ്രശ്നം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു ലാന്‍റ് ഫോണിലേക്ക് ഒരു കോളു വന്നത്.

എടുത്തതു പീറ്ററിന്‍റെ അമ്മയായിരുന്നു. വിശേഷങ്ങളെല്ലാം പറഞ്ഞശേഷം മാനുവല്‍ അമ്മയോടു ചോദിച്ചു: "ഫോണൊന്നു ട്രീസയ്ക്കു കൊടുക്കാമോ?"

"ങും… അതിനെന്താ മോനെ… ട്രീസേ… ദേ… മാനുവല്‍…"

അമ്മയില്‍ നിന്നും ട്രീസ ഫോണ്‍ വാങ്ങി. "എന്താ മാനുവല്‍?"

ഞാനെന്തു തെറ്റാ ചെയ്തത്? ഇന്നലെ പീറ്റര്‍ എന്‍റടുത്തു വന്നു ബഹളമുണ്ടാക്കി. അവനു യാതൊരു കുറവുമില്ല. കുറവുണ്ടെങ്കില്‍ അവന്‍ പരിഹരിച്ചോളാം. അവന്‍റെ ഭാര്യയുടെ അടുത്തിങ്ങനെ ചുറ്റിപ്പറ്റാന്‍ നില്ക്കണ്ട എന്നൊക്കെ…"

"മാനുവല്‍ ഇച്ചായന്‍റെ ഇന്‍റിമേറ്റ് ഫ്രണ്ടല്ലേ. ഞാനെന്തു പറയാനാണ്."

"ട്രീസയോടു ഞാനെന്തെങ്കിലും അപമര്യാദയായി പറഞ്ഞോ? അതാണ് എനിക്കു ട്രീസയില്‍ നിന്നും കേള്‍ക്കേണ്ടത്."

"ഒരിക്കലുമില്ല മാനുവല്‍."

"ശരി.. ഇനി ഒരു ദിവസം അവനുള്ളപ്പോള്‍ ഞാന്‍ വരുന്നുണ്ട്." മാനുവല്‍ ഫോണ്‍ കട്ട് ചെയ്തു.

എന്തൊരു കഷ്ടം, എന്തൊക്കെയായിരിക്കും പീറ്റര്‍ പഞ്ഞുവച്ചിരിക്കുക.

ജോലി കഴിഞ്ഞെത്തിയ പീറ്ററിനോടു ട്രീസ ചോദിച്ചു: "ഇച്ചായന്‍ എന്തിനാ ആ മാനുവലിനോടു പിണങ്ങാന്‍ പോയത്?"

"ആരു പറഞ്ഞു ഞാന്‍ പിണങ്ങിയെന്ന്?"

"ഇന്ന് ഇവിടേക്കു വിളിച്ചിരുന്നു; മാനുവല്‍ തന്നെയാ പറഞ്ഞത്."

"അതു ശരി… അവന്‍ നേരിട്ടു കണ്ടില്ലെങ്കില്‍ ഫോണ്‍ ചെയ്യും അല്ലേ?"

"അമ്മച്ചിയെ വിളിച്ചതാ…"

"അമ്മച്ചിയാണോ നിന്നോടു പറഞ്ഞത്?"

"അതല്ല; അവരു വിശേഷം പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കു ഫോണ്‍ തരാന്‍ പറഞ്ഞു. എന്നിട്ടാ പറഞ്ഞത്."

"ഓഹോ… ഓരോരോ നുണകള്‍."

പിന്നെന്തോ ഒന്നും പറഞ്ഞില്ലേ പീറ്റര്‍. പക്ഷേ, രാത്രിയില്‍ അയാള്‍ക്കറിയേണ്ടതു ഒന്നു മത്രമായിരുന്നു.

"എന്നേക്കാള്‍ സ്മാര്‍ട്ടാണല്ലേ മാാനുവല്‍…?"

അതിനുത്തരം പറഞ്ഞില്ല ട്രീസ.

ആ മൗനം പീറ്ററിനെ അസ്വസ്ഥതപ്പെടുത്തി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org