തീരാമഴ – അധ്യായം 4

തീരാമഴ – അധ്യായം 4

വെണ്ണല മോഹന്‍

മനസ്സില്‍ സങ്കടമഴ പെയ്തുകൊണ്ടിരിക്കുന്നു. ആരോടും പറയാനാവാതെ ആ മഴയില്‍ ട്രീസ കുതിര്‍ന്നു. എങ്കിലും കുഞ്ഞിന്‍റെ കളിചിരിയില്‍ ആ മനസ്സില്‍ സ്വപ്നങ്ങള്‍ വിരിഞ്ഞു. സന്തോഷം നിറഞ്ഞു.

ഇടയ്ക്കിടെ ഒരു വിരുന്നുകാരനെപ്പോലെ പീറ്റര്‍ വരും. വന്നു കഴിഞ്ഞാല്‍ കുഞ്ഞിന്‍റെ അരുകിലെത്തും. ഒരന്യനെപ്പോലെയാണു കുഞ്ഞിനെ നോക്കുന്നത്.

അതോ കുഞ്ഞിനെ നിരീക്ഷിക്കുകയായിരുന്നോ…

മൂന്നു വര്‍ഷം തികഞ്ഞു പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷ അറിയേണ്ടതു തന്നെയായിരുന്നു. കുഞ്ഞിനെ കയ്യിലെടുത്തപ്പോള്‍ത്തന്നെ പീറ്റര്‍ പറഞ്ഞു: "നിന്‍റെയോ എന്‍റെയോ കുടുംബത്തില്‍ ഇത്ര ഭംഗിയുള്ള കുഞ്ഞുണ്ടായിട്ടില്ല."

"കര്‍ത്താവിനോടു നന്ദി പറയാം" – ട്രീസ പറഞ്ഞു.

"കര്‍ത്താവിനോടു മാത്രം പറഞ്ഞാല്‍ മതിയോ" – പീറ്റര്‍ പിറുപിറുത്തതു ട്രീസ കേട്ടു.

"ങേ!" – ട്രീസ ആവര്‍ത്തനത്തിനുവേണ്ടി ചോദ്യഭാവത്തില്‍ മൂളി.

അതു കേട്ട ഭാവം പീറ്റര്‍ വച്ചില്ല.

ഇടയ്ക്കെപ്പോഴോ വന്നപ്പോള്‍ ഒരാല്‍ബംകൂടി പീറ്ററിന്‍റെ അടുത്തുണ്ടായിരുന്നു.

ചോദിച്ചപ്പോള്‍ പറഞ്ഞതു ഏലിയാമ്മചേടത്തിക്കു പീറ്ററിന്‍റെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണണമെന്നു പറഞ്ഞിരുന്നത്രേ! അതുകൊണ്ടു അവരുടെ ഫോട്ടോ ഉള്ള ആല്‍ബം കൊണ്ടുവന്നതാണുപോലും.

ചേടത്തിക്കു ഛായ കണ്ടുപിടിക്കാനായി കൊണ്ടുവന്നതാണോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ചോദിച്ചില്ല.

എന്തായാലും ചേടത്തിയുമായി ഒരടുപ്പം തുടങ്ങിയിട്ടുണ്ടെന്നു ട്രീസയ്ക്കു മനസ്സിലായി. ഇവിടെ വരുമ്പോഴൊക്കെ ചേടത്തിയുടെ വീട്ടിലും പോകുന്നുണ്ട്.

ഒരിക്കല്‍ ചേടത്തിയെപ്പറ്റി പറഞ്ഞപ്പോള്‍ ആനിയമ്മ പറഞ്ഞു.

"ചേടത്തിയെ ഒന്നു സൂക്ഷിക്കണം. അല്ലങ്കി പണ്ടാരാണ്ടോ പറഞ്ഞതുപോലെ ഇല്ലാവചനം പറയുന്നതു മുഴുവന്‍ കേട്ട് മനസ്സ് ചീത്തയാകും.

പീറ്റര്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ട്രീസ എപ്പോഴും ഓര്‍ക്കാറുണ്ട്. ഇത്രയും വിദ്യാഭ്യാസമുള്ള ഒരാള്‍, ഉദ്യോഗസ്ഥന്‍, നല്ല കുടുംബക്കാരന്‍, ഈ കാലഘട്ടത്തില്‍ ജീവിക്കുന്നൊരാള്‍ എങ്ങനെ ഇങ്ങനെയായിപ്പോകുന്നു.

ഒരിക്കല്‍, പീറ്ററിന്‍റെ അമ്മച്ചി രഹസ്യമായി ചോദിച്ചു: "മകളേ നിനക്കു കുമ്പസാരിക്കേണ്ടതുണ്ടോ?"

"അതെന്താ അമ്മച്ചി?"

"ഞാനും ഒരു പെണ്ണാണ്. നിനക്കെന്തും തുറന്നു പറയാം. നീ തെറ്റെന്തെങ്കിലും ചെയ്തുപോയിട്ടുണ്ടോ?"

പൊട്ടിക്കരഞ്ഞു പോയി ട്രീസ.

അമ്മച്ചിയും വല്ലാതായി.

എന്തൊക്കെയോ അമ്മച്ചിയെ പറഞ്ഞു പിടിപ്പിച്ചതിന്‍റെ പേരിലാണ് ഇത് എന്നു വ്യക്തം.

ശരിക്കും പീറ്ററിനു വേണ്ടതു ചികിത്സയാണ്. അല്ലെങ്കില്‍ ഒരു കൗണ്‍സലിങ്ങ്. പക്ഷേ, അതു പറഞ്ഞാല്‍ പീറ്റര്‍ എന്താണു മറുപടി പറയാന്‍ പോകുന്നതെന്നു തനിക്കു വ്യക്തമായും അറിയാം. "എന്നെ ഭ്രാന്തനാക്കുകയാണോ നീ…?" അതാകും ചോദ്യം.

സഹനത്തിന്‍റെ, സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ, ഏറ്റവും ഔന്നത്യത്തിലാണ് യേശു. ആ യേശുവിനെ വിശ്വസിക്കുന്നുവെങ്കില്‍ അല്പമൊക്കെ സഹിക്കണം. എല്ലാ സഹനവും നന്മയിലേക്കേ എത്തിക്കൂ എന്ന് ഉറച്ചുവിശ്വസിക്കുന്നു.

തോമസ് ഓടി നടക്കുകയാണ്.

പുത്തന്‍വീട്ടില്‍ ഒരു കുഞ്ഞിക്കാല്‍ പിറന്നതാണ്. ഒട്ടും കുറയാത്ത ഒരു മാമ്മോദീസ നടത്തണം – ജ്ഞാനസ്നാനത്താല്‍ കുഞ്ഞു ക്രിസ്തീയ ജീവിതത്തിലേക്കു കടന്നുവരണം. അതു വലിയൊരു നിമിഷമാണ്. അതിലേക്കു വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കണം. ഒന്നിനും ഒരു കുറവു വരരുത്.

ആനിയമ്മയുമായി ചേര്‍ന്നിരുന്നു വിളിക്കേണ്ട ലിസ്റ്റ് ആദ്യം ഉണ്ടാക്കി. പിന്നീടു ജോര്‍ജുകുട്ടിയോടും ആഗ്നസിനോടും ആലോചിച്ചു. പീറ്ററിനോടും വീട്ടുകാരോടും വിളിക്കേണ്ടവരെയൊക്കെ വിളിക്കാന്‍ ഏല്പിച്ചു. എത്രയായാലും കുഴപ്പമില്ല. നേരത്തെ എണ്ണം അറിയിക്കണം എന്നു മാത്രം.

ദിവസം തീരുമാനിച്ചു പള്ളിയിലെ പാരീഷ് ഹാള്‍തന്നെ ബുക്ക് ചെയ്തു. ചിട്ടപ്രകാരം ഒരു സംഖ്യ മാമ്മോദീസ ചെലവിലേക്കായി പീറ്ററിന്‍റെ വീട്ടുകാര്‍ കൊണ്ടുവന്നു തരും.

പക്ഷേ,

തോമസ് കാര്യങ്ങള്‍ പറഞ്ഞു. "ഇതെല്ലാം പുത്തന്‍ വീട്ടുകാര്‍ വഹിക്കും. വരിക, സഹകരിക്കുക, പ്രാര്‍ത്ഥിക്കുക; ഇത്രേ വേണ്ടൂ."

പക്ഷേ, ട്രീസയ്ക്കു പ്രശ്നം അതായിരുന്നില്ല. കുട്ടിക്ക് എന്തു പേരാണ് ഇടേണ്ടത്. കാണാന്‍ വരുന്നവരൊക്കെ ചോദിക്കും: "വാവയ്ക്ക് പേരു തീരുമാനിച്ചോ?"

"കുറേ കിട്ടീട്ടുണ്ട്; അതീന്നൊന്ന് തിരഞ്ഞെടുക്കണം" – ട്രീസ പറഞ്ഞൊഴിയും.

ചിലര്‍ അവരുടെ താത്പര്യമുള്ള പേരുകൂടി പറയും. എന്നാലും ട്രീസ ചോദിച്ചു, പീറ്ററിനോട്.

"ഇച്ചായാ… നമ്മുടെ കുട്ടിക്ക് എന്തു പേരിടണം?"

അയാള്‍ അതിന് പ്രത്യേകമായൊരു വിലയും നല്കാതെ നിര്‍വികാരനായി ഇരുന്നു.

"നമ്മുടെ രണ്ടു പേരുടെയും പേരിന്‍റെ അക്ഷരങ്ങള്‍ ചേര്‍ന്നൊരു പേരു കണ്ടുപിടിച്ചാലോ?"

"വേണ്ട… എന്‍റെ പേരിന്‍റെ അക്ഷരം വിട്ടേക്കൂ."

അതു പറയുമ്പോള്‍ ആ നെറ്റിയില്‍ ചുളിവുകള്‍ വലകെട്ടുന്നതു ട്രീസ കണ്ടു.

"നിനക്കിഷ്ടമുള്ള പേരു കണ്ടുപിടിക്ക്. വേണമെങ്കില്‍ നിന്‍റെ കൂട്ടുകാരന്മാരോടും അഭിപ്രായം ചോദിക്ക്."

"കൂട്ടുകാരന്മാര്‍!"

ആ കൊള്ളിവാക്ക് തിരിച്ചറിഞ്ഞു ട്രീസ. എങ്കിലും അതറിഞ്ഞതായി ഭാവിക്കാനോ അതിനു മറുപടി പറയാനോ നിന്നില്ല.

മാമ്മോദീസാ ചടങ്ങ് ഗംഭീരമായി. പുത്തന്‍വീട്ടുകാരുടെ കുലമഹിമയ്ക്കു ചേര്‍ന്ന സ്നേഹവിരുന്നും. ആര്‍ക്കും ഒരു ഇഷ്ടക്കേടും തോന്നാത്ത ചടങ്ങ്.

ചടങ്ങില്‍ ഒരു കാര്യം ശ്രദ്ധിച്ചു ട്രീസാ. മാനുവലും കുടുംബവും വന്നിട്ടില്ല!

അവരെ വിളിച്ചിരുന്നില്ലേ? ചോദിച്ചാല്‍ തെറ്റിദ്ധരിക്കും. അതുകൊണ്ടുതന്നെ ചോദിച്ചില്ല. അല്ലെങ്കില്‍ത്തന്നെ മാനുവല്‍ എങ്ങനെ വരാനാണ്. ആ രീതിയിലല്ലേ അയാളെ അപമാനിച്ചത്.

അന്ന്, ഞായര്‍.

ഒരു മഴദിവസമായിരുന്നു. പീറ്ററുംകൂടി ഉണ്ടാകുമെന്നു കരുതിയാണത്രേ വീട്ടിലേക്കു മാനുവല്‍ വന്നത്.

അമ്മച്ചി നീനയുടെ വീട്ടില്‍ പോയിട്ട് എത്തിയിരുന്നില്ല. മനസ്സൊന്നു പിടഞ്ഞു. പീറ്റര്‍ എന്തായിരിക്കും കരുതുക? എങ്ങനെ, എന്തു പറഞ്ഞു മാനുവലിനെ ഒഴിവാക്കും.

ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു: "മാനുവല്‍ ഇച്ചായനിവിടെയില്ല."

"ഇപ്പോ വരത്തില്ലേ? അവനുംകൂടിയുള്ളപ്പോള്‍ നേരിട്ടു വന്ന് രണ്ടു വാക്കു പറയാനാ ഞാന്‍ വന്നത്."

താന്‍ ഒന്നും മിണ്ടിയില്ല. മാനുവല്‍ വരുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പൊടുന്നനെ എവിടെന്നോ ഓടിക്കിതച്ചെത്തിയപോലെ മഴ പെയ്യാന്‍ തുടങ്ങി.

പുറത്തുനിന്നിരുന്ന മാനുവല്‍ മഴ നനയാതിരിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ പറയാതിരിക്കാനായില്ല.

"നനയാതെ അകത്തേയ്ക്കു കയറിയിരിക്കൂ…"

"ഇരിക്കുന്നൊന്നുമില്ല. അമ്മച്ചിയെന്തിയേ?" – കയറുന്നതിനിടയില്‍ പറഞ്ഞു.

"നീനയുടെ വീട്ടില്‍ പോയി."

കസേരയില്‍ ഇരിക്കാതെ നിന്നു മാനുവല്‍.

"ഞാന്‍ പിന്നെ വരാം ട്രീസാ… ഈ മഴയൊട്ടു മാറുന്നില്ലല്ലോ" – പുറത്തേയ്ക്കു നോക്കിക്കൊണ്ടുതന്നെ മാനുവല്‍ പറഞ്ഞു.

"കുടയുണ്ടോന്നു നോക്കട്ടെ…"

അകത്തു കയറി കുട നോക്കിയെടുക്കാനായി ട്രീസ പോയി.

കുട തപ്പിക്കൊണ്ടിരിക്കുമ്പോഴാണു പുറത്തൊരു ബഹളം കേട്ടത്.

എളുപ്പം ചെല്ലുമ്പോള്‍ കണ്ടതു മഴയത്തു നനഞ്ഞുകുതിര്‍ന്നു പീറ്ററും മാനുവലും കൂടി ശണ്ഠയില്‍.

"ഓഹോ… കാര്യങ്ങള്‍ ഇത്ര വരെയായി അല്ലേ?"

ട്രീസയെ കണ്ടപാടെ പീറ്റര്‍ ചോദിച്ചു. "എന്താ ഇച്ചായാ ഇത്… മാനുവല്‍ ഇച്ചായനെ കാണാന്‍ വന്നതാണ്."

"ഞാനും അമ്മച്ചീം ഇല്ലാത്ത നേരം നോക്കി മഴയത്ത് എത്തിയത് എന്നെത്തന്നെ കാണാനാ അല്ലേ…?"

"ശ്ശൊ! ഇവിടെ വന്നപ്പോഴാണു മാനുവല്‍ നിങ്ങളിവിടെ ഇല്ലെന്നറിഞ്ഞത്. തിരിച്ചുപോകാന്‍ തുടങ്ങിയപ്പോഴേക്കും മഴ വന്നു. ഞാന്‍ ഒരു കുടയെടുത്തു കൊടുക്കാന്‍ തുടങ്ങുവാരുന്നു."

"മഴ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എത്തുംമുമ്പു പോകാമായിരുന്നു. മഴ വന്നപ്പോള്‍ പറ്റിപ്പോയി."

"എടാ… നിന്‍റെ വീട്ടില്‍ കയറിവന്നു ഞാന്‍ നിന്നെ തല്ലുന്നതു ശരിയല്ല; അതുകൊണ്ടാണ്…"

ബാക്കി പറയുംമുമ്പു പീറ്റര്‍ പറഞ്ഞു: "എന്‍റെ വീട്ടില്‍ വന്ന നിന്നെ അടിക്കുന്നതും ശരിയല്ല. എങ്കിലും നിനക്കാണെന്നു കരുതിക്കോ" – മിന്നല്‍ വേഗത്തില്‍ തിരിഞ്ഞു ട്രീസയുടെ കവിളത്തൊന്നു പൊട്ടിച്ചു പീറ്റര്‍.

മാനുവല്‍ വല്ലാതായി.

തന്നെയും പീറ്ററിനെയും മാറിമാറി നോക്കി. "ഒരു കാര്യം പറഞ്ഞേക്കാം. നിനക്കു ട്രീറ്റ് മെന്‍റാണാവശ്യം. ഇല്ലെങ്കില്‍ സ്വന്തം ജീവിതംതന്നെ തകരും."

"എന്നെ ഭ്രാന്തനാക്കാന്‍ നീ നില്ക്കണ്ട. എന്‍റെ ജീവിതം ഞാന്‍ നോക്കിക്കൊള്ളാം. അതു തകര്‍ത്തുകളയാന്‍ വരാതിരുന്നാല്‍ മതി."

പിന്നെ ഒന്നും പറഞ്ഞില്ല മാനുവല്‍; മഴയത്തേയ്ക്കു നനഞ്ഞിറങ്ങി അയാള്‍.

കവിളത്തേറ്റ അടിയുടെ വേദനയേക്കാള്‍ നിറഞ്ഞുനിന്നതു മനസ്സിനേറ്റ വേദനയായിരുന്നു.

ഒരു സ്ത്രീത്വം അപമാനിക്കപ്പെടുന്നു!

ഏതു സ്ത്രീയും അഭിമാനിക്കുന്ന ചാരിത്ര്യത്തെ ചോദ്യം ചെയ്യപ്പെടുന്നു.

ഒന്നു പൊട്ടിക്കരയാന്‍ പോലും കഴിയാതെ അല്പനേരം നിന്നുപോയി ട്രീസ.

പിന്നെ വീട്ടിലേക്കു പോയാലോ എന്നായി ചിന്ത.

"ഞാന്‍ എന്തു തെറ്റു ചെയ്തു ഇച്ചായാ…?"

ശബ്ദത്തില്‍ ഒരു മാടപ്പിറാവിന്‍റെ കുറുകലുണ്ടായി രുന്നു.

അയാള്‍ ഒന്നും മിണ്ടിയില്ല. അകത്തേയ്ക്കു നടന്നു. ഇനി ഇവിടെ നില്ക്കണോ. ഇതിനൊരു പരിഹാരം കണ്ടിട്ടല്ലേ തിരിച്ചുവരേണ്ടത്. അല്ല, ഇങ്ങ നെയെങ്കില്‍ ഈ ബന്ധംതന്നെ വേണോ…?

അപ്പോഴും ഓര്‍ത്തു. ദൈവം കൂട്ടിച്ചേര്‍ത്തതു മനുഷ്യന്‍…

പക്ഷേ,

ഇവിടെനിന്നും ഈ നിമിഷം ഇറങ്ങിയാല്‍ സംഭവിക്കാന്‍ പോകുന്നതും പറഞ്ഞുപരത്താന്‍ പോകുന്നതും മറ്റൊന്നായിരിക്കും.

തെറ്റുകാരിയായ തന്നെ അടിച്ചിറക്കിവിട്ടു എന്നേ പറയൂ.

എന്തു വേണമെന്നറിയാതെ നില്ക്കുമ്പോഴേക്കും ഒരോട്ടോറിക്ഷയില്‍ പീറ്ററിന്‍റെ അമ്മ നീനയുടെ വീട്ടില്‍ നിന്നും തിരിച്ചെത്തി.

"എന്താ മോളെ വല്ലാതെ നില്ക്കുന്നെ…" – അമ്മച്ചി ചോദിച്ചു.

എന്തു പറയണമെന്നറിയാതെ ട്രീസ പരുങ്ങി.

"എന്താ നിന്‍റെ മുഖത്തൊരു പാട്…?"

"ഓ… എന്തോ…?" – ഒരു വിധത്തില്‍ പറഞ്ഞൊഴിഞ്ഞു.

ഒന്നുമില്ലെന്ന് അമ്മച്ചിക്കും തോന്നിക്കാണും. പിന്നെ, അമ്മച്ചിക്കു നീനയുടെ വീട്ടിലെ വിശേഷം പറയാനുള്ള തിരക്കിലായി.

വിശേഷം പറയുന്നത് ഒരു സിനിമാക്കഥപോലെയാണ്.

അതിനിടെ ചോദിച്ചു: "പീറ്ററെവിടെ…?"

"മുറിയിലുണ്ട് അമ്മച്ചി…"

"ങും…" ഒന്നിരുത്തി മൂളിയശേഷം വീണ്ടും വിശേഷം തുടങ്ങാന്‍ തുനിയുമ്പോള്‍ ട്രീസ പറഞ്ഞു.

"അമ്മച്ചി വന്നപാടെ ഇരിക്കാതെ വേഷോക്കെ മാറ്. ഞാനപ്പോഴേക്കും ചായ എടുക്കാം. എന്നിട്ടു വിശേഷങ്ങള്‍ പറയാം."

"ശരി… അങ്ങനാകട്ടെ."

ചായ ഉണ്ടാക്കുമ്പോള്‍ ട്രീസ ആലോചിക്കുകയായിരുന്നു. അമ്മച്ചിയോടെല്ലാം പറയണോ? അമ്മച്ചിയോടു പറഞ്ഞിട്ട് ഒരു തീരുമാനം എടുക്കുന്നതല്ലേ നല്ലത്?"

ഒരു തീരുമാനവും എടുക്കാന്‍ കഴിയുന്നില്ലല്ലോ കര്‍ത്താവേ…

ആ മനുഷ്യന് ഇനി ചായ കൊണ്ടുപോയി കൊടുക്കണം. ആദ്യമായി മനസ്സിലേക്കു വെറുപ്പ് അരിച്ചരിച്ചു കയറുംപോലെ ട്രീസയ്ക്കു തോന്നി.

അമ്മച്ചിക്ക് ചായ എടുത്തുകൊടുത്തു. ഒരു പാവ കണക്കേ ചായക്കപ്പുമായി മുറിയിലേക്കു കയറുമ്പോള്‍ വിങ്ങിനില്ക്കുന്ന പീറ്ററിനെയാണു കണ്ടത്.

ഒരു മാത്ര അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. ആ കണ്ണില്‍നിന്നും വെള്ളം ഇറ്റിറ്റ് വീണു.

സാവധാനം എഴുന്നേറ്റ് അയാള്‍ ചായക്കപ്പോടെ ട്രീസയുടെ കൈ മുറുകെ പിടിച്ചു.

"സോറി ട്രീസ… നീ ഒരു തെറ്റുകാരിയുമല്ലെന്ന് എനിക്കറിയാം. മാനുവലും മാന്യനാണ്… എന്നാല്‍…"

"എന്നാല്‍… എനിക്കെന്തോ നിന്നോടുള്ള ഭ്രാന്തു പിടിച്ച സ്നേഹംകൊണ്ടാകാം… അല്ലെങ്കില്‍….പിന്നെന്താ ഞാനിങ്ങനെയൊക്കെ പറഞ്ഞുപോകുന്നു. നീ എനിക്കു നഷ്ടപ്പെട്വോ എന്ന ഭയം."

അതുകേട്ട നിമിഷം ട്രീസയുടെ എല്ലാ വിഷമങ്ങളും അലിഞ്ഞുപേയി.

"ഇച്ചായാ… ഞാനെന്നും എപ്പോഴും പറയാറില്ലേ, ഈ ട്രീസ ഇച്ചായന്‍റെ മാത്രമാണെന്ന്."

അവളും കരഞ്ഞുപോയി.

ചായക്കപ്പ് മേശപ്പുറത്തുവച്ച് ആ മാറിലേക്കു ചാഞ്ഞു ട്രീസ.

"ചിലപ്പോഴൊക്കെ നീ മാനുവലിന്‍റെയോ മറ്റാരുടെയെങ്കിലുമോ കൂടെ എന്നെ തനിച്ചാക്കി പൊയ്ക്കളയുമോ എന്നു വെറുതെ ഇമാജിന്‍ ചെയ്തുപോകുന്നു ട്രീസ…"

അവള്‍ സ്നേഹത്തോടെ തേങ്ങി. "ഒരു കുഞ്ഞുണ്ടായാല്‍ പോലും എന്നോടുള്ള സ്നേഹം കുറയുമെന്നുപോലും സംശയിച്ചുപോകുന്നു."

"ഇല്ല… ഇച്ചായാ… നമുക്കൊരു കുഞ്ഞു വേണം."

പെട്ടെന്നാണു തുറന്നിട്ടു വാതിലിനപ്പുറത്ത് അമ്മച്ചി മുരടനക്കിയത്.

ഒരു നാണത്തോടെ പിന്‍വലിഞ്ഞു ഇരുവരും.

ട്രീസയ്ക്കു തോന്നി എത്ര പെട്ടെന്നാണു കാര്യങ്ങള്‍ മാറിമറയുന്നത്.

പാവം ഇച്ചായന്‍.

തന്നെ അമിതമായി സ്നേഹിക്കുന്നു; അളവില്ലാത്ത സ്നേഹം.

ആ സ്നേഹത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാകാന്‍ അവള്‍ കൊതിച്ചു.

അപ്പോഴും പീറ്റര്‍ സ്വരം താഴ്ത്തി പറഞ്ഞു.

"ഇല്ല ട്രീസ. ഇനിമേല്‍ നിന്നെ ഞാന്‍ സംശയിക്കില്ല. എന്‍റെ ഭാഗത്തുനിന്നും ഇങ്ങനൊന്നുണ്ടാകില്ല. കര്‍ത്താവിനെ ഓര്‍ത്തു ക്ഷമിക്ക്."

പുറത്ത്, മഴയുടെ ശക്തി കുറയുകയായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org