തീരാമഴ – അധ്യായം 6

തീരാമഴ – അധ്യായം 6

വെണ്ണല മോഹന്‍

രാത്രി!

തോമസിനോടു കുറച്ചുകൂടി അടുത്തു കിടന്നുകൊണ്ട് ആനിയമ്മ പറഞ്ഞു: "ഇനി കര്‍ത്താവിന്‍റെ കൃപകൊണ്ടു ജോര്‍ജുകുട്ടിക്കുംകൂടി ഒരു കുഞ്ഞായാല്‍ ഈ ഭവനത്തില്‍ സന്തോഷം നിറഞ്ഞുനില്ക്കും."

മറുപടിയായി ഒരു മൂളല്‍ മാത്രം തോമസില്‍ നിന്നുണ്ടായി. അത്ര വലിയ താത്പര്യമൊന്നുമില്ലാത്തതുപോലെ.

"എന്താ വെറുമൊരു മൂ ളല്‍?"

ആ മൂളലില്‍ അത്ര തൃപ്തികൊണ്ടില്ല ആനിയമ്മ. എന്നിട്ടും പ്രതികരണമില്ലാതായപ്പോള്‍ അവര്‍ ചൊടിച്ചു: "അല്ലേ… ഇതു പണ്ടാരാണ്ടും…"

ബാക്കി പറയുംമുമ്പു തോമസ് പറഞ്ഞു. "പണ്ട് ആരു വേണമെങ്കിലും പറയട്ടെ. ഇപ്പോ നീയൊന്നു മിണ്ടാതെ കിടക്ക്. അങ്ങനെ നിനക്കു പറ്റണില്ലെങ്കി… ആ കൊന്തയെടുത്തു പറ്റുന്നോളം നന്മ നിറഞ്ഞ മറിയം ചൊല്ലാന്‍ നോക്ക്."

പിന്നെ, ആനിയമ്മ ഒന്നും പറഞ്ഞില്ല. അവര്‍ക്കറിയാം തോമസ് അങ്ങനെ പറയുന്നെങ്കില്‍ എന്തോ തക്കതായ കാര്യം മനസ്സില്‍ കടന്നിട്ടുണ്ടെന്ന്.

കുറച്ചുനേരം മൗനമവലംബിച്ചാല്‍ അപ്പോള്‍തന്നെ തുറന്നു പറഞ്ഞേക്കും. ഇല്ലെങ്കില്‍ പിന്നീടാണെങ്കിലും പറയും. ഒന്നും അങ്ങനെ മനസ്സില്‍ ഒളിപ്പിക്കുന്ന പ്രകൃതക്കാരനല്ല തോമസ്.

അല്പനേരം കൂടി കഴിഞ്ഞപ്പോള്‍ തോമസില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.

"ങാ… ഇതുവരെ ഉറങ്ങിയില്ലേ?" – ആനിയമ്മ ചോദിച്ചു.

"ങാ… നീ ഉറങ്ങിയില്ലല്ലോ…?" – തോമസിന്‍റെ ചോദ്യം.

"എന്തൊക്കെയോ ഒരു അസ്വാഭാവികത… ട്രീസമോള്‍ക്ക് എന്തോ സങ്കടങ്ങളുണ്ടെന്നാ തോന്നുന്നെ…" – തോമസ് നിര്‍ത്തി നിര്‍ത്തി പറഞ്ഞു.

"ന്താ… അപ്പന്‍മോളല്ലേ; അവള് വല്ലതും നിങ്ങളോടു പറഞ്ഞോ…?" – ആനിയമ്മ ചോദിച്ചു.

ട്രീസയെ അവര്‍ അപ്പന്‍മകളായിട്ടാണു കാണുന്നത്. ട്രീസയ്ക്ക് അമ്മയേക്കാള്‍ ഇഷ്ടം അപ്പനോടാണെന്നാണ് എല്ലാവരും കരുതുന്നത്. അതില്‍ കുറച്ചൊക്കെ ശരിയുമുണ്ട്. കുട്ടിക്കാലം മുതലേ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍പോലും അപ്പച്ചനെക്കൊണ്ടേ അവള്‍ എടുപ്പിക്കൂ. മറ്റുള്ളവര്‍ എടുത്താല്‍ വേദനിക്കും; അപ്പച്ചനെടുത്താല്‍ വേദനിക്കില്ല എന്നാണ് പറയാറ്. പിന്നെ എന്തു വിഷമം വന്നാലും അപ്പച്ചന്‍റെ സാമീപ്യമാണ് അവള്‍ ആഗ്രഹിക്കാറ്. അപ്പച്ചന്‍റെ സാന്ത്വനത്തിലാണ് അവള്‍ അലിയാറ്. അതുകൊണ്ടുതന്നെ അവര്‍ ട്രീസ അപ്പന്‍ മകളാണെന്നാണു പറയാറ്.

"അവള്‍ എന്നോടൊന്നും പറയാറില്ല. പക്ഷേ, അവളുടെ മട്ടും ഭാവവും കാണുമ്പോള്‍ എനിക്കങ്ങനെ തോന്നുവാ. സന്തോഷമൊക്കെ നമ്മുടെ മുന്നില്‍ അഭിനയിക്കുന്നതുപോലെ… കല്യാണം കഴിഞ്ഞിട്ട് അവള് ഒന്ന് ഉറക്കെ ചിരിച്ചുകണ്ടിട്ടുണ്ടോ നീ..?"

ആനിയമ്മയ്ക്കും അതു തോന്നാതിരുന്നിട്ടില്ല. ഒരിക്കല്‍ ആനിയമ്മ അവളോടു ചോദിക്കുകയും ചെയ്തു.

"എന്താ പെണ്ണേ നിനക്കു കെട്ടിയോന്‍റെ വീട്ടില്‍ വല്ല പ്രശ്നങ്ങളും ഉണ്ടോ?"

"ഒന്നൂല്ലമ്മെ…"

ആ ശബ്ദത്തില്‍പോലും കണ്ണീരിന്‍റെ നനവുണ്ടെന്നു തോന്നി.

"പിന്നെന്താടി പണ്ടാരാണ്ടും പറഞ്ഞപോലെ നിനക്ക് ഒരു വല്ലായ്മ. എന്തേലും ഉണ്ടെങ്കി പറയ്… അപ്പച്ചനോടു ഞാന്‍ പറയാം. അല്ലേല്‍ നിന്‍റെ പുന്നാര അപ്പനല്ലേ? നിനക്കുതന്നെ പറയാല്ലോ."

"ഒന്നൂല്ലാത്തതിന് ഞാനെന്തു പറയാനാ അമ്മച്ചി…"

"ഒന്നൂല്ലാത്തതു പേടാണ്…" – ആനിയമ്മയ്ക്കു ദേഷ്യം വന്നു.

"നീ എന്താ ആലോചിക്കുന്നത്. നിനക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?" തോമസ് ചോദിച്ചപ്പോള്‍ ആനിയമ്മ ഒന്നുണര്‍ന്നു.

"അല്ലാ; അവള്‍ക്കവിടെ എന്തിന്‍റെ കുറവാ… പീറ്ററിനാണെങ്കില്‍ അവളോട് എന്തൊരു സ്നേഹാ… എന്തേലും പറഞ്ഞാ അപ്പം സാധിച്ചുകൊടുക്കും. പിന്നെ എന്തോന്നു സങ്കടം" – ആനിയമ്മ സ്വയം പറഞ്ഞു.

അതു കേട്ടപ്പോള്‍ തോമസിനു ദേഷ്യമാണു തോന്നിയത്. "നിന്നോടു ചോദിച്ചത് അതല്ലല്ലോ – നിനക്ക് അവള്‍ക്കു വല്ല വിഷമമോ മറ്റോ ഉണ്ടോന്നു തോന്നിയിട്ടുണ്ടോ എന്നല്ലേ?"

"ഞാനങ്ങനെ ശ്രദ്ധിച്ചിട്ടില്ല."

"എന്നാ ശ്രദ്ധിക്കണം. ഇതെല്ലാം അമ്മമാര്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാ" – തോമസ് പറഞ്ഞവസാനിപ്പിച്ചു.

ആനിയമ്മയും ആലോചിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ അവരുടെ ഇടയില്‍ നിശ്വാസഉച്ഛാസങ്ങള്‍ മാത്രം നിറഞ്ഞുനിന്നു.

തോമസ് ഓര്‍ക്കുകയായിരുന്നു, എവിടെയൊക്കെയോ അവരില്‍ പ്രശ്നങ്ങളുണ്ട്. ട്രീസ പറയാത്തതാണ്.

ഇത്രയും കാര്യങ്ങള്‍ നന്നായി നടന്നിട്ടും അവളുടെ മുഖത്ത് ഒരു പ്രസാദവുമില്ല. ചോദിച്ചാല്‍ പ്രത്യേകിച്ചൊരു മറുപടിയുമില്ല. ഇതിനിടെ ഒരു ദുര്‍നിമിത്തംപോലെ ഏലിയാമ്മചേടത്തിയും!

പിന്നെ എപ്പൊഴൊക്കെയോ ഓര്‍മകളുടെ ഓളത്തിലുലഞ്ഞു തോമസും ആനിയമ്മയും ഉറക്കത്തിലേക്കു കൂപ്പുകുത്തി.

"ഏലിചേടത്തി എന്തൊക്കെയാ പറയുന്നത്?" – ആഗ്നസ് ജോര്‍ജുകുട്ടിയോടു ചോദിക്കുകയായിരുന്നു.

"അവരെ അറിയുന്നതുതന്നെ ഏലിവിഷം എന്നല്ലേ. പിന്നെ അവര്‍ പറയുന്നത് ആരു ശ്രദ്ധിക്കുന്നു."

ജോര്‍ജുകുട്ടി പറഞ്ഞു.

"ശരിയാ… പക്ഷേ…"

ആഗ്നസ് അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തി.

"എന്തു പക്ഷേ?"

ജോര്‍ജുകുട്ടി അതില്‍ കയറി കുരുങ്ങി.

"ഏലിചേടത്തി ഇങ്ങനെയൊക്കെ ധ്വനിപ്പിക്കാന്‍ എന്തെങ്കിലും കാരണം കാണൂന്നാ ഞാന്‍ കരുതണത്. അല്ലേല്‍ ഒരു കാരണവുമില്ലെന്നുതന്നെ വയ്ക്ക്. പക്ഷേ… അവരുടെ വര്‍ത്തമാനം ഉണ്ടാക്കുന്ന ഒരു ഇംപാക്ടുണ്ടല്ലോ… അതു വലുതല്ലേ?"

"ശരിയാ…"

"ഒരര്‍ത്ഥത്തില്‍ കുട്ടികള്‍ ഉണ്ടാകാത്തത് നന്നായി എന്നുപോലും ഞാന്‍ കരുതാറുണ്ട് ഇത്തരം ആളുകളുടെ…"

ബാക്കി പൂരിപ്പിക്കുംമുമ്പു ജോര്‍ജുകുട്ടി വിളിച്ചു: "ആഗ്നസ്…"

വിളിയിലെ ശക്തി അറിഞ്ഞെങ്കിലും ആ മുഖത്തെ ഭാവം ഇരുട്ടില്‍ ആഗ്നസ് കണ്ടില്ല.

പക്ഷേ, ജീവിതം ഇങ്ങനെയൊക്കെയാണെന്നു ധരിക്കാനാണു ട്രീസ ശ്രമിച്ചത്. പിന്നെ അവള്‍ സ്വയം ചോദിച്ചു. ഇങ്ങനെയൊക്കെത്തന്നെയാണോ…?

അതോ ഇങ്ങനെയൊക്കെ ആക്കിയെടുക്കുന്നതോ? എവിടെയാണു പിഴച്ചത്. വിധിയെന്നു കരുതി സമാധാനിക്കണോ? അതോ പ്രാര്‍ത്ഥനയില്‍ മാത്രം അഭയം തേടി ജീവിക്കണോ? പ്രവൃത്തിയും പ്രാര്‍ത്ഥനയുമല്ലേ ഒന്നിച്ചുവേണ്ടത്.

അവള്‍ കര്‍ത്താവിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് ഓര്‍ത്ത് സമാധാനിച്ചു.

ജനനം കൊടുക്കാനേ മനുഷ്യനെക്കൊണ്ടു കഴിയൂ. പക്ഷേ, ജീവന്‍ യഹോവയുടെ കൈക്കുള്ളിലിരിക്കുന്നു. താന്‍ ആഗ്രഹിക്കുമ്പോള്‍ അതു മടക്കിയെടുക്കുന്നു. മരിച്ചവരെ ജീവിപ്പിക്കാന്‍… ഉവ്വ്! പഴയ നിയമകാലത്ത് പ്രവാചകന്മാര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. പുതിയ നിയമകാലത്തു കര്‍ത്താവും ചെയ്തിട്ടുണ്ടല്ലോ. ലാസറെ ശവക്കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു. യേശു മാര്‍ത്തയോടു "ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും" എന്നു പറഞ്ഞു. അനന്തരം അവന്‍ ശവക്കല്ലറയുടെ അരികെ ചെന്നു മേലോട്ടു നോക്കി പ്രാര്‍ത്ഥിച്ചു: "ലാസറേ, പുറത്തു വരിക!" എന്ന് ഉറക്കെ വളിച്ചു പറഞ്ഞു. അവന്‍ കല്ലറയില്‍ നിന്നും എഴുന്നേറ്റു വന്നു.

ആ കര്‍ത്താവില്‍ അഭയം തേടുന്ന തനിക്കെന്തു ഭയപ്പെടാന്‍. എങ്കിലും നെഞ്ചിലെ വേദന വല്ലാതെ തന്നെ ദുര്‍ബലപ്പെടുത്തുന്നു.

ഇന്നു വൈകീട്ട് പീറ്റര്‍ വിളിച്ചപ്പോഴും പറഞ്ഞ – പറയാതെ പറഞ്ഞ കാര്യമുണ്ട്.

"എനിക്കിനി ചിലത് ആലോചിക്കാനുണ്ട്!"

എന്താലോചിക്കാന്‍-

ഇതൊരു മാനസികപ്രശ്നമാണെന്നു പറഞ്ഞാല്‍ പിന്നെ പീറ്ററിനെ താന്‍ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്നായിരിക്കും പഴി.

അതിനു കാരണം പീറ്റര്‍ കാണുകയും ചെയ്യും. പീറ്ററിനെ മാനസികരോഗിയാക്കി ചിത്രീകരിച്ചു തനിക്കു തന്നിഷ്ടത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടുന്നു എന്നായിരിക്കും വ്യാഖ്യാനം.

അതിനു കുറേ ന്യായങ്ങളും കണ്ടേക്കാം. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുക? ഒന്നിനും ഒരു നിശ്ചയമില്ലാതെ കുരിശുവരച്ചു ട്രീസ എല്ലാം തമ്പുരാനില്‍ അര്‍പ്പിച്ചു കിടന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അങ്ങനെതന്നെ കിടക്കുകയായിരുന്നു പീറ്ററും.

തന്‍റെ വിധി!

എങ്ങനെയാണ് ആളുകളോടു പറയുക? എന്താണു പറയുക? ഒന്നിനും ഒരു നിശ്ചയവുമില്ല.

പക്ഷേ-

മനസ്സിലെ നെരിപ്പോട് എരിയുകയാണ്.

ഏലിചേടത്തി പറഞ്ഞ വാക്കുകള്‍ കെടാതെ പൊള്ളിക്കുകയാണ്.

ഒരു പകലിനുവേണ്ടി കാത്തു കിടന്നു പീറ്റര്‍.

രാവിലെ എഴുന്നേറ്റത് എന്തൊക്കെയോ നിശ്ചയിച്ചായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ പീറ്റര്‍ ഇറങ്ങി. ട്രീസ അറിയേണ്ടതില്ല; ട്രീസയും വീട്ടുകാരും.

നേരെ ചെന്നതു ഏലിചേടത്തിയുടെ വീട്ടിലേക്കായിരുന്നു.

അതിരാവിലെ പീറ്ററിനെ കണ്ട ഏലിചേടത്തി അത്ഭുതപ്പെട്ടു.

"എന്താ മോനെ… വിശേഷം… അല്ല; കേറിയിരിക്ക്."

ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീടു പീറ്റര്‍ അകത്തേയ്ക്കു കയറി ചൂരല്‍ സെറ്റിയില്‍ ഇരുന്നു.

"എന്താ വിശേഷിച്ച്?"

അപ്പോഴും ചേടത്തിയുടെ അത്ഭുതം മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

"നല്ല നാട്ടുവൈദ്യന്മാരുണ്ടോ ചേടത്തി. അതറിയാനാ ഞാന്‍ വന്നത്."

പീറ്റര്‍ ഒരു കള്ളത്തോടെ സംഭാഷണം തുടങ്ങി.

"അല്ലേ… എന്തിനാ ഇപ്പം നാട്ടുവൈദ്യന്‍? ആര്‍ക്ക്…? എന്തോന്നസുഖമാ…?"

ചേടത്തി അത്ഭുതം കൂറി.

"അങ്ങനെ അസുഖമൊന്നുമല്ല."

ചൂരല്‍സെറ്റിയുടെ കയ്യില്‍ താളമിട്ടു വിദൂരതയില്‍ നോക്കി പീറ്റര്‍.

"പിന്നെ…"

"ട്രീസയ്ക്ക് എന്തെങ്കിലും നാട്ടുചികിത്സ കൂടി ചെയ്താലോ എന്നു കരുതിയാ… പ്രസവിച്ച പെണ്ണല്ലേ? ഇംഗ്ലീഷ്ചികിത്സയേക്കാള്‍ ഫലപ്രദം നാട്ടുചികിത്സയാ. അലോപ്പതിക്കാര് കുറച്ച് ആന്‍റിബയോട്ടിക്, പിന്നെ അയേണ്‍ കാത്സ്യം ഗുളിക. അവര്‍ അവിടെ തീര്‍ക്കും. പ ക്ഷേ, അതുകൊണ്ടു തീര്‍ന്നില്ലല്ലോ; നല്ല രക്ഷ കിട്ടണം."

"ശരിയാ… വേതു പിടിക്കണം, കഷായം കഴിക്കണം, അരിഷ്ടം കുടിക്കണം, ലേഹ്യം വേണം" – ചേടത്തി ലിസ്റ്റ് തുടരാന്‍ ശ്രമിച്ചു.

"അതെല്ലാം ആയുര്‍വേദം. എനിക്കതല്ല അറിയേണ്ടത്; തനി നാട്ടുചികിത്സ. അതു ചെയ്യുന്ന ആരുണ്ടെന്നാ? കൊച്ചിനും തള്ളയ്ക്കും ഇപ്പം ചെയ്യുന്നതല്ലേ നിലനില്ക്കൂ."

പീറ്റര്‍ വാചാലനായി.

"എന്നാലും ഇക്കാലത്ത് ഇതുപോലെ മനസ്സുള്ളവരെ ഞാനാദ്യമായി കാണുകയാ."

ചേടത്തി ഒന്നു പുകഴ്ത്തി, പീറ്ററിനെ. പിന്നീടു തുടര്‍ന്നു: "ഇപ്പം ഭര്‍ത്താക്കന്മാര്‍ പ്രസവം കഴിഞ്ഞാ ഭാര്യേ നോക്കലൊക്കെ കണക്കാ. കുട്ട്യേ ശ്രദ്ധിച്ചൂന്നു വരും. ഇംഗ്ലീഷ് വൈദ്യന്മാരു പറഞ്ഞുകൊടുക്കുന്ന മരുന്നു മാത്രം സാധാരണ പ്രസവമാണെങ്കി അമ്പത്തിയാറു കഴിഞ്ഞാ…"

പിന്നെ എന്തോ വിഴുങ്ങി ചേടത്തി; എന്നിട്ടു പറഞ്ഞു.

"എനിക്കറിയാവുന്ന ഒരു നാട്ടുവൈദ്യനുണ്ട് ഇവിടെ, നമുക്കു പോകാം. ട്രീസേടെ അപ്പനും അമ്മയ്ക്കും അയാളെ അറിയാമായിരിക്കും. അതിനപ്പുറത്തല്ലേ അവരുടെ സ്വന്തക്കാരുടെ വീട്."

പീറ്ററിന്‍റെ കണ്ണു തിളങ്ങി.

"ങും…" ഒരു ശ്രദ്ധയും അമിതമായി ഇല്ലാത്ത മട്ടില്‍ ഒഴിഞ്ഞു മൂളി പീറ്റര്‍.

"എന്നാലും ട്രീസ ഭാഗ്യോള്ളോളാ. ഇതുപോലൊരു കെട്ട്യോനെ കിട്ടണോങ്കി ഭാഗ്യം ചെയ്യണം. അവള് നല്ല സുന്ദരിപെണ്ണാ. ഇന്നാട്ടില്‍ അവളെ മോഹിക്കാത്ത ഒരാളുപോലും ഉണ്ടായിട്ടില്ല."

ട്രീസയെയും പുകഴ്ത്തി ചേ ടത്തി.

"ങും… എന്നാലും ട്രീസ നല്ല ദൈവഭയമുള്ള പെണ്ണായിരുന്നെന്നാ ഞാനറിഞ്ഞിട്ടിള്ളത്." പീറ്റര്‍ സംസാരത്തിനു വഴി തെളിച്ചു.

"സംശയോന്താ. നല്ല ദൈവഭയം. എന്നാലും മനുഷ്യരല്ലേ മോനെ? ചില സമയം പിശാചും ആളുകളില്‍ കയറാറില്ലേ?"

"എന്നുവച്ചാ…?"

"ഓ… പഴയ കാലത്തു പറയണ ഒരു ചൊല്ലുണ്ട്. ചിക്കാത്ത കോഴിയുണ്ടെങ്കിലേ കക്കാത്ത പെണ്ണ് ഒള്ളൂന്ന്."

"ഒന്നു തെളിച്ചു പറയ് ചേടത്തി…" – പീറ്ററിന്‍റെ ഹൃദയമിടിപ്പിനു വേഗത കൂടി.

"കോഴിയാണോ ചിക്കിയിരി ക്കും; പെണ്ണാണോ ചിലപ്പോ…"

"ചിലപ്പോ…"

"ഹേയ്… ഒന്നൂല്ലന്നേ… ഞാനാരുടേം കുടുംബം കലക്കാന്‍ പിറന്നവളല്ല."

അല്പനേരത്തെ മൗനം.

"അല്ല; ചായ തന്നില്ലല്ലോ. ദേ… ഞാന്‍ വരണ്."

ചേടത്തി അകത്തേയ്ക്കു വലിഞ്ഞു.

പീറ്റര്‍ ചിന്തയിലേക്കും.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org