തീരാമഴ – അധ്യായം 7

തീരാമഴ – അധ്യായം 7

വെണ്ണല മോഹന്‍

"എന്താ മോനെ ഇപ്പോ ഒരു വല്ലാത്ത സമാധാനക്കുറവ്?"- ഏലിയാമ്മചേടത്തി ചൂടുചായ ഊതിയാറ്റി കുടിക്കുന്ന പീറ്ററിനെ നോക്കി ചോദിച്ചു.

ഏതോ ചിന്തയിലാണ്ടിരുന്ന പീറ്റര്‍ ഒന്നു ഞെട്ടി. എന്നിട്ടു പറഞ്ഞു: "എന്താ… എന്താ ചേടത്തി ചോദിച്ചത്?"

"ങാഹാ…! വേറെ ലോകത്തായിരുന്നോ…?"

"എന്തോ ഒരു വിഷമംപോലെ… എന്നാ ചേടത്തി ചോദിച്ചത്?"

"എനിക്കോ…ഹേയ്… ഒരു പ്രയാസോം ഇല്ല. ഞാന്‍ നാട്ടുവൈദ്യനെക്കുറിച്ച് ആലോചിക്കുകയായിരുന്നു."

ഒരു ദീര്‍ഘനിശ്വാസത്തോടെ പീറ്റര്‍ പറഞ്ഞു. "അതിനിപ്പോ എന്നാ ആലോചിക്കാനാ… പിന്നെ, ചില ആലോചനയൊക്കെ ഈ ഏലിച്ചേടത്തിക്കും പുടികിട്ടും" – ഒരു ചിരി ചിരിച്ചു ചേടത്തി.

മറുപടി പറയാനായില്ല പീറ്ററിന്.

"ഏതായാലും ഇടയ്ക്കിങ്ങോട്ടേക്കിറങ്ങ്… നല്ല നാട്ടുവൈദ്യനെ ഞാനന്വേഷിച്ചു കണ്ടുപിടിച്ചു തരാം. ഏതായാലും ട്രീസകൊച്ചിന്‍റെ കാര്യത്തില്‍ മോന്‍ കാണിക്കുന്ന ശ്രദ്ധ കൊച്ചിനും ഒണ്ടായേച്ചാ മതി."

"അതെന്താ അങ്ങനെ?"

"ഇപ്പോഴത്തെ നാട്ടുനടപ്പുങ്ങനല്യോ. അല്ല ട്രീസയുടെ കാര്യത്തിലങ്ങനൊന്നും കാണത്തില്ല."

"അതെനിക്കറിയാം."

"ങാ… അതു പറ. വിശ്വാസമാണ് ദാമ്പത്യത്തില്‍ ഏറ്റവും വലുത്. അതൊണ്ടെങ്കി എല്ലാം നേരെയാകും. തെറ്റു ചെയ്യാത്തവരാരാ ഭൂമി മലയാളത്തില്. പിന്നെ ചെയ്ത തെറ്റ് ഏറ്റുപറയണം. അതു പൊറുക്കണം. പിന്നീടത് ആവര്‍ത്തിക്കാനും പാടില്ല. അതിനും പകരം കണ്ണില്‍കൂടെ കാര്യം ചോദിച്ചാല്‍ പോലും നിഷേധിക്കുന്നവരല്ലേ ഇപ്പോഴത്തെ പെണ്ണുങ്ങള്‍. പിന്നെങ്ങനാ…?"

"എന്നുവച്ചാല്‍…?"

"കല്യാണത്തിനുമുമ്പു നന്നായി ആലോചിക്കണം. ചുറ്റുപാടും തിരക്കണം. അതു കഴിഞ്ഞാ പിന്നെ നെഞ്ചേല്‍ തീയുംകോരിയിട്ടു നടക്കരുത്. അന്വേഷിക്കാത്തവര്‍ മണ്ടന്മാരല്യോ…?"

പാതി കുടിച്ച ചായ ടീപ്പോയിയില്‍വച്ചു പീറ്റര്‍ അക്ഷമയോടെ ചേടത്തിയെ നോക്കി.

ചേടത്തി കുറേശ്ശെയായി വിഷം പകരുകയായിരുന്നു. "ദേ… എന്നോടോ മറ്റോ ചോദിച്ചാ… ഞാന്‍ കാര്യം എള്ളിട തെറ്റാതെ കൃത്യം കൃത്യമായി പറയും. കാരണം ഒരു ജീവിതത്തിന്‍റെ പ്രശ്നമല്യോ – കള്ളം പറഞ്ഞുകൂട്ടി ഇണക്കീട്ട് എന്തു കാര്യം? പണമുള്ളോര് പണമില്ലാത്തവരെ കെട്ടുമ്പം എന്തെങ്കിലും കാര്യം ഒണ്ടാവത്തില്യോ? പ്രേമവിവാഹോന്നുമല്ലല്ലോ. സൗന്ദര്യം ഉള്ളവരു സൗന്ദര്യം കുറഞ്ഞവരെ, വിദ്യാഭ്യാസം ഉള്ളവര്‍ വിദ്യാഭ്യാസം ഇല്ലാത്തവരെ… എന്തെങ്കിലുമൊക്കെ കാണും. അതൊക്കെ ലോകസ്വഭാവമല്ലേ മോനേ…?"

പീറ്ററിന്‍റെ ഉള്ളൊന്നു കത്തി. പിന്നെ ചൂടോടെ ചോദിച്ചു: "സൗന്ദര്യം എന്നതു മനസ്സിലല്ലേ വേണ്ടതു ചേടത്തീ…?"

"അങ്ങനെ പറ… അതാ ശരി."

പീറ്ററിന്‍റെ മനസ്സൊന്നു തണുത്തുതുടങ്ങി.

അപ്പോള്‍ വീണ്ടും ചേടത്തി പറഞ്ഞു: "പക്ഷേങ്കി… ആദ്യം കാണുന്നതു രൂപമല്ലേ? അപ്പോ ഒരിഷ്ടം തോന്നണതു മനസ്സു കണ്ടിട്ടല്ലല്ലോ?"

"ട്രീസ പക്ഷേ, നല്ല മനസ്സുള്ളവളാ.." – പീറ്റര്‍ വളഞ്ഞുപിടിക്കാന്‍ ശ്രമിച്ചു.

"അല്ലെന്നാരു പറഞ്ഞു? അല്ലേലും ട്രീസേടെ കാര്യം നമ്മള്‍ പറഞ്ഞില്ലല്ലോ… എനിക്കേറ്റം വേണ്ടപ്പെട്ട വീട്ടുകാരാ ട്രീസേടേത്… എന്നാലും പറയണ്ട കാര്യം പറയണ്ട സമയത്താണെങ്കില്‍ പറഞ്ഞേനെ, പിന്നീടതു പറയുന്നത് ഏനക്കേടല്ലേ – ചേടത്തി അതിനു നില്ക്കത്തില്ല."

പിന്നെയും പീറ്ററിന്‍റെ മനസ്സൊന്ന് ആളി. ഇനി എന്തു പറഞ്ഞാലും ചേടത്തി ഈ സമയത്ത് ഒന്നും വിട്ടുപറയില്ലെന്ന് അയാള്‍ക്കു തോന്നി. പിന്നീടാണെങ്കില്‍ കുറേശ്ശെകുറേശ്ശെ പറഞ്ഞെന്നു വരാം.

"ഏതായാലും നാട്ടുവൈദ്യനെ കണ്ടെത്തണം. എവിടേങ്കിലും പോയി അന്വേഷിക്കണമെങ്കിലും മടിക്കണ്ട; യാത്രയ്ക്ക് വച്ചോ" – പീറ്റര്‍ പോക്കറ്റില്‍നിന്ന് അഞ്ഞൂറിന്‍റെ നോട്ടെടുത്തു ചേട്ടത്തിക്കു കൊടുത്തു.

"ഓ… ഇതൊന്നും വേണ്ടായിരുന്നു" – രൂപ വാങ്ങിക്കൊണ്ട് ചേടത്തി പറഞ്ഞു. അതോടൊപ്പം ചേടത്തിയുടെ കണ്ണ് പണത്തില്‍ ഒന്ന് ഉടക്കി; തെളിഞ്ഞു, മിഴിഞ്ഞു.

പീറ്റര്‍ ചേടത്തിയുടെ വീട്ടില്‍ നിന്നും ഇറങ്ങി. മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ വലകെട്ടിക്കൊണ്ടിരുന്നു.

**** *****
രാവിലെ, അരിഷ്ടവും കഷായവുമൊക്കെ കൊടുക്കുന്നതിനിടയില്‍ ആനിയമ്മ നയപൂര്‍വം ട്രീസയോടു ചോദിച്ചു: "പീറ്റര്‍ എങ്ങനെ?"

പതിവില്ലാത്ത ചോദ്യം.

ചോദ്യമൊട്ടും മനസ്സിലാകാതെ, ഉദ്ദേശ്യം തിരിയാതെ ട്രീസ ആനിയമ്മയെ നോക്കി.

"മനസ്സിലായില്ല… എങ്ങനേന്നു ചോദിച്ചാ…?"

"ഇതു പണ്ടാരാണ്ടു പറഞ്ഞതുപോലെയായി. എടീ പൈതലിനെയൊക്കെ കാണുമ്പം അതിന്‍റെ അപ്പന് ഒരു വല്ലാത്ത സന്തോഷമുണ്ടാവില്ലേ – നിന്നോടു ഒരു പ്രത്യേക സ്നേഹം കാണില്ലേ?"

"ഒണ്ടല്ലോ. അങ്ങനെ പ്രത്യേകതയെന്ത്? എന്നും എന്നോടു സ്നേഹമാണല്ലോ."

പറഞ്ഞപ്പോള്‍ തൊണ്ടയിലിരുന്ന് ഒരു സങ്കടപ്രാവ് കുറുകിയോ. ഒന്നുകൂടി അവള്‍ വിശദീകരിച്ചു:

"അമ്മച്ചി കണ്ടില്ലേ… ഇവിടെ വന്നാല്‍ ഉപഗ്രഹംപോലെ ചുറ്റിപ്പറ്റി നില്ക്കുന്നതുമൊക്കെ…"

എന്തോ…?

ആനിയമ്മയ്ക്ക് അവളുടെ മറുപടിയില്‍ അത്ര തൃപ്തി വന്നില്ല.

അതുകൊണ്ടുതന്നെ എങ്ങും തൊടാത്ത മട്ടില്‍ ഒരു മൂളലില്‍ അവള്‍ ഒതുങ്ങിനിന്നു.

"പഥ്യമൊക്കെ കണിശമായും നോക്കണം. ഇല്ലേല്‍ വരും കാലത്താ പ്രശ്നം ഒണ്ടാവണത്."

"ങും…"

"പ്രസവം കഴിഞ്ഞ പെമ്പിള്ളേര്‍ക്കെന്താ സന്തോഷം എന്നറിയാമോ? നിനക്കെന്താ ഇത്ര സന്തോഷക്കുറവ്."

വീണ്ടും മറ്റൊരു വഴിയിലൂടെ കടന്നുകയറാന്‍ ശ്രമിച്ചു ആനിയമ്മ.

"എനിക്കെന്താ സന്തോഷക്കുറവുണ്ടെന്നു ഞാന്‍ അമ്മച്ചിയോട് പറഞ്ഞോ…?" – ട്രീസ ചോദിച്ചു.

"അങ്ങനല്ല; എല്ലാം പറഞ്ഞുതന്നല്ലല്ലോ അറിയണത്."

"പിന്നെ…?"

"ചില ലക്ഷണം കണ്ടാലും മനസ്സിലാകും."

"ഓ… ഇപ്പോ അമ്മച്ചി ലക്ഷണശാസ്ത്രേം പഠിക്കാന്‍ തുടങ്ങിയോ…?"- ട്രീസ ചോദിച്ചു.

"അല്ല; നിന്‍റെ മുഖത്ത് ഒരു തെളിച്ചമില്ലായ്മ…"

"ഒരു മെഴുകുതിരി കത്തിച്ചുവച്ചാലോ അമ്മച്ചി…?"-തമാശപോലെ തന്‍റെ ദേഷ്യം അറിയിച്ചു ട്രീസ.

"ഇതു പണ്ടാരാണ്ടും പറഞ്ഞതുപോലെയായി. ഞാനൊന്നും പറയണില്ലേ കര്‍ത്താവേ" – ആനിയമ്മ കയ്യൊഴിഞ്ഞു.

കഷായത്തിന്‍റെയും അരിഷ്ടത്തിന്‍റെയും പാത്രവുമായി ആനിയമ്മ പിന്തിരിഞ്ഞു.

ട്രീസ ആലോചനയിലേക്കു മനപ്പടികള്‍ കയറി.

തന്‍റെ ഭാര്യ പ്രസവിച്ച തന്‍റെ കുഞ്ഞിനെ തന്‍റേതാണോ എന്ന സംശയത്തോടെ നോക്കുന്ന ഭര്‍ത്താവ്. ഇതു കണ്ടാല്‍ ഭാര്യയ്ക്കു സന്തോഷമാണോ ഉണ്ടാവുക! ഒളിഞ്ഞും തെളിഞ്ഞും ചില അമ്പുകളെയ്ത് നൊമ്പരപ്പെടുത്തുക. അപ്പോള്‍ മുഖത്തു പുഞ്ചിരിയാണോ വിരിയുക!

ഇതെല്ലാം എങ്ങനെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാകും.

എങ്കിലും അവരും എന്തൊക്കെയോ സംശയിക്കുന്നു. അതുകൊണ്ടാണ് അമ്മച്ചിയില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്.

ഉച്ച കഴിഞ്ഞപ്പോഴാണു നാട്ടുവിശേഷങ്ങളുമായി ഏലിയാമ്മചേടത്തി ആനിയമ്മയുടെ അടുത്തേയ്ക്കെത്തിയത്.

"ഹൊ! എന്തൊരു ചൂടാ അല്ലേ… തണുത്തതെന്തെങ്കിലും ഉണ്ടോ കൊച്ചേ…?" – വന്നപാടെ ഏലിയാമ്മ ചോദിച്ചു.

ആനിയമ്മ തണുപ്പിച്ച നാരങ്ങാവെള്ളം കൊടുത്തു എന്നിട്ടു പറഞ്ഞു.

"ചൂടുസമയത്തു തണുത്തതു കഴിച്ചാ തൊണ്ടയ്ക്കു കേടാ…"

"ഓ.. ഇനീപ്പം അതുമിതും നോക്കീട്ടെന്നാ കാര്യം… വയസ്സും പ്രായോമായില്ലേ?

ഒന്നു നിശ്വസിച്ചു; പിന്നെ തുടര്‍ന്നു.

"ഞാനൊരു നാട്ടുവൈദ്യനെ തേടിയിറങ്ങീതാ… ഇവിടേംകൂടി ഒന്നു കേറിയേച്ചു പോകാമെന്ന കരുതി."

"നാട്ടുവൈദ്യനോ! ആര്‍ക്കാ അസുഖം? ചേടത്തിക്കാ…?"

"ഹേയ്! എനിക്കെന്തോന്നസുഖം? നിങ്ങടെ മരുമോനു വേണ്ടിയാ."

"ങേ!"

ആനിയമ്മ വാ പിളര്‍ന്നിരുന്നു.

"അവനെന്തോ പറ്റി? ഇവിടൊന്നും പറഞ്ഞില്ലല്ലോ."

ആനിയമ്മ ചോദിച്ചപ്പോള്‍ ഏലിചേടത്തി ഒന്നു ചിരിച്ചു എന്നിട്ടു പറഞ്ഞു: "ഇതാ പറയുന്നെ… സ്നേഹം നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയത്തില്ലാന്ന്."

"ഇതു പണ്ടാരാണ്ടും പറഞ്ഞുപോലെയായി. സ്നേഹം തിരിച്ചറിയാനാണോ നാട്ടുവൈദ്യനെ തേടി ഇറങ്ങീത്?"

"അതല്ലന്ന്. നല്ല പ്രസവരക്ഷ വേണ്ടേ… ട്രീസയ്ക്ക്. നാട്ടുവൈദ്യന്മാരെ കണ്ടാല്‍ നല്ല നാടന്‍ പച്ചമരുന്നു റെഡിയാക്കി കിട്ടും. അതാ കാര്യം. നാട്ടുമരുന്നു ട്രീസയ്ക്ക് വേണമെന്നു പീറ്ററുമോനു വല്യ ആഗ്രഹമാണ്. അതോണ്ട് എന്‍റടുത്തു പറഞ്ഞു നാട്ടുവൈദ്യന്മാരെ ഒന്നന്വേഷി ച്ചു കൊടുക്കണോന്ന്. എന്തു സ്നേഹോള്ള കൊച്ചന്‍."

കാര്യം മുഴുവനും വിശദമാക്കി ഏലിചേടത്തി.

അകത്തു കിടന്ന് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു ട്രീസ.

പീറ്ററിന്‍റെ തന്ത്രം മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല ട്രീസയ്ക്ക്.

ചേടത്തിയെ സോപ്പിടുകയാണ്. തന്ത്രപൂര്‍വം തന്നെക്കുറിച്ചു തിരക്കാനുള്ള തത്രപ്പാട്.

കഷ്ടം.

ഒരു മനുഷ്യന്‍റെ മനസ്സില്‍ ഇങ്ങനെ ചെകുത്താന്‍ കയറുമോ? ആവശ്യമില്ലാത്ത സംശയം മൂലം സ്വയം സമാധാനം കളയുക. മറ്റുള്ളവരുടെ സമാധാനം കൊടുത്തുക.

പക്ഷേ, ആനിയമ്മ ചിന്തിച്ചതു മറ്റൊന്നായിരുന്നു.

എന്നാലും പീറ്ററിന് എത്ര സ്നേഹമാ ട്രീസയോട്! അവളുടെ ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധ. കുഞ്ഞിനെ സ്നേഹിക്കുന്നവര്‍ ശരിക്കും അമ്മയെയും സ്നേഹിക്കും എന്നു പറയുന്നത് എത്ര വാസ്തവം. എങ്കിലും ഒരു സംശയം മാത്രം ബാക്കി നിന്നു. നാട്ടുവൈദ്യരെ കണ്ടുപിടിക്കാന്‍ ഏലിയാമ്മചേടത്തിയോടെന്തിന് അവന്‍ പറയണം!? ഇവിടെ പറഞ്ഞാല്‍ പോരേ. ട്രീസേടെ അപ്പച്ചന്‍ എവിടുന്നെങ്കിലും കണ്ടുപിടിക്കും. പിന്നെന്തിനവന്‍ ഏല്യാമ്മ ചേടത്തീടടുത്തു പോണം? അതു മാത്രമല്ല; ഇങ്ങനൊരു കാര്യം ട്രീസയോടുപോലും പറഞ്ഞില്ലല്ലോ.

കാര്യം എന്തായാലും നല്ലതു തന്നെ.

പക്ഷേ, ആരായാലും ഏലിയാമ്മ ചേടത്തിയോടടുത്താല്‍ നന്മ പ്രതീക്ഷിക്കണ്ട.

"എപ്പഴാ കണ്ടേന്ന് ആലോചിക്കുകയായിരിക്കും അല്ലേ? കാലത്തേ വന്നു. ഞാന്‍ ചായേം കൊടുത്തു. വഴിച്ചെലവിനു കാശും തന്നു. എന്തൊരു മര്യാദക്കാരന്‍."

ഏലിയാമ്മചേടത്തി പീറ്ററിനെ പുകഴ്ത്തിക്കൊണ്ടിരുന്നു.

"തോമസച്ചായന്‍ വേണേല്‍ കണ്ടുപിടിച്ചേനെ" – ശബ്ദം കുറച്ച് ആനിയമ്മ പറഞ്ഞു.

"ഓ… തിരക്കുള്ള അല്ലേ. അതു കണ്ടറിഞ്ഞു ചെയ്യണ്ടേ? അതാ തിരിച്ചറിവ്. അതോണ്ടാ എന്നെ ഏല്പിച്ചത്" – ഏലിയാമ്മ ചേടത്തി ഉടനെ പറഞ്ഞു.

ഇനി തിരക്കു വന്നാല്‍ അവിടത്തെ കാര്യം മുഴുവന്‍ പീറ്റര്‍ ഏലിയാമ്മ ചേടത്തിയെയാണോ ഏല്പിക്കാന്‍ പോകുന്നത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നു ആനിയമ്മയ്ക്ക്; എങ്കിലും ചോദിച്ചില്ല.

വെറുതെ പറഞ്ഞുകയറണ്ട. അതും ഈ ഏലിവിഷത്തിന്‍റടുത്ത്.

കുറച്ചൊക്കെ നാട്ടുവിശേഷം പറഞ്ഞശേഷമാണു ഏലിയാമ്മചേടത്തി വീടുവിട്ടിറങ്ങിയത്.

പുറത്തുപോയി വന്ന തോമസിനോട് ആനിയമ്മ ഏലിയാമ്മചേടത്തി വന്നതും പറഞ്ഞതുമെല്ലാം പറഞ്ഞു.

തോമസിനും ഇതത്ര പന്തിയായി തോന്നിയില്ല. ഏലിയാമ്മയുടെ വീട്ടില്‍ കയറിയിറങ്ങാനൊരു വഴി. അതെന്തിന്? നാട്ടിലൊട്ടും നല്ല അഭിപ്രായമില്ലാത്ത ഈ ഏഷണിക്കാരിയോടു പീറ്ററിനെന്താണിത്ര പ്രിയം!?

**** ****

ഇനി പീറ്ററിന്‍റെ വീട്ടിലേക്കു കൊണ്ടുപോകാനുള്ള തീയതി നിശ്ചയിക്കും.

അവിടേക്കു ചെന്നാല്‍ എന്താണാവോ ഉണ്ടാവുക! എല്ലാവരുടെയും മുന്നില്‍ മാന്യന്‍ ചമയുന്ന പീറ്റര്‍ തന്‍റയടുത്ത് എന്തൊക്കെയാണവോ കാട്ടിക്കൂട്ടാന്‍ പോകുന്നത്! ഒരു കുട്ടി ഉണ്ടാകുമ്പോഴെങ്കിലും സംശയരോഗം തീരുമെന്നു പ്രതീക്ഷിച്ചു. പക്ഷേ…

കുഞ്ഞിനെ ഒന്നെടുക്കാന്‍പോലും വിഷമം കാണിക്കുകയാണ്. ആളുകളുടെ മുന്നില്‍ പറയുന്നത് കുട്ടിയെ എടുക്കാന്‍ വശമില്ലെന്നാണ്!

വശപ്പെടുകയല്ലേ വേണ്ടത്.

എടുത്തു മടിയില്‍വച്ചു കൊടുക്കാം എന്നു പറഞ്ഞാല്‍പോലും വേണ്ടെന്നു പറയും.

എന്തോ-

അന്യരുടെ – ശത്രുവിന്‍റെ കുട്ടിയെ കാണുംപോലെ… എന്നുവച്ചാല്‍….

ട്രീസയുടെ മനസ്സ് നീറിക്കൊണ്ടിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org