Latest News
|^| Home -> Novel -> Novel -> തീരാമഴ – അധ്യായം 9

തീരാമഴ – അധ്യായം 9

Sathyadeepam

വെണ്ണല മോഹന്‍

“ഈ ലോകത്തിന്‍റെ തന്നെ സ്ഥിതിയിതാണ്. പിന്നെ നമുക്കെന്തു മാറ്റം?” – സിസ്റ്റര്‍ മറിയ ട്രീസയോടായി ചോദിച്ചു.

ട്രീസ ഒന്നും മറുപടി പറഞ്ഞില്ല.

“ട്രീസയ്ക്കറിയാല്ലോ… ഒന്നും സ്ഥായിയായിട്ടില്ല. നിലനില്പുള്ളതു കര്‍ത്താവിനു മാത്രം. ബാക്കിയെല്ലാം നശിക്കുന്നതാണ്. കണ്ണുകൊണ്ടു കാണുന്നതെല്ലാം നാളെ ഇല്ലാതായേക്കാം; കണ്ണും നഷ്ടപ്പെടും. എന്നാലോ കരുണേം സ്നേഹോം ത്യാഗോം എന്നും നിലനില്ക്കും; സഹനത്തിനേ ശക്തിയുള്ളൂ”-സിസ്റ്റര്‍ മരിയ വീണ്ടും പറഞ്ഞു.

പത്തു മണി കഴിഞ്ഞപ്പോഴാണു സിസ്റ്റര്‍ പീറ്ററിന്‍റെ വീട്ടിലെത്തിയത്. പീറ്ററപ്പോള്‍ ജോലിക്കു പോയിക്കഴിഞ്ഞിരുന്നു.

അമ്മച്ചിക്കു സിസ്റ്റര്‍ വന്നപ്പോള്‍ സന്തോഷവും അതിലേറെ അതിശയവുമായിരുന്നു.

സ്തുതിയൊക്കെ പറഞ്ഞ ശേഷം അമ്മച്ചി ചോദിച്ചു: “സിസ്റ്റര്‍ ഇവിടേക്കുതന്നെ വന്നതാണോ…?”

“ഇതുവഴി ഒരിടംവരെ പോകേണ്ടി വന്നു. അപ്പം ഇവിടേക്കൊന്നു കയറിയതാ. കുഞ്ഞിനേം എല്ലാവരേം കണ്ടിട്ടുപോകാമല്ലോ.”

അമ്മച്ചിക്ക് സത്കരിക്കാന്‍ തിടുക്കമായിരുന്നു. പക്ഷേ, സിസ്റ്റര്‍ മറിയ പറഞ്ഞു: “ഒന്നും വേണ്ട അമ്മച്ചി…”

“അതു പറ്റത്തില്ല” – അമ്മച്ചി ശാഠ്യം പിടിച്ചു.

“അന്നാപ്പിന്നെ അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ ഒരു ഗ്ലാസ് ചായ; അതിലപ്പുറം വേണ്ട” – സിസ്റ്റര്‍ തീര്‍ത്തു പറഞ്ഞു.

ഒടുവില്‍ സിസ്റ്റര്‍ പറഞ്ഞിടത്ത് അമ്മച്ചി വഴങ്ങി. ചായകുടി കഴിഞ്ഞു സിസ്റ്റര്‍ ട്രീസയുടെ മുറിയിലെത്തി. നവീന്‍ നല്ല ഉറക്കത്തില്‍. ഉറക്കത്തിനിടയ്ക്കു ചിരിക്കുന്നു, കരയുന്നു. എന്തൊരു നിഷ്കളങ്കത! അല്പസമയം നോക്കിനിന്ന ശേഷം ട്രീസയോടു സംസാരിക്കാന്‍ തുടങ്ങി.

പീറ്ററിനക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്.

“ജോലിക്കു പോയി. ഒത്തിരി ലീവെടുത്തതല്ലേ; ഇനീം ലീവെടുക്കാനില്ലെന്നാ പറഞ്ഞത്”- ട്രീസ സാധാരണ ഗതിയില്‍ത്തന്നെ മറുപടി പറഞ്ഞു.

പറയുമ്പോഴും കേള്‍ക്കുമ്പോഴുമെല്ലാം മറിയ ട്രീസയെത്തന്നെ നിരീക്ഷിക്കുകയായിരുന്നു. അവളുടെ ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അപ്പച്ചന്‍ പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ? സംസാരത്തില്‍ പങ്കുചേരാനിരുന്നിരുന്ന അമ്മച്ചി സാവധാനം അടുക്കളയിലേക്ക് പോയപ്പോള്‍ മറിയ മറ്റു പലതും പറയുന്ന കൂട്ടത്തിലാണു പറഞ്ഞുതുടങ്ങിയത്. മറ്റാരുടെയോ കാര്യം പറയുംപോലെ.

“ഓരോരോ പ്രശ്നങ്ങളെ… ഞാനിന്ന് പോയിടത്ത് എന്തൊക്കെയാ പ്രശ്നങ്ങള്. എല്ലാവരും സങ്കടത്തിലാ. പിന്നെ, ഒന്നും ഒരു കാലത്തും നിലനില്ക്കത്തില്ലല്ലോ. എല്ലാക്കാലോം എല്ലാവര്‍ക്കും സങ്കടം ഉണ്ടാവത്തില്ല. സന്തോഷോം ഉണ്ടാവത്തില്ല. എന്തും സഹിക്കാന്‍ കഴിയണം. അതിനാ വിശ്വാസം വേണ്ടത്. ദൈവത്തില്‍ വിശ്വസിച്ചാ നമുക്കു മനസ്സിലാകും എല്ലാം ഒരു പരീക്ഷണമാണെന്ന്.”

“മറിയ പറയുന്നതു കേട്ട് ട്രീസ ഇരുന്നു. പിന്നെ ആ ലോചിച്ചു. എന്തിനാ സിസ്റ്റര്‍ ഇതൊക്കെ പറയുന്നത്. താനൊന്നും പറഞ്ഞില്ലോ.

ഇടയ്ക്കിടെ അടുക്കളയില്‍ നിന്നും വന്ന അമ്മച്ചിയോടും ഒരു പൊതുകാര്യംപോലെ മറിയ പറഞ്ഞു.

“കര്‍ത്താവ് സഹിച്ചതിന്‍റെ ഒരംശമെങ്കിലും നമുക്കു സഹിക്കേണ്ടി വന്നിട്ടുണ്ടോ? അതല്ലേ കാര്യം. കഷ്ടപ്പാടും ദുരിതോം സങ്കടോം വരുമ്പ കര്‍ത്താവിനെ ഓര്‍ത്താല്‍ ആ സഹനത്തെക്കുറിച്ച് ആലോചിച്ചാല്‍ എല്ലാം പമ്പ കടക്കും. അല്ലേ അമ്മച്ചി.”

“ശരിയാ… കര്‍ത്താവിന്‍റെ സഹനം ഓര്‍ത്താ കണ്ണു നിറയാത്തവരാ ആരാ ഒള്ളത്” – അമ്മച്ചിയും കൂടെ ചേര്‍ന്നു.

“ഞാനിതെല്ലാം പറഞ്ഞപ്പോ അവര്‍ക്കു സങ്കടം കുറച്ചു കുറഞ്ഞു. അല്ലെങ്കിത്തന്നെ നമ്മുടെ വിഷമം ആരോടെങ്കിലും പറയണം. നല്ല വിശ്വാസം ഉള്ളവരോടു തുറന്നു സംസാരിക്കണം. അപ്പോ അല്പം ആശ്വാസം തോന്നും; പരിഹാരത്തിന് ഒന്നിച്ചു വഴി കണ്ടെത്താനും കഴിയും.”

മറിയ വീണ്ടും പറഞ്ഞപ്പോള്‍ ട്രീസ സംശയിച്ചു. എന്താണിങ്ങനെയൊക്കെ മറിയ പറയുന്നത്? സിസ്റ്ററിന്‍റെ വാക്കുകള്‍ എവിടെയൊക്കെയോ കൊണ്ടും കൊടുത്തും മുന്നേറുന്നതുപോലെ.

പണ്ടും മറിയ ഇങ്ങനെയായിരുന്നു. കുട്ടിക്കാലത്തും ഏതു കാര്യോം പ്രത്യേക രീതിയില്‍ അവതരിപ്പിക്കും, ആരെയും മനസ്സിലാക്കും, വേണ്ടതുപോലെ സംസാരിക്കും… ഒക്കെ അവളുടെ പ്രത്യേകതകളായിരുന്നു.

മഠത്തിലേക്കു പോകുംവരെ ഏതു കാര്യത്തിനും അഭിപ്രായം ചോദിച്ചിരുന്നതു ജോര്‍ജുകുട്ടി ചേട്ടനോടുപോലുമായിരുന്നില്ല; മറിയയോടായിരുന്നു. ആരോട് അഭിപ്രായം ചോദിച്ചാലും പറഞ്ഞാലും വ്യക്തവും തൃപ്തികരവുമായ ഒരഭിപ്രായം കിട്ടണമെങ്കില്‍ മറിയയോടുതന്നെ ചോദിക്കണമായിരുന്നു.

തനിക്കും മറിയയും തമ്മില്‍ ഒരാത്മബന്ധവും ഉണ്ടായിരുന്നു. മഠത്തില്‍ ചേര്‍ന്ന് അവള്‍ ദൈവശുശ്രൂഷയ്ക്കു തിരഞ്ഞെടുത്തവളായി. താന്‍ വിവാഹം കഴിച്ചു കുടുംബിനിയുമായി, അതോടെ യാത്ര രണ്ടു വഴിക്ക്.

എങ്കിലും മറിയ വന്നിരുന്ന് ഇങ്ങനെയൊക്കെ പറയുന്നതില്‍ എന്തെങ്കിലും കാരണം കാണാതിരിക്കില്ല. അതിലേക്കുള്ള വഴിമരുന്നിടുകയാണ് മറിയ; ട്രീസ ആലോചിച്ചു.

ട്രീസയെ ഇമയനക്കാതെ നോക്കിക്കൊണ്ടിരുന്ന സിസ്റ്റര്‍ ഒന്നു ചിരിച്ചു. എന്നിട്ടു വീണ്ടും പറയാന്‍ തുടങ്ങി.

“മാതാപിതാക്കളെ ബഹുമാനിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുന്നവര്‍ ഒരിക്കലും നശിച്ചുപോകുന്നില്ല. അവര്‍ ചെയ്തുപോയ അപരാധങ്ങള്‍പോലും യഹോവ പൊറുക്കുന്നു. ദാവീദിനോടു പൊറുത്തല്ലോ. ദാവീദ് ചെയ്തതോ എത്ര വലിയൊരു പാപമായിരുന്നു! ഒരു സന്ധ്യ. ദാവീദ് മാളികമുകളില്‍ ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഒരു സ്ത്രീ കുളിക്കുന്നത് അവള്‍ കാണാനിടയായി. അതിസുന്ദരി. അവളില്‍ ദാവീദിനു മോഹമുദിച്ചു. അവളെക്കുറിച്ച് അന്വേഷിച്ച അയാള്‍ക്കു മനസ്സിലായി. തന്‍റെ പടയാളികളില്‍ ഒരുവനായ ഊരിയാവിന്‍റെ ഭാര്യയാണ് അതെന്ന്. ബത്ത്-ശെബ എന്നായിരുന്നു അവളുടെ പേര്. ആളെ അയച്ചു ബെത്-ശെബയെ വരുത്തിയ ദാവീദ് തന്‍റെ അരമനയില്‍ കുറച്ചുകാലം അവളെ പാര്‍പ്പിച്ചു. പിന്നീടയാള്‍ തിരിച്ചയച്ചു. ഇതിനകം അവള്‍ ദാവീദില്‍നിന്നും ഗര്‍ഭിണിയായി കഴിഞ്ഞിരുന്നു. ദാവീദ്, പടക്കളത്തിലായിരുന്ന ഊരിയായെ ആളയച്ചു വിളിപ്പിച്ചു. അവളുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം അവനില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭാര്യയുടെ അടുത്തേയ്ക്ക് എത്ര നിര്‍ബന്ധിച്ചിട്ടും പോകാതിരുന്ന ഊരിയാ കൊട്ടാരപ്പടിക്കല്‍ ഭൃത്യന്മാരോടൊപ്പം കിടന്നുറങ്ങുകയാണു ചെയ്തത്. അമിതമായി മദ്യപിപ്പിച്ചു ബെത്ത്-ശെബായുടെ അടുത്തേയ്ക്കയക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ പോയില്ല. ഒടുവില്‍ ഊരിയായെ പടക്കളത്തിലേക്കു തന്നെ മടക്കി അയച്ചു. അവിടവെച്ച് അവനെ കൊല്ലിക്കുകയും ചെയ്തു. പിന്നീടു ബെത്-ശെബയെ ഭാര്യയായി കൈക്കൊണ്ടു. യഹോവ ഇതിനു കടുത്ത ശിക്ഷ തന്നെ നല്കി. ബെത്ത്-ശെബയില്‍ അവനുണ്ടായ മകനെ കൊന്നുകളഞ്ഞു. തന്‍റെ മകനായ അബ്ശലോമിനെ പേടിച്ചു മരുഭൂമിയിലൂടെ ഓടിപ്പോകേണ്ടി വന്നു. എങ്കിലും അവന്‍റെ സങ്കടം കേട്ടപ്പോള്‍ അവനെ മുഴുവന്‍ നശിപ്പിച്ചില്ല യഹോവ. ഇസ്രായേലിലെ കീര്‍ത്തിമാനായ രാജാവാക്കി. ബെത്-ശെബയില്‍ നിന്നുതന്നെ ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ എന്ന മകനെ കൊടുക്കുകയും ചെയ്തു.”

കേട്ടിരുന്ന അമ്മച്ചിയും പറഞ്ഞു: “സിസ്റ്റര്‍ വന്നാല്‍ ഒരു സന്തോഷം… ഇങ്ങനുള്ള എത്ര കഥകളാ കേള്‍ക്കാന്‍ പറ്റുന്നത്?”

അമ്മച്ചി അങ്ങനെ പറഞ്ഞെങ്കിലും ട്രീസയുടെ മനസ്സില്‍ സംശയം വലകെട്ടുന്നുണ്ടായിരുന്നു. ഇതൊക്കെ പറയുന്ന മറിയത്തിന്‍റെ മനസ്സില്‍ വേറെന്തോ ഉണ്ടെന്ന് ഊഹിക്കാന്‍ അധികം അറിവൊന്നും അവള്‍ക്കു വേണ്ടിയിരുന്നില്ല.

അമ്മച്ചി അടുക്കളയിലേക്കു പോയപ്പോള്‍ മറിയ ട്രീസയോടു ചോദിച്ചു: “പീറ്ററിനു നിന്നോടുള്ള സ്നേഹം കൂടിക്കാണും അല്ലേ? അങ്ങിനാ… ഭാര്യ അമ്മകൂടിയാകുമ്പോള്‍, തന്‍റെ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്കു സ്നേഹം കൂടും. ഭാര്യമാര്‍ക്കു ഭര്‍ത്താവിനോടുള്ള സ്നേഹോം കൂടും; ശരിയല്ലേ?”

മനഃപൂര്‍വം മറ്റ് എവിടേക്കോ നോക്കിക്കൊണ്ടാണു സിസ്റ്റര്‍ അതു പറഞ്ഞതെങ്കിലും ഒളികണ്ണാല്‍ ട്രീസയെ നോക്കാനും മറന്നില്ല.

അതിനു മറുപടി ഒരു പുഞ്ചിരിപോലും ആയിരുന്നില്ല. പകരം ട്രീസയുടെ കണ്ണ് നിറയുകയാണു ചെയ്തത്. ആ കാഴ്ച സിസ്റ്ററിന്‍റെ ഉള്ളില്‍ തട്ടി; അപ്പച്ചന്‍ കരുതുന്നതിലും കാര്യമുണ്ട്.

ഇന്നു വന്നിടത്ത് ഇനിയും വരേണ്ടതുണ്ടെന്നും അപ്പോള്‍ വീണ്ടും വരാമെന്നും പറഞ്ഞു സിസ്റ്റര്‍ ഇറങ്ങാന്‍ തത്രപ്പാടു കാട്ടി.

അമ്മച്ചി നിര്‍ബന്ധം പിടിച്ചു: “അതു പറ്റത്തില്ല. ഊണു കഴിക്കാതെ സിസ്റ്ററിനെ വിടത്തില്ല. ഇവിടെവരെ വന്നിട്ട് ഒരു പറ്റ് കഴിക്കാതെ പോണന്നു വച്ചാ… പറ്റത്തില്ല.”

ട്രീസയും പറഞ്ഞു: “ഊണ് കഴിച്ചിട്ടു പോയാല്‍ മതി.”

“അതു തന്നാ ആഗ്രഹം. പക്ഷേ, എന്തു ചെയ്യാനാ; മഠത്തില്‍ ഞാന്‍ ഉച്ചയ്ക്കെത്തിക്കൊള്ളാമെന്നു പറഞ്ഞിട്ടാ പോന്നത്. ഒഴപ്പാനൊന്നും പറ്റത്തില്ല. പറയുന്നതുപോലെ ചെയ്യണം. അതാ അവിടത്തെ നിയമം” – മറിയ ഒഴിഞ്ഞു മാറി.

അമ്മച്ചിയുടെ മുഖം വാടി.

“ഒരു കാര്യം ചെയ്യാം. ഞാന്‍ ഇനീം വരത്തില്യോ… അപ്പം ഊണും കാപ്പീമൊക്കെ കഴിച്ചേച്ചേ പൊകത്തൊള്ളൂ” – മറിയ സമാധാനിപ്പിച്ചു.

റോമില്‍നിന്നു വെഞ്ചിരിച്ചുകൊണ്ടുവന്ന രണ്ടു കുരിശുമാല എടുത്ത് ഒന്ന് അമ്മച്ചിക്കും മറ്റൊന്നു ട്രീസയ്ക്കും സമ്മാനിച്ചശേഷം മറിയ പടിയിറങ്ങി.

മറിയ അവസാനം പറഞ്ഞ വാചകങ്ങള്‍ ട്രീസയുടെ മനസ്സില്‍ കിടന്നു തേങ്ങി; ഭാര്യ അമ്മയാകുമ്പോള്‍… തന്‍റെ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍… സ്നേഹം കൂടുന്നു എന്ന്!

പക്ഷേ, പീറ്ററിന്‍റെ കാര്യത്തിലോ…?

സ്നേഹമല്ല, അകല്‍ച്ചയാണു കൂടുന്നത്. സ്വന്തം കുഞ്ഞിനെ നോക്കാന്‍പോലും അയാള്‍ക്ക് അത്ര ഇഷ്ടമല്ല. സ്വന്തം കുഞ്ഞാണോ എന്ന സംശയത്തിലാണ് ഇപ്പോഴും.

ആരോടും പറയാനാകാതെ മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമം. വേണമെങ്കില്‍ മറിയത്തോടു പറയാമായിരുന്നു. വിശ്വസിച്ചു പറയാവുന്നതാണ്. ആരെയും അറിയിക്കില്ല; സിസ്റ്ററാണെങ്കിലും ഈ തേങ്ങല്‍ കൃത്യമായും മനസ്സിലാക്കാന്‍ മറിയത്തിനു കെല്പുണ്ട്. ഒരുപക്ഷേ, പ്രാര്‍ത്ഥനയ്ക്കപ്പുറത്തു ചില പരിഹാരമാര്‍ഗങ്ങളും പറഞ്ഞുതന്നേക്കാം.

എന്തായാലും ഇനിയും വരുമെന്നല്ലേ പറഞ്ഞത്. വരുമ്പോഴാകാം; തുറന്നു പറഞ്ഞു പെയ്തൊഴിയട്ടെ മനം!

ഉച്ചയ്ക്ക് ഊണു കഴിച്ചു കഴിഞ്ഞപ്പോഴേക്കും പതിവില്ലാതെ പീറ്റര്‍ എത്തി.

ജോലിക്കു പോയ ആളാണ്; വൈകുന്നേരമാണ് എത്തേണ്ടത്. പിന്നെന്തു പറ്റി എന്നറിയില്ല.

“ജോലിക്കു കയറിയില്ലേ?” – ട്രീസ ചോദിച്ചു.

പീറ്റര്‍ മറുപടിക്കു തപ്പിത്തടഞ്ഞു. പിന്നെ പറഞ്ഞു, “ഒരത്യാവശ്യമായി ഹാഫ്ഡേ ലീവെടുത്തു.”

“എന്താ അത്യാവശ്യം.”

അതിനു ചോദ്യം ഒടിക്കുന്ന ഒരു നോട്ടം മാത്രം പീറ്റര്‍ സമ്മാനിച്ചു.

സന്തോഷത്തോടെ അമ്മച്ചി പറഞ്ഞു: “സിസ്റ്റര്‍ മറിയ വന്നിരുന്നു.”

“ങും…” – അയാളുടെ കണ്ണുകള്‍ തിളങ്ങി.

“എന്നിട്ട്?” – വീണ്ടും അമ്മയില്‍നിന്ന് ഒന്നും കേള്‍ക്കാതായപ്പോള്‍ അയാള്‍ ചോദിച്ചു.

“ങാ… ഊണു കഴിച്ചേച്ചു പോകാമെന്നു ഞാന്‍ ആവതും പറഞ്ഞുനോക്കിയതാ… അതിനു നിക്കാതെ പോയി. ഇനിയൊരിക്കലാകട്ടേന്നു പറഞ്ഞു. റോമീന്നു മാതാവിന്‍റെടുത്തു വെഞ്ചെരിച്ച രണ്ടു കുരിശുമാലേം തന്നു; ഒന്നെനിക്കും ഒന്നു ട്രീസയ്ക്കും.”

“ശ്ശെ! വന്നതും പോയതും കുരിശുമാലേം ചോറു കഴിക്കലും മാത്രമാണല്ലോ അമ്മച്ചി പറയുന്നത്. കാര്യപ്രസക്തമായ ഒന്നും പറയുന്നില്ലല്ലോ” – പീറ്ററിന് ഈര്‍ഷ്യ തോന്നി.

“അല്ല; സിസ്റ്റര്‍ വെറുതെ ഇറങ്ങിയതാണോ?”

“ഓ… ഇവിടെ അടുത്തെങ്ങാനും വരാനുണ്ടായിരുന്നെന്ന്. അങ്ങനെ വന്നപ്പം കയറിയതാന്നാ പറഞ്ഞെ.”

“അടുത്തെവിടെ?”

“അതു ഞാന്‍ ചോദിച്ചില്ല. എന്നാലും അടുത്തുവരെ വരാനുണ്ടായപ്പം ഇവിടേം കേറാന്‍ തോന്നീല്ലോ; ആ മനസ്സിനെയല്ലേ സ്തുതിക്കേണ്ടത്” – അമ്മച്ചി മറിയത്തിന്‍റെ നല്ല മനസ്സിനെ പ്രകീര്‍ത്തിച്ചു.

“വേറെ എന്തോ പറഞ്ഞു?” – അമ്മച്ചിയുടെ പ്രകീര്‍ത്തനം ശ്രദ്ധിക്കാതെ പീറ്റര്‍ ചോദിച്ചു.

“ഓ… എന്തോ പറയാനാ… സഹോദരിമാര്‍ തമ്മില്‍ കുറേ വര്‍ത്തമാനം പറഞ്ഞു. തത്ത്വോപദേശം പറഞ്ഞു. ബൈബിളിലെ പാപത്തിന്‍റേം പാപമോചനത്തിന്‍റേം കഥയൊക്കെ പറഞ്ഞു. അല്ലേലും ദൈവമാര്‍ഗം സ്വീകരിച്ചവരിങ്ങനെയല്ലേ?”

വീണ്ടും പീറ്ററിന്‍റെ കണ്ണുകള്‍ തിളങ്ങി.

തത്ത്വോപദേശം… ബൈബിളിലെ കഥ… പാപത്തിന്‍റേം മോചനത്തിന്‍റേം കഥ… ഇതിലെന്തോ കാര്യമുണ്ട്.

ഈ കഥ പ്രത്യേകിച്ചു പറയാന്‍ മാത്രം ഇവിടെ ആരാണു പാപം ചെയ്തത്?

പീറ്റര്‍ കുറേനേരം ഒന്നും പറയാതിരുന്നു. പീറ്ററിന്‍റെ ഭാവമാറ്റം നോക്കി ട്രീസ ഇരുന്നു. അമ്മച്ചി അപ്പുറത്തേയ്ക്കു പോയപ്പോള്‍ പീറ്റര്‍ ട്രീസയോടു ചോദിച്ചു.

“സിസ്റ്ററിന്‍റെ മുന്നില്‍ പാപമെല്ലാം ഏറ്റുപറഞ്ഞു കുമ്പസാരിച്ചപ്പോ സമാധാനം കിട്ടിയോ?”

ട്രീസ വല്ലാതായിപ്പോയി.

(തുടരും)

Leave a Comment

*
*