ഉല്ലാസ യാത്ര – അദ്ധ്യായം 15

ഉല്ലാസ യാത്ര – അദ്ധ്യായം 15

കുര്യന്‍ പി.എം. എണ്ണപ്പാറ

നഗരത്തിലെ മിലിട്ടറി ഹോസ്പിറ്റല്‍ ക്യാപ്റ്റനും അനന്തരാമനും ഐ.സി.യുവിന് പുറത്ത് അക്ഷമരായി ഉലാത്തുകയാണ്. അനന്തരാമന്‍ ബ്രിഗേഡിയറായി വിരമിച്ചയാളാണ്. ഇരുവരും ഒരുമിച്ചാണ് മിലിട്ടറിയില്‍ ചേര്‍ന്നത്. റിട്ടയര്‍ ചെയ്തതും ഒരുമിച്ചുതന്നെ. അനന്തരാമന്‍ പിന്നെ ബിസിനസ്സ് രംഗത്തേക്കു തിരിഞ്ഞു. ടൂര്‍സ്, ട്രാവല്‍സ് തുടങ്ങി, എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് തുടങ്ങി മള്‍ട്ടിലെവല്‍ വരെയുള്ള ബിസിനസ്സ് തിരക്കുള്ള ബിസിനസ്സ്മാന്‍. ഇന്ത്യയിലെ മി ക്ക നഗരങ്ങളിലും ഓഫീസ്. നിന്നു തിരിയാന്‍ സമയം കിട്ടാറില്ല. പക്ഷേ, ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക് വിളിച്ചാല്‍ ഏതു തിരക്കുകളും മാറ്റിവെച്ച്, "സ്വാമി"യെന്ന് മറ്റുള്ളവരും, "കള്ളസ്വാമി"യെന്ന് സ്വകാര്യമായി ക്യാപ്റ്റനും വിളിക്കുന്ന അനന്തരാമസ്വാമി പറന്നെത്തും. അനന്തരാമന് ക്യാപ്റ്റന്‍റെയത്ര ഉയരമില്ല; വണ്ണവും കുറവാണ്. പക്ഷേ ധിഷണാശാലിയാണ് അദ്ദേഹം. ഒരു തീരുമാനമെടുത്താല്‍ അണുവിട വ്യതിചലിക്കില്ല. സ്വാമിയുടെ ഈ പ്രകൃതമാണ് ക്യാപ്റ്റന് ഏറെയിഷ്ടം. ക്യാപ്റ്റന്‍ നടത്തം നിര്‍ത്തി ഒരു കസേരയില്‍ വന്നിരുന്നു. സ്വാമിക്ക് ഒരു സിഗരറ്റ് വലിക്കണമെന്നുണ്ട്. പുറത്തേക്കിറങ്ങാന്‍ ഭാവിക്കുകയായിരുന്നു. പെട്ടെന്ന് നേഴ്സ് ഐസിയുവിന്‍റെ ഡോര്‍ തുറന്ന് വിളിച്ചു. 'സര്‍,' ക്യാപ്റ്റന്‍ ചാടിയെഴുന്നേറ്റു. "എന്താ സിസ്റ്റര്‍?" ക്യാപ്റ്റന്‍ ഉദ്യോഗത്തോടെ ചോദിച്ചു. "ഒരു കുട്ടി കണ്ണുതുറന്നു സാര്‍" സിസ്റ്റര്‍ പറഞ്ഞു. ക്യാപ്റ്റന്‍ പെട്ടെന്ന് ഐ.സി.യുവിലേക്ക് കയറി. വാതില്‍ക്കല്‍ നിന്ന് മൂന്നാമത്തെ ബെഡിലാണ് അവള്‍ കിടന്നിരുന്നത്. തൊട്ടപ്പുറത്ത് കുട്ടനും പെണ്‍കുട്ടി കണ്ണുതുറന്ന് ചുറ്റും അമ്പരപ്പോടെ നോക്കുകയാണ്. ക്യാപ്റ്റന്‍ ബെഡിനരികില്‍ ചെന്ന് അവളുടെ നെറുകയില്‍ തഴുകി. "മോളെ" ക്യാപ്റ്റന്‍ അലിവോടെ വിളിച്ചു. കാനനത്തില്‍ നി ന്നും തനിക്കു കിട്ടിയ രണ്ടു ജീവനുകളാണല്ലോ ഇത്. തക്ക സമയത്ത് രക്ഷപ്പെടുത്തിയതുകൊണ്ട്, ഇപ്പോള്‍ ജീവന്‍ തുടിക്കുന്നു. അവള്‍ ക്യാപ്റ്റനെ നോക്കി. "ഞാ… ന്‍…. ഇതെ….വിടെയാ…." അവള്‍ വിക്കി വിക്കി ചോദിച്ചു. അവളുടെ സ്വരം നേര്‍ത്തും പതറിയും ഇരുന്നു. ക്യാപ്റ്റന്‍ ഒന്നും മിണ്ടിയില്ല.

"അമ്മേ… പപ്പേ"… അവരെ മുന്നില്‍ കണ്ടെന്നപ്പോലെ അവള്‍ വി ളിച്ചു. എന്തിനോ വേണ്ടി വലതുകരം ഒരു മാത്ര ഉയര്‍ത്തിപിടിച്ചു. കുട്ടിയുടെ ശ്രദ്ധയും നോട്ടവും തന്‍റെ നേരെയല്ലെന്ന് ക്യാപ്റ്റന് മനസ്സിലായി. "എന്തായി സ്ഥിതി, കുട്ടി സംസാരിച്ചോ." അവിടേയ്ക്ക് കടന്നുവന്ന സ്വാമി അടക്കി യ സ്വരത്തില്‍ ചോദിച്ചു. ക്യാപ് റ്റന്‍ സ്വാമിയെ നോക്കി. "ഒന്നും പറഞ്ഞില്ല." ക്യാപ്റ്റന്‍റെ മുഖം നിരാശ നിറഞ്ഞതായിരുന്നു. സ്വാമി കുട്ടിയുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സ്വാമി അടുത്ത ബെഡിലേയ്ക്കു നോക്കി. ആണ്‍കുട്ടിയും മയക്കത്തിലാണ്. "പപ്പേ…. പപ്പ എവിടാ…. അമ്മേ… കുട്ടാ…. എടാ കുരങ്ങന്‍ വരുന്നു മാറിക്കോ…." പൊടുന്നനെ പെണ്‍കുട്ടി ഭയപ്പാടോടെ നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു. അവളുടെ ശരീരം ഞെട്ടിവിറച്ചു. ശ്വാസഗതി ഉച്ചത്തിലായി. സ്വാമി അന്ധാളിപ്പോടെ ക്യാപ്റ്റനെയും പെണ്‍കുട്ടിയെയും മാറി മാറി നോക്കി. അപ്പോഴേയ്ക്കും നേഴ്സ് ഡ്യൂട്ടി ഡോക്ടറെയും കൂട്ടി വന്നു. വയറു ചാടി തടിച്ച കുള്ളനായിരുന്നു ഡോക്ടര്‍. മുഖമാണെങ്കില്‍ സദാ വീര്‍പ്പിച്ചു വെച്ചതുപോലെ ഇരുകവിളും ചീര്‍ത്തിരിക്കുന്നു. ഒരു മാംസഗോളം നടന്നുവരുന്നതുപോലെ തോന്നും. സ്വാമിക്ക് ഡോക്ടറെ കണ്ടപ്പോള്‍തന്നെ ചിരിവന്നു. ക്യാപ്റ്റന്‍ സ്വാമിയെയും കൂട്ടി പുറത്തിറങ്ങി. സ്വാമി ഐസിയുവിലേക്ക് നോക്കി. ചെറുതായി ചിരിച്ചു. ക്യാപ്റ്റന്‍ സ്വാമിയോടു പറഞ്ഞു. "കുട്ടികള്‍ നോര്‍മ്മലല്ലല്ലോ സ്വാമി. എന്തൊക്കെയോ പേടിപ്പെടുത്തുന്ന ഓര്‍മ്മകളവര്‍ക്കുണ്ട്. അവരില്‍നിന്നും എന്തെങ്കിലും വിവരം കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. എന്തു ചെയ്യും." സ്വാമി ചിന്താഭാരത്തോടെ താടിയുഴിഞ്ഞു. സ്വാമിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. "ക്യാപ്റ്റാ, നമുക്ക് സക്കറിയായെ വിളിച്ച് വിവരം പറഞ്ഞാലോ പറ്റിയ സൊലൂഷന്‍ അവന്‍ പറഞ്ഞുതരും." അതൊരു ബുദ്ധിയാണെന്ന് ക്യാപ്റ്റനു തോന്നി. സിറ്റി പോലീസ് കമ്മീഷണറാണ് 'സക്കറിയാ ചേന്നാടന്‍.' ഊര്‍ജ്ജസ്വലനായ ഐപിഎസ് ഓഫീസര്‍. അനീതികളെ എതിര്‍ക്കുകയും അഴിമതി ചെറുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനനിരതനായ ഒരു കേരള പോലീസ് ഓഫീസര്‍. ക്യാപ്റ്റന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒക്കെ അറിയാവുന്നവന്‍, തന്നെയുമല്ല ഇരുവരും ഒരേ നാട്ടുകാരുമാണ്. സ്വാമിയും കമ്മീഷണറും ക്യാപ്റ്റനും ഒരേ പ്രായക്കാരും, ഒരേ മനസ്സുള്ളവരുമാണ്. സക്കറിയാ ചേന്നാടന്‍ ഐപിഎസ് എടുത്തുവെന്നു മാത്രം. ഡോക്ടര്‍ ഐസിയുവിന്‍റെ വാതില്‍ തുറന്ന് പുറത്തുവന്നു. "ക്യാപ്റ്റന്‍ രണ്ടു കുട്ടികളും ഉണര്‍ന്നു. പക്ഷേ, നോര്‍മ്മലായിട്ടില്ല. പെട്ടെന്ന് ബോധം മറയുകയാണ്. അവ്യക്തമായി പപ്പാ, അമ്മ, വിടടാ, ബ്ലാക്കി, ആന…. എന്നിങ്ങനെയൊക്കെ മന്ത്രിക്കുന്നുമുണ്ട്. അവര്‍ ശരിക്കും നോര്‍മ്മലാകണമെങ്കില്‍ രണ്ടു ദിവസമെങ്കിലും എടുക്കും. അവര്‍ വല്ലാതെ ഭയന്നിട്ടുണ്ടെന്ന് തോന്നുന്നു. സൈക്കോളജിക്കല്‍ പ്രോബ്ളം ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. സൈക്യാട്രിസ്റ്റ്, തോമസ് എബ്രഹാമിന്‍റെ സേവനം ആവശ്യപ്പെടേണ്ടി വരും. ഞങ്ങള്‍ ഇപ്പോള്‍ ഗ്ലൂക്കോസിട്ടു കിടത്തിയിരിക്കുകയാണ്. ഭയപ്പെടാനൊന്നും ഇല്ല." സീരിയല്‍ കഥാപാത്രത്തെപ്പോലെ ഡയലോഗ് പറഞ്ഞുതീര്‍ത്ത്, ഇരുവര്‍ക്കും ഹസ്തദാനം ചെയ്ത് ഡോക്ടര്‍ നടന്നകന്നു. ഡോക്ടര്‍ പോയപ്പോള്‍ സ്വാമി ഇരുകൈകളും ഇരുവശത്തേക്കും മലര്‍ത്തി 'ആ' എന്ന മട്ടില്‍ ആംഗ്യം കാണിച്ചു. ക്യാപ്റ്റന് ചിരി വന്നു. ക്യാപ്റ്റന്‍ ഒന്നുകൂടി ഐസിയുവില്‍ കയറി കുട്ടികളെ കണ്ടു. അവര്‍ ഉറങ്ങുകയായിരുന്നു. അശാന്തിയുടെ തീരത്ത് വിശ്രമം. കൊടുങ്കാറ്റ് ഉള്ളിലൊളിപ്പിച്ച മണ്‍പേടകങ്ങള്‍!!! നല്ല ശ്രീത്വമുള്ള കുട്ടികള്‍. കുഞ്ഞുങ്ങളേ നിങ്ങള്‍ ആരാണ്? ആ ചോദ്യം ഒരു തേങ്ങലായി ക്യാപ്റ്റന്‍റെ നെഞ്ചിലുടക്കി ക്യാപ്റ്റന്‍ പുറത്തിറങ്ങി. സ്വാമിയപ്പോള്‍ ആര്‍ക്കോ ഫോണ്‍ വിളിക്കുകയായിരുന്നു. "ക്യാപ്റ്റന്‍, അവന്‍ ഇപ്പോള്‍ വരും." അനന്തരാമന്‍ ഉത്സാഹത്തോടെ പറഞ്ഞു. സജന്‍ ഡൊമിനിക്കിനും സന്തോഷമായി. "വാ നമുക്കോരോ കാപ്പി കഴിക്കാം." സജന്‍ ഡൊമിനിക്ക് മുന്നേ നടന്നു സ്വാമിയും അനുഗമിച്ചു. ഹോസ്പിറ്റലില്‍ തന്നെയുള്ള കോഫി ബൂത്തില്‍ ചെന്ന് രണ്ടു കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തു ക്യാപ്റ്റന്‍. "ഒന്നു വിത്തൗട്ടേ" സ്വാമി കാപ്പിയെടുക്കുന്നവനെ ഓര്‍മ്മിപ്പിച്ചു. അവര്‍ കസേരയിലിരുന്നു "സാര്‍, സ്നാക്സ്, പ്ലീസ്" കോഫിയെടുത്തുകൊണ്ട് ബൂത്തുകാരന്‍ ചോദിച്ചു. "നോ താങ്ക്സ്" – ക്യാപ്റ്റന്‍ പറഞ്ഞു. സ്വാമിയൊരു വട വാങ്ങി. അവര്‍ കസേരയിലിരുന്നു. കാപ്പികുടിച്ചു. നിശബ്ദമായ നിമിഷങ്ങള്‍ കടന്നുപോയി. "ഹലോ… ക്യാപ്റ്റന്‍"… എന്താ വിശേഷം, സുഖമല്ലേ, സ്വാമി" ഉറക്കെ ചോദിച്ചുകൊണ്ട് സക്കറിയാ അവിടേക്ക് വന്നു. "നിങ്ങള്‍ ഇതൊക്കെ ഇപ്പോഴും കുടിക്കുമല്ലേ"…. അവര്‍ കാപ്പി കുടിക്കുന്നതുകണ്ട് കമ്മീഷണര്‍ ചിരിച്ചു. "ഗതികെട്ടാല്‍ പുലി കാപ്പിയും കുടിക്കും." സ്വാമി കാപ്പി ഗ്ലാസ്സ് 'കരടി'യുടെ വായിലേയ്ക്ക് സൂക്ഷ്മതയോടെ ഇട്ടുകൊണ്ട് പറഞ്ഞു. കമ്മീഷണര്‍ അവരുടെ അരികില്‍ ഒരു കസേരയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു. "എന്താ പ്രശ്നം?" "അപ്പോള്‍ താനൊന്നും പറഞ്ഞില്ലേ?" ക്യാപ്റ്റന്‍ സ്വാമിയോടു ചോദിച്ചു. 'ഇല്ലെന്നേ, ഇയാള്‍ വേഗം വരാന്‍ വിളിച്ചു പറഞ്ഞതേയുള്ളൂ." കമ്മീഷണറാണ് മറുപടി പറഞ്ഞത്. "എന്തായാലും താന്‍ വരും പിന്നെ ഫോണിലെ പൈസ വെറുതെ കളയണോ?" സ്വാമി ചിരിച്ചു. കമ്മീഷണറും ക്യാപ്റ്റനും പരസ്പരം നോക്കിച്ചിരിച്ചു. "താന്‍ വാ." ക്യാപ്റ്റന്‍ എഴുന്നേറ്റ് ഐസിയുവിന്‍റെ നേര്‍ക്ക് നടന്നു. കമ്മീഷണര്‍ ഉദ്വേഗഭരിതനായി ഇരുവരേയും മാറി മാറി നോക്കി. "എന്താ, ആരാ ഇവിടെ?" "പറയാം" ക്യാപ്റ്റന്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വിശദമായി കമ്മീഷണറോടു പറഞ്ഞു. "ഓഹോ അങ്ങനെയാണോ കാര്യങ്ങള്‍" സക്കറിയായും ക്യാപ്റ്റനും ഐസിയുവില്‍ കയറി കുട്ടികളെ കണ്ടു. കുട്ടികള്‍ ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ടായിരുന്നു. കുട്ടികളുടെ നെറ്റിയില്‍ നനഞ്ഞ കോട്ടണ്‍ വച്ചിട്ടുണ്ടായിരുന്നു. കുട്ടികള്‍ വളരെ അസ്വസ്ഥത പ്രകടിപ്പിച്ചു. ആണ്‍കുട്ടി കണ്ണ് ഇടയ്ക്കു തുറന്ന് ചുറ്റും നോക്കി. ചേച്ചീ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് ചാടിയെണീറ്റു. ചുറ്റും നോക്കി. കിതച്ചുകൊണ്ട് ഒരു നിമിഷം കിടക്കയിലിരുന്നു. ക്യാപ്റ്റന്‍ അവനെ ചാടിപ്പിടിച്ചു. എന്നാല്‍ അവന്‍ തളര്‍ന്ന് കിടക്കയിലേയ്ക്കു തന്നെ വീഴുകയും ചെയ്തു. "കുട്ടികള്‍ ഏതൊക്കെയോ ഭീകര അപകടങ്ങള്‍ നേരിട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഭയങ്കര വിപത്തുകളില്‍ പെട്ടിട്ടുണ്ട്. ശരിക്കും പേടി തട്ടിയിട്ടുണ്ട്. കണ്ടില്ലേ സ്ഥിതി. എവിടുന്നോ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടാണ് തന്‍റെ കൈയില്‍ എത്തിയത്." ഐസിയുവില്‍ നിന്നും പുറത്തേയ്ക്കിറങ്ങിക്കൊണ്ട് കമ്മീഷണര്‍ പറഞ്ഞു. ഐസിയുവിന്‍റെ വാതില്‍ തനിയെ അടഞ്ഞു. "ഇനി എന്തു ചെയ്യും?"
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org