ഉല്ലാസ യാത്ര – അദ്ധ്യായം 9

ഉല്ലാസ യാത്ര – അദ്ധ്യായം 9

കുര്യന്‍ പി.എം. എണ്ണപ്പാറ

പാവം ഇതുവരെയും അമ്മയെ പിരിഞ്ഞ് ഇരുന്നിട്ടില്ല. അവള്‍ അലിവോടെ അവനെ ചേര്‍ത്തുപിടിച്ചു. ആ കൊച്ചു പെണ്‍കുട്ടിയുടെ ഹൃദയം മാതൃനിര്‍വിശേഷമായ സ്നേഹത്താല്‍ നിറഞ്ഞു. അവള്‍ അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു. അവന്‍റെ ചോദ്യത്തിന് അവള്‍ക്ക് ഉത്തരമില്ലായിരുന്നു. ഈ വനത്തില്‍ നിന്ന് എങ്ങനെയും പുറത്തു കടന്നാല്‍ ഒരുപക്ഷേ, അവരെ കണ്ടെത്താനുള്ള എന്തെങ്കിലും ഒരു വഴി തെളിയുമെന്ന് ഒരു ധാരണ അവള്‍ക്കുണ്ടായിരുന്നു. തങ്ങളെ ഇത്രയും കാത്തു രക്ഷിച്ച ദൈവം കൈവിടില്ലെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. അവള്‍ ഫോണെടുത്ത് വീഡിയോ വീണ്ടും ഓണാക്കി. താന്‍ കരടിയുടെ പടം എടുത്തില്ലല്ലോയെന്ന് അവള്‍ നിരാശയോടെ ഓര്‍ത്തു. വീണ്ടും വിശപ്പ് അറിയാന്‍ തുടങ്ങിയിരുന്നു. എന്തു ചെയ്യും? ഒന്നും കിട്ടാനില്ല. ഉണ്ടായിരുന്ന പഴം ആ ദുഷ്ടന്‍ കരടി അകത്താക്കിയില്ലേ. അപ്പോഴാണ് ബാഗില്‍ എന്തോ ഉള്ളതുപോലെ തോന്നിയത്. നോക്കിയപ്പോള്‍ മൂന്നാലു പഴം. തത്ക്കാലം വിശപ്പടക്കാന്‍ ധാരാളം. പഴം തിന്ന് വീണ്ടും നടന്നു. വീഡിയോ ഓണായിതന്നെയിരുന്നു. അവര്‍ നടന്നു നടന്നു ക്ഷീണിതരായി. കുപ്പിയില്‍ അവശേഷിച്ച വെള്ളവും തീര്‍ന്നു. ഇനിയും കാടു തീരുന്ന ലക്ഷണമില്ല. എങ്കിലും നിരാശരായി പിന്‍മാറില്ല. എങ്ങനെയും അച്ചാച്ചന്മാരുടെ അടുത്തെത്തണം. അവര്‍ ക്ഷീണം മറന്നു ദൂരെ മറ്റൊരു മൊട്ടക്കുന്നു കണ്ടു. കുറെ പശുക്കളും ക്ടാക്കളും മേയുന്നു. "ചേച്ചീ പശുക്കളെ കണ്ടോ?" ടോം ആല്‍ഫിയെ കാണിച്ചു കൊടുത്തു. എടാ കുട്ടാ അതു പശുവല്ല. അതാണ് മലാന്‍, മ്ലാവ് എന്നൊക്കെ പറയുന്ന മൃഗം. ആല്‍ഫിയുടെയും ടോമിന്‍റെയും അങ്കിള്‍ ആനിമല്‍ ഫോട്ടോഗ്രാഫറാണ്. അതാണ് ആല്‍ഫിക്ക് പരിചയം. കുട്ടികള്‍ വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ വനം അതിന്‍റെ സര്‍വ്വ ഭീകരത മാത്രമല്ല, സര്‍വ്വ സൗന്ദര്യങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാട്ടുകോഴിപ്പറ്റങ്ങള്‍, പൂത്തുലഞ്ഞ് നില്‍ക്കുന്ന മലനിരകളിലെ മരങ്ങള്‍, അതിമനോഹരമായ ജലപാതങ്ങള്‍, പീലി വിടര്‍ത്തിയാടുന്ന മയില്‍കൂട്ടങ്ങള്‍ എന്നാല്‍ ഉള്ളിലെ ഉദ്വേഗം അവറ്റകളെ ദൃശ്യവത്ക്കരിക്കാന്‍ അനുവദിക്കുന്നില്ല.
പിന്നീട് കുരങ്ങുകള്‍ വരവായി. അവറ്റകള്‍ എല്ലാ മരത്തിലും കയറുകയും മരം കുലുക്കിക്കളിക്കുകയും ഇതുവരെ കാണാത്ത ഇനം ജീവികളെ കൗതുകത്തോടെ തുറിച്ച് നോക്കിയിരിക്കുകയും ചെയ്യുന്നു. അതു കാണുമ്പോള്‍ ടോം പേടിക്കും. "പേടിക്കേണ്ടടാ നമ്മുടെ മുതുമുത്തച്ഛന്മാരാ" എന്ന് ആല്‍ഫി ധൈര്യം പകര്‍ന്ന് കൊടുക്കും. അങ്ങനെ ഒരു പരിധിവരെ രസിച്ചും എന്നാല്‍ അതിലേറെ ഭയന്നും പേടിച്ചുമൊക്കെയാണ് കുട്ടികളുടെ നടപ്പ്. അവര്‍ തമ്മില്‍ ഒത്തിരി സംസാരം ഇല്ല. വനത്തിന്‍റെ ഭീകരമായ നിശബ്ദത അവരെ നിശബ്ദത പാലിക്കാന്‍ പഠിപ്പിച്ചു. അവര്‍ നടന്ന് കുന്നിന്‍ മുകളിലെത്തി. മ്ലാവുകള്‍ പോയി മറഞ്ഞിരുന്നു. ദൂരെ പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ മേയുന്നത് ആല്‍ഫി കണ്ടു. "നോക്കെടാ കാട്ടെരുമാ." ടോം നോക്കി. "കുറെയെണ്ണമുണ്ടല്ലോ. ആഹാ," "വാ നമുക്ക് നടക്കാം." ആല്‍ഫി പിന്നിലേക്ക് നോക്കി ടോമിനോട് പറഞ്ഞു. സമയം ഉച്ചകഴിഞ്ഞു കാണും. നല്ല വിശപ്പ്. അവര്‍ കുന്നിറങ്ങി. പെട്ടെന്ന് അവര്‍ക്കൊരു പഴത്തിന്‍റെ നല്ല മണം കിട്ടി. "ഹായ് ചക്കപ്പഴം" ടോം ആവേശത്തോ ടെ പറഞ്ഞു. "ഇവിടെയടുത്തെവിടെയോ പ്ലാവുണ്ടു ചേച്ചീ." ടോം പ്രതീക്ഷയോടെ പറഞ്ഞു. അവര്‍ക്കിപ്പോള്‍ പ്രധാനം വിശപ്പുമാറലായി. വിശപ്പ്!! അതൊരു പ്രതിഭാസം തന്നെയാണ്. അതു മനുഷ്യനെ സര്‍വ്വ മഹത്ത്വവും മറക്കാന്‍ പ്രേരിതനാക്കും. വിശപ്പിനു മുന്നില്‍ എല്ലാവരും സമര്‍. സര്‍വ്വജീവിക ളും. അവര്‍ പ്ലാവു തേടി നടന്നു. തെല്ലകലെയായി കുന്നു തീരുന്നിടത്ത് ഒരു പ്ലാവു നില്‍ക്കുന്നു. വലിയ മരമാണ് നിറയെ ചക്കയുമുണ്ട്. പ്ലാവിന്‍റെ ചുവട്ടില്‍ ചക്കപ്പഴങ്ങള്‍ വീണത്, മൃഗങ്ങള്‍ തിന്നതിന്‍റെ ബാക്കി ചീഞ്ഞു കിടപ്പുണ്ട്. കുഴപ്പഴമാണെന്നു തോന്നുന്നു.എങ്ങനെ ചക്കകിട്ടും അവര്‍ മുഖത്തോടു മുഖം നോക്കി വിഷമിച്ച് നിന്നു. താഴ്ഭാഗത്തൊന്നും മൂത്ത ചക്കപോലുമില്ല. അങ്ങനെ നിരാശരായി നില്‍ക്കുമ്പോള്‍ ഒരു ചക്കപ്പഴം മുകളില്‍ നിന്നും താഴേയ്ക്ക് വീണു. 'ഹാവൂ' രക്ഷപ്പെട്ടു. മാതാവു കരുണകാട്ടിയല്ലോ കുട്ടികള്‍ സന്തോഷത്തോടെ ചക്കപ്പഴത്തിന്‍റെ അരികിലേയ്ക്ക് ഓടിച്ചെന്നു. വീഴ്ചയില്‍ തന്നെ പഴം പൊട്ടിത്തുരന്നിരന്നു. പഴത്തില്‍ നിന്നും കൊതിപ്പിക്കുന്ന മണമുയര്‍ന്നു. "ഹായ്, നമുക്കു തിന്നാടാ കുട്ടാ." ആല്‍ഫിയൊരു പഴമെടുത്തു. പെട്ടെന്ന് പിറകില്‍ നിന്നും മരത്തില്‍ നിന്നുമായി പത്തിരുപത് കുരങ്ങുകള്‍ പാഞ്ഞുവന്നു. അവ കുട്ടിക ളെ ആക്രമിക്കാന്‍ ശ്രമിച്ചു. "അയ്യോ, അമ്മേ', ആല്‍ഫിയും ടോമും നിലവിളിച്ചു. അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ചുറ്റിലും കുരങ്ങുകളാണ്. തങ്ങളുടെ ഭക്ഷണം തട്ടിയെടുത്ത വിരൂപ ജീവികളെ കുരങ്ങുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. ചിലര്‍ അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. ഒരു തരം വികൃത സ്വരം പുറപ്പെടുവിച്ചു. കുട്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. "വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ." അവര്‍ ഉച്ചത്തില്‍ വിളിച്ചു. കുരങ്ങുകള്‍ വീണ്ടും അവരുടെ നേര്‍ക്കടുത്തു. കുട്ടികളുടെ ഭയം ഇരട്ടിച്ചുവന്നു. അവര്‍ പപ്പയേയും അമ്മയേയും ഓര്‍ത്തു. 'അമ്മേ' അവരുടെ നിലവിളി തൊണ്ടയില്‍ കുടുങ്ങി.
* * * * *


"ചേട്ടായീ ഇത്തിരിവെള്ളം താ." മേഴ്സി തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു. അലക്സി കുപ്പിയെടു ത്ത്, മേഴ്സിക്ക് കൊടുത്തു. അവര്‍ നന്നേ അവശരായിരുന്നു. ഭക്ഷണത്തിന്‍റെ കുറവും, ഭയാശങ്കകളും അവരെ തളര്‍ത്തി. ഈ കെണിയില്‍ പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. മാത്രമല്ല, കാണാതായ മക്കളെക്കുറിച്ചുള്ള ആകുലതയും അവരുടെ മനസ്സിനെ തളര്‍ത്തി. അലക്സി രണ്ടു ഫോണുകളും മാറി മാറി നോക്കുന്നുണ്ട്. ഈ വനത്തിലെവിടെ റേഞ്ച്. അവസാനം അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു. തങ്ങളുടെ വണ്ടിയുടെ ചുറ്റിലും ഏതൊക്കെയോ ജീവികള്‍ പതിയിരിക്കുന്ന തോന്നല്‍ ശക്തമായി. പുറഭാഗമെല്ലാം ഇരുണ്ട് വരുന്നു. തോന്നലല്ല അതു സത്യം തന്നെയായിരുന്നു. കുറെ കുരങ്ങുകളും, കാട്ടുകാക്കകളും പരുന്തുകളും, കാറിനു ചുറ്റും വട്ടമിടുന്നത് ഇടയ്ക്കിടയ്ക്ക് കാണാം. അതിലേറെ ഭയാനകം അതല്ലായിരുന്നു. ഏതോ വന്‍ മരത്തില്‍ നിന്നും ഇളകി കൂടിന് സ്ഥലം തേടിയലഞ്ഞ പെരുംതേനിന്‍റെ ഒരു വന്‍സംഘം ആ മരത്തിലാണ് കൂടു കണ്ടെത്തിയത്. അതും അലക്സിയും മേഴ്സിയും കുടുങ്ങിയ ശിഖരത്തില്‍! തേനീച്ചകളുടെ റാണി പറ്റിയ സ്ഥലത്ത് ഇരുപ്പുറപ്പിച്ചു. മറ്റുള്ളവ ഒന്നിനു പുറകേ ഒന്നായി വന്നണഞ്ഞു. മരത്തിന്‍റെ ശിഖരത്തില്‍ തുടങ്ങി തേനീച്ച കോളനികള്‍ കാറിന്‍റെ പുറകുവശത്തേക്ക് വളര്‍ന്നു കൊണ്ടിരുന്നു. ഈച്ചകള്‍ പിന്നെയും വന്നുകൊണ്ടിരിക്കുകയാണ്.
* * * * *
ഇല്ല ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. അവര്‍ ഉപദ്രവിക്കുന്നില്ല. കുരങ്ങുകളുടെ ആക്രമണവും ഇല്ല. ആല്‍ഫി മെല്ലെ കണ്ണു തുറന്നു നോക്കി. കുറെ കുരങ്ങുകള്‍ പരുക്ക് പറ്റിക്കിടക്കുന്നു. ബാക്കിയുള്ളവ ഓടി രക്ഷപ്പെടുന്നു. എന്തിനെയോ പേടിച്ചെന്ന പോലെ ആല്‍ഫി ചുറ്റും നോക്കി. ഒരു കറുത്ത രൂപം. രോമക്കാടു നിറഞ്ഞ രൂപം. ആല്‍ഫിക്ക് വ്യക്തമായി കരടി. അതൊരു കുരങ്ങിനെ കാലില്‍ പിടിച്ച് തലയ്ക്കു ചുറ്റും വട്ടം കറക്കുന്നു. മറുകൈയില്‍ തങ്ങളുടെ പക്കല്‍ നിന്നും അപഹരിച്ച, ആദിവാസികള്‍ തന്ന പാനീയം നിറച്ച മുളങ്കുറ്റി. അപ്പോള്‍ ഈ കരടി? തങ്ങളുടെ പഴങ്ങള്‍ കട്ടുതിന്ന ആ കരടി തന്നെയാണോ? അത് തങ്ങളുടെ പിറകേയുണ്ടായിരുന്നോ ഇതുവരെ, മാതാവേ നന്ദി, ടോം കണ്ണു തുറന്നു. മുന്നില്‍ കാണുന്ന കാഴ്ച വിശ്വസിക്കാന്‍ ആവുന്നില്ല. ടോം ആല്‍ഫിയുടെ മുഖത്തേയ്ക്ക് നോക്കി. ക്രൂരനെന്ന് പറയുന്ന കരടി തങ്ങളെ രക്ഷിച്ചിരിക്കുന്നു. ദൈവദൂതനായി വന്നിരിക്കുന്നു. തന്‍റെ കൈയിലിരുന്ന അവസാനത്തെ കുരങ്ങിനെയും ദൂരത്തെറിഞ്ഞു കരടി. അത് മരത്തിലിടിച്ച് നിലത്തു വീണുകിടന്നു. കരടി, കുട്ടികളെത്തന്നെ നോക്കിക്കൊണ്ട്, ഒന്നും സംഭവിക്കാത്തതുപോലെ പിറകോട്ട് നടന്നു നടന്നുപോയി. കുട്ടികളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദൈവം ഏതെല്ലാം അപകടത്തില്‍ നിന്നാണ് തങ്ങളെ രക്ഷിക്കുന്നത്. ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ. ടോം ചക്കപ്പഴത്തിലേയ്ക്ക് നോക്കി. ഭാഗ്യം ഒന്നും പറ്റിയിട്ടില്ല. അവര്‍ ചക്കപ്പഴം തിന്നാനാരംഭിച്ചു. എത്ര രുചികരമായ ചക്കപ്പഴം. ഏകദേശം പകുതി മുക്കാലും അവര്‍ തിന്നു തീര്‍ത്തു. അത്രയധികം വിശപ്പ് അവര്‍ക്കുണ്ടായിരുന്നു. വിശപ്പ് അല്പം ശമിച്ചു. അവര്‍ അവിടെത്തന്നെയിരുന്നു ചാഞ്ഞു മയങ്ങി. അവര്‍ ചക്കപ്പഴം തിന്നു വിശപ്പടക്കുന്നതു നോക്കി കരടി കുറച്ചപ്പുറത്തു മാറി മറഞ്ഞുനിന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org