Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര- അദ്ധ്യായം 10

ഉല്ലാസ യാത്ര- അദ്ധ്യായം 10

Sathyadeepam

കുര്യന്‍ പി.എം. എണ്ണപ്പാറ

ഏതു തരം ജീവിയാണിവര്‍! മൃഗത്തെത്തിന്നുന്നവരുടെ തരമോ? എന്തൊരു തേജസ്സാണിവരുടെ മുഖത്ത്. അവരുടെ പക്കല്‍ നിന്നും തീറ്റ സാധനങ്ങള്‍ തിന്നപ്പോള്‍ മുതലുള്ളതാണ് അതുങ്ങളോട് സ്നേഹം. അവര് പോയപ്പം അവരേ കാണണമെന്നുള്ള ത്വര. അത് ഇവിടെവരെ കൊണ്ടെത്തിച്ചു. ഏതായാലും വന്നത് നന്നായി. ഇല്ലായിരുന്നെങ്കിലോ, ഒരു നിശ്വാസത്തോടെ ഇങ്ങനെയോര്‍ത്ത് സന്തോഷിച്ച് കരടി പിന്‍തിരിഞ്ഞു നടന്നു. കുട്ടികള്‍ മയക്കം കഴിഞ്ഞെഴുന്നേറ്റു. വിശപ്പു മാറിയെങ്കിലും വല്ലാത്ത ക്ഷീണം തുടര്‍ച്ചയായ നടപ്പും ശരിയല്ലാത്ത ഭക്ഷണവും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. എങ്കിലും അത് വകവയ്ക്കാതെ അവര്‍ മുന്നോട്ട് നടന്നു. പച്ചിലകള്‍ പറിച്ച് കൈകള്‍ തുടച്ച് വീണ്ടും മുന്നോട്ട് കുറേ നടന്നു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ അരുവി. അവിടെ നിന്നു കൈയും മുഖവും കഴുകി. ആ അരുവി കടന്നു കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു വലിയ വഴി കണ്ടു. റോഡുപോലെ നന്നായി വീതിയില്‍ കാടുതെളിഞ്ഞ് നല്ല നീളത്തില്‍ വഴിത്താര. അവര്‍ക്ക് ആഹ്ളാദമായി. ആല്‍ഫി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു: “കുട്ടാ ഇതാടാ വഴി. ഇനി വേഗം നമുക്ക് അച്ചാച്ചന്മാരുടെ അടുത്തെത്താം.” ഈ വഴി കാടിനപ്പുറത്തുള്ള തങ്ങളുടെ നാട്ടിലേയ്ക്കാണെന്നാണ് ആ പാവങ്ങള്‍ ധരിച്ചുവച്ചത്. എന്നാല്‍!! ടോമും ആല്‍ഫിയും ആ വഴിയിലൂടെ ആഞ്ഞു നടന്നു. വളരെ ആഹ്ലാദത്തിലായിരുന്നു അവര്‍. പക്ഷേ, കുറച്ചു ദൂരം ചെന്നപ്പോള്‍ വഴിക്കൊരുതരം വാട അവര്‍ക്കനുഭവപ്പട്ടു. മുമ്പോട്ടു പോകുന്തോറും അത് കൂടിക്കൂടി വന്നു. അത് ഗൗനിക്കാതെ അവര്‍ നടന്നു. കുറച്ചു ചെന്നപ്പോള്‍ വഴിയില്‍ പച്ചനിറത്തില്‍ മൂന്ന് നാല് കല്ലുകള്‍ കിടക്കുന്നു. അതില്‍ നിന്നും ആവി ഉയരുന്നുണ്ട്. “ചേച്ചീ ഇതുകണ്ടോ പുകവരുന്ന കല്ല്.” ടോം അതിശയത്തോടെ ചൂണ്ടിക്കാട്ടി. ആല്‍ഫിയും അതു കണ്ടു. ആല്‍ഫി അതു സൂക്ഷിച്ചു നോക്കി. ഇതു കല്ലല്ല. മരത്തിന്‍റെ നാരും ചണ്ടിയും. അവളുടെ തലച്ചോറിലൊരു മിന്നല്‍ ഉണ്ടായി. നട്ടെല്ലിലൂടെ വിറയല്‍ പാഞ്ഞുപോയി. അവള്‍ ഭയത്തോടെ ചുറ്റം നോക്കി. “എടാ, ഇതു കല്ലല്ല. ആനപ്പിണ്ടമാണ്. ഇപ്പം ഇട്ട പിണ്ടം. ദൈവമേ കാട്ടാനക്കൂട്ടം ഇവിടെ അടുത്തെവിടെയോ ഉണ്ട്. എടാ ഇത് വഴിയല്ല കാട്ടാന നടക്കുന്ന വഴിയാടാ.” ആല്‍ഫി നിലവിളി പോലെ പറഞ്ഞു. അപ്പോള്‍ കുറച്ചു മുന്നില്‍ നിന്നും ഒരു ചിന്നം വിളി കേട്ടു. ആല്‍ഫി തല ഉയര്‍ത്തി നോക്കി. മുമ്പിലെ ചെറിയ ഇറക്കം കഴിഞ്ഞ് മുമ്പോട്ടു കയറിപ്പോകുന്ന കാട്ടാനകളുടെ ചെറു സംഘം. ആല്‍ഫി ‘ഓടിക്കോടാ’ എന്നു പറഞ്ഞുകൊണ്ട് ടോമിനെയും വിളിച്ച് പിന്‍തിരിഞ്ഞോടി. ഏതൊക്കെയോ കാട്ടുവഴികളിലൂടെ മുന്നോട്ട് പ്രകൃതി ഒരുക്കിയ അപകടങ്ങളിലും, പ്രതിബന്ധങ്ങളിലും തളരാതെ ഇച്ഛാശക്തിയുടെയും എപ്പോഴും സഹായിക്കുന്ന ദൈവത്തിന്‍റെയും പിന്‍ബലത്തില്‍ മുന്നോട്ട് അവര്‍ക്കൊരു ലക്ഷ്യം മാത്രം. മാതാപിതാക്കളെ കണ്ടെത്തുക. അതിനവര്‍ എന്തും സഹിക്കാന്‍ തയ്യാറായിരുന്നു. അവര്‍ ഓടിക്കൊണ്ടിരുന്നു.

മൊബൈല്‍ അവളുടെ ഉടുപ്പിന്‍റെ വള്ളിക്കിടയില്‍ ഉറപ്പിച്ചിരിക്കുകയാണ്. ടോം മൊബൈല്‍ അവളുടെ കൈയില്‍ തിരികെ കൊടുത്തിരുന്നു. കുറേ ദൂരം ഓടി അവര്‍ നിന്നു. വയ്യാ… മടുത്തു… അവര്‍ അടുത്തു കണ്ട മരച്ചുവട്ടില്‍ ഇരുന്നു. ക്ഷീണം വരുന്നു. അതൊരു നിരപ്പായ സ്ഥലമായിരുന്നു. വന്‍മരങ്ങള്‍ കുറവ്. ചെറിയ കുറ്റിക്കാടുകളും ചെറുമരങ്ങളും നിറഞ്ഞ വനപ്രദേശം. അവിടെയുള്ള ഉയരമുള്ള മരത്തിന്‍റെ ചുവട്ടിലാണ് അവര്‍ ഇരുന്നിരുന്നത്. ചെറിയ കാറ്റു വീശുന്നുണ്ട്. ബാഗില്‍ നിന്നും വെള്ളമെടുത്ത് അവര്‍ കുടിച്ചു. കണ്ണുകള്‍ അടഞ്ഞു വരുന്നു. അവര്‍ മെല്ലെ മയക്കത്തിലാണ്ടു. അലച്ചിലിനും നിര്‍ത്താതെയുള്ള യാത്രയ്ക്കും ഒരു ചെറിയ ഇടവേള. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. ആ മരത്തിന്‍റെ മുകളില്‍ ഒരു തേനീച്ചക്കൂടുണ്ടായിരുന്നു. വലിയ ആടകളോടുകൂടിയത്. വിശന്ന ഒരു പരുന്ത് ആ മരത്തിന്‍റെ ഒരു ചെറിയ ചില്ലയിലിരുന്ന് തേനീച്ചക്കൂട്ടില്‍ തലയിട്ട് തേന്‍ കുടിക്കുകയായിരുന്നു. നിര്‍ഭാഗ്യകരം എന്നേ പറയേണ്ടൂ. പരുന്ത് ഇരുന്നത് ഒരു ഉണങ്ങിയ ചില്ലയിലായിരുന്നു. പൊടുന്നനെ ഒരു കാറ്റ് വീശി. ബാലന്‍സ് തെറ്റിയ പരുന്ത് ചിറകുവീശി ബാലന്‍സ് ചെയ്തു. പെട്ടെന്ന് ചില്ലയൊടിഞ്ഞു അടയുടെ മുകള്‍ ഭാഗത്തായി തേന്‍ കുടിച്ചുകൊണ്ടിരുന്ന പരുന്ത് ചില്ലയൊടിഞ്ഞപ്പോള്‍ താഴേയ്ക്കു വീണു. അക്കൂട്ടത്തില്‍ അടയും അതോടൊപ്പം തേനീച്ചകളും താഴേയ്ക്കു വീണു. താഴേയ്ക്ക് വീണ പരുന്ത് നിരാശയോടെ ബാലന്‍സ് ചെയ്ത് പറന്നുപോയി. മയങ്ങിക്കിടന്ന കുട്ടികളുടെ മുഖത്തേയ്ക്ക് ആദ്യം വീണത് തേന്‍ തുള്ളികളാണ്. മഴയാണെന്നു കരുതി കുട്ടികള്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴേയ്ക്കും അടയോടൊപ്പം തേനീച്ചകളും താഴേയ്ക്കു പതിച്ചു. അവരുടെയടുത്താണ് തേനീച്ചകള്‍ വീണത്. അടുത്തനിമിഷം ശത്രുക്കളിവരാണെന്നു കരുതി തേനീച്ചകള്‍ ഇവരെ പൊതിഞ്ഞു. ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റ അവര്‍ തേനീച്ചകളെ ആട്ടിയകറ്റാന്‍ ശ്രമിച്ചു. തേനീച്ചകളുണ്ടോ വിടുന്നു. തങ്ങളുടെ കൂടു തകര്‍ത്ത ശത്രുക്കളെ അവര്‍ ആക്രമിച്ചു. “കുട്ടാ ഓടിക്കോ” രക്ഷയില്ലെന്നു കണ്ട ആല്‍ഫി ടോമിനെ വലിച്ചുകൊണ്ടോടി. തേനീച്ചകള്‍ ആക്രമിച്ചാല്‍ വെള്ളത്തില്‍ മുങ്ങിയാല്‍ രക്ഷപ്പെടാമെന്ന് ആല്‍ഫി കേട്ടിട്ടുണ്ട്. പക്ഷേ, അവിടെയെവിടെ വെള്ളം? പെട്ടെന്ന് കുറച്ചപ്പുറത്തു നിന്നും വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കേട്ടു. പുഴ. ആല്‍ഫി ശബ്ദംകേട്ട ദിക്കിലേയ്ക്ക് ടോമിനെയും വലിച്ചുകൊണ്ട് ഓടി. തേനീച്ചകള്‍ പുറകെയുണ്ട്. അവയ്ക്ക് അവരെ കുത്താന്‍ സാധിച്ചില്ല. മരണം പിറകെ പറന്നു വരുമ്പോള്‍ കാലുകള്‍ അപാര വേഗതയാര്‍ജ്ജിക്കും. അവര്‍ അതിവേഗത്തില്‍ ഓടി. പുഴയുടെ ശബ്ദം അടുത്തടുത്തു വന്നു. പുഴക്കരയിലെത്തിയതും ആല്‍ഫിയും ടോമും മറ്റൊന്നും നോക്കാതെ എടുത്തുചാടി. “കുട്ടാ മുങ്ങിക്കോടാ.” അവര്‍ വെള്ളത്തില്‍ മുങ്ങി. അല്പസമയം അവിടവിടെ ചുറ്റിപ്പറന്നശേഷം തേനീച്ചകള്‍ തിരികെപ്പോയി. വലിയ പുഴയൊന്നുമായിരുന്നില്ല അത്. അലക്സി അവരെ നീന്തല്‍ പഠിപ്പിച്ചിരുന്നെങ്കിലും നീന്താനുള്ള ശേഷി അവര്‍ക്കുണ്ടായിരുന്നില്ല. തേനീച്ചകളുടെ ആക്രമണത്തില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു. പക്ഷേ, ആല്‍ഫി ടോമിനെയും കൊണ്ട് നീന്താന്‍ നോക്കി. സാധിക്കുന്നില്ല. ഭയവും കിതപ്പും ക്ഷീണവും അവരെ ത ളര്‍ത്തി. എങ്ങനെ മറുകര പറ്റും. തിരികെക്കയറാനാണെങ്കില്‍ നല്ല ഉയരമുള്ള കര. മുങ്ങിയും പൊങ്ങിയും അവര്‍ താഴേയ്ക്കൊഴുകുകയാണ്. ആല്‍ഫി സര്‍വ്വശക്തിയുമെടുത്ത് നീന്താന്‍ ശ്രമിച്ചു. “കുട്ടാ നീയെന്നെ പിടിച്ചോ.” ആല്‍ഫി ടോമിനോടു പറഞ്ഞു. അവന്‍ ചേ ച്ചിയുടെ അരയില്‍ വട്ടംപിടിച്ചു. ആല്‍ഫി ഉറച്ചു. നീന്തുകതന്നെ. പൊരുതുക!! പ്രതിബന്ധങ്ങളില്‍ തളരരുതെന്നുള്ള എന്‍സിസി ക്ലാസ്സുകളില്‍ കിട്ടിയ പരിശീലനം അവളുടെയുള്ളില്‍ ഉത്തേജകശക്തിയായി ഉണര്‍ന്നു. കണ്‍മുമ്പിലുള്ള അപകടത്തിനുമപ്പുറത്തെ ലക്ഷ്യം അവളുടെ തലച്ചോറിനെയും മനസ്സിനേയും ജ്വലിപ്പിച്ചു. അവളുടെ സിരകളിലൂടെ ആവേശത്തിന്‍റെ കുത്തൊഴുക്കുണ്ടായി. അവള്‍ ടോമിനെ വഹിച്ചുകൊണ്ട് മുമ്പോട്ടു നീന്തി. ആ പ്രജ്ഞയ്ക്കു മുമ്പില്‍ ജലം വഴിമാറി. മറുകര അവളുടെയടുത്തേയ്ക്ക് വന്നു കൊണ്ടിരുന്നു. ടോമും അവനു പറ്റുന്നതുപോലെ ചേച്ചിയെ സഹായിച്ചു. അവര്‍ മറുകര പറ്റി. ആല്‍ഫി പുല്ലുനിറഞ്ഞ തീരത്ത് തളര്‍ന്നു കിടന്നു. ടോം അവളുടെ ചാരത്തും. അല്പസമയം കടന്നുപോയി, ആല്‍ഫി എഴുന്നേറ്റിരുന്നു. അവള്‍ പുഴയിലേക്കു നോക്കി. വിശ്വസിക്കാന്‍ പറ്റുന്നില്ല! ഭാഗ്യം! ആദ്യമായാണ് ഇങ്ങനെയൊരു പുഴ നീന്തുന്നത്. ഏതായാലും കരപറ്റി. ആല്‍ഫി ടോമിനേയും കൂട്ടി വെയിലുള്ള ഭാഗത്ത് പോയിരുന്നു. വല്ലാതെ തണുക്കുന്നു. ശരീരാസ്വസ്ഥതകള്‍ കൂടിവരുന്നു. അല്പസമയം വെയിലേറ്റപ്പോള്‍ അവര്‍ ഉഷാറായി. വീണ്ടും നടത്തം ആരംഭിച്ചു. വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി. മരങ്ങള്‍ക്കിടയിലൂടെ കാടും പടലും കടന്ന് ചതുപ്പുകളും പിന്നിട്ട് മുന്നോട്ട്. ശരീരം തളര്‍ന്നു തുടങ്ങി; വിശക്കുന്നു. ചക്കപ്പഴത്തിന്‍റെ ശക്തിയെല്ലാം തീര്‍ന്നു. ഒരു മരത്തില്‍ നിറയെ പേരയ്ക്കാ പോലൊരു കായ് പഴുത്തു കിടക്കുന്നു. വിശപ്പിന്‍റെ ആധിക്യം മൂലം അവരത് പറിച്ചുതിന്നു. നല്ല രുചി, നല്ല മധുരവും. അവര്‍ അത് തിന്ന് വിശപ്പുമാറ്റി. ക്ഷീണം തോന്നിയ അവര്‍ കുറച്ചപ്പുറത്തു മാറി പാറയുടെ അരികില്‍ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു. പെട്ടെന്നൊരലര്‍ച്ച കേട്ട് അവര്‍ പാറയ്ക്കു മുകളിലേക്കു നോക്കി. അവര്‍ സ്തംഭിച്ചുപോയി!! ഒരു കടുവ! തങ്ങളെത്തന്നെ നോക്കിയിരിക്കുന്നു. ആ കടുവ വീണ്ടും അലറി. ആ അലര്‍ച്ച അവരുടെ ഹൃദയങ്ങളെ ഞെട്ടിച്ചു. നടുക്കം നട്ടെല്ലില്‍ നിന്നും ഞരമ്പുകളിലേക്കു പാഞ്ഞു കയറി. ചലിക്കാന്‍ സാധിക്കുന്നില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാണോ? ആരുണ്ട് രക്ഷിക്കാന്‍? ആല്‍ഫിയും ടോമും സ്തംഭിച്ചു നിന്നു. – നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. കടുവ വീണ്ടും അലറി….
(തുടരും)

Leave a Comment

*
*