Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസയാത്ര – അദ്ധ്യായം 11

ഉല്ലാസയാത്ര – അദ്ധ്യായം 11

Sathyadeepam

കുര്യന്‍ പി.എം. എണ്ണപ്പാറ

വീണ്ടും കടുവ അലറി. അപ്രതീക്ഷിതമായി കിട്ടിയ ഇരയെ പിടികൂടാന്‍ കടുവ ചാടാനൊരുങ്ങി. ആദ്യമുണ്ടായ സ്തംഭനത്തില്‍ നിന്നും ആല്‍ഫി ഉണര്‍ന്നു. വാ പിളര്‍ന്നു നില്‍ക്കുന്ന അപകടം. അവളുടെ പ്രജ്ഞയെ ഉണര്‍ത്തി. അവള്‍ ടോമിനെയും പിടിച്ചുകൊണ്ടോടി. വേഗത!!! മുന്നോട്ട്… മുന്നോട്ട്… അവര്‍ കുതിച്ചു പാഞ്ഞു. അവരുടെ പാദങ്ങള്‍ അശ്വത്തിന്‍റേതുപോലെ, ആ അപ്രതീക്ഷിത നീക്കത്തില്‍ കടുവ അമ്പരന്നുപോയി. ഊന്നം വെച്ച ഇര മുയലുകളെപ്പോലെ കുതിച്ചു പായുന്നതുകണ്ട് കടുവ സ്തംഭിച്ചുപോയി. അവരെ പിന്‍തുടര്‍ന്ന് കിട്ടുമെന്ന് തോന്നുന്നില്ല. പ്രതീക്ഷിക്കാത്തതല്ലേ സാരമില്ല. കടുവ ശ്രമം ഉപേക്ഷിച്ചു പിന്‍തിരിഞ്ഞു നടന്നു. ആല്‍ഫിയും ടോമും ഓടുകയാണ്. കുറേ ഓടിയപ്പോഴാണ് അത് സംഭവിച്ചത്. വഴിയില്‍ കിടന്ന കല്ലില്‍ തട്ടി ടോം തെറിച്ചു ദൂരേക്കു വീണു. അന്തംവിട്ടുള്ള ഓട്ടമായിരുന്നതിനാലാണ് കല്ലു കാണാതിരുന്നത്. നിര്‍ഭാഗ്യം കുട്ടികളെ വിട്ടുപിരിയുന്നില്ല. തെറിച്ചുപോയ ടോം താഴേക്കുരുണ്ടുപോയി. ആല്‍ഫി നിലവിളിച്ചുകൊണ്ട് അവന്‍റെ പിറകേ. ഇടയ്ക്ക് അവളുടെ കാല്‍ തെറ്റി അവളും ടോമിന്‍റെ പിറകേ താഴേക്കുരുണ്ടു. ഫോണ്‍ അപ്പോഴും അരയില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു. ഉരുണ്ടുപോയ ആല്‍ഫി ഒരു മരക്കുറ്റിയില്‍ പിടിച്ചെഴുന്നേറ്റു. വീഴ്ചയില്‍ കുറേ തൊലിയുരഞ്ഞു പോയി. അതു വകവയ്ക്കാതെ അവള്‍ ടോമിനെ നോക്കി. “കുട്ടാ” അവള്‍ ടോമിനെ വിളിച്ചു. ഒരു പാറയുടെ വക്കിലാണ് അവന്‍ ചെന്നു വീണത്. ആല്‍ഫി കരഞ്ഞുകൊണ്ട് പിന്നാലെ ഓടിച്ചെന്നു. ഒരു വലിയ കൊക്കയുടെ വിളുമ്പിലായിരുന്നു അവന്‍ ചെന്നുവീണുകിടന്നത്. എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അരികിലെ മണ്ണിടിഞ്ഞു. മണ്ണോടുകൂടി ടോം താഴേക്കു പോയി. ആല്‍ഫി അലറി വിളിച്ചു: “കുട്ടാ.” “ചേച്ചി”… കുട്ടന്‍റെ ശബ്ദം താണുപോയി. ആല്‍ഫിയുടെ തലച്ചോറില്‍ കൊള്ളിയാന്‍ മിനി. അവള്‍ “മോനേ”… എന്നലറി വിളിച്ചുകൊണ്ട് കൊക്കയുടെ വിളുമ്പിലേക്ക് പാഞ്ഞുചെന്നു. അടിയിലെ പാറയില്‍ നിന്നും ആല്‍ഫി ചവിട്ടിയ മണ്ണ് ഊര്‍ന്നു പോയി. വേച്ചുപോയ ആല്‍ഫി ഞെട്ടി പിറകോട്ടു മാറി അവള്‍ക്കു തലകറങ്ങുന്നതു പോലെ തോന്നി. അവള്‍ ഹൃദയം തകര്‍ന്നു കരഞ്ഞു. “കുട്ടാ”… അവള്‍ മണ്ണിടിഞ്ഞ കുഴിയുടെ വക്കില്‍ചെന്ന് രണ്ടും കല്പിച്ച് താഴേക്കു നോക്കി. അവള്‍ക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല താഴെ അതാ ടോം. “കുട്ടാ… എടാ മോനേ…” അവള്‍ ഉറക്കെ വിളിച്ചു. “ചേച്ചീ”.. ടോം മുകളിലേക്കു നോക്കിയിരിക്കുകയാണ് അവന്‍റെ തലയില്‍ നിന്നും മണ്ണ് താഴേക്ക് ഊര്‍ന്നു വീണു. “എന്നെ പിടിക്കു ചേച്ചീ”… ടോം ഭയന്നു കരഞ്ഞു. ഏകദേശം ആറടിയോളം താഴ്ചയില്‍ ഒരു മരത്തിന്‍റെ വേരില്‍ തങ്ങി നില്‍ക്കുകയാണ് അവന്‍. എത്രയും വേഗം കരകയറ്റണം. ആ വേര് അത്ര ശക്തമല്ല. അവള്‍ ചുറ്റും നോക്കി കുറേ കാട്ടുവള്ളികള്‍ അവിടെ പടര്‍ന്നു കിടക്കുന്നത് അവള്‍ കണ്ടു. വണ്ണമുള്ള വള്ളി വലിച്ചിട്ടനങ്ങുന്നില്ല. വണ്ണം കുറഞ്ഞ വള്ളികള്‍ നീളത്തില്‍ കുറേയെണ്ണം പറിച്ചെടുത്ത് കൂട്ടിക്കെട്ടി. അവള്‍ വള്ളികൊണ്ടുണ്ടാക്കിയ വടംവലിച്ചു നോക്കി. നല്ല ബലമുണ്ട്. അവള്‍ ഒരു മരത്തില്‍ കൂടി ചുറ്റി ഒരറ്റം ടോമിന്‍റെ കൈയിലേക്ക് ഇട്ടുകൊടുത്തു. മറ്റേയറ്റം പിടിച്ചു. അവള്‍ പിടിച്ചു. “കുട്ടാ ഇന്നാ ഈ വള്ളിയില്‍ പിടിച്ചു കിടന്നോ. മുറുക്കെ പിടിക്കണേ. ചേച്ചി മോനെ വലിച്ചു കയറ്റാം.” ടോം വള്ളിയില്‍ പിടിച്ചു. അവള്‍ ബാക്കിഭാഗം വലിച്ചു വടം ബലമാക്കി. “കുട്ടാ ഞാന്‍ വലിക്കുകയാണേ”…. അവള്‍ വിളിച്ചു പറഞ്ഞു. അവള്‍ അവനെ വലിച്ചു കയറ്റാന്‍ തുടങ്ങി. പ്രതീക്ഷിച്ചതുപോലെ എളുപ്പമല്ലായിരുന്നു ജോലി. ഇടയ്ക്കിടയ്ക്ക് അവള്‍ വിളിക്കും. അവന്‍ വിളിയും കേള്‍ക്കും. ടോമും കുഴിയുടെ വക്കില്‍ചവിട്ടി മുകളിലേക്കുയരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടുപേരുടെയും ശ്രമംകൊണ്ട് അവന്‍ മുകളിലേക്കിഴഞ്ഞു കയറി. മരത്തിലുരഞ്ഞ് കുറേ വള്ളികള്‍ പൊട്ടിപ്പോയിരുന്നു. എങ്കിലും ടോം മുകളിലെത്തി. അവന്‍ അവളെ കെട്ടിപ്പിടിച്ചു. “വല്ലതും പറ്റിയോടാ?” ആല്‍ഫി ടോമിനെ നോക്കി. ശരീരം മുഴുവന്‍ ഉരഞ്ഞു മുറിഞ്ഞിരിക്കുന്നു. ഷര്‍ട്ടും ജീന്‍സും ഉരഞ്ഞു കീറി. എങ്കിലും കാര്യമായ പരിക്കുകളില്ല. അവള്‍ അവനെ കുറച്ചപ്പുറം മാറ്റിയിരുത്തി. ബാഗില്‍ നിന്ന് വെള്ളമെടുത്തു കൊടുത്തു. അവന്‍ വെള്ളം കുടിച്ച് വിശ്രമിച്ചു. അല്പസമയം കഴിഞ്ഞ് ക്ഷീണം മാറിയപ്പോള്‍ അവര്‍ യാത്ര തുടര്‍ന്നു. അവരുടെ ഉന്മേഷമെല്ലാം തീര്‍ന്നു. ഭക്ഷണത്തിന്‍റെ അഭാവവും തുടര്‍ച്ചയായ പരിക്കുകളും അവരുടെ മനസ്സിനേയും ശരീരത്തേയും തളര്‍ത്തി. എങ്കിലും, പപ്പയേയും അമ്മയേയും കുറിച്ചുള്ള ഓര്‍മ്മ അവരെ ഉന്മേഷവാന്മാരാക്കി. അവര്‍ യാത്ര തുടര്‍ന്നു. വിശപ്പ് വീണ്ടും ആക്രമിച്ചു തുടങ്ങി. അവര്‍ നാലുപാടും നോക്കി. ഒന്നുമില്ല. വല്ല പച്ചിലയും പറിച്ചുതിന്നാന്‍ പറ്റില്ലല്ലോ. പശുവായിരുന്നുവെങ്കില്‍ എന്തും തിന്നാമായിരുന്നു. ആല്‍ഫി അവനേയും കൂട്ടി യാത്ര തുടര്‍ന്നു. അവന് വിശക്കുന്നുണ്ട് പറയുന്നില്ലെന്നു മാത്രം. പാവം. ആല്‍ഫി അവനെ അലിവോടെ നോക്കി. കഴിഞ്ഞ നാളുകള്‍ അവള്‍ക്കോര്‍മ്മ വന്നു. സന്തോഷകരമായ ആ ദിനങ്ങള്‍ ഇനി മടങ്ങിവരില്ലേ? ഈ കഷ്ടപ്പെടുന്നത് വെറുതെയാകുമോ? “മാതാവേ.” അവള്‍ നെഞ്ചില്‍ കൈവെച്ചു. അവര്‍ മുന്നോട്ടു നടന്നു. സമയം സന്ധ്യമയങ്ങി തുടങ്ങി. എവിടെയെങ്കിലും വിശ്രമിക്കണം. സന്ധ്യയ്ക്കു യാത്ര ചെയ്യാനാവില്ല. അല്ലെങ്കിലും നന്നേ മടുത്തു. ഉള്ള വെളിച്ചത്തില്‍ ഉറങ്ങാനുള്ള സ്ഥലം കണ്ടുപിടിക്കണം. സന്ധ്യയായാല്‍ പറ്റില്ല. കുറച്ചുനേരത്തേ അന്വേഷണത്തിനൊടുവില്‍ വലിയൊരു മരത്തിന്‍റെ കുറ്റി കണ്ടു. മരം മറിഞ്ഞുവീണതായിരുന്നു. ആ മരച്ചുവട് അവര്‍ക്കു വിശ്രമിക്കാന്‍ മാത്രം വലുതായിരുന്നു. ഇന്നിവിടെ കഴിയാമെന്നവര്‍ തീരുമാനിച്ചു. പച്ചിലകള്‍ പറിച്ചു നിരത്തി കല്ലുപെറുക്കി മാറ്റി അവര്‍ കിടക്കയൊരുക്കി. അവള്‍ അവിടെ കിടന്നു. ശരീരമാകെ നല്ല വേദന. കിടന്നുകൊണ്ടുതന്നെ പ്രാര്‍ത്ഥനയും കുരിശുവരയും നടത്തി. നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ വളരെ വേഗം ഉറക്കത്തിലേക്ക് വഴുതിവീണു. മൃഗങ്ങളുടെ അലര്‍ച്ചയും ചീവീടുകളുടെ അസഹ്യമായ ഒച്ചയും മറ്റുമൊക്കെ അവരെ അലട്ടിയില്ല. അഥവാ അവര്‍ അതിനെയെല്ലാം അതിജീവിച്ചിരുന്നു. വിശപ്പും തളര്‍ച്ചയും ക്ഷീണവും അവരുടെ ഉറക്കത്തിന് ആക്കം കൂട്ടി. വീണ്ടുമൊരു വനപ്രഭാതം!! കൂകുന്ന കുയിലും പാടുന്ന പക്ഷികളും. സൂര്യപ്രകാശം എങ്ങും പരന്നു. കുട്ടികള്‍ രണ്ടുപേരും എഴുന്നേറ്റു. വസ്ത്രങ്ങള്‍ കീറിത്തൂങ്ങിയിരിക്കുന്നു. ശരീരം അവിടെയവിടെ മുറിഞ്ഞിട്ടുണ്ട്. മേലാസകലം മണ്ണും ചെളിയും. എങ്കിലും കണ്ണുകളിലെ പ്രകാശവും മുഖത്തിന്‍റെ തേജസ്സും നഷ്ടപ്പെട്ടിട്ടില്ല. ആല്‍ഫിയുടെ മുടിയാകെ പാറിപ്പറന്ന് പ്രാകൃതരീതിയിലായി. അവര്‍ അവിടെ ചടഞ്ഞിരുന്നു. പല്ലുതേപ്പില്ല, കുളിയില്ല, എങ്കിലും അവര്‍ അവരുടെ ശ്രീത്വം കൈവിട്ടില്ല. അവര്‍ നടക്കുവാന്‍ തുടങ്ങി. അപ്പോഴാണ് ടോം അത് കണ്ടത്. ഒരു കുന്നിന്‍ചെരുവിനപ്പുറം പുകയുയരുന്നു. “ചേച്ചീ… അതുകണ്ടോ?” അവന്‍ കൈചൂണ്ടി. ശരിയാണ് പുക ഉയരുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം മരുഭൂമിയിലെ മരുപ്പച്ചയായിരുന്നു ആ കാഴ്ച. അത് നല്കിയ പ്രത്യാശയും ഉന്മേഷവും ചെറുതായിരുന്നില്ല. തങ്ങള്‍ നാട്ടിലെത്താറായി. തങ്ങളുടെ യാത്ര അവസാനിക്കാറായി. അവര്‍ ഉത്സാഹത്തിമിര്‍പ്പിലായി. എല്ലാ ക്ഷീണവും വേദനയും അവര്‍ മറന്നു. ഒരു മലയ്ക്കപ്പുറത്താണ് സമതലം. അവര്‍ ആഞ്ഞു നടന്നു. ആ മല ഒരു മൊട്ടക്കുന്നാണ്. മൊട്ടക്കുന്ന് വേഗം ഇറങ്ങി. സമതലത്തിലേക്ക് ചെന്നു. ആ സമതലത്തില്‍ നിന്നാണ് പുക ഉയരുന്നത്. ആ സമതലത്തിന്‍റെ ഒരതിരില്‍ വീടുപോലെ എന്തോ കണ്ടു.
ആ സമതലം ഒരു കൃഷിഭൂമി പോലെ തോന്നി. അവിടം മുഴുവന്‍ എന്തോ നട്ടിട്ടുണ്ടായിരുന്നു. പല വളര്‍ച്ചയുടെ ചെടികള്‍. കു റേഭാഗത്ത് ചെടികള്‍ വെട്ടിയ കുറ്റികള്‍ കാണാം. ദൂരെ പുഴയില്‍ നിന്നും വെള്ളം കൊണ്ടുവരുന്ന കുറേ പൈപ്പുകള്‍. പല സ്ഥലങ്ങളിലായി കുറേ കറുത്ത ടാങ്കുകള്‍ അവര്‍ മുന്നോട്ടു നടന്നു. വീടിനടുത്തെത്താറായി. അപ്പോള്‍ ടോം വയര്‍പൊത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. “ചേച്ചീ ഇവിടെ നില്‍ക്ക് ഞാനിപ്പം വരാം.” എടാ സൂക്ഷിച്ച് അവള്‍ക്കു ചിരി വന്നു. അവന്‍ കുറച്ചപ്പുറത്തേക്കു മറഞ്ഞു. തങ്ങളുടെ ഷെഡില്‍ കുറച്ചു പണിയിലായിരുന്നു ആന്‍റപ്പന്‍.


ഏക്കറു കണക്കിന് കഞ്ചാവാണ് അവിടെ കൃഷി ചെയ്യുന്നത്. ഒപ്പം വാറ്റു ചാരായ നിര്‍മ്മാണവും കുപ്പി നിറയ്ക്കുകയായിരുന്നു ആന്‍റപ്പന്‍. അപ്പോഴാണ് അയാള്‍ കുറച്ചുദൂരം ഒരു രൂപം കണ്ടത്. ഒരു വെളുത്ത രൂപം. ആരാണത്? അയാള്‍ ഞെട്ടിപ്പോയി. ആരോ ഒരാള്‍ അവിടെ നില്‍ക്കുകയാണ്. ആന്‍റപ്പന്‍ ഷെഡില്‍ നിന്നും പുറത്തിറങ്ങി. വീണ്ടും നോക്കി. ആ രൂപം അവിടെത്തന്നെയുണ്ട്. ആന്‍റപ്പന്‍ അങ്ങോട്ടു ചെന്നു ഒരു പെണ്‍കുട്ടിയാണ്. ഇവളെങ്ങനെ ഇവിടെ വന്നു? ആന്‍റപ്പന് അതിശയമായി. “ഡീ ഇവിടെ വാടീ.” അയാള്‍ കൈകൊട്ടി വിളിച്ചു. ആല്‍ഫി ഞെട്ടിപ്പോയി. ആരോ വിളിക്കുന്നു ആഹ്ലാദമോ ഭയമോ? അവള്‍ അനങ്ങിയില്ല. “ങ്ഹാ” ആന്‍റപ്പനു ദേഷ്യം വന്നു. അയാള്‍ കുട്ടിയുടെ അടുത്തേക്കു ചെന്നു. അയാളുടെ കണ്ണു മഞ്ഞളിച്ചുപോയി. നല്ല വെളുത്തു തുടുത്ത ഒരു പെണ്‍കുട്ടി. പത്തു പതിനൊന്നു വയസ്സു പ്രായം വരും. അയാളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി!!! ആല്‍ഫി അയാളെ നോക്കി. പേടിപ്പെടുത്തുന്ന മുഖം. ബീഡിക്കറയും മുറുക്കാന്‍ കറയും നിറഞ്ഞ പല്ല്, മൊട്ടത്തല, പ്രാകൃതമായ താടി. ഷര്‍ട്ടില്ലാത്ത ദേഹത്ത് വെട്ടുകൊണ്ട പാടുകള്‍. അവള്‍ ഭയംകൊണ്ട് ഉറഞ്ഞുപോയി. അയാള്‍ ഒരു രക്ഷകനായി അവള്‍ക്കു തോന്നിയില്ല. ഏതോ ഒരു രാക്ഷസന്‍ മുന്നില്‍ വന്നതുപോലെ കുട്ടാ അവള്‍ അലറി വിളിച്ചു. പക്ഷേ, ശബ്ദം പുറത്തേക്ക് വന്നില്ല കാലുകള്‍ തറഞ്ഞുപോയതുപോലെ; ആന്‍റപ്പന്‍ മറ്റൊന്നും ആലോചിച്ചില്ല. അവളുടെ വായും, മുഖവും കൂട്ടിപ്പൊത്തിപ്പിടിച്ച് പൊക്കിയെടുത്ത് തോളിലിട്ട്, ഷെഡിലേയ്ക്ക് നട്നനു. വൈകന്നേരം അവന്മാര് വരും. വന്നാപ്പിന്നെ തൊടാന്‍ കിട്ടില്ല. ആന്‍റപ്പന്‍ ആഞ്ഞു നടന്നു. ദൈവമേ…. ഇവിടെ തങ്ങളെ എവിടെയം അപകടമാണോ പിന്‍തുടരുന്നത്. ആല്‍ഫി അയാളുടെ തോളില്‍ തളര്‍ന്നു കിടന്നു. അവള്‍ തളര്‍ന്ന മിഴികളുയര്‍ത്തി നോക്കി. കുട്ടനെ കാണുന്നില്ല. ഇത് പിള്ളേരെ പിടുത്തക്കാരുടെ സ്ഥലമാണോ? നാട്ടില്‍ അങ്ങനെയൊന്നു കേട്ടിട്ടില്ലല്ലോ, ഇത് എവിടെയാണ്? ആരാണിയാള്‍? ആന്‍റപ്പന്‍ അവളെ ഷെഡില്‍ കൊണ്ടുചെന്നു. എങ്ങനെയീ കുട്ടി ഈ കാട്ടില്‍ വന്നുവെന്നോ, ആരാണിവള്‍ എന്നൊന്നും ചിന്തിക്കാന്‍ തക്ക ലോകവിവരമോ, സാമാന്യബോധമോ, ഒപ്പം സ്ഥിരബുദ്ധിയോ അയാള്‍ക്കുണ്ടായിരുന്നില്ല. നന്നേ ചെറുപ്പത്തില്‍ കാട്ടിലെത്തിയതാണ്. നാട്ടില്‍പോക്ക് വല്ലപ്പോഴും മാത്രം!!
ടോം വന്നപ്പോള്‍ ആല്‍ ഫിയവിടെയില്ല. അവന്‍ ചുറ്റും നോക്കി. ചേച്ചി തന്നെ കൂടാതെ ആ വീട്ടിലേയ്ക്ക് പോയോ? ചേച്ചി, ചായയും ചോറുമൊക്കെ കഴിക്കുയായിരിക്കും. അവന്‍ അമ്പരന്നു. ചേച്ചിയങ്ങനെ പോകാന്‍ വഴിയില്ലല്ലോ അപ്പോഴാണ് അവനതുകണ്ടത്. ഒരാള്‍ ചേച്ചിയെ തോളിലിട്ടുകൊണ്ടുപോകുന്നു. അവന്‍ ഞെട്ടി. അവന്‍ ശബ്ദമുണ്ടാക്കാതെ അയാളെ പിന്തുടര്‍ന്നു. ആല്‍ഫിയെ കെട്ടിയിട്ടിട്ട് അയാള്‍, അടുപ്പില്‍ വേവിക്കുന്ന സാധനത്തിന്‍റെ സമീപം ചെന്നു നില്‍ക്കുന്നത് ടോം കണ്ടു. ടോം ചേച്ചിയെ നോക്കി. പേടിച്ച്, അവശയായി മുളങ്കട്ടിലിന്‍റെ കാലില്‍ ചാരിക്കിടക്കുകയാണ്. ടോം ഷെഡിന്‍റെ മറുവശത്തുകൂടി ആന്‍റപ്പന്‍റെ പിറകില്‍ അല്പമകലെയായി ഒളിച്ചു നിന്നു. തൂണില്‍ ബന്ധിച്ചിരിക്കുന്ന ചേച്ചിയെ കാണാം. ഒരുവേള ആല്‍ഫി നോക്കിയപ്പോള്‍, പൊളിഞ്ഞ മുളമറക്കിടയിലൂടെ ടോമിനെ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടി.
(തുടരും)

Leave a Comment

*
*