Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 12

ഉല്ലാസ യാത്ര – അദ്ധ്യായം 12

Sathyadeepam

കുര്യന്‍ പി.എം. എണ്ണപ്പാറ

ആല്‍ഫിയുടെ കണ്ണുകള്‍ തിളങ്ങി. അവന്‍ ധൈര്യമായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. പാവംചേച്ചി പേടിച്ചുകാണും. അവന്‍ മനസ്സിലോര്‍ത്തു. കട്ടിലില്‍ കിടക്കുന്നയാള്‍ തിരിഞ്ഞു കിടന്നു. ടോം തന്‍റെ തെറ്റാലി കൈയ്യിലെടുത്തു. അരയില്‍ തിരുകിയതു നന്നായി. ഇതുവരെ ഉപയോഗിക്കാന്‍ പറ്റിയില്ല. അവനൊരു കല്ലെടുത്തു. ദാവീദിനെ മനസ്സിലോര്‍ത്തു കല്ല് തെറ്റാലിയില്‍ കൊളുത്തി!! ഓതിരം! കടകന്‍; ഒഴിവ്! കടകത്തിലൊഴിവ്! പിന്നെ ടോമും. അവന്‍ മനസ്സില്‍ വിരല്‍ മടക്കി. പുറന്തിരിഞ്ഞുനിന്ന ആന്‍റപ്പന്‍റെ തല ലക്ഷ്യമാക്കി കല്ലു തുടുത്തു വിട്ടു. കല്ല് മൂളിപ്പറന്നു. ഭാഗ്യം അയാളുടെ തലയുടെ പിറകില്‍ത്തന്നെ ക ല്ലു പതിച്ചു. “അയ്യോ… ആ…” അയാളില്‍ നിന്ന് നിലവിളിയുയര്‍ന്നു. നിലതെറ്റി അയാള്‍ കമഴ്ന്നു വീ ണു. എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ടോം പാഞ്ഞുചെന്ന് അവിടെക്കിടന്ന വി റകുതടിയെടുത്ത് അയാളെ തലങ്ങും വിലങ്ങും അടിച്ചു. തനിക്കിത്ര ശക്തി എങ്ങനെ വന്നുവെന്ന് അവന്‍ അതിശയിച്ചു.
ആല്‍ഫി അന്തംവിട്ട് ശ്വാസം അടക്കിനിന്നു. തന്‍റെ കുട്ടനാണോ ഇത്? ഇവന് ഇത്ര ധൈര്യം എവിടുന്ന്? ദൈവമേ, നന്ദി. അവനവളുടെയടുത്തേക്ക് ഓടിവന്നു. “ചേച്ചീ” അവന്‍ പതിയെ വിളിച്ചു. അവന്‍ വേഗം കെട്ടുകളഴിച്ച് അവളെ സ്വതന്ത്രയാക്കി. അവള്‍ ആശ്വാസത്തോടെ ഇരുകൈകളും കുടഞ്ഞു. അവര്‍ ഷെഡില്‍ ആകമാനം നോക്കി. ഒരു ഭാഗത്ത് ബ്രഡും, പഴങ്ങളും കണ്ടു. അടുപ്പിനു മുകളില്‍ മുളന്തട്ടില്‍ ഉണങ്ങിയ ഇറച്ചി കിടക്കുന്നു. കാട്ടിറച്ചിയായിരിക്കും. അവരൊരു പ്ലാസ്റ്റിക്ക് കുടില്‍, രണ്ടുമൂന്ന് കൂട് ബ്രഡും പഴങ്ങളും നിറച്ച്, അവിടെക്കിടന്ന കാലികുപ്പിയില്‍ വെള്ളവും നിറച്ച്, അവര്‍ വേഗം പുറത്ത് കടന്നു. ആന്‍റപ്പന് അപ്പോഴും ബോധം തെളിഞ്ഞിരുന്നില്ല. പ്രതിബന്ധങ്ങളെയും, പ്രതിസന്ധികളെയും തരണം ചെയ്യുവാനും വളരെ വേഗം അതിനെ അതിജീവിക്കുവാനും അവര്‍ ശീലിച്ചു കഴിഞ്ഞു.
ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം അവര്‍ വീണ്ടും ആരംഭിച്ചു. അവര്‍ വേഗം നടന്നു. ദൂരെ ചെന്നവര്‍ ഒരിടത്തിരുന്നു. ഭയവും ക്ഷീണവും മാത്രമല്ല ഈ ദിവസങ്ങ ളിലെ അലച്ചിലും അവരെ തളര്‍ത്തി. ഇനിയെത്ര ദൂരം താണ്ടേണ്ടി വരും. അധികദൂരം അവര്‍ക്കു നടക്കാനാവുമോ? ഭക്ഷണം കഴിച്ച് അല്പം ഉന്മേഷം കിട്ടി. പെട്ടെന്ന് ടോമിന് സംശയം “ചേച്ചീ ഫോണിന്‍റെ ചാര്‍ജ്ജ് തീരാനായില്ലേ, നോക്കിക്കേ.” അപ്പോഴാണ് ആല്‍ഫിയും അതോര്‍ത്തത്. അവള്‍ വേഗം ഫോണ്‍ അരയില്‍ നിന്നു കെട്ടഴിച്ച് എടുത്തു നോക്കി. “ഇല്ലെടാ, ഒരു കട്ടകൂടി ബാക്കിയുണ്ട്.” “സാരമില്ല ചേച്ചി, പറ്റെത്തീരാന്‍ നോക്കണ്ട. പവര്‍ ബേങ്ക് കുത്തിക്കോ.” അവന്‍ പറഞ്ഞു. അവള്‍ ബാഗില്‍ നിന്നും പവര്‍ ബാങ്ക് എടുത്ത് ഫോണിലേയ്ക്ക് കണക്ട് ചെയ്തു. പവര്‍ ബാങ്ക് കവറിലിട്ട് ഫോണ്‍ കയ്യില്‍ പിടിച്ചു.
അവര്‍ യാത്ര തുടര്‍ന്നു. ഫോണ്‍ അരയില്‍ കെട്ടിയിട്ടിട്ട് വല്ലാത്ത വേദന. അതാണ് ആല്‍ഫി ഫോണ്‍ കൈയില്‍ പിടിച്ചത്. അവര്‍ നടത്തം ആരംഭിച്ചു. നടത്തത്തിന് സ്പീഡ് കുറഞ്ഞു തുടങ്ങി. കാല് നീരുവന്ന് വേദനിക്കുന്നു. അവിടെയുമിവിടെയും കീറിമുറിഞ്ഞ് വേദനിക്കുന്നു. ശരീരമാകെ നീറുന്നു. അവര്‍ തളര്‍ന്നു തുടങ്ങി. ലക്ഷ്യത്തിലേയ്ക്ക് ഇനിയെത്ര ദൂരം? കുറെ നടന്നു ചെന്നപ്പോള്‍ ഒരു പുഴ. വെള്ളം കുതിച്ചൊഴുകുന്ന സാമാന്യം വലിയൊരു ജലപാത. “ചേച്ചീ ഇതു ക ണ്ടോ പുഴ.” അവര്‍ പുഴക്കരയില്‍ നിന്നു. പുഴയ്ക്കു കുറുകെ ഒരു കമ്പിപ്പാലമുണ്ട്. വലിയ ഇരുമ്പുപാളം പാലമായി ഉപയോഗിച്ചിരിക്കുന്നു. രണ്ടു പാളത്തിനു കുറുകെ പലക തറച്ചിട്ടുണ്ട്. അധികം അടുപ്പിച്ചൊന്നുമല്ല പലക തറച്ചിരിക്കുന്നത്. പാലം കടക്കാതെ രക്ഷയില്ല.
എടാ കുട്ടാ പാലം കടക്കാം. ആല്‍ഫി പാലത്തില്‍ കയറി. ടോമിന് ഒരു ഭയം താഴെ അലറികുതിച്ചൊഴുകുന്ന പുഴ. അതാണവന്‍റെ ഭയം. പുഴക്കക്കരെ തുടര്‍ന്നു വഴി കാണാം. അവന്‍ ആല്‍ഫിയെ പി ടിച്ചുകൊണ്ട് പതിയെ നടന്നു. നടന്നു നടന്നു പാലത്തിന്‍റെ നടുവില്‍ എത്താറായി. അപ്പോഴാണ് അത് സംഭവിച്ചത്. ആല്‍ഫിയുടെ കാല്‍ പലകയില്‍ തട്ടിതെന്നി. അവള്‍ വേച്ചുപോയി. അവളുടെ കൈയില്‍ നിന്നും ഫോണ്‍ തെറിച്ചു. ആല്‍ഫിയില്‍ നിന്നും നിലവിളിയുയര്‍ന്നു. അവള്‍ താഴേയ്ക്കു വീ ഴാന്‍ ഭാവിച്ചു. ആല്‍ഫി പെട്ടെന്ന് പാലത്തിലേക്ക് ഇരുന്നു. ടോമിന്‍റെ ഒരുകാല്‍ പാലത്തിന്‍റെ വിടവിലൂ ടെ താഴേയ്ക്കു ഊര്‍ന്നുപോയി. തെറിച്ചുപോയ ഫോണ്‍ താഴേയ്ക്കു വന്നു ടോമിന്‍റെ കാല്‍പോയ പലകയുടെ അപ്പുറത്തുകൂടി താഴേയ്ക്കു പോയി. അവര്‍ വല്ലാതെ ഭയന്നു. ഭാഗ്യത്തിനാണ് വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ടത്. അവന്‍ കാലു വലിച്ചൂരിയെടുത്തു.
“ചേച്ചീ ഫോണെന്തിയോ?” അവന്‍ ആന്തലോടെ ചോദിച്ചു. ആല്‍ഫി സ്തംഭിച്ചുപോയി. ഫോണ്‍ നഷ്ടപ്പെട്ടോ? അപ്പോള്‍ ടോമാണതു കണ്ടത്. ഫോണ്‍ പവര്‍ ബാങ്കിന്‍റെ കണക്ടറില്‍ തൂങ്ങി പാലത്തിന്‍റെ അടിയില്‍ കിടന്നാടുന്നു. അവരുടെ ശ്വാസം നേരെയായി. ടോം സാവധാനം താഴേയ്ക്കു കുനിഞ്ഞ് ധൈര്യം സംഭരിച്ച് പാലത്തില്‍ കമിഴ്ന്ന് കിടന്ന് തൂങ്ങിക്കിടന്ന ഫോണ്‍ പിടിച്ചു. സാവകാശം പലകയുടെ വിടവിലൂടെ ഫോണ്‍ മുകളിലേയ്ക്ക് എടുത്തു. അവന്‍ മെല്ലെ പാലത്തിലേറ്റിരുന്നു. സാഹസമാണീ യാത്ര. പിടിക്കാന്‍ കൈവരിയില്ലാത്ത പാലത്തില്‍ കൂടി നടക്കുക. ശ്രമകരമാണീ നടത്തം. അവര്‍ വല്ല വിധേനെയും, പാലത്തില്‍ എഴുന്നേറ്റു നിന്നു.
“എടാ കുട്ടാ തലകറങ്ങുന്നതു പോലെ” ആല്‍ഫി ടോമിനെ പിടിച്ചു. അവന്‍ ഫോണ്‍ പാന്‍റിന്‍റെ അരയില്‍ തിരുകി. അവന്‍ ആല്‍ഫിയെ താങ്ങിപിടിച്ചു. ബാഗും കൂടുമെല്ലാം അവന്‍റെ കൈയിലായ്. നിരങ്ങിയെന്നോണം അവര്‍ പാലം കടന്നു. ഇടയ്ക്ക് ഒന്നുരണ്ടു വട്ടം വേച്ചുപോയിരുന്നു. ടോമിന്‍റെ ‘വിപദി’ ധൈര്യം അവരെ പാലം കടത്തി. പാലം കടന്നവര്‍ അല്പം നേരം വിശ്രമിച്ചു. ലക്ഷ്യമായില്ല ഇനിയും നടക്കണം. മുകളില്‍ കത്തിക്കാളുന്ന സൂര്യന്‍. ആല്‍ഫി തളര്‍ന്നു നിന്നു. ടോം ചേച്ചിക്ക് വെള്ളം കൊടുത്തു. രണ്ടു പഴവും. അതു കഴിച്ചപ്പോള്‍ അല്പം ആശ്വാസം കിട്ടി. അവനും പഴം തിന്നു. വീണ്ടും നടപ്പാരംഭിച്ചു. വഴി ശാഖ തിരിഞ്ഞ് പോകുന്നു. ഒരു വഴിയിലൂടെ അവര്‍ നടന്നു. സമയം പന്ത്രണ്ടു മണിയൊക്കെ ആയിക്കാണും. അവര്‍ ഇപ്പോള്‍ നില്ക്കുന്നത്. വന്‍മരങ്ങളില്ലാത്ത പ്രദേശത്താണ്. പുല്ലും, കുറ്റിക്കാടും നിറഞ്ഞ പ്രദേശം. വനത്തിന്‍റെ ശീതളിമയില്‍ നിന്നും വെളിമ്പ്രദേശത്തു വന്നപ്പോള്‍, താങ്ങാനാവാത്ത ചൂട്.
അവര്‍ കുറച്ചുകൂടെ മുന്നോട്ടു നടന്നു. ഇനിയൊരു കയറ്റമാണ്. അവര്‍ സാവകാശം മലകയറി തുടങ്ങി. പുല്ലു നിറഞ്ഞ മൊട്ടക്കുന്ന്. അവിടവിടെയായി ഒറ്റപ്പെട്ട മരങ്ങള്‍ കയറ്റം കയറി, കയറി കുട്ടികള്‍ മടുത്തു. എവിടെയെങ്കിലും ഇരിക്കണം. ഒരു ചെറുമരത്തിന്‍റെ തണലില്‍ ഇരുന്നു. അല്പം വിശ്രമിച്ചു. മിണ്ടാനൊന്നും പറ്റുന്നില്ല. ആല്‍ഫി നന്നായി കിതയ്ക്കുന്നു ണ്ട്. ടോമും അവശനായിരുന്നു. അവള്‍ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. അവന്‍ കുപ്പിതുറന്ന് വെള്ളം കൊടുത്തു. വെള്ളം തീരാറായി. അവള്‍ കുറേച്ചെ കുടിച്ചുള്ളു. അവന്‍ പഴവും ബ്രഡും കൊടുത്തു. അവനും കഴിച്ചു. പൊടുന്നനെ, ആല്‍ഫിക്ക് മനം പിരട്ടുന്നതുപോലെ തോന്നി. അടുത്ത ക്ഷണം അവള്‍ കഴിച്ചതെല്ലാം ഛര്‍ദ്ദിച്ചു. രണ്ടു മൂന്നു വട്ടം അവള്‍ തളര്‍ച്ചയോടെ അവന്‍റെ ചുമലിലേക്കു ചാഞ്ഞു.


ടോമിന് എന്തു ചെയ്യണമെന്നു മനസ്സിലായില്ല. അവന്‍ പതറിപ്പോയിരുന്നു. കുപ്പിയില്‍ അവശേഷിച്ചിരുന്ന വെള്ളമെടുത്ത് അവളുടെ മുഖം കഴുകി. അവള്‍ തളര്‍ന്ന മിഴികളുയര്‍ത്തി അവനെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “പോകാം” ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു. ഈശോയെ ഇനിയെത്ര ദൂരം നടക്കണം. ടോമവളെ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു. പിന്നെ സാവകാശം കയറ്റം കയറിത്തുടങ്ങി. ലക്ഷ്യം നഷ്ടപ്പെട്ട് യാത്രികരെപ്പോലെ അവര്‍ മന്ദം, മന്ദം നടന്നു. ടോമിനും ശരീരം തളര്‍ന്നു തുടങ്ങിയിരുന്നു. അധികം മുന്നോട്ടു പോവില്ല എന്നവന് തോന്നി. പപ്പയെയും, അമ്മയെയും ഇനിയൊരിക്കലും കണ്ടുമുട്ടില്ല എന്നും. ആ ഓര്‍മ്മയില്‍ അവന്‍റെ നെഞ്ചു തകര്‍ന്നു. കണ്ണില്‍ക്കൂടി തീജലം ഒഴുകി. ഏതാനും ചുവടുകൂടി അവര്‍ നടന്നു. അവന്‍റെ കാലുകള്‍ കുഴഞ്ഞു. ഇത്രയും ദിവസത്തെ യാത്രയില്‍, അതിലെ അപകടങ്ങളും അതിജീവനത്തിന്‍റെ സാഹസങ്ങളും, ശരിയായ ഭക്ഷണമില്ലായ്മയും കുട്ടികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ടോമിന് ചുവടു തെറ്റി. അവന്‍ പുല്ലിന്‍റെ കുറ്റിയില്‍ തട്ടി തെറിച്ചു. ആല്‍ഫിയും പിടിവിട്ട് തെറിച്ചുവീണു. ഫോണ്‍ അരയില്‍ നിന്നും തെറിച്ചുപോയി. വീഴ്ചയില്‍ കുട്ടികളുടെ ബോധം മറഞ്ഞു. ആ വനത്തിന്‍റെ ഏകാന്തതയില്‍ അവര്‍ ചലനമറ്റു കിടന്നു. ഒരിളംകാറ്റവരെ തഴുകി കടന്നുപോയി… എല്ലാത്തിനും സാക്ഷിയായി സൂര്യന്‍ മുകളില്‍ കത്തിജ്വലിച്ചു നിന്നു.
(തുടരും)

Leave a Comment

*
*