ഉല്ലാസയാത്ര – അദ്ധ്യായം 13

ഉല്ലാസയാത്ര – അദ്ധ്യായം 13

കുര്യന്‍ പി.എം. എണ്ണപ്പാറ

"കാട്, കറുത്തകാട്
മാവോയിസ്റ്റ് ആദ്യം
പിറന്ന വീട്."….
"കൊടും കാട്ടില്‍ ടെന്‍റുകെട്ടി
മാവോയിസ്റ്റുവന്ന കാട്."
വനത്തിന്‍റെ ആഴമാര്‍ന്ന നിശബ്ദതയില്‍ ഈ ഗാനം മുഴങ്ങി. പതിവില്ലാത്ത ശബ്ദംകേട്ട് പക്ഷികള്‍ പറന്നുയര്‍ന്നു. ക്യാപ്റ്റന്‍ "സജന്‍ ഡൊമിനിക്" ചുറ്റും കണ്ണോടിച്ചു. നോക്കെത്താ ദൂരത്തോളം ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷത്തലപ്പുകളുടെ അപാര ഇരുളിമ…. ഒന്നിനു പുറമെ മറ്റൊന്നായി ഉയര്‍ന്നും നിരന്നും കാണപ്പെടുന്ന പച്ചപുല്ലു നിറഞ്ഞ മൊട്ടക്കുന്നുകള്‍. ഏറ്റവും അകലെ കോടമഞ്ഞും മേഘങ്ങളും കൂടിപ്പിണഞ്ഞ്, ആകാശവുമായി, ചേര്‍ന്ന് കിടക്കുന്നു. മനോഹരമായ കാഴ്ച. ക്യാപ്റ്റന് അതിലൊന്നും താത്പര്യം തോന്നിയില്ല. തന്‍റെ പാട്ടിന്‍റെ ശബ്ദം കുറഞ്ഞുപോയി എന്ന് ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്കിന് സംശയം. കണ്ഠശുദ്ധി വരുത്തി വീണ്ടും പാടി.
"മാനസമൈനേ വരൂ, മധുരം നുള്ളി തരൂ
നിന്‍ അരുമ പൂവാടിയില്‍,
നീ തേടുവതാരേ… ആരേ… ആആആരേ….
മാനസമൈനേ വരൂ."…
ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക് ഇങ്ങനെയാണ്. തനിച്ചായിരിക്കുമ്പോള്‍ എപ്പോഴും പാട്ടു പാടിക്കൊണ്ടിരിക്കും. വനത്തിലൂടെയുള്ള യാത്ര ഭയന്നിട്ടല്ല. ശീലമാണ്. ഇന്ത്യന്‍ ആര്‍മിയുടെ അതിര്‍ത്തി സുരക്ഷ സേനയില്‍ നിന്നും തുടങ്ങിയതാണീ ശീലം. വിരമിച്ചപ്പോഴും തുടരുന്നു. ശീലങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ ആവില്ലല്ലോ. ഇന്ത്യന്‍ അതിര്‍ത്തി ക്യാമ്പുകളില്‍ മാസങ്ങളോളം തുടര്‍ച്ചയായി തനിച്ച് ജോലി ചെയ്തിട്ടുള്ള ആളാണ്. തനിച്ച് ജോലി ചെയ്യാന്‍ ഭയമില്ല. 'എന്തിനേയും, ആരേയും' ഭയമില്ല. ഒരു നിര്‍ബന്ധമേയു ള്ളൂ. മദ്യവും ഇറച്ചിയും. അതും ഉണക്കിറച്ചിയാണെങ്കില്‍ ഉത്തമം. സര്‍വ്വീസില്‍ നിന്നും വിരമിച്ചെങ്കിലും, മിലിട്ടറിയില്‍ നിന്നോ മദ്രാസ് സ്പെഷല്‍ പോലീസില്‍ നിന്നോ, ഇടയ്ക്ക്, ഇടയ്ക്ക് അടിയന്തര സേവനങ്ങള്‍ക്ക് ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്കിനെ വിളിക്കാറുണ്ട്. അങ്ങനെയൊരു ദൗത്യമാണിപ്പോഴും, തമിഴ്നാട് അതിര്‍ത്തിയില്‍ പാലക്കാടു മേഖലയില്‍ മാവോയിസ്റ്റു ഭീഷണിയുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് രഹസ്യ നിരീക്ഷണത്തിന് എത്തിയതാണ്. ഒരു പഴയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുണ്ട് ക്യാപ്റ്റന്. അതിലാണു യാത്ര. അതിലേ യാത്ര ചെ യ്യൂ. വണ്ടി പോകുന്നിടം വരെ കൊണ്ടു ചെല്ലും. പിന്നെ നടക്കും. കാട്ടില്‍ ടെന്‍റുകെട്ടി താമസിക്കും. ആഴ്ചകളോളം കാട്ടില്‍ കറങ്ങും. ഭക്ഷണം തീരുമ്പോള്‍ സാമിയെ വിളിക്കും. അനന്തരാമനാണ് സാ മി. ഈ അനന്തരാമനാണ് സര്‍വ്വീസില്‍ ആയിരുന്നപ്പോഴും ഇപ്പോഴും ക്യാപ്റ്റന്‍റെ ചങ്ങാതി. ക്യാപ്റ്റന്‍റെ മനസ്സും, മാനറിസവും അറിയാവുന്നവന്‍. ക്യാപ്റ്റന്‍റെ വലംകൈ. ക്യാപ്റ്റന്‍റെ വിളി കിട്ടിയ ആ ക്ഷണം തന്നെ സാമി ക്യാപ്റ്റനും വണ്ടിക്കും ആവശ്യമുള്ള ഇന്ധനവുമായി ഒരു ഹെലികോപ്റ്ററില്‍ വ രും. ആകാശത്തേക്കൊരു വെടി അതാണു സിഗ്നല്‍. മിലിട്ടറിയില്‍ ആയിരുന്നെങ്കിലും ജോലി സ്ഥലങ്ങള്‍ വടക്കേ ഇന്ത്യ ആയിരുന്നെങ്കിലും ക്യാപ്റ്റന് മലയാള ഗാനങ്ങളാണ് ഇഷ്ടം; മലയാള സിനിമകളും. "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍. മര്‍ത്യനു തന്‍ഭാഷ പെറ്റമ്മതാന്‍" എന്ന പക്ഷക്കാരനാണ് ക്യാപ്റ്റനും. മാംസാഹാരം ശീലമായതുകൊണ്ടു ക്യാപ്റ്റന്‍ വീട്ടിലെത്തുമ്പോഴാണു രസം. ഇറച്ചിയില്‍ വെടിയിറച്ചിയാണു ക്യാപ്റ്റ ന് കൂടുതല്‍ ഇഷ്ടം. എന്നു വെച്ചു കാട്ടുമൃഗങ്ങളെത്തന്നെ വെടിവെച്ചു വേണമെന്ന് നിര്‍ബന്ധമില്ല. സ്വന്തം പുരയിടത്തിലെയോ, അടുത്ത വീട്ടുകാരുടെയോ, വളര്‍ത്തു മൃഗമാണെങ്കിലും മതി. പക്ഷേ, വെടിവെച്ചു പിടിക്കണം. അയല്‍ക്കാരുടെ ആടോ, കോഴിയോ വെടിവെച്ചു പിടിച്ചാല്‍ അതിനു പറയുന്ന വിലകൊടുക്കും; വഴക്കില്ല. അതുകാരണം ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക് വരുന്നെന്നു കേട്ടാല്‍ അയല്‍ക്കാര്‍ ആടിനെയും, കോഴിയേയും പുറത്തു വിടാറില്ല. പിന്നൊരു കാര്യമുള്ളത് ക്യാപ്റ്റന്‍ മിക്കപ്പോഴും സ്പെഷല്‍ ഡ്യൂട്ടിയിലായിരിക്കും. കൊടുംവനത്തിലൂടെ, മാവോയിസ്റ്റിനെയോ, തീവ്രവാദിയെയോ, ഭീകരരെയോ തേടി; ഒറ്റയ്ക്കു നടക്കാന്‍ ക്യാപ്റ്റന് ഭയമൊന്നുമില്ല. ഒരു കാര്യത്തില്‍ മാത്രമേ നിബന്ധനയുള്ളൂ. ഏതു വനത്തില്‍നിന്നും ഭക്ഷണാവശ്യത്തിന് മൃഗത്തെ പൊട്ടിക്കാനുള്ള അനുമതി. ക്യാപ്റ്റന്‍റെ കാര്യം അറിയാവുന്നതിനാല്‍ മേലുദ്യോഗസ്ഥരാരും എതിര്‍ക്കാറില്ല. അനുവദിച്ചില്ലെങ്കി ലും, അറിഞ്ഞുകൊണ്ടുള്ള നിയമലംഘനം. ക്യാപ്റ്റന്‍റെ ദൗത്യങ്ങള്‍ മിക്കപ്പോഴും രഹസ്യമാണ്. ഡിപ്പാര്‍ട്ടുമെന്‍റിലോ, ഗവണ്‍മെന്‍റു തലത്തിലോ കുറച്ച് ആള്‍ക്കാര്‍ക്കു മാത്രമേ അതറിയൂ. അതിന്‍റെ കുഴപ്പം ചിലപ്പോള്‍ ക്യാപ്റ്റന്‍ അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ കാഠ്മണ്ഡുവനത്തില്‍ ഭീകരരെ പിടിക്കാന്‍ ക്യാപ്റ്റന്‍ പോയി. പതിവുപോലെ രഹസ്യമായ യാത്ര. ദൗത്യം ലീക്കായാല്‍ അന്വേഷണം ശരിയാവില്ലാത്തതുകൊണ്ടാണ് രഹസ്യഅന്വേഷണം നടത്തുന്നത്. വനത്തിലൊരിടത്തു ടെന്‍റുകെട്ടി ക്യാപ്റ്റന്‍ ഉള്‍ക്കാട്ടിലേയ്ക്കു പോയി. തിരികെ വരുമ്പോള്‍ കണ്ട കാഴ്ച, ലോക്കല്‍ പോലീസ് തന്‍റെ ടെന്‍റും സര്‍വ്വ സാധനങ്ങളും കത്തിച്ച് "ഭാരത് മാതാ കീ ജയ്" വിളിച്ചു പോകുന്നു. അതിലേറെ സങ്കടം തന്‍റെ ഉണക്കയിറച്ചിയും കാഠ്മണ്ഡുവിലെ ആദിവാസികളുടെ സ്പെഷല്‍ വാറ്റും അവര്‍ അടിച്ചുകൊണ്ടുപോയതാണ്. അത് ക്യാപ്റ്റന് സഹിക്കാന്‍ ആയില്ല. അതില്‍പിന്നെ മദ്യം അധികസമയവും ക്യാപ്റ്റന്‍റെ കസ്റ്റഡിയില്‍ കാണും. അവര്‍ ഭീകരരുടെ കൂടാരമാണെന്നു കരുതിയാണ് അക്രമിച്ചത്. എന്തു ചെയ്യാം ജീവന്‍ തിരി ച്ചു കിട്ടിയത് ഭാഗ്യം. മറ്റൊരിക്കല്‍ കര്‍ണ്ണാടക ബോര്‍ഡറില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ടായ സംഭവമാണ്. അതുപക്ഷേ, കാട്ടില്‍ നിന്നുതന്നെ ഉണ്ടായ തിരിച്ചടിയാണ്. ഒരു ദിവസം ടെന്‍റില്‍ നിന്നും പുറത്തുപോയി തിരച്ചില്‍ നടത്തി തിരികെ വരുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു കൊമ്പന്‍ തന്‍റെ കൂടാരം തട്ടിത്തകര്‍ത്തിരിക്കുന്നു. പാത്രങ്ങളും, കിടക്കയുമെല്ലാം നാനാവിധമാക്കി. ക്യാപ്റ്റനെ ഏറെ വേദനിപ്പിച്ചത് അതൊന്നുമായിരുന്നില്ല. തന്‍റെ നാലു ഫുള്‍കുപ്പി റമ്മും, ഉണക്കയിറച്ചിയും, അതു കാണുന്നില്ല. കുറെ മാറിയാണ് കൊമ്പന്‍റെ നില്പ് അടുക്കാനൊരു ഭയം.

അപ്പോഴാണ് അതുകണ്ടത്, കൊമ്പന്‍റെ കാല്ചുവട്ടില്‍!! ഒരു കുപ്പി പൊട്ടിത്തകര്‍ന്നു കിടക്കുന്നു. ഇറച്ചി നാലുപാടും ചിതറി, തെറിച്ചു കിടക്കുന്നു. ക്യാപ്റ്റന് ദേഷ്യവും, സങ്കടവും, ഒക്കെ വന്ന് നശിപ്പിച്ചു!! "എടാ കരിമന്തി, വനപ്പിശാചേ, ദുഷ്ടാ, കാട്ടുപന്നീ ഇവിടെത്താടാ." ക്യാപ്റ്റന്‍ ആക്രോശിച്ചു. എന്തും വരട്ടെ എന്നു കരുതി മുന്നോട്ടടുത്തു. കൊമ്പന്‍ അനങ്ങാതെ നില്പാണ്. ക്യാപ്റ്റന്‍ നിരാശയോടെ കൊമ്പനെ നോക്കി ഗോഷ്ടി കാണിച്ചു, ആന ആകാശത്തേക്ക് നോ ക്കി ചിന്നം വിളിച്ചു. ക്യാപ്റ്റന്‍റെ ഭാവവും, ആക്രോശവും കണ്ടമ്പരന്ന കൊമ്പന്‍ ക്യാപ്റ്റന്‍റെ കൂസലില്ലായ്മയും കണ്ട് രണ്ടുചുവട് പിന്നോട്ടു മാറി. ആ തക്കത്തിന് ഒരു എറിയന്‍റെ കൗശലത്തോടെ ക്യാപ്റ്റന്‍ മുന്നോട്ടാഞ്ഞ് കിറ്റിലവശേഷിച്ചിരുന്ന മൂന്നു കുപ്പിയും സ്വന്തമാക്കി. തന്‍റെ കളിപ്പാട്ടം തിരിച്ചുകിട്ടിയ കൊച്ചുകുട്ടിയുടെ ആഹ്ളാദത്തോടെ ക്യാപ്റ്റന്‍ കിറ്റ് നെഞ്ചോടു ചേര്‍ത്ത് ഒരു മരച്ചുവട്ടിലിരുന്ന് കുറച്ചു മദ്യം അകത്താക്കി. ക്യാപ്റ്റന്‍ ദീര്‍ഘശ്വാസം വി ട്ടു. ചിതറിക്കിടക്കുന്ന ഇറച്ചിക്കഷണങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു. ക്യാപ്റ്റന്‍റെ പ്രവൃത്തി നോക്കിനില്‍ക്കുകയായിരുന്നു കൊമ്പന്‍. പൊട്ടിപ്പോയ കുപ്പിയില്‍ നിന്നൊഴുകിയ ദ്രാവകത്തിന്‍റെ മണവും, ആ കുപ്പികള്‍ തിരികെയെടു ക്കാന്‍ ക്യാപ്റ്റന്‍ നടത്തിയ സാഹസവും, മരച്ചുവട്ടിലിരുന്നുള്ള സേവയും കണ്ടപ്പോള്‍ ഇതെന്തോ നല്ല സാധനമാണെന്നു കൊമ്പനു മനസ്സിലായി. ക്യാപ്റ്റന്‍ മദ്യം ഒരിറക്കുകൂടി കുടിച്ചു. കൊമ്പന്‍ കൊതിയോടെ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ ഫോമിലായി. കൊമ്പനോട് കുപ്പി നീട്ടിക്കൊണ്ട് ചോദിച്ചു വേണോടാ? കൊമ്പന്‍ തലകുലുക്കി. ഇവിടെവാ ക്യാപ്റ്റന്‍ കൈകാട്ടി വിളിച്ചു. ആന മുന്നോട്ടു വന്നു തുമ്പിക്കൈ നീട്ടി കുപ്പി വാങ്ങി വായിലേയ്ക്ക് കമഴ്ത്തി. "എടാ… എടാ… കരിമാക്കാനെ." മുഴുവന്‍ തീര്‍ക്കല്ലെടാ എന്‍റെ ഒരാഴ്ചയാടാ…." ക്യാപ്റ്റന്‍ എഴുന്നേറ്റ് കൈകൊണ്ട് വിലക്കി. പക്ഷേ, കൊമ്പന്‍ കുപ്പി കാലിയാക്കി ദൂരേയ്ക്ക് എറിഞ്ഞു. ദ്രോഹീ… ക്യാപ്റ്റന്‍ മുരണ്ടു. എന്നാല്‍ കൊമ്പന്‍ മുന്നോട്ടുവന്നു ക്യാപ്റ്റനെ ചുറ്റിയെടുത്ത് പുറത്തിരുത്തി. ഞെട്ടിപ്പോയ ക്യാപ്റ്റന്‍ ആനപ്പുറത്തിരുന്നപ്പോഴാണ് മനസ്സിലായത്. ആന തന്നെ എടുത്ത് ഇരുത്തിയതാണെന്ന്. ക്യാപ്റ്റന്‍ ആനപ്പുറത്ത് ഗമയിലിരുന്നു. ചെളിയും വെള്ളവും, ഒരു തരം വാടയും. നീ കുളിക്കാറില്ലേടാ ക്യാപ്റ്റന്‍ ആനയോടു ചോദിച്ചു. ആന ക്യാപ്റ്റനെയും കൊണ്ട് കുറച്ചുദൂരം മുന്നോട്ടുപോയി. അവിടെ ഒരു കൂട്ടം ആനകള്‍ നിന്നിരുന്നു. ക്യാപ്റ്റന്‍ പേടിച്ചുപോയി. കൊമ്പന്‍റെ പുറത്താണല്ലോ എന്ന് ക്യാപ്റ്റന്‍ ഓര്‍ത്തു. കൊമ്പനാന മറ്റാനകളെ നോക്കി തുമ്പിക്കൈ മുകളിലേയ്ക്ക് ഉയര്‍ത്തി ചിഹ്നം വിളിച്ചു. മൂന്നു വട്ടം. അതിനെ ക്യാപ്റ്റന്‍ ഇങ്ങനെ പരിഭാഷപ്പെടുത്തി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org