ഉല്ലാസ യാത്ര – അദ്ധ്യായം 16

ഉല്ലാസ യാത്ര – അദ്ധ്യായം 16

ക്യാപ്റ്റന്‍ കമ്മീഷണറോടു ചോദിച്ചു: "കുട്ടികള്‍ ഉണര്‍ന്നോ?" സ്വാമി അവരുടെ സമീപത്തേയ്ക്കു വന്നു. "ഇല്ലെടോ അവര്‍ ഉണര്‍ന്നില്ല; അതു തന്നെയാ അവസ്ഥ." ക്യാപ്റ്റന്‍ നിസ്സഹായതയോടെ പറഞ്ഞു: "ഇനി എന്താണു അടുത്ത നടപടി?" സ്വാമി അവരെ നോക്കി. "വരൂ, നമുക്കോഫീസില്‍ പോകാം. അവിടെച്ചെന്ന് വിശദമായി ചര്‍ച്ച ചെയ്യാം" സക്കറിയ പറഞ്ഞു. "ശരി" ക്യാപ്റ്റന് പകുതി സമാധാനമായി. കമ്മീഷണര്‍ വന്നെത്തിയതു കൊണ്ടു മാത്രമായിരുന്നില്ല അത്. കുട്ടികള്‍ അപകടനില തരണം ചെയ്തതുകൊണ്ടു കൂടിയായിരുന്നു അത്. "ഇവിടെ അപരിചിതരാരെങ്കിലും വന്നിരുന്നോ?" കമ്മീഷണര്‍ അവരോടു ചോദിച്ചു. "ഇല്ല." സ്വാമി ആലോചനയോടെ പറഞ്ഞു: "ആരേയും കണ്ടതായി ഓര്‍ക്കുന്നില്ല" ക്യാപ്റ്റന്‍ ഐ.സി.യു.വിന്‍റെ വാതിലില്‍ മെല്ലെ തട്ടി. ഒരു സിസ്റ്റര്‍ വാതില്‍ തുറന്ന് തല നീട്ടി, ചോദ്യഭാവത്തില്‍ അവരെ നോക്കി. "ഞങ്ങള്‍ പിന്നീടു വരാം. കുട്ടികളെ ശരിക്കും ശ്രദ്ധിക്കണേ. പിന്നെ മറ്റൊരു കാര്യം, ആരെങ്കിലും വന്ന് കുട്ടികളുടെ കാര്യം അന്വേഷിക്കുകയോ, അപരിചിതര്‍ ഇതിലേ ചുറ്റുന്നതോ കണ്ടാല്‍ ഞങ്ങളെ വിവരമറിയിക്കണം. ബീ കെയര്‍ഫുള്‍" ക്യാപ്റ്റന്‍ പറഞ്ഞു. "ശരി സാര്‍" നേഴ്സ് പോയി. വാതിലടഞ്ഞു.

ക്യാപ്റ്റനും കൂട്ടരും പുറത്തേക്കു നടന്നു. ഹോ മണി ആറായി! വല്ലാത്ത വിശപ്പ്. സ്വാമി വാച്ചു നോക്കി വ്യാകുലപ്പെട്ടു. ക്യാപ്റ്റനും നന്നായി വിശക്കുന്നുണ്ടായിരുന്നു. മൂവരും കൂടി ഹോസ്പിറ്റലിനടുത്തുള്ള ഹോട്ടല്‍ പ്ലാസയില്‍ കയറി ഭക്ഷണം കഴിച്ച്, കമ്മീഷണറുടെ ഓഫീസിലേക്ക് പുറപ്പെട്ടു. "ഇനിയെന്താ തന്‍റെ പ്ലാന്‍" കമ്മീഷണര്‍ക്ക് അഭിമുഖമായി കസേരയിലിരുന്നുകൊണ്ട്, ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക് ചോദിച്ചു. നഗരത്തിരക്കില്‍ നിന്നും മാറി ഒരു കെട്ടിടത്തിലായിരുന്നു കമ്മീഷണറുടെ ഓഫീസ്. "ഹോ, എന്തു ചൂട്" സ്വാമി ഫാന്‍ ഓണാക്കിയിട്ട് ക്യാപ്റ്റന്‍റെ സമീപത്തിരുന്നു. "ഇനി" കമ്മീഷണര്‍ ചിന്തയിലാണ്ടു. "കുട്ടികളെക്കുറിച്ച് ആരും ഇതുവരെ അന്വേഷിക്കാത്ത സ്ഥിതിക്ക് നമുക്ക് ചാനലുകളിലും പത്രങ്ങളിലും മാധ്യമങ്ങളിലും ഈ കുട്ടികളുടെ ഫോട്ടോയും മറ്റും റിപ്പോര്‍ട്ട് ചെയ്യാം" "പക്ഷേ," സ്വാമി ഇടയ്ക്കു കയറി. "കുട്ടികള്‍ മിസ്സായ വിവരം പത്രമാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് അറിയില്ലല്ലോ?" "അതു സാരമില്ല. കാരണം അങ്ങനെ ന്യൂസ് വന്നാല്‍ എന്‍റെ മേശപ്പുറത്തു റിപ്പോര്‍ട്ടു ലഭിക്കാതിരിക്കില്ല. നമ്മുടെ ഫോഴ്സ് അത്ര ആക്ടീവാണ്. അതുകൊണ്ട് നമുക്ക് ഉറപ്പായും റിപ്പോര്‍ട്ട് ചെയ്യാം." കമ്മീഷണര്‍ സ്വാമിയുടെ സംശയം തീര്‍ത്തു. "തന്‍റെ കൈയില്‍ മൊബൈല്‍ ഉണ്ടെന്നല്ലേ പറഞ്ഞത്. ആദ്യം നമുക്കതു ചെക്കുചെയ്യാം. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല." കമ്മീഷണര്‍ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ തന്‍റെ കോട്ടിന്‍റെ കീശയില്‍ നിന്നും കുട്ടികളോടൊപ്പം തനിക്കു കിട്ടിയ മൊബൈല്‍ഫോണ്‍ എടുത്തുനോക്കി. അതോഫായിരുന്നു. "സെറ്റോഫായി" കമ്മീഷണര്‍ക്ക് ഫോണ്‍ കൈമാറിക്കൊണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. "അതു ശരിയാക്കാം" സക്കറിയാ ഫോണ്‍ ഓണാക്കി. തന്‍റെ ടേബിളിലിരുന്ന മള്‍ട്ടിചാര്‍ജ്ജര്‍ എടുത്ത് അത് കണക്ട് ചെയ്തു. അല്പസമയത്തിനകം ഫോണ്‍ ചാര്‍ജ്ജിങ്ങായി. "അതു ചാര്‍ജ്ജാകട്ടെ, ഞാനിപ്പോള്‍ വരാം." ക്യാപ്റ്റന്‍ പുറത്തേയ്ക്കിറങ്ങി. "അവനൊന്നെടുക്കാന്‍ പോയതായിരിക്കും." സ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞു. അല്പസമയം കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ തിരികെവന്നു. "ചാര്‍ജ്ജായോടെ?.." ക്യാപ്റ്റന്‍ സക്കറിയായോടു ചോദിച്ചു. "ചാര്‍ജ്ജായി." "പക്ഷേ ഫോണല്ല" സക്കറിയ ചിരിയോടെ, ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ സമ്മതിച്ചു. "ഭക്ഷണം കഴിഞ്ഞാല്‍ ഒന്നു വിടണം. പഴേ ശീലമാ." "പഴയശീലങ്ങള്‍ എനിക്കുമുണ്ട്" ക്യാപ്റ്റന്‍ കമ്മീഷണറെ ഓര്‍മ്മിപ്പിച്ചു. "ശരി, ശരി" കമ്മീഷണര്‍ ഫോണ്‍ തിരികെയെടുത്തു. ഫോണിന്‍റെ ഡിസ് പ്ലേ ഓണാക്കി. സ്ക്രീനില്‍ തിരു ഹൃദയത്തിന്‍റെ അടിയില്‍ ഒരു താഴു കിടന്നാടുന്നു. സക്കറിയാ താഴ് വിരല്‍കൊണ്ട് സൈഡിലേക്ക് മാറ്റി ലോക്കഴിച്ചു. "തനിക്കിതു കിട്ടുമ്പോള്‍ വീഡിയോ റെക്കോര്‍ഡിംഗിലായിരുന്നു എന്നല്ലേ പറഞ്ഞത്." സക്കറിയാ ചോദ്യഭാവത്തില്‍ സജന്‍ ഡൊമിനിക്കിനെ നോക്കി. "അതെയതെ… ഞാനതു സേവാക്കിയെന്നാ തോന്നുന്നത്." സജന്‍ പറഞ്ഞു. അപ്പോള്‍ ഫോണില്‍ ക്യാമറയെടുത്ത് വീഡിയോ റെക്കാര്‍ഡര്‍ നോക്കി സക്കറിയ "ഇന്നത്തെ തീയതി…" കമ്മീഷണര്‍ സ്വാമിയെ നോക്കി. "എട്ടേ നാലേ പതിനഞ്ച്" സ്വാമി പറഞ്ഞു. "ഇതില്‍ മൂന്നാം തീയതി മുതലുള്ള റെക്കാര്‍ഡിംഗ് കാണാം" സക്കറിയാ പറഞ്ഞുകൊണ്ട് കോഡുവയര്‍ എടുത്ത് ഫോണിലും കമ്പ്യൂ ട്ടറിലും കണക്ട് ചെയ്തു. ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു. കുട്ടിക ളുടെ ചിരി കേള്‍ക്കാം. ഓടുന്ന വണ്ടിക്കുള്ളിലിരുന്ന് എടുത്ത പോലെ ദൃശ്യങ്ങള്‍, അവ്യക്തമായി ഒരു വശത്തേയ്ക്ക് മിന്നി മറയുന്നു. ഇടയ്ക്ക് ഒരാണ്‍കുട്ടിയുടെ മുഖം. പുഞ്ചിരിക്കുന്ന തേജസ്സുള്ള മുഖം. "ഇതല്ലേ ആശുപത്രിയില്‍ കിടക്കുന്ന ആണ്‍കുട്ടി" ക്യാപ്റ്റന്‍ ആവേശത്തോടെ പറഞ്ഞു. മൂവര്‍ക്കും ആവേശമായി. ഇനി ചേച്ചിയുടെ ഫോട്ടോ. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖം!! "അപ്പോള്‍ ഇതാണ് അവന്‍റെ ചേച്ചി. ചേച്ചിയും അനിയനും കൂടി എവിടെപ്പോയതാ" സ്വാമി ആത്മഗതം ചെയ്തു. ഇനി ബ്ലാക്കി. തുടര്‍ന്ന് ഒരു പട്ടി ക്കുട്ടിയുടെ മുഖം. മൂന്നാലു മാസം പ്രായം കാണും. "അപ്പോള്‍ ഇതാണ് ബ്ലാക്കി" കുട്ടികള്‍ അബോധാവസ്ഥയില്‍ പറഞ്ഞതോര്‍ത്ത് ക്യാപ്റ്റന്‍ പറഞ്ഞു. "അയ്യോ, പപ്പയേയും അമ്മയേയും എടുത്തില്ല" തുടര്‍ന്ന് ചെറുപ്പ

ക്കാരിയായ ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞു. പിന്നീട് ഡ്രൈവ് ചെയ്യുന്ന ഒരു പുരുഷന്‍റെയും. "അപ്പോള്‍ ഇവര്‍ ഒരു കുടുംബമാണ്. അപ്പനും അമ്മയും മക്കളും. എങ്ങോട്ടോയുള്ള യാത്രയിലാണ്." കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. "സംഗതി തമിഴ് നാടെത്തി" സ്ക്രീനില്‍ കണ്ട പരിചയം ശ്രദ്ധിച്ച് സ്വാമി പറഞ്ഞു. "എടാ നിര്‍ത്തിയേക്ക്, നമുക്ക് വേളാങ്കണ്ണിയില്‍ ചെന്ന് പിടിക്കാം. ചാര്‍ജ്ജ് തീര്‍ക്കല്ലേ" ഒരു പുരുഷ സ്വരം തുടര്‍ന്ന് സ്ക്രീനില്‍ തെളിഞ്ഞുവന്നത് ക്യാപ്റ്റനും സംഘത്തിനും ആവേശം പകരുന്ന കാഴ്ചയായിരുന്നു. ആ നാലുപേരുടെയും ഫോട്ടോയ്ക്ക് അടിയില്‍ അവരുടെ പേരുകള്‍. ടോം അലക്സി – മുകളില്‍ ആണ്‍കുട്ടിയുടെ ഫോട്ടോ. പെണ്‍കുട്ടിയുടെ ഫോട്ടോയുടെ അടിയില്‍ ആല്‍ഫി അലക്സി. തുടര്‍ന്ന് നാല്‍പത് വയസ്സു തോന്നിക്കുന്ന സ്ത്രീയും നാല്‍പത്തഞ്ചു വയസ്സു തോന്നിക്കുന്ന പുരുഷനും – അലക്സാണ്ടറും മേഴ്സിയും. കമ്മീഷണര്‍ പോസ് ബട്ടണ്‍ അമര്‍ത്തി നാലു പേരെയും ശ്രദ്ധിച്ചു. കമ്മീഷണര്‍ ഉത്സാഹത്തിലായി. "വെരിഗുഡ്" ഇതുവച്ച് നമുക്ക് പരസ്യം ചെയ്യാം. ഇനി നമുക്ക് കൂടുതല്‍ നോക്കാം. എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയാലോ. അവര്‍ വീണ്ടും ടി.വി. സ്ക്രീനില്‍ കണ്ണു നട്ടു. വീഡിയോ മൂവായി. തുടര്‍ന്ന് പല ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞു. വേളാങ്കണ്ണി പള്ളി, കടലിലെ കളികള്‍, വഴിയോര കച്ചവടങ്ങള്‍ എല്ലാം… ഇതുകണ്ട് ക്യാപ്റ്റന്‍ പറ ഞ്ഞു. "വേളാങ്കണ്ണി തീര്‍ത്ഥയാത്ര പോയതാണ് അവര്‍. പക്ഷേ, ആ കുട്ടികള്‍ മാത്രമെങ്ങനെ വനാതിര്‍ത്തിയിലെ മലമുകളിലെത്തി. അലക്സിയും മേഴ്സിയും എവിടെ?" ക്യാപ്റ്റന്‍ ആശങ്കപ്പെട്ടു. ക്യാപ്റ്റന്‍ ആലോചനയോടെ പറഞ്ഞു. "തനിക്കു കിട്ടുമ്പോള്‍ ഫോണ്‍ ഓണായിരുന്നു, വീഡിയോ പ്രവര്‍ത്തിച്ചിരുന്നു, എന്നല്ലേ താന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കണ്ട തനുസരിച്ച് ബാക്കി കൂടി കാണുമ്പോള്‍ നമുക്കു വേണ്ടതെല്ലാം കിട്ടുമെന്നാണ് എനിക്കു തോന്നുന്ന ത്. ഭാഗ്യമുണ്ടെങ്കില്‍." കമ്മീഷണര്‍ പറഞ്ഞു നിര്‍ത്തി. ആരും ഒന്നും മിണ്ടിയില്ല. അവര്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വീഡിയോയുടെ ബാക്കിഭാഗം ശ്രദ്ധിച്ചു. അലക്സാണ്ടറും, മേഴ്സിയും, ടോം അലക്സി എന്ന കുട്ടനും, ആല്‍ഫിയെന്ന ചേച്ചിപ്പെണ്ണും, പിന്നെ അവരുടെ ഓമനയായ ബ്ലാക്കിയെന്ന നായയും. മൂവര്‍ക്കും ഒരു പ്രഹേളികയായി. അജ്ഞാത സുഹൃത്തുക്ക ളുടെ രഹസ്യം തേടി മൂവരും വീഡിയോയില്‍ കണ്ണുനട്ടു. വീഡിയോയിലെ കാഴ്ചയനുസരിച്ച് രണ്ടു ദിവസം വേളാങ്കണ്ണിയില്‍ തങ്ങിയെന്ന് മനസ്സിലായി. തുടര്‍ന്ന് മടങ്ങിയിരിക്കണം. "മടക്കയാത്രയില്‍ കാര്യമായ വീഡിയോപിടുത്തം നടന്നില്ലെന്ന് തോന്നുന്നു" സ്വാമി പറഞ്ഞു. വീണ്ടും സ്ക്രീനില്‍ ദൃശ്യം തെളിഞ്ഞുവന്നു. ഒരു വനം. ക്യാപ്റ്റനും സംഘവും ഞെട്ടിപ്പോയി. "എന്തായിത് കാടോ?" ക്യാപ്റ്റന്‍ അമ്പരപ്പോടെ ചോദിച്ചു. "ശരിയാണെടോ വനം തന്നെ." പക്ഷേ എങ്ങനെ? കമ്മീഷണര്‍ക്ക് നടുക്കം വിട്ടുമാറിയില്ല. തുടര്‍ന്ന് മൂവര്‍ സംഘത്തിന്‍റെ രക്തം മരവിപ്പിച്ചുകൊണ്ട് വീഡിയോയില്‍ ചിത്രങ്ങള്‍ തെളിഞ്ഞു മറഞ്ഞു. അവര്‍ ശബ്ദം നഷ്ടപ്പെട്ടതു പോലെയിരുന്നു. ഓരോരോ രംഗങ്ങള്‍ സ്ക്രീനില്‍ തെളിയുമ്പോഴും ക്യാപ്റ്റനും സുഹൃത്തുക്കളും ഭയവിഹ്വലരായി. ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ ഷെയ്ക്കായും ചിലപ്പോള്‍ അവ്യക്തമായും ആണ് വീഡിയോയില്‍ ചിത്രങ്ങള്‍ ശേഖരിക്കപ്പെട്ടത്. എങ്കിലും യാത്രയില്‍ കുട്ടികള്‍ അനുഭവിച്ച യാതനയും തരണം ചെയ്ത അപകടങ്ങളും എല്ലാം അതിന്‍റെ ഭീകരതയില്‍ത്തന്നെ കാണുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org