ഉല്ലാസ യാത്ര – അദ്ധ്യായം 17

ഉല്ലാസ യാത്ര – അദ്ധ്യായം 17

അവര്‍ പിന്നിട്ട സാഹസിക വഴികള്‍ കടന്ന് വീഡിയോ മുന്നേറി കഞ്ചാവുതോട്ടത്തില്‍ ടോം അലക്സി കൊള്ളക്കാരെ നേരിടുന്നതു കണ്ട കമ്മീഷണര്‍ സ്വയം മറന്ന് കൈയ്യടിച്ചു. 'മിടുക്കന്‍.' ഓരോ രംഗവും രക്തം മരവിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ താന്‍ അവരെ കണ്ടെത്തിയ സ്ഥലവും സ്ക്രീനില്‍ നിന്ന് മായാതെ നില്‍ക്കുന്നതുകണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. "ഹോ, രക്ഷപ്പെട്ടു." അപ്പോള്‍ വീഡിയോയില്‍ വിദൂരത്തുനിന്ന് ഒരു പാട്ടു കേട്ടു "മാനസമൈനേ വരൂ… മധുരം നുള്ളിതരൂ" കമ്മീഷണര്‍ ഉദ്യോഗഭരിതനായി. "ഒരു പാട്ടു കേട്ടോ, ആരായിരിക്കുമത്?" കമ്മീഷണര്‍ പറഞ്ഞു. 'ഓ, അത് നമ്മുടെ മന്നാടെ പാടിയതല്ലേ" സ്വാമി നിസാരമട്ടില്‍ പറഞ്ഞു. കമ്മീഷണര്‍ സ്വാമിയെ രൂക്ഷമായി നോക്കി. "അല്ല, ഇത് നിസ്സാരമായി കാണരുത്. അവിടെ മനുഷ്യവാസം ഉണ്ടാകും. അതാ മലയാളഗാനം." കമ്മീഷണര്‍ അതീവഗൗരവത്തിലായി. "ആ പാട്ടുകാരന്‍ മനുഷ്യവാസമാ ഈ കൊളന്തകളെ രക്ഷപ്പെടുത്തിയത്" സ്വാമി ക്യാപ്റ്റനെ ചൂണ്ടി ചിരിച്ചു. "ങേ… താനാണോ പാടിയത്?" കമ്മീഷണര്‍ ചമ്മി. ക്യാപ്റ്റന്‍ ഒന്ന് ചമ്മി, "അതേടോ പാട്ട് എന്‍റെ ഒരു വീക്ക്നസാ, തനിച്ചായിരിക്കുമ്പോള്‍ ഞാന്‍ പാടും, എന്താ മോശമാണോ?" "ഏയ്, അല്ല." കമ്മീഷണര്‍ കൈകൂപ്പി. "ഇനി അടുത്ത നടപടി" ക്യാപ്റ്റന്‍ വിഷയം മാറ്റി. "നമുക്ക് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം. നമുക്കിപ്പോള്‍ അവരുടെ പേര് മാത്രമല്ലേ അറിയൂ, അതു ഫോട്ടോയും കിട്ടിയ വിവരവും വച്ച് റിപ്പോര്‍ട്ട് ചെയ്യാം, എന്തു പറയുന്നു?" കമ്മീഷണര്‍ ക്യാപ്റ്റനെയും അനന്തരാമനെയും മാറിമാറി നോക്കി. "അവര്‍ എന്തോ അപകടത്തില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കാം, പക്ഷേ എന്തപകടം? അവരുടെ മാതാപിതാക്കള്‍ എവിടെ? ഉത്തരം കണ്ടെത്തണം." ക്യാപ്റ്റന്‍ കൈകള്‍ കൂട്ടിത്തിരുമ്മി. "പിള്ളാര്‍ മാതാപിതാക്കളെ തപ്പി ജീവന്‍ പണയംവച്ച് കാട്ടിലൂടെ വന്നതാണെന്നു തോന്നുന്നു… അല്ല ശരിതന്നെ, പക്ഷേ അവര്‍ എവിടെ?" അനന്തമൂര്‍ത്തി സംശയാലുവായി. "അതു കണ്ടെത്താം, അതിനുമുമ്പ് ഇത് ആരാണെന്നും എവിടെയുള്ളവരാണെന്നും കണ്ടെത്തണം. ഇവരുടെ ബന്ധുക്കളെയും കണ്ടെത്തണം. ഇനി മറ്റെന്തെങ്കിലും രീതിയില്‍ കുട്ടികള്‍ മിസ്സ് ആയതാണെങ്കില്‍? ആരെങ്കിലും തട്ടിക്കൊണ്ടുപോയിടത്തുനിന്ന് രക്ഷപ്പെട്ടു വരികയാണെങ്കില്‍? മാതാപിതാക്കള്‍ അവരെ അന്വേഷിച്ചു നടക്കുകയാണെങ്കില്‍? നമുക്കിത് എത്രയും വേഗം ടിവിയിലും പത്രത്തിലും റിപ്പോര്‍ട്ട് ചെയ്യണം." കമ്മീഷണര്‍ കമ്പ്യൂട്ടറില്‍ നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം ക്യാപ്റ്റന്‍റെയും സ്വാമിയുടെയും മുഖത്തേക്കുനോക്കി. അവര്‍ക്കും ആ അഭിപ്രായമായിരുന്നുവെന്ന് അവരുടെ മുഖഭാവം തെളിയിച്ചു. കുട്ടികളുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്‍റ് എടുത്ത് സഖറിയാ എഴുന്നേറ്റു. ഫാനും ലൈറ്റും ഓഫാക്കി അവര്‍ മുറിക്ക് പുറത്തിറങ്ങി.
* * * * * *

രാത്രി പത്തുമണി കഴിഞ്ഞു കാണും. തന്‍റെ ഹോട്ടല്‍ മുറിയിലായിരുന്നു ക്യാപ്റ്റന്‍. ഹോസ്പിറ്റലില്‍നിന്നു വന്ന് കുളിച്ച് ഇറങ്ങിയതേ ഉള്ളൂ. കുട്ടികളുടെ നില പഴയതു തന്നെ. ടി.വി. ചാനലുകളില്‍ തങ്ങള്‍ കൊടുത്ത ന്യൂസ് വന്നു കാണുമോ എന്നോര്‍ത്ത് ചിന്താധീനനായി കസേരയില്‍ ഇരുന്ന് ടിവി ഓണാക്കാന്‍ തുടങ്ങുകയായിരുന്നു. രാവിലെ കാണാം എന്നു പറഞ്ഞാണ് സ്വാമി പോയത്, തിരക്കുണ്ടത്രേ. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. മൊബൈല്‍ എടുത്തു നോക്കി, നമ്പറാണ്. ക്യാപ്റ്റന്‍ ധൃതിയില്‍ ഫോണ്‍ ഓണാക്കി. "ഹലോ… ആരാണ്?" മറുതലയ്ക്കല്‍ പരിഭ്രാന്തമായ ശബ്ദം. "സാര്‍, ഞാന്‍ സേവ്യര്‍ എന്നയാളാണ്, അല്‍പം മുന്‍പ്, ടിവിയില്‍ ഒരു കുടുംബത്തിന്‍റെ ന്യൂസ് കൊടുത്തിരുന്നില്ലേ, അറിയുന്നവര്‍ ബന്ധപ്പെടാന്‍ പറഞ്ഞ്. ആ അലക്സാണ്ടറിന്‍റെ ജ്യേഷ്ഠനാണ്" അയാള്‍ ഒറ്റശ്വാസത്തില്‍ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. "ങേ.. അലക്സാണ്ടറിന്‍റെ ജ്യേഷ്ഠനോ?" ക്യാപ്റ്റന്‍ ഉത്സാഹവാനായി. "ഹലോ.. താങ്കള്‍ എവിടുന്നാണ്?" സേവ്യര്‍ സ്ഥലം പറഞ്ഞു. "ശരി, നിങ്ങള്‍ എത്രയും വേഗം കമ്മീഷണര്‍ ഓഫീസില്‍ ഈ നമ്പറുമായി ബന്ധപ്പെടുക, എന്തു ചെയ്യണമെന്ന് അവിടുന്ന് പറഞ്ഞുതരും." ക്യാപ്റ്റന്‍ സഖറിയായുടെ ഓഫീസ് നമ്പര്‍ പറഞ്ഞുകൊടുത്തു. "മിസ്സായവരെക്കുറിച്ച് ഡീറ്റെയില്‍ ആയി പറയാമോ?" "പറയാം സാര്‍" സേവ്യര്‍ പറഞ്ഞു. വളരെ ക്ഷീണിതനായിരുന്നു അയാള്‍. "സാര്‍, അനിയനും കുടുംബവും കഴിഞ്ഞ മൂന്നാം തീയതി വേളാങ്കണ്ണിക്ക് തീര്‍ത്ഥയാത്ര പോയതാണ്, അവിടെ ചെന്ന് വിളിച്ചിരുന്നു. അഞ്ചാം തീയതി രാത്രി തിരികെപോന്നു, അന്നാണ് വിളിച്ചത്. പക്ഷേ ഇതുവരെയും തിരികെ എത്തിയിട്ടില്ല" അയാള്‍ കരച്ചിലിന്‍റെ വക്കിലെത്തി. "ഓഹോ, അങ്ങനെയാണോ? അവര്‍ എങ്ങനെയാണ് പോയത്? സ്വന്തം വണ്ടിക്കോ? അതോ…?" ക്യാപ്റ്റന്‍ ചോദിച്ചു. "സ്വന്തം കാറിലാണ് സാര്‍… മാരുതി ആള്‍ട്ടോ, കെ.എല്‍. 60 D 9648 നമ്പര്‍ വണ്ടി" "അവര്‍ എത്ര പേരായിരുന്നു വണ്ടിയില്‍?" ക്യാപ്റ്റന്‍ തിരക്കി. "നാലു പേരേ ഉണ്ടായിരുന്നുള്ളൂ സാര്‍?" "രാത്രി അവസാനം എത്ര മണിക്കാണ് വിളിച്ചത്?" ക്യാപ്റ്റന്‍ ചോദിച്ചു "ഏകദേശം പതിനൊന്നു മണിയായി കാണും. യാത്രയിലായതുകൊണ്ട് ഒത്തിരി വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ, സാധാരണ ഞങ്ങള്‍ എല്ലാരും ഒരുമിച്ചാണ് പോവാറ്. ഇക്കുറി അങ്ങനെ പറ്റിപ്പോയി. സേവ്യര്‍ സാധാരണ നിലയിലായെന്ന് സംസാരത്തില്‍ നിന്ന് ക്യാപ്റ്റന് വ്യക്തമായി. "അവര്‍ക്ക് മറ്റു ബന്ധുവീടോ മറ്റോ തമിഴ്നാട്ടിലോ, എവിടെയെങ്കിലുമുണ്ടോ?" "ഇല്ല, സാര്‍, അവര്‍ക്ക് ബന്ധുക്കളാരുമില്ല. അവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കാര്‍ക്കുമില്ല. സാറിനെങ്ങനെയാണ് ഇവരുടെ വിവരം കിട്ടിയത്, വല്ല അപകടവും…" സേവ്യര്‍ നിര്‍ത്തി. വീണ്ടും അവരുടെ ഓര്‍മ്മയില്‍ അയാള്‍ സങ്കടത്താല്‍ നിറഞ്ഞു. ക്യാപ്റ്റന്‍ ആലോചിച്ചു: വിവരം പറയണമോ, പറയാം അതാണ് ശരി. "ഹലോ, ഞാന്‍ ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്, കേന്ദ്ര സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗം. എനിക്കിന്ന് രാവിലെ കേരളത്തില്‍ നിന്ന് മാറി, തമിഴ്നാട് ഫോറസ്റ്റിന്‍റെ പടിഞ്ഞാറെ അതിരില്‍ നിന്നാണ് രണ്ട് കുട്ടികളെ കിട്ടിയത്." "സാര്‍, അപ്പോള്‍ അലക്സിയും മേഴ്സിയും" സേവ്യര്‍ ഉത്കണ്ഠയോടെ ഇടയ്ക്കുകയറി ചോദിച്ചു. "വേളാങ്കണ്ണിക്കു പോയവര്‍ എങ്ങനെ അവിടെയെത്തി. സേവ്യര്‍ കരഞ്ഞു പോകുമെന്ന സ്ഥിതിയിലായി. "മിസ്റ്റര്‍ സേവ്യര്‍, കൂള്‍ഡൗണ്‍, അ വര്‍ക്ക് എന്തോ അപകടം പറ്റിയിരിക്കുന്നു. എന്താണെന്ന് നമുക്കറിയില്ല. എന്താണെങ്കിലും നമുക്കു പരിഹാരം കാണാം. നിങ്ങള്‍ക്ക് മറ്റാരൊക്കെ ഉണ്ട്?"ക്യാപ്റ്റന്‍ അന്വേഷിച്ചു. "സാര്‍, എനിക്ക് രണ്ട് ജ്യേഷ്ഠന്മാരും ഒരു സഹോദരിയുമുണ്ട്. കാണാതായ അലക്സി എന്‍റെ നേരെ ഇളയതാണ്. ഞങ്ങളെല്ലാവരും അവനെ കാണാതെ വിഷമിച്ചിരിക്കുകയാണ്." സേവ്യര്‍ വീണ്ടും പറഞ്ഞു. "ഏതായാലും കുട്ടികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ സമാധാനമായിരിക്കൂ. പിന്നെ എത്രയും വേഗം കമ്മീഷണര്‍ സഖറിയായുമായി ബന്ധപ്പെടൂ. "ഞാന്‍ തന്ന നമ്പര്‍ എഴുതിവെച്ചിട്ടില്ലേ. ഞാനവിടെ കാണും. വിഷമിക്കേണ്ട എന്ന് എല്ലാവരോടും പറയൂ." ക്യാപ്റ്റന്‍ ഫോണ്‍ ഓഫാക്കി. പെട്ടെന്ന് വീണ്ടും ബെല്ലടിച്ചു. കമ്മീഷണര്‍ ആണ്. അയാള്‍ വലിയ ആഹ്ലാദത്തിലായിരുന്നു. "ക്യാപ്റ്റന്‍, എന്നെയിപ്പം വിളിച്ചെടാ, സേവ്യര്‍ എന്നയാള്‍, കാണാതായ അലക്സാണ്ടറുടെ ചേട്ടന്‍. നമ്മുടെ റിപ്പോര്‍ട്ട് ഫലം കണ്ടെടോ. ഇതു താന്‍ടാ കേരളാ പോലീസ്" അയാള്‍ വളരെ ഉത്സാഹത്തിലായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org