Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 18

ഉല്ലാസ യാത്ര – അദ്ധ്യായം 18

Sathyadeepam

‘എന്നെയും വിളിച്ചു’ ക്യാപ്റ്റന്‍ പറഞ്ഞു. “ഞാനിപ്പോള്‍ ഫോണ്‍ വച്ചന്നേയുള്ളൂ. മറ്റൊരു ചേട്ടനാണ് വിളിച്ചത്, സേവ്യര്‍ എന്നയാള്‍. അവര്‍ വളരെ ഉത്കണ്ഠാകുലരാണ്, എത്രയും വേഗം തന്‍റെ ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞിട്ടുണ്ട്.” “ക്യാപ്റ്റന്‍ താന്‍ വേഗം ഇങ്ങോട്ടു വാ, നമുക്കു കൂടിയാലോചിക്കാം” കമ്മീഷണര്‍ പറഞ്ഞു. ക്യാപ്റ്റന്‍ ഫോണ്‍ കട്ടാക്കി. പെട്ടെന്ന് സ്വാമി ക്യാപ്റ്റനെ വിളിച്ചു. സ്വാമിയെ അലക്സാണ്ടറിന്‍റെ മറ്റൊരു ചേട്ടന്‍ വിളിച്ചിരുന്നു. എല്ലാവരും വളരെ വിഷമത്തിലാണെന്ന് വ്യക്തം. സഹോദരനെ കാണാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് വേനലിലെ മഴ പോലെ ടി.വി.യില്‍ ന്യൂസ് കണ്ടത്. അവരോട് എത്രയും വേഗം വരാന്‍ പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ സ്വാമിയോട് പറഞ്ഞു: “എത്രയും വേഗം താനും വാ, നമുക്കൊരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യണം. സഖറിയായുടെ അടുത്തേക്ക് വന്നാ മതി” സ്വാമി സിറ്റിയില്‍ തന്നെ ഉണ്ടായിരുന്നു. തന്‍റെ ഒരു കമ്പനിയില്‍ ചരക്ക് കാര്‍ഗോ വന്നതിന്‍റെ ഇത്തിരി തിരക്കിലായിരുന്നു എന്നു മാത്രം. പക്ഷേ, സ്വാമി വേഗം തന്നെ സഖറിയായുടെ ഓഫീസിലെത്തി. സ്വാമി എത്തുമ്പോള്‍ ക്യാപ്റ്റനെ കൂടാതെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരും കമ്മീഷണര്‍ ഓഫീസില്‍ ഉണ്ടായിരുന്നു. കമ്മീഷണര്‍ സ്വാമിയെ വിഷ് ചെയ്തു. എല്ലാവരും ഗൗരവമായ ചര്‍ച്ചയിലായിരുന്നു. ഹാളിന്‍റെ വലതുവശത്ത് വലിയ സ്ക്രീനില്‍ തങ്ങള്‍ മുന്‍പ് കണ്ട ദൃശ്യങ്ങള്‍. തൊട്ടടുത്ത് മറ്റൊരു സ്ക്രീന്‍. അതില്‍ കേരള-തമിഴ്നാട് അതിര്‍ത്തി ഭൂപടം. കമ്മീഷണര്‍ എല്ലാവരോടുമായി പറഞ്ഞു. “നോക്കൂ, ഇത് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള റൂട്ട്. ബൈറോഡ്.” മറ്റൊരു ഭാഗം ചൂണ്ടി സഖറിയ പറഞ്ഞു: “എന്നാല്‍, ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്കിന് കുട്ടികളെ കിട്ടിയത്, ദാ ഇവിടെ നിന്നാണ്.” അപ്പോള്‍ എസ്.പി. എം.പോള്‍ ചോദിച്ചു “സാര്‍, അവര്‍ വേളാങ്കണ്ണിക്കല്ലേ പോയത്. കുട്ടികളെ കണ്ട സ്ഥലവുമായി നല്ല ഡിസ്റ്റന്‍സ് ഉണ്ടല്ലോ?” സഖറിയ അയാളെ നോക്കി. “അതെ, അതു ശരിയാണ്, അതാണ് നമ്മളെ കുഴക്കുന്നത്. കുട്ടികളെ കിട്ടിയ ഭാഗത്ത് ഒരു വടി കൊണ്ട് തൊട്ട് മറ്റൊരു ഭാഗത്തേക്കു ചൂണ്ടി സഖറിയ തുടര്‍ന്നു. “ദാ, ഇവിടെ മുതല്‍ ഇവിടെ വരെയാണ് ഈ വനം വ്യാപിച്ചുകി ടക്കുന്നത്. കേരള-തമിഴ്നാട് ബോഡറിലെ ഏറ്റവും നിഗൂഢമായ വനപ്രദേശമാണിത്. അധികമാരും കയറിയിട്ടില്ലാത്ത ഫോറസ്റ്റ് ഏരിയ. പുറംലോകവുമായി ബന്ധമില്ലാത്തതും ക്രൂരരുമായ ആദിവാസി സമൂഹം. പിന്നെ കഞ്ചാവു വനംകൊള്ളക്കാരും. ആര്‍ക്കും എത്തിപ്പെടാനാവാത്ത വിധം ദുര്‍ഘടമായ അപകടം നിറഞ്ഞ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഏരിയ ആയതാണ് അതിനു കാരണം. അവിടെയാണ് കുട്ടികള്‍ അകപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ നമുക്കങ്ങനെയാണ് കാട്ടിത്തരുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഈ വനത്തിലെവിടെയോ ആണ് അലക്സാണ്ടറും മേഴ്സിയും. മൊബൈലിലെ വീഡിയോയുടെ തുടക്കം വനത്തിന്‍റെ ഉള്ളിലാണ്. ഹൈവേയിലൂടെ വേളാങ്കണ്ണിയില്‍നിന്ന് മടങ്ങിയ ഫാമിലി എങ്ങനെ വനത്തിലെത്തി?” സഖറിയ ഒന്നു നിര്‍ത്തി എല്ലാവരെയും നോക്കി. അവര്‍ നിശബ്ദരായി കേട്ടിരിക്കുകയാണ്. വനത്തിലെവിടെയോ നഷ്ടപ്പെട്ട മാതാപിതാക്കളെ തിരഞ്ഞ് ജീവന്‍ പണയംവച്ച് യാത്ര ചെയ്ത കുട്ടികള്‍, അവര്‍ യാത്ര ചെയ്ത വനപ്രദേശം, ഓര്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍. കുട്ടികള്‍ എടുത്ത മൊബൈല്‍ വീഡിയോ. അതാണ് ഏക തെളിവ്, കച്ചിത്തുരുമ്പും. അതുപിടിച്ച് വേണം തുടങ്ങാന്‍. “ഈ ദൃശ്യത്തില്‍ കാണുന്ന ഏരിയ വനത്തില്‍ ഏതു ഭാഗത്താണെന്ന് അറിഞ്ഞാല്‍ നമുക്ക് പകുതി എളുപ്പമാണ്. അതിന് വനം നല്ല പരിചയമുള്ള ആരെങ്കിലും വേണം. എന്താ ക്യാപ്റ്റന്‍” സഖറിയ ക്യാപ്റ്റനെ നോക്കി. “എനിക്കു വനം പരിചയമാണെങ്കിലും കൃത്യസ്ഥലം പറയണമെങ്കില്‍ വനത്തില്‍ തന്നെ കഴിയുന്ന ആരെയെങ്കിലും കണ്ടെത്തിയേ തീരൂ.” ക്യാപ്റ്റന്‍ ആലോചനയോടെ പറഞ്ഞു. “അങ്ങനെ ഒരാള്‍” – കമ്മീഷണര്‍ താടി ഉഴി ഞ്ഞു. “ഈ വീഡിയോയില്‍ ഒരു കഞ്ചാവുതോട്ടം കാണുന്നുണ്ട ല്ലോ. അവരെ കണ്ടെത്തിയാല്‍ എ ളുപ്പമാവില്ലേ?” സി.ഐ. അബ്ദു ള്ള കമ്മീഷണറോടു ചോദിച്ചു. “അതെ, പക്ഷെ അവരെ എങ്ങനെ കണ്ടെത്തും? എങ്ങനെ അവരിലേക്കെത്തും? നമ്മളുമായി അവര്‍ സഹകരിക്കില്ലല്ലോ? അന്വേഷണം ഇല്ലാതാക്കാനല്ലേ അവര്‍ ശ്രമിക്കൂ.” സഖറിയ സംഘത്തെ നോ ക്കി. “സാര്‍, നമുക്കൊന്നു ചെയ്യാം, ഈ വീഡിയോ വച്ച് നമുക്ക് പിറകോട്ട് നടക്കണം.” സംഘത്തിലെ ചെറുപ്പക്കാരനായ സി.ഐ. അരവിന്ദ് പറഞ്ഞു. “പക്ഷേ, കൃത്യമായ വഴിയിലൂടെ അല്ല കുട്ടികള്‍ നടന്നത്, പല സ്ഥലങ്ങളിലും കുഴിയിലും കൊക്കയിലും പെടുന്നുമുണ്ടല്ലോ, അത് പ്രശ്നമല്ലേ?” സ്വാമി ക്യാപ്റ്റനെ നോക്കി. “അതിനൊരു വഴി ഉണ്ട്. നോക്കൂ, കുട്ടികള്‍ ഒരു ഇരുമ്പുപാലം കടക്കുന്നുണ്ട്, കഞ്ചാവുതോട്ടത്തില്‍ അപകടത്തില്‍ പെടുന്നുണ്ട്. ആനത്താരയില്‍ ചെല്ലുന്നുണ്ട്, ആദിവാസികളുടെ കെണിയില്‍ പെടുന്നുണ്ട്, ഇതൊക്കെ ഏകദേശം ഒരു വഴിച്ചാലായിട്ടോ അതിനനുബന്ധിച്ചോ ആയിരിക്കും. ഇത്രയും മാര്‍ക്ക് വച്ച് നമ്മളവരെ കണ്ടെത്തണം.” ക്യാപ്റ്റന്‍ ആവേശത്തിലായി. “ശരിതന്നെ. എങ്കിലും നമ്മളെങ്ങനെ പരിചയമില്ലാത്ത വനത്തില്‍ അവിടേക്കെത്തും.” കമ്മീഷണര്‍ സംശയം പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ പറഞ്ഞു: “അതെനിക്കു വിട്ടേക്കൂ, ഞാന്‍ ശരിയാക്കാം.” ക്യാപ്റ്റന്‍റെ മനസ്സില്‍ അപ്പോള്‍ വന്നത് ചിന്നയ്യ ആണ്. തമിഴും മലയാളവും സംസാരിക്കുന്ന ആദിവാസി യുവാവ്. പ്രത്യേകിച്ച് ഊരൊന്നുമില്ല. ഏത് ഊരും ചിന്നയ്യക്ക് സ്വന്തം. കാരണം എവിടെയും ചിന്നയ്യക്ക് പൊണ്ടാട്ടിമാരുണ്ടാകും. കുറെനാള്‍ മുമ്പ് ഒരു വനയാത്രയില്‍ കാട്ടില്‍ വഴിതെറ്റിപ്പോയ ക്യാപ്റ്റന്‍റെ മുന്‍പിലേക്ക് കാട്ടാനയെ പേടിച്ച് ഓടിവന്നതാണ് ചിന്നയ്യാ. ക്യാപ്റ്റനെ കണ്ട് കാട്ടാന ചിന്നയ്യയെ ഉപദ്രവിച്ചില്ല. ക്യാപ്റ്റന്‍റെ തോക്കും വെടിയൊച്ചയും ആണ് കാരണം. അന്ന് ചിന്നയ്യന്‍ ചിന്നതമ്പി. പതിനാറ് വയസ്സു പ്രായം. തന്നെ രക്ഷിച്ച ക്യാപ്റ്റന് ചിന്നയ്യന്‍ സ്ഥിരം വഴി കാട്ടിയായി. പക്ഷേ, ഒരു കുഴപ്പം. ചിന്നയ്യന് സ്ഥിരമായി ഒരു വാസ സ്ഥലം ഇല്ലാത്തതിനാല്‍ കണ്ട്കിട്ടാന്‍ വിഷമമാണ്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതാണ് ചിന്നയ്യന്‍റെ പ്രധാനപ്രശ്നം. അത് കാരണം ചിന്നയ്യന്‍ ഊരു തെണ്ടിയായി നടക്കുന്നു. നീയെവിടെങ്കിലും സ്ഥിരമായി താമസിക്കാന്‍ പറഞ്ഞ ക്യാപ്റ്റനോട് ചിന്നയ്യന്‍ പറഞ്ഞത് ഇങ്ങനെ. “സാറ് എപ്പോ എന്ന നിരൂപിച്ചാലും ഞാന്‍ വരും. സാറിനൊരു ബുദ്ധിമുട്ടും വരൂല്ല.” “നീയാര്, മായാവിയോ, ഓം… ഹ്രീം… ചിന്നയ്യന്‍ എന്നു ജപിച്ചാല്‍ മുന്നില്‍ വരാന്‍.” ക്യാപ്റ്റന്‍ കളിയാക്കി. ഏതായാലും അവനെ കണ്ടുപിടിക്കണം. ക്യാപ്റ്റന്‍ ഉറപ്പിച്ചു. “നമുക്കു സമയം പരിമിതമാണ്. എത്രയും വേഗം നമുക്കവരെ കണ്ടെത്തണം. അവര്‍ക്കെന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍…”കമ്മീഷണര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. “നമുക്കന്വേഷണം വേഗത്തില്‍ ആക്കണം.” കമ്മീഷണര്‍ എല്ലാവരോടുമായി പറഞ്ഞു. “സാര്‍, തമിഴ്നാട് പോലീസിനെ വിവരമറിയിക്കണ്ടേ?” സി.ഐ. അലക്സ് ചോദിച്ചു. സഖറിയ തെല്ലിട ആലോചിച്ചു. “വേണ്ട, നമ്മുടെ അടുത്തിത്രയും രഹസ്യമായിരിക്കില്ല അവിടെ കാര്യങ്ങള്‍. വിവരങ്ങളെല്ലാം രഹസ്യമായിരിക്കണം. അവര്‍ ആരുടെയെങ്കിലും പിടിയിലാണെങ്കില്‍ നമ്മുടെ ഉദ്യമം ദുഷ്കരമാവും വിവരങ്ങള്‍ പുറത്തായാല്‍. വലിയ പബ്ലിസിറ്റി ഇല്ലാതെ വേണം അന്വേഷിക്കാന്‍, എന്തു പറയുന്നു എ.എസ്. പി. രാഘവന്‍?” തന്‍റെ കൂടെ പല അന്വേഷണങ്ങളിലും കോഓപ്പറേറ്റ് ചെയ്തിട്ടുള്ള രാഘവനോട് കമ്മീഷണര്‍ ആരാഞ്ഞു? “അതു ശരി തന്നെ സാര്‍, അതാണ് നല്ലത്, പോരെങ്കില്‍ കാണാതായത് നമ്മുടെ നാട്ടുകാര്‍ തന്നെ ആണല്ലോ?”

Leave a Comment

*
*