ഉല്ലാസ യാത്ര – അദ്ധ്യായം 19

ഉല്ലാസ യാത്ര – അദ്ധ്യായം 19

"ശരി, എങ്കില്‍ നമുക്ക് ഇപ്പോള്‍ പിരിയാം. നാളെ ആറു മണിക്ക് ഇവിടെ എല്ലാവരും മീറ്റ് ചെയ്യണം. ഏതായാലും നമ്മള്‍ വനത്തിലേക്ക് പോവുകതന്നെ. ബാക്കി, വരുന്നത് വരുന്നിടത്ത് വച്ച് കാണാം. ഇപ്പോള്‍ സമയം പതിനൊന്നു മുപ്പത്. എല്ലാവരും വിശ്രമിച്ച് അഞ്ചേ മുപ്പതിന് ഇവിടെത്തണം. അപ്പോഴേക്കും ഞാന്‍ പ്രോഗ്രാം പ്ലാന്‍ ചെയ്ത് വയ്ക്കാം. നമ്മള്‍ പോകുന്നത് അപകടങ്ങള്‍ പതിയിരിക്കുന്ന കൊടും വനത്തിലേക്കാണ്. എല്ലാവരും തയ്യാറായി വരിക." കമ്മീഷണര്‍ മോണിറ്റര്‍ ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്ത് പിരിഞ്ഞു. ക്യാപ്റ്റന്‍ പറഞ്ഞു "സഖറിയാ, ഞങ്ങള്‍ പോട്ടെ, എനിക്കിത്തിരി ജോലി വേറെയുണ്ട്. നിങ്ങള്‍ രാവിലെ വിളിക്കുന്ന സ്ഥലത്തേക്കു വന്നാല്‍ മതി. ആവശ്യമുള്ള സാമഗ്രികള്‍ എല്ലാം കരുതണം. വനത്തിലൂടെയാണ് യാത്ര. തന്‍റെ പോലീസുകാര്‍ക്ക് വനത്തിലൂടെയുള്ള യാത്ര പരിചയമുണ്ടല്ലോ അല്ലേ? ഇല്ലെങ്കില്‍ എന്‍റെ ഫോഴ്സിനെ വിളിക്കാം. എന്തു പറയുന്നു?" ക്യാപ്റ്റന്‍ കമ്മീഷണറുടെ മുഖത്തേക്കു നോക്കി. സഖറിയാ ആലോചിച്ചു. "നാട്ടിലെ ലോക്കല്‍ കാടുപോലെയല്ല, കൊടുംവനങ്ങള്‍. പ്രതീക്ഷിക്കാത്ത പല അപകടങ്ങളും പതിയിരിക്കുന്നുണ്ടാവാം. വന്യജീവികള്‍ ധാരാളം. വീഡിയോയില്‍ അത് വ്യക്തമാണ്. നല്ല പരിചയം വേണം വനത്തിലൂടെയുള്ള യാത്രയ്ക്ക്, മനസ്സും. തന്‍റെ പോലീസുകാര്‍ക്ക് അത് രണ്ടും ഇല്ലതാനും. വനയാത്രയ്ക്ക് തന്‍റെ പോലീസുകാര്‍ അത്ര പോരാ, പരിചയക്കുറവ് പ്രധാന പ്രശ്നമാണ്." ക്യാപ്റ്റന്‍ പറഞ്ഞത് പോലെ ചെയ്യുന്നതായിരിക്കും ഒരുപക്ഷേ നല്ലതെന്ന് സഖറിയായ്ക്കും തോന്നി. തന്‍റെ പോലീസുകാരെക്കാള്‍ എന്തുകൊ ണ്ടും പരിശീലനം കിട്ടിയ ആര്‍മി ഫോഴ്സ് തന്നെ നല്ലത്. "ശരി, ക്യാപ്റ്റന്‍. നമുക്കങ്ങനെ ചെയ്താലോ, അതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു." കമ്മീഷണര്‍ സമ്മതിച്ചു. തന്‍റെ ഫോണെടുത്ത് എവിടേക്കോ വിളിച്ച്, ഹിന്ദിയില്‍ അല്‍പനേരം സംസാരിച്ചു. ഗൗരവത്തിലായിരുന്നു സംസാരം. ഫോണ്‍ ഓഫാക്കി ക്യാപ്റ്റന്‍ കമ്മീഷണറോടു ചോദിച്ചു. "അപ്പോള്‍ തന്‍റെ പോലീസുകാരോട് മിഷന്‍ ക്യാന്‍സല്‍ ചെയ്ത കാര്യം അറിയിക്കണ്ടേ? അവരോടെന്തു കാരണം പറയും? അവരെ ഒഴിവാക്കി ഒരു ഹിഡന്‍ അജണ്ട തയ്യാറാക്കിയാല്‍ അവര്‍ പ്രശ്നമാക്കുമോ?" സഖറിയ തെല്ലിട ആലോചിച്ചു. "അതു കുഴപ്പമില്ല, ഞാന്‍ കൈകാര്യം ചെയ്തോളാം. കമ്മീഷണര്‍ അപ്പോള്‍ തന്നെ എല്ലാവര്‍ക്കും മിഷന്‍ ക്യാന്‍സല്‍ ചെയ്തെന്ന മെസെജ് വിട്ടു. കുറച്ചു പേര്‍ മാത്രം ആശങ്കയറിയിച്ചു. കമ്മീഷണര്‍ ക്യാപ്റ്റനോടു പറഞ്ഞു. "ഒടുവില്‍, പുലിവാലാകുമോ?" "ഞാനില്ലേടോ കൂടെ, ഏത് പുലിയുടെ വാലാണെങ്കിലും ന മ്മള്‍ പിഴുതെടുത്തിരിക്കും. പോലീസുകാരെ ഒഴിവാക്കിയ സ്ഥിതിക്ക് താനിപ്പം ഞങ്ങളുടെ കൂടെ വരുന്നോ?" കമ്മീഷണര്‍ക്ക് നൂറു വട്ടം സമ്മതമായിരുന്നു. ക്യാപ്റ്റനുമൊത്ത് അതിസാഹസികമായ ഒരു വന ഓപ്പറേഷന്. ആ ത്രില്ലില്‍ എല്ലാ റിസ്കും ഏറ്റെടുക്കാന്‍ കമ്മീഷണര്‍ തയ്യാറായിരുന്നു. "എങ്കില്‍ വരൂ, നമുക്ക് പുറപ്പെടാം." ക്യാപ്റ്റനും സാമിയും കമ്മീഷണറും രാത്രിതന്നെ വനത്തിലേക്കു പുറപ്പെട്ടു. ഉറക്കം അവരെ വിട്ടൊഴിഞ്ഞിരുന്നു. മക്കളെ നഷ്ടപ്പെട്ട ആ ചെറുപ്പക്കാരനും ഭാര്യയും കാട്ടിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ് എന്ന ചിന്ത അവരുടെ ക്ഷീണത്തെ ആട്ടിപ്പായിച്ചു. കുട്ടികളുടെ കയ്യില്‍നിന്ന് കിട്ടിയ മൊബൈല്‍ ഫോണിലെ വീഡിയോ സ്റ്റോര്‍ ചെയ്ത ലാപ്ടോപ്പ് കമ്മീഷണര്‍ കരുതിയിരുന്നു. ക്യാപ്റ്റന്‍റെ ആവശ്യപ്രകാരമായിരുന്നു അത്. മൂവരും വനത്തിലേക്ക് ഡിപ്പാര്‍ട്മെന്‍റ് വക വാഹനത്തിലാണ് പോയത്. വനത്തില്‍ ഒരു ഭാഗത്ത് ചെന്നപ്പോള്‍, ക്യാപ്റ്റന്‍ വണ്ടി നിര്‍ത്തി. അവിടെ ഒരു ആദിവാസി ഊരുണ്ട്. ചിലപ്പോള്‍ ചിന്നയ്യന്‍ അവിടെ കാണാം. "ഓം ഹ്രീം… ചിന്നയ്യന്‍" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ക്യാപ്റ്റന്‍ കാട് വകഞ്ഞുമാറ്റി. ഇടവഴിയിലൂടെ നടന്നു. കമ്മീഷണര്‍ ടോര്‍ച്ച് തെളിച്ചു പിടിച്ചിരുന്നു. ഒരു കുടിലിനു മുന്നിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഉറക്കെ വിളിച്ചു "മൂപ്പാ… ഹേയ് മൂപ്പാ…" പ്രതികരണമൊന്നും ക ണ്ടില്ല. ഈ നട്ടപാതിരയ്ക്ക് ഇവനെന്താ ഇങ്ങനെ കിടന്നലറുന്നത്? സാമി ഓര്‍ത്തു. ഇനി കുടി മാറിക്കാണുമോ? എല്ലാം ഒന്നുപോലെയിരിക്കുന്നു. പക്ഷേ ക്യാപ്റ്റന് സംശയമില്ല, വീണ്ടും വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അര്‍ദ്ധനഗ്ന നായ ഒരു മധ്യവയസ്കന്‍ കമ്പിളിയും പുതച്ച്, പന്തവും കത്തിച്ച് പുറത്തേക്ക് വന്നു. കറുത്ത് തടിച്ച ശരീരം. നരച്ച താടി നീട്ടി വളര്‍ത്തിയിരിക്കുന്നു. ഉറക്കച്ചടവ് മുഖത്ത്. ഈ രാത്രിക്കാരടാ എന്ന ഭാവം. എന്നാല്‍ ക്യാപ്റ്റനെ കണ്ടതോടെ മുഖത്ത് സന്തോഷം നിറഞ്ഞു. "ഇതാണ് കാരിമൂപ്പന്‍" മൂപ്പനെ ചൂണ്ടി ക്യാപ്റ്റന്‍ സുഹൃത്തുക്കളോടു പറഞ്ഞു. "എന്ന ശാര്‍, ഇന്തരായ്ക്ക്?" മൂപ്പന്‍ ഭവ്യതയോടെ ചോദിച്ചു. ക്യാപ്റ്റനിവിടെ നല്ല പരിചയമാണെന്ന് സഖറിയായ്ക്ക് മനസ്സിലായി. "മൂപ്പാ, നമ്മ ചിന്നയ്യന്‍ ഇങ്ക വന്നിട്ടായാ" ക്യാപ്റ്റന്‍ ആരാഞ്ഞു. "ആമാ ശാര്‍, ഇന്നലെ രായ്ക്ക്, ശിന്നയ്യന്‍ അവങ്കടെ ഊര്ക്ക് വന്താച്ച്, എന്ന ശാര്‍ പ്രച്നം?" മൂപ്പന്‍ ചോദിച്ചുകൊണ്ട് ക്യാപ്റ്റന്‍റെ മുഖത്തേക്ക് നോക്കി. 'ഹോ, നന്ദി ദൈവമെ' മനസ്സില്‍പ്പറഞ്ഞു കൊണ്ട് ക്യാപ്റ്റന്‍ ദീര്‍ഘമായി നിശ്വസിച്ചു.

"നമ്മള്‍ പകുതി രക്ഷപ്പെട്ടു" ക്യാപ്റ്റന്‍ സുഹൃത്തുക്കളോടു പറഞ്ഞു. പിന്നെ മൂപ്പനോടു പറഞ്ഞു "ഒരു പ്രശ്നവും ഇല്ല മൂപ്പാ, എനക്ക് ഒരു തിരച്ചില്‍, ചിന്നയ്യന്‍ തിരയാന്‍ ബെസ്റ്റ്." മൂപ്പന് സന്തോഷമായി. ക്യാപ്റ്റന്‍ തിരികെ പോകുമ്പോള്‍ അത്യാവശ്യത്തിന് പണവും പിന്നെ സര്‍ക്കാര്‍ വക ചുവന്ന കുപ്പിവെള്ളവും കൊടുക്കാറുള്ളതാണ്. അതുറപ്പായി. അവരെ അവിടെ നിര്‍ത്തി, ക്യാപ് റ്റന്‍ ടോര്‍ച്ചും വാങ്ങി എങ്ങോട്ടോ പോയി. പത്തു മിനിറ്റ് കഴിഞ്ഞ് ഒരു ചെറുപ്പക്കാരനെയും കൂട്ടി ക്യാപ് റ്റന്‍ തിരികെവന്നു. നന്നായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍. ചുരുണ്ട മുടിയും കറുത്ത നിറത്തവും അവനു പക്ഷേ അഴകായിരുന്നു. അല്‍പം മലര്‍ന്ന ചുണ്ട് നന്നായി ചുവന്നിരുന്നു. മുറുക്കി ചുവപ്പിച്ചതായിരിക്കാം. അവര്‍ മുറ്റത്തേയ്ക്കിറങ്ങിവന്നു. അപ്പോള്‍ കമ്മീഷണറും സാമിയും മൂപ്പന്‍റെ കുടിയുടെ തിണ്ണയില്‍ ഇരുന്ന് കാപ്പി കുടിക്കുകയായിരുന്നു. ക്യാപ്റ്റനെ കണ്ടതേ കമ്മീഷണര്‍ പറഞ്ഞു, "ആഹാ, നല്ല ഒന്നാന്തരം ചുക്ക് കാപ്പി, സൂപ്പര്‍" സഖറിയായ്ക്കത് ആദ്യഅനുഭവമായിരുന്നു. സഖറിയ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കാപ്പി ക്യാപ്റ്റനു നേരെ നീട്ടി. അത് വാങ്ങി കുടിച്ച് രുചിച്ചുകൊണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. "ഉഗ്രന്‍, ഇതു മാത്രമല്ല, നല്ല പച്ചമരുന്നിട്ട അസ്സല്‍ വാറ്റും കിട്ടും, മൂപ്പന്‍റെയടുത്ത്. അല്ലേ മൂപ്പാ. നമ്മുടെ മിലിട്ടറി സല്യൂട്ടടിക്കും. പക്ഷേ മൂപ്പനിഷ്ടം നമ്മുടെ കളര്‍ റം തന്നെ. രണ്ട് കുപ്പി ബുക്ക് ചെയ്തുകഴിഞ്ഞു. നാട്ടിലെ വല്യപ്പനു കൊടുക്കാനാ." ക മ്മീഷണര്‍ ക്യാപ്റ്റനെ നോക്കി ചി രിച്ചു. "അതു ശരി അങ്ങനെയാണോ കാര്യങ്ങള്‍, നടക്കട്ടെ നടക്കട്ടെ. പിന്നെ സഖറിയാ, ഇതാണ് ഞാന്‍ തേടിയിരുന്ന ചിന്നയ്യന്‍. ഈ വനപ്രദേശത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി പറയാനും അറിയാനും കഴിയുന്നയാള്‍. വനത്തിലെന്‍റെ വഴികാട്ടി. ഇവന് നമ്മെ സഹായിക്കുവാന്‍ കഴിയുമെന്നാണെന്‍റെ പ്രതീക്ഷ. ഇവനേ കഴിയൂ. ഒരു ഫോറസ്റ്റ് എന്‍സൈക്ലോപീഡിയ ആണിവന്‍." "ഹലോ, ചിന്നയ്യന്‍" കമ്മീഷണര്‍ കൈ നീട്ടി. "ചിന്നയ്യാ, ഇതാണ് കമ്മീഷണര്‍ സഖറിയ" ചിന്നയ്യന്‍ സഖറിയ നീട്ടിയ കൈയില്‍ പിടിച്ചു കുലുക്കി. "നമസ്കാരം സാര്‍." സാമിയെ ചൂണ്ടി ക്യാപ്റ്റന്‍ ചിന്നയ്യനോടു പറഞ്ഞു. "ഇത് നമ്മു ടെ…" "ഇന്ത സാറെ എനിക്കറിയാം, പെരിയ ആസാമി." എല്ലാവരും ചിരിച്ചു. സാമിക്ക് ചമ്മലൊന്നുമില്ല. അയാളും കൂടെ ചിരിച്ചു. "സഖറിയ, അതെടുക്ക്." ക്യാപ്റ്റന്‍ സഖറിയായോട് ലാപ്ടോപ് ഉദേശിച്ച് പറഞ്ഞു. സഖറിയ ലാപ്ടോപ് എടുത്ത് ഓണാക്കി, ചിന്നയ്യനെ കാണിച്ചു. മോണിറ്ററില്‍ ദൃശ്യങ്ങള്‍ മറഞ്ഞുകൊണ്ടിരുന്നു. "ഇതാണ് ചിന്നയ്യാ, കുട്ടികളെ കിട്ടിയ സ്ഥലം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org