ഉല്ലാസ യാത്ര – അദ്ധ്യായം 21

ഉല്ലാസ യാത്ര – അദ്ധ്യായം 21

ചിന്നയ്യന്‍ ക്യാപ്റ്റനെ വിളിച്ചു "സാര്‍… അതാ ഞാന്‍ പറഞ്ഞ ഇരുമ്പുപാലം. കപ്പിയും വടവും കണ്ടോ?" "ഹും.." ക്യാപ്റ്റന്‍ മൂളി. "എങ്ങനെ താഴെയെത്തിക്കും?" സാമിക്ക് സന്ദേഹമായി. ക്യാപ്റ്റന്‍ സംഘത്തിലെ ഒരുവനെ നോക്കി, അന്‍വര്‍ എന്നു വിളിച്ചു. അവന്‍ മുന്നോട്ടുവന്ന് സല്യൂട്ട് ചെയ്തു. ക്യാപ്റ്റന്‍ പാലത്തിലേയ്ക്കു നോക്കി. ക്യാപ്റ്റന്‍റെ ഉദ്ദേശ്യം മനസ്സിലായ ആ സോള്‍ജ്യര്‍ ബാഗില്‍നിന്നും ഗണ്ണെടുത്ത് സെറ്റു ചെയ്ത് ലക്ഷ്യം ഫോക്കസ് ചെയ്ത് നിറയൊഴിച്ചു. ഒരു പടക്കം പൊട്ടുന്ന സ്വരമേ കേട്ടുള്ളൂ. അടുത്ത സെക്കന്‍റില്‍ വലിയ ശബ്ദത്തോടെ ആ വടം പൊട്ടിത്തെറിച്ചു. എല്ലാവരും നോക്കിനില്‍ക്കേ വലിയ ഹുങ്കാരത്തോടെ ആ ഇരുമ്പുപാലം പുഴയ്ക്ക് കുറുകെ വന്നുവീണു. വീഴ്ചയുടെ ആഘാതത്തില്‍ മണല്‍ത്തരികള്‍ തെറിച്ചുവീണു. "വേഗം" ക്യാപ്റ്റന്‍ ഒരു നായകന്‍റെ സഹജമായ ധൈര്യത്തോടെ മുന്നോട്ടു നടന്നു. എല്ലാവരും ക്യാപ്റ്റനെ പിന്തുടര്‍ന്നു. ദ്രവിച്ചും, അകന്നും ഒടിഞ്ഞും കിടക്കുന്ന പലകകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ താഴെ വീഴും. അടിയില്‍ വെട്ടിയെറിയുന്ന ഒഴുക്ക്. ഈ പാലത്തിലൂടെ ആ പിഞ്ചുകുട്ടികള്‍ കടന്നുപോയല്ലോ എന്ന് ക്യാപ്റ്റന്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു. ആ മൊബൈല്‍ പുഴയില്‍ വീണിരുന്നെങ്കില്‍, കഥ മറ്റൊന്നായേനേ, ആരും ഒന്നും. അപ്പോള്‍ സാമിക്കൊരു സംശയം "കുട്ടികള്‍ ഈ പാലം കടന്നല്ലേ വന്നത്? വീണ്ടും പാലം ഉയര്‍ന്നാണല്ലോ ഇരുന്നത്. അതെങ്ങനെ സംഭവിച്ചു" "അത് സാര്‍.. അനിയപ്പന് ഒരു കാവല്‍ സേനയും നിരീക്ഷണ സംവിധാനവും ഉണ്ട്. പി ന്നെ ആഴ്ചയില്‍ നാലഞ്ചു ദിവസം കള്ളക്കടത്ത് ഉത്പന്നങ്ങളുമായി അനിയപ്പന്‍റെ ഗുണ്ടകള്‍ വരാറുണ്ട്. അങ്ങനെ പൊക്കിവെച്ചതാവാം. ആഴ്ചയുടെ അവസാന ലോഡു പോയാല്‍ പിന്നെ തീറ്റിയും കുടിയും ബഹളവുമാണ്. രണ്ടു ദിവസം എല്ലാവരും പൂക്കുറ്റിയായിരിക്കും." "ഓഹോ ഭയങ്കരാ, ഇതൊക്കെ നീയെങ്ങനെയറിഞ്ഞു?" സാമി ചിന്നയ്യനെ നോക്കി.

"എടോ അവന്‍ ഒരു മായനാണ്. എന്തും എവിടെയും അറിയും. അത്രയും മനസ്സിലാക്കിയാല്‍ മതി." ക്യാപ്റ്റന്‍ സാമിയോട് പറഞ്ഞു. "കുട്ടികള്‍ ഈ പാലം കടന്നിട്ട് നമ്മള്‍ വന്ന റോഡുപയോഗിക്കാതെ ആ കുന്നിന്‍ ചെരുവിലേയ്ക്ക് വന്നതെങ്ങനെ?" കമ്മീഷണര്‍ സംശയം പ്രകടിപ്പിച്ചു. എല്ലാവരും ചിന്നയ്യനെ നോക്കി. "ആളുകളെ തെറ്റിക്കാന്‍ അനിയപ്പന്‍ പല വഴികള്‍ ഉണ്ടാക്കിവയ്ക്കും സാര്‍. വനംകൊള്ളക്കാരുടെ രീതിയാണത്. ഒരുപോലുള്ള പലവഴികള്‍. നന്നായി അറിയുന്നവനേ വഴി തെറ്റാതിരിക്കൂ. കുട്ടികള്‍ തെറ്റായ വഴിയിലൂടെ വന്നതിനാലാണ് ക്യാപ്റ്റന്‍ സാറിന് കിട്ടിയത്. മറ്റു വഴികള്‍ ചിലത് കൊക്കയിലേക്കും, ചിലത് ഗുഹകളിലേയ്ക്കുമായിരിക്കും. ഇനി ശരിയായ വഴി പിടിച്ചാല്‍തന്നെ അനിയപ്പന്‍റെ ആളുകളിലേയ്ക്ക് എത്തും. ശരിക്കും പറഞ്ഞാല്‍ നാട്ടില്‍ നിന്നു വന്നാലും കാട്ടില്‍ നിന്നു വന്നാലും വഴി തെറ്റും. ഒരു മാതിരി നായും പുലിയും കളി പോലെ. അനിയപ്പന്‍റെ ആളുകള്‍ത്തന്നെ മദ്യലഹരിയില്‍ വഴിതെറ്റി കൊക്കയിലും വന്യമൃഗങ്ങള്‍ക്കും ഇരയായി തീര്‍ന്നിട്ടുണ്ട്. ആരു ചോദിക്കാന്‍, അവര്‍ക്കു പകരം പുതിയയാള്‍ അത്രതന്നെ." ചിന്നയ്യന്‍ നിശ്വസിച്ചു. "അത്ര ക്രൂരനാ അനിയപ്പന്‍ അല്ലേ?" സാമി ചോദിച്ചു. "പിന്നേ ചെകുത്താന്‍ ജന്മമാണ്." ചിന്നയ്യന്‍ പറഞ്ഞു. എല്ലാവരും ചിന്നയ്യന്‍റെ വിവരണം കേട്ട് നിശ്ശബ്ദരായി നടക്കുകയാണ്. അപ്പോ നമ്മളെങ്ങനെ അനിയപ്പന്‍റെ കെണിയില്‍പ്പെടാതെ ഇവിടെയെത്തി." "നമ്മള്‍ മറ്റൊരു വഴിയിലൂടെയാണ് ഇവിടേയ്ക്ക് വന്നത്. അനിയപ്പനും അറിയാത്ത വഴി, എന്‍റെ സ്വന്തം വഴി" ചിന്നയ്യന്‍ ചിരിച്ചു. ചിന്നയ്യന്‍ നന്നായി സംസാരിക്കുന്നല്ലോ എന്ന് കമ്മീഷണര്‍ ഓര്‍ത്തു. ഇവന്‍ ഇല്ലായിരുന്നെങ്കില്‍ ബുദ്ധിമുട്ടായേനേ! യാത്ര ഒരു ടേണിങ്ങില്‍ എത്തിയപ്പോള്‍ ചിന്നയ്യ നിന്നു. "സാര്‍, ഇതുവഴി പോയാല്‍ അനിയപ്പന്‍റെ ഷെഡ്ഡുകളില്‍ച്ചെല്ലാം." അവന്‍ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ ആലോചനയോടെ കമ്മീഷണറുടെ മുഖത്തേക്കു നോക്കി. "നമ്മുടെ ലക്ഷ്യം അനിയപ്പനല്ല. അവരെ കണ്ടുപിടിക്കേണ്ടേ?" കമ്മീഷണര്‍ പറഞ്ഞു. "അനിയപ്പനെ വെറുതെ വിടണ്ട. ആദ്യം അവരെ കിട്ടട്ടെ." കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ചിന്നയ്യന്‍ പറഞ്ഞ വഴിയേ അവര്‍ നടന്നു. ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ചാണ് നടത്തം. "സാര്‍ നമുക്ക് കുട്ടികള്‍ വന്നവഴി പോകേണ്ട. അത് വളഞ്ഞിട്ടാണ്. മാത്രമല്ല ആനത്താരയുമുണ്ട്. ഈ ചാലു കടന്നാല്‍ ഒത്തിരി ലാഭം കിട്ടും." ചിന്നയ്യന്‍ മികച്ച ഗൈഡായി. "ശരി ചിന്നയ്യാ… വഴി തെറ്റരുത്." ഇവന് താനുദ്ദേശിച്ചതിലും കാടറിയാമല്ലോ എന്ന് ക്യാപ്റ്റന്‍ ഓര്‍ത്തു. അവന്‍ കമ്മീഷണറോട് വീഡിയോ കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. റൂട്ട് ക്ലിയര്‍ ചെയ്യാനായിരുന്നു അത്. സമയം എട്ടു മണി കഴിഞ്ഞിരുന്നു. ഒരു മരത്തിന്‍റെ ചുവട്ടില്‍ നിരപ്പു കണ്ടപ്പോള്‍ ക്യാപ്റ്റന്‍ പറഞ്ഞു. "ഇനിയെന്തെങ്കിലും കഴിച്ചിട്ട്, വിശ്രമം കഴിഞ്ഞ് യാത്ര തുടരാം. ഈ സമയത്ത് ചിന്നയ്യന് ലാപ് നോക്കി റൂട്ട് ക്ലിയര്‍ ചെയ്യുകയുമാവാം." ഏവര്‍ക്കും അത് സമ്മതമായിരുന്നു. മിലിട്ടറി സംഘത്തിലെ ശെല്‍വന്‍ ബാഗു തുറന്ന് ബ്രഡ്ഡും വെള്ളവുമെടുത്തു. ഒരു കുപ്പി റമ്മും. "ആഹാ… ഉശാര്‍" സക്കറിയാ ആഹ്ലാദസ്വരം പ്രകടിപ്പിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ ചിന്നയ്യന്‍ ലാപു നോക്കി സ്ഥലം ക്ലിയര്‍ ചെയ്തു. വേഗം ഭക്ഷണം കഴിച്ച് എല്ലാവരും യാത്ര തുടരാന്‍ സജ്ജരായി. ചിന്നയ്യന്‍ മുന്നേ നടന്നു. ആ കൊക്കയും, ആനത്താരയും പുലിപ്പാറയും ദാ അവിടെക്കഴിഞ്ഞു. അവര്‍ നീന്തിക്കടന്ന തോട് പുഴയില്‍ ചേരുകയാണ്. ചിന്നന്‍ ഒരു ഭാഗം നോക്കിപ്പറഞ്ഞുകൊണ്ട് ചൂണ്ടിക്കാണിച്ചു. "സാര്‍ ഇതാ ആ പ്ലാവ്, കുട്ടികള്‍ പഴം കഴിച്ച ആ കൂഴ പ്ലാവ്." ചിന്നയ്യന്‍ ഒരു പ്ലാവിന്‍റെ അടുത്തെത്തി. കുട്ടികളെ ഉപദ്രവിച്ച ആ കുരങ്ങുകള്‍ എവിടെ? ആ കരടി ഇപ്പോഴും അവിടെയുണ്ടോ? സാമി ചിന്തിച്ചുകൊണ്ട് ചുറ്റും നോക്കി. ഇവന്‍ ഒരു ജീനിയസ് തന്നെ. "ചിന്നയ്യാ, താന്‍ ഒരു സമര്‍ത്ഥനാണു കേട്ടോ. എത്ര കൃത്യം. എനിക്കു വലിയ ആത്മവിശ്വാസം തോന്നുന്നു ക്യാപ്റ്റന്‍" കമ്മീഷണര്‍ ചിന്നയ്യനെ അഭിനന്ദി ച്ചു. ചിന്നയ്യന്‍ വെളുക്കെ ചിരിച്ചു. "ക്യാപ്റ്റന്‍…" സാമി വിളിച്ചു. "നമ്മുടെ ഈ പ്രോഗ്രാം ഈയിടെ ഇറങ്ങിയ ഒരു മലയാള പടം പോലുണ്ട്. അതില്‍ ഇതുപോലെ മൊബൈല്‍ വീഡിയോ പിന്തുടര്‍ന്നാണ് യാത്ര. എന്താ അതിശയം അല്ലേ." സാമി അതിശയം പ്രകടിപ്പിച്ചു. "സാമീ ചിലപ്പോള്‍ സിനിമയും ജീവിതവും ഒക്കെയൊന്നാവുമെടോ" സക്കറിയാ തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞു. യാത്ര കുറേ ദൂരം മുന്നോട്ടു നീങ്ങി. പെട്ടെന്ന് ചിന്നയ്യന്‍ നിന്നു. അല്പം ദൂരേയ്ക്ക് കൈചൂണ്ടി അവന്‍ പറഞ്ഞു. "ദാ, ആ കാണുന്ന മരമാണ് വനവേടരുടെ കെണി. നമ്മുടെ കൊച്ചു കുടുങ്ങിയത് ആ കെണിയിലാണ്." സൂക്ഷിക്കണം. ക്യാപ്റ്റന്‍ കൈയുയര്‍ത്തി സംഘാംഗങ്ങളോട് നില്ക്കാന്‍ ആംഗ്യം കാണിച്ചു. "മിക്കവാറും അവര്‍ നമ്മെ കണ്ടുകാണും. എല്ലാവരും കരുതിയിരുന്നോ." ചിന്നയ്യന്‍ മുന്നറിയിപ്പു നല്കി. ഞാനൊരു പരീക്ഷണം നടത്താം. എല്ലാവരും ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞിരുന്ന് ശ്വാസമടക്കി ചിന്നയ്യനെ നോക്കി. ചിന്നയ്യന്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് ഒടിച്ചെടുത്ത് അകലെനിന്ന് മരത്തില്‍ നിന്നും തൂങ്ങിക്കിടക്കുന്ന വള്ളിയിലേയ്ക്ക് ആഞ്ഞെറിഞ്ഞു. കമ്പ് ആ വള്ളിയില്‍ ചെന്ന് തട്ടിയതും, ആ മരക്കഷണത്തെചുറ്റി വള്ളിയൊരു ഹുങ്കാരത്തോടെ മുകളിലേയ്ക്ക് ഉയര്‍ന്നു. ചിന്നയ്യന്‍ പെട്ടെന്ന് തന്നെ കാട്ടാടു കരയുന്ന സ്വരമുണ്ടാക്കി. നാലഞ്ചുതവണ ശബ്ദം ആവര്‍ത്തിച്ചു. പിന്നെ മറ്റൊരു മരത്തിന്‍റെ പിന്നിലൊളിച്ചു. നിശബ്ദമായ നിമിഷങ്ങള്‍. എന്തും സംഭവിക്കാം. വന വേടന്മാര്‍ കൂട്ടത്തോടെ പാഞ്ഞുവരാം. എവിടെനിന്നെങ്കിലും അസ്ത്രം ചീറിവരുന്നുണ്ടോ? സക്കറിയാ ചുറ്റും ഭീതിയോടെ നോക്കി. ആരുടേയും സ്ഥിതി മറിച്ചായിരു ന്നില്ല. പരിചയസമ്പന്നരായ ആര്‍മി ബെറ്റാലിയന്‍ പോലും ഭയപ്പാടിലായി. നിമിഷങ്ങള്‍ മിനിറ്റുകളായി കടന്നുപോയി. പ്രത്യേകമായി ഒന്നും സംഭവിച്ചില്ല. ചിന്നയ്യന്‍ മറവില്‍നിന്നും പുറത്തുവന്നു. സംഘാംഗങ്ങള്‍ ഓരോരുത്തരായി പുറത്തുവന്നു. എല്ലാവരും സുരക്ഷിതരായി എത്തിയെന്ന് കണ്ടപ്പോഴാണ് സാമി മരത്തിന്‍റെ മറവില്‍നിന്നും പുറത്തുവന്നത്. എല്ലാവരും ദീര്‍ഘമായി നിശ്വസിച്ചു. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളതാണ് ഇത്തരം കെണികള്‍. അതിനെ അഭിമുഖീകരിക്കേണ്ടി വന്നത് ആദ്യം. "മലങ്കാളി കാത്തു" ചിന്നയ്യന്‍ പറഞ്ഞു. പെട്ടെന്നാണ് ചിന്നയ്യന്‍ മറ്റൊരു കാര്യം ഓര്‍ത്തത്. "ഇന്ന് വെളുത്ത വാവല്ലേ, വര്‍ഷത്തിലേയീ വെളുത്തവാവ് പകലും രാത്രിയും അവര്‍ക്ക് ഉത്സവദിവസമാണ്. എല്ലാ വനവേടരും അതിന്‍റെ ആഘോഷത്തിലായിരിക്കും. ആട്ടവും പാട്ടും കള്ളുകുടിയും തീറ്റയും. വെളുത്തവാവു ദിവസമാണ് അവരുടെ വിവാഹങ്ങള്‍. ബമ്പന്‍ ആഘോഷമാണത്. ചില പ്പോള്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ വിവാഹങ്ങള്‍ കാണും. ആരും ഇല്ലാത്ത സമയവും ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മൂപ്പന്‍ സ്വന്തം ഭാര്യയെ വിവാഹം ആവര്‍ത്തിക്കും." ചിന്നയ്യന്‍ എല്ലാവരോടുമായി പറഞ്ഞു. എല്ലാവരും ആശ്വാസത്തോടെ യാത്ര തുടര്‍ന്നു. "ഇനിയേതാ വഴി?" കമ്മീഷണര്‍ ചിന്നയ്യനെ നോക്കി. ചിന്നയ്യന്‍ ലാപ്പ് നോക്കി "നമുക്ക് ഈ വഴി കടന്ന് ഇവിടെയെത്താം" ചിന്നയ്യന്‍ ചില ഏരിയ ചൂണ്ടിക്കാട്ടി പറഞ്ഞു. "ഇങ്ങനെ വളഞ്ഞു വരേണ്ടതില്ല, വനവേടരുടെ കുടിലുകള്‍ക്കരികിലൂടെ കടന്നാല്‍ അപ്പുറം ചെല്ലാം. എന്നാല്‍ അതല്പം അപകടമാണ്." ചിന്നയ്യന്‍ മുന്നറിയിപ്പ് നല്കി. "അതു സാരമില്ല, സമയമാണ് പ്രധാനം" ക്യാപ്റ്റന്‍ പറഞ്ഞു. എല്ലാവരും ചിന്നയ്യന്‍റെ പിന്നാലെ വേഗം നടന്നു. ശ്വാസം അടക്കി ജീവന്‍ കൈയ്യില്‍ പിടിച്ചെന്നപോലെ, ആ സംഘം നടന്നു. മിലിട്ടറി സംഘത്തിന് ഇത്തരം യാത്രകള്‍ പുത്തരിയല്ല. അവര്‍ രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഞ്ഞുമലകളില്‍ ഒക്കെ ശത്രുക്കളുടെ മൂക്കിന്‍തുമ്പില്‍ ജീവിക്കുന്നവരാണ്. സാമിയും പഴയതൊന്നും മറന്നിട്ടില്ല; സക്കറിയായ്ക്കും പരിശീലനം ഉണ്ട്.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org