Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 22

ഉല്ലാസ യാത്ര – അദ്ധ്യായം 22

Sathyadeepam

വനവേടരുടെ ഒരു കുടിലിന്‍റെ മുറ്റത്തുകൂടിയാണ് ആ സംഘം നടന്നത്. അതിന്‍റെ നാലഞ്ചു വീടുകള്‍ക്കപ്പുറമാണ് ആഘോഷം. ക്യാപ്റ്റനും ചിന്നനും സംഘാംഗങ്ങളും കുടിലുകള്‍ വേഗം നടന്നു തീര്‍ത്തു. “ഹാവൂ… രക്ഷപ്പെട്ടു.” ചിന്നയ്യന്‍ ആശ്വാസനിശ്വാസമുതിര്‍ത്തു. “കുറച്ചു വെള്ളം തരുമോ സാര്‍,” അവന്‍ ക്യാപ്റ്റനോടാവശ്യപ്പെട്ടു. “തനിക്കു മാത്രമല്ല നമുക്കെല്ലാവര്‍ക്കും വെള്ളം കുടിക്കണം.” ശെല്‍വന്‍ വെള്ളക്കുപ്പികൈയ്യിലെടുത്തു. എല്ലാവരും വെള്ളം കുടിച്ചു. “ഇവിടയേക്ക് അത്ര പരിചയം പോര സാര്‍.” ചിന്നയ്യന്‍ തന്‍റെ അവസ്ഥ വെളിപ്പെടുത്തി. “സിനിമാപ്പടം നോക്കട്ടെ.” കുട്ടികളുടെ വീഡിയോ ആണ് സിനിമാപ്പടം. കമ്മീഷണര്‍ ലാപ് ഓണാക്കിക്കൊടുത്തു. “ദാ ഈ മൊട്ടക്കുന്നിന്‍റെ ഇപ്പുറത്താണ് നമ്മള്‍ നില്‍ക്കുന്നത്. ഒരു മലഞ്ചെരുവ് കടന്ന്” ചിന്നയ്യന്‍ വിശദീകരിച്ചു. ഇനി കണ്ടോ മുഴുവന്‍ അടിക്കാടും നിറഞ്ഞിരിക്കുന്നത്. ഇതിന്‍റെ അപ്പുറം അത്ര പരിചയം ഇല്ല. ഒരു പ്രാവിശ്യമോ മറ്റോ വന്നിട്ടുള്ളൂ.” ചിന്നയ്യന്‍ വീഡിയോ മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. “സാര്‍ ഇത് പഴയ റോഡിന്‍റെ അടിഭാഗമാണ് എന്നായെനിക്ക് തോന്നുന്നത്. ഒത്തിരി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയ റോഡാ. മണ്ണിടിച്ചിലും, ഉരുള്‍പ്പൊട്ടലും മൂലം റോഡു തകര്‍ന്ന് നന്നാക്കാന്‍ പറ്റാത്തവിധം നാശമായി. അങ്ങനെ ആ റോഡ് ഉപേക്ഷിച്ചു. ഇപ്പം ആ വഴി ആരും ഉപയോഗിക്കാറില്ല. വല്ല വനംകൊള്ളക്കാരും വന്നെങ്കിലായി.” ഈ പടത്തില്‍ കാണുന്ന ഭാഗം എനിക്ക് തോന്നുന്നത് ആ റോഡിന്‍റെ അടിഭാഗം തന്നെയാണെന്നാണ്. റോഡില്‍നിന്നും പത്തഞ്ഞൂറടി എങ്കിലും താഴ്ച കാണും.” “അഞ്ഞൂറടിയോ?” ക്യാപ്റ്റന്‍ ഞെട്ടിപ്പോയി. വല്ല ട്രാപ്പിലുംപെട്ട് ഇവിടെയെത്തിയതാണെങ്കില്‍ത്തന്നെ എങ്ങനെ കണ്ടുപിടിക്കും. സകല പ്രതീക്ഷയും നഷ്ടപ്പെടുകയാണോ? ഇല്ല. എല്ലാം മംഗളമാക്കി ഇവിടെ വരെയെത്തിയത് വെറുതെയാവില്ല. ഏതായാലും മുന്നോട്ടുതന്നെ. സക്കറിയ, സ്വാമീ, നമുക്ക് പോകാം മുന്നോട്ട് അല്ലേ. തളര്‍ന്നതെങ്കിലും ഉറച്ചസ്വരത്തില്‍ പറഞ്ഞു. തന്‍റെ മാനസിക ഭാവം പുറത്തുവരാതിരിക്കാന്‍ ക്യാ പ്റ്റന്‍ ശ്രദ്ധിച്ചു. അവര്‍ക്കും എതിരഭിപ്രായമില്ല. ക്യാപ്റ്റന്‍ പ്രവര്‍ത്തിക്കുന്നതുപോലെ. എങ്കിലും അവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇവിടെവരെ വന്നത് വെറുതെയാവുമോയെന്ന് സംശയം. എന്നാല്‍ ക്യാപ്റ്റന്‍റെ മുഖം കണ്ടപ്പോള്‍, അവര്‍ക്കു സംശയമേതുമില്ല. “ചിന്നയ്യാ തനിക്ക് വഴിയറിയാന്‍ സാധിക്കുന്നുണ്ടല്ലോ അല്ലേ?” “നോക്കാം സാര്‍, വഴി കണ്ടുപിടിക്കുകയല്ലേ. അതിനല്ലേ പിള്ളാര് പടംപിടിച്ചുവെച്ചേക്കണത്.” ചിന്നയ്യന്‍ ഒന്നു കൂടി മോണിട്ടറില്‍ നോക്കി. മനസ്സില്‍ ചില കണക്കുക്കൂട്ടലുകള്‍ നടത്തി. ഒരു ലക്ഷ്യംവെച്ച് മുന്നോട്ടു നടന്നു. “സാര്‍ ശ്രദ്ധിക്കണം. വിഷപ്പാമ്പുകള്‍ കാ ണും.” ചിന്നയ്യന്‍ മുന്‍പരിചയം വെച്ച് ക്യാപ്റ്റനോട് പറഞ്ഞു. “ഓകെ ചിന്നയ്യാ.” ക്യാപ്റ്റന്‍ പറഞ്ഞു തീര്‍ന്നില്ല തൊട്ടടു ത്ത് ഒരനക്കം. ഒരണലി ആള്‍ക്കൂട്ടത്തെ കണ്ടു രക്ഷപ്പെ ടുകയാണ്.

കമ്മീഷണര്‍ വിസ്മയത്തോടെ ചിന്നയ്യനെ നോക്കി. ചിന്നയ്യന്‍ മെല്ലെ ചിരിച്ചു. ഇതൊക്കെയെന്ത്? എന്ന മട്ടില്‍. “സാര്‍ എന്‍റെ ഊഹം ശരിയാണെങ്കില്‍ ഈ ചെരിവു കഴിഞ്ഞാല്‍ ദാ ആ കയറ്റത്തിനു മുകളില്‍ പടം തുടങ്ങിയ സ്ഥലമായി. മലയുടെ അടിഭാഗം. വലിയ പാറക്കെട്ടു നിറഞ്ഞ സ്ഥലം. അതിന്‍റെ താഴ്വാരമാണ് തങ്ങളുടെ ലക്ഷ്യം!” സംഘത്തിലുള്ള എല്ലാവരും സ്ഥലം കണ്ടു. “ദാ ഈ ഭാഗമായിരിക്കണം നമ്മള്‍ അവരെ തിരയേണ്ടത്. പടത്തില്‍ കാണുന്ന മരത്തിന്‍റെ ഇലച്ചാര്‍ത്ത് കാണുന്നതവിടെയാണ്.” ഉയരം കുറഞ്ഞ പാറക്കെട്ടു ചൂണ്ടിക്കാട്ടി ചിന്നയ്യന്‍ പറഞ്ഞു. “ഇനിയെത്ര സമയം എടുക്കും നമ്മള്‍ അവിടെയെത്താന്‍ ഉദ്ദേശം. ഇപ്പം ഉച്ചകഴിഞ്ഞു.” കമ്മീഷണര്‍ തിരക്കി. ഇപ്പോള്‍ ചിന്നയ്യനാണ് ടീം ലീഡര്‍. “ഇനി ഏകദേശം ഒരു ഒന്നൊന്നര മണിക്കൂര്‍ മതിയാവും.” ചിന്നയ്യന്‍ ഏകദേശം കണക്കുക്കൂട്ടലില്‍ പറഞ്ഞു. “ദാ ആ മരച്ചോട്ടിലിരുന്ന് നമുക്ക് ഭക്ഷണം കഴിക്കാം” ക്യാപ്റ്റന്‍ പറഞ്ഞു. എല്ലാവരും അവശരായിരുന്നു. ശരവണന്‍ മരച്ചുവട്ടില്‍ ബാഗുവെച്ചു. കിഷന്‍സിംഗ് തന്‍റെ ബാഗില്‍ നിന്നും കുപ്പിയെടുത്തു. ധൃതിയില്‍ എല്ലാവരും ഭക്ഷണം കഴിച്ചു. തിടുക്കത്തില്‍ എഴുന്നേറ്റു. ഇനി എത്രയും വേഗം നമ്മള്‍ ലക്ഷ്യത്തിലെത്തണം. അവര്‍ യാത്ര തുടര്‍ന്നു. അവിടെ തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്നറിയാതെ അവര്‍ ഉത്കണ്ഠ തിങ്ങുന്ന മനസ്സുമായി പ്രയാണം ആരംഭിച്ചു. മിലിട്ടറി ഫോഴ്സിനും പുതിയ അനുഭവമായിരുന്നു. ലക്ഷ്യം കാണാതെയുള്ള യാത്ര. എന്തും വരട്ടെയെന്ന ചങ്കൂറ്റം മാത്രം മുമ്പില്‍….
* * * * *
“മേഴ്സീ… മേഴ്സീ… അലക്സാണ്ടര്‍ മേഴ്സിയെ വിളിച്ചു. പക്ഷേ, അവള്‍ വിളികേട്ടില്ല. പകരം ഒന്നു ഞരങ്ങി… “മേഴ്സീ… എടീ പെണ്ണേ… മേഴ്സീ…. അലക്സാണ്ടര്‍ തളര്‍ന്ന സ്വരം പരമാവധി ഉയര്‍ത്തി വിളിച്ചു.” മേഴ്സി ഞരങ്ങിയതല്ലാതെ വിളികേട്ടില്ല. പക്ഷേ, ഓരോ തവണ വിളിക്കുമ്പോഴും ബ്ലാക്കി തലയുയര്‍ത്തി നോക്കും. അയാള്‍ വീണ്ടും വിളിച്ചു. ഇക്കുറി മേഴ്സി തളര്‍ന്ന കണ്‍പോളകള്‍ വലിച്ചു തുറന്ന് തളര്‍ന്ന സ്വരത്തില്‍ അന്വേഷിച്ചു. “അ…വ…ര്‍…വ…ന്നോ…പി…ള്ളാ….ര്.”? അലക്സാണ്ടര്‍ ഒന്നും മിണ്ടിയില്ല. ഉണ്ടെന്നും ഇല്ലെന്നും. മൂന്നു ദിവസം കഴിഞ്ഞു. ആകാശത്തും ഭൂമിയിലുമല്ലാതെ. ആധിയും ഉത്കണ്ഠയും തളര്‍ത്തിയിരിക്കുന്നു. വണ്ടിയിടിച്ച് തെറിപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടുപോകാത്ത, രണ്ടു കുപ്പി വെള്ളത്തില്‍ ബാക്കിയുള്ള അരക്കുപ്പിയാണ് ആശ്വാസം… അലക്സാണ്ടര്‍ ഒന്ന് ശരീരം അനക്കാന്‍ ഒരു വട്ടംകൂടി ശ്രമിച്ചു. സാധിച്ചില്ല. ഇരുമ്പ് ഞെരിയുകയും വണ്ടിയുലയുകയും ചെയ്തു. മാത്രമല്ല കഴുത്തിന്‍റെ താഴേക്കൂടി തടഞ്ഞ് നീണ്ടുനില്‍ക്കുന്ന മരക്കൊമ്പ് ഉണങ്ങിയതാണ്; ബലിഷ്ഠവും. കഴുത്തിലെ മുറിവ് വേദനിക്കുന്നുമുണ്ട്. ഭയപ്പാടോടെ ശ്രമം ഉപേക്ഷിച്ചു. അയാള്‍ പിറകോട്ടു നോക്കി… തേനീച്ചക്കൂട്ടം പുറം ഗ്ലാസ്സ് മുഴുവന്‍ മറച്ചുകളഞ്ഞു. ഇരു സൈഡും അവര്‍ മറച്ചുവരുകയാണ്. അവറ്റകളുടെ എണ്ണം അനുനിമിഷം പെരുകിക്കൊണ്ടിരിക്കുക യാണ്. അവയുടെ മൂളല്‍ ഇരമ്പല്‍ പോലെ കേള്‍ക്കാം. അലക്സാണ്ടര്‍ നോക്കി. ബ്ലാക്കി പിന്‍സീറ്റില്‍ കിടക്കുന്നുണ്ട്. പാവം അതിനും പുറത്തിറങ്ങാന്‍ വയ്യ. പരുന്തുകളും, കൂടാതെ കുരങ്ങുകളും, വണ്ടിക്ക് ചുറ്റും കൂടിയിരിക്കുന്നു. കാക്കകള്‍ ചുറ്റും പറന്ന് നടക്കുന്നുണ്ട്. പരിചയമില്ലാത്ത വസ്തു കണ്ടതിന്‍റെ കൗതുകമാണ് അവറ്റകള്‍ക്ക്. ഇരയെ കിട്ടുമെന്ന പ്രതീക്ഷയും. അപ്പോഴാണ് അയാള്‍ ആ പുതിയ അതിഥിയെ കണ്ടത്. അയാളുടെ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി. ഒരു പെരുമ്പാമ്പി ന്‍റെ വലിയ തല. അത് ബ്ലാക്കിയെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്നു. പരുന്തും, കുരങ്ങുകളും അതിനെ അസഹ്യപ്പെടുത്തുന്നുണ്ട്. ഇടയ്ക്ക് തല വലിക്കുന്നതു കാണാം. “ദൈവമേ ഈ മരണക്കെണിയില്‍ക്കിടന്ന് മരിക്കാനാണോ വിധി?” മക്കള്‍ എവിടെയാണാവോ?… മക്കളേക്കുറിച്ചുള്ള ഓര്‍മ്മയില്‍ അയാളുടെ പിതൃഹൃദയം വിങ്ങി. അവരെയൊന്നു കണ്ടിരുന്നെങ്കില്‍!!! എളുപ്പവഴിയെന്നു പറഞ്ഞവന്‍റെ ഉപദേശം കേട്ടതാണ് പറ്റിയ അബദ്ധം!!! ആ നിമിഷത്തെ അയാള്‍ പലതവണ ശപിച്ചു. പുണ്യാളച്ചാ ഇവിടെ കിടന്നുള്ള മരണമാണോ ഞങ്ങളുടെ അവസാനം?” കാറിന്‍റെ വിടവില്‍ക്കൂടി ചില കടിയനുറുമ്പുകള്‍ ഇറങ്ങി വരുന്നത് അയാള്‍ ഉള്‍ക്കിടിലത്തോ ടെ കണ്ടു. അയാളുടെ തല പെരുത്തു കയറി. പെരുമ്പാമ്പിന്‍റെ തല പിന്നെയവിടെ കണ്ടില്ല. നാഥാ… ആരുണ്ടു രക്ഷിക്കാന്‍…. സകല വിശുദ്ധരേ… അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എന്തും വരട്ടെയെന്ന് മനസ്സില്‍ ഉറപ്പിച്ചു. മക്കളെ രക്ഷിക്കണമേയെന്ന് യാചിച്ചുകൊണ്ട് സീറ്റിലേയ്ക്കു തലചായ്ച്ച് കണ്ണടച്ചു. മേഴ്സി പെട്ടെന്ന് ഞെട്ടിവിളിച്ചു. ചേട്ടായീ… ദാഹിക്കുന്നു… എനിക്കു വെള്ളം… വെള്ളം… താ… എനിക്കു ദാഹിക്കുന്നു. അവള്‍ വലതുകൈകൊണ്ട് നെഞ്ചു തടവി. അലക്സാണ്ടര്‍ കൈകൊണ്ട് ചുറ്റും പരതി. ഒരു കുപ്പിയില്‍ ഇത്തിരിവെള്ളം ബാക്കിയുണ്ടായിരുന്നു. താന്‍ ദാഹിച്ചിട്ടും കുടിക്കാതെ ബാക്കിവെച്ചത്. തന്‍റെ മേഴ്സി അവസാന തുള്ളിവെള്ളം വരെ കുടിക്കട്ടെ. ഇനി രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടെ. മരണത്തിന്‍റെ തണുപ്പ് അരിച്ചെത്തുന്നത് അലക്സി അറിഞ്ഞു. ഓരോ നിമിഷവും മരണത്തിന്‍റെ വേഗം കൂടി വരുന്നു. വയ്യ… വയ്യ… അയാള്‍ കുപ്പിതുറന്ന് അവരുടെ വായില്‍ വെള്ളം ഒഴിച്ചുകൊടുത്തു. മേഴ്സി പക്ഷേ, ഒരിറക്കു മാത്രമേ കുടിച്ചുള്ളൂ. കൈയുയര്‍ത്തി മതിയെന്ന് കാണിച്ചു. പിന്നെ അവസാന വാചകമെന്ന വണ്ണം പറഞ്ഞു. “ഇനി ചേട്ടായീ കുടിച്ചോ എനിക്കായ് വെക്കണ്ട. ചേട്ടായിയെങ്കിലും മരിക്കാതെ ജീവിക്കണം. പിള്ളേര്‍ക്ക് ആരും ഇല്ലാതെയാവരുത്.” മേ ഴ്സി വിക്കിവിക്കിയാണ് അതു പറഞ്ഞത്. അവളുടെ സ്വരം ഇടറി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അടുത്തടുത്തു വരുന്ന മരണത്തിന്‍റെ രൂക്ഷഗന്ധം മേഴ്സിക്ക് തീവ്രമായി അനുഭവപ്പെട്ടു. ‘ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ.’ മതി; ശരീരം തളര്‍ന്നു കഴിഞ്ഞു.
(തുടരും)

Leave a Comment

*
*