Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 23

ഉല്ലാസ യാത്ര – അദ്ധ്യായം 23

Sathyadeepam

അവള്‍ തല അയാളുടെ തോളിലേക്ക് ചായ്ച്ചു. അവളുടെ ശ്വാസതാളം നേര്‍ത്തുവന്നു. കുപ്പിയില്‍ ബാക്കി വന്ന അവസാനത്തുള്ളി അയാള്‍ അവളുടെ മുഖത്ത് തളിച്ചു. അയാളുടെ ചിന്തകള്‍ ചിതറിയ സ്ഫടികപാത്രം കണക്കെ ചിതറിപ്പോയിരുന്നു. കുടുംബവും മക്കളുമെല്ലാം പല ദിക്കിലായി. താനാരാണ് എന്നുപോലും തോന്നിത്തുടങ്ങി. പ്രജ്ഞയിലെ അവസാന വെളിച്ചത്തിന്‍റെ നാളവും അണഞ്ഞു. അയാള്‍ മെല്ലെ ചിരിച്ചു. മരണം കാത്തിരിക്കുന്നു. ജീവിക്കാന്‍ കൊതിക്കുന്നു. നല്ല തമാശതന്നെ. അയാള്‍ കണ്ണുമിഴിച്ച് ചുറ്റും നോക്കി. രക്ഷപ്പെടുമെന്ന് പ്രതീക്ഷപോലുമില്ല. മോഹിച്ചു വാങ്ങിയ കാറില്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍ മരണം കാത്ത്… സ്വപ്നവാഹനം തങ്ങളുടെ മരണയറ. ദൈവമേ!! അയാള്‍ കണ്ണുകള്‍ അടച്ചു. ‘നന്മനിറഞ്ഞ മറിയമേ സ്വസ്തി’… അയാള്‍ പതുക്കെ മന്ത്രിച്ചുകൊണ്ടിരുന്നു. ബ്ലാക്കി സീറ്റിനു മുകളില്‍ കൂടി ഈ കാഴ്ച കണ്ടു. ആ പട്ടിക്കുട്ടി സീറ്റിനു മുകളില്‍ കൂടി ചാടി യജമാനനെ മണത്തുരുമ്മി സ്നേഹം പകര്‍ന്നു. അതിന്‍റെ കണ്ണുകളും നിറഞ്ഞുവന്നു. ആസന്നമായ മരണം ബ്ലാക്കിയും മുന്‍കൂട്ടി കണ്ടു. കാറിനുള്ളിലേയ്ക്ക് കയറിവരുന്ന ഉറുമ്പിന്‍റെയെണ്ണം കൂടിക്കൂടി വന്നു.
* * * * *
“സാര്‍, ഇതാണ് നമ്മള്‍ പടത്തില്‍ക്കണ്ട ആദ്യ സ്ഥലം.” ചിന്നയ്യന്‍ ഒരു വലിയ മരത്തിന്‍റെ ചുവട്ടില്‍ നിന്നു. കുട്ടികള്‍ വീഡിയോ എടുത്ത സ്ഥലത്തുതന്നെയായിരുന്നു അവര്‍ നിന്നത്. പക്ഷേ, ഒന്നരമണിക്കൂറുകൊണ്ടൊന്നും അവര്‍ അവിടെയെത്തിയില്ല. യാത്ര വൈകാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ശരിയായ വഴിച്ചാല്‍ ഇല്ലാതിരുന്നത് പ്രധാന കാരണമായിരുന്നു. കുട്ടികള്‍ പോയവഴിയിലൂടെയല്ല ക്യാപ്റ്റനും സംഘവും വന്നത്. മറ്റൊന്ന് മാനസികമായ തളര്‍ച്ചയാണ്. അവിടെയെന്തായിരിക്കും തങ്ങളെ സ്വീകരിക്കുക എന്ന ചിന്ത എല്ലാവര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കി. കുട്ടികളുടെ വീഡിയോ കണ്ട സ്ഥലം അതുതന്നെയാണെന്നിരിക്കലും അവരുടെ മാതാപിതാക്കള്‍ അവിടെയുണ്ടാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലായെന്ന് സക്കറിയായ്ക്ക് തോന്നി. അയാള്‍ അത് ഒരുവേള സാമിയോട് പറയുകയും ചെയ്തു. “പിന്നെന്തു കാണാനാണ് ഇങ്ങോട്ടു പോന്നത്എന്ന് സാമി ചൊടിച്ചു ചോദിച്ചു. സാമിയങ്ങനെ ചോദിച്ചത് നിരാശയും ദുഃഖവും സാമിയെ കീഴടക്കിയതുകൊണ്ടാണ്. അത് സക്കറിയയ്ക്കു മനോവിഷമത്തിനു കാരണമായി. അങ്ങനെ ശാരീരികമായും മാനസികമായും തളര്‍ന്നാണ് സംഘത്തിന്‍റെ യാത്ര. എങ്കിലും ക്യാപ്റ്റന്‍റെ ഊര്‍ജ്ജസ്വലമായ സാന്നിദ്ധ്യം എല്ലാ വിഷമങ്ങളും പരിഹരിച്ചുകൊടുത്തുകൊണ്ടിരുന്നു. ക്യാപ്റ്റന്‍ സദാ ഉന്മേഷവാനായിരുന്നു. അത് സാമിക്കും സക്കറിയായ്ക്കും സംഘത്തിനും പ്രസരിപ്പു നല്കി. ക്യാപ്റ്റന്‍ ചിന്നയ്യന്‍റെ സമീപത്തു ചെന്ന് ചുറ്റും നോക്കി. ഒരു വശത്ത് വന്‍ പാറക്കെട്ട്. മറുവശം അത്ര ചെരിവില്ലാത്ത എന്നാല്‍ ചെറിയ ഇറക്കമുള്ള പ്രദേശം. കൂറ്റന്‍ മരങ്ങള്‍ പാറക്കെട്ടിന് മീതേയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. പാറക്കെട്ടിനപ്പുറം കാണാനെന്ന മട്ടില്‍ ഇടതൂര്‍ന്ന വനമില്ല. ഇടയ്ക്ക് വൃത്താകൃതിയില്‍ ആകാശം കാണാം. സൂര്യരശ്മികള്‍ അവിടവിടെ പതിക്കുന്നുമുണ്ട്. ക്യാപ്റ്റന്‍ എല്ലായിടവും പരിശോധിച്ചു. പക്ഷേ, അവിടെയൊരിടത്തും ആക്സിഡന്‍റ് നടന്ന ഒരു ലക്ഷണം കാണാനില്ല. അടിക്കാട് തീരെയില്ലാത്ത പ്രദേശമാണ്. മുകളിലേയ്ക്ക് വള്ളിപ്പടര്‍പ്പുകളും ചില ചെറിയ കുറ്റി മരങ്ങളും കാണാം. കൊഴിഞ്ഞു വീണയിലകള്‍ മെത്തപോലെ കിടക്കു ന്നതു കാണാം. പക്ഷേ, അവിടെയും അപകടം നടന്ന ലക്ഷണങ്ങള്‍ ഒന്നുമില്ല. ആ വണ്ടിയെവിടെപ്പോയി, ആരെയും കാണുന്നില്ലല്ലോ, ഇനി സ്ഥലം മാറിപ്പോയിക്കാണുമോ? ആരെയും ഒന്നിനെയും കാണുന്നില്ല. “ക്യാപ്റ്റന്‍” കമ്മീഷണര്‍ ചകിതനായി വിളിച്ചു. ക്യാപ്റ്റന് അതിന്‍റെ അര്‍ത്ഥം മനസ്സിലായി. സാമിയും ചിന്താഭാരത്തോടെ അവരുടെ അടുത്തേക്കു വന്നു. ആരും ഒന്നും മിണ്ടിയില്ല. “ചിന്നയ്യാ” ക്യാപ്റ്റന്‍ ആശങ്കയോടെ വിളിച്ചു. “ഇതുതന്നെയായിരിക്കുമോ സ്ഥലം. ഒന്നുകൂടി നോക്കാമോ?” “ശരി സാര്‍.” ചിന്നയ്യന്‍ ലാപ്പില്‍ ഒരിക്കല്‍ക്കൂടി നോക്കി. “ഇതുതന്നെ സാര്‍ ഇതാ ഈ മരം കണ്ടോ?” അടുത്തു നിന്ന ആ വലിയ മരം ചൂണ്ടിപ്പറഞ്ഞു. ഇതുവരെയുള്ള അനുഭവം ചിന്നയ്യന് തെറ്റില്ല എന്ന് ഉറപ്പാണ്. മാത്രമല്ല, ഫോട്ടോയില്‍ കണ്ട മരത്തിന്‍റെ ഇല നേരില്‍ കണ്ടിട്ടാണ് ചിന്നയ്യന്‍ ഏരിയാ ക്ലിയര്‍ ചെയ്തത്. ആ ചിന്നയ്യനെ സംശയിക്കേണ്ട ഒരു ആവശ്യവുമില്ല. ചിന്നയ്യന് തെറ്റില്ല. ശെല്‍വനും സംഘവും അങ്ങോട്ടു വന്നു. ശെല്‍വന്‍ തന്‍റെ ബാഗ് ആ വലിയ മരത്തിന്‍റെ ചുവട്ടില്‍ വെച്ചു. മാത്യൂസും, ക്രിസ്റ്റഫറും, അന്‍വറും മറ്റുള്ളവരും തങ്ങളുടെ ബാഗു താഴെ വെച്ചു. അവരും നി രാശയിലാണ്ടിരുന്നു. ഇങ്ങനെ ഒരനുഭവം ആദ്യം. ഇവിടെയല്ലെങ്കില്‍ പിന്നെ അവരെവിടെ? അവര്‍ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍റെ മനം തകര്‍ന്നുപോയി. കണ്ണുകള്‍ നിറഞ്ഞു വരുന്നുവോ? നിരാശനായ ക്യാപ്റ്റന്‍ സജന്‍ ഡൊമിനിക്ക്!!! അതവര്‍ക്ക് പുതിയ കാഴ്ചയായിരുന്നു. ഏറ്റെടുത്ത ഓപ്പറേഷനെല്ലാം വിജയത്തിലെത്തിച്ച ധീരനായ മിലിട്ടറി ഓഫീസര്‍. പരാജയം എന്തെന്ന് അറിയാത്ത കൂര്‍മ്മബുദ്ധി. ആ ക്യാപ്റ്റന്‍ ഇതാ സകല ഉത്സാഹവും നഷ്ടപ്പെട്ട്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഏതൊരവസ്ഥയിലാണെങ്കിലും അവരെ രക്ഷപ്പെടുത്തും… എന്നാല്‍ ഒരു തുമ്പുപോലും ശേഷിക്കുന്നില്ലല്ലോ. ക്യാപ്റ്റനെ ഇത്ര ഹതാശയനായി ഇതുവരെ കണ്ടിട്ടേയില്ല. ശെല്‍വന്‍ അവശേഷിച്ചിരുന്ന ‘റം’ എടുത്ത് ക്യാപ്റ്റനു നല്കി. ക്യാപ്റ്റന്‍ ഒരിറക്കു കുടിച്ചുകൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു: “അവരെവിടെ?” ഒരു കാറ്റ് അവരെ തഴുകി കടന്നുപോയി. കാറ്റില്‍ എന്തെങ്കിലും ഗന്ധമുണ്ടോ? ക്യാപ്റ്റന്‍ ഘ്രാണിച്ചു. അതോര്‍ത്തു ക്യാപ്റ്റന്‍ ഞെട്ടി. “അലക്സാണ്ടര്‍ താനെവിടെ?” ക്യാപ്റ്റന്‍ ഉച്ചത്തില്‍ വിളിച്ചു. കമ്മീഷണര്‍ ക്യാപ്റ്റന്‍റെ തോളില്‍ പിടിച്ചു. “കൂള്‍ഡൗണ്‍ ക്യാപ്റ്റന്‍…. കൂള്‍ഡൗണ്‍…. നമുക്ക് അപ്പുറത്തു കൂടി നോക്കാം.” കമ്മീഷണര്‍ക്കൊപ്പം ക്യാപ്റ്റന്‍ നടന്നു.

ശെല്‍വനും സംഘവും ആ വലിയ മരത്തിന്‍റെ ചുവട്ടില്‍ത്തന്നെ നിന്നു. പാറക്കെട്ടിനപ്പുറത്ത്, മറ്റൊരു പാറക്കിടയില്‍ ഏകദേശം രണ്ടു മീറ്റര്‍ വീതിയില്‍ ഒരു ചെരിവുണ്ട്. അതിലെയാണ് ടോമും, ആല്‍ഫിയും താഴേയ്ക്ക് ഉരുണ്ടുരുണ്ടു വന്നത്, ആ ചെരിവിലാണ് ക്യാപ്റ്റനും സംഘവും ഇപ്പോള്‍ നില്ക്കുന്നത്. കറാച്ചി പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്ന ആ ചെരിവ് പുല്ല് ചാഞ്ഞ് കാണപ്പെട്ടു. നല്ല ഉയരത്തിലേയ്ക്ക് റോഡുപോലെ പോകുന്നതാണ് ആ ചെരിഞ്ഞ പ്രതലം. കമ്മീഷണര്‍ ഇതുകണ്ടോ? ക്യാപ്റ്റന്‍ സക്കറിയായെ വിളിച്ചു കാണിച്ചു. “ഇതിലേയാരോ യാത്ര ചെയ്തിട്ടുണ്ട്.” ക്യാപ്റ്റന്‍ അതിലേ നടന്നു കയറാന്‍ തുടങ്ങി. “വല്ല വന്യമൃഗങ്ങളും വന്ന വഴിയാണെങ്കിലോ? അത് അപകടമാണ്.” കമ്മീഷണര്‍ സക്കറിയാ ചേന്നാടന്‍ മുന്നറിയിപ്പ് നല്കി. ക്യാപ്റ്റന്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഉഴറി. ഇത്രയൊക്കെ കഷ്ടപ്പെട്ടു വന്ന്, ഇത്രയേറെ കഷ്ടപ്പാടു സഹിച്ച്, അവരെ കണ്ടെത്തിയില്ലെന്നു വന്നാല്‍…. ക്യാപ്റ്റന്‍ ഇരുകൈകള്‍കൊണ്ടും മുടിയിഴകള്‍ പിച്ചിപ്പറിച്ചു. “അവര്‍ ഇവിടെത്തന്നെയാണ് മിസ്സായതെന്ന് നമുക്ക് ഒരുറപ്പുമില്ലല്ലോ സജാ.” സാമി ക്യാപ്റ്റനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു. “അതു ശരിയാണ് കുട്ടികള്‍ ഇവിടെ വന്നപ്പോഴാണ് ഫോണ്‍ ഓണാക്കിയതെങ്കിലോ?” കമ്മീഷണര്‍ അതു ശരിവെച്ചു. താന്‍ മുമ്പു പറഞ്ഞത് ശരിയല്ലേയെന്ന മട്ടില്‍ കമ്മീഷണര്‍ സാമിയെ നോക്കി. സാമി തലകുനിച്ചു സക്കറിയാ സാമിയുടെ തോളില്‍ തട്ടി. സാമിയുടെ മിഴികള്‍ നിറഞ്ഞു വന്നു. ക്യാപ്റ്റന്‍ എല്ലാവരെയും മാറി മാറി നോക്കി. പിന്നെന്തിനു നമ്മളിവിടെ വന്നു. എന്തിന് നമ്മെയിവിടെയെത്തിച്ചു. ക്യാപ്റ്റന്‍ നെഞ്ചില്‍ കൈകള്‍ വെച്ച് മുകളിലേയ്ക്ക് നോക്കി കണ്ണുകള്‍ അടച്ചു. ആരും മിണ്ടിയില്ല. ക്യാപ്റ്റന്‍ ദുഃഖിതനായി കാണപ്പെട്ടതില്‍ മാത്യുസിനും നല്ല വിഷമമുണ്ടായിരുന്നു…. അയാള്‍ അവിടവിടെ ചുറ്റിത്തിരിഞ്ഞു. എവിടെ അന്വേഷിക്കണം എന്തു ചെയ്യണം? സ്വന്തമായി ബുദ്ധിയെന്തെങ്കിലും തോന്നുന്നുണ്ടോ? അവന്‍ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് തെല്ലിട മാറി നടന്നു. സംഘത്തിലെ മിടുക്കനായ ഓഫീസറാണ് മാത്യൂസ്. തന്‍റേതായ ശൈലി ഏതു കാര്യത്തിലും ഉപയോഗിക്കും. അവര്‍ നിന്നിരുന്ന വലിയ മരത്തില്‍ നിന്നും കു റച്ചുമാറി ഒരു പാറയുണ്ട്. ഒരു വ ശം പരന്നതും ആകെയുരുണ്ടതുമായ ഒരു പാറക്കല്ല്. അവന്‍ കറങ്ങിത്തിരിഞ്ഞ് പാറയുടെ പരന്ന വശത്തെത്തി. അവിടെ നിന്നുകൊണ്ട് മാത്യൂസ് ചുറ്റും നോക്കി. ഷൂസിന്‍റെ അയഞ്ഞ ലേസ് മുറുക്കിക്കെട്ടാനായി കാലുയര്‍ത്തി. പാറയുടെ വക്കില്‍ ചവുട്ടി. പിന്നെ ഷൂസിലേയ്ക്ക് മുഖം കുനിച്ചു. പെട്ടെന്നാണ് മാത്യൂസ് അതു കണ്ടത്!! പാറയില്‍ എന്തോ എഴുതിയിരി ക്കുന്നു. അവന്‍ കാലുതാഴ്ത്തി സൂക്ഷിച്ചു നോക്കി. മഞ്ഞുവീണ് മാഞ്ഞു തുടങ്ങിയ അക്ഷരങ്ങള്‍. “പപ്പേ, അമ്മേ… ഞങ്ങള്‍ തിരികെ വരും. ആല്‍ഫിയും, കുട്ടനും.”…. മാത്യൂസിന് ഞെട്ടലുണ്ടായി… അവന്‍ ഉച്ചത്തില്‍ വിളിച്ചു… “സാ ബ്…. സാബ്… ഇങ്ങു വരാമോ?….” ക്യാപ്റ്റനും സക്കറിയായും മറ്റുള്ളവരും വിളി കേട്ടിടത്തേക്ക് ഓടിച്ചെന്നു.
(തുടരും)

Leave a Comment

*
*