Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 24

ഉല്ലാസ യാത്ര – അദ്ധ്യായം 24

Sathyadeepam

എല്ലാവരും അതുകണ്ടു. കുട്ടികള്‍ എഴുതിയ സന്ദേശം. “പപ്പാ, അമ്മേ, ഞങ്ങള്‍ തിരികെ വരും – ആല്‍ഫിയും കുട്ടനും.” ക്യാപ്റ്റന് ഒരു കോരിത്തരുപ്പുണ്ടായി. അപ്പോള്‍ ഇവിടെ വെച്ചു തന്നെ അവരെ കാണാതായത്. ഇവിടെ വെച്ചായിരിക്കുമോ അവര്‍ വേര്‍പിരിഞ്ഞത്. എങ്കില്‍ വണ്ടിയെവിടെ ക്യാപ്റ്റന്‍ ആകാംക്ഷയോടെ ചുറ്റിലും നോക്കി. കമ്മീഷണറും സാമിയുമൊക്കെ അമ്പരപ്പിലായി. കുട്ടികള്‍ ഇവിടെ വന്നു എന്നതിനും തെളിവായി. പക്ഷേ, അവരെവിടെ മാതാപിതാക്കള്‍? കമ്മീഷണര്‍ എഴുത്തു ശരിക്കും പരിശോധിച്ചു. കല്ലില്‍ മറ്റൊരു കല്ലുകൊണ്ടാണ് എഴുതിയിരിക്കുന്നത്. എഴുതാന്‍ ഉപയോഗിച്ച കല്ലും താഴെ കിടപ്പുണ്ട്. ആ ചെറിയ കുട്ടികള്‍ക്ക് ഇത്ര ബുദ്ധിയോ? എങ്കിലും അലക്സാണ്ടറും മേഴ്സിയും എവിടെപ്പോയി? ഒന്നിച്ചൊരു വണ്ടിയില്‍ യാത്ര ചെയ്തവര്‍ എങ്ങനെ രണ്ടായി പിരിഞ്ഞു.

കമ്മീഷണര്‍ ചിന്നയ്യനെ വിളിച്ചു. “ഡേയ് ചിന്നയ്യാ… ഈ മലയ്ക്കു മുകളില്‍ റോഡാണെന്നല്ലേ പറഞ്ഞത്?” “അതെ ശാര്‍… ആ വഴിയിലൂടെ വണ്ടിയോട്ടമൊന്നുമില്ല….” “ആ വഴി എവിടെനിന്നു വരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ എളുപ്പമായിരുന്നു.” കമ്മീഷണര്‍ നിരാശയോടെ പറഞ്ഞു. ചിന്നയ്യന്‍ ഒന്നും പറഞ്ഞില്ല. ആ വഴി എവിടെനിന്നാണ് വരുന്നതെന്ന് അവന് അറിയില്ലായിരുന്നു. “സക്കറിയാ ഇവിടെവെച്ച് എന്തോ നടന്നു എന്നതു സത്യം തന്നെ” ക്യാപ്റ്റന്‍ സക്കറിയായോട് പറഞ്ഞു. “പക്ഷേ, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ക്കറിയില്ലല്ലോ” കമ്മീഷണര്‍ കൈമലര്‍ത്തി. “ഇനി വഴിതെറ്റി വന്ന് വനത്തിലൂടെ രാത്രിയില്‍ ഇടിഞ്ഞു പൊളിഞ്ഞ റോഡിലൂടെ വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വല്ല മരത്തിന്‍റെ മുകളിലും തങ്ങിയിട്ടുണ്ടാവുമോ?” സാമി സംശയം പ്രകടിപ്പിച്ചു. ക്യാപ്റ്റനും സക്കറിയായും തമ്മില്‍ തമ്മില്‍ നോക്കി. “അതു തള്ളിക്കളയാന്‍ ആവില്ല. പക്ഷേ, അവര്‍ വരേണ്ട വഴി ഇതല്ലല്ലോ?” കമ്മീഷണര്‍ മറുചോദ്യമിട്ടു. അതിനു മറുപടി ആര്‍ക്കുമില്ലായിരുന്നു. സക്കറിയാ തുടര്‍ന്നു. “മാത്രമല്ല, കുട്ടികള്‍ ഇതിനു ശേഷം എത്ര ദൂരം നടന്നു. മരത്തില്‍ നിന്നും വീണതാണെങ്കില്‍ പരിക്കെന്തെങ്കിലും പറ്റണ്ടേ?” സക്കറിയാ എല്ലാവരെയും നോക്കി. അലക്സാണ്ടറുടേയും, ഭാര്യയുടെയും ഒരു അവശിഷ്ടം പോലുമില്ല. അന്വേഷണം വഴിമുട്ടി. കാണാതായി എന്ന സത്യം മാത്രം വാപിളര്‍ത്തി നില്‍ക്കുന്നു. നിഷേധിക്കാനും, എതിര്‍ക്കാനും ആവാത്ത വിധം തെളിയിക്കാനും. കാണാതായി എന്നതിന് തെളിവുണ്ട്. പക്ഷേ, എവിടെ, എങ്ങനെ എന്നതിന് ഉത്തരമില്ല. “നാമിനി എന്തു ചെയ്യുമെടോ എവിടെപ്പോയി തപ്പും.” കമ്മീഷണര്‍ ക്യാപ്റ്റനെ നോക്കി. “ഇവിടെയിങ്ങനെ നിന്നിട്ടെന്തു കാര്യം.” ആരുമൊന്നും മിണ്ടിയില്ല. അല്പസമയം കഴിഞ്ഞ് സക്കറിയ ചോദിച്ചു. ഇനിയെന്തു ചെയ്യും, എങ്ങോട്ടു നീങ്ങും, എങ്ങനെ മടക്കയാത്ര? ക്യാപ്റ്റന്‍ നിരാശയോടെ തലയങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു. ഒന്നും ഉരിയാടിയില്ല. എങ്കിലും എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇനിയിവടെ നിന്നിട്ട് കാര്യമില്ല. പക്ഷേ, അലക്സും മേഴ്സിയും എവിടെയെന്നത് ഒരു പ്രഹേളികയായി തലയ്ക്കു മുകളില്‍ തൂങ്ങി. അവരെ എവിടെ ചെന്ന്, അന്വേഷിക്കും? അവരില്ലാതെ എങ്ങനെ മടങ്ങിച്ചെല്ലും? ആരും പറഞ്ഞില്ലെങ്കിലും തിരികെ പോകാന്‍ ധാരണയായി. അതല്ലാതെ അവര്‍ക്കു മറ്റു വഴികള്‍ ഇല്ലായിരുന്നു. ദൗത്യം പിഴച്ചതില്‍ സംഘം നിരാശരായിരുന്നു. സര്‍ക്കാറിന് വലിയ ബാധ്യത വന്നില്ല; ഈ ഓപ്പറേഷനെങ്കിലും, രണ്ടു മനുഷ്യരുടെ തിരോധാനം വന്‍ സംഭവമാകുമെന്ന് സക്കറിയാ പോലീസിന് അറിയാമായിരുന്നു – താന്‍ ഡിപ്പാര്‍ട്ടുമെന്‍റിനോടും, ഗവണ്‍മെന്‍റിനോടും, ജനങ്ങളോടും, സമാധാനം പറയേണ്ടി വരുമെന്നത് തീര്‍ച്ചയായിരുന്നു. ക്യാപ്റ്റനും സാമിക്കും പ്രശ്നമില്ല. പക്ഷേ, അത് തന്‍റെ ഡ്യൂട്ടിയാണ്. കമ്മീഷണര്‍ക്ക് തലപെരുക്കുന്നതുപോലെ തോന്നി – മുറ്റത്തുപോയ ഗോട്ടി തപ്പുന്ന അലസനായ കുട്ടിയുടെ ലാഘവത്തോടെ, സൂര്യപ്രകാശം കടന്നുവരാത്ത, ഈ കൊടുംവനത്തില്‍ സെര്‍ച്ചിന് വന്നത് വിഡ്ഢിത്തരമായി എന്ന് ആദ്യമായി ഓര്‍ത്തു. ഡിപ്പാര്‍ട്ടുമെന്‍റ് തലത്തില്‍ അറിയിക്കാതെ ഓപ്പറേഷന്‍ സ്വയം ചാര്‍ട്ടു ചെയ്ത് നടപ്പാക്കാന്‍ തുനിഞ്ഞത് മഠയത്തരമായി എന്നും കമ്മീഷണര്‍ക്കു തോന്നി. തന്‍റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ ഓപ്പറേഷന്‍ ഒഴിവാക്കപ്പെട്ടതിലും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തതിലും മുറുമുറുപ്പുള്ള പലരുമുണ്ടെന്ന് ഇന്നലെ കൊടുത്ത മെസേജിന് കിട്ടിയ മറുപടിയില്‍ നിന്നും മനസ്സിലാക്കാം. തന്നെ എതിര്‍ക്കുന്നവര്‍ക്ക് അടിക്കാന്‍ ഒരു വടിയാവുമോയെന്നു കമ്മീഷണര്‍ ഭയപ്പെട്ടു. മാത്രമല്ല ഇങ്ങനെ ഒരു വലിയ ഓപ്പറേഷന്‍ ഒരു റിട്ടയേര്‍ഡ് ക്യാപ്റ്റന്‍റെ മാത്രം വാക്കുകേട്ട് നടത്തിയതില്‍ താന്‍ തന്‍റെ മേലുദ്യോഗസ്ഥരോട് എന്തു സമാധാനം പറയുമെന്നും കമ്മീഷണര്‍ക്ക് ആധിയായി. അവരുടെ തിരോധാനത്തിന്‍റെ ഉത്തരവാദിത്വം തന്‍റെ ചുമലില്‍ വരുമോയെന്നും കമ്മീഷണര്‍ ഭയപ്പെട്ടു. സംഘം മടക്കയാത്രയ്ക്ക് അപ്രഖ്യാപിത തീരുമാനമായി.
താഴെ ക്യാപ്റ്റനും സംഘവും അനിശ്ചിതാവസ്ഥയില്‍ തുടരുമ്പോള്‍ ആ മരത്തിന്‍റെ ഉച്ചിയില്‍ തന്‍റെ യജമാനന്മാരുടെ ദുരവസ്ഥയില്‍ ദുഃഖിതയായി കഴിയുകയായിരുന്നു ‘ബ്ലാക്കി’യെന്ന മിടുക്കിപട്ടി. സംഭവിച്ചത് എന്തെന്ന് മനസ്സിലായില്ലെങ്കിലും, കുടുങ്ങി, രക്ഷപ്പെടാന്‍ സാധ്യമല്ല എന്ന് ആ ചെറുജീവിയും ഉറപ്പിച്ചു. ബ്ലാക്കി മുന്‍ സീറ്റിലേയ്ക്ക് തിരികെ കയറി. പെട്ടെന്ന് അന്തരീക്ഷത്തില്‍ അപരിചിത മനുഷ്യരുടെ ഗന്ധം. ഒരു കോരിത്തരിപ്പ് ബ്ലാക്കിയുടെ ശരീരത്തില്‍ കൂടി കടന്നുപോയി. എവിടെ നിന്നോ ചെറിയ സംസാ രം കേട്ടോ? ബ്ലാക്കി വണ്ടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി ഒന്നും കാണാന്‍ വയ്യ. ഇരു ഗ്ലാസ്സുകളും തേനീച്ചകള്‍ വന്നു മൂടിക്കഴിഞ്ഞു. തകര്‍ത്തു കയറിയ മരക്കമ്പുണ്ടാക്കിയ ചെറിയ വിടവിലൂടെ ബ്ലാക്കി കാറിന്‍റെ പുറ ത്തിറങ്ങി. ആ ശിഖരത്തില്‍ ബാ ലന്‍സ് ചെയ്ത് നിന്നു. തിക്കിയിറങ്ങിയപ്പോള്‍ ഉറുമ്പുകള്‍ കഴുത്തിലും കണ്ണിലും കടിച്ചു. പ ക്ഷേ, തൊട്ടു മുന്നിലെ അപകടം അതായിരുന്നില്ല. പരുന്തും, പാമ്പും തന്നെ ലക്ഷ്യം വച്ചാണ് ഇരിക്കുന്നത്. തന്നെ കണ്ടതും അവയുടെ കണ്ണുകള്‍ തിളങ്ങുന്നത് ബ്ലാക്കി കണ്ടു. ആ നായ് പക്ഷേ, ഭയക്കാതെ താഴേയ്ക്കു നോക്കി. ഭയത്തേക്കാളും കര്‍ത്തവ്യമാണ് ബ്ലാക്കിയെ ഊര്‍ജ്ജസ്വലയാക്കിയത്. അതാ, അവിടെ …. മനുഷ്യര്‍ വളരെ ചെറുതായി കാണാം. താന്‍ വളരെ ഉയരത്തിലാണെന്ന് ബ്ലാക്കിയോര്‍ത്തു. ബ്ലാക്കിയുടെ സിരകളിലൂടെ മിന്നല്‍ പിണര്‍ പാ ഞ്ഞു. “ബൗ… ബൗ…” അവള്‍ കു രച്ചു. പക്ഷേ, ശബ്ദം പുറത്തു വ ന്നില്ല. വീണ്ടും ശ്രമിച്ചു. ഇല്ല!! പെരുമ്പാമ്പും പരുന്തും മുന്നോട്ടാഞ്ഞ് നോക്കുന്നു. അതോടൊപ്പം ഒന്ന് മറ്റൊന്നിനെ ഭയപ്പെടുത്തുന്നുമുണ്ട് അത് ബ്ലാക്കിക്കു രക്ഷയായി. ബ്ലാക്കി താഴേയ്ക്കു നോക്കി അവര്‍ അങ്ങിങ്ങു മാറി നടക്കുന്നു. “ബൗ… ബൗ…” അവള്‍ വീണ്ടും കുരച്ചു. ഇക്കുറി ശബ്ദം വന്നു. പക്ഷേ, ആരും കേട്ടില്ല. ശരീരം ബാലന്‍സു ചെയ്തു നില്‍ക്കുന്നതിനാല്‍ നന്നായി കുരയ്ക്കത്തുമില്ല. തൊട്ടുപുറകില്‍ ശബ്ദം കേട്ട് ബ്ലാക്കി തിരിഞ്ഞു. പരുന്ത് തന്നെ റാഞ്ചാനായി ചിറകുവീശി ആഞ്ഞുവരുന്നു. പരുന്തിന്‍റെ കീഴിലൂടെ പെരുമ്പാമ്പ് തലനീട്ടിയെത്തുന്നു. അതിന്‍റെ ഭാരം താങ്ങാനാവാതെ, ശിഖരം വളഞ്ഞു. വാലുകൊണ്ട് ബാലന്‍സ് ചെയ്ത പാമ്പ് ബ്ലാക്കിക്കടുത്തെത്തി. പരുന്തും തൊട്ടുതന്നെ. പിന്നെ ബ്ലാക്കി മറ്റൊന്നും ആലോചിച്ചില്ല. വണ്ടിക്കുള്ളില്‍ കുരുങ്ങിയ യജമാനരെ രക്ഷിക്കണം. ഇവറ്റകളുടെ വായിലായാല്‍ അതു നടപ്പില്ല. ബ്ലാക്കി താഴെ കണ്ട കറുത്തവസ്തുവിലേയ്ക്ക് കുതിച്ചു ചാടി. എങ്ങനെയും, മനുഷ്യശ്രദ്ധ പിടിച്ചെടുക്കണം. അതായിരുന്നു ബ്ലാക്കിയുടെ തന്ത്രം അതിനായി പത്തഞ്ഞൂറടി മുകളില്‍ നിന്നായിരുന്നു ആ നായയുടെ ചാട്ടം. തന്നെ റാഞ്ചാന്‍ പാഞ്ഞു വന്ന പരുന്തില്‍ നിന്നും ഒരു മലക്കം മറിച്ചിലുകൂടി വേണ്ടി വന്നു ബ്ലാക്കിക്ക്. പരുന്തും ബ്ലാക്കിക്ക് ഒപ്പം താഴേക്കു വന്നു. പക്ഷേ, തൊടാന്‍ കൂടി പറ്റിയില്ല. പാമ്പ് പരമാവധി താഴേക്ക് വന്നു നോക്കി. പിന്നെ ശ്രമം ഉപേക്ഷിച്ച് തിരികെ മരത്തിലേയ്ക്കു വലിഞ്ഞു കേറിയിരുന്നു. ഇര നഷ്ടപ്പെട്ടെന്ന് ഉറപ്പായ പരുന്ത് തിരികെ മരക്കൊമ്പിലിരുന്നു. കൊണ്ടുകളഞ്ഞില്ലേ? എന്ന ഭാവത്തില്‍ പെരുമ്പാമ്പ് പരുന്തിനെ ക്രൂദ്ധിച്ചു നോക്കി. പരുന്ത് അത് ശ്രദ്ധിക്കാതെ കാറിനകത്തേയ്ക്ക് നോക്കിയിരുന്നു.

Leave a Comment

*
*