ഉല്ലാസ യാത്ര – അദ്ധ്യായം 25

ഉല്ലാസ യാത്ര – അദ്ധ്യായം 25

തന്‍റെ ബാഗില്‍ നിന്നും ഒരു കുപ്പിവെള്ളമെടുക്കാന്‍ വന്നതായിരുന്നു ശെല്‍വരാജ്. തിരികെപ്പോകാന്‍ ഹെലികോപ്റ്റര്‍ വരാന്‍ ക്യാപ്റ്റന്‍ മെസേജുവിട്ടു. അത് അവിടെനിന്നും പുറപ്പെട്ടുകഴിഞ്ഞു. മിഷന്‍ ചീറ്റിപ്പോയതിനാല്‍ മറ്റുള്ളവരെപ്പോലെ ശെല്‍വനും ദുഃഖിതനായിരുന്നു. താനിതുവരെ കാണാത്ത അക്കച്ചിക്കും അണ്ണനും വേണ്ടി അയാള്‍ പ്രാര്‍ത്ഥിച്ചു. അയാള്‍ ബാഗിനടുത്തെത്തിയതും മുകളില്‍ നിന്നും ഒരു സീല്‍ക്കാരത്തോടെ ഒരു കറുത്തജീവി ബാഗിനു മുകളിലേയ്ക്ക് വീണതും ഒരുമിച്ചായിരുന്നു. ഒപ്പംതന്നെ ഒരു വലിയ പക്ഷി താഴ്ന്ന് പറന്നുവന്ന് ഉയര്‍ന്നുപോയി. ശെല്‍വരാജ് ഒന്നു ഞെട്ടി. താഴെ വീണ ജീവിയൊന്നു കരഞ്ഞു. വീണതു ബാഗിലായതുകൊണ്ട് കാര്യമായ പരുക്കൊന്നും പറ്റിയിരുന്നില്ല ആ ജെന്തുവിന്. ശെല്‍വന്‍ ഞെട്ടി പിറകോട്ടു മാറി. താഴെ വീണ ജെന്തുവിനെ സൂക്ഷിച്ചുനോക്കി. ആ ജീവി വാലാട്ടുന്നു. 'ഒരു പട്ടി!! കറുത്തപട്ടി!!!' "സാബ്"…. ശെല്‍വന്‍ ഉച്ചത്തില്‍ വിളിച്ചു. "എന്താ" ക്യാപ്റ്റന്‍ തീരെ താത്പര്യമില്ലാതെ ചോദിച്ചു. "ഇങ്കെവാ ഒരു കറുമ്പന്‍ നായ്, ശീഘ്രവാ." തിടുക്കത്തിലായതിനാല്‍ ശെല്‍വത്തിന് തമിഴാണ് വായില്‍ വന്നത്. ശെല്‍വന്‍ കാണിച്ച സ്ഥലത്ത് നായയെ കണ്ട ക്യാപ്റ്റന് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കറുത്തനായ ബ്ലാക്കി. അപ്പോള്‍?…. അപ്പോള്‍?… അവരി…വിടെ…യെവിടെയോ…യുണ്ട്. ക്യാപ്റ്റന് കുളിരുകോരി. കമ്മീഷണറേ… സാമി… ക്യാപ്റ്റന്‍ അലറിവിളിച്ചുകൊണ്ട് ബ്ലാക്കിയെ കയ്യിലെടുത്തു. ബ്ലാക്കി ക്യാപ്റ്റന്‍റെ മുഖത്തേയ്ക്കു നോക്കി വാലാട്ടി. കമ്മീഷണറും സാമിയും പാഞ്ഞുവന്നു. ക്യാപ്റ്റന്‍ ബ്ലാക്കിയെ ഉയര്‍ത്തിക്കാട്ടി പറഞ്ഞു. "നമ്മള്‍ ജയിച്ചു!!… അവസാനം നമ്മള്‍ ജയിച്ചു.

അവരിവിടെയെവിടെയോയുണ്ട്. കണ്ടോ അവരുടെ പട്ടി." "ബ്ലാക്കി" കമ്മീഷണറുടെ നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു. അവിശ്വസനീയതയോടെ അയാള്‍ ക്യാപ്റ്റനെ നോക്കി. പിന്നെ ചോദിച്ചു: "പട്ടിയെവിടെ നിന്നാ വന്നത്." ശെല്‍വരാജ് മുകളിലേയ്ക്ക് നോക്കി. കൈചൂണ്ടി "അങ്കൈയില്‍നിന്ന്." മറ്റുള്ളവരും അവിടേയ്ക്ക് എത്തി. മുകളില്‍ നിന്നോ? കമ്മീഷണര്‍ അമ്പരപ്പോടെ ആ വലിയ മരത്തിന്‍റെ മുകളിലേയ്ക്കു നോക്കി. ക്യാപ്റ്റനാണ് ആദ്യം കണ്ടത്. "അതാ സക്കറിയാ… നോക്ക് അതാ കാറ്… ക്യാപ്റ്റന്‍ നഷ്ടപ്പെട്ട കളിപ്പാട്ടം കണ്ടുകിട്ടിയ കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. ക്യാപ്റ്റന്‍ മാത്യൂസിന്‍റെ ബാഗില്‍നിന്നും ബൈനോക്കുലര്‍ എടുത്ത് മുകളിലേയ്ക്ക് നോക്കി. കാറിന്‍റെ സൈഡ് ഗ്ലാസ് തകര്‍ത്ത് മരത്തിന്‍റെ ഒരു ഉണങ്ങിയ ശിഖരം സ്റ്റിയറിംഗ് വീലിന്‍റെ അകത്തോട്ടു കയറി നില്‍ക്കുന്നു. കാറിന്‍റെ മുകളില്‍ ഇരപിടിക്കാന്‍ ഇരിക്കുന്ന പരുന്തിനെയും പെരുമ്പാമ്പിനെയും പുറകുവശം മറച്ചിരിക്കുന്ന തേനീച്ചകൂട്ടത്തെയും ക്യാപ്റ്റന്‍ കണ്ടു. ക്യാപ്റ്റന്‍റെ കുട്ടികള്‍ വേഗമലര്‍ട്ടായി. ബൈനോക്കുലറിലൂടെ ലൊക്കേഷന്‍ പഠിച്ച അവര്‍ ആവശ്യത്തിനുള്ള ഒരുക്കങ്ങളും നടത്തി ഓപ്പറേഷനു തയ്യാര്‍. കാറിന്‍റെ പിറകില്‍ കൂടിയ വന്‍തേനിന്‍റെ വലിയ കോളനി ഉദ്ദേശിച്ച് ക്യാപ്റ്റന്‍ പറഞ്ഞു. മാത്യൂസേ വന്‍തേനീച്ചയുണ്ട് പുകച്ച് ഓടിക്കണം. പെരുമ്പാമ്പും പരുന്തും തീ കാണുമ്പോള്‍ സ്ഥലം വിട്ടോളും കുരങ്ങുകളെ ശ്രദ്ധിച്ചാല്‍ മതി. കരുതിത്തന്നെ കയറണം. ക്യാപ്റ്റന്‍റെ നിര്‍ദ്ദേശം അനുസരിച്ച് മൂന്നുപേര്‍ ആ വലിയ മരത്തില്‍ക്കയറി. മുകളില്‍ ചെല്ലുന്നതിനു മുമ്പ് ക്യാപ്റ്റന്‍റെ നിര്‍ദ്ദേശാനുസരണം രണ്ടു റൗണ്ട് വെടിവെച്ചു. വെടിയൊച്ച കേട്ട പരുന്ത് എങ്ങോട്ടോ ഭയന്ന് പറന്നകന്നു. പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടത്തെ കണ്ട് പെരുമ്പാമ്പ് മെല്ലെ പിന്തിരിഞ്ഞു. മരത്തില്‍ വടംകെട്ടി മുറുക്കി അതു ശരീരത്തില്‍ ഉറപ്പിച്ച് പോരാളികള്‍ക്ക് തികഞ്ഞ മെയ്വഴക്കത്തോടെ മാത്യൂസും സംഘവും കുരങ്ങുകളെയും, കാക്കകളെയും തുരത്തി. തേനീച്ചക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ അല്പം ശ്രമം വേണ്ടി വന്നു. സ്മോക്കറിന്‍റെ പുകകൊണ്ടുമാത്രം അതു പോയില്ല. താഴെ നിന്നും. കയറില്‍ കെട്ടിപ്പൊക്കിക്കൊടുത്ത മണ്ണെണ്ണ പന്തം കൂട്ടികത്തിച്ചിട്ടാണ് ഒരു വിധത്തില്‍ ഒഴിപ്പിച്ചത്. അല്പസമയം വേണ്ടിവന്നു തേനീച്ചക്കൂട്ടങ്ങള്‍ പോകാന്‍. അവിടം വിട്ടുപോകാതെ ചുറ്റിപ്പറ്റി പറന്നശേഷം തേനീച്ചകള്‍ റാണിയീച്ച പോയ ദിശയില്‍ വച്ചു പിടിപ്പിച്ചു. ഒരിരമ്പലോടെ അവ പറന്നകന്നുപോയി. മാത്യൂസ് കാറിന്‍റെ ഉള്ളിലേയ്ക്ക് എത്തിനോക്കി. രണ്ടു മനുഷ്യര്‍, അവര്‍ ബോധമറ്റ് കിടക്കുകയാണ്. ജീവനുണ്ടോയെന്ന് സംശയം തോന്നി. ശ്വാസം നേര്‍ത്ത രീതിയില്‍ വലിക്കുന്നത് ശ്രദ്ധിച്ചാലേ മനസ്സിലാവൂ. മാത്യൂസ്, റഷീദിനെയും കാശിപനെയും നോക്കി. അവര്‍ ക്യാപ്റ്റനെ വിളിക്കാന്‍ പറഞ്ഞു. മാത്യൂസ് വയര്‍ലസ്സില്‍ ക്യാപ്റ്റനെ ബന്ധപ്പെട്ടു. "സാര്‍ രണ്ടു മനുഷ്യരുണ്ട് അവര്‍ കാറില്‍ ബോധം കെട്ടുകിടക്കുകയാണ്. കാറില്‍ നിന്നും എടുക്കാന്‍ ബുദ്ധിമുട്ടാണ്." "എങ്കില്‍ ഒരു കാ ര്യം ചെയ്യൂ, കാറ് മൊത്തം താഴെയിറക്കൂ, ശ്രദ്ധിച്ച് ആ ശിഖരം കട്ടുചെയ്ത് മാറ്റിയാല്‍ മതി." ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു. പിന്നെയെല്ലാം വേഗം കഴിഞ്ഞു. വടത്തില്‍ തൂങ്ങിയ കാര്‍ ശൂന്യാകാശപേടകം പോലെ മെല്ലെ താഴേയ്ക്ക് ഇറങ്ങിവന്നു കൊണ്ടിരുന്നു. താഴെയെത്തിയ കാര്‍ എല്ലാവരും ചേര്‍ന്ന് പതുക്കെ നിലത്തിറക്കി. കാറു മുഴുവനും, പക്ഷികളുടെയും മൃഗങ്ങളുടെയും കാഷ്ടവും, എച്ചിലുംകൊണ്ട് വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. കാറില്‍ നിന്ന് അപ്പോഴും കടിയനുറുമ്പുകള്‍ അരിച്ച് നടക്കുന്നുണ്ടായിരുന്നു. സാമിയും കമ്മീഷണറും ചേര്‍ന്ന് വേഗം ഡോര്‍ തുറന്നു. സീറ്റ്ബെല്‍റ്റില്‍ തൂങ്ങി കഴുത്തൊടിഞ്ഞതുപോലെ തലതൂക്കി ബോധം കെട്ടുകിടക്കുകയായിരുന്നു അവര്‍. അവരുടെ ശരീരത്തില്‍ കൂടിയും കടിയനുറുമ്പുകള്‍ നടക്കുന്നുണ്ടായിരുന്നു. സീറ്റ്ബെല്‍റ്റ് അഴിച്ചതും, അലക്സാണ്ടറും ഭാര്യയും ഡോറിന്‍റെ പുറത്തേക്കു ചരിഞ്ഞു വീണു. ശരവണന്‍ വേഗം ഷീറ്റു വിരിച്ച് അവരെ കിടത്താന്‍ സൗകര്യമൊരുക്കി. യജമാനന്മാരെ കണ്ട ബ്ലാ ക്കി പ്രത്യേക ശബ്ദമുണ്ടാക്കി. "ഇവര്‍ കാറില്‍ ബോധം കെട്ടുകിടക്കുകയായിരുന്നല്ലേ അപ്പോള്‍ പട്ടി താഴേക്കു വന്നത് ക്യാപ്റ്റന്‍ ബ്ലാക്കിയെ, സംശയത്തോടും, അതിശയത്തോടും കൂടെ നോക്കി. "സംശയിക്കണ്ടടോ, യജമാനന്മാരെ രക്ഷിക്കാന്‍ ബ്ലാക്കി സ്വയം ചാവേറായി." അത്യത്ഭുതം ഭാഗ്യം ബ്ലാക്കിക്കൊപ്പമായിരുന്നു. ബ്ലാക്കി സൂപ്പര്‍പവര്‍ ഡോഗ്. ബ്ലാക്കിയീസ് ഹീറോ! കമ്മീഷണര്‍ സക്കറിയാ ഇരുകരങ്ങളും ഉയര്‍ത്തിപ്പറഞ്ഞു. ക്യാപ്റ്റന്‍ അതീവ വാത്സല്യത്തോടെയും സ്നേഹത്തോടെയും ബ്ലാക്കിയെ നോക്കി. സാമിയാണത് കണ്ടുപിടിച്ചത്. ബ്ലാക്കിയുടെ കൈയ്ക്ക് ചെറിയ പൊട്ടലുണ്ട്. തൊടാന്‍ സമ്മതിക്കുന്നില്ല. അലക്സാണ്ടറിന്‍റെയും മേഴ്സിയുടെയും മുഖത്ത് മാത്യൂസ് വെള്ളം തളിച്ചു. ഇരുവരും സാവധാനം കണ്ണുവലിച്ച് തുറന്നടച്ചു. ഹെലികോപ്റ്ററിന്‍റെ ഇരമ്പല്‍ ദൂരെനിന്നും കേട്ടു തുടങ്ങി.
* * * * *
ഹോസ്പിറ്റലില്‍ അവര്‍ നാലുപേരും സുഖംപ്രാപിച്ച് വരുന്നു. നാലല്ല, അഞ്ചുപേരുണ്ട്. അലക്സാണ്ടറിന്‍റെയും മേഴ്സിയുടെയും ബന്ധുക്കളെല്ലാം ഹോസ്പിറ്റലില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും ആശങ്കകളും, ദുഃഖങ്ങളും മാറി വളരെ ആഹ്ലാദത്തിലാണ് പത്രമാധ്യമങ്ങളും ചാനലുകളും ആഘോഷിക്കുകയാണ്. ടോം, ആല്‍ഫി, സംഭവം മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ലോകമെങ്ങുനിന്ന് അഭിനന്ദനപ്രവാഹമാണ് കുട്ടികള്‍ക്ക്. കുട്ടികള്‍ക്കു മാത്രമല്ല, ഹോസ്പിറ്റലിലെ അഞ്ചാമത്തെ ആളായ യജമാന സ്നേഹത്തിന്‍റെ പര്യായമായ ബ്ലാക്കിക്കും. ബ്ലാക്കിയുടെ ധീരതയും യജമാന സ്നേഹവും എല്ലാവരേയും കോരിത്തരിപ്പിക്കുന്നതായി. ബ്ലാക്കിക്കും ഹോസ്പിറ്റലില്‍ അവര്‍ക്കൊപ്പം പ്രത്യേക ബഡ്ഡു കിട്ടി. ആ ചെറുനായയെ ശുശ്രൂഷിക്കാന്‍ പരിശീലനം കിട്ടിയ ആളുകള്‍ വരെയെത്തി. ആ നായ അതൊന്നും ശ്രദ്ധിക്കാതെ കട്ടിലില്‍ ചുരുണ്ടുകിടന്നു. എല്ലാം കടമപോലെ!!.. അലക്സാണ്ടര്‍ക്കും മേഴ്സിക്കും സംസാരിക്കാമെന്നായപ്പോള്‍ മുതല്‍ ടി.വി.ക്കാരുടെയും പത്രക്കാരുടെയും തിരക്കാണ്. അവര്‍ക്ക് ഇന്‍റര്‍വ്യൂ വേണം. അവര്‍ക്കു പലതും അറിയണം. അവിടെയെങ്ങനെ പെട്ടു? ഇത്രയും ദിവസം എങ്ങനെ കഴിഞ്ഞു? പേടിയുണ്ടായോ? എന്തായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ? അക്രമികളുടെ അക്രമം വീണ്ടുമുണ്ടായോ? ജീവികളുടെ ശല്യമുണ്ടായോ? അവര്‍ പലതരം ചോദ്യങ്ങള്‍ ചോദിച്ചു. കുട്ടികളായിരുന്നു മാധ്യമപടയുടെ ശ്രദ്ധാകേന്ദ്രം. ആരും പോകാന്‍ ഭയക്കുന്ന വനാന്തരത്തിലൂ ടെ ധീരതയോടെ അവര്‍ നടന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ കടന്നുവന്ന വഴിയുടെ ദൃശ്യങ്ങളും, സംഭവത്തെ പറ്റിയുള്ള വിവരണങ്ങളും ബ്ലാക്കിയുടെ ധീരതയും കമ്മീഷണറാണ് തയ്യാറാക്കി ഫേസ്ബുക്കിലും യു-ട്യൂബിലുമിട്ടത്. ലോകമെങ്ങും കോടിക്കണക്കിന് ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ലൈക്ക് ഇട്ടുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. വിദേശപത്രങ്ങളിലും ചാനലുകളില്‍പ്പോലും ഇവര്‍ തന്നെ മുഖ്യവാര്‍ത്ത. പത്രങ്ങളുടെയും മാസികകളുടെയും മുഖചിത്രം ആല്‍ഫിയും ടോമുമാണ്. അവരുടെ നിശബ്ദത പോലും വലിയ വാര്‍ത്തയായിക്കഴിഞ്ഞു. വിവിധ ഭാഷകളിലേയ്ക്ക് വാര്‍ത്തകള്‍ മൊഴിമാറ്റപ്പെട്ടു. പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാപ്റ്റനും, കമ്മീഷണറും സാമിയുമടങ്ങുന്ന സംഘമാണെന്ന് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഇതിനോടകം തന്നെ അലക്സാണ്ടറിന്‍റെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഇവരെ ട്രാപ്പിലാക്കിയവര്‍ പോലീസ് പിടിയിലായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org