ഉല്ലാസയാത്ര – അദ്ധ്യായം 8

ഉല്ലാസയാത്ര – അദ്ധ്യായം 8

കുര്യന്‍ പി.എം. എണ്ണപ്പാറ

തന്നെ എന്തെങ്കിലും ചെയ്യാതെ ചേച്ചിയെ തൊടാന്‍ സമ്മതിക്കില്ല… തീര്‍ച്ച ടോം ചുറ്റും നോ ക്കി തലയുയര്‍ത്തി നിന്നു. ആരും അനങ്ങുന്നില്ല. അല്പസമയം നിശബ്ദമായി കടന്നുപോയി. തന്‍റെ ഹൃദയം ഇടിച്ചുതകര്‍ന്നുപോകുമെന്ന് ആല്‍ഫിക്ക് തോന്നി. പെട്ടെന്ന് മുന്‍പ് പോയവന്‍ മൂപ്പനെന്നു തോന്നിക്കുന്ന മറ്റൊരാളെയും കൂട്ടിവന്നു. കൂടെ ഒരു പറ്റം സ്ത്രീകളും. അവരുടെ കൈയില്‍ പൂക്കളും, വിവിധ തരം പഴങ്ങളും മറ്റുമുണ്ടായിരുന്നു. വന്നയുടനെ തലയില്‍ തൂവലും മറ്റെന്തൊക്കെയോ കൊണ്ടുണ്ടാക്കിയ കിരീടവും കഴുത്തില്‍ തലയോട്ടി മാലയും ധരിച്ച ഭീകരരൂപിയായ മനുഷ്യന്‍ മറ്റവരോട് ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട്, ആല്‍ഫിയേയും, ടോമിനെയും തൊഴുതു. അവര്‍ക്കൊന്നും മനസ്സിലായില്ല. മൂപ്പന്‍ കൂടെയുള്ളവരോട് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ട്. ഭയംകൊണ്ട് മൂപ്പന് ആധിയായി. കുട്ടികളുടെ നേരെ നോക്കി. മുഖം ശാന്തമാക്കി, ദയനീയമായി കൈകള്‍ കൂപ്പി തൊഴുതുകൊണ്ട്, "അമ്മാ, തേവീ, മലങ്കാളീ… കാപ്പാത്തുങ്കോ എന്നു പറഞ്ഞു. അവര്‍ മൂപ്പന്‍ പറഞ്ഞതനുസരിച്ച് വേഗം മരത്തില്‍ക്കയറി. കുടുക്കഴിച്ച് ആല്‍ഫിയെ താഴെയിറക്കി. താഴെ മറ്റുള്ളവര്‍ പൂക്കള്‍ വിതറി. അവര്‍ ആല്‍ഫിയെ സാവധാനം താഴെക്കിടത്തി. മൂപ്പന്‍ ഭയപ്പാടോടെ ആല്‍ഫിയുടെ കാലിലെ കെട്ടഴിച്ചു. അവള്‍ എഴുന്നേറ്റിരുന്നു. ടോം ആല്‍ഫിയോട് ചേര്‍ന്ന് അമ്പരപ്പോടെ ചുറ്റും നോക്കി ആല്‍ഫിയുടെ അടുത്തിരുന്നു. വനവേടര്‍ അവര്‍ക്കു ചുറ്റും വലയം തീര്‍ത്തു നിന്നു. മലന്തേവീ, തൈവങ്ങളേ കാപ്പാത്തുങ്കോ… അവര്‍ നിലവിളിച്ചു. മൂപ്പന്‍, അവര്‍ കൊണ്ടുവന്ന വസ്തുക്കള്‍ തേന്‍, പഴങ്ങള്‍, പൂക്കള്‍ പ്രത്യേകതരം മദ്യം എന്നിവ അവര്‍ക്ക് കാഴ്ചവച്ചു. തങ്ങളെ കാണാന്‍ വന്ന വനദേവതയെ അറിയാതെയാണെങ്കിലും കെണിയില്‍പ്പെടുത്തിയതില്‍ തങ്ങളുടെ കുലം നശിക്കുമെന്ന് അവര്‍ വിശ്വസിച്ചു. തങ്ങളുടെ കൊടിയ അപരാധം പൊറുത്ത്, തങ്ങളെ അനുഗ്രഹിച്ച് യാത്രയാക്കണമെന്ന് പ്രാര്‍ത്ഥിച്ച് അവര്‍ താണുവണങ്ങി നിന്നു. ചിലര്‍ ദേവീ പ്രസാദത്തിനായി ആഹ്ളാദനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ആല്‍ഫിക്കും ടോമിനും എല്ലാം സ്വപ്നമായിത്തോന്നി. മരണവക്കത്തുനിന്ന് അത്ഭുതകരമായ തിരിച്ചുവരവ്…. എല്ലാം തീര്‍ന്നു എന്നു കരുതിയതാണ്. ആരും ഇല്ലാത്തവരെ സഹായിക്കു ന്ന ദൈവത്തിന്‍റെ കരുണയോര്‍ത്ത് അവരുടെയുള്ളില്‍ സമാധാനം നിറഞ്ഞു. മുഖത്ത് ആശ്വാസച്ചിരി വിരിഞ്ഞു. തങ്ങളുടെ കൊടിയ അപരാധങ്ങള്‍ ക്ഷമിച്ച്, ദൈവങ്ങള്‍ ചിരിച്ചതില്‍ സന്തോഷിച്ച്, തങ്ങളെ ശപിക്കാത്തതില്‍ മനം നിറഞ്ഞ് ആഹ്ളാദിച്ച് വനവേടര്‍ ആര്‍പ്പുവിളികളോടെ തിരികെപ്പോയി. അവര്‍ക്കതും ആഘോഷമായി. ആല്‍ഫിയും ടോമും ദീര്‍ഘനിശ്വാസമുതിര്‍ത്തു. "ഓ രക്ഷപ്പെട്ടു. നമ്മളെ മലദൈവങ്ങളാക്കി മാതാവ് രക്ഷപ്പെടുത്തി" ആല്‍ഫി പറഞ്ഞു. ടോം ആല്‍ഫിയെ കെട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. "ഓ ഞാനാകെ പേടിച്ചുപ്പോയി. എന്തായാലും അവര്‍ പോയല്ലോ?!" അവര്‍ പോയഭാഗത്തേക്ക് നോക്കി ടോം പറഞ്ഞു.
കുട്ടികള്‍ ഭയന്നുപോയിരുന്നു. ഭയവും വിശപ്പും അവരെ തളര്‍ത്തി. ഏതായാലും അതില്‍ നിന്നും മോചനമായിരുന്നു 'ദൈവങ്ങള്‍' ക്കു കിട്ടിയ പഴങ്ങളും തേനും.
അവര്‍ അതാവോളം കഴിച്ചു. നല്ല രുചികരമായ ഭക്ഷണമായിരുന്നു. കാട്ടുപ്പഴങ്ങളും വാഴപ്പഴങ്ങളും തേനും വിശപ്പു ശരിക്കും മാറി. മദ്യം മാത്രം അവര്‍ രുചിച്ചില്ല. എങ്കിലും കയ്യില്‍ കരുതി. വീട്ടില്‍ കൊണ്ടുപോയിക്കാണിക്കാന്‍. മദ്യവും, തേനും മുളങ്കുറ്റിയിലാണ് അവര്‍ കൊണ്ടുവന്നത്. വിശപ്പും ക്ഷീണവും മാറിയപ്പോള്‍ അവര്‍ എഴുന്നേറ്റു.
വെളിച്ചം മങ്ങി വനത്തില്‍പ്പെട്ടെന്ന് ഇരുട്ട് വ്യാപിക്കും. പൊതുവെ ഇരുളാണല്ലോ വനത്തില്‍ കുട്ടികള്‍ക്ക് വഴി ശരിക്കും കാണാതായി. വഴിയെന്നു പറഞ്ഞാല്‍ കാട്ടുമൃഗങ്ങളൊക്കെ നടക്കുന്ന 'വനത്താര'. ദീര്‍ഘയാത്രയും നന്നായി വിശന്ന ശേഷം കഴിച്ച ഭക്ഷണത്തിന്‍റെ ക്ഷീണവും, ഒക്കെ കുട്ടികളെ നന്നേ അവശരാക്കി. ടോമിനാണെങ്കില്‍ ഉറക്കവും വന്നു തുടങ്ങി. ജീവിതത്തിലെ ആദ്യ വനരാത്രി കുട്ടികളില്‍ ഭീതി നിറച്ചു. രാത്രിയിലെ വനം ഭീകരമായിരുന്നു. അവര്‍ മെല്ലെ നടന്നു. വഴിച്ചോലപ്പോലെ തോന്നുന്നതിലൂടെയാണ് യാത്ര. ആല്‍ഫിക്കും ഉറ ക്കം വരുന്നുണ്ട്. എവിടെയെങ്കിലും കിടക്കണം. പലതരം കിളികളുടെ കൂവലും കരച്ചിലും മൂളക്കവും. ചുറ്റുപാടും ഒടിയുന്ന ചില്ലകള്‍. അങ്ങിങ്ങ് ഓടിമറയുന്ന മുയലുകളും മറ്റ് ചെറുകാട്ടുമൃഗങ്ങളും ദൂരത്തുനിന്നും കേള്‍ക്കുന്ന വലിയ മൃഗങ്ങളുടെ അലര്‍ച്ച, ഒരു പറ്റം കാട്ടുകോഴികള്‍ അവരുടെ സമീപത്തുകൂടി മുകളിലേയ്ക്ക് കൊക്കിപ്പറന്നുപോയി. ടോം ആല്‍ഫിയെ കെട്ടിപ്പിടിച്ചു. ടോമിനെ വിറയ്ക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നും ആനയുടെ ചിന്നംവിളി കേട്ടവര്‍ നടുങ്ങി. ആല്‍ഫി ചുറ്റും നോക്കി. കുറച്ചു ദൂരത്തായി ഒരു വലിയ പാറകണ്ടു. "എടാ, നമുക്കാപ്പാറയ്ക്കടിയില്‍ വിശ്രമിക്കാം." ആല്‍ഫി ടോമിനെ ആശ്വസിപ്പിച്ചു. അവര്‍ കാടുകള്‍ വകഞ്ഞുമാറ്റി പാറയുടെ അടുത്തെത്തി. ടോം മൊബൈല്‍ മുറുക്കെപ്പിടിച്ചിരുന്നു. ഇരുട്ട് നന്നായി വീണിരുന്നു. ആല്‍ഫി വീഡിയോ ഓഫാക്കി മൊബൈലില്‍ ടോര്‍ച്ച് എടുത്തു. അവര്‍ക്ക് നല്ല ഭയം ത്തോന്നിത്തുടങ്ങി. അവര്‍ പാറയുടെ കീഴെ കണ്ട നിരന്ന തറയിലിരുന്നു. ചുറ്റും കേള്‍ക്കായി വന്യജീവികളുടെ മുരള്‍ച്ചയും, ഉണക്കകമ്പുകള്‍ ഒടിയുന്ന ശബ്ദവും, "ചേച്ചീ ടോം ആല്‍ഫിയെ വിളിച്ച് ചേര്‍ന്നിരുന്നു. ആല്‍ഫി തറയില്‍ കല്ലൊന്നുമില്ലെന്ന് ടോര്‍ച്ചുവെളിച്ചത്തില്‍ ഉറപ്പു വരുത്തിയിട്ട് ടോമിനോട് പറഞ്ഞു: "മോന്‍ കിടന്നോ." തറയില്‍ എന്തൊക്കെയോ തൊലിയും മറ്റും കിടപ്പുണ്ട്. സാരമില്ല, ഇത്രയും നല്ല സ്ഥലം തന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു. മൊബൈല്‍ ഓഫാക്കിയിട്ട് ബാഗില്‍ വെച്ച്, പഴങ്ങളും തേനും മറ്റും എടുത്തു മാറ്റിവെച്ച് അവളും ടോമിനോട് ചേര്‍ന്നു കിടന്നു. നന്നായിട്ട് ഉറക്കം വരുന്നുണ്ടായിരുന്നു. ഭയത്തെയും വേദനകളേയും ആശങ്കകളേയും എല്ലാം മൂടിക്കളയുന്ന ഉറക്കം അവരെ സ്വസ്ഥതയുടെ മായാലോകത്തേക്ക് കൊണ്ടുപോയി. കൊടും വനത്തിന് നടുവില്‍ ആരും തുണയില്ലാതെയുള്ള യാത്രാമദ്ധ്യേ, വന്യമൃഗങ്ങള്‍ക്കിടയില്‍ അവരുറങ്ങി. സ്വസ്ഥസുന്ദരമായ ഉറക്കം. പക്ഷേ ഉണരുമ്പോള്‍ അതേ സ്വസ്ഥമായിരുന്നില്ല കാര്യങ്ങള്‍.


നേരം പുലര്‍ന്നു. ടോമിന്‍റെയും, ആല്‍ഫിയുടെയും ആദ്യ വനപ്രഭാതം. ക്ഷീണം കാരണം നന്നായി ഉറങ്ങിയിരുന്നു രണ്ടുപേരും. "അമ്മേ ചായ" ടോം ഉറക്കെ വിളി ച്ചു. പക്ഷേ, ആരും വിളികേട്ടില്ല. ടോം കണ്ണു തുറന്നു. ങേ താനെവിടെയാണ്, കാടും, മരവും, പാറയും, ടോമിന് സാവകാശം എല്ലാം ഓര്‍മ്മ വന്നു. തൊട്ടടുത്ത് ചേച്ചിയും ഉറങ്ങുന്നു. "ചേച്ചീ" അവന്‍ വിളിച്ചു. അവള്‍ കണ്ണുതുറന്നു. ചുറ്റുപാടും പകച്ചു നോക്കി അവള്‍ എഴുന്നേറ്റ് ഇരുന്നു. പെട്ടെന്ന് അവളൊരു കാഴ്ച കണ്ടു. തങ്ങള്‍ക്ക് വനവേടര്‍ തന്ന തേനും മറ്റു ദ്രാവകങ്ങളും പഴങ്ങളും ഒന്നും കാ ണുന്നില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ടോമേ ഇതുകണ്ടോ? അവള്‍ ടോമിനെ വിളിച്ചു. ടോം വിളികേട്ടില്ല. അവന്‍ മറ്റൊരു കാഴ്ച കണ്ട് ഭയന്നിരിക്കുകയായിരുന്നു. അവന്‍ അങ്ങോട്ട് കൈ ചൂണ്ടിക്കൊണ്ട് ആല്‍ഫിയെ പിടിച്ചു. അപ്പോഴാണ് ആല്‍ഫിയത് കണ്ടത് ചിതറിക്കിടക്കുന്ന പഴത്തൊലികള്‍ക്കു നടുവില്‍ കറുത്തൊരു രോമക്കാട് കൈയും കാലും വെച്ചു കിടക്കുന്നു. "അയ്യോ" ടോം അലറിവിളിക്കാന്‍ തുടങ്ങി. ഭയാനകമായിരുന്നു ആ രൂപം. ആല്‍ഫി അവന്‍റെ വായപൊത്തി. അതൊരു കരടിയാണ്. കരടികള്‍ അക്രമകാരികളാണെന്ന് ആല്‍ഫി പഠിച്ചിട്ടുണ്ട്. എങ്ങനെയും കരടി ഉണരുന്നതിനുമുമ്പ് രക്ഷപ്പെടണം. ഭാഗ്യത്തിന് പുറത്തേക്കു കടക്കണ്ട വഴിയിലല്ല കരടി കിടക്കുന്നത്. ആല്‍ഫി ബാഗുമെടുത്ത് ടോമിനെയും കൂട്ടി സാവധാനം പുറത്തു വന്നു. അപ്പോഴാണ് ടോം കാലില്‍ കറുത്തവരപോലെ എന്തോ കണ്ടത്. അവന്‍ കാറി ആല്‍ഫി അതു നോക്കി. ഒരു അട്ടപ്പുഴു കടിച്ചിരിക്കുന്നു. അവള്‍ അറപ്പോടെ ഒരു കമ്പെടുത്ത് അതിനെ തോ ണ്ടിക്കളഞ്ഞു. അപ്പോള്‍ അവിടെയും ഇവിടെയും നിന്ന് അട്ടപ്പുഴുക്കള്‍ വരുന്നത് കാണായി. അവര്‍ വേഗം അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. "ചേച്ചീ," കുറെ ചെന്നു കഴിഞ്ഞപ്പോള്‍ ടോം വിളിച്ചു. "അമ്മയൊക്കെയുണ്ടായിരുന്നെങ്കില്‍ നല്ല രസമായിരുന്നു അല്ലേ?" അവരെ എപ്പം കാണും ചേച്ചീ? ആല്‍ഫി സങ്കടത്തോടെ അവനെ നോക്കി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org