നേഴ്സുമാരുടെ ശമ്പളവര്‍ദ്ധന ആഗസ്റ്റ് മുതല്‍ നടപ്പാക്കും കെ സി ബി സി

നേഴ്സുമാരുടെ ശമ്പളവര്‍ദ്ധന ആഗസ്റ്റ് മുതല്‍ നടപ്പാക്കും കെ സി ബി സി

കത്തോലിക്കാസഭയുടെ ആശുപത്രികളില്‍ ആഗസ്റ്റ് മാസം മുതല്‍ ഐആര്‍സി നിര്‍ദേശിച്ചിട്ടുള്ള ശമ്പളവര്‍ദ്ധന നടപ്പില്‍ വരുത്തുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഇതു സംബന്ധിച്ച് എല്ലാ കത്തോലിക്കാ രൂപതകള്‍ക്കും കെസിബിസി നിര്‍ദേശം നല്കി. 1-20 ബഡുകളുള്ള ആശുപത്രികളില്‍ 18,232 രൂപയും 21-100-ല്‍ 19,810 രൂപയും 101-300-ല്‍ 20,014 രൂപയും 301-500-ല്‍ 20,980 രൂപയും 501-800-ല്‍ 22,040 രൂപയും 800-നു മുകളില്‍ ബഡുകളുള്ള ആശുപത്രികളില്‍ 23,760 രൂപയുമാണ് നല്കേണ്ടത്.

2013-ല്‍ നിശ്ചയിച്ച മിനിമം വേതനം അനുസരിച്ചുള്ള ശമ്പളസ്കെയിലിലാണ് നിലവില്‍ സഭയുടെ എല്ലാ സ്ഥാപനങ്ങളും വേതനം നല്കുന്നത്. പരിഷ്കരിച്ച മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി) നിര്‍ദേശിച്ചിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതല്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്കിയിട്ടുള്ളത്. ആശുപത്രി ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്കുള്ള ആവശ്യത്തെ കത്തോലിക്കാസഭ അനുഭാവപൂര്‍വമാണ് കാണുന്നത്. ആശുപത്രി ജീവനക്കാരുടെ പുതുക്കിയ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടി സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. ചെറുകിട ആശുപത്രികളുടെയും നഴ്സിങ്ങ് ഹോമുകളുടെയും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുടെയും നിലനില്പ് പ്രതിസന്ധിയിലാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ച കേരളത്തിന്‍റെ പൊതുജന ആരോഗ്യരംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ചികിത്സാ ചെലവിലേക്ക് ഇത് കേരളത്തെ തള്ളിവിടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org