
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശേഷിച്ചും ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും സാ ധ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും കാത്തലിക് ബിഷപ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായും വേദനയില്‍ പങ്കുചേരുന്നതായും മെത്രാന്‍ സമിതികള്‍ പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടു കേരള മെത്രാന്‍സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ കെസിബിസി ഹൃദയപൂര്‍വം പങ്കുചേരുന്നു. ഇനിയും കണ്ടെത്താനാകാത്ത മത്സ്യത്തൊഴിലാളികളുടെ വേദന സഭയുടേതുകൂടിയാണെന്നു സമ്മേളനം പ്രഖ്യാപിച്ചു.
മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ഞായറാഴ്ച കേരളത്തിലെ കത്തോലിക്കാസഭയും ഭാരത കത്തോലിക്കാസഭയും ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കൂടാതെ അന്നേദിവസം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരജനതയുടെ സമാശ്വാസത്തിനുവേണ്ടി നീക്കിവയ്ക്കും. വിശ്വാസികള്‍ ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യണമെന്നു കെസിബിസി അഭ്യര്‍ത്ഥിച്ചു.