ദൈവം നയിച്ചുവെന്ന ബോദ്ധ്യത്തോടെ 113 വയസ്സുള്ള സന്യാസിനി ജീവിതാന്ത്യം ചെലവിടുന്നു

ദൈവം നയിച്ചുവെന്ന ബോദ്ധ്യത്തോടെ 113 വയസ്സുള്ള സന്യാസിനി ജീവിതാന്ത്യം ചെലവിടുന്നു

ലോകത്തിലെ ഏറ്റവും പ്രായമുള്ള കത്തോലിക്കാ കന്യാസ്ത്രീയെന്നു കരുതപ്പെടുന്നത് ഫ്രാന്‍സിലെ സി. ആന്ദ്രെയാണ്. ഏറ്റവും പ്രായമുള്ള ഫ്രഞ്ച് പൗരയെന്ന പദവി തനിക്കാണെന്നു പത്രങ്ങളില്‍ നിന്നറിഞ്ഞ അവരുടെ പ്രതികരണമിതായിരുന്നു, "ഇതെന്നെ വളരെയധികം അത്ഭുതപ്പെടുത്തി. കാരണം, ഞാനൊരിക്കലും ഇതേ കുറിച്ചു ചിന്തിച്ചിരുന്നില്ല." മെഡിറ്ററേനിയന്‍ തീരത്തിനു സമീപം വയോധികരായ സന്യസ്തരുടെ ഒരു വിശ്രമമന്ദിരത്തില്‍ കഴിയുകയാണ് അവര്‍.

ദരിദ്രമായിരുന്ന ഒരു പ്രൊട്ടസ്റ്റന്‍റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണു താനെന്ന് ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. പിതാവിന്‍റെ പിതാവ് ഒരു പാസ്റ്ററുമായിരുന്നു. പക്ഷേ താന്‍ 27-ാം വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ക്രമത്തില്‍ ആ വിശ്വാസത്തില്‍ വളര്‍ന്നു. കുറെക്കാലം ടീച്ചറായി ജോലി ചെയ്തു. 40-ാം വയസ്സില്‍ വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനീസമൂഹത്തില്‍ അംഗമായി ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ വയോധികര്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു ആശുപത്രിയില്‍ ജോലിയാരംഭിച്ചു. 30 വര്‍ഷത്തോളം ഇതു തുടര്‍ന്നു. അന്നു പരിചരിച്ച കുട്ടികളില്‍ ചിലര്‍ ഇന്നും തന്നെ കാണാന്‍ വരാറുണ്ട്. 2009-ല്‍ പൂര്‍ണമായ വിശ്രമജീവിതം ആരംഭിച്ചു.

തനിക്ക് 70 വയസ്സായിരുന്നപ്പോള്‍ സഹോദരന്‍ മരിച്ചെന്നും അന്ന് തനിക്കും ഇനിയധികം കാലമുണ്ടാകില്ലെന്നു കരുതിയിരുന്നതായും സിസ്റ്റര്‍ ഓര്‍മ്മിക്കുന്നു. പക്ഷേ പിന്നെയും നിരവധി ദശാബ്ദങ്ങള്‍ ദൈവം സമ്മാനിച്ചു. 104 വയസ്സു വരെ ജോലി ചെയ്തു. കാഴ്ചശക്തി നഷ്ടമായതു മൂലം ഇപ്പോള്‍ ഒന്നും ചെയ്യാനാകുന്നില്ല. എങ്കിലും നല്ല കാലാവസ്ഥ ആസ്വദിക്കാനറിയാം – അവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org